ചന്ദ്രിക ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദ്രിക
തരം ദിനപ്പത്രം
ഫോർമാറ്റ് Broadsheet

ഉടമസ്ഥത Kerala Muslim Printing and Publishing Co Ltd
സ്ഥാപിതം 1934
വില INR 3.50 per copy
ആസ്ഥാനം കോഴിക്കോട്

വെബ്സൈറ്റ്: chandrikadaily.com

കോഴിക്കോട്‌ ആസ്ഥാനമായുള്ള മുസ്‌ലിം പ്രിന്റിംഗ്‌ ആന്റ്‌ പബ്ലിഷിംഗ്‌ കമ്പനി പുറത്തിറക്കുന്ന മലയാള ദിനപത്രമാണ്‌ ചന്ദ്രിക. മുസ്ലിം ലീഗിന്റെ ഔദ്യോഗിക പത്രമാണ്‌. കേരളത്തിൽ കോഴിക്കോട്‌, കണ്ണൂർ, മലപ്പുറം, കൊച്ചി, തിരുവനന്തപുരം, കോട്ടയം എന്നീ നഗരങ്ങളിൽ നിന്നും അറേബ്യൻ ഗൾഫിൽ ദുബൈ, ബഹ്‌റൈൻ , ഖത്തർ എന്നിവിടങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. ഗൾഫിൽ 'മിഡിലീസ്റ്റ്‌ ചന്ദ്രിക' എന്ന പേരിലാണ്‌ പുറത്തിറങ്ങുന്നത്‌. ടി.പി ചെറൂപ്പയാണ്‌ നിലവിൽ മുഖ്യപത്രാധിപർ.

ചരിത്രം[തിരുത്തുക]

1934-ൽ തലശ്ശേരിയിൽ നിന്ന് സ്വതന്ത്ര വാരിക എന്ന നിലയിലാണ് 'ചന്ദ്രിക'യുടെ തുടക്കം. 1938-ൽ ദിനപത്രമായി.‍ 1948-ൽ കോഴിക്കോട്ടുനിന്നായി പ്രസിദ്ധീകരണം.1950 ൽ ചന്ദ്രിക ആഴ്ചപതിപ്പ് തുടക്കം കൊണ്ടു.

നൂറു പേരിൽ നിന്ന് അഞ്ചുരൂപ വീതം ഓഹരി വാങ്ങി ഫണ്ട് സ്വരൂപിച്ചായിരുന്നു ആദ്യം പത്രം തുടങ്ങാനുള്ള മൂലധനം സ്വരൂപിച്ചത്. തലശ്ശേരി കടപ്പുറത്തെ മുസ്‌ലിംകളുടെ ഒത്തുചേരൽ കേന്ദ്രമായിരുന്ന മുസ്‌ലിംക്ലബിൽ പത്രത്തിനായി നിരവധി കൂടിലാലോചനകൾ നടന്നു. ഇത്തരമൊരു യോഗത്തിലാണ് പത്രത്തിന് ചന്ദ്രിക എന്ന പേരിടാൻ തീരുമാനമായത്. മുസ്‌ലിം പ്രസിദ്ധീകരണങ്ങൾ അറബി പേരുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരുന്ന കാലത്താണ് അണിയറ ശിൽപ്പികൾ ചന്ദ്രിക എന്ന മലയാള പദം പേരായി തിരഞ്ഞെടുത്തത്. ഹിലാൽ എന്ന അറബി പദത്തിന്റെ മലയാളത്തിലുള്ള ഭാഷാന്തരമാണ് ചന്ദ്രിക. ഒരേ സമയം മുസ്‌ലിം സ്വത്വം നിലനിർത്തുകയും മുഖ്യധാരയുമായി ചേർന്നു പോകാനുള്ള ആർജവം കാണിക്കുകയുമായിരുന്നു ചന്ദ്രിക. പേരിൽ നിന്നു തന്നെയാണ് പത്രത്തിന്റെ തന്റേടവും ഓജസ്സും ആരംഭിക്കുന്നത്.

അൽ അമീൻ, യുവലോകം, പ്രഭാതം എന്നീ പത്രങ്ങളുടെ തലശ്ശേരി ലേഖകനായിരുന്ന തൈലക്കണ്ടി സി. മുഹമ്മദാണ് ചന്ദ്രികയുടെ ആദ്യ പത്രാധിപർ. സാമ്പത്തിക പരാധീനതയെ തുടർന്ന് 1935 ഫെബ്രുവരിയിൽ തന്നെ പത്രം നിർത്തിയെങ്കിലും അടുത്തമാസം തന്നെ പുനഃപ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. ഒരു വർഷവും നാലുമാസവും കൊണ്ട് ആയിരത്തോളം വരിക്കാരും 1400 രൂപയോളം ആദായവുമുണ്ടായി. കേരളത്തിൽ മുസ്‌ലിംലീഗിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് മുമ്പായിരുന്നു ചന്ദ്രിക ജനങ്ങളുടെ കൈകളിലെത്തിയത്.

ഉള്ളടക്കം[തിരുത്തുക]

മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക പത്രം എന്ന നിലയിൽ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട വാർത്തകൾക്കും യു.ഡി.എഫ്‌ അനുകൂല വാർത്തകൾക്കും പ്രാധാന്യം നൽകുന്നുണ്ടെങ്കിലും മറ്റു വാർത്തകൾ തിരസ്‌കരിക്കാറില്ല. ആറാം പേജ്‌ "നിരീക്ഷണം" എന്ന പേരിൽ എഡിറ്റ്‌ പേജാണ്‌. വിദേശ വാർത്തകൾക്കായുള്ള "അന്തർദേശീയം", കായിക വാർത്തകൾക്കായുള്ള "സ്‌പോർട്‌സ്‌" എന്നിവ പ്രത്യേക പേജുകളാണ്‌.

സിഎച്ച്‌കെ ബിസ്‌മി, സിഎച്ച്‌കെ തങ്ങൾ, സിഎച്ച്‌കെ മേച്ചേരി, സിഎച്ച്‌കെ ക്രസന്റ്‌ തുടങ്ങിയവയാണ്‌ ചന്ദ്രിക ഉപയോഗിക്കുന്ന ഫോണ്ടുകൾ. ഓൺലൈൻ എഡിഷൻ യൂണികോഡ്‌ ഫോണ്ടുകൾ ഉപയോഗിക്കുന്നു. ഇവയിലെ മേച്ചേരി, വാഹനാപകടത്തിൽ അന്തരിച്ച മുൻ പത്രാധിപർ റഹീം മേച്ചേരിയുടെയും തങ്ങൾ, പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെയും ഓർമയായി നൽകിയതാണ്‌.

ആഴ്‌ചപ്പതിപ്പ്‌[തിരുത്തുക]

കലാ സാഹിത്യ സാംസ്‌കാരിക വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌ പ്രസിദ്ധമാണ്‌. സി.എച്ച്‌. മുഹമ്മദ്‌കോയ പത്രാധിപരായിരുന്നു. എം.ടി. വാസുദേവൻ നായർ, എം. മുകുന്ദൻ, വി.കെ.എൻ, വൈക്കം മുഹമ്മദ്‌ ബഷീർ, എൻ.എസ്‌ മാധവൻ തുടങ്ങി മലയാളത്തിലെ മുൻനിര സാഹിത്യകാരന്മാരെല്ലാം എഴുതിയിരുന്ന ആഴ്‌ചപ്പതിപ്പ്‌ ഇടക്കാലത്ത്‌ മുടങ്ങിയിരുന്നു. 2011 ഏപ്രിൽ 23-ന്‌ ആഴ്‌ചപ്പതിപ്പിന്റെ പുനഃപ്രകാശനം എം.ടി വാസുദേവൻ നായർ [1] നിർവഹിച്ചു . ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌ ആണ്‌ ഇപ്പോൾ ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപർ.

മറ്റു പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • മഹിള ചന്ദ്രിക
  • ചങ്ങാതി
  • ആരോഗ്യ ചന്ദ്രിക

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


മലയാള ദിനപ്പത്രങ്ങൾ News.png
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം |ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | ജനയുഗം

"http://ml.wikipedia.org/w/index.php?title=ചന്ദ്രിക_ദിനപ്പത്രം&oldid=1989526" എന്ന താളിൽനിന്നു ശേഖരിച്ചത്