പശ്ചിമഘട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പശ്ചിമഘട്ടം

ഡക്കാന്‍ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പര്‍വ്വത നിരയാണ്‌ പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപര്‍വ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പര്‍വ്വത നിരകള്‍ ഇന്ത്യയിലെ ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു[1]. ഇടതൂര്‍ന്ന നിത്യഹരിതവനങ്ങള്‍ കൊണ്ട് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. അനുകൂലമായ താപനിലയും ധാരാളമായുള്ള വര്‍ഷപാതവും ഈ വനങ്ങളെ കൂടുതല്‍ പരിപോഷിപ്പിക്കുന്നു[2].

ഉള്ളടക്കം

[തിരുത്തുക] പ്രത്യേകതകള്‍

1440 കിലോമീറ്റര്‍ നീളവും ശരാശരി 900 മീറ്റര്‍ ഉയരവുമുള്ള[3][2]‌ സഹ്യപര്‍വ്വതം അത്യപൂര്‍വ്വ ജൈവകലവറയായി കണക്കാക്കപ്പെടുന്നു[4][5]. ഇന്ത്യയില്‍ ഹിമാലയത്തിനു പുറത്തുള്ള ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി പശ്ചിമഘട്ടത്തിലാണ്‌. 2695 മീറ്റര്‍ ആണ്‌ ആനമുടിയുടെ ഉയരം. ലോകത്തിലെ ഏറ്റവും മുന്തിയ മഴക്കാടുകളിലൊന്ന് എന്നറിയപ്പെടുന്ന സൈലന്റ്‌ വാലി ദേശീയോദ്യാനം, വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഇരവികുളം ദേശീയോദ്യാനം, പെരിയാര്‍ കടുവാ സംരക്ഷിത പ്രദേശം തുടങ്ങിയ ദേശീയോദ്യാനങ്ങളും പശ്ചിമഘട്ടത്തില്‍ നിലകൊള്ളുന്നു.

ജോഗ് വെള്ളച്ചാട്ടം

വടക്ക്‌ കാംബേ ഉള്‍ക്കടല്‍ മുതൽ നീലഗിരി വരെ ഇടമുറിയാത്ത പർവതനിരയാണ്‌ പശ്ചിമഘട്ടം. ഇതിനു ശേഷം പാലക്കാട് ചുരമാണ്‌ ഈ പര്‍വതനിരകളിലെ പ്രധാനപ്പെട്ട ഒരു വിടവ്. നിരവധി നദികൾ പശ്ചിമഘട്ടത്തില്‍ നിന്നും പടിഞ്ഞാറോട്ട് അറബിക്കടലിലേക്കും കിഴക്കോട്ട് ബംഗാള്‍ ഉള്‍ക്കടലിലേക്കുമായി ഒഴുകുന്നു. പടിഞ്ഞാറോട്ടൊഴുകുന്ന വളരെ വേഗത്തിലൊഴുകുന്നതും, കിഴക്കോട്ടുള്ളവ സാവധാനം ഒഴുകുന്നവയുമാണ്‌. നദികളില്‍ പലതും ജലവൈദ്യുതപദ്ധതികള്‍ക്കായി പ്രയോജനപ്പെടുത്തുന്നു. വന്‍ വെള്ളച്ചാട്ടങ്ങളും ഈ നദികളിലുണ്ട്. മഹാരാഷ്ട്ര കര്‍ണാടക അതിര്‍ത്തിയിലെ ശരാവതി നദിയിലുള്ള ജോഗ് വെള്ളച്ചാട്ടം ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ്. 253 മീറ്റര്‍ ഉയരവും നാലു കൈവഴികളു ഉള്ള ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ പതിനൊന്നാമത് ഉയരമുള്ള വെള്ളച്ചാട്ടമാണ്‌.[2].

[തിരുത്തുക] ചരിത്രം

ഇന്ത്യന്‍ ഉപഭൂഖണ്ഡം ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന കാലത്താണ്‌ പശ്ചിമഘട്ടം രൂപപ്പെട്ടത്‌ എന്ന് ഭൌമശാസ്ത്രജ്ഞര്‍ കരുതുന്നു. അതായത്‌ ഏഴുകോടി വര്‍ഷമെങ്കിലും പഴക്കം. ഇപ്രദേശത്തിന്റെ അത്യപൂര്‍വ്വമായ ജൈവവൈവിധ്യത്തിന്റെ മുഖ്യകാരണം ഈ പഴക്കമാണെന്നാണ്‌ അവരുടെ അഭിപ്രായം.

സമുദ്രതീരത്തെ പാറകള്‍ ഭൌമപ്രവര്‍ത്തനങ്ങള്‍ മൂലം ഉയര്‍ന്നാണ് പശ്ചിമഘട്ടം രൂപം കൊണ്ടിരിക്കുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. പശ്ചിമഘട്ടത്തില്‍ വളരെ ഉയരത്തിലുള്ള സ്ഥലങ്ങളില്‍ നിന്നും കക്കയും മറ്റും കണ്ടെത്തിയിട്ടുള്ളത് ഈ സിദ്ധാന്തത്തെ ബലപ്പെടുത്തുന്നു[2].


വാത്മീകീ രാമായണത്തിലും ഭാസന്റെ കൃതികളിലും എല്ലാം ഇവിടുത്തെ പര്‍വ്വതങ്ങളെ പരാമര്‍ശിച്ചിരിക്കുന്നതു കാണാം.

[തിരുത്തുക] കൃഷി

പ്രാകൃതമായ മാറിമാറിയുള്ള കൃഷിരീതികളല്ലാതെ കാര്യമായ കൃഷികളൊന്നും പശ്ചിമഘട്ടമലനിരകളിലെ ആദിവാസികള്‍ നടത്തുന്നില്ല. ഈ മലനിരയുടെ തെക്കുഭാഗത്ത് സുഗന്ധദ്രവ്യങ്ങളും കശുവണ്ടിയും തേയിലയും തോട്ടങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്. തേക്ക്, ഈട്ടി, ചന്ദനം, ഈറ്റ എന്നിങ്ങനെ വിലപിടിച്ച മരങ്ങള്‍ പശ്ചിമഘട്ടത്തിലെ വനങ്ങളിലുണ്ട്.

തീരദേശത്തിനടുത്ത പ്രദേശങ്ങള്‍ വളക്കൂറുള്ളതും മഴ നന്നായി ലഭിക്കുന്നതുമാകയാല്‍ അരിയാണ്‌ പ്രധാന കൃഷി. പശ്ചിമഘട്ടത്തിന്റെ ചെരിവുകളിലെ അത്ര ഫലഭൂയിഷ്ടമല്ലാത്ത ലാറ്ററൈറ്റ് മണ്ണില്‍ ചാമ കൃഷി ചെയ്യുന്നുണ്ട്. ഇവിടെ കൃഷി ചെയ്യുന്ന ഭക്ഷ്യവിളകള്‍ തദ്ദേശീയമായ ഉപയോഗത്തിനു മാത്രമേ തികയുകയുള്ളൂ[2].

[തിരുത്തുക] പ്രാധാന്യം

പശ്ചിമഘട്ടം പടിഞ്ഞാറന്‍ ദക്ഷിണേന്ത്യയിലെ ജനങ്ങളുടെ ജൈവികവും സാമ്പത്തികവുമായ എല്ലാ കാര്യങ്ങളിലും തന്റേതായ പങ്കു വഹിക്കുന്നു.

[തിരുത്തുക] പാരിസ്ഥിതിക പ്രാധാന്യം

സഹ്യപര്‍വ്വത നിരകള്‍, മൂന്നാറില്‍ നിന്നുള്ള ദൃശ്യം

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന്റെ ഗതി നിയന്ത്രിക്കുന്നതു മൂലം കേരളമുള്‍പ്പെടെയുള്ള പ്രദേശത്ത്‌ കനത്ത മഴ ലഭിക്കുന്നതിന്‌ പശ്ചിമഘട്ടം കാരണമാകുന്നു. ദക്ഷിണേന്ത്യയിലെ മിക്ക നദികളുടേയും വൃഷ്ടിപ്രദേശം പശ്ചിമഘട്ടമാണ്‌. ഗോദാവരി നദി, കാവേരീ നദി, കൃഷ്ണാ നദി തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രധാന നദികളെല്ലാം തന്നെ പശ്ചിമഘട്ടത്തില്‍ നിന്നാണ്‌ ഉത്ഭവിക്കുന്നത്‌. കേരളത്തിലൂടെ ഒഴുകുന്ന 44 നദികളും പശ്ചിമഘട്ടത്തിന്റെ സന്തതികളാണ്‌.

ഇന്ത്യയിലാകെയുള്ളതില്‍ മൂന്നിലൊന്ന് ഭാഗം പുഷ്പിക്കുന്ന ഇനം സസ്യങ്ങള്‍ പശ്ചിമഘട്ടത്തില്‍ കാണുന്നു. ലോകത്തിലാകെയുള്ള സസ്യയിനങ്ങളുടെ അഞ്ചിലൊന്നും ഇന്ത്യയിലാണുള്ളത്‌ എന്നത്‌ ഇവിടെ സ്മരണീയമാണ്‌. പശ്ചിമഘട്ടത്തില്‍ കണ്ടുവരുന്ന സസ്യങ്ങളില്‍ 37 ശതമാനവും തദ്ദേശീയ വംശങ്ങളാണ്‌(പശ്ചിമഘട്ടത്തില്‍ മാത്രമുള്ളവ). ആകെ ഉഭയജീവികളില്‍ 78%, ഉരഗങ്ങളില്‍ 62%, മത്സ്യങ്ങളില്‍ 53%, സസ്തനികളില്‍ 12% പക്ഷികളില്‍ 4% വീതം തദ്ദേശീയ ജീവികള്‍ ആണ്‌[5] . സിംഹവാലന്‍ കുരങ്ങിനെ പോലുള്ളവയാകട്ടെ അത്യപൂര്‍വ്വവും പശ്ചിമഘട്ടത്തില്‍ തന്നെ വളരെ ചെറിയ പ്രദേശത്തു മാത്രം കാണുന്നവയുമാണ്‌. ഇക്കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ പശ്ചിമഘട്ടത്തിനെ ലോകത്തിലെ 18 മഹാ വൈവിധ്യ പ്രദേശങ്ങളില്‍ ഒന്നായി കണക്കാക്കിയിരിക്കുന്നു.

[തിരുത്തുക] സാമ്പത്തിക പ്രാധാന്യം

ഇന്ത്യ ആകെ കയറ്റുമതി ചെയ്യുന്ന ഇരുമ്പയിരില്‍ മൂന്നില്‍ രണ്ടു ഭാഗവും ഖനനം ചെയ്തെടുക്കുന്നത്‌ കര്‍ണാടകയിലേയും ഗോവയിലേയും പശ്ചിമഘട്ടഭാഗങ്ങളില്‍ നിന്നാണ്‌. ഇവകൂടാതെ വന്‍തോതില്‍ മാംഗനീസ്‌, ബോക്സൈറ്റ്‌ മുതലായവയും പശ്ചിമഘട്ടത്തിലങ്ങോളമിങ്ങോളം നിന്ന് ഖനനം ചെയ്യുന്നു.

വിവിധ സംസ്ഥാനങ്ങളിലായി 200 അണക്കെട്ടുകളാണ്‌ പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിക്കുന്ന നദികളിലുള്ളത്‌. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആകെ വൈദ്യുതി ഉത്പാദനത്തില്‍ 60 ശതമാനവും ഈ അണക്കെട്ടുകളില്‍ നിന്നാണ്‌. കൂടാതെ ആകെ കൃഷിഭൂമിയുടെ 70 ശതമാനത്തിലധികവും ജലസേചനം നടത്തുന്നതും ഈ നദികള്‍ ഉപയോഗപ്പെടുത്തിയാണ്‌.

[തിരുത്തുക] പശ്ചിമഘട്ടം നേരിടുന്ന പ്രശ്നങ്ങള്‍

വ്യാപകമായ കൈയേറ്റവും ഖനനവും വനനശീകരണവും ഇപ്രദേശത്തെ ക്ഷയിപ്പിച്ചു കഴിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ കന്യാവനങ്ങള്‍ നിറഞ്ഞിരുന്ന പശ്ചിമഘട്ടത്തില്‍ ഇന്നു കൂടുതല്‍ ഭാഗവും തോട്ടങ്ങളാണ്‌. ഇന്ത്യന്‍ ദേശീയ വനനയ പ്രകാരം പര്‍വ്വതമേഖലകളില്‍ 60 ശതമാനം വനമായിരിക്കണം എന്നാല്‍ പശ്ചിമഘട്ടത്തില്‍ ഇന്ന് 40 ശതമാനത്തിലും താഴെ വനം മാത്രമേ ഉണ്ടാകൂ.

[തിരുത്തുക] അവലംബം

ഇന്ത്യയിലെ മലനിരകള്‍
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യപര്‍വ്വതം | സത്പുര | പൂര്‍വ്വാചല്‍‌ | പൂര്‍വ്വഘട്ടം
കൊടുമുടികള്‍
കെ.2‍‍ | നംഗപര്‍വ്വതം‍ | നന്ദാദേവി | കാഞ്ചന്‍‌ജംഗ | ആനമുടി | അഗസ്ത്യകൂടം

"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%B6%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%AE%E0%B4%98%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം