ഹിന്ദുകുഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദുകുഷ്

മദ്ധ്യേഷ്യയേയും ദക്ഷിണേഷ്യയേയും വേർതിരിക്കുന്ന പർവതനിരയാണ് ഹിന്ദുകുഷ്[1]. അഫ്ഘാനിസ്ഥാന്റെ വടക്കുകിഴക്കു ഭാഗത്തു നിന്നും ആരംഭിച്ച് മദ്ധ്യഭാഗത്തേക്ക് നീണ്ടുകിടക്കുന്ന ഇത് വളരെ ചരിത്രപ്രാധാന്യമുള്ള ഒരു മലനിരയാണ്. ഇതിന്റെ ഭാഗങ്ങൾ പാകിസ്ഥാന്റെ വടക്കുഭാഗത്തേക്കും കടന്നു നില്‍ക്കുന്നു. പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിപ്രവിശ്യയിലെ ചിത്രാല്‍ മേഖലയിലുള്ള തിറിച്ച് മീര്‍ ആണ്‌ ഹിന്ദു കുഷിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. ഇതിന്റെ ഉയരം 7,708 മീറ്ററാണ്‌. പാമിറിന്റേയും കാരക്കോറത്തിന്റേയും ഏറ്റവും പടിഞ്ഞാറുള്ള തുടര്‍ച്ചയാണ്‌ ഹിന്ദുകുഷ് ഹിമാലയത്തിന്റെ ഭാഗമാണ്‌.

അഫ്ഘാനിസ്ഥാന്റെ വടക്കുകിഴക്കുള്ള ചൈന, പാകിസ്താന്‍, താജ്കിസ്താന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ഒന്നുചേരുന്നിടത്തുള്ള കാരക്കോറം മലനിരകളില്‍ നിന്നു തുടങ്ങി, തെക്കുപടിഞ്ഞാറുഭാഗത്തേക്ക് നീണ്ടുകിടക്കുന്ന ഹിന്ദുക്കുഷ്, രാജ്യത്തിന്റെ മദ്ധ്യഭാഗത്തെ കുന്നിന്‍പ്രദേശങ്ങള്‍ വരെ വ്യാപിച്ചു കിടക്കുന്നു. അഫ്ഘാനിസ്ഥാന്റെ വടക്കും തെക്കും ഭാഗങ്ങളെ രണ്ടായി തിരിക്കുന്ന ഈ മലനിര, രാജ്യത്തിന്റെ കാലാവസ്ഥ, മണ്ണിന്റെ ഗുണനിലവാരം, ജലലഭ്യത, ഗതാഗത വാര്‍ത്താവിനിമയോപാധികളുടെ മാര്‍ഗ്ഗം തുടങ്ങിയവയൊക്കെ നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു[2]‌.

അഫ്ഘാനിസ്ഥാന്റെ വടക്കുകിഴക്കു ഭാഗത്ത് ഹിന്ദുകുഷ്, 7000 മീറ്റര്‍ ഉയരമുള്ളതാണ്‌. രാജ്യത്തിന്റെ മദ്ധ്യഭാഗത്തേക്കെത്തുന്തോറൂം ഉയരം കുറഞ്ഞു കുറഞ്നു വരുന്നു. കാബൂളിന്റെ തൊട്ടു പടിഞ്ഞാറുള്ള ഹിന്ദു കുഷിന്റെ ഭാഗമായ കുഹി ബാബ മലനിര 5000 മീറ്ററോളം ഉയരമുള്ളതാണ്‌. ഇവിടെ നിന്നാണ്‌ അഫ്ഘാനിസ്ഥാനിലെ പ്രധാനപ്പെട്ട നദികളെല്ലാം ഉല്‍ഭവിക്കുന്നത്. സൂര്‍ഖബ് അഥവാ ഖുണ്ഡസ്, ബാല്‍ഖബ്, ഹാര്‍ റൂദ്, ഹില്‍മന്ദ്, അര്‍ഘന്ദാബ്, കാബൂള്‍ തുടങ്ങിയവയാണ്‌ ഈ നദികള്‍[2].

ഉള്ളടക്കം

[തിരുത്തുക] പേരുകള്‍

[തിരുത്തുക] പുരാതനനാമങ്ങൾ

അഫ്ഘാനിസ്ഥാന്റെ ഭൂമിശാസ്ത്രഭൂപടം

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറാനികള്‍, ഈ മലനിരയെ ഉപാരി സയേന (upari saena) എന്നാണ് വിളീച്ചിരുന്നത്. പരുന്തിനും മുകളില്‍ എന്നാണ് ഉപാരി സയേന എന്ന വാക്കിനര്‍ത്ഥം. പരുന്തിനും പറക്കാനാകാത്ത ഉയരത്തിലുള്ള മലകള്‍ എന്നു വിവക്ഷ[2].

ബി.സി.ഇ. 330-ലെ അരിസ്റ്റോട്ടിലിന്റെ മീറ്റിയോറോളജിക്ക എന്ന ഗ്രന്ഥത്തിൽ ഹിന്ദുകുഷിനേയും ഹിമാലയത്തേയും ചേർത്ത് പാർനസോസ് എന്ന പേരിലാണ് പരാമർശിക്കുന്നത്. അലക്സാണ്ടറുടെ അധിനിവേശത്തിനു ശേഷം ഗ്രീക്കുകാർ പാർനസോസ് എന്നതിനു പകരം പാരോ പാമിസസ് എന്ന് മാറ്റി വിളിക്കുകയും ഈ പേര് ഹിന്ദുകുഷിന് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു[1].

അതുപോലെ ഈ മലനിരക്ക് തെക്കുകിഴക്കായുള്ള ഇന്നത്തെ കാബൂള്‍ ഉള്‍പ്പെടുന്ന സമതലമേഖലക്ക് ബി.സി.ഇ. ആദ്യ സഹസ്രാബ്ദത്തില്‍ ഗ്രീക്കുകാര്‍ വിളീച്ചിരുന്ന പേരാണ് പാരോപനിസഡേ (paropanisadae)/പാരോപമിസഡേ എന്നത്. ഇറാനിയന്‍ വാക്കായ പാരാ-ഉപാരിസയേന (ഉപാരിസയേനക്കപ്പുറത്തുള്ള ദേശം) എന്ന വാക്കില്‍ നിന്നായിരിക്കണം പാരോപനിസഡേ എന്ന വാക്ക് വന്നതെന്ന് കരുതപ്പെടുന്നു. ഹിന്ദുക്കുഷിന്റെ പടിഞ്ഞാറേ അറ്റത്ത് ഹെറാത് നഗരത്തിന്റെ വടക്കും വടക്കുകിഴക്കുമായി അഫ്ഘാനിസ്ഥാനെ തുർൿമെനിസ്താനുമായി വേർതിരിക്കുന്ന മലനിരയെ ഇന്നും പാശ്ചാത്യഭൂമിശാസ്ത്രജ്ഞര്‍ പാരോപാമിസസ് നിരകള്‍ (paropamisus) എന്നാണ് വിളിക്കുന്നത്[2][1].

അലക്സാണ്ടറുടെ കാലശേഷം ചില എഴുത്തുകാർ ഈ മലനിരയെ കോക്കാസസ് എന്നും ഇന്ത്യൻ കോക്കാസസ് എന്നും വിളിച്ചിരുന്നു. ഗ്രീക്ക് ഐതിഹ്യങ്ങളിൽ ഭൂമിയുടെ അറ്റമായി കനക്കാക്കുന്ന മലയാണ് കോക്കാസസ്. അലക്സാണ്ടർ ഇതും മറികടന്നു എന്നു കാണിക്കത്തക്ക രീതിയിൽ അദ്ദേഹത്തെ പ്രസന്നനാക്കുന്നതിനായിരിക്കണം ഗ്രീക്ക് സൈനികർ ഈ മലനിരയെ കോക്കാസസ് എന്ന് വിളീച്ചത് എന്നു കരുതുന്നു[1]. അതുപോലെ കാബൂളിന് വടക്ക് ഈ മലനിരകൾക്കിടയിൽ അലക്സാണ്ടർ സ്ഥാപിച്ച നഗരം കോക്കാസസിലെ അലക്സാണ്ട്രിയ എന്നുമാണ് അറിയപ്പെട്ടിരുന്നത്.

ചൈനീസ് സഞ്ചാരിയായ ഷ്വാന്‍ സാങ്ങിന്റെ രേഖകളില്‍, ഹിന്ദുക്കുഷ് നിരകളെ പോളുവോക്സിന (poluoxina) എന്നാണ് പരാമര്‍ശിക്കുന്നത്[3]. ഇതും പുരാതന ഇറാനിയന്‍ നാമത്തോട് സാദൃശ്യം പുലര്‍ത്തുന്നതാണ്[2].

[തിരുത്തുക] ഹിന്ദു കുഷ് (ഹിന്ദുക്കളുടെ കൊലയാളി)

പതിനാലാം നൂറ്റാണ്ടിന്റെ ആദ്യത്തോടെയായിരിക്കണം ഈ മലനിരയെ ഹിന്ദുകുഷ് എന്നു വിളിക്കാന്‍ തുടങ്ങിയത്. ഹിന്ദുക്കളുടെ കൊലയാളി എന്നാണ് ഈ വാക്കിനര്‍ത്ഥം. 1330-ആമാണ്ടീല്‍ ഇവിടം സന്ദര്‍ശിച്ച, മൊറോക്കന്‍ സഞ്ചാരി ഇബ്ന്‍ ബത്തൂത്ത, ഇതിനെ ഹിന്ദുകുഷ് എന്നാണ്‌ പരാമര്‍ശിക്കുന്നത്. ഈ മലനിരകളിലെ കഠിനമായ തണുപ്പും, മഞ്ഞും നിമിത്തം, ഇന്ത്യയില്‍ നിന്നും കൊണ്ടുവരുന്ന അടിമകള്‍ കൂട്ടത്തോടെ ഇവിടെ മരണമടയാറുണ്ടായിരുന്നു. ഹിന്ദുക്കളുടെ കൊലയാളി എന്ന് ഇതിനെ വിളിക്കാനുള്ള കാരണം ഇതാണെന്നാണ് ബത്തൂത്തയുടെ അഭിപ്രായം. എന്നാല്‍ ഹിന്ദുമല എന്നര്‍ത്ഥമുള്ള ഹിന്ദു കുഹ് എന്ന വാക്കിന് മാറ്റം സംഭവിച്ചാണ് ഹിന്ദുകുഷ് ആയതെന്നും അഭിപ്രായങ്ങളുണ്ട്[2]

[തിരുത്തുക] ചുരങ്ങള്‍

അഫ്ഘാനിസ്താനിലെ ചുരങ്ങൾ

കാബൂളിനു തൊട്ടുവടക്കായുള്ള മലകളാണ് യഥാര്‍ത്ഥത്തില്‍ ഹിന്ദുകുഷ്. ഈ ഭാഗത്ത് മലനിരക്ക് വീതി കുറവാണ്. ഇവിടെയുള്ള നിരവധി ചുരങ്ങളിലൂടെ മലനിര മുറിച്ചുകടക്കാന്‍ സാധിക്കും. ഈ ചുരങ്ങളിലൊന്നിനെ സൂചിപ്പിക്കാനായിരിക്കണം ഹിന്ദുകുഷ് എന്ന പേര് ആദ്യമായി ഉപയോഗിക്കപ്പെട്ടത് എന്നു കരുതുന്നു. ഇവിടെയുള്ള 7 ചുരങ്ങളെക്കുറിച്ച് ബാബര്‍ പരാമര്‍ശിക്കുന്നുണ്ട്[4][2]. ഹിന്ദുകുഷിനു കുറുകെയുള്ള പ്രധാനചുരം, സലാങ് ചുരവും തുരങ്കവുമാണ്. ഇത് മലയുടെ വടക്കുഭാഗത്തേയും, കാബൂള്‍ ഉള്‍പ്പെടുന്ന തെക്കുഭാഗത്തേയും യോജിപ്പിക്കുന്നു[2].

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 Fraser-Tytler, William Kerr (1953). "Part - I The COuntry of Hindu Kush, , Chapter 1 - Descriptive". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 3-4. 
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 Voglesang, Willem (2002). "1 - Up and Down the Hindu Kush". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 1-9. ISBN 978-1-4051-8243-0. 
  3. Translation of the Si-Yu-Ki, Buddhist records of the westorn world by Samuel Beal (1884, Chapter II, Page 286)
  4. ബെവറിഡ്ജിന്റെ (Beveridge) ബാബര്‍നാമ പരിഭാഷ, വര്‍ഷം:1922, താള്‍ 204-205
"http://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%81%E0%B4%95%E0%B5%81%E0%B4%B7%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം