സ്വാതിതിരുനാൾ ബാലരാമവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വാതിതിരുനാളിന്റെ എണ്ണച്ചായ ചിത്രം
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
Drapeau-travancore.png
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375-
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
ഇരവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
മാർത്താണ്ഡവർമ്മ 1729-1758
ധർമ്മരാജാവ്) 1758-1798
ബാലരാമ വർമ്മ 1798-1799
ഗൌരി ലക്ഷ്മിഭായി 1811-1815
ഗൌരി പാർവ്വതിഭായി 1815-1829
സ്വാതിതിരുനാൾ 1829-1846
ഉത്രാടം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
മൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ഭായി 1924-1931
ചിത്തിര തിരുനാൾ 1931-1949

‡ Regent Queens

തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
edit

പത്തൊമ്പതാം നൂറ്റാണ്ടിൽ (1829-1846) തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ്. സ്വാതിതിരുനാൾ രാമവർമ്മ എന്നാണ് മുഴുവൻ പേര്.സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതിതിരുനാൾ എന്നപേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു.

ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്പുരാൻ തുടങ്ങിയ കവിരത്നങ്ങളാലും, ഷഡ്കാല ഗോവിന്ദമാരാർ തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു.

സർവ്വകലാവല്ലഭനായിരുന്ന സ്വാതി തിരുനാളിന്റെ കാലഘട്ടം കേരളീയ സംഗീതകലയുടെ സുവർണ്ണകാലമായി അറിയപ്പെടുന്നു. മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി അഞ്ഞൂറില്പരം കൃതികൾ രചിച്ചിട്ടുണ്ട്. [3]. സ്വാതിതിരുനാൾ രചിച്ച പദങ്ങളും വർണ്ണങ്ങളും തില്ലാനകളും തന്നെയാണ് ഇന്നും മോഹിനിയാട്ടവേദിയിൽ കൂടുതലായും അവതരിപ്പിക്കപ്പെട്ടു വരുന്നത്‌.

അഖണ്ഡഭാരതത്തിലെങ്ങുമുള്ള ഗായകരേയും വാഗ്ഗേയകന്മാരെയും അദ്ദേഹം തന്റെ കലാസദസ്സിലേയ്ക്കു ആകർഷിച്ചു. മുകളിൽ പരാമർശിച്ചിട്ടുള്ളവർ കൂടാതെ പാലക്കാട് പരമേശ്വരഭാഗവതർ, ഗ്വാളിയോർ ചിന്നദാസ്, ലാഹോറിലെ ഇമാം ഫക്കീർ, ഓധിലെ ഹരിദാസ് ഗോസ്വായി തുടങ്ങിയവരും സദസ്സിൽ അവരുടെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. [4]

അദ്ദേഹത്തിന്റെ ഉത്സവപ്രബന്ധം എന്ന സംഗീതാത്മകമായ മലയാള കൃതി മുത്തുസ്വാമി ദീക്ഷിതരുടെ ‘കുചേലോപാഖ്യാനം’ എന്ന സംസ്കൃത കൃതിക്കു സമമാണെന്ന് വിലയിരുത്തപ്പെടുന്നു.

ഉള്ളടക്കം

ജനനം[തിരുത്തുക]

ജനനത്തോടുകൂടി തന്നെ രാജപദവിക്ക് അവകാശിയായിരുന്നു ഈ മഹാരാജാവ്. വിശേഷ പരിതസ്ഥിതിയിലായിരുന്നു സ്വാതി തിരുനാളിന്റെ ജന്മം. ബാലരാമവർമ അന്തരിച്ചതോടെ, സമീപഭാവിയിൽ ഒരു രാജാവുണ്ടാകാനുള്ള സാദ്ധ്യത നഷ്ടപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഗവണ്മെന്റ് രാജ്യം കൈവശപ്പെടുത്തുമോ എന്നുള്ള ആശങ്കയുണ്ടായിരുന്നു. മഹാറാണി ഗർഭം ധരിക്കുന്നതിനും ഈശ്വരാനുഗ്രഹം ഉണ്ടാകുന്നതിനും നാടൊട്ടുക്ക് പ്രാർത്ഥനകളും വഴിപാടുകളും നടന്നു. 1813 ഏപ്രിൽ 16 ന് (കൊല്ല വർഷം 998 മേടം 5) റീജന്റ് ഗൗരിലക്ഷ്മീബായിയുടേയും, (ഭരണകാലം 1811-1815) ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ രാജരാജവർമ കോയിത്തമ്പുരന്റെയും ദ്വിതീയസന്താനമായി സ്വാതിതിരുനാൾ ജനിച്ചു. ആദ്യസന്താനം രുഗ്മിണീബായിയും (ജനനം 1809), തൃതീയ സന്താനം ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവും (ജനനം. 1815; ഭരണകാലം:1846-1860) [5] ഗർഭധാരണം മുതൽക്ക് തന്നെ ജനങ്ങൾ അദ്ദേഹത്തെ രാജാവായി കണ്ടു. അങ്ങനെ ‘ഗർഭശ്രീമാൻ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. [6]

ബാല്യം[തിരുത്തുക]

അനുജൻ ഉത്രം തിരുനാൾ ജനിച്ച് ഏതാനും നാളുകൾക്കകം മാതാവ്, ഗൗരിലക്ഷ്മീബായി തമ്പുരാട്ടി അന്തരിച്ചു. പിന്നീട്, ഇളയമ്മയുടേയും അച്ഛൻ തമ്പുരാന്റേയും സം രക്ഷണത്തിൽ വളർന്നു. സ്വാതി തിരുനാളിന്‌ ഏഴും അനിയൻ ഉത്രം തിരുനാളിന്‌ അഞ്ചും വയസ്സായപ്പോൾ അവരുടെ വിദ്യാഭാസത്തിനായി അമ്പലപ്പുഴ രാമവർമ്മൻ എന്നൊരാളെ നിയമിച്ചു. മലയാളവും സംസ്കൃതവും പഠിച്ചുകൊണ്ട് വിദ്യാഭ്യാസം ആരംഭിച്ചു (994 ഇടവം 15) . പിന്നീട് ഹരിപ്പാട് കിഴക്കേടത്ത് കൊച്ചുപിള്ള എന്ന വിദ്വാനെ വിദ്യാഭ്യാസചുമതല ഏല്പിച്ചു. ഭാഷയിലും കണക്കിലുമുള്ള പ്രഥമ പാഠങ്ങൾ വശപ്പെടുത്തുന്ന കാലത്ത് തന്നെ സ്വാതി തിരുനാൾ അസാമാന്യമായ ബുദ്ധിപ്രഭാവം പ്രദർശിപ്പിച്ചുവത്രേ. അതിനുശേഷം രാജകുമാരന്മാരുടെ അധ്യാപനം അവരുടെ അച്ഛനും മഹാപണ്ഡിതനുമായിരുന്ന രാജരാജവർമ്മ കോയിതമ്പുരാൻ തന്നെ നേരിട്ട് നടത്തിതുടങ്ങി. അക്കാലത്ത് ഭാരതഖണ്ഡം ബ്രിട്ടീഷ് ആധിപത്യത്തിൽ അമരുകയായിരുന്നു. അതുകൊണ്ട് രാജകുമാരന്മാർ ഇംഗ്ലീഷ് ഭാഷയും അഭ്യസിച്ചു. മഹാരാജാക്കന്മാർ ഭാരതത്തിന്റെ നാനാഭാഗങ്ങളുമായി പരസ്പരബന്ധം പുലർത്തുന്നതിനായി പ്രധാന ഭാരതീയഭാഷകൾ മനസ്സിലാക്കണം എന്നായിരുന്നു അക്കാലത്തെ പാരമ്പര്യം. സ്വാതി തിരുനാളിനെ ഇംഗ്ലീഷ് പഠിപ്പിക്കാൻ റസിഡന്റ് കേണൽ മണ്‌റോ തിരഞ്ഞെടുത്തത് തഞ്ചാവൂർക്കാരനായ പണ്ഡിതൻ സുബ്ബരായരെ ആയിരുന്നു. പാഴ്സി ഭാഷ പഠിപ്പിച്ചത് ചെന്നൈ പട്ടണത്തിൽ നിന്നു വന്ന സയ്യദ് മൊയ്തീൻ സായു ആയിരുന്നു.


ബാല്യത്തിലേ തന്നെ സ്വാതി തിരുനാളിനെ കൊട്ടാരം ഭാഗവതന്മാർ സംഗീതം അഭ്യസിപ്പിച്ചിരുന്നു. അവരിൽ പ്രമുഖൻ കരമന സുബ്രഹ്മണ്യഭാഗവതർ എന്ന പണ്ഡിതനായിരുന്നു. അനന്തപത്മനാഭഗോസ്വാമി അഥവാ മേരുസ്വാമി സ്വതി തിരുന്നാളിന്റെ കഴിവുകളെ തേച്ചുമിനുക്കി. [7]സംഗീതം, സാഹിത്യം എന്നിവയിൽ മാത്രമല്ല, ചിത്രമെഴുത്തിലും സ്വാതി തിരുനാൾ താല്പര്യം പ്രദർശിപ്പിച്ചിരുന്നു. [8]

യൌവനം[തിരുത്തുക]

പതിനാറാമത്തെ വയസ്സിൽ ഔപചാരികമായി സിംഹാസനാരോഹണം ചെയ്ത് റീജന്റ് റാണിയിൽ നിന്നും അധികാരമേറ്റ അദ്ദേഹം കൊല്ലവർഷം 1004 മേടം പത്താം തീയതി (ഏപ്രിൽ 21, 1829)ആണ്‌‍ നേരിട്ടുള്ള ഭരണം തുടങ്ങിയത്. നന്നേ ചെറുപ്പമായിരുന്നെങ്കിലും കാര്യക്ഷമമായി ചുമതലകൾ നിർവഹിക്കുന്നതിനുള്ള അഭിരുചി അദ്ദേഹത്തിനുണ്ടായിരുന്നു. യുവരാജാവിന്‌ ഭരണകാര്യങ്ങളിൽ ഉപദേശം നൽകുന്നതിനായി‍ ഏറ്റവും വിശ്വസ്തരായ ആളുകൾ കൊട്ടാരത്തിനകത്തും പുറത്തും ഉണ്ടായിരുന്നു. റസിഡന്റാ‍യിരുന്ന കേണൽ സി.ബി. മോറിസൺ മഹാരാജാവിനെ പരിപൂർണ്ണമായി പിന്താങ്ങിയിരുന്നു.

പ്രായപൂർത്തിയായതോടുകൂടി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു. സംസ്കൃതം, ഇംഗ്ലീഷ്, പേർഷ്യൻ, ഹിന്ദുസ്ഥാനി, മറാഠി, തെലുങ്ക്, കന്നടം, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നല്ല പാണ്ഡിത്യം അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു.

സ്ഥാനാരോഹണം കഴിഞ്ഞ് തന്റെ മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞത്. തന്റെ ഗുരുനാഥൻ സുബ്ബറാവുവിന്റെ കഴിവിലും അറിവിലും അപാരമായ വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ദിവാനായി നിയമിക്കണമെന്ന് കരുതി. എന്നാൽ പ്രസിദ്ധനും മിടുക്കനുമായിരുന്ന ദിവാൻ വെങ്കിട്ടറാവുവിന്റെ സേവനം അവസാനിപ്പിച്ച് അദ്ദേഹത്തെ പിരിച്ചയക്കുന്നതിൽ തന്റെ പിതാവിനും റീജന്റായിരുന്ന ചിറ്റമ്മയ്കും റസിഡന്റിനും വൈമുഖ്യമായിരുന്നു. ഇതു സംബന്ധമായുള്ള തർക്കം ആറുമാസത്തോളം നീണ്ടു. ഈ കാ‍ലയളവിൽ റസിഡന്റ് കേണൽ മോറിസൺ ആ പദവിയിൽ നിന്നും പിന്‌വലിക്കപ്പെട്ടു. തുടർന്ന് ദിവാൻ വെങ്കിട്ടറാവു തന്റെ രാജി സമർപ്പിക്കുകയും ചെയ്തു. ഇതു കഴിഞ്ഞ് 2 മാസത്തിനു ശേഷം (1830 ആദ്യം) ഒഴിവു വന്ന ദിവാൻ സ്ഥാനത്തേക്ക് സുബ്ബറാവു നിയമിതനായി.

വളരെ കാലമായി കൊല്ലത്ത് നടന്നുകൊണ്ടിരുന്ന ഹജൂർ കച്ചേരിയും മറ്റു പൊതുകാര്യാലയങ്ങളും മഹാരാജാവിന്റെ ആസ്ഥാനത്തിനടുത്തായി തിരുവനന്തപുരം കോട്ടയ്ക്കകത്ത് മാറ്റി സ്ഥാപിച്ചു. [9]

ഭരണം[തിരുത്തുക]

RamavarmaThampuranStatueTCR.JPG

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഗുണമറിഞ്ഞ സ്വാതി തിരുനാൾ തന്റെ പ്രജകൾക്കും അത് ലഭിക്കാൻ വേണ്ടി പുതിയ വിദ്യാഭ്യാസസമ്പ്രദായം നടപ്പിലാക്കി. 1834-ൽ അദ്ദേഹം തിരുവനന്തപുരത്ത് ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു. 1836-ൽ ആ സ്ഥാപനത്തെ സൗജന്യമായി നടത്തുന്ന സർക്കാർ വിദ്യാലയമാക്കി മാറ്റി. ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിന്റെ തുടക്കമാണിത്[7]. പിന്നീട് ജില്ലയിൽ പല സ്ഥലത്തും വിദ്യായങ്ങൾ പ്രവർത്തനമാരംഭിച്ചു. തന്റെ രാജ്യം ശാസ്ത്രീയാന്വേഷണരംഗത്ത് യൂറോപ്യൻ രാഷ്ട്രങ്ങൾക്കൊപ്പം പങ്കെടുക്കണമെന്നാഗ്രഹിച്ച സ്വാതി തിരുനാൾ 1837-ൽ തിരുവനന്തപുരത്ത് വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. കൊട്ടാരത്തിൽ ഇംഗ്ലീഷ് ഭിഷഗ്വരനെ നിയമിച്ചതിന്റെ ഫലമായി ഇംഗ്ലീഷ് ചികിത്സാരീതിയുടെ ഗുണമറിഞ്ഞ അദ്ദേഹം ആ സൗകര്യം പ്രജകൾക്കും ലഭിക്കുവാൻ വേണ്ടി കൊട്ടാരം ഭിഷഗ്വരന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരത്ത് ഒരു സൗജന്യ ആശുപത്രി തുടങ്ങാൻ ഉത്തരവിട്ടു.


പാശ്ചാത്യ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം മനസ്സിലാക്കിയ അദ്ദേഹം റസിഡന്റായിരുന്ന കേണൽ ഫ്രെയ്സറുമായി ആലോചിച്ച് ഒരു എഞ്ചിനീയറിംഗ് വകുപ്പ് സ്ഥാപിക്കുവാൻ കല്പിച്ചു. നാഞ്ചിനാട്ടെയും തിരുവനന്തപുരത്തെയും ജലസേചനജോലികളും മറ്റ് പ്രധാന ജോലികളും ഈ വകുപ്പിനെ ഏല്പിച്ചു. നാഞ്ചിനാട്ടിൽ ഒരു ജലസേചന മരാമത്ത് വകുപ്പ് സ്ഥാപിക്കുകയും ഒരു സൂപ്രണ്ടിനെ നിയമിക്കുകയും ചെയ്തു. വാനനിരീക്ഷണകേന്ദ്രത്തിനു സമീപം ഒരു അച്ചടി ശാ‍ല തുടങ്ങുകയും ഒരു കല്ലച്ച് സ്ഥാപിക്കുകയും പിന്നീട് അത് മാറ്റി ഒരു പ്രസ്സ് ഇംഗ്ലണ്ടിൽ നിന്ന് വരുത്തുകയും അത് സ്ഥാ‍പിച്ച് അച്ചടി വകുപ്പ് പുതിയതായി ആരംഭിക്കുകയും ചെയ്തു. 1839-ൽ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ്-മലയാളം കലണ്ടർ ഈ പ്രസ്സിൽ നിന്നും പുറത്തിറങ്ങി (കൊല്ലവർഷം 1015-ലെ കലണ്ടർ)

സെൻസസ് 1836ൽ തുടങ്ങിയത് അദ്ദേഹമാണ്. പബ്ലിക് ലൈബ്രറി തുടങ്ങി. എല്ലാജില്ലകളിലും മുനിസിഫ് കോടതികൾ തുടങ്ങി. കോട്ടയ്ക്കകത്ത് വലിയ ഗോശാല നിർമ്മിച്ചു. തിരുവന്തപുരത്ത് മൃഗശാല തുടങ്ങി. ഹജൂർ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിസ്ഥാപിച്ചു. [7]


കൊട്ടാരങ്ങളും അമ്പലങ്ങളും മറ്റും നിർമ്മിക്കുവാനും അറ്റകുറ്റപ്പണികൾ നടത്തുവാനും വേണ്ടി ഒരു മരാമത്ത് വകുപ്പ് അദ്ദേഹം വളരെ വിപുലമായ തോതിൽ സംഘടിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ജീവിതം തിരുവിതാംകൂറിനു മാത്രമല്ല, ഇന്ത്യയ്ക്കാകെ തന്നെ അവിസ്മരണീയമായിരുന്നു. അനുഗൃഹീതകലാകാരനായി വളർന്നു വന്ന സ്വാ‍തി തിരുനാൾ മഹാരാജാവ് ഇന്ത്യൻ സംഗീതത്തിലെ അത്യുജ്ജല ചൈതന്യമായി തീർന്നു. പക്ഷേ ആ ജീവിതം ഏകാന്തവും ദുഃഖതപ്തവുമായ ഒരു സമരമായിരുന്നു. ഭരണഭാരമേറ്റപ്പോൾ തുടങ്ങി അദ്ദേഹത്തിന്റെ മനസ്സ് ഇംഗ്ലീഷുകാരുടെ അധീശതാമോഹം കണ്ട് അസ്വസ്ഥമായി. രാജ്യഭാരത്തിന്റെ ഓരോ ദിവസവും മാനസികപീഡ നിറഞ്ഞതായിരുന്നു.

ആ കലോപാസന, തന്റെ ഹൃദയവ്യഥകളിൽ നിന്നു രക്ഷനേടാനുള്ള ഒരു ഉപാധിയായി തീർന്നു അദ്ദേഹത്തിന്. ഇംഗ്ലീഷുകാർക്ക് അദ്ദേഹത്തോട് ഇഷ്ടക്കേടുണ്ടായിരുന്നു. സ്വന്തക്കാർക്കു പോലും അദ്ദേഹത്തിന്റെ മാനസിക സംഘർഷങ്ങൾ മുഴുവനും മനസ്സിലാക്കാൻ കഴിഞ്ഞില്ല. ബ്രിട്ടീഷ് സേവകരായ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ സന്മനസ്സിനെ തെറ്റിദ്ധരിച്ചു. അവർ പോലും അദ്ദേഹത്തിനെതിരായ ഉപജാപങ്ങളിൽ പങ്കെടുത്തു. ഓരോ ദിവസവും ഓരോ നിമിഷവും അദ്ദേഹം കലയിലേക്ക് ആണ്ടിറങ്ങി. രാജകൊട്ടാരത്തിൽ അപൂർവ്വസുന്ദരങ്ങളായ ഗാനങ്ങളുടെ നിർദ്ധരികൾ ഇടതടവില്ലാതെ പ്രവഹിച്ചുകൊണ്ടിരുന്നു. ചിലങ്കകൾ ഒരിക്കലും നിലയ്ക്കാത്ത മട്ടിൽ മുഴങ്ങി. കൊട്ടാരം ഒരു അപൂർവ്വ കലാസങ്കേതമായി. സ്വന്തം വേദനകൾ ആത്മാവിലേക്കൊതുക്കിപിടിച്ച് അദ്ദേഹം ഗാനങ്ങൾ രചിച്ച്‌ അവയ്ക്ക് ഈണങ്ങൾ നൽകി. ഇന്ത്യയുടെ നാനാ ഭാഗത്ത് നിന്നും തിരുവന്തപുരത്തെ കൊട്ടാരത്തിലേക്ക് കലാകാരന്മാരും കലാകാരികളും വിദ്വാന്മാരും വിദൂഷികളും വന്നുചേർന്നുകൊണ്ടേയിരുന്നു. മഹാരാജാവ് അവരുടെ രക്ഷിതാവും പ്രോത്സാഹകനുമായി തീർന്നു.

മഹാരാജാവിന്റെ പ്രശസ്തിയും സ്വാധീനവും ബ്രിട്ടീഷ് അധികാരികൾക്ക് വിഷമതയുണ്ടാക്കി. അദ്ദേഹത്തെ നേരിട്ടെതിർക്കാൻ കഴിയാതെ അവർ ബുദ്ധിമുട്ടി. മഹാരാജാവാകട്ടെ ബ്രിട്ടീഷ് റസിഡന്റിനെ അഭിമുഖമായി കാണാൻ പോലും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ബഹുജനരംഗത്ത് നിന്നും പിൻ‌വാ‍ങ്ങാൻ തുടങ്ങി. രാജ്യകാര്യങ്ങളിലുള്ള ശ്രദ്ധ കുറഞ്ഞു. കലയ്ക്കും കലാകാരന്മാർക്കും വേണ്ടി ഖജനാവ് ധൂർത്തടിക്കുന്നുവെന്നുള്ള പരാതി വ്യാപകമായി.

തന്റെ മുപ്പത്തിനാലാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.[10]

പ്രധാന സൃഷ്ടികൾ[തിരുത്തുക]

സ്വാതി തിരുനാൾ മുന്നൂറിലധികം സംഗീതകൃതികൾ രചിച്ചിട്ടുണ്ട്. ഇതിനു പുറമേ അനേകം സാഹിത്യസൃഷ്ടികളും അദ്ദേഹം രചിച്ചു. അദ്ദേഹത്തിന്റെ സമുദായകൃതികൾ, നവരാത്രി കീർത്തനങ്ങൾ, നവവിധ ഭക്തി കീർത്തനങ്ങൾ, ഘനരാ‍ഗകൃതികൾ മുതലായവയാൺ. ഇതുകൂടാതെ രാമായണകഥയെ ആസ്പദമാക്കിയുള്ള രണ്ട് കൃതികളും ഭാഗവതത്തെ ആസ്പദമാക്കി ഒരു കൃതിയും അദ്ദേഹം രചിച്ചു.[11].

കർണ്ണാടക സംഗീത കൃതികൾ[തിരുത്തുക]

കൃതികളുടെ രചനകളിൽ അദ്ദേഹം വൈവിദ്ധ്യം പുലർത്തിയിരുന്നു. ലാളിത്യമേറിയതും പ്രൌഡഗംഭീരങ്ങളുമായ കൃതികളുടെ രചയിതാവായിരുന്നു സ്വാതി തിരുനാൾ. അദ്ദേഹത്തിന്റെ ചില കൃതികൾ കർണ്ണാടകസംഗീത പിതാമഹനായ പുരന്ദരദാസിന്റെ കൃതികളോട് സമാനങ്ങളാൺ. (ഉദ്ദാ: പന്നഗശയന - പരശ് - ചാപ്പ് , കമലനയന - ഘണ്ട, പരിപാലയ - പന്തുവരാളി - രൂപകം)സദാശിവബ്രഹ്മേന്ദ്രരുടെ തത്ത്വചിന്താപരങ്ങളായ കൃതികളോടു കിടനിൽക്കുന്ന കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട് (ഉദ്ദാ: കലയേ ശ്രീ കമല നയനചരണെ -ചെഞ്ചുരുട്ടി - രൂപകതാളം, സ്‌മരഹരി പാദാരവിന്ദം-ശ്യാമരാഗം- ആദിതാളം, കാരണം വിനാ കാര്യം -കാംബൊജി രാഗം മിശ്രചാപ്പു താളം)

സ്വാതി തിരുനാൾ രചിച്ചിട്ടുള്ള വർണ്ണങ്ങൾ ഉന്നത സൃഷ്ടികളായി നിലകൊള്ളുന്നു. വർണ്ണങ്ങൾ നിർമ്മിക്കുന്നതിൻ അഗാധപാണ്ഡിത്യം ആവശ്യമാൺ. ഈ ഗാനരൂപത്തിൽ രാഗത്തിന്റെ വിവിധ വശങ്ങളെ സന്തുലിതമാ‍യി പ്രകടിപ്പിക്കേണ്ടതുണ്ട്. താനവർണ്ണം, പദവർണ്ണം, അടതാളവർണ്ണം എന്നിങ്ങനെ വൈവിധ്യമേറിയ വർണ്ണങ്ങൾ സ്വാതിതിരുനാൾ രചിച്ചിട്ടൂണ്ട്. രൂപകം, ആദി, അട എന്നീ താളങ്ങളിൽ ഏകദേശം 23 വർണ്ണങ്ങൾ അദ്ദേഹം രചിച്ചിട്ടുള്ളതായി കാണാം. അദ്ദേഹത്തിന്റെ വർണ്ണങ്ങൾ പരിശോധിച്ചാൽ അദ്ദേഹത്തിൻ നാട്യശാസ്ത്രത്തിലുണ്ടായിരുന്ന അഗാധപാണ്ഡിത്യം മനസ്സിലാകും. പല വർണ്ണങ്ങളിലും അടങ്ങിയിരിക്കുന്ന സ്വരങ്ങൾ ഭരതനാട്യത്തിലെ ജതിക്കനുസൃതമായാണദ്ദേഹം രചിച്ചിട്ടുള്ളത്.

    അദെഹം മൊഹനകല്യാനി എന്ന രാഗതിതിൽ ആദ്യമായി കീർതതനം രചിചു.(സെവ്യ ശ്രികാന്ദം വരദം -ആദിതാലം)
   മൊഹിനിയാട്ട പദങൽ നിരവധി എന്നം അദ്ദെഹം രചിചു.അലിവെനി-കുരിഞി രാഗം,സുരുട്ടി രാഗതിതിലുല അൽർശര പരിതാപം,തുടങിയവ വലരെ പ്രശിദ്ധമായ പദങലാനു. 

തിരുവനന്തപുരം കൊട്ടാരത്തിലെ നവരാത്രി മണ്ഡപത്തിൽ സരസ്വതീപൂജയോടനുബന്ധിച്ച് സ്വാതിതിരുനാൾ കൃതികൾ ഒൻ‌പതുദിവസങ്ങളിലായി ആലപിച്ചുവരുന്നു.

ഒന്നാം ദിവസം - ദേവീ ജഗജ്ജനനീ - ശങ്കരാഭരണം,ചെമ്പട
രണ്ടാം ദിവസം - പാഹിമാം ശ്രീ വാഗീശ്വരീ - കല്യാണി,ആദി
മൂന്നാം ദിവസം - ദേവീ പാവനേ - സാവേരി,ആദി
നാലാം ദിവസം - ഭാരതി മാമവ - തോടി,ആദി
അഞ്ചാം ദിവസം - ജനനി മാമവ - ഭൈരവി,ത്രിപുട
ആറാം ദിവസം - സരോരുഹാസന ജായേ - പന്തുവരാളി,ആദി
ഏഴാം ദിവസം - ജനനി പാഹി - ശുദ്ധസാവേരി,ത്രിപുട
എട്ടാം ദിവസം - പാഹി ജനനി - നാട്ടക്കുറുഞ്ഞി,ത്രിപുട
ഒൻ‌പതാം ദിവസം - പാഹി പർ‌വതനന്ദിനി - ആരഭി,ആദി

ഹിന്ദുസ്ഥാനി സംഗീത കൃതികൾ[തിരുത്തുക]

സ്വാതി തിരുനാളും ഹിന്ദുസ്ഥാനി സംഗീതവുമായുള്ള ബന്ധത്തിനെ സഹായിച്ച അനേകം ഘടകങ്ങളുണ്ട്. അദ്ദേഹം തന്റെ രാജസദസ്സിൽ അനേകം കർണ്ണാടക സംഗീതവിദ്വാന്മാരെയെന്നപോലെ ഹിന്ദുസ്ഥാനി സംഗീതത്തിൽ പ്രവീണരായവരെയും അംഗങ്ങളാക്കിയിരുന്നു. അവരിൽ ചിലരായിരുന്നു ഉസ്താദ് അലാവുദ്ദീൻ ഖാൻ, പഞ്ചാബിൽ നിന്നുള്ള രാമാർജ്ജുൻ, ബംഗാളിൽ നിന്നുള്ള ഹരിദാസ്, ബനാറസിൽ നിന്നുള്ള വാസുദേവശാസ്തി എന്നിവർ. ഇവരിൽ നിന്നും അദ്ദേഹം ഹിന്ദുസ്ഥാനി സംഗീതരൂപങ്ങളായ ദ്രുപദ്, ഖ്യാൽ, ഇമ്രി, തപ്പ, ഭജൻ എന്നിവ അഭ്യസിച്ചു. ദക്ഷിണേന്ത്യൻ കൃതികർത്താക്കളിൽ ആദ്യമായി ഹിന്ദുസ്ഥാനി കൈകാര്യം ചെയ്തതും സ്വാതി തിരുനാളാ‍ൺ. ഏതാണ്ട് 37 കൃതികൾ അദ്ദേഹം ഈ സമ്പ്രദായത്തിൽ രചിച്ചിട്ടുണ്ട്. ചിലത് ഈശ്വരനെ പുകഴ്ത്തിക്കൊണ്ടുള്ളതും ചിലത് ഒരു ശ്ര്യംഗാരപരമായ ഛായ നൽകികൊണ്ടുള്ളതുമാൺ.

അദ്ദേഹത്തിന്റെ പ്രധാന ഹിന്ദുസ്ഥാനി കൃതികൾ താഴെ പറയുന്നവയാൺ:

1. അബധ സുഖഭായി - കാഫി രാഗം - ആദിതാളം
2. അബ് തോ ബൈരാഗിൻ - ഖമാജ് - ആദി
3. ആജ് ആയേ പാച് മോഹൻ - യമൻ കല്യാണി - അട
4. ആജ് ഉനിം ദേ ചലേ - ബിഭാസ് - ചൌതാർ
5. ആൻ മിലോ മെഹബൂബ് - ഭൈരവി - ആദി
6. ആയേ ഗിരിധർ - ഭൈരവി - ആദി
7. ആളി മേം തോ ജമുനാ - പൂർവി - അട
8. ഉഠോ സുനിയേ മേരി സന്ദേശ് - പൂർവി - ചൌതാർ
9. കരുണാനിധാന കുഞ്ച് കേ ബിഹാരി - ഹമീർ കല്പാ - ചൌതാർ
10. കാന്ഹാ കബ് ഘർ - ബേഹാഗ് - ആദി
11. കൃഷ്ണാ ചന്ദ്ര രാധാ - ഭൈരവി - ആദി
12. കാൻ‌ഹാ നേ ബേജായീ ബാസുരി - ത്ധിം ത്ധോടി - ആദി
13. ഗാഫിൽ ഭയിലോ - ത്ധിം ത്ധോടി - ആദി
14. ഗോരീ ഉത് മാരോ - ത്ധിം ത്ധോടി - ആദി
15. ജയ ജയ ദേവീ - യമൻ കല്യാണി - അട
16. ജാവോ മത് തും - കാ‍ഫി - ആദി
17. ദേവൻ കേ പതി ഇന്ദ്ര - കന്നട - ചൌതാർ
18. നന്ദ നന്ദ പരമാനന്ദ - ധദ്വാസി - ചൌതാർ
19. അചേ രഘുനാഥ് രംഗ് - ധദ്വാസി - ബിലന്ദി
20. ബജതാ ബധാ - ഗദരീ - ആദി
21. ബ്രജ കീ ഛവി - ബെഹാഗ് - ചൌതാർ
22. ഭജൌ ലോപിയാ ചാന്ദ്നി - സുർ ദീ - ആദി
23. മഹിപാല പ്യാരേ - പൂർവ്വി - ചൌതാർ
24. ചലിയേ കുഞ്ജനമോ തും - വൃന്ദാവന സാരംഗ - ദ്രുപദ്

ഹിന്ദിയിലെ വ്രജഭാഷയായ ഘടിബോലിയിലാൺ കൃതികൾ രചിച്ചിരിക്കുന്നത്. മീര, കബീർഭാസ്, തുളസീദാസ് എന്നീ ഭക്തകവികളെപ്പോലെ വൈഷ്ണവഭക്തിയിൽ - അതിന്റെ സമീപനം ഏത് രീതിയിലായാലും- തുടിച്ചു നിൽക്കുന്നവയാൺ സ്വാതി തിരുനാൾ കൃതികൾ. [12].


ലിങ്കുകൾ[തിരുത്തുക]

സ്വാതിതിരുനാ‍ളിനെ കുറിച്ചുള്ള വെബ് സൈറ്റ്

അവലംബം[തിരുത്തുക]

  1. histrory of travancore -p sankunni manon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918
  3. കേരള സംസ്കാരം, എ. ശ്രീധരമേനോൻ, ഏടുകൾ. 121-122
  4. കേരള സംസ്കാര ദർശനം., പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. ഏടുകൾ 284-285. കാഞ്ചനഗിരി ബുക്സ്, കിളിമാനൂർ. 695601
  5. ശ്രീ സ്വാതിതിരുനാൾ ജീവിതവും കൃതികളും, ഡോ. വി. എസ്. ശർമ, നാഷണൽ ബുക്സ്റ്റാൾ, കോട്ടയം, 1985
  6. ഐതീഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി
  7. 7.0 7.1 7.2 മോഹനമായ രണ്ടു സംഗീതശതകങ്ങൾ, എൽ.ശാരദാതമ്പി- ജനപഥം മാസിക, ഏപ്രിൽ2013
  8. പത്മശ്രീ ശൂരനാട് കുഞ്ഞൻപിള്ള രചിച്ച “സ്വാതി തിരുനാൾ “ എന്ന ജീവചരിത്രഗന്ഥം ഗ്രന്ഥാലോകം സ്വാതി തിരുനാൾ പതിപ്പ് (1990 ഏപ്രിൽ ) പുന:പ്രസിദ്ധീകരിച്ചത്
  9. വൈക്കം ചന്ദ്രശേഖരൻ നായർ, ഗ്രന്ഥാലോകം സ്വാതി തിരുനാൾ പതിപ്പ് 1990 ഏപ്രിൽ
  10. തിരുവിതാംകൂർ ചരിത്രം - പി.ശങ്കുണ്ണിമേനോൻ 1878
  11. ബി.സിന്ധു, ഗ്രന്ഥാലോകം - സ്വാതിതിരുനാൾ വിശേഷാൽ പതിപ്പ് , 1990
  12. ബി.അരുന്ധതി, ഗ്രന്ഥാലോകം - സ്വാതിതിരുനാൾ വിശേഷാൽ പതിപ്പ് 1990