ചെവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെവി

ജന്തുക്കളില്‍ കേള്‍വി എന്ന ഇന്ദ്രിയാനുഭവം സാധ്യമാക്കുന്ന ശരീരാവയവമാണ്‌ ചെവി. ഓരോ ജീവികളിലും‍ ചെവിയുടെ ശ്രവണശേഷിക്ക് വ്യത്യാസങ്ങളുണ്ട്. ചില ജീവികളില്‍ ചെവി ഒരു തരത്തിലുള്ള ശബ്ദതരംഗ ആഗീകരണവസ്തു ആണ്. മനുഷ്യരില്‍ കേ‌ള്‍വിയ്ക്കു പുറമേ ശരീരത്തിന്റെ തുലനാവസ്ഥ പാലിക്കാനും ചെവി സഹായിക്കുന്നുണ്ട്[1]. മുയല്‍, ആന തുടങ്ങിയ ജീവികളില്‍ ശരീരം തണുപ്പിക്കുക എന്ന ധര്‍മ്മവും ചെവി വഹിക്കുന്നുണ്ട്[2][3].

ഉള്ളടക്കം

[തിരുത്തുക] ഘടന

മനുഷ്യരുടെ ചെവിയുടെ ഛേദം

ചെവിക്കുട മാത്രമാണ്‌ ചെവിയുടെ പുറമേ കാണാവുന്നതെങ്കിലും സങ്കീര്‍ണ്ണങ്ങളായ ഭാഗങ്ങള്‍ ചെവിയ്ക്കുള്ളിലുണ്ട്. ഈ പ്രധാന ഭാഗങ്ങള്‍ തലയോടിനുള്ളില്‍ സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു. ചെവിക്കുടയടക്കം മനുഷ്യന്റെ കര്‍ണ്ണത്തിന്‌ ബാഹ്യകര്‍ണ്ണം, മദ്ധ്യകര്‍ണ്ണം, ആന്തരകര്‍ണ്ണം എന്ന് മൂന്നു ഭാഗങ്ങളുണ്ട്.

[തിരുത്തുക] ബാഹ്യകര്‍ണ്ണം

ചെവിയുടെ പുറമേ കാണാവുന്ന ഭാഗമായ ചെവിക്കുടയ്ക്കു പുറമേ കര്‍ണ്ണനാളവും കര്‍ണ്ണപടവും ബാഹ്യകര്‍ണ്ണമായി കണക്കാക്കുന്നു. ചെവിക്കുട എന്ന തലയ്ക്ക് പുറത്തേയ്ക്ക് പരന്നു നില്‍ക്കുന്ന ഭാഗം ശബ്ദവീചികളെ തടഞ്ഞ് അവയെ ചെവിയ്ക്കുള്ളിലേയ്ക്ക് നയിക്കാന്‍ പ്രാപ്തമാണ്‌. ചെവിയ്ക്കുള്ളിലേയ്ക്കുള്ള നാളമാണ്‌ കര്‍ണ്ണനാളം അഥവാ ശ്രവണനാളം. കര്‍ണ്ണനാളത്തിന്റെ ഭിത്തിയില്‍ മെഴുകു സ്രവിക്കുന്ന ഗ്രന്ഥികളുണ്ട്. ഈ മെഴുക് ചെവിക്കുള്ളില്‍ പ്രവേശിച്ചേയ്ക്കാവുന്ന ചെറുകീടങ്ങളേയും, ബാക്റ്റീരിയങ്ങളേയും നശിപ്പിക്കാന്‍ കഴിവുള്ളതാണ്‌. ഈ നാളത്തിന്റെ പ്രവേശനദ്വാരത്തിലായി സ്ഥിതിചെയ്യുന്ന മൃദുലരോമങ്ങള്‍ പൊടിയും പ്രാണിയുമൊന്നും ചെവിയ്ക്കുള്ളിലേയ്ക്ക് പ്രവേശിക്കാതെ സൂക്ഷിക്കുന്നു. കര്‍ണ്ണപടം എന്നത് ചെവിയ്ക്കുള്ളിലുള്ള ഒരു നേര്‍ത്ത സ്തരമാണ്‌. കര്‍ണ്ണനാളത്തിനൊടുവില്‍ അല്പം ചെരിഞ്ഞ് കര്‍ണ്ണപടം സ്ഥിതിചെയ്യുന്നു.

[തിരുത്തുക] മദ്ധ്യകര്‍ണ്ണം

കേള്‍ക്കുന്ന ശബ്ദത്തിനനുസരിച്ച് കമ്പനം ചെയ്യുന്ന ഭാഗങ്ങളുള്‍പ്പെട്ട ഒരു ചെറിയ അറയെ ആണ്‌ മദ്ധ്യകര്‍ണ്ണം എന്നു വിളിക്കുന്നത്. കര്‍ണ്ണപടവുമായി ബദ്ധപ്പെട്ടിരിക്കുന്ന മൂന്നസ്ഥികളാണ്‌ മദ്ധ്യകര്‍ണ്ണത്തിലെ പ്രധാന ഭാഗങ്ങള്‍. കര്‍ണ്ണപടത്തെ തൊട്ട് ചുറ്റികയുടെ ആകൃതിയിലുള്ള അസ്ഥിയാണ്‌ മാലിയസ് (Malleus). മാലിയസുമായി ചേര്‍ന്ന് ഇന്‍കസ് (Incus) എന്ന അസ്ഥി സ്ഥിതിചെയ്യുന്നു. കുതിരസവാരിക്കാര്‍ കാലുറപ്പിച്ചുവെക്കുന്ന സ്റ്റിറപ്പിന്റെ ആകൃതിയിലുള്ള സ്റ്റേപിസ് (Stapes) ആണ്‌ ഈ ശൃംഖലയിലെ മൂന്നാമത്തെ അസ്ഥി. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയാണ്‌ സ്റ്റേപിസ്[4]. മദ്ധ്യകര്‍ണ്ണത്തെ മൂക്കുമായി ബന്ധപ്പെടുത്തുന്ന യൂസ്റ്റേക്കിയന്‍ നാളി എന്ന ഒരു കുഴലുണ്ട്. കര്‍ണ്ണപടത്തിനിരുവശവുമുള്ള മര്‍ദ്ദം സമമായി നിര്‍ത്തുകയാണ്‌ യൂസ്റ്റേക്കിയന്‍ നാളിയുടെ ധര്‍മ്മം. മദ്ധ്യകര്‍ണ്ണത്തിനും ആന്തരകര്‍ണ്ണത്തിനും ഇടയിലായി അണ്ഡാകാര ജാലകം (എലിപ്റ്റിക്കല്‍ അഥവാ ഓവല്‍ ജാലകം), വൃത്തജാലകം എന്നീ രണ്ട് രന്ധ്രങ്ങളുണ്ട്. നേര്‍ത്ത സ്തരങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്ന ഇവയില്‍ എലിപ്റ്റിക്കല്‍ ജാലകവുമായി സ്റ്റേപിസ് ബന്ധപ്പെട്ടിരിക്കുന്നു.

[തിരുത്തുക] ആന്തരകര്‍ണ്ണം

സങ്കീര്‍ണ്ണങ്ങളായ നാഡികളും, നാളികളും, സഞ്ചികകളും ചേര്‍ന്നുള്ള ഈ ഭാഗത്തെ സ്തരജാലിക (Membranous Labyrinth) എന്നും വിളിക്കാറുണ്ട്. അസ്ഥികൊണ്ടുള്ള ഇടുങ്ങിയ അറയില്‍ നിലകൊള്ളുന്ന ഈ ഭാഗം മുഴുവനും പെരിലിംഫ് (Perilymph) എന്ന ദ്രാവകം നിറഞ്ഞിരിക്കുന്നു. വെസ്റ്റിബ്യൂള്‍ (Vestibule), കോക്ലിയ (Cochlea), അര്‍ദ്ധവൃത്താകാരത്തിലുള്ള മൂന്നു കുഴലുകള്‍ എന്നിവയാണ്‌ ആന്തരകര്‍ണ്ണത്തിലെ പ്രധാന ഭാഗങ്ങള്‍. വെസ്റ്റിബ്യൂളിനുള്ളിലെ പ്രധാനഭാഗങ്ങള്‍ യൂട്രിക്കിള്‍ (Utricle), സാക്യൂള്‍ (Saccule) എന്നിവയാണ്‌. യൂട്രിക്കിള്‍ മൂന്ന് അര്‍ദ്ധവൃത്താകാരക്കുഴലുകളിലേക്കുമുള്ള ഘടനയാണ്‌. അര്‍ദ്ധവൃത്താകാരകുഴലുകളില്‍ ഒരെണ്ണം തിരശ്ചീനമായും, മറ്റുരണ്ടെണ്ണം ലംബമായും നിലകൊള്ളുന്നു. ഇവ മൂന്നും പരസ്പരം സമകോണിലാണുള്ളത്. ഓരോ കുഴലിന്റെയും ഒരഗ്രം ഉരുണ്ടിരിക്കുന്നു. ഉരുണ്ടിരിക്കുന്ന അഗ്രത്തെ ആമ്പ്യുള്ള (Ampulla) എന്നു വിളിക്കുന്നു. ആമ്പ്യൂള്ളയില്‍ സം‌വേദന നാഡികള്‍ സ്ഥിതിചെയ്യുന്നു. വെസ്റ്റിബ്യൂളിന്റെ സാക്യൂള്‍ എന്ന ഭാഗം ആന്തരകര്‍ണ്ണത്തിലെ കോക്ലിയ എന്ന ഭാഗവുമായി യോജിച്ചിരിക്കുന്നു. ഒച്ചിന്റെ തോട് പോലുള്ള ഒരു ഭാഗമാണ്‌ കോക്ലിയ. കോക്ലിയയുടെ ആന്തരഭിത്തിയില്‍ നിറയെ സം‌വേദ കോശങ്ങളുണ്ട്. ഈ കോശങ്ങള്‍ ശ്രവണനാഡിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വെസ്റ്റിബ്യൂള്‍, അര്‍ദ്ധവൃത്താകാരകുഴലുകള്‍, കോക്ലിയ എന്നിവയിലെല്ലാം പെരിലിംഫ് എന്ന ദ്രവം നിറഞ്ഞിരിക്കുന്നു.

[തിരുത്തുക] കേള്‍വി

ശബ്ദതരംഗങ്ങള്‍ ചെവിക്കുള്ളില്‍ പ്രവേശിച്ചാല്‍ കര്‍ണ്ണപടത്തെ കമ്പനം ചെയ്യിക്കും. ഈ കമ്പനം മദ്ധ്യകര്‍ണ്ണത്തിലെ അസ്ഥിശൃംഖലവഴി കടന്ന് അണ്ഡാകാരജാലകത്തെ കമ്പനം ചെയ്യിപ്പിക്കുകയും കമ്പനം പെരിലിംഫില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പെരിലിംഫിലുണ്ടാകുന്ന പ്രകമ്പനങ്ങള്‍ കോക്ലിയയുടെ ഉള്ളിലുള്ള സം‌വേദകോശങ്ങളെ ഉദ്ദീപിപ്പിക്കുകയും അങ്ങിനെയുണ്ടാകുന്ന സം‌വേദനങ്ങള്‍ ശ്രവണനാഡിയിലൂടെ തലച്ചോറിലെത്തുകയും ചെയ്യുന്നു. തലച്ചോര്‍ ഈ സം‌വേദങ്ങളെ തിരിച്ചറിയുമ്പോള്‍ ശബ്ദം കേള്‍ക്കുന്നതായിരിക്കും. ഇരുചെവികളിലും ശബ്ദം എത്താനെടുത്ത സമയവ്യത്യാസം കണക്കുകൂട്ടി തലച്ചോര്‍‍ ശബ്ദം പുറപ്പെട്ട ദിശ കണ്ടെത്തുന്നു. വളരെ പെട്ടന്നു നടക്കുന്ന പ്രക്രിയകളാണിതെല്ലാം.

[തിരുത്തുക] ചെവിയും ശരീരതുലനവും

അര്‍ദ്ധവൃത്താകാരകുഴലുകള്‍, യൂട്രിക്കിള്‍, സാക്യൂള്‍ എന്നിവ ശരീരത്തിന്റെ തുലനാവസ്ഥ നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. തലയുടെ ഏതൊരു ചലനവും അവയില്‍ നിറഞ്ഞിരിക്കുന്ന ദ്രവത്തില്‍ ചലനം സൃഷ്ടിക്കുന്നു. ഈ ഭാഗങ്ങളിലെല്ലാം രോമകോശങ്ങളുണ്ട്. ഈ രോമകോശങ്ങളുടെ അഗ്രത്തിലായി ഓടോലിത്ത് (Otolith) എന്ന കാല്‍സ്യം കാര്‍ബണേറ്റ് തരികള്‍ ഉണ്ട്[5]. തലയുടെ ചലനത്തില്‍ ഓടോലിത്തുകള്‍ക്ക് സ്ഥാനചലനം ഉണ്ടാവുകയും ഈ സ്ഥാനചലനം രോമകോശങ്ങള്‍ തിരിച്ചറിയുകയും, ബന്ധപ്പെട്ട നാഡീതന്തുക്കളെ ഉദ്ദീപിപ്പിക്കുകയും തുടര്‍ന്ന് ആ വിവരം സെറിബല്ലത്തിലെത്തുകയും ചെയ്യുന്നു. സെറിബല്ലം കണ്ണുകള്‍, പേശികള്‍, സന്ധികള്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിക്കുകയും തുലനാവസ്ഥപാലിക്കാന്‍ വേണ്ട തീരുമാനങ്ങള്‍ എടുത്ത് പേശികളില്‍ എത്തിക്കുകയും ചെയ്യുന്നു.

[തിരുത്തുക] ചെവിയിലുണ്ടാകാവുന്ന പ്രശ്നങ്ങള്‍

അണുബാധയാണ്‌ ചെവിയിലുണ്ടാവുന്ന സാധാരണ പ്രശ്നം, മലിനജലത്തില്‍ കുളിക്കുന്നതുമൂലമോ, ജലദോഷത്തെ തുടര്‍ന്നോ ചെവിയില്‍ അണുബാധയുണ്ടായേക്കാം. മുഖത്ത് പ്രത്യേകിച്ച് പാര്‍ശ്വഭാഗങ്ങളില്‍ ഏല്‍ക്കുന്ന ആഘാതങ്ങള്‍ കര്‍ണ്ണപടത്തില്‍ ക്ഷതമേല്‍ക്കാനോ, പാടേ തകര്‍ന്നു പോകാനോ കാരണമായേക്കാം, ഇത് പൂര്‍ണ്ണബധിരതയ്ക്കും കാരണമാകാറുണ്ട്. ഉച്ചത്തിലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നതും കര്‍ണ്ണപടത്തിനു ക്ഷതമേല്പ്പിച്ചേക്കാം.

[തിരുത്തുക] അവലംബം

  1. http://webschoolsolutions.com/patts/systems/ear.htm
  2. http://www.natural-track.com/Animal%20facts/Elephant%20Facts.htm
  3. http://www.ias.ac.in/resonance/July2008/p638-647.pdf
  4. http://www.absoluteastronomy.com/topics/Stapes
  5. http://www.tchain.com/otoneurology/disorders/bppv/otoliths.html
"http://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%B5%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം