ദുബായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദുബായ്
إمارة دبيّ
—  എമിറേറ്റ്  —
ദുബായ് എമിറേറ്റ്

Flag
ദുബായ് is located in UAE
ദുബായ്
ദുബായ്
യുഎഇ ഭൂപടത്തിൽ ദുബായ് രേഖപ്പെടുത്തിയിരിക്കുന്നു
നിർദേശാങ്കം: 25°16′N 55°20′E / 25.267°N 55.333°E / 25.267; 55.333
രാജ്യം ഐക്യ അറബ് എമിറേറ്റുകൾ
എമിറേറ്റ് ദുബായ്
പട്ടണം രൂപീകൃതമായത് ജൂൺ 9, 1833
എമിറേറ്റ് രൂപീകൃതമായത് ഡിസംബർ 2, 1971
Founder മക്തൂം ബിൻ ബതി ബിൻ സുഹൈൽ (1833)
Seat ദുബായ്
ഉപവിഭാഗങ്ങൾ
സർക്കാർ
 • Type ഭരണഘടനാടിസ്ഥാനത്തിലുള്ള രാജഭരണം[1]
 • എമിർ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും
 • കിരീടാവകാശി രാജകുമാരൻ ഹംദാൻ ബിൻ മൊഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം
വിസ്തീർണ്ണം[2]
 • എമിറേറ്റ് 4,114 km2(1 sq mi)
 • Metro 1,287.4 km2(497.1 sq mi)
ജനസംഖ്യ(2008)[3]
 • എമിറേറ്റ് 22,62,000
 • Density 408.18/km2(1.2/sq mi)
 • Metro 22,62,000
 • ദേശീയത [4] 42.3
സമയ മേഖല യുഎഇ പ്രാദേശികസമയം (UTC+4)
Website
ദുബായ് എമിറേറ്റ്
ദുബായ് മുനിസിപ്പാലിറ്റി

ദുബായ് (അറബിയിൽ دبيّ, ഇംഗ്ലീഷ് ഉച്ചാരണം: dubaīy) എന്നത് രണ്ട് കാര്യങ്ങളെ സൂചിപ്പിക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കപ്പെടുന്നു. അറേബ്യൻ ഐക്യ നാടുകളിലെ ഏഴു എമിറേറ്റുകളിൽ ഒന്നായും, ദുബായ് എന്ന എമിറേറ്റിലെ ഏറ്റവും വലിയ നഗരം എന്നനിലയിലും ആണ് ദുബായ് എന്ന പേരുപയോഗിക്കപ്പെടുന്നത്. എന്നാൽ ഇതിൽ പ്രധാനം "ദുബായ് എമിറേറ്റ്" തന്നെ. പൊതുവെ നഗരത്തെ വിശേഷിപ്പിക്കുമ്പോൾ "ദുബായ് സിറ്റി" എന്നു പറയാറുണ്ട്.

അറേബ്യൻ ഐക്യനാടുകളിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ദുബായ് എമിറേറ്റ് (അബുദാബിക്കു തൊട്ടുപിറകിലായി). ലോകത്തിന്റെ വാണിജ്യതലസ്ഥാനമായി വളർന്നുകോണ്ടിരിക്കുന്ന ഒരു നഗരവും എമിറേറ്റുമാണ് ദുബായ്. ദുബായ് എമിറേറ്റിന്റെ സാമ്പത്തികവരുമാനം പ്രധാനമായും വ്യവസായം, ടൂറിസം എന്നിവയാണ്. എമിറേറ്റിന്റെ വരുമാനത്തിന്റെ ഏതാണ്ട് 10 ശതമാനത്തിൽ താഴെ മാത്രമെ പെട്രോളിയം ശേഖരത്തിൽ നിന്നും ലഭിക്കുന്നുള്ളു,

അറേബ്യൻ ഐക്യനാടുകൾ രൂപീകൃതമാവുന്നതിനും ഏതാണ്ട് 150 വർഷങ്ങൾക്കുമുൻപ് ദുബായ് നഗരം നിലനിന്നിരുന്നതായി എഴുതപ്പെട്ട രേഖകൾ നിലവിലുണ്ട്. നിയമം, രാഷ്ട്രീയം, സൈന്യം, സാമ്പത്തികം എന്നീ മേഖലകൾ മറ്റ് 6 എമിറേറ്റുകളുമായി ഐക്യനാടുകൾ എന്ന ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ട് പങ്കുവയ്ക്കുന്നു. എന്നിരുന്നാലും ഓരോ എമിറേറ്റിനും അതിന്റെതായ പ്രവിശ്യാനിയമങ്ങളും, മറ്റും നിലവിലുണ്ട്. അറേബ്യൻ ഐക്യനാടുകളിൽ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തും, വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനത്തും ആണ് ദുബായ് നിലകൊള്ളുന്നത്. [5] ദുബായ്, അബുദാബി എന്നീ രണ്ട് എമിറേറ്റുകൾക്കു മാത്രമേ രാജ്യത്തിന്റെ ഭരണപരവും നയപരവുമായ പരമപ്രധാന കാര്യങ്ങളിൽ "വീറ്റോ" അധികാരം നൽകപ്പെട്ടിട്ടുള്ളു. 1833 മുതൽ തന്നെ അൽ-മക്തൂം രാജകുടുംബം ആണ് ദുബായ് ഭരണനിർവ്വഹണം നടത്തിവരുന്നത്. ദുബായ് എമിറേറ്റിന്റെ ഇപ്പോഴത്തെ ഭരണകർ‍ത്താവ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം ആണ്. ഇദ്ദേഹം അറബ് ഐക്യനാടുകളുടെ പ്രധാനമന്ത്രിപദവും ഉപരാഷ്ട്രപതിസ്ഥാനവും വഹിക്കുന്നു.

ദുബായ് എമിറേറ്റിന്റെ റവന്യുവരുമാനത്തിന്റെ സിംഹഭാഗവും വാണിജ്യം, വ്യവസായം, സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ നിന്നുമാണ് ലഭിക്കുന്നത്.[6] പെട്രോളിയം, പ്രകൃതിവാതകം എന്നിവ ദുബായ് എമിറേറ്റിന്റെ US$ 37 ബില്യൺ സമ്പദ്ഘടനയുടെ (2005).[7] ആകെ റവന്യു വരുമാനത്തിന്റെ 6 ശതമാനത്തോളം നിർവ്വഹിക്കുന്നു.(2006)[8]

ലോകപ്രസിദ്ധയാർജിച്ച നിർമ്മിതികൾ കൊണ്ടും മറ്റു വികസന പദ്ധതികൾ കൊണ്ടും പ്രത്യേകമായ കായികവിനോദങ്ങൾ കൊണ്ടും ദുബായ് എമിറേറ്റ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുന്നു. [9]. ഇപ്രകാരമുള്ള ലോകശ്രദ്ധകളെല്ലാം തന്നെ ദുബായ് ലോകത്തിന്റെ ഒരു വാണിജ്യതലസ്ഥാനമായി മാറാൻ ഇടയാക്കി എങ്കിലും, നിർമ്മാണമേഖലയുമായി ബന്ധപ്പെട്ട മനുഷ്യാവകാശസംബന്ധമായ പ്രശ്നങ്ങൾ ലോകത്തിനുമുന്നിൽ ദുബായ് നിർമ്മാണമേഖലയെ കുപ്രസിദ്ധമാക്കാനും ഇടയാക്കിയിട്ടുണ്ട്.[10]

നാമരൂപവത്കരണം[തിരുത്തുക]

ബ്രിട്ടീഷ് ചരിത്രകാരന്മാർ 1820 കളിൽ "അൽ-വാസ്ൽ" എന്നാണ് ദുബായിയെപ്പറ്റി വിവരിച്ചിട്ടുള്ളത്. എന്തുതന്നെയായാലും, ഈ മേഖലയുടെ പാരമ്പര്യങ്ങളും, മിത്തുകളും രേഖപ്പെടുത്തി കൈമാറി വന്നിരുന്നതിനാൽ, അറേബ്യൻ ഐക്യനാടുകളുടെയും, അതിന്റെ എമിറേറ്റുകളുടെയും പാരമ്പര്യങ്ങളെപ്പറ്റിയുള്ള ഏതാനും രേഖകൾ നിലവിലുണ്ട്. ദുബായ് എന്ന നാമത്തിന്റെ ഭാഷാപരമായ ആരംഭത്തെപ്പറ്റി ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നു. ചിലരുടെ അഭിപ്രായത്തിൽ പേർഷ്യനിൽ നിന്നും ഉത്ഭവിച്ചതാണെന്നും, എന്നാൽ മറ്റു ചിലർ പ്രസ്തുത നാമത്തിന്റെ വേരുകൾ അറബി ഭാഷയാണെന്നും വിശ്വസിക്കുന്നു. അറേബ്യൻ ഐക്യനാടുകളുടെ ചരിത്രവും പാരമ്പര്യവും എന്ന വിഷയത്തെപ്പറ്റി പഠനം നടത്തുന്ന ഫെദെൽ ഹന്ധൽ എന്ന ചരിത്രകാരന്റെ അഭിപ്രായത്തിൽ, ദുബായ് എന്ന നാമം "ദാബ"(സാവധാനത്തിലുള്ള ഒഴുക്ക് എന്ന അർത്ഥം വരുന്ന പദം, ദുബായ് ക്രീക്കിന്റെ ഒഴുക്കിനെയാവാം ഉദ്ദേശിച്ചത്) എന്നതിൽ നിന്നാവാം ഉണ്ടായത് എന്നാണ്.[11]

ചരിത്രം[തിരുത്തുക]

1960കളിലെ ദുബായ്- ഒരു വിഹഗവീക്ഷണം
ദുബായ് ക്രീക്ക്
1960കളിൽ ദുബായ് ദയ്റയിലെ അൽ-റാസ്.

പശ്ചാത്യ, പൗരസ്ത്യദേശങ്ങളുമായി വ്യാപാരബന്ധത്തിലേർപ്പെട്ടിരുന്ന മേഖലയിലെ പുരാതനവ്യാപാരകേന്ദ്രങ്ങളൊഴികെ തെക്കുകിഴക്കൻ അറേബ്യൻ മേഖലയിലെ, ഇസ്ലാമിനുമുൻപുള്ള ചരിത്രത്തെപ്പറ്റി വളരെക്കുറച്ചുമാത്രമെ അറിയപ്പെട്ടിട്ടുള്ളു. 7000 വർഷങ്ങളോളം പഴക്കമുള്ള പുരാതനമായ കണ്ടൽക്കാടുകളുടെ അവശിഷ്ടങ്ങൾ,‍ദുബായ് ഇന്റർനെറ്റ് സിറ്റിയുടെ അഴുക്കുചാൽ നിർമ്മാണവേളയിൽ കണ്ടെടുക്കുകയുണ്ടായി. ഈ പ്രദേശം 5000 വർഷങ്ങളോളം സമുദ്രതീരം പിൻവാങ്ങിയ ഭൂപ്രദേശം എന്നരീതിയിൽ മണലിൽ പുതഞ്ഞു കിടക്കുകയായിരുന്നു എന്നു കരുതപ്പെടുന്നു. ഇന്ന് നഗരത്തിന്റെ ഇപ്പോഴത്തെ തീരപ്രദേശത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു.[12]

ഇസ്ലാമിനുമുൻപ്, ഈ പ്രദേശത്തെ ജനങ്ങൾ "ബജിർ" അഥവാ "ബജർ" എന്ന ദേവനെയാണ് ആരാധിച്ചിരുന്നത്.[13] ബൈസന്റിൻ, സസ്സാനിയൻ എന്നീ രാജ്യങ്ങളാണ് അക്കാലത്ത് ഈ പ്രദേശത്തിന്റെ പ്രബലശക്തികളായിരുന്നത്, അതിൽ സസ്സാനിയൻമാരായിരുന്നു കൂടുതൽ പ്രദേശങ്ങൾ നിയന്ത്രിച്ചിരുന്നത്.

ഈ മേഖലയിൽ ഇസ്ലാമിന്റെ പ്രചാരം വർദ്ധിച്ചതിനുശേഷം ഉമയ്യാദ്, കാലിഫ്, എന്നീ കിഴക്കൻ ഇസ്ലാമികലോകതലവന്മാർ തെക്കുകിഴക്കൻ അറേബ്യ കീഴടക്കുകയും, സസ്സാനിയന്മാരെ തുരത്തുകയും ചെയ്തു. ദുബായ് മ്യുസിയം, ജുമൈറ മേഖലകളിൽ നടത്തിയ പര്യവേക്ഷണങ്ങളിൽ നിന്നും ഉമയ്യാദ് കാലഘട്ടത്തിന്റെ തെളിവുകളായി വളരെയേറെ ശേഷിപ്പുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. [14] "ദുബായ്" രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ രേഖ 1095ൽ, അൻഡലുഷ്യൻ-അരബ് ഭൗമശാസ്ത്രകാരനായിരുന്ന അബു അബ്ദുള്ള അൽ-ബക്രി എഴുതിയ "ബുക്ക് ഓഫ് ജിയോഗ്രഫി" ആണ്. വെനിഷ്യൻ പവിഴവ്യാപാരിയായിരുന്ന ഗസ്പറോ ബാൽബി 1580ൽ ഈ പ്രദേശം സന്ദർ‍ശിക്കുകയും, ദുബായ് (ദിബെയ്)അതിന്റെ പവിഴവ്യാപാരം, വ്യവസായം, എന്നിവയെപ്പറ്റി പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്.[14] എന്നാൽ "ദുബായ് നഗര"ത്തെപ്പറ്റി 1799നു ശേഷം മാത്രമേ രേഖകൾ എഴുതപ്പെട്ടിട്ടുള്ളു.[15]

കാലാവസ്ഥ[തിരുത്തുക]

നല്ല ഈർപ്പവും ചൂടുമുള്ള കാലാവസ്ഥയാണ് ദുബായിൽ കൂടുതലും കണ്ടു വരുന്നത്. മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഉയർന്ന അന്തരീക്ഷോഷ്മാവ് രേഖപ്പെടുത്താറുണ്ട്. ദുബായിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ഉയർന്ന ഊഷ്മാവ് 47.3 °C (117.1 °F) ആണ്. നവംബർ‍ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ തണുത്ത കാലാവസ്ഥയും അനുഭവപ്പെടുന്നു. പകൽ സമയത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 7 °C (45 °F) ആണ്.

സാധാരണ രീതിയിൽ ഇവിടെ കുറഞ്ഞ മഴയാണ് ലഭിക്കുന്നത്. ഒരു വർഷത്തിൽ ശരാശരി 150 millimetres (6 in) മഴ മാത്രമാണ് ലഭിക്കാറുള്ളത്. പക്ഷേ, ജനുവരി മാസത്തിൽ ഇവിടെ താരതമ്യേന ശക്തമായ മഴ ലഭിക്കാറുണ്ട്. 2008 ജനുവരിയിൽ 24 മണിക്കൂറിനുള്ളിൽ റെക്കോർഡ് മഴ (120 mm/ 5")) ലഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. [16]

ഗതാഗതം[തിരുത്തുക]

റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ആണ് ദുബായിലെ ഗതാഗതം നിയന്ത്രിക്കുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "യുഎഇ ഭരണഘടന". ഹെൽപ്പ് ലൈൻ‍ലോ.കോം. ശേഖരിച്ചത് 21-07-2008. 
 2. കൃത്രിമദ്വീപുകളുൾപ്പെടെ ദുബായ് എമിറേറ്റിന്റെ വിസ്തീർണ്ണം.
 3. "ദുബായ്: ഭൗമശാസ്ത്രപരമായ പ്രദേശങ്ങളും നാമവ്യതിയാനങ്ങളും. വേൾഡ് ഗസറ്റർ.
 4. "രാജ്യവും മഹാനഗരങ്ങളും ചുരുക്കത്തിൽ. എംപിഐ ഡാറ്റാ ഹബ്
 5. "അറബ് ഐക്യ നാടുകൾ:മഹാനഗരപ്രദേശങ്ങൾ‍". യഥാർത്ഥ സൈറ്റിൽ നിന്ന് 2012-12-04-നു ആർക്കൈവ് ചെയ്തത്. 
 6. ദുബായ് നഗരത്തിന്റെ സാമ്പത്തിക മുഖം ദുബായ് ആരോഗ്യപരിപാലന നഗരം. 2000
 7. ദുബായ് സമ്പദ്ഘടന ഉയർച്ചയിലേക്ക് 2015 അറേബ്യൻബിസിനസ്.കോം (3 ഫെബ്രുവരി 2007).ശേഖരിച്ചത് 15 ഒക്ടോബർ 2007.
 8. ദുബായ് GDP യിലെ ഓയിൽ വിഹിതം AMEInfo (9 ജൂൺ 2007). ശേഖരിച്ചത് 15 ഒക്ടോബർ 2007.
 9. ദുബായിലെ ഫ്രീഹോൾഡ് വികസനങ്ങളുടെ ഭൂപടം
 10. മൈക്ക് ഡേവിസ് (2006) ഭയവും സമ്പത്തും-ദുബായിൽ, ന്യു ലെഫ്റ്റ് റിവ്യു 41, pp. 47-68
 11. എങ്ങനെ ദുബായ്, അബുദാബി മറ്റു നഗരങ്ങൾ നാമകരണം ചെയ്യപ്പെട്ടു? വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ. യുഎഇ ഇന്റെറാക്റ്റ്.കോം, മാർച്ച് 10, 2007
 12. യുഎഇയുടെ ചരിത്രവും പാരമ്പര്യങ്ങളും
 13. യുഎഇയുടെ ചരിത്രവും പശ്ചാത്തലവും
 14. 14.0 14.1 യുഎഇ-ഇസ്ലാമിന്റെ വരവും, ഇസ്ലാമിക കാലഘട്ടവും. കിങ്, ജെഫ്രി R.
 15. ദുബായ്,ഹവായ് എന്നിവിടങ്ങളിൽ വിനോദസഞ്ചാരം, സാമ്പത്തികവും, പാരിസ്ഥിതികവുമായുണ്ടാക്കിയ മാറ്റങ്ങൾ. McEachern, Nadeau, et al
 16. Average mean rainfall for Dubai. UAEInteract.com
 17. "Climate". Dubai Meteorological Office. ശേഖരിച്ചത് 2008-12-20. 
"http://ml.wikipedia.org/w/index.php?title=ദുബായ്&oldid=1913274" എന്ന താളിൽനിന്നു ശേഖരിച്ചത്