വള്ളത്തോൾ നാരായണമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വള്ളത്തോൾ നാരായണ മേനോൻ
വള്ളത്തോൾ നാരായണ മേനോൻ
ജനനം 1878 ഒക്ടോബർ 16(1878-10-16)
തിരൂർ, കേരളം
മരണം 1958 മാർച്ച് 13(1958-03-13) (പ്രായം 79)
തൊഴിൽ മഹാകവി, വിവർത്തകൻ
ദേശീയത  ഇന്ത്യ
പ്രധാന കൃതികൾ എന്റെ ഗുരുനാഥൻ

മലയാള മഹാകവിയും , കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ . ആധുനികമലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകതകൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായണമേനോൻ, തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു. മലയാളഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിക്കുകയും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുകയും, ലോകജനതക്കു മുമ്പിൽ സമർപ്പിക്കുകയും അതുവഴി മലയാളവും, കഥകളിയും അന്താരാഷ്ട്ര പ്രസിദ്ധി നേടുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോൾ.

ജീവിതരേഖ[തിരുത്തുക]

ആധുനിക കവിത്രയം

1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽ നിന്ന് തർക്കം പഠിച്ചു.1905-ൽ തുടങ്ങിയ വാല്മീകി രാമായണ വിവർത്തനം 1907-ൽ‍ പൂർത്തിയാക്കി. 1908-ൽ ഒരുരോഗബാധയെതുടർന്ന് ബധിരനായി. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വർഷം കേരളോദയത്തിന്റെ പത്രാധിപനായി . 1958 മാർച്ച് 13-ന് അന്തരിച്ചു.

വിവിധ വിഭാഗത്തിൽപ്പെട്ടവയാണ് അദ്ദേഹത്തിന്റെ പരിഭാഷകൾ. ദേശീയപ്രക്ഷോഭത്തിനെ ത്വരിപ്പിക്കുന്നതിനായി രചിച്ചവയാണ് സാഹിത്യമജ്ഞരിയിൽ സമാഹരിക്കപ്പെട്ട ദേശീയ കവനങ്ങൾ.

വൈക്കം സത്യാഗ്രഹകാലത്ത് (1924) ഗാന്ധിജിയെ നേരിട്ടുകണ്ട്, അദ്ദേഹത്തിന്റെ ആരാധകനായ വള്ളത്തോൾ മഹാത്മജിയെപ്പറ്റിയെഴുതിയ 'എന്റെ ഗുരുനാഥൻ' പ്രശസ്തമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ പങ്കെടുത്തു. 1922ൽ വെയിൽസ് രാജകുമാരൻ നൽകിയ പട്ടും വളയും നിരസിക്കാനുള്ള ആർജവം വള്ളത്തോൾ കാട്ടി. (ഈ സമ്മാനം സ്വീകരിച്ച ആശാൻ ഏറെ പഴി കേൾക്കുകയും ചെയ്തു).

സാഹിത്യപ്രവർത്തനം[തിരുത്തുക]

നിയോ ക്ലാസിക് കവിയായി വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹം 1913-ൽ ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചു[1]. 1914-ൽ കേരളോദയത്തിന്റെ പത്രാധിപരായി. കവിത്രയങ്ങളിലൊന്നായി അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ രചനകൾ ശബ്ദസുന്ദരതയാലും അന്യൂനമായ പ്രകരണശുദ്ധിയാലും വേറിട്ടുനിൽക്കുന്നു.

വിവർത്തകനെന്ന നിലയിൽ വള്ളത്തോളിന്റെ സംഭാവനകൾ മഹത്താണ്. വാല്മീകിരാമായണത്തിന് പുറമെ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാർക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയവയും അദ്ദേഹം വിവർത്തനം ചെയ്തു.

ചിത്രയോഗ(1913)മെന്ന മഹാകാവ്യം പുറത്തുവന്നത്, ആശാന്റെ വീണപൂവിനും നളിനിക്കും ശേഷമാണ്. കാലത്തിന് നിരക്കാത്ത കാവ്യരീതിയെന്ന പഴികേട്ടു വള്ളത്തോൾ. എന്നാൽ വള്ളത്തോളിന്റെ കാവ്യജീവിതം പുഷ്‌കലമായത് പിന്നീടെഴുതിയ ഖണ്ഡകാവ്യങ്ങളിലൂടെയും ചെറു കവിതകളിലൂടെയുമാണ്. ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ചെഴുതിയ വിലാപകാവ്യം 'ബാപ്പുജി' പ്രശസ്തമാണ്. വിവർത്തനംകൊണ്ട് 'കേരള വാല്മീകി'യെന്നും കഥകളിയുടെ സമുദ്ധർത്താവ് എന്ന നിലയിൽ 'കേരള ടാഗോർ' എന്നും വള്ളത്തോൾ വിളിക്കപ്പെട്ടു. 1958 മാർച്ച് 13ന് മഹാകവി അന്തരിച്ചു. 75-ാം വയസ്സിലായിരുന്നു ഋഗ്വേദ വിവർത്തനമെന്ന ശ്രമസാധ്യകൃത്യം തീർത്തത്.

കേരള കലാമണ്ഡലം[തിരുത്തുക]

കേരളീയകലകളുടെ ഉന്നമനത്തിനുവേണ്ടി തൃശ്ശൂർ ചെറുതുരുത്തിയിൽ കേരള കലാമണ്ഡലം സ്ഥാപിച്ചത് ഇദ്ദേഹമാണ്. കഥകളിയോട് അടങ്ങാത്ത കമ്പം വെച്ചുപുലർത്തിയ വള്ളത്തോൾ ഈ കലയെ പുനരുദ്ധരിക്കാൻ ചെയ്ത ശ്രമങ്ങൾ ഏറെയാണ്. 1930-ൽ വള്ളത്തോൾ കുന്നംകുളത്ത് കഥകളിവിദ്യാലയം സ്ഥാപിച്ചു. ഇതാണ് പിന്നീട് കേരള കലാമണ്ഡലമായത്. ആസ്ഥാനം പിന്നീട് ചെറുതുരുത്തിയായി. കലാമണ്ഡലത്തിന്റെ ധനശേഖരണാർഥം ഇന്ത്യയൊട്ടുക്കും നിരവധി വിദേശരാജ്യങ്ങളിലും അദ്ദേഹം പര്യടനം നടത്തി. 1948-ൽ മദ്രാസ് സർക്കാർ വള്ളത്തോളിനെ മലയാളത്തിന്റെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചു. അഞ്ചുവർഷം അദ്ദേഹം ആ പദവിയിൽ തുടർന്നു. 1955-ലാണ് മഹാകവിക്ക് പദ്മഭൂഷൺ ബഹുമതി ലഭിച്ചത്. സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷൻ, കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ എന്നീ പദവികളും വള്ളത്തോൾ വഹിച്ചിട്ടുണ്ട്.

ആരാധകർ[തിരുത്തുക]

വള്ളത്തോൾ ഒരുപാടു പേരുടെ ആരാധനാപാത്രവുമായിരുന്നു. മലയാളസാഹിത്യവിമർശന രംഗത്തെ കുലപതി കുട്ടിക്കൃഷ്ണമാരാർ വള്ളത്തോളിനെ വാഗ്ദേവതയുടെ പുരുഷാവതാരം എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. വള്ളത്തോളിനെ സ്തുതിക്കുന്ന ഒരു ശ്ലോകം മാരാരുടെ വകയായി ഉണ്ട്.

തള്ളപ്പെട്ടുള്ളൊരസ്മന്മ്ർത കഥകളിയിൽ ജീവനാരാവഹിച്ചൂ

കള്ളം വിട്ടാരുന്മ്മൾക്കരുളിയതതിലും പുത്തനാം നൃത്തരൂപം
പിള്ളേർക്കൊത്തോരു നമ്മെ പിതൃസദൃശമതിൽ പിച്ചവെപ്പിച്ചതാരാ
വള്ളത്തോൾ വെൽവുകിക്കേരള കലാമണ്ഡലാഖണ്ഡപുണ്യം.

പി കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ എന്ന കവിത ഒറ്റപ്പാലം സാഹിത്യപരിഷത്തിൽ അവതരിപ്പിച്ച ശേഷം കവി വള്ളത്തോളിനെ സാഷ്ടാംഗം നമസ്കരിച്ചത് ചരിത്രം.

രചനകൾ[തിരുത്തുക]

കൃതി‌ പ്രസാധകർ വർഷം
അച്ഛനും മകളും മംഗളോദയം-തൃശ്ശൂർ 1936
അഭിവാദ്യം വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1956
അല്ലാഹ് - 1968
ഇന്ത്യയുടെ കരച്ചിൽ വെള്ളിനേഴി-പാലക്കാട് 1943
ഋതുവിലാസം വിദ്യാവിലാസം-കോഴിക്കോട് 1922
എന്റെ ഗുരുനാഥൻ വെള്ളിനേഴി-പാലക്കാട് 1944
ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപം എ.ആർ.പി-കുന്നംകുളം 1917
ഓണപ്പുടവ വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1950
ഔഷധാഹരണം മംഗളോദയം-തൃശ്ശൂർ 1915
കാവ്യാമൃതം ശ്രീരാമവിലാസം-കൊല്ലം 1931
കൈരളീകടാക്ഷം വി.പി-തിരുവനന്തപുരം 1932
കൈരളീകന്ദളം സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ 1936
കൊച്ചുസീത മംഗളോദയം-തൃശ്ശൂർ 1930
കോമള ശിശുക്കൾ ബാലൻ-തിരുവനന്തപുരം 1949
ഖണ്ഡകൃതികൾ വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1965
ഗണപതി എ.ആർ.പി-കുന്നംകുളം 1920
ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനം ലക്ഷ്മീസഹായം-കോട്ടയ്ക്കൽ 1914
ദണ്ഡകാരണ്യം വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1960
ദിവാസ്വപ്നം പി.കെ.-കോഴിക്കോട് 1944
നാഗില വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1962
പത്മദളം കമലാലയം-തിരുവനന്തപുരം 1949
പരലോകം വെള്ളിനേഴി-പാലക്കാട്
ബധിരവിലാപം ലക്ഷ്മീസഹായം-കോട്ടയ്ക്കൽ 1917
ബന്ധനസ്ഥനായ അനിരുദ്ധൻ എ.ആർ.പി-കുന്നംകുളം 1918
ബാപ്പുജി വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1951
ഭഗവൽസ്തോത്രമാല വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1962
മഗ്ദലനമറിയം അഥവാ പശ്ചാത്താപം - 1921
രണ്ടക്ഷരം സരസ്വതീ വിലാസം-തിരുവനന്തപുരം 1919
രാക്ഷസകൃത്യം എസ്.വി-തിരുവനന്തപുരം 1917
വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾ മാതൃഭൂമി-കോഴിക്കോട് 1988
വള്ളത്തോളിന്റെ പദ്യകൃതികൾ ഒന്നാം ഭാഗം സാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം 1975
വള്ളത്തോളിന്റെ പദ്യകൃതികൾ രണ്ടാം ഭാഗം സാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം 1975
വള്ളത്തോൾ കവിതകൾ ഡി.സി.ബുക്സ്-കോട്ടയം 2003
വള്ളത്തോൾ സുധ വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1962
വിലാസലതിക എ.ആർ.പി-കുന്നംകുളം 1917
വിഷുക്കണി വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1941
വീരശൃംഖല വി.സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ
ശരണമയ്യപ്പാ വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1942
ശിഷ്യനും മകനും എ.ആർ.പി-കുന്നംകുളം 1919
സാഹിത്യമഞ്ജരി-ഒന്നാം ഭാഗം എ.ആർ.പി-കുന്നംകുളം 1918
സാഹിത്യമഞ്ജരി-രണ്ടാം ഭാഗം എ.ആർ.പി-കുന്നംകുളം 1920
സാഹിത്യമഞ്ജരി-മൂന്നാം ഭാഗം എ.ആർ.പി-കുന്നംകുളം 1922
സാഹിത്യമഞ്ജരി-നാലാം ഭാഗം എ.ആർ.പി-കുന്നംകുളം 1924
സാഹിത്യമഞ്ജരി-അഞ്ചാം ഭാഗം എ.ആർ.പി-കുന്നംകുളം 1926
സാഹിത്യമഞ്ജരി-ആറാം ഭാഗം എ.ആർ.പി-കുന്നംകുളം 1934
സാഹിത്യമഞ്ജരി-ഏഴാം ഭാഗം എ.ആർ.പി-കുന്നംകുളം 1935
സാഹിത്യമഞ്ജരി-എട്ടാം ഭാഗം എ.ആർ.പി-കുന്നംകുളം 1951
സാഹിത്യമഞ്ജരി-ഒമ്പതാം ഭാഗം എ.ആർ.പി-കുന്നംകുളം 1959
സാഹിത്യമഞ്ജരി-പത്താം ഭാഗം എ.ആർ.പി-കുന്നംകുളം 1964
സാഹിത്യമഞ്ജരി-പതിനൊന്നാം ഭാഗം എ.ആർ.പി-കുന്നംകുളം 1970
സ്ത്രീ വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1944
റഷ്യയിൽ വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1951
ഗ്രന്ഥവിചാരം മംഗളോദയം-തൃശ്ശൂർ 1928
പ്രസംഗവേദിയിൽ വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1964
വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളും മാതൃഭൂമി-കോഴിക്കോട് 1986

പത്മഭൂഷൺ[തിരുത്തുക]

1954ൽ ഭാരതം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്‌.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വള്ളത്തോൾ_നാരായണമേനോൻ&oldid=1976204" എന്ന താളിൽനിന്നു ശേഖരിച്ചത്