Jump to content

മലയാള മനോരമ ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayala Manorama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാള മനോരമ
തരംദിനപത്രം
FormatBroadsheet
ഉടമസ്ഥ(ർ)മലയാള മനോരമ ഗ്രൂപ്പ്
എഡീറ്റർമാമ്മൻ മാത്യു
സ്ഥാപിതം1888
ഭാഷമലയാളം
ആസ്ഥാനംകോട്ടയം
ഔദ്യോഗിക വെബ്സൈറ്റ്manoramaonline.com

മലയാള ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രമുഖ ദിനപത്രങ്ങളിലൊന്നാണ് മലയാള മനോരമ (Malayala Manorama). വായനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പ്രചാരമേറിയ മലയാളപത്രവും ഇന്ത്യയിലാകമാനമുള്ള കണക്കെടുത്താൽ പ്രചാരമേറിയ നാലാമത്തെ പത്രവുമാണ് മലയാളമനോരമ.[1][൧] കോട്ടയം ആസ്ഥാനമായ മലയാള മനോരമ കമ്പനിയാണ്‌ പത്രത്തിന്റെ പ്രസാധക‌ർ. നസ്റാണി ദീപിക കഴിഞ്ഞാൽ കേരളത്തിൽ പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ പത്രവും മലയാള മനോരമ തന്നെ.

ചരിത്രം

[തിരുത്തുക]

കോട്ടയം സി.എം.എസ് ഹൈസ്കൂളിൽ അസിസ്റ്റന്റ് മലയാളം മുൻഷിയായി പ്രവർത്തിച്ചിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിളയാണ് മലയാള മനോരമ ദിനപത്രത്തിന്റെ സ്ഥാപകൻ. തന്റെ ചിരകാല സ്വപ്നമായിരുന്ന ഒരു പത്ര പ്രസിദ്ധീകരണം തുടങ്ങുവാനായി നൂറു രൂപ വീതം നൂറോഹരികളായി പതിനായിരം രൂപ അധികൃത മൂലധനമുള്ള ഒരു ഏകീകൃത മൂലധന സ്ഥാപനം (ജോയിന്റ് സ്റ്റോക്ക്‌ കമ്പനി) ഇദ്ദേഹം രൂപീകരിക്കുകയും[2] 1888 മാർച്ച്‌ 14നു് ഈ സ്ഥാപനം മലയാള മനോരമ എന്ന പേരിൽ രജിസ്റ്റർ നടത്തുകയും ചെയ്തു. ബ്രിട്ടീഷ്‌ ഇന്ത്യയിൽ ആദ്യമായാണ്‌ പ്രസിദ്ധീകരണ രംഗത്തേക്ക്‌ ഇത്തരം ഒരു സ്ഥാപനം കടന്നുവരുന്നത്‌. വറുഗീസ്‌ മാപ്പിളയായിരുന്നു പ്രഥമ പത്രാധിപർ. 1890 മാർച്ച്‌ 22-ന്‌ കോട്ടയത്തു നിന്ന് മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചു. കേരളവർമ്മ വലിയകോയിത്തമ്പുരാനായിരുന്നു ഈ പേര്‌ നിർദ്ദേശിച്ചത്‌. രാജമുദ്ര തന്നെ ചെറിയ വ്യത്യാസങ്ങളോടെ പത്രത്തിന്റെ ആദർശമുദ്രയായി ഉപയോഗിക്കുവാൻ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് അനുവാദം നൽകി.[2] തുടക്കത്തിൽ സാഹിത്യത്തിനു പ്രാമുഖ്യം നൽകുന്ന പ്രതിവാരപ്പതിപ്പായാണ് മനോരമ പുറത്തു വന്നത്‌.

1904 ജൂലൈ 6-ന്‌ വറുഗീസ്‌ മാപ്പിള മരണമടഞ്ഞതിനെ തുടർന്ന് കെ.സി. മാമ്മൻ മാപ്പിള പത്രാധിപത്യം ഏറ്റെടുത്തു. ഈ കാലഘട്ടത്തിൽ മനോരമയുടെ ഉള്ളടക്കത്തിൽ കാതലായ മാറ്റം വന്നു. തിരുവിതാംകൂറിൽ ശക്തിപ്രാപിച്ചു തുടങ്ങിയ സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മനോരമ പ്രാധാന്യം നൽകി. 1928 ജൂലൈ 2 മുതൽ മനോരമ ദിനപത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങി. എന്നാൽ പത്രവും അതിന്റെ പത്രാധിപരും അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ അപ്രീതിയ്ക്കു കാരണമാവുകയും 1938 സെപ്റ്റംബർ 9-ന് സർക്കാർ മനോരമയുടെ പ്രസ് അടച്ചു പൂട്ടി മുദ്ര വെയ്കുകയും പത്രാധിപരായ കെ.സി. മാമ്മൻ മാപ്പിളയെ ജയിലിലടക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിന് മനോരമ നൽകിയ പിന്തുണയും ജനാധിപത്യഭരണത്തിനു വേണ്ടിയുള്ള ആശയപ്രചരണവുമാണ്[3]ദിവാനെ ക്രുദ്ധനാക്കിയതെന്ന് കരുതപ്പെടുന്നു.

എറണാകുളത്തെ മനോരമ ജംഗ്‌ഷൻ-വലത്തു വശത്തെ വെളുത്ത കെട്ടിടത്തിലാണ് മനോരമ പ്രവർത്തിക്കുന്നത്

കോട്ടയത്തെ മുദ്രണാലയം അടച്ചു പൂട്ടപ്പെട്ടതിനെ തുടർന്ന് കൊച്ചി രാജ്യത്തിൽ ഉൾപ്പെട്ട കുന്നംകുളത്തു നിന്നും പത്രം അച്ചടിച്ച്‌ തിരുവിതാംകൂറിൽ കൂടി വിതരണം ചെയ്തു വന്നു. എന്നാൽ തിരുവിതാംകൂറിൽ മനോരമയുടെ വിതരണം ദുഷ്കരമാകുകയും പരസ്യങ്ങൾ നിലയ്ക്കുകയും സാമ്പത്തിക ബാദ്ധ്യത ഏറുകയും ചെയ്തതിനാൽ ഒൻപതുമാസത്തിനു ശേഷം കുന്നംകുളത്ത് നിന്നുമുള്ള പ്രസിദ്ധീകരണവും നിർത്തലായി.

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം 1947 നവംബർ 29-ന് കെ.സി. മാമ്മൻ മാപ്പിള തന്നെ പത്രാധിപരായി മനോരമയുടെ പ്രസിദ്ധീകരണം പുനരാരംഭിച്ചു. 1954 മുതൽ 1973 വരെ കെ.എം. ചെറിയാനും 1973 മുതൽ 2010 വരെ കെ.എം. മാത്യുവും മുഖ്യ പത്രാധിപരായിരുന്നു. 1966-ൽ കോഴിക്കോട്‌ ആസ്ഥാനമാക്കി മലബാർ പതിപ്പ് പുറത്തിറങ്ങിയതോടെയാണ്‌ പത്രത്തിന്റെ വളർച്ച ദ്രുതഗതിയിലായത്. 1980-കളിൽ പ്രചാരം അടിക്കടി ഉയർന്നു. 1997 നവംബറിൽ പത്രം പൂർണ്ണമായും കമ്പ്യൂട്ടർവത്കരിച്ചു. കേരളത്തിലും പുറത്തുമായി 19 കേന്ദ്രങ്ങളിൽ നിന്നും ഇപ്പോൾ മനോരമ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്‌. മാമ്മൻ മാത്യുവാണ് ഇപ്പോഴത്തെ മുഖ്യപത്രാധിപർ.

എഡിഷനുകൾ

[തിരുത്തുക]

ഇന്ത്യയിൽ

കേരളത്തിൽ

  1. കോട്ടയം
  2. കോഴിക്കോട്
  3. തിരുവനന്തപുരം
  4. കൊച്ചി
  5. തൃശൂർ
  6. കണ്ണൂർ
  7. കൊല്ലം
  8. പാലക്കാട്‌
  9. മലപ്പുറം
  10. പത്തനംതിട്ട
  11. ആലപ്പുഴ

കേരളത്തിന്‌ പുറത്ത്

  1. മംഗലാപുരം
  2. ബാംഗ്ലൂർ
  3. ചെന്നൈ
  4. മുംബൈ
  5. ഡൽഹി

അറേബ്യൻ നാടുകളിൽ

  1. ദുബായ്
  2. മനാമ
  3. ദോഹ

മലയാള മനോരമ ദിനപത്രം എല്ലാ എഡിഷനുകളും കംപ്യൂട്ടറിലും മൊബൈലിലും വായിക്കാവുന്ന രീതിയിൽ ഇ-പേപ്പർ ആയി ലഭ്യമാണ്. [4]

പ്രചാരം

[തിരുത്തുക]

ഇന്ത്യയിലെ പ്രസിദ്ധീകരണങ്ങളുടെ പ്രചാരമളക്കുന്ന സ്ഥാപനമായ ഏ.ബി.സി.- (ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ) 2019 ജൂലൈ-ഡിസംബർ കാലത്തെ കണക്കുകൾ പ്രകാരം മലയാള മനോരമയുടെ 24 ലക്ഷത്തിലധികം കോപ്പികൾ പ്രതിദിനം വിറ്റഴിയുന്നുണ്ട്‌.[5] ഐ.ആർ.എസ് (ഇന്ത്യൻ റീഡർഷിപ്പ് സർവേ) 2019 രണ്ടാം പാദം പ്രകാരം 1 കോടി 77 ലക്ഷം വായനക്കാർ മനോരമ ദിനപത്രത്തിനുണ്ട്.[1]

മലയാള മനോരമ കണ്ണൂർ എഡിഷൻ ഓഫീസ്,കാൽടെക്സ്നു സമിപംതായതെരു റോഡിലാണ് ഓഫീസ് സ്ഥിതി ചെയുന്നത്

ഉള്ളടക്കം

[തിരുത്തുക]

എഡിറ്റോറിയൽ പേജ്‌

[തിരുത്തുക]

'കാഴ്ചപ്പാട്‌' എന്ന എഡിറ്റോറിൽ പേജിൽ മുഖപ്രസംഗത്തിന് പുറമേ ഫീച്ചറുകൾ, 'ആഴ്ചക്കുറിപ്പുകൾ' , തരംഗങ്ങളിൽ' തുടങ്ങിയ പ്രതിവാരപംക്തികൾ, വായനക്കാരുടെ കത്തുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു.

പഠിപ്പുര

[തിരുത്തുക]

വിദ്യാർത്ഥികൾക്കായി പ്രസിദ്ധീകരിക്കുന്ന പംക്തിയാണ് പഠിപ്പുര. ആഴ്ചയിൽ മൂന്നു ദിവസം (തിങ്കൾ,ബുധൻ,വെള്ളി) ഇതു പുറത്തിറക്കുന്നു.

കാർട്ടൂണുകൾ

[തിരുത്തുക]

ഒന്നാം പേജിലെ 'കുഞ്ചുക്കുറുപ്പ്‌' വർഷങ്ങളായി നിലനിൽക്കുന്ന കാർട്ടൂൺ ആണ്. സർക്കാർ ഉദ്യോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കിയുള്ള 'പൊന്നമ്മ സൂപ്രണ്ട്‌' എന്ന കാർട്ടൂൺ ഉൾപ്പേജിൽ കുറച്ചു കാലം പ്രസിദ്ധീകരിച്ചിരുന്നു. 'വാരഫലം' എന്ന തലക്കെട്ടിലുള്ള കാർട്ടൂണുകളും ഇടയ്ക്കിടെ പ്രസിദ്ധീകരിക്കാറുണ്ട്.

=== മനോരമ ഓൺലൈൻ ===

മലയാള മനോരമ പത്രത്തിന്റെ ഇന്റർനെറ്റ് പതിപ്പാണ് മനോരമ ഓൺലൈൻ. മനോരമ ഓൺലൈൻ 24 മണിക്കൂർ വാർത്തയ്ക്കു പുറമേ വിജ്ഞാനവും വിനോദവും ഉൾക്കൊള്ളുന്ന നിരവധി ചാനലുകളാണ് വായനക്കാർക്കു നൽകുന്നത്. സിനിമ, സംഗീതം, സാഹിത്യം, വിദ്യാഭ്യാസം, കായികം, ടെക്‌നോളജി, ഫാസ്റ്റ്ട്രാക്ക്, ട്രാവൽ, അസ്ട്രോളജി, ചിൽഡ്രൻ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ഇൻഫോഗ്രാഫിക്സ്, സ്പെഷൽ–ഇൻഡെപ്ത് സൈറ്റുകൾ, ഫോട്ടോ ഗാലറി എന്നിങ്ങനെ ഒട്ടേറെ വിഭാഗങ്ങളം ഇതിലുണ്ട്.

മറ്റ് പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

ഭാഷാപോഷിണി, മനോരമ ആഴ്ചപ്പതിപ്പ്, മനോരമ ആരോഗ്യം, വനിത, തൊഴിൽ വീഥി, കർഷകശ്രീ, വീട്, സമ്പാദ്യം, ഫാസ്‌റ്റ് ട്രാക്ക്, മനോരമ വാർഷികപ്പതിപ്പ്, ബാലരമ, കളിക്കുടുക്ക, ബാലരമ ഡൈജസ്‌റ്റ്, ബാലരമ അമർചിത്രകഥ, മനോരമ ഇയർബുക്ക് (മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, ബംഗാളി ഭാഷകളിൽ) ദി വീക്ക്(ഇംഗ്ലീഷ്), മാജിക് പോട്ട്(ഇംഗ്ലീഷ്), ദി മാൻ(ഇംഗ്ലീഷ്), വനിത(ഹിന്ദി) തുടങ്ങി നാല്പതിലധികം പ്രസിദ്ധീകരണങ്ങൾ മനോരമയ്ക്കുണ്ട്.[3]

കുറിപ്പുകൾ

[തിരുത്തുക]
  • ^ വായനക്കാരുടെ എണ്ണത്തിൽ മലയാള മനോരമക്ക് മുൻപിൽ ഹിന്ദി പത്രങ്ങൾ മാത്രമാണുള്ളത്[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "IRS 2011 Q2 Topline Findings" (PDF). ഇന്ത്യൻ റീഡർഷിപ്പ് സർവേ (in ഇംഗ്ലീഷ്). ഹംസ റിസർച്ച്. p. 5. Archived from the original (pdf) on 2011-10-06. Retrieved 22 ഒക്ടോബർ 2011. Top 10 Publications
  2. 2.0 2.1 മനോരമയുടെ കഥ, കെ.ആർ.ചുമ്മാർ, മലയാള മനോരമ ശതാബ്ദിപ്പതിപ്പ്, 1988
  3. 3.0 3.1 കേരളം-മാധ്യമങ്ങൾ, മലയാള മനോരമ, മനോരമ ഇയർബുക്ക് 2011
  4. E Paper
  5. "മനോരമ പ്രസിദ്ധീകരണങ്ങളുടെ 2010 ജൂലൈ-ഡിസംബർ കാലത്തെ പ്രചാര കണക്കുകൾ". മനോരമ ഓൺലൈൻ. Archived from the original on 2014-12-20. Retrieved 2011 ഒക്ടോബർ 15. {{cite news}}: Check date values in: |accessdate= (help)

7. 2019 ലെ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ കണക്ക് : http://www.auditbureau.org/files/JD%202019%20Highest%20Circulated%20(across%20languages).pdf

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


മലയാള ദിനപ്പത്രങ്ങൾ
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

"https://ml.wikipedia.org/w/index.php?title=മലയാള_മനോരമ_ദിനപ്പത്രം&oldid=4082348" എന്ന താളിൽനിന്ന് ശേഖരിച്ചത്