കണ്ണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണ്
Eye nerves diagram.svg
കണ്ണൂം ഞരമ്പുകളൂം.
Eye iris.jpg
മനുഷ്യന്റെ കണ്ണ്.
കണ്ണികള്‍ ഒപ്താലം
Dorlands/Elsevier c_16/12220513

പ്രകാശം തിരിച്ചറിഞ്ഞ് കാഴ്ച അനുഭവം സാധ്യമാക്കുന്ന ഇന്ദ്രിയമാണ് കണ്ണ്. ജീവികളിലെ ഏറ്റവും ലളിതമായ കണ്ണിനു പരിസരത്തെ ഇരുട്ടും വെളിച്ചവും ഏതെന്നു തിരിച്ചറിയാന്‍ മാത്രമുള്ള കഴിവു മാത്രമേയുള്ളൂ. കുറച്ചുകൂടെ സങ്കീര്‍ണ്ണമായ കണ്ണുകളുള്ള ജീവികള്‍ക്ക്‌‍ നിറം, ആകാരം എന്നിവ വേര്‍തിരിച്ചറിയാനുള്ള കഴിവുകളുണ്ട്. മനുഷ്യന്‍ ഉള്‍പ്പടെയുള്ള സസ്തനികളില്‍ രണ്ട്‌ കണ്ണുകളാണുള്ളത്‌, ഇവ രണ്ടും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കത്തക്ക ദ്വിദൃഷ്ടി (ബൈനോകുലര്‍) ശക്തിയുള്ളവയാണ്‌. മീന്‍, പരാദങ്ങള്‍ എന്നിവയ്ക്കും ഈ കഴിവുണ്ട്‌. ഓന്ത്, മുയല്‍ തുടങ്ങിയ ജീവികളില്‍ രണ്ടുകണ്ണുകളും വെവ്വേറെ ദൃശ്യങ്ങളാണ്‌ സംവേദനം ചെയ്യുന്നത്‌. മനുഷ്യന്റേതുപോലെ ത്രിമാനമായ‌ ദൃശ്യങ്ങള്‍ ഇവയ്ക്കുണ്ടാവുന്നില്ല.

ഉള്ളടക്കം

[തിരുത്തുക] കണ്ണുകളുടെ പരിണാമം

വിവിധ ഇനം ജീവികളുടെ കണ്ണുകള്‍ തമ്മില്‍‍ സാദൃശ്യം ഉള്ളതു കൊണ്ട്‌ കണ്ണുകളെ കുറിച്ച്‌ വളരെ ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്‌. ഒന്നില്‍നിന്നു തന്നെ ഉല്പത്തി എന്ന സിദ്ധാന്തം ആണ് ഇന്ന് ഏറെ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. വിവിധ ജീവജാലങ്ങളുടെ കണ്ണുകളുടെ ഘടനയുടെ ജനിതകമായ സാദൃശ്യവും ഇതിനു ഉപോല്‍ഫലകമായിരിയ്ക്കുന്നു. അതായതു ഇന്നു കാണപ്പെടുന്ന എല്ലാത്തരം കണ്ണുകളും 540 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന ഒരു കണ്ണിന്റെ പൂര്‍വ്വിക രൂപത്തില്‍ നിന്നുണ്ടായി എന്നാണ്‌ വിശ്വസിക്കുന്നത്‌. [1]

[തിരുത്തുക] ആദ്യത്തെ കണ്ണുകള്‍

യൂജിനെല്ല പോലുള്ള സൂക്ഷ്മജീവികളിലാണ്‌ ആദ്യത്തെ കണ്ണുകള്‍ ഉണ്ടായിരുന്നത്‌. ഇവ ഒറ്റക്കോശമുള്ള അണു സമാനമായതും, വെള്ളത്തില്‍ മാത്രം ജീവിക്കുന്നതുമായ ജീവികളാണ്‌. ഫ്ലാജെല്ലും (അഥവാ ഫ്ലാഗെല്ലം) എന്ന വാല്‍ പോലുള്ള അവയവം ഇളക്കിയാണ്‌ ഇവ നീങ്ങുന്നത്‌. ഈ അവയവത്തിന്റെ ഉദയ ഭാഗത്ത്‌ കാണുന്ന സ്റ്റിഗ്മ (stigma) എന്ന ചുവപ്പുരാശിയുള്ള ബിന്ദുവിന് പ്രകാശം തിരിച്ചറിയാനുള്ള കഴിവുണ്ട്‌. പ്രകാശം തിരിച്ചറിഞ്ഞ്‌ ആ ഭാഗത്തേയ്ക്കു നീങ്ങാന്‍ ഈ ജീവിയെ സഹായിയ്ക്കുന്നതിതാണ്‌. ഇതാണ്‌ ആദ്യത്തെ കണ്ണുകള്‍.

[തിരുത്തുക] ഘടന

ഓരോ ജീവിയ്ക്കും അവയുടെ ജീവിതരീതിക്കനുയോജ്യമായ തരത്തിലുള്ള കണ്ണുകളാണ് പരിണമിച്ചുണ്ടായിട്ടുള്ളത്. സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍ തുടങ്ങിയവയിലൊക്കെ ഒരു കാചവും ഒരു ദൃഷ്ടിപടലവും ഉള്ള ലളിതനേത്രങ്ങളാണ് ഉള്ളത്. ഷഡ്പദങ്ങളിലും അതുപോലുള്ള മറ്റുജീവികള്‍ക്കും സം‌യുക്തനേത്രങ്ങളാണുള്ളത്.

[തിരുത്തുക] ലളിത നേത്രങ്ങള്‍

മനുഷ്യനെ പോലെ ഉയര്‍ന്നതരം ജീവികളുടെ തലയോട്ടിയിലെ നേത്രകോടരം എന്ന കുഴിയിലാണ് ഗോളാകൃതിയിലുള്ള അവയവമായ കണ്ണ്‌ സ്ഥിതിചെയ്യുന്നത്. കണ്ണിന്റെ ചെറിയൊരു ഭാഗം മാത്രമേ പുറത്തുനിന്നു കാണുന്നുള്ളു. കണ്ണിനെ നേത്രകോടരത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതും കണ്ണിന്റെ ചലനം സാധ്യമാക്കുന്നതും പേശികള്‍ ആണ്, മനുഷ്യനില്‍ ഇത്തരത്തിലുള്ള മൂന്നു ജോഡി പേശികളുണ്ട്. കണ്‍പോളദ്വയവും അതിലെ പീലികളും കണ്ണിന്റെ ബാഹ്യഭാഗത്തിനു സംരക്ഷണം നല്‍കുന്നു. കണ്‍പോളകള്‍ക്കുള്‍വശത്തുള്ളതടക്കമുള്ള കണ്ണിന്റെ ബാഹ്യഭാഗത്തെ നേത്രാവരണം (Conjunctiva) എന്ന സുതാര്യമായ ഒരു നേര്‍ത്ത പാട ആവരണം ചെയ്തിരിക്കുന്നു. ഓരോ കണ്ണിലും രണ്ട് കണ്ണുനീര്‍ഗ്രന്ഥികള്‍ വീതമുണ്ട്. അവ സ്രവിക്കുന്ന കണ്ണുനീര്‍ കണ്ണിനെ ഈര്‍പ്പമുള്ളതായി നിര്‍ത്തുകയും, കണ്ണില്‍ പതിക്കുന്ന അഴുക്കും പൊടിയും മറ്റും കഴുകിക്കളയുകയും ചെയ്യുന്നു. കണ്ണുനീരിലെ ലൈസോസൈം (Lysozyme) എന്ന ജീവാഗ്നിയ്ക്ക് കണ്ണിലെത്തുന്ന രോഗാണുക്കളെ നശിപ്പിക്കാനും കഴിവുണ്ട്. കണ്‍പോളകളുടെ ചലനത്തിലൂടെ കണ്ണുനീര്‍ കണ്ണിലുടനീളം വ്യാപിക്കുന്നു. അധികമുള്ള കണ്ണുനീര്‍ കണ്ണിന്റെ കോണിലെ ചെറിയ നാളം വഴി മൂക്കിലെത്തുന്നു.

[തിരുത്തുക] കണ്‍പടലങ്ങള്‍

കണ്‍ഗോളത്തിന്റെ ഭിത്തിയ്ക്ക് മൂന്നു പാളികളുണ്ട്. ഏറ്റവും പുറത്തുള്ള പാളിയെ ദൃഢപടലം (Sclera) എന്നു പറയുന്നു. അത് വെളുത്തനിറത്തില്‍ കാണപ്പെടുന്നു. തന്തുകലകളാല്‍ നിര്‍മ്മിതമായ ഈ ഭാഗം അതാര്യമാണ്. എന്നാല്‍ ദൃഢപടലത്തില്‍ ഉന്തിനില്‍ക്കുന്ന സുതാര്യമായ് ഒരു ഭാഗവുമുണ്ട്. ഈ ഭാഗത്തെ കോര്‍ണിയ എന്നു വിളിക്കുന്നു. കോര്‍ണിയയും ദൃഢപടലത്തിന്റെ പുറമേനിന്നു കാണാവുന്ന ഭാഗങ്ങളേയും നേത്രാവരണം എന്ന സുതാര്യമായ സ്തരം മൂടിയിരിക്കുന്നു.

കണ്‍ഭിത്തിയുടെ മദ്ധ്യത്തിലെ പാളിയാണ് രക്തപടലം (Choroid). ഇതു ദൃഢപടലത്തിന്റെ ഉള്‍ഭിത്തിയോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്നു. രക്തപടലമെന്ന കനം കുറഞ്ഞ കറുത്ത നിറമുള്ള പാളിയിലെ രക്തലോമികകളാണ് കണ്ണിലെ കലകള്‍ക്ക് പോഷണവും ഓക്സിജനും വിതരണം ചെയ്യുന്നത്. രക്തപടലം അതില്‍ പതിക്കുന്ന പ്രകാശരശ്മികളെ ആഗിരണം ചെയ്ത് കണ്ണിനുള്ളില്‍ പ്രകാശത്തിന്റെ പതിഫലനം തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കോര്‍ണിയയുടെ പിന്നിലെ രക്തപടലത്തിന്റെ ഭാഗം മദ്ധ്യത്തില്‍ സുഷിരമുള്ളതും, വൃത്താകൃതിയിലുള്ളതും, നിറമുള്ളതുമായ മറയായി കാണപ്പെടുന്നു. ഈ മറയെ ഐറിസ് എന്നു വിളിക്കുന്നു. ഐറിസിന്റെ മദ്ധ്യത്തിലെ സുഷിരത്തെ കൃഷ്ണമണി എന്നും വിളിക്കുന്നു.

കൃഷ്ണമണിയ്ക്കു ചുറ്റിലുമുള്ള വലയപേശികളും റേഡിയല്‍ പേശികളും കൃഷ്ണമണിയുടെ വലിപ്പം നിയന്ത്രിക്കുന്നു. പ്രകാശ തീവ്രത കൂടുമ്പോള്‍ കൃഷ്ണമണി ചുരുങ്ങുകയും മങ്ങിയ വെളിച്ചത്തില്‍ വികസിക്കുകയും ചെയ്യുന്നു. കൃഷ്ണമണിയ്ക്കു പിന്നിലായി ഒരു ഉത്തല കാചമുണ്ട് (Convex Lens). ഈ കാചത്തെ സ്നായുക്കള്‍ ആണ് അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തുന്നത്. സ്നായുക്കളോടനുബന്ധിച്ച് സീലിയറി പേശികള്‍ ഉണ്ട്. സീലിയറി പേശികളുടെ പ്രവര്‍ത്തന ഫലമായി കാചത്തിന്റെ വക്രത വ്യത്യാസപ്പെടുന്നു.

കണ്ണിന്റെ ഉള്‍ഭിത്തിയില്‍ പിന്‍ഭാഗത്തായി ഉള്ള അതിലോലമായ പടലമാണ് ദൃഷ്ടിപടലം അഥവാ റെറ്റിന. കാണപ്പെടുന്ന വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത് ദൃഷ്ടിപടലത്തിലാണ്. രൂപാന്തരം പ്രാപിച്ച നാഡീകോശങ്ങളായ പ്രകാശഗ്രാഹികളാണ് പ്രകാശത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. ഇത്തരത്തിലുള്ള രണ്ട് തരം കോശങ്ങളുണ്ട് - റോഡ് കോശങ്ങളും (Rod) കോണ്‍ കോശങ്ങളും (Con). റോഡ് കോശങ്ങള്‍ വസ്തുക്കളെ മങ്ങിയ വെളിച്ചത്തില്‍ കാണാന്‍ സഹായിക്കുന്നു. നിറങ്ങള്‍ കാണുന്നതിനു സഹായിക്കുന്ന കോശങ്ങളാണ് കോണ്‍കോശങ്ങള്‍. ദൃഷ്ടിപടലത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് കോണ്‍കോശങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുന്നു. ഇവിടെ റോഡ് കോശങ്ങള്‍ സാധാരണ ഉണ്ടാവാറില്ല. പീതബിന്ദു എന്നു വിളിക്കപ്പെടുന്ന ഇവിടെയാണ് വസ്തുക്കളെ സൂക്ഷിച്ചു നോക്കുമ്പോള്‍ പ്രതിബിംബം പതിക്കുന്നത്.

[തിരുത്തുക] നേത്രനാഡി

പ്രകാശഗ്രാഹികളില്‍ നിന്നും തുടങ്ങുന്ന നാഡീതന്തുസമൂഹങ്ങള്‍ ചേര്‍ന്ന് ഉണ്ടാകുന്നതാണ് നേത്രനാഡി. നേത്രനാഡി ദൃഷ്ടിപടലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൃഷ്ടിപടലത്തില്‍ നേത്രനാഡി ചേരുന്ന ഭാഗത്ത് യാതൊരു പ്രകാശഗ്രാഹികോശങ്ങളും ഉണ്ടാകാറില്ല. അതുകൊണ്ട് ഈ ഭാഗത്തെ അന്ധബിന്ദു എന്നു വിളിക്കുന്നു.

[തിരുത്തുക] കണ്ണിലെ ദ്രവങ്ങള്‍

കണ്ണില്‍ കോര്‍ണിയയ്ക്കും കാചത്തിനുമിടയില്‍ ജലീയദ്രവം (Aquous humor) എന്ന ദ്രവം നിറഞ്ഞിരിക്കുന്നു. ഈ ഭാഗത്തെ ജലീയ അറ (Aquous chamber) എന്നു വിളിക്കുകയും ചെയ്യുന്നു. കാചത്തിനു പിന്നിലെ വലിയ അറയെ സ്ഫടിക (Vitreous Chamber) അറ എന്നു വിളിക്കുന്നു, ഇവിടെ ജെല്ലിദ്രവമായ സ്ഫടിക ദ്രവം (Vitreous humor) നിറഞ്ഞിരിക്കുന്നു. ഈ രണ്ട് ദ്രവങ്ങളും സുതാര്യമാണ്. ഇവ ചെലുത്തുന്ന മര്‍ദ്ദമാണ് കണ്ണിന് അതിന്റെ ആകൃതി നിലനിര്‍ത്താന്‍ സഹായമാവുന്നത്.

[തിരുത്തുക] സംയുക്ത നേത്രങ്ങള്‍

പ്രകാശം തിരിച്ചറിയാനുള്ള നിരവധി സ്വതന്ത്രഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന കണ്ണാണ് സംയുക്തനേത്രം. ഈ സ്വതന്ത്രഭാഗങ്ങളോരോന്നും ഓരോ കണ്ണാണെന്നു പറയാമെങ്കിലും ഇതെല്ലാം ചേര്‍ന്ന് ഒരൊറ്റ കണ്ണായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. സാധാരണയായി ഈച്ച, തുമ്പി തുടങ്ങിയ ജീവികളില്‍ സംയുക്തനേത്രം കാണാവുന്നതാണ്. ലളിതനേത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ കോണിലുള്ള കാഴ്ച, ചലനങ്ങളുടെ എളുപ്പത്തിലുള്ള തിരിച്ചറിയല്‍ തുടങ്ങിയവ സംയുക്തനേത്രങ്ങളുടെ പ്രത്യേകതയാണ്.

വ്യത്യസ്തജീവികളില്‍ സംയുക്തനേത്രത്തിന്റെ പ്രവര്‍ത്തനം വ്യത്യസ്തമായ തരത്തിലായിരിക്കും.

[തിരുത്തുക] കാഴ്ച

ഓരോ കണ്ണിലും ദൃഷ്ടിപടലത്തില്‍ അറുപതുലക്ഷത്തോളം കോണ്‍കോശങ്ങളും ഒരു കോടി ഇരുപതുലക്ഷത്തോളം റോഡുകോശങ്ങളുമുണ്ട്. കൂടിയ തീവ്രതയില്‍ പ്രകാശം കണ്ണില്‍ എത്തുമ്പോള്‍ കോണ്‍കോശങ്ങള്‍ ഉത്തേജിക്കപ്പെടുകയും ഫലം തലച്ചോറിലെത്തുകയും ചെയ്യുന്നു. റോഡ് കോശങ്ങള്‍ക്ക് വസ്തുക്കളെ കറുപ്പും വെളുപ്പുമായി തിരിച്ചറിയാനുള്ള കഴിവേയുള്ളു. പക്ഷേ കുറഞ്ഞ പ്രകാശത്തില്‍ പോലും ഉത്തേജിക്കപ്പെടുന്നു. റോഡ് കോശങ്ങളിലെ റോഡോപ്സിന്‍ (Rodopsin) എന്ന വര്‍ണ്ണവസ്തുവാണ് മങ്ങിയ വെളിച്ചത്തിലും അവയ്ക്ക് ഗ്രഹണശേഷി നല്‍കുന്നത്. ജീവകം എയില്‍ നിന്നാണ് റോഡോപ്സിന്‍ ഉണ്ടാകുന്നത്. അതുകൊണ്ട് ജീവകം എയുടെ കുറവ് ജീവികളില്‍ നിശാന്ധതയ്ക്ക് കാരണമായേക്കാം.

രാത്രീഞ്ചരരായ ജീവികളുടെ കണ്ണില്‍ റോഡ് കോശങ്ങളുടെ എണ്ണം വളരെ കൂടുതല്‍ ആയിരിക്കും. അതുകൊണ്ട് അവയ്ക്ക് രാത്രിയില്‍ കാഴ്ച്ചശക്തിയും കൂടുതലായിരിക്കും. മൂങ്ങ പകല്‍ പുറത്തിറങ്ങാത്തതിനാല്‍ അതിന്റെ കണ്ണില്‍ കോണ്‍കോശങ്ങള്‍ തീരെ ഉണ്ടാവാറില്ല.

[തിരുത്തുക] ദൃഷ്ടിപടലത്തിലെ പ്രതിബിംബം

ഒരു വസ്തുവില്‍ നിന്നും പ്രതിഫലിച്ചു വരുന്ന പ്രകാശരശ്മികള്‍ കണ്ണിലെത്തുകയും കണ്ണിലെ കോര്‍ണിയയിലൂടെ കടന്ന കൃഷ്ണമണിയിലെ കാചത്തിലൂടെ കടന്നു പോവുകയും ചെയ്യുന്നു. കാചം പ്രകാശരശ്മികളെ ദൃഷ്ടിപടലത്തിലേയ്ക്ക് ഫോകസ് ചെയ്യുന്നു. തത്ഫലമായി ദൃഷ്ടിപടലത്തില്‍ വസ്തുവിന്റെ ചെറിയ പ്രതിബിംബം തലകീഴായി വീഴുന്നു. പ്രതിബിംബത്തിനു കാരണമാകുന്ന പ്രകാശരശ്മികള്‍ ദൃഷ്ടിപടലത്തിലെ പ്രകാശഗ്രാഹി കോശങ്ങളെ ഉദ്ദീപിപ്പിക്കുകയും തത്ഫലമായുണ്ടാകുന്ന ആവേഗങ്ങള്‍ തലച്ചോറിലെത്തുകയും, തലച്ചോറ് രണ്ട് കണ്ണില്‍ നിന്നുമുണ്ടാകുന്ന പ്രതിബിംബങ്ങളെയും സമന്വയിപ്പിച്ച് ത്രിമാന രൂപം നിവര്‍ന്ന രീതിയില്‍ അനുഭവവേദ്യമാക്കുകയും ചെയ്യുന്നു.

[തിരുത്തുക] ഫോക്കസിങ്

സമീപത്തുള്ള വസ്തുക്കളേയും ദൂരത്തുള്ള വസ്തുക്കളേയും വ്യക്തമായി കാണാന്‍ കണ്ണ് അതിന്റെ കാചത്തിന്റെ ഫോക്കല്‍ ദൂരം ക്രമീകരിക്കുന്നുണ്ട്. കാചത്തിന്റെ ചുറ്റുമുള്ള സീലിയറി പേശികളുടെ സങ്കോച വികാസ ഫലമായി കാചത്തിന്റെ വക്രതയ്ക്കുണ്ടാകുന്ന മാറ്റമാണ് ഫോക്കല്‍ ദൂരം ക്രമപ്പെടുത്തുന്നത്. കണ്ണില്‍ നിന്നും കാണേണ്ട വസ്തുവിലേയ്ക്കുള്ള ദൂരത്തിനനുസരിച്ച് ഫോക്കല്‍ ദൂരം ക്രമീകരിക്കാനുള്ള കഴിവിനെ കണ്ണിന്റെ സമഞ്ജനക്ഷമത (Accommodation power) എന്നു വിളിക്കുന്നു.

[തിരുത്തുക] ദ്വിനേത്ര ദര്‍ശനം

രണ്ട് കണ്ണിലേയും പ്രതിബിംബത്തെ തലച്ചോറ് പരിചരിച്ച് ഒരു ദൃശ്യമായാണ് കാട്ടിത്തരുന്നത്. ഇതിനെ ദ്വിനേത്ര ദര്‍ശനം എന്നു വിളിക്കുന്നു. ദ്വിനേത്ര ദര്‍ശനം മൂലം വസ്തുക്കള്‍ സ്ഥിതി ചെയ്യുന്ന ദൂരം, അതിന്റെ കനം, ഉയരം, വിസ്തൃതി തുടങ്ങിയവ കണക്കാക്കാന്‍ കഴിയും. ദ്വിനേത്ര ദര്‍ശനം സാധ്യമല്ലാത്ത ജീവികളുമുണ്ട്.

[തിരുത്തുക] കണ്ണിനുണ്ടാകുന്ന സാധാരണ പ്രശ്നങ്ങള്‍

കണ്ണിന്റെ സാധാരണ ആകൃതി അതിലെ കാചത്തില്‍ നിന്നും ദൃഷ്ടിപടലത്തിലേക്കുള്ള ദൂരം വസ്തുക്കളുടെ പ്രതിബിംബം കൃത്യമായി ദൃഷ്ടിപടലത്തില്‍ വീഴത്തക്ക വിധത്തിലുള്ളതാണ്. ഇത് ദൃഢപടലം, കണ്ണിലെ ദ്രവങ്ങള്‍ എന്നിവ കൊണ്ട് നിലനിര്‍ത്തപ്പെട്ടിരിക്കുന്നു. എന്തെങ്കിലും കാരണത്താല്‍ കണ്ണിന്റെ സ്വാഭാവികാകൃതിയ്ക്ക് വ്യത്യാസമുണ്ടായാല്‍ ദൃഷ്ടിവൈകല്യമുണ്ടാകുന്നു. നിശാന്ധത, വര്‍ണ്ണാന്ധത തുടങ്ങിയവയും കണ്ണിനുണ്ടാകാറുള്ള പ്രശ്നങ്ങളാണ്.

[തിരുത്തുക] ദീര്‍ഘദൃഷ്ടി

ദീര്‍ഘദൃഷ്ടി എന്ന ദൃഷ്ടിവൈകല്യമുള്ളവര്‍ക്ക് അകലെയുള്ള വസ്തുക്കള്‍ മാത്രമേ വ്യക്തമായി കാണാന്‍ കഴിയൂ. അടുത്തുള്ള വസ്തുക്കളില്‍ നിന്നുള്ള പ്രകാശം ദൃഷ്ടിപടലത്തിനു പിന്നില്‍ കേന്ദ്രീകരിക്കുന്നതാണ് ദീര്‍ഘദൃഷ്ടിയ്ക്കു കാരണം. നേത്രഗോളത്തിന്റെ ദൈര്‍ഘ്യം ആവശ്യത്തിനില്ലാത്തത് കൊണ്ടാണ് ഈ വൈകല്യം പ്രധാനമായും ഉണ്ടാകുന്നത്. വക്രതയില്‍ മാറ്റം വരുത്തി ഫോക്കസിങ് ആവശ്യാനുസരണം നടത്താന്‍ സാധിക്കാത്ത വിധം കാചത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതും ദീര്‍ഘദൃഷ്ടിയ്ക്ക് കാരണമാകുന്നു.

അനുയോജ്യമായ ശക്തിയുള്ള ഉത്തല കാചം (Convex lens) ഉള്ള കണ്ണട ഉപയോഗിച്ച് ദീര്‍ഘദൃഷ്ടി പരിഹരിക്കാവുന്നതാണ്. കാചം പ്രകാശരശ്മികളെ സംവ്രജിപ്പിച്ച് പ്രതിബിംബം ദൃഷ്ടിപടലത്തില്‍ തന്നെ വീഴാന്‍ സഹായിക്കുന്നു.

[തിരുത്തുക] ഹ്രസ്വദൃഷ്ടി

അടുത്തുള്ള വസ്തുക്കള്‍ മാത്രം വ്യക്തമായി കാണാന്‍ കഴിയുകയുള്ളു എന്ന വൈകല്യമാണ് ഹ്രസ്വദൃഷ്ടി. അകലെയുള്ള വസ്തുക്കളില്‍ നിന്നുള്ള പ്രകാശം ദൃഷ്ടിപടലത്തിനു മുന്നിലായി കേന്ദ്രീകരിക്കുന്നു. കണ്‍ഗോളത്തിന്റെ ദൈര്‍ഘ്യം കൂടുതലായിരിക്കുന്നതോ, കണ്ണിന്റെ സമഞ്ജനക്ഷമതയ്ക്ക് ഉണ്ടാകുന്ന വൈകല്യമോ ആണ് ഹ്രസ്വദൃഷ്ടിയ്ക്ക് കാരണമാകുന്നത്.

അവതല കാചം (Concave Lens) ഉപയോഗിച്ച് പ്രകാശരശ്മികളെ വിവ്രജനം നടത്തി പ്രതിബിംബം ദൃഷ്ടിപടലത്തില്‍ തന്നെ വീഴത്തക്ക വിധത്തില്‍ ക്രമീകരിച്ചാണ് ഈ പ്രശ്നം പരിഹരിക്കുന്നത്.

[തിരുത്തുക] വിഷമദൃഷ്ടി

ഒരു വസ്തുവില്‍ നിന്നുള്ള പ്രതിബിംബം ഒന്നിലധികം സ്ഥാനങ്ങളില്‍ കേന്ദ്രീകരിക്കുന്നതു മൂലമുണ്ടാകുന്ന ദൃഷ്ടിവൈകല്യമാണ് വിഷമദൃഷ്ടി (Astigmatism). ഇതുമൂലം വികലമായ പ്രതിബിംബം ഉണ്ടാകുന്നു. കണ്ണിലെ കാചത്തിന്റെയോ കോര്‍ണിയയുടേയോ വക്രതയിലുണ്ടാകുന്ന ക്രമരാഹിത്യമാണ് വിഷമദൃഷ്ടിയ്ക്കു കാരണം. പ്രത്യേകമായി രൂപപ്പെടുത്തുന്ന സിലണ്ട്രിക്കല്‍ കാചമുപയോഗിച്ചാണ് വിഷമദൃഷ്ടി പരിഹരിക്കുന്നത്.

[തിരുത്തുക] തിമിരം

നേത്രകാചം അതാര്യമാകുന്നതുമൂലമുണ്ടാകുന്ന കാഴ്ചനഷ്ടപ്പെടലാണ് തിമിരം. സാധാ‍രണ വാര്‍ദ്ധക്യത്തിലാണ് തിമിരം ബാധിക്കുക. അതാര്യത വര്‍ദ്ധിക്കുകയും ഒടുവില്‍ പൂര്‍ണ്ണ അന്ധതയില്‍ കലാശിക്കുകയും ചെയ്യുന്നു. ഈ രോഗത്തിനു ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല. ശസ്ത്രക്രിയ വഴി അതാര്യമായ കാചം നീക്കി പകരം കൃത്രിമ കാചം സ്ഥാപിച്ചോ, ശക്തിയേറിയ കണ്ണട ഉപയോഗിച്ചോ തിമിരം മൂലം നഷ്ടപ്പെട്ട കാഴ്ച ശരിയാക്കുന്നു.

[തിരുത്തുക] ഗ്ലോക്കോമ

കണ്ണിലെ ദ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുന്നതുമൂലം കണ്ണില്‍ അസാധാരണ മര്‍ദ്ദമുളവാകുന്ന രോഗമാണ്‌ ഗ്ലോക്കോമ. ഇതുമൂലം നേത്രനാഡിയ്ക്ക് കേടുപറ്റുകയും കാഴ്ച നഷ്ടപ്പെടാനിടവരികയും ചെയ്യുന്നു. ദീപങ്ങള്‍ക്കു ചുറ്റും വലയങ്ങള്‍ കാണുക, രാത്രിയില്‍ കാഴ്ചക്കുറവുണ്ടാവുക, കണ്ണിനുചുറ്റും വേദനയുണ്ടാവുക, കണ്ണിനു മങ്ങല്‍ തോന്നുക തുടങ്ങിയവ ഗ്ലോക്കോമയുടെ ലക്ഷണങ്ങളാണ്

[തിരുത്തുക] കണ്ണ് മാറ്റിവെയ്ക്കല്‍

കണ്ണിന്റെ നാഡീഭാഗങ്ങള്‍ ഒഴിച്ചുള്ള ഭാഗങ്ങളിലെ കേടുപാടുകള്‍ മൂലം കാഴ്ച നഷ്ടപ്പെടുകയാണെങ്കില്‍ അത് ശരിയാക്കാന്‍ ആരോഗ്യമുള്ള ഒരു കണ്ണില്‍ നിന്നും ആ ഭാഗം എടുത്ത് ഉപയോഗിച്ച് കാഴ്ച ശരിയാക്കാവുന്നതാണ്. കണ്ണ് മാറ്റിവെയ്ക്കല്‍ എന്നാല്‍ കണ്ണുമുഴുവനായി മാറ്റിവെയ്ക്കുക എന്നൊരു ധാരണയുണ്ടായേക്കാമെങ്കിലും, കണ്ണിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം മാറ്റിവെയ്ക്കുകയാണ് ചെയ്യുക. സാധാരണയായി കണ്ണിന്റെ കോര്‍ണിയയില്‍ ഉണ്ടാകുന്ന കേടുകളെ തുടര്‍ന്നാണ് കണ്ണ് മാറ്റിവെയ്ക്കല്‍ നടത്തുന്നത്.

ഒരാളുടെ അതാര്യമായതോ മങ്ങിയതോ മറ്റേതെങ്കിലും തരത്തില്‍ കേടുവന്നതോ ആയ കോര്‍ണിയയ്ക്കു പകരം നേത്രദാതാവിന്റെ കേടില്ലാത്ത കോര്‍ണിയ തുന്നിച്ചേര്‍ത്താണ് കോര്‍ണിയ മാറ്റിവെയ്ക്കല്‍ സാധ്യമാക്കുന്നത്. ഈ ശസ്ത്രക്രിയയ്ക്ക് കെരാറ്റോ പ്ലാസ്റ്റി എന്നു പറയുന്നു.

ചിലയാളുകളില്‍ അപകടം മൂലമോ, രോഗങ്ങളാലോ വിട്രിയസ് ദ്രവം കലങ്ങിപ്പോയാല്‍ അത് കാഴ്ചയെ ബാധിക്കുന്നതാണ്. ആ ദ്രവത്തിനു പകരം നേത്രദാതാവിന്റെ ശുദ്ധവും അവികലുമായ വിട്രിയസ് ദ്രവം സ്വീകരിച്ച് കാഴ്ച ശരിയാക്കാവുന്നതാണ്.

കേടുവന്ന ദൃഢപടലത്തിനു പകരം ദാതാവില്‍ നിന്നും ആരോഗ്യമുള്ള ദൃഢപടലം സ്വീകരിച്ചും കാഴ്ച്ചശരിയാക്കാറുണ്ട്.

[തിരുത്തുക] നേത്രദാനം

ലോകത്തിലെ കോടിക്കണക്കിന് അന്ധര്‍ക്ക് കണ്ണുമാറ്റിവെച്ചാല്‍ കാഴ്ച ലഭിക്കും. അതുകൊണ്ട് തന്നെ ഭരണകൂടങ്ങള്‍ നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സാധാരണയായി ഒരാളുടെ മരണശേഷമാണ് കണ്ണ് പുനരുപയോഗത്തിനെടുക്കുക. ഭാരത സര്‍ക്കാര്‍ നേത്രദാനം മഹാദാനം എന്ന ആപ്തവാക്യത്തോടെ നേത്രദാനം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. നേത്രദാനം ചെയ്യുന്ന ആളുടെ മരണശേഷം 24 മണിക്കൂറിനകം കണ്ണ് വേര്‍പെടുത്തിയെടുത്ത് നേത്രബാങ്കിലേക്ക് മാറ്റുകയും അവിടെ നിന്ന് ആവശ്യമുള്ളവര്‍ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്.

[തിരുത്തുക] അവലംബം

  1. http://library.thinkquest.org/28030/eyeevo.htm

[തിരുത്തുക] ചിത്രശാല


"http://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം