ജലദോഷം
| റിനോവൈറസ്, സാധാരണയായി ജലദോഷത്തിന് കാരണമാകുന്ന വൈറസ് | |
| ICD-10 | J00.0 |
| ICD-9 | 460 |
| അസുഖങ്ങളുടെ പട്ടിക | 31088 |
| മരുന്നുകൾ | 000678 |
| ഇ-മരുന്നുകൾ | aaem/118 med/2339 |
| MeSH | D003139 |
ലോകത്തിലെ ഏറ്റവും സാധാരണമായ അസുഖമാണ് ജലദോഷം(ആംഗലേയത്തിൽ: Common Cold). വൈറസ് മൂലമാണ് ഇതു പകരുന്നത്. ശ്വാസനാളിയുടെ മുകൾ ഭാഗത്താണീ അസുഖം ലക്ഷണങ്ങൾ സൃഷ്ടിക്കുന്നത് തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന എന്നിങ്ങനെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ചികിത്സയില്ലെങ്കിലും തനിയെ മാറുന്ന അസുഖം ആണ്, എന്നിരുന്നാലും ജലദോഷം വരുമ്പോൾ മറ്റസുഖങ്ങൾ പിടിപെടാനും അത് മരുന്നില്ലാതെ മാറാതിരിക്കാനും സാധ്യതയുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ജലദോഷം പുരാതന കാലം മുതല്ക്കേ മനുഷ്യനെ ബുദ്ധിമുട്ടിച്ചിട്ടുണ്ടായിരിക്കണം. ഈജിപ്തിലെ ശിലാചിത്രങ്ങളിൽ ജലദോഷത്തെ പ്രതിയുള്ള രചനകൾ ലഭ്യമാണ്. ഗ്രീക്കു ഭിഷഗ്വരനും സൈദ്ധാന്തികനുമായ ഹിപ്പോക്രേറ്റസ് ക്രി. മു. 5 നൂറ്റാണ്ടിൽ ജലദോഷത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. ആയുർവേദത്തിൽ ജലദോഷത്തിനെ പറ്റിയും വിവരണവും പ്രതിവിധികളും നൽകിയിട്ടുണ്ട്. ഭാരതീയർ തന്നെയായിരിക്കണം ആദ്യമായി ജലദോഷത്തിനു പ്രതിവിധി നിശ്ചയിച്ചിട്ടുള്ളത്. ച്യവനനും ധന്വന്തരിയും അവരുടേതായ പ്രതിവിധികൾ നിർദ്ദേശിച്ചിട്ടുണ്ട്.
സൂക്ഷ്മാണുക്കളാണിതിനുകാരണം എന്ന സിദ്ധാന്തം 19 നൂറ്റാണ്ടിലാണ് ആദ്യമായ് ചർച്ച ചെയ്യപ്പെട്ടത്. ബാക്ടിരിയയെ കണ്ടു പിടിച്ച കാലത്ത് അവയാണ് ഇതിനു കാരണം എന്ന് കരുതി ആൻറിബയോട്ടിക്കുൾ പ്രതിവിധിയായി കൊടുത്തിരുന്നു. 1890 മുതൽ വൈറസുകൾ ഉണ്ട് എന്ന് വിശ്വസിച്ചിരുന്നു എങ്കിലും തെളിയിക്കപ്പെട്ടിരുന്നില്ല. 1914 ല് വാൾട്ടർ ക്രൂസെ എന്ന ജർമ്മൻ പ്രൊഫസ്സർ ആണ് ജലദോഷത്തിനു കാരണം വൈറസ് എന്ന് കാണിച്ചത്. അദ്ദേഹം ജലദോഷം ഉള്ള ഒരാളുടെ മൂക്കിലെ സ്രവം നേർപ്പിച്ച് ബാക്ടിരിയ വിമുക്തമാക്കി മറ്റു സന്നദ്ധരായ മനുഷ്യരുടെ മൂക്കിൽ വച്ച് അസുഖം പടർത്തിക്കാണിച്ചു. പകുതി പേർക്കെങ്കിലും അസുഖം ബാധിച്ചു. എന്നാൽ ഇത് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടില്ല, എന്നിരുന്നാലും 1920 ല് അൽഫോൺസ് ഡൊഷെ ഈ പരീക്ഷണം ചിമ്പാൻസി കുരങ്ങിലും മനുഷ്യനിലും ആവർത്തിച്ചപ്പോൾ ഈ സിദ്ധാന്തം പരക്കെ അംഗീകരിക്കപ്പെട്ടു തുടങ്ങി. എങ്കിലും പല ഗ്രന്ഥങ്ങളിലും മറ്റ് രോഗകാരികളെക്കുറിച്ച് പരാമർശം തുടർന്നു. 1946 ല് ഇംഗ്ലണ്ടിലെ സിവിലിയൻ മെഡിക്കൽ റിസർച്ച് കൌൺസിലിൽ വച്ച് റൈനോവൈറസ് കണ്ടുപിടിക്കപ്പെട്ടു. 1950 കളിൽ ഗവേഷകർ ജലദോഷത്തിനു കാരണമായ വൈറസുകളെ ടിഷ്യൂ കൾച്ചർ മുഖേന വളർത്താൻ തുടങ്ങി. 1970 കളിൽ ഇന്റെർഫെറൊൺഉപയോഗിച്ച് ജലദോഷത്തിനെ ചികിത്സിക്കാം എന്ന് കണ്ടെത്തി. എങ്കിലും ചിലവേറിയതായതിനാൽ പ്രാവർത്തികമായില്ല. സിങ്ക് ഗ്ലുക്കോണേറ്റ് ഉപയോഗിച്ച് പ്രതിവിധി നിർദ്ദേശിച്ച ഇതേ സി.സി.യു. (കോമൺ കോള്ഡ് യൂനിറ്റ്) 1989 പ്രവർത്തനം നിർത്തുകയും ചെയ്തതോടെ ആ വഴിക്കുള്ള ശ്രമങ്ങൾ നിലച്ചു.[1]
[തിരുത്തുക] രോഗ കാരണങ്ങൾ
പകർച്ച വ്യാധിയായ ജലദോഷത്തിന്റെ കാരണം പലതരം വൈറസുകളാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും റൈനോ വൈറസ്, കൊറോണാ വൈറസ് എന്നിവയും അത്ര പ്രധാനമല്ലാത്ത പാരാമിക്സോ വൈറസുകളും, എക്കോ വൈറസുകളും ഇത് ഉണ്ടാക്കുന്നു, എണ്ണൂറിൽ പരം ജലദോഷകാരികളായ വൈറസുകൾ വേർതിരിച്ചിട്ടുണ്ട്. വൈറസുകളുടെ പ്രത്യേകത എന്തെന്നാൽ അവയ്ക്കു സ്വയം മാറ്റം വരുത്തി മരുന്നുകളിൽ നിന്ന് പ്രതിരോധം കൈവരിക്കാൻ സാധിക്കും എന്നതാണ്. അതു കൊണ്ട് ഇന്ന് വൈദ്യശാസ്ത്രം ഏറ്റവും പേടിക്കുന്ന ജീവിയും ഇതു തന്നെ.
രോഗ കാരികളായ വൈറസുകൾ മൂക്കിലും ശ്വാസനാളികളിലും ആണ് സ്ഥാനം ഉറപ്പിക്കുന്നത്. ഇതിനു കാരണമായി വിശ്വസിക്കുന്നത് കുറഞ്ഞ താപനിലയും വൈറസുകൾക്ക് പാർക്കാൻ പറ്റിയ കോശങ്ങളുടേ ഉയർന്ന ലഭ്യതയുമാണ്. തണുപ്പ്കാലത്തും മഴക്കാലത്തും ജലദോഷം കൂടുതലായി കാണപ്പെടുന്നതിനു കാരണമായി പുതിയ ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത് ഇക്കാലയളവിലെ ഭൂമിയിലുള്ള അൾട്രാവയലറ്റ് രശ്മികളുടെ കുറവും തല്ഫലമായി ശരീരത്തിലുണ്ടാകുന്ന വൈറ്റമിൻ D യുടെ കുറവു കൊണ്ടേന്നാണു.[2]
[തിരുത്തുക] പകർച്ച
രോഗം ഉള്ളയാളുടെ മൂക്കിൽ നിന്നു വരുന്ന സ്രവത്തിൽ അനേകം വൈറസുകൾ അടങ്ങിയിരിക്കും. ഇവ തുമ്മുമ്പോളോ, മൂക്കു ചീറ്റുമ്പോളോ കണികകളായി അന്തരീക്ഷത്തിൽ പറക്കാനിടയാവുന്നു. ഇത് ശ്വസിക്കുന്ന മറ്റൊരാൾക്ക് രോഗം പിടിപെടാം. എന്നാൽ നല്ല ആരോഗ്യമുള്ള ഒരാളുടെ ശരീരം ഇതിനെതിരെ ചെറുത്തു നില്പ് പ്രകടിപ്പിക്കും. എന്നാൽ ശരീരത്തിന്റെ താപനിലയിൽ വ്യത്യാസം വരുന്ന വേളകളിൽ ജലദോഷം പെട്ടെന്ന് വേരുറപ്പിക്കും. ഉദാഹരണത്തിന്: മഴ നനയുക, അമിതമായി വിയർക്കുക, വെയിലിൽ അധികനേരം നിൽക്കുക, നനഞ്ഞ വസ്ത്രം ധരിക്കുക തുടങ്ങിയവ. ഇതു കൂടാതെ രോഗമുള്ളവരുമായുള്ള സമ്പർക്കം, ശാരീരിക ബന്ധം, ഉപയോഗിച്ച തുണി, പാത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നതും രോഗം പകർത്താം. രോഗമുള്ളവർ ശുചിത്വം സൂക്ഷിക്കുക വഴി പകരാതെയും അല്ലാത്തവർ ശുചിത്വം പാലിക്കുക വഴി രോഗം വരാതെയും നോക്കുന്നതാണ് നല്ലത്. ഈ വൈറസുകളെ ശരീരം കീഴ്പ്പെടുത്തുന്നത് 5 മുതൽ 15 ദിവസം വരെ എടുത്താണ്. ഇത് ഓരോരുത്തരിലും വ്യത്യാസമുണ്ടായിരിക്കും, പകർന്ന വൈറസിനെ അപേക്ഷിച്ചും വ്യത്യാസപ്പെട്ടിരിക്കും.
വൈറസുകൾ രോഗി തുമ്മുമ്പോളാണ് ഏറ്റവും കൂടുതൽ വായുവിൽ പറക്കുന്നത്. ഇത് വായുവിൽ ചിലപ്പോൾ 1 മണിക്കൂർ വരെ തങ്ങി നിന്നേയ്ക്കാം. തുമ്മൽ സാധാരണയായി ജലദോഷത്തിന്റെ ആദ്യ നാളുകളിലായതിനാൽ എറ്റവും കൂടുതൽ പകരുന്നതും അപ്പോൾ തന്നെ. തുമ്മുമ്പോൾ തെറിക്കുന്ന കുഞ്ഞു കണികകളെ കാണുന്നത് ബുദ്ധിമുട്ടാണ് താനും
[തിരുത്തുക] രോഗത്തിന്റെ വിധം
വൈറസ് സാധാരണയായി മൂക്കിലൂടെയാണ് പ്രവേശിക്കുന്നത്. എന്നാൽ കണ്ണിലെ കണ്ണുനീർ ഗ്രന്ഥികളുടെ കുഴൽ (naso lacrimal duct) വഴിയും മൂക്കിലേയ്ക്ക് പ്രവേശിക്കാം. മൂക്കിനും തൊണ്ടയ്ക്കുമിടക്കുള്ള ഭാഗത്തെ കോശങ്ങളിൽ ഇരിപ്പുറപ്പിക്കുന്നു. അവിടെവച്ച് ഇവ വളരെ പെട്ടെന്ന് വംശവർദ്ധന നടത്തുന്നു. രോഗി മൂക്ക് ചീറ്റാതെ വലിച്ചു ശ്വാസകോശത്തിലേയ്കു കയറ്റുന്നത് ഈ സമയത്ത് വൈറസിന് സഹായകമാവുന്നു.
കോശങ്ങളിലെ ICAM-1 എന്ന ( ഇൻറർ സെല്ലുലാർ അഡ്‍ഹീഷൻ തന്മാത്രകൾ) റിസപ്റ്ററുകളിൽ ഇവ സ്വയം ബന്ധിപ്പിക്കുന്നു.[3] ഈ റിസപ്റ്ററുകളുടെ സാന്നിദ്ധ്യം ജലദോഷം വരാൻ അത്യാവശ്യമാണ്.[4] ഒന്നോ രണ്ടോ ദിവസം മാത്രമേ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ എടുക്കൂ.
[തിരുത്തുക] രോഗലക്ഷണങ്ങൾ
സാധാരണയായി മൂക്കിലോ തൊണ്ടയിലോ ചൊറിച്ചിലോടെയാണ് ലക്ഷണങ്ങൾ തുടങ്ങുന്നത്. വൈറസ് മൂക്കിൽ പ്രവേശിക്കുന്ന ഭാഗത്ത് ഒരു പ്രത്യേക അനുഭവം തോന്നുന്നു. അടുത്ത ദിവസം മുതൽ തുമ്മലും മൂക്കൊലിപ്പും തുടങ്ങാം. ഈ സമയത്ത് രോഗി സഹന ശക്തി കുറവുള്ളവനായി കാണപ്പെടാം. ആദ്യം ഉണ്ടാകുന്ന സ്രവങ്ങൾക്ക് കട്ടി കുറവായിരിക്കും എന്നാൽ ക്രമേണ മൂക്ക് അടയുന്ന തരത്തിൽ കട്ടി വയ്ക്കുകയും ഏതെങ്കിലും ഒരു മൂക്ക് ( ചിലപ്പോൾ രണ്ടും) അടഞ്ഞു പോകുകയും ചെയ്യാം. തുമ്മലിന്റെ ശക്തിയും ക്രമേണ കുറഞ്ഞു വരുന്നു.
[തിരുത്തുക] അവലംബം
- ↑ Prophylaxis and treatment of rhinovirus colds with zinc gluconate lozenges
- ↑ http://www.ncbi.nlm.nih.gov/pmc/articles/PMC2870528/pdf/S0950268806007175a.pdf
- ↑ http://www.gene.ucl.ac.uk/nomenclature/data/get_data.php?hgnc_id=HGNC:5344
- ↑ http://www.ncbi.nlm.nih.gov/entrez/query.fcgi?cmd=Retrieve&db=PubMed&list_uids=2538243&dopt=Abstract
|
|||||||||||||||||||