മാതൃഭൂമി ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാതൃഭൂമി
Mathrubhumi.JPG
തരം ദിനപ്പത്രം
Format Broadsheet
ഉടമസ്ഥ(ർ) ദ മാതൃഭൂമി ഗ്രൂപ്പ്
സ്ഥാപിതം 1923
ആസ്ഥാനം കോഴിക്കോട്
ഔദ്യോഗിക വെബ്സൈറ്റ് മാതൃഭൂമി

മലയാള ഭാഷയിലെ പ്രമുഖ ദിനപ്പത്രമാണ്‌ മാതൃഭൂമി. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി ഉത്തരകേരളത്തിലെ കോഴിക്കോട്ട്‌ 1923 മാർച്ച്‌ 18-ന്‌ ജന്മമെടുത്ത പത്രമാണ്‌. സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനായ കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യ പത്രാധിപർ. പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന്‌ ഓഹരി പിരിച്ച്‌ രൂപവൽക്കരിച്ച "മാതൃഭൂമി പ്രിന്റിങ്ങ്‌ ആന്റ്‌ പബ്‌ളിഷിങ്ങ്‌ കമ്പനിയുടെ" ആദ്യ മുഖ്യാധിപൻ കെ. മാധവൻ നായർ ആയിരുന്നു .മാധവൻനായരുടെ മരണത്തെതുടർന്ന് കേളപ്പജി മാതൃഭൂമിയുടെ സാരഥ്യം ഏറ്റെടുത്തുകൂറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട്‌, പി. അച്യൂതൻ, കെ. കേശവൻ നായർ തുടങ്ങിയവരും മാതൃഭൂമിയുടെ സ്ഥാപനത്തിൽ സുപ്രധാന പങ്കുവഹിച്ചു.

സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ രൂപം കൊണ്ട പത്രത്തിന്‌ അധികാരികളുമായി നിരന്തരം ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്‌. ഇതിനെത്തുടർന്ന് പത്രാധിപരും മറ്റും പലപ്പോഴും തടവിലാക്കപ്പെടുകയും ചെയ്തു.[1][2] പലപ്പോഴും പത്രം നിരോധനത്തേയും നേരിട്ടു. തിരുവിതാംകൂറിൽ ഏകാധിപത്യത്തിനെതിരെ നിലപാടെടുത്തതിന്‌ ഒമ്പതു വർഷക്കാലം നിരോധിക്കപ്പെട്ടിരുന്നു.[അവലംബം ആവശ്യമാണ്]

സ്വാതന്ത്ര്യസമരത്തിന്‌ ആവേശം പകരുന്നതിന്‌ ഒപ്പം മലയാളികളുടെ ഏകീകരണവും സംസ്‌കാരികമായ വളർച്ചയും സമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ നിർമാർജ്ജനവും മാതൃഭുമിയുടെ ലക്ഷ്യങ്ങളിൽ പ്രാധാന്യമുള്ളവയായിരുന്നു.[അവലംബം ആവശ്യമാണ്] അവർണരുടെ ക്ഷേത്രപ്രവേശനത്തിന്‌ വേണ്ടിയുള്ള വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയിൽ മാതൃഭൂമി നിർണായകമായ പങ്ക്‌ വഹിച്ചു.[1] സാമൂഹ്യപ്രസ്ഥാനങ്ങളിലും സ്വാതന്ത്ര്യസമരത്തിലും പങ്ക്‌ വഹിച്ച പി. രാമുണ്ണി നായർ, കെ. കേളപ്പൻ, സി. എച്ച്‌. കുഞ്ഞപ്പ, കെ. എ. ദാമോദരമേനോൻ,എൻ.വി. കൃഷ്ണവാരിയർ, എ. പി. ഉദയഭാനു, വി.പി.രാമചന്ദ്രൻ, വി.കെ.മാധവൻകുട്ടി, എം.ഡി.നാലപ്പാട്, കെ.കെ.ശ്രീധരൻ നായർ, കെ.ഗോപാലകൃഷ്ണൻ, എം.കേശവമേനോൻ എന്നിവർ മാതൃഭൂമിയുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്‌.

ഇപ്പോൾ കോഴിക്കോടിനും, കൊച്ചിക്കും പുറമെ തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം, കൊല്ലം, കണ്ണൂർ, മലപ്പുറം, പാലക്കാട്‌, ആലപ്പുഴ എന്നിവിടങ്ങളിൽ കേരളത്തിലും ചെന്നൈ, ബംഗളൂർ, മുംബൈ, ന്യൂദൽഹി എന്നിവിടങ്ങളിൽ കേരളത്തിന്‌ പുറത്തും യൂണിറ്റുകളുള്ള മാതൃഭൂമി മലയാളത്തിലെ രണ്ടാമത്തെ വലിയ പത്രമാണ്‌. എം.പി. വീരേന്ദ്രകുമാർ മാനേജിങ്ങ്‌ ഡയറക്‌റ്ററും പി.വി.ചന്ദ്രൻ മാനേജിങ്ങ്‌ എഡിറ്ററും പി.ഐ.രാജീവ് എക്‌സിക്യൂട്ടീവ് എഡിറ്ററുമാണ്.

ചരിത്രം[തിരുത്തുക]

1932-ലാണ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പ് പ്രസിദ്ധീകരണം തുടങ്ങിയത്‌[3]. മലയാളസാഹിത്യത്തിന്റെയും ഭാഷയുടേയും വളർച്ചയിൽ ആഴ്‌ചപ്പതിപ്പ്‌ നിർണ്ണായകമായ സംഭാവനകൾ നൽകിയിട്ടുണ്ട്‌. പ്രശസ്‌തനായ സഞ്‌ജയൻ പത്രാധിപരായി വിശ്വരൂപം എന്ന ഹാസ്യപ്രസിദ്ധീകരണം 1940 ൽ ആരംഭിച്ചുവെങ്കിലും വിശ്വരൂപവും പിന്നീട്‌ ആരംഭിച്ച യുഗപ്രഭാത്‌ എന്ന ഹിന്ദി പ്രസിദ്ധീകരണവും അധികകാലം മുന്നോട്ട്‌ പോയില്ല. കേരളത്തിൽ ആദ്യമായി ഓഫ്‌സെറ്റ്‌ പ്രിന്റിങ്ങ്‌ ആരംഭിച്ചതും ആദ്യമായി രണ്ടാമതൊരു യൂണിറ്റിൽ പ്രസിദ്ധീകരണം( 1962 മേയിൽ കൊച്ചിയിൽ) തുടങ്ങിയതും ആദ്യമായി ടെലിപ്രിൻടറിൽ വാർത്ത അയക്കാൻ തുടങ്ങിയതും മാതൃഭൂമി ആയിരുന്നു.[അവലംബം ആവശ്യമാണ്]

മറ്റു പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]


റേഡിയോ പ്രക്ഷേപണ രംഗത്ത്[തിരുത്തുക]

2008-ൽ മാതൃഭൂമി എഫ്‌.എം റേഡിയോ പ്രക്ഷേപണ രംഗത്തേക്കും പ്രവേശിച്ചു‌[4]. ക്ലബ്ബ് എഫ്. എം. 94.3 എന്നാണ് മാതൃഭൂമിയുടെ എഫ്. എം റേഡിയോയുടെ പേര്. [5]തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കണ്ണൂർ എന്നിവയാണ്‌ സ്റ്റേഷനുകൾ.

ഉപഗ്രഹ ടെലിവിഷൻ ചാനലുകൾ[തിരുത്തുക]

മാതൃഭൂമി ന്യൂസ് ആണ് ഉപഗ്രഹചാനൽ. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ വാർത്താ ചാനൽ 2013 ജനുവരി 23ന് പ്രവർത്തനമാരംഭിച്ചു[6]. വിനോദത്തിനായി കപ്പ എന്ന പേരിൽ ഒരു ചാനലും മാതൃഭൂമിക്ക് ഉണ്ട്[7].

വെബ്‌സൈറ്റ്[തിരുത്തുക]

മാതൃഭൂമി ദിനപ്പത്രത്തിന്റെ ഓൺലൈൻ എഡിഷനാണ് മാതൃഭൂമി ഡോട്ട് കോം(www.mathrubhumi.com) . 1997 സെപ്റ്റംബറിൽ‍‍ പത്രത്തിന്റെ വെബ് സൈറ്റ് ആരംഭിച്ചു. 2005 ജൂണിൽ അത്‌ പോർട്ടൽ ആയി . 2008 ഏപ്രിൽ മുതൽ പൂർണ്ണമായും യൂനിക്കോഡിലേക്ക് മാതൃഭൂമി വെബ്ബ് പോർട്ടൽ മാറി വാർത്തകൾ കൂടാതെ കൃഷി, സിനിമ, ഗൃഹലക്ഷ്മി, യാത്ര, കാർട്ടൂൺ, ബുക്സ്, സൂം ഇൻ തുടങ്ങി നിരവധി വിഷയങ്ങൾ വെബ്സൈറ്റിൽ കൈകാര്യം ചെയ്യുന്നു. ഒരു മുഴുവൻ സമയ അപ്‌ഡേറ്റിങ്ങ് ടീം ഇതിൽ പ്രവർത്തിക്കുന്നു. മിക്ക വിഷയങ്ങളിലും വായനക്കാർക്ക് വിഷയങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പറയാനും സൗകര്യമുണ്ട്. കോഴിക്കോട് ആണ് ഇതിന്റെ കാര്യാലയം പ്രവർത്തിക്കുന്നത്.

മാതൃഭൂമി സാഹിത്യ പുരസ്കാരം[തിരുത്തുക]

മലയാളത്തിലെ സാഹിത്യകാരന്മാരെ ആദരിക്കാൻ 2000 മുതൽ മാതൃഭൂമി സാഹിത്യപുരസ്‌കാരം നൽകിവരുന്നു. പ്രശസ്തി പത്രവും ശിൽപ്പവും രണ്ട് ലക്ഷം രൂപയുമടങ്ങുന്നതാണ് ഈ പുരസ്‌കാരം.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



മലയാള ദിനപ്പത്രങ്ങൾ News.png
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം |ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | ജനയുഗം

"https://ml.wikipedia.org/w/index.php?title=മാതൃഭൂമി_ദിനപ്പത്രം&oldid=2621112" എന്ന താളിൽനിന്നു ശേഖരിച്ചത്