സന്ധി (വ്യാകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(സന്ധി എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളെയാണ്‌ വ്യാകരണത്തില്‍ സന്ധി എന്നുവിളിക്കുന്നത്. ഉച്ചാരണസൗകര്യമാണ്‌ സന്ധിയിലെ വര്‍ണ്ണപരിണാമത്തിന് മുഖ്യകാരണം. എന്നാല്‍ ചിലപ്പോള്‍ സന്ധി വ്യാകരണപരമായ അര്‍ത്ഥത്തെത്തെയും കുറിക്കുന്നു. [1] . പദങ്ങള്‍ തമ്മിലോ പദഘടകങ്ങളായ രൂപിമങ്ങള്‍ തമ്മിലോ സന്ധിക്കുമ്പോള്‍ സംഭവിക്കുന്ന വര്‍ണ്ണലോപവും വര്‍ണ്ണാഗമവും സന്ധിക്കു വിഷയമാണ്‌. ഭാഷാശാസ്ത്രത്തില്‍ രൂപസ്വനവിജ്ഞാനത്തിലാണ്‌ സന്ധികാര്യം ചര്‍ച്ച ചെയ്യുന്നത്.

ഭാരതീയഭാഷകളിലാണ്‌ സന്ധി സര്‍വ്വസാധാരണമായുള്ളത്. സന്ധിപരിണാമങ്ങള്‍ ഭാഷണത്തില്‍ സാമാന്യമെങ്കിലും പല ഭാഷകളും എഴുത്തില്‍ അത് സൂചിപ്പിക്കാറില്ല, പ്രത്യേകിച്ചും ബാഹ്യസന്ധികളില്‍.

ഉള്ളടക്കം

[തിരുത്തുക] നിര്‍വ്വചനം

പാണിനി സന്ധിശബ്ദത്തിനു പകരം സംഹിത എന്ന സംജ്ഞയാണ്‌ സ്വീകരിച്ചിട്ടുള്ളത്. അത്യന്തമായ ചേര്‍ച്ച (പരഃ സന്നികര്‍ഷഃ സംഹിതാ) എന്ന് അദ്ദേഹം നിര്‍വ്വചിക്കുന്നു. സംഹിതയിലുണ്ടാവുന്ന സ്വനിമപരിണാമത്തെ‌‌ മാത്രമാണ്‌ മലയാളത്തില്‍ സന്ധിയെന്ന് വിളിക്കുന്നത്.[2][3]

സ്വര-വ്യഞ്ജനങ്ങളില്‍ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്ന പകുപ്പതം, പകാപ്പതം എന്നീ രണ്ടു വിഭാഗത്തിലും പെട്ട ശബ്ദങ്ങള്‍ പരസ്പരം വിഭക്തിബന്ധത്തിലോ(വേറ്റുമൈ), അല്ലാതുള്ള അര്‍ത്ഥത്തിലോ(അല്‍വഴി) പൂര്‍വ്വോത്തരപദങ്ങളായി വികാരംകൂടാതെയോ വികാരത്തോടുകൂടിയോ ചേരുന്നതാണ്‌ സന്ധി(പുണര്‍ച്ചി) എന്ന് നന്നൂല്‍ വിവരിക്കുന്നു. ഒരു വികാരവും കൂടാതെയുള്ള സംഹിതയ്ക്ക് ഇയല്പ് എന്നാണ്‌ പേര്.[4]

[തിരുത്തുക] വര്‍ഗ്ഗീകരണം

പല മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സന്ധിയെ വൈയാകരണര്‍ പല വിധത്തില്‍ വര്‍ഗ്ഗീകരിച്ചിട്ടുണ്ട് .

[തിരുത്തുക] സന്ധിക്കുന്ന സ്ഥാനം

സന്ധിസംഭവിക്കുന്നത് പദങ്ങള്‍ക്കിടയിലോ, പദഘടകങ്ങളായ രൂപിമങ്ങള്‍(പ്രകൃതി, പ്രത്യയം)ക്കിടയിലോ എന്നതിനെ ആസ്പദമാക്കിയാണ്‌ ഈ വിഭജനം.

ഒരു പദത്തിനുള്ളില്‍ത്തന്നെ പ്രകൃതിയും പ്രത്യയവും ചേരുന്നിടത്ത് വരുന്ന മാറ്റങ്ങളെ ആഭ്യന്തരസന്ധി (പദമദ്ധ്യസന്ധി) എന്ന് വിളിക്കുന്നു.

ഉദാ:-

മരം + ഇല്‍ = മരത്തില്‍
കേള്‍ ‍+ തു = കേട്ടു

രണ്ടു പദങ്ങള്‍ ചേരുന്നിടത്താണ്‌ ബാഹ്യസന്ധി(പദാന്തസന്ധി) സംഭവിക്കുക.

ഉദാ:-

പിന്‍ + കാലം = പില്‍ക്കാലം
തിര + ഇല്ല = തിരയില്ല.

[തിരുത്തുക] സന്ധിക്കുന്ന വര്‍ണ്ണങ്ങള്‍

സന്ധിക്കുന്ന വര്‍ണ്ണങ്ങള്‍ സ്വരമോ വ്യഞ്ജനമോ എന്നതിനെ അടിസ്ഥാനമാക്കി സന്ധികളെ സ്വരസന്ധി(സ്വരം + സ്വരം), വ്യഞ്ജനസന്ധി(വ്യഞ്ജനം + വ്യഞ്ജനം), സ്വരവ്യഞ്ജനസന്ധി(സ്വരം + വ്യഞ്ജനം), വ്യഞ്ജനസ്വരസന്ധി(വ്യഞ്ജനം + സ്വരം) എന്നിങ്ങനെ നാലായി തിരിക്കാം. ഉദാ:-

സ്വരസന്ധി - മണി + അറ = മണിയറ, ഓടി + ഇല്ല =ഓടിയില്ല
വ്യഞ്ജനസന്ധി - കല്‍ + മദം = കന്മദം
സ്വരവ്യഞ്ജനസന്ധി - താമര + കുളം = താമരക്കുളം
വ്യഞ്ജനസ്വരസന്ധി - കണ്‍ + ഇല്ല = കണ്ണില്ല

[തിരുത്തുക] സന്ധിയിലെ മാറ്റം

ലോപസന്ധി:- സന്ധിക്കുന്ന വര്‍ണ്ണങ്ങളിലൊന്ന് ലോപിക്കുന്നതാണ്‌ ലോപസന്ധി.

കൊടുത്തു + ഇല്ല = കൊടുത്തില്ല.
വരിക + എടോ = വരികെടോ

മലയാളത്തില്‍ പൂര്‍വ്വപദാന്തത്തിലെ സംവൃതോകാരം മറ്റൊരു സ്വരത്തിനുമുന്‍പ് സാര്‍വത്രികമായി ലോപിക്കുന്നു.

തണുപ്പ് + ഉണ്ട് = തണുപ്പുണ്ട്
കാറ്റ് + അടിക്കുന്നു =കാറ്റടിക്കുന്നു

ആഗമസന്ധി:- സന്ധിക്കുന്ന വര്‍ണ്ണങ്ങള്‍ക്കിടയില്‍ മൂന്നാമതൊരു വര്‍ണ്ണം ആഗമിക്കുന്നതാണ്‌ ആഗമസന്ധി. ആഗമിക്കുന്ന വര്‍ണ്ണത്തെയോ വര്‍ണ്ണസമൂഹത്തെയോ സന്ധായകവര്‍ണ്ണമെന്നോ ഇടനിലയെന്നോ വിളിക്കുന്നു.

സ്വരങ്ങള്‍ തമ്മില്‍ ചേരുമ്പോഴുണ്ടാകുന്ന വിവൃത്തി(hiatus) പരിഹരിക്കാന്‍ പല ഭാഷകളിലും യ, വ തുടങ്ങിയ ഉപസ്വരങ്ങള്‍ ആഗമിക്കുന്നു. സന്ധിക്കുന്ന സ്വരങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചാണ്‌ യകാരവകാരാദികള്‍ ആഗമിക്കുന്നത്.

തിരു + അനന്തപുരം = തിരുവനന്തപുരം
പന + ഓല = പനയോല

മറ്റു വര്‍ണങ്ങളും സ്വരസംയോഗത്തില്‍ ആഗമിക്കാറുണ്ട്.

കാട്ടി + ഏന്‍ =കാട്ടിനേന്‍

മലയാളത്തില്‍ ചില പദച്ചേര്‍ച്ചയില്‍ വിവൃത്തിപരിഹാരം, ഉച്ചാരണസൗകര്യം ഇവ ഉദ്ദേശിച്ച് ഒര്‌, അന്‍ തുടങ്ങിയ ഇടനിലകള്‍ ചേര്‍ക്കാറുണ്ട്.

പോയ + ആന > പോയ + ഒര്‌ + ആന = പോയൊരാന
വക്കീല്‍ + മാര്‍ > വക്കീല്‍ +അന്‍+ മാര് ‍= വക്കീലന്മാര്‍

ദ്വിത്വസന്ധി:-

രണ്ടുവര്‍ണ്ണങ്ങള്‍ ചേരുമ്പോള്‍ അവയിലൊന്ന് ഇരട്ടിക്കുന്നതാണ്‌ ദ്വിത്വസന്ധി.

നിന്‍ + എ = നിന്നെ
പച്ച + കല്ല്= പച്ചക്കല്ല്

പുതിയ ഒരു വര്‍ണ്ണം ആഗമിക്കുകയാണെന്നതിനാല്‍ ഇതും ആഗമസന്ധിതന്നെ. പക്ഷേ, ദ്വിത്വം സംഭവിക്കുന്നത് വ്യഞ്ജനങ്ങളിലാണ്‌. മലയാളത്തില്‍ സന്ധിയിലെ ഇരട്ടിപ്പിന്‌‌ വ്യാകരണപരമായ അര്‍ത്ഥമുണ്ട്. മേല്പ്പറഞ്ഞ ഉദാഹരണത്തില്‍ കല്ല് എന്ന പദത്തെ പച്ച എന്ന പദം വിശേഷിപ്പിക്കുന്നതിനാലാണ്‌ പദാദികകാരം ഇരട്ടിച്ചത്. ദ്വന്ദസമാസം വിശേഷണവിശേഷ്യങ്ങള്‍ ചേര്‍ന്ന് സമാസിക്കുന്നതല്ലായ്കയാല്‍ അതില്‍ ദ്വിത്വം വരികയില്ല. (ഉദാ: കൈകാല്‍, ആനകുതിരകള്‍, രാമകൃഷ്ണന്മാര്‍)[5]

ആദേശസന്ധി;-

സന്ധിക്കുന്ന വര്‍ണ്ണങ്ങളില്‍ ഒന്നിന്‌ സവര്‍ണ്ണനം വഴി മറ്റൊരു വര്‍ണ്ണം പകരംവരുന്നതാണ് ആദേശസന്ധി‌.

syn- + pathy = sympathy (/n/ > /m/)
വിണ്‍ + തലം = വിണ്ടലം (/ത/ > /ട/)
നെല്‍ + മണി = നെന്മണി (/ല/ > /ന/)

[തിരുത്തുക] സംസ്കൃതസന്ധിനിയമങ്ങള്‍

[തിരുത്തുക] സ്വരസന്ധി

സവര്‍ണ്ണദീര്‍ഘം

രണ്ട് സവര്‍ണ്ണസ്വരങ്ങള്‍ സന്ധിക്കുമ്പോള്‍ രണ്ടിനും പകരം(ഏകാദേശം) ആ സ്വരത്തിന്റെ ദീര്‍ഘം ആദേശമായിവരുന്നു.

അ/ആ + അ/ആ = ആ

പരമ + അര്‍ത്ഥം = പരമാര്‍ത്ഥം
രത്ന + ആകരം = രത്നാകരം
വിദ്യാ + അഭ്യാസം = വിദ്യാഭ്യാസം
കലാ + ആലയം = കലാലയം

ഇ/ഈ + ഇ/ഈ = ഈ

കവി + ഇന്ദ്രന്‍ = കവീന്ദ്രന്‍
കവി + ഈശ്വരന്‍ = കവീശ്വരന്‍
മഹീ + ഇന്ദ്രന്‍ = മഹീന്ദ്രന്‍
മഹീ + ഈശ്വരന്‍ = മഹീശ്വരന്‍

ഉ/ഊ + ഉ/ഊ = ഊ

ഗുരു + ഉപദേശം = ഗുരൂപദേശം
സിന്ധു + ഊര്‍മ്മി = സിന്ധൂര്‍മ്മി
വധൂ + ഉത്സവം = വധൂത്സവം
വധൂ + ഊര്‍മ്മിളാ = വധൂര്‍മ്മിളാ

ഗുണം

ഹ്രസ്വദീര്‍ഘാകാരങ്ങളോട് ഇകാര-ഉകാര-ഋകാരങ്ങള്‍ ചേരുമ്പോള്‍ യഥാക്രമം ഏ, ഓ, അര്‍ എന്നിവ രണ്ടിന്റെയും സ്ഥാനം ആദേശംചെയ്യുന്നു.

അ/ആ + ഇ/ഈ = ഏ

ദേവ + ഇന്ദ്രന്‍ = ദേവേന്ദ്രന്‍
മഹാ + ഇന്ദ്രന്‍ = മഹേന്ദ്രന്‍
പരമ + ഈശ്വരന്‍ = പരമേശ്വരന്‍
രമാ + ഈശന്‍ = രമേശന്‍

അ/ആ + ഉ/ഊ = ഓ

വീര + ഉചിതം = വീരോചിതം
മഹാ + ഉത്സവം = മഹോത്സവം
നവ + ഊഢാ = നവോഢാ
ഗംഗാ + ഊര്‍മ്മി = ഗംഗോര്‍മ്മി

അ/ആ + ഋ = അര്‍

സപ്ത + ഋഷി = സപ്തര്‍ഷി
മഹാ + ഋഷി = മഹര്‍ഷി

വൃദ്ധി

അ, ആ ഇവയോട് ഏ, ഐ, ഓ, ഔ എന്നീ സ്വരങ്ങള്‍ ചേരുമ്പോള്‍ വരുന്ന മാറ്റമാണ്‌ വൃദ്ധി.

അ/ആ + ഏ/ഐ = ഐ

ഏക + ഏകം = ഏകൈകം
തദാ + ഏവ = തദൈവ
മത + ഐക്യം = മതൈക്യം
മഹാ + ഐശ്വര്യം = മഹൈശ്വര്യം

അ/ആ + ഓ/ഔ = ഔ

മൃഗ + ഓഘം = മൃഗൗഘം
മഹാ + ഓഘം = മഹൗഘം
പരമ + ഔദാത്യം = പരമൗദാത്യം
മഹാ + ഔത്സുക്യം = മഹൗത്സുക്യം

യണ്‍

ഇ, ഉ, ഋ എന്നീ മൂലസ്വരങ്ങള്‍ക്കും അവയുടെ ദീര്‍ഘങ്ങള്‍ക്കും ശേഷം അസവര്‍ണ്ണസ്വരം വന്നാല്‍ പൂര്‍വ്വസ്വരത്തിന്റെ സ്ഥാനത്ത് അതതിന്റെ മദ്ധ്യമങ്ങള്‍(/യ/, /വ/, /ര/‍) ആദേശമായിവരുന്നു.

ഇതി + ആദി = ഇത്യാദി
ഇതി + ഉവാചാ = ഇത്യുവാചാ
പ്രതി + ഏകം = പ്രത്യേകം
സു + ആഗതം = സ്വാഗതം
പിതൃ + ആജ്ഞാ = പിത്രാജ്ഞാ

അയാദ്യാദേശം

സ്വരം പരമായാല്‍ ഏകാര-ഓകാരാന്തങ്ങള്‍ക്ക് അയ്, അവ് എന്നിവ ആദേശം വരും. ഐകാര-ഔകാരങ്ങള്‍ക്ക് ആയ്, ആവ് എന്നും.

നേ + അനം = നയനം
ഭോ + അനം = ഭവനം
നൈ + അക = നായക(ന്‍)
ഭൗ + അക = ഭാവക(ന്‍)

പരരൂപാദേശം

പൂര്‍വ്വപദാന്തസ്വരം പരപദാദിസ്വരത്തിനുമുന്‍പ് ലോപിക്കുന്നതാണ്‌ പരരൂപാദേശം. സവര്‍ണ്ണദീര്‍ഘം മുതലായ സാമാന്യവിധികള്‍ക്ക് അപവാദമായ ചില പദരൂപീകരണങ്ങല്‍ക്കുള്ള വിധിയാണ്‌ ഇത്.

കുല + അടാ = കുലടാ
ശക + അന്ധു = ശകന്ധു
പതന്‍ + അഞ്ജലി = പതഞ്ജലി

പൂര്‍വ്വരൂപാദേശം

പദാന്തത്തിലെ ഏകാര-ഓകാരങ്ങള്‍ക്കു ശേഷം വരുന്ന പദാദിയായ അകാരം സന്ധിയില്‍ ലോപിക്കുന്നു. ലോപം സൂചിപ്പിക്കാന്‍ പ്രശ്ലേഷചിഹ്നം( ʃ ) ചേര്‍ക്കാറുണ്ട്.

സ്വപ്നേ + അപി = സ്വപ്നേപി (സ്വപ്നേʃപി)
സോ + അഹം = സോഹം (സോʃഹം)

[തിരുത്തുക] ഇവകൂടി കാണുക

വര്‍ണ്ണവികാരം

വിവൃത്തി

രൂപസ്വനവിജ്ഞാനം

സവര്‍ണ്ണനം

[തിരുത്തുക] അവലംബം

  1. എന്‍. എന്‍. മൂസ്സത് -വ്യാകരണവിവേകം, എന്‍. ബി. എസ്., 1984
  2. ഏ. ആര്‍. രാജരാജവര്‍മ്മ, കേരളപാണിനീയം
  3. കെ. സുകുമാരപിള്ള, കൈരളീശബ്ദാനുശാസനം
  4. നന്നൂല്‍
  5. ഏ. ആര്‍. രാജരാജവര്‍മ്മ, കേരളപാണിനീയം
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം