ഉള്ളടക്കത്തിലേക്ക് പോവുക

കേരളകൗമുദി ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളകൗമുദി
Kerala Kaumudi
തരംദിനപത്രം
FormatBroadsheet
പ്രസാധകർദർശൻ രവി
എഡിറ്റർ-ഇൻ-ചീഫ്ദീപു രവി
മാനേജിങ് എഡിറ്റർമാർDr ദിവ്യ ദീപു
സ്ഥാപിതം1911
ഭാഷമലയാളം
ആസ്ഥാനംKaumudi Buildings,
Trivandrum - 695 024,
India
ഔദ്യോഗിക വെബ്സൈറ്റ്keralakaumudi.com


1911-ൽ സ്ഥാപിച്ച മലയാളത്തിലെ ദിനപത്രമാണ് കേരള കൗമുദി. 1911-ൽ സി.വി. കുഞ്ഞുരാമനും കെ. സുകുമാരൻ. ബി.എ. യും ചേർന്നാണ് കേരള കൗമുദി ആരംഭിച്ചത്. സ്ഥാപക പത്രാധിപരായിരുന്നു കെ.സുകുമാരൻ. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,​ ആലപ്പുഴ, കോട്ടയം,​ കൊച്ചി, തൃശ്ശൂർ,​ കോഴിക്കോട്, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കേരള കൗമുദി പ്രസിദ്ധീകരിക്കുന്നു. പ്രചാരത്തിന്റെ കാര്യത്തിൽ കേരളത്തിൽ ആറാം സ്ഥാനത്താണ് കേരള കൗമുദി[അവലംബം ആവശ്യമാണ്]. കൗമുദിയുടെ ഇന്റർനെറ്റ് പതിപ്പുകൾ മണിക്കൂറുകൾക്കിടയിൽ പുതുക്കുന്നു. പി.ഡി.എഫ് രൂപത്തിൽ ഇലക്ട്രോണിക് പതിപ്പുകൾ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിക്കുന്നു. ഓൺലൈൻ പതിപ്പുകൾ ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ എന്നീ സ്ഥലങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു[അവലംബം ആവശ്യമാണ്]. ഇപ്പോൾ കേരളകൗമുദിടെ ഓൺലൈൻ പതിപ്പ് യുണികോഡിൽ ആക്കിയിട്ടുണ്ട് ഗ്നൂ സാർവ്വജനിക അനുവാദപത്രം അനുപാലിക്കുന്ന കൗമുദി ഫോണ്ടാണ് ഉപയോഗിക്കുന്നത്. രാഹുൽ വിജയ് ആണ് യുണികോഡ് 6.1 അനുപാലിക്കുന്ന ഫോണ്ട് രൂപകൽപ്പന ചെയ്തത്. ഇന്ത്യയിലാദ്യമായ അച്ചടി പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെ പൂർണ്ണമായും യുണികോഡിൽ ആയ ഏക പത്രമാണിത്. യുണികോഡിൽ പൂർണ്ണമായും രൂപകൽപ്പന ചെയ്ത ഫോണ്ടുകളാണ് കൗമുദി ഉപയോഗിക്കുന്നത്. 2012 പകുതിയോടെ കേരളകൗമുദി ഫ്ളാഷ് മൂവീസ് Archived 2012-09-07 at the Wayback Machine എന്ന സിനിമ മാഗസിനും പുറത്തിറക്കി. 2012 മെയ്‌ 05ന് കൗമുദി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചു.[1]


കൗമുദിയുടെ ചരിത്രം

[തിരുത്തുക]

നൂറ്റിപ്പതിനാലുവർഷം പിന്നിടുന്ന കേരളകൗമുദിയും 1956 നവംബർ ഒന്നിന് പിറവിയെടുത്ത കേരള സംസ്ഥാനവും തമ്മിലുള്ള ബന്ധം നിരവധി സവിശേഷതകളുള്ളതാണ്.

കേരളകൗമുദിയുടെ പിറവി 1911 ഫെബ്രുവരിയിലാണ്. മയ്യനാട് വർണ്ണപ്രകാശം പ്രസിൽനിന്ന് 1911 ഫെബ്രുവരി ഒന്നിന് കേരളകൗമുദിയുടെ ആദ്യപതിപ്പ് പുറത്തിറങ്ങി. അന്ന് ഐക്യകേരളം രൂപീകരിച്ചിട്ടില്ല. പക്ഷേ കേരളകൗമുദിയുടെ സ്ഥാപകനായ സി.വി. കുഞ്ഞുരാമൻ പത്രത്തിന് കേരളകൗമുദി എന്ന് നാമകരണം ചെയ്തു.

ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യരിൽ പ്രമുഖനായ സി.വി. കുഞ്ഞുരാമൻ യുഗപ്രഭാവനായ മഹാഗുരുവിന്റെ അനുഗ്രഹാശിസുകളോടെയാണ് കേരളകൗമുദി ആരംഭിച്ചത്. ഗുരുദേവ കൃതികളും ദർശനങ്ങളും സന്ദേശങ്ങളും ജനകീയമാക്കുന്നതിൽ കേരളകൗമുദി വഹിച്ചുപോരുന്ന പങ്ക് നിസ്തൂലമാണ്. സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും മൂർച്ചയേറിയ ശൈലിയിലും അഗ്രഗണ്യനായിരുന്നു സി.വി. കുഞ്ഞുരാമൻ. വാത്മീകിരാമായണം , വ്യാസഭാരതം, പഞ്ചവടി എന്നിവ സി.വിയുടെ ലളിതവും ശക്തവുമായ രചനയുടെ ഉദാഹരണങ്ങളാണ്. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും പരിഷ്കാരങ്ങൾക്കും വേണ്ടി സി.വിയുടെ തൂലിക ശക്തമായി പോരാടി. ക്ഷേത്ര പ്രവേശന പ്രക്ഷോഭത്തിന് തുടക്കം കുറിച്ചതും ആ തൂലികതന്നെ. വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിനുവേണ്ടി കേരളകൗമുദിയിൽ അദ്ദേഹമെഴുതിയ മുഖപ്രസംഗങ്ങളും വാർത്തകളും വലിയ കൊടുങ്കാറ്റുയർത്തി. ആധുനിക ഗദ്യസാഹിത്യത്തിന്റെ പിതാവെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.

കോൺഗ്രസിന്റെ അയിത്തോച്ചാടന പരിപാടിക്കും ഗാന്ധിജിയുടെ ഹരിജനോദ്ധാരണത്തിനും വിത്തുപാകിയത് സി.വിയാണ്. ശ്രീനാരായണ ഗുരുദേവനുമായി സി.വി നടത്തിയ ദീർഘമായ സംഭാഷണം മലയാള പത്രപ്രവർത്തനത്തിലെ ആദ്യത്തെ 'അഭിമുഖം" ആയി കണക്കാക്കുന്നു.

സി.വിയുടെ ഭാര്യ കൊച്ചിക്ക നേരത്തെ മരിച്ചു. ഏകമകൾ വാസന്തി. മൂത്തമകൻ കെ. ദാമോദരൻ. ഇളയ മകനാണ് കെ. സുകുമാരൻ. വാസന്തിയുടെ ഭർത്താവാണ് തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ. സി.വിയാണ് കേരളകൗമുദി പത്രം സ്ഥാപിച്ചതെങ്കിലും പത്രത്തെ ഉയരങ്ങളിലെത്തിച്ചത് പത്രാധിപർ കെ. സുകുമാരനാണ്.

പത്രാധിപർ കെ. സുകുമാരൻ

[തിരുത്തുക]

ശൂന്യതയിൽ നിന്ന് അത്ഭുതങ്ങൾ സൃഷ്ടിച്ച മഹാൻ എന്ന് കെ. സുകുമാരനെ വിശേഷിപ്പിക്കാറുണ്ട്. വാരികയായി കൊല്ലത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന കേരളകൗമുദിയെ ദിനപത്രമായി തലസ്ഥാനത്തുനിന്ന് ആരംഭിച്ചതും ഇന്നുകാണുന്ന രൂപഭാവങ്ങൾ അതിനുണ്ടാക്കിയതും അദ്ദേഹമാണ്. സുകുമാരന്റെ പ്രാഥമിക വിദ്യാഭ്യാസം പിതാവായ സി.വി. കുഞ്ഞുരാമൻ ഹെഡ്മാസ്റ്ററായിരുന്ന മയ്യനാട് മിഡിൽ സ്കൂളിലായിരുന്നു. തിരു. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് (അന്നത്തെ തിരു. സയൻസ് കോളേജ്) ബി.എ പാസായി. പൊലീസ് കമ്മിഷണറാഫീസിൽ ക്ളർക്കായി ജോലി കിട്ടി. സബ് ഇൻസ്പെക്ടറാകാൻ അപേക്ഷിച്ചെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. അതോടെ അദ്ദേഹം സി.വി പത്രാധിപരായിരുന്ന കേരളകൗമുദിയിൽ പോയതും ചരിത്രം സൃഷ്ടിച്ചതും പ്രസിദ്ധം.

താൻ ഉയർത്തിപ്പിടിക്കുന്ന വിശ്വാസപ്രമാണങ്ങൾക്കുവേണ്ടി കെ. സുകുമാരൻ തൂലിക ചലിപ്പിച്ചു. അതേസമയം വ്യത്യസ്തമായ നിലപാടുകൾക്കും പത്രത്തിൽ ഇടം നൽകി. ഇത് മലയാള പത്രപ്രവർത്തനരംഗത്ത് പുതിയൊരു അനുഭവമായിരുന്നു. കേരളകൗമുദിയിൽവരുന്ന വാർത്തകൾ സത്യസന്ധമായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. അങ്ങനെ വിശ്വാസ്യത കേരളകൗമുദിയുടെ മുഖമുദ്ര‌യായി മാറി.

അവശജന വിഭാഗങ്ങളുടെ പുരോഗതിക്കു തടസം സൃഷ്ടിക്കുന്ന ഏതൊരു നീക്കത്തെയും പത്രാധിപർ ധീരമായി വിമർശിച്ചിരുന്നു. ഏത് കക്ഷി ഭരിക്കുന്നു എന്നു നോക്കാതെയായിരുന്നു ആ വിമർശനങ്ങൾ. പത്രാധിപർ കെ. സുകുമാരന്റെ സിംഹഗർജ്ജനം കേരളം കേട്ടത് കുളത്തൂർ പ്രസംഗത്തിലൂടെയായിരുന്നു. തിരുവനന്തപുരത്തെ കുളത്തൂർ ശ്രീനാരായണഗുരു സ്മാരക വായനശാലയിൽ ഗുരുസമാധി ആചരിക്കാൻ കൂടിയ സമ്മേളനത്തിൽ വച്ചായിരുന്നു ആ ഗർജ്ജനം. മുഖ്യമന്ത്രി ഇ.എം.എസിനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു അത്. പിന്നാക്കക്കാർക്കുള്ള സംവരണത്തിൽ വെള്ളം ചേർക്കാനുള്ള നീക്കം അതോടെ ഉപേക്ഷിക്കപ്പെട്ടു. ആ മഹത്തായ പാരമ്പര്യം കേരളകൗമുദി തുടരുന്നു.

കൗമുദി ടിവി. കേരള കൌമുദി ദിനപത്രത്തിൻറെ മുഴസമയ വിനോദചാനൽ. 2013 മെയ് അഞ്ചിന് ചാനൽ പ്രക്ഷേപണം ആരംഭിച്ചു.

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 'നിലാവ് ' ഉദിച്ചു....കൗമുദി ടിവി ഓൺ എയർ


മലയാള ദിനപ്പത്രങ്ങൾ
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

"https://ml.wikipedia.org/w/index.php?title=കേരളകൗമുദി_ദിനപ്പത്രം&oldid=4560585" എന്ന താളിൽനിന്ന് ശേഖരിച്ചത്