തെങ്ങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
Coconut Tree (Coconut Palm) (Cocos nucifera)
|
||||||||||||||
|
|
||||||||||||||
|
ഭദ്രം
|
||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
|
||||||||||||||
| Cocos nucifera L. |
പനവര്‍ഗ്ഗത്തില്‍ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ് (Cocos nucifera) അഥവാ കേരവൃക്ഷം. തീരപ്രദേശങ്ങളില്‍ സാധാരണ കണ്ടുവരുന്നു.18 മുതല്‍ 20 മീറ്റര്‍ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം വളരുന്ന തെങ്ങുകളും അപൂര്‍വ്വമല്ല. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ തെങ്ങു വളരുന്നു.കേരളത്തിന്റെ ദേശീയവൃക്ഷമാണ് തെങ്ങ്. കേരളീയര്‍ അവര്‍ക്ക് എന്തും നല്‍കുന്ന വൃക്ഷം എന്ന അര്‍ത്ഥത്തില്‍ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
തെങ്ങിന്റെ ഫലമാണ് തേങ്ങ. തെക്കു നിന്ന് വന്ന കായ എന്നര്‍ത്ഥത്തില്‍ തെങ്കായ് ആണ് തേങ്ങ ആയി മാറിയത്. [1] തേങ്ങയുണ്ടാകുന്ന മരം തെങ്ങുമായി. തേങ്ങ കേരളത്തിനു തെക്കുള്ള ദ്വീപുകളില്‍ നിന്ന് വന്നതാവാം എന്ന നിഗമനത്തിലാണ് തെക്കുനിന്ന് വന്ന കായ് എന്നു പറയാന്‍ തുടങ്ങിയത്. നാളികേരം എന്നത് നാരുള്ള ഫലം എന്നതീന്റെ പാലി സമാനപദത്തില്‍ നിന്നുമുണ്ടായതാണെന്നും വാദമുണ്ട്. കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളിലാണ് തെങ്ങ് കൂടുതലായും വളര്‍ന്നിരുന്നത്, അതിനാലാണ് തെങ്കായ് എന്നു പേരുവന്നതെന്നും വാദമുണ്ട്.
[തിരുത്തുക] ഉത്ഭവം
തെങ്ങ് ആദ്യം വളര്‍ന്നത് എവിടെയാണെന്ന കാര്യത്തില്‍ ഇന്നുവരെ ശാസ്ത്രജ്ഞര്‍ ഒരു ഒത്തുതീര്‍പ്പിലെത്തിയിട്ടില്ല. ചിലരത് തെക്കേ അമേരിക്കയാണെന്നു കണക്കാക്കുന്നു. എന്നാല്‍ മറ്റുചിലര്‍ അത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാകണമെന്നാണ് കണക്കാക്കുന്നത്. വേറെ ചിലര്‍ തെങ്ങ് ആദ്യം ഉണ്ടായത് പോളിനേഷ്യന്‍ ഭാഗങ്ങളിലെവിടെയോ ആണെന്നു കരുതുന്നു. ന്യൂസിലാന്റില്‍ നിന്നു ലഭിച്ച ഒന്നരക്കോടി വര്‍ഷം പഴയ ഫോസിലുകളില്‍ തെങ്ങിനോടു സാദൃശ്യമുള്ള സസ്യത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്ന് തെങ്ങിന്റെ അതിലും പഴയ ഫോസില്‍ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.
[തിരുത്തുക] ചരിത്രം
[തിരുത്തുക] കേരളത്തില്‍
പുരാതന കേരളത്തില്‍ ആദ്യമായി കുടിയേറിയവര്‍ ഇന്നത്തെ ആദിവാസികളുടെ പൂര്വ്വികരായിരുന്നു. അവര്‍ മലകളില്‍ താമസിച്ച് വേട്ടയാടിയും മറ്റും ജീവിച്ചിരുന്നെങ്കിലും കൃഷിചെയ്തിരുന്നില്ല. എന്നാല്‍ സമുദ്രതീരങ്ങളും സമതലങ്ങളും വനങ്ങളില്ലാത്തതിനാല്‍ ഇവര്‍ താമസയോഗ്യമാക്കിയില്ല. ഇവിടങ്ങളില്‍ താമസിക്കാനാരംഭിച്ചത് കൃഷി അറിയാമായിരുന്ന അടുത്ത കുടിയേറ്റക്കാരാണ്. ഇവര്‍ ദ്രാവിഡരെന്നു പറയുന്ന മെഡിറ്ററേനിയര്‍ ആകണം എന്നാണ് ചരിത്രകാരന്മാര്‍ കരുതുന്നത്. പിന്നീട് പൂര്‌വ സമുദ്രത്തില്‍ നിന്നും സിംഹളത്തില്‍ നിന്നും ഈ പ്രദേങ്ങളിലേക്ക് നിറയെ കുടിയേറ്റം ഉണ്ടായി. അവരാണ് അവരുടെ നാട്ടില്‍ നിന്നും നാളികേരം കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇവര്‍ തന്നെയാവണം തെങ്ങ് നട്ടുവളര്‍ത്തിയിരുന്നത്.[2] 16 നൂറ്റാണ്ടിനു മുന്‍പ് മാവ്, പ്ലാവ് എന്നീ മരങ്ങള്‍ക്കൊപ്പം നട്ടുവളര്‍ത്തിയിരുന്നതില്‍ കവിഞ്ഞ് തെങ്ങുകൃഷി കേരളത്തില്‍ വ്യാപകമായിരുന്നില്ല.[3]ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥം രചിച്ച അക്കാലത്തെ ഡച്ച് ഗവര്‍ണറായിരുന്ന വാന്‍ റീഡിന്റെ പരാമര്‍ശങ്ങളില്‍ തെങ്ങിനേക്കാള്‍ കൂടുതലും ഉള്ളത് കരിമ്പനയാണ്. "ഇടക്കിടക്ക് തലയാട്ടുന്ന കേരമരങ്ങള്‍" എന്നു മാത്രമേ അദ്ദേഹം രേഖപ്പെടുത്തുന്നുള്ളൂ. 17-ആം നൂറ്റാണ്ടിനുമുന്ന് അലക്ഷ്യമായി വളര്‍ന്നു വന്ന തെങ്ങുകള്‍ ഒഴിച്ചാല്‍ തെങ്ങ് ശാസ്ത്രീയമായി കൃഷിചെയ്തിരുന്നില്ല എന്ന് കാണാം. വീട്ടാവശ്യങ്ങള്‍ക്കും അതതു ദിക്കിലെ മറ്റാവശ്യങ്ങള്‍ക്കും തെങ്ങുകള്‍ വളര്‍ത്തിയിരുന്നു.
1503-ല്‍ ക്യൂന്നിയാമേറിയാ ദ്വീപില്‍ നിന്നും പിടിച്ചേടുത്ത ഒരു കപ്പലില്‍ നിന്നാണ് കപ്പലിനു വേണ്ട ആലാസുകള്‍ നിര്‍മ്മിക്കാന്‍ ചകിരിയില്‍ നിന്നുണ്ടാക്കുന്ന കയര്‍ ഉപയോഗിക്കാമെന്ന് പോര്‍ത്തുഗീസുകാര്‍ മനസ്സിലാക്കിയത്. അന്നു മുതല്‍ കയര്‍ പ്രധാനപ്പെട്ട വ്യാപാരോത്പന്നമായി മാറുകയും തെങ്ങ് കൃഷി ചെയ്ത് വളര്‍ത്തുക എന്ന നടപടി പ്രചാരത്തിലാവുകയും ചെയ്തു. [3] തെങ്ങിന്റെ ഓലയും തടിയും വ്യാപകമായി ഉപയോഗിച്ചിരുന്നു എങ്കിലും ആദ്യകാലങ്ങളില്‍ വെളിച്ചെണ്ണയുടെ ഉപയോഗം പരിമിതമായിരുന്നു. വിളക്കു കത്തിക്കാന്‍ മേല്‍ ജാതിക്കാര്‍ വരെ ഉപയോഗപ്പെടുത്തിയിരുന്നത് പുന്നക്കയുടെ എണ്ണയായിരുന്നു എന്ന് വാര്‍ഡും കോണറും സാക്ഷ്യപ്പെടുത്തുന്നത് ഇതിന് തെളിവാണ്.
കേരളത്തിന്റെ തെങ്ങുകൃഷിയുടെ നിര്‍ണ്ണായകമായ വഴിത്തിരിവ് ഡച്ചുകാരുടെ കാലത്താണ് ഉണ്ടായത്. തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും പല ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന 49 തെങ്ങിന്‍ തോപ്പുകള്‍ അവര്‍ക്കുണ്ടായിരുന്നു. ആ തോട്ടങ്ങള്‍ വളരെ ശാസ്ത്രീയമായ രീതിയിലാണ് പരിപാലിക്കപ്പെട്ടിരുന്നത്. ഇത് 25 വര്ഷത്തേക്ക് പാട്ടത്തിന് നല്‍കിയിരുന്നു. ഡച്ചുകാര്‍ക്ക് വേണ്ടി നാട്ടുകാര്‍ പരിപാലിച്ചു വന്ന ഈ തോട്ടങ്ങള്‍ മറ്റു കര്‍ഷകര്‍ക്ക് മാതൃകയായിത്തീര്‍ന്നു. അങ്ങനെ വ്യവസ്ഥാപിതമായ കൃഷി എന്ന രീതിയില്‍ കേരളത്തില്‍ തെങ്ങുകൃഷി തുടങ്ങുന്നത് 19-)ം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മാത്രമാണ്. കേരളത്തില്‍ ഇന്ന് കാണുന്നരീതിയില്‍ 75 ശതമാനവും തെങ്ങുകൃഷിയുടെ വര്‍ദ്ധനവ് 20 നൂറ്റാണ്ടില്‍ ഉണ്ടായതാണ്. [3]
[തിരുത്തുക] വളരുന്ന പ്രദേശങ്ങള്‍
തെങ്ങ് ഭൂമധ്യരേഖാപ്രദേശ അന്തരീക്ഷത്തിലും, ജലം അധികം കെട്ടിക്കിടക്കാത്ത മണ്ണില്‍ എന്നാല്‍ ജലസാമീപ്യമുള്ള പ്രദേശങ്ങളിലാണ് തെങ്ങ് കണ്ടുവരുന്നത്. ഉപ്പുജലത്തിന്റെ സാമീപ്യവും ഉപ്പുകാറ്റുമുള്ള പ്രദേശങ്ങള്‍(തീരപ്രദേശങ്ങള്‍) തെങ്ങിന് വളരാന്‍ പറ്റിയ അന്തരീക്ഷമൊരുക്കുന്നു. ഇളകിയ മണല്‍ ചേര്‍ന്ന മണ്ണാണ് വളരാന്‍ ഏറ്റവും അനുയോജ്യം (മണ്ണിന്റെ pH 5.0 മുതല്‍ 8.0 വരെ [4]).. കടുത്ത മഴയും (പ്രതിവര്‍ഷം 1300-2300 മി.മീ അനുയോജ്യം [4]) ആര്‍ദ്രതയും ഉള്ള പ്രദേശങ്ങളില്‍ തെങ്ങ് അനായാസമായി വളരുന്നു. ദിനതാപനില 20 ഡിഗ്രി മുകളില്‍ ആയിരിക്കണം. 27 ഡിഗ്രി വാര്‍ഷിക താപനില അനുയോജ്യം [4]
[തിരുത്തുക] പ്രത്യേകതകള്‍
തൂണുപോലെ വളരുന്നു. തടിയുടെ മുകളഗ്രഭാഗത്തുമാത്രം ഇലകള്‍(ഓലകള്‍) ഉണ്ടാകും. ഓലകള്‍ നാനാദിശയിലേക്കും നീണ്ടിരിക്കും. ഓലകള്‍ തടിയില്‍ ചേരുന്ന ഭാഗങ്ങള്‍ക്കിടയിലൂടെയാണ് പൂക്കുലകളും വിത്തുകളും ഉണ്ടാകുന്നത്. ഓലമടലുകള്‍ക്ക് അഞ്ചു മീറ്റര്‍ വരെ നീളമുണ്ടാകാറുണ്ട്. ഓലമടലുകളില്‍ നിന്ന് ഇരുവശങ്ങളിലേക്കും ക്രമമായി ഓലക്കാലുകള്‍ ഉണ്ടാകും ഒരുമീറ്റര്‍ വരെ നീളവും 5 സെന്റീമീറ്റര്‍ വരെ നീളവും ഓലക്കാലുകള്‍ക്കുണ്ടാകും. ഓലക്കാലുകള്‍ കുന്താകാരമാണ്. ഓലക്കാലുകളെ സൂര്യപ്രകാശം സ്വീകരിക്കാന്‍ പാകത്തില്‍ ഭൂമിക്കു സമാന്തരമായി നിര്‍ത്തുന്നത് അവയുടെ നടുക്കുകൂടി കടന്നു പോകുന്ന നീണ്ട ബലമുള്ള ഭാഗമാണ്(ഈര്‍ക്കില്‍).
[തിരുത്തുക] പൂക്കാലം
തെങ്ങ് പ്രായപൂര്‍ത്തിയാകുന്ന കാലം മുതല്‍ക്ക് തുടര്‍ച്ചയായി പൂക്കുന്ന സ്വഭാവമുള്ള സസ്യമാണ്. പൂക്കുന്ന പ്രായം ഇനത്തിനേയും മണ്ണിന്റെ സ്വഭാവത്തേയും കാലാവസ്ഥയേയും ആശ്രയിച്ചിരിക്കുന്നു. പൂത്തുതുടങ്ങിയാല്‍ പിന്നീട് തുടര്‍ച്ചയായി പൂത്തുകൊണ്ടിരിക്കുന്നു. ഓലമടലുകളുടെ കുരലില്‍ നിന്നാണ് പൂക്കുലകള്‍ പൊട്ടിപ്പുറപ്പെടുന്നത്. പുഷ്പങ്ങള്‍ മൊട്ടായിരിക്കുമ്പോള്‍ തോണിയുടെ ആകൃതിയിലുള്ള കൊതുമ്പുകൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കും. ഒരേ പൂങ്കുലയില്‍ ആണ്‍പൂക്കളും പെണ്‍പൂക്കളും ഉണ്ടാകുകയാണ് സാധാരണമെങ്കിലും ചില തെങ്ങുകളില്‍ ആണ്‍പൂക്കള്‍ മാത്രമായോ പെണ്‍പൂക്കള്‍ മാത്രമായോ ഉണ്ടാകാറുണ്ട്. സാധാരണ പൂക്കുലയില്‍ കൂടുതലും ആണ്‍പൂക്കളാണുണ്ടാവുക. പൂക്കുലയുടെ അടിയില്‍ പെണ്‍പൂക്കള്‍ കൂടുതലായുണ്ടാവും.
പരപരാഗണമാണ് തെങ്ങില്‍ സാധാരണ നടക്കുന്നത്. അനേകം പൂക്കള്‍ ഒന്നിച്ചുവിരിയുന്നതിനാലും ഒന്നിലധികം പൂക്കുലകള്‍ ഒന്നിച്ചുണ്ടാകുന്നതിനാലും ചിലപ്പോള്‍ തെങ്ങില്‍ സ്വയംപരാഗണവും നടക്കാറുണ്ട്.
[തിരുത്തുക] വിത്ത്
തെങ്ങിന്റെ വിത്ത് തേങ്ങ അഥവാ നാളികേരം എന്നറിയപ്പെടുന്നു. പരാഗണത്തിനു ശേഷം ഏതാനം മാസങ്ങള്‍ എടുത്തേ വിത്ത് വിതരണത്തിനു പാകമാകൂ. പാകമായ വിത്ത് പച്ചയും തവിട്ടും കലര്‍ന്ന നിറത്തിലാവും ഉണ്ടാവുക. എന്നാല്‍ സ്വര്‍ണ്ണനിറമുള്ള വിത്തുള്ള തെങ്ങുകളും ഉണ്ട്. അണ്ഡാകാരമോ ഗോളാകാരമോ ആകും വിത്തിനുണ്ടാവുക. വിത്തിന് ശരാശരി എട്ട് സെന്റീമീറ്റര്‍ വ്യാസം ഉണ്ടാകും. വിത്തിന്റെ ഉള്ളില്‍ പുതുസസ്യത്തിനു ആദ്യഭക്ഷണമാകാനുള്ള കാമ്പുമുണ്ടാകും വിത്ത് മുളക്കാന്‍ തുടങ്ങിയില്ലങ്കില്‍ അതിനുള്ളില്‍ അല്പം ജലവും ഉണ്ടാകും. അത് തേങ്ങാവെള്ളം എന്നറിയപ്പെടുന്നു. കാമ്പ് ചിരട്ടയെന്ന കട്ടിയേറിയ ഭാഗത്തില്‍ ഉറച്ചിരിക്കുകയായിരിക്കും. ചിരട്ടക്കു പുറമേ ചകിരി വിത്തിനെ സംരക്ഷിക്കുന്നു. ഉയരങ്ങളില്‍ നിന്ന് താഴേക്കു പതിക്കുമ്പോള്‍ വിത്തിന് ആഘാതം സംഭവിക്കാതിരിക്കുകയാണ് ചകിരിയുടെ ഉപയോഗം. ചിരട്ടയില്‍ വിത്തിനു മുളച്ചുവരുവാന്‍ ഒരു കണ്ണുണ്ടായിരിക്കും. എന്നാല്‍ കീടങ്ങള്‍ക്ക് തിരിച്ചറിയാന്‍ പാടില്ലാത്തവിധം മറ്റുരണ്ട് വ്യാജകണ്ണുകളും ചിരട്ടയിലുണ്ടാകും. പാകമാകാത്ത നാളികേരത്തെ കരിക്ക് അല്ലങ്കില്‍ ഇളനീര്‍ എന്നു വിളിക്കുന്നു.
[തിരുത്തുക] വളപ്രയോഗം
ജൈവവളങ്ങള്‍, രാസവളങ്ങള്‍, കുമ്മായ വസ്തുക്കള്‍ എന്നിവയാണ് തെങ്ങിന് നല്‍കുന്ന പ്രധാന വളങ്ങള്‍. ഇവ ഓരോന്നും നല്‍കേണ്ട സമയം നിര്‍ണ്ണയിക്കുന്നത്; മഴ, നനസാധ്യത എന്നിവ മുന്‍നിര്‍ത്തിയാണ്[5].
[തിരുത്തുക] ജൈവവളങ്ങള്‍
കാലിവളം, കമ്പോസ്റ്റ്, കോഴിവളം, ആട്ടിന്‍കാഷ്ഠം, എല്ലുപൊടി, മീന്‍വളം എന്നിവയ്ക്കു പുറമേ, പച്ചിലവള വിളകളും കൃഷിചെയ്ത് ചേര്‍ക്കാവുന്നതാണ്. കാലവര്‍ഷാരംഭമാണ് ഈ വളങ്ങള്‍ ചേര്‍ക്കാന്‍ പറ്റിയ സമയം. തെങ്ങിന്റെ ചുവട്ടില്‍ നിന്നും രണ്ടുമീറ്റര്‍ അകലത്തില്‍ 15 സെന്റീമീറ്റര്‍ താഴ്ചയില്‍, തെങ്ങിനുചുറ്റും തടമെടുത്ത് അതില്‍ വേണം നല്‍കാന്‍. തെങ്ങൊന്നിന് ഒരു വര്‍ഷം 15 കിലോഗ്രാം മുതല്‍ 25 കിലോഗ്രാം വരെ വളങ്ങള്‍ ആവശ്യമാണ്. തെങ്ങില്‍ നിന്നും ശേഖരിക്കുന്ന തൊണ്ട്, മടല്‍, ഓല എന്നിവയും ജൈവവളമായി തെങ്ങിനുതന്നെ നല്‍കാവുന്നതുമാണ്. പച്ചിലവള വിളകള്‍ തെങ്ങിന്റെ തടത്തില്‍ തന്നെ വളര്‍ത്തിയോ മറ്റു സ്ഥലങ്ങളില്‍ വളര്‍ത്തിയതോ ആയവ സെപ്റ്റംബര്‍ മാസത്തോടെ പിഴുത് തടത്തിലിട്ട് മണ്ണിലുഴുത് ചേര്‍ക്കാവുന്നതുമാണ്[5].
[തിരുത്തുക] രാസവളങ്ങള്‍
ജൈവവളങ്ങള്‍ക്ക് പുറമേയാണ് രാസവളങ്ങള്‍ നല്‍കേണ്ടത്. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ ഓരോ പ്രദേശത്തിനും യോജിക്കുന്ന തരത്തില്‍ രാസവളപ്രയോഗം നടത്തുന്നു. ജല ലഭ്യതയ്ക്കായി മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ രാസവളങ്ങള്‍ രണ്ട് തവണകളായിട്ടാണ് ഓരോ വര്‍ഷവും ചേര്‍ക്കുന്നത്. ആകെ വേണ്ടുന്ന വളത്തിന്റെ മൂന്നില്‍ ഒരു ഭാഗം മേയ്-ജൂണ്‍ മാസങ്ങളില്‍ നല്‍കുന്നു. ബാക്കിയുള്ള വളം സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിലും നല്‍കണം. രാസവളങ്ങള്‍ മണ്ണില്‍ ഈര്‍പ്പം നിലനില്‍ക്കുന്ന സമയത്ത് മാത്രമേ നല്‍കാവൂ. നന നല്‍കിയുള്ള കൃഷിയില്‍ വര്‍ഷത്തില്‍ നാലു തവണകളായി വളം നല്‍കാവുന്നതാണ്. നാലിലൊരുഭാഗം ഏപ്രില്‍-മെയ് കാലയളവില്‍, അടുത്തത് ഓഗസ്റ്റ്-സെപ്റ്റംബര്‍, ഡിസംബര്‍, ഫെബ്രുവരി-മാര്‍ച്ച് എന്നിങ്ങനെ നാലു തവണകളിലായി വളം നല്‍കാം[5].
[തിരുത്തുക] കുമ്മായ വസ്തുക്കള്‍
തെങ്ങൊന്നിന് 1 കിലോഗ്രാം എന്ന തോതില്‍ കുമ്മായമോ ഡോളമൈറ്റോ നല്‍കാം. രാസവളങ്ങള്‍ നല്‍കുന്നതിന് രണ്ടാഴ്ചമുന്‍പെങ്കിലും ഇത് നകേണ്ടതാണ്. മെയ്-ജൂണ്‍ മാസങ്ങളിലാണ് ഇത് ചേര്‍ക്കുന്നതിന് അനുയോജ്യമായ സമയം.
മൂലകങ്ങളുടെ കുറവുകള്‍ മണ്ണു പരിശോധനയിലൂടെ അറിയുന്നതിന് സഹായൈക്കും. കുറവുള്ള മൂലകങ്ങളുടെ മിശ്രിതം അളവനുസരിച്ച് നല്‍കിയാല്‍ തെങ്ങ് വളരെകാലം നല്ല കായ്ഫലം നല്‍കുന്നതുമാണ്[5].
[തിരുത്തുക] രോഗങ്ങളും കീടബാധയും
മണ്ഡരിബാധ , കൂമ്പുചീയ്യല്‍, തണ്ടുതുരപ്പന്‍ വണ്ടിന്റെ(ചെല്ലി) ആക്രമണം,കാറ്റു വീഴ്ച മുതലായവയാണ് തെങ്ങ് നേരിടുന്ന പ്രധാന ആക്രമണങ്ങള്‍. [6] മണ്ഡരിയെന്ന സൂക്ഷ്മപരാദജീവിയുടെ ആക്രമണം മൂലം തേങ്ങ പാകമാകുമ്പോഴേക്കും ആരോഗ്യം നഷ്ടപ്പെട്ട് പോകുന്നു. തേങ്ങാ ഉത്പാദനം അതിനാല്‍ കുറയുന്നു. കൂമ്പുചീയ്യല്‍ കാലാവസ്ഥാവ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്നതാണ്. പുതിയ കൂമ്പുകള്‍ അഴുകി വളര്‍ച്ചയറ്റ് പോകുന്നതാണ് ലക്ഷണം. ഓലകള്‍ക്ക് മഞ്ഞ നിറമായി മാറുന്ന മഞ്ഞളിപ്പ് രോഗം തെങ്ങിനെ ബാധിക്കുന്ന ഒരു പകര്‍ച്ച വ്യാധിയാണ്. വണ്ടുകള്‍ തെങ്ങിന്റെ തടി തുളച്ച് മുട്ടയിടുന്നതുമൂലവും തെങ്ങ് നശിച്ചുപോകുന്നു.
തുരിശും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന ബോഡോ മിശ്രിതം തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണ്. മണ്ടരി കീടങ്ങളെ തുരത്തുന്നതിനായി വേപ്പെണ്ണയും വെളുത്തുള്ളിയും ബാര്‍ സോപ്പും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം തേങ്ങാക്കുലകളില്‍ തളിക്കുന്നു.
[തിരുത്തുക] തെങ്ങിന്റെ ഭാഗങ്ങളും ഉപയോഗവും
തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഏതെങ്കിലും തരത്തില്‍ ഉപയോഗപ്പെടുത്താവുന്നതു കൊണ്ട് തെങ്ങിനെ ഒരു കല്പവൃക്ഷം എന്നു പറയാറുണ്ട്. ഇക്കാലത്ത് തെങ്ങിന്റെ വിവിധ ഭാഗങ്ങളുപയോഗിച്ച് നിര്‍മ്മിച്ച വ്യത്യസ്ത തരം മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള്‍ വിപണിയിലെത്തുന്നുണ്ട്.
[തിരുത്തുക] തേങ്ങ
തേങ്ങ മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വ്യഞ്നനമാണ്. വിളഞ്ഞ തേങ്ങയുടെ വെളുത്ത കാമ്പാണ് തേങ്ങയുടെ പ്രധാന ഭാഗം. വിവിധ ഇനം ഭക്ഷണങ്ങപദാര്‍ധങ്ങളുടെ പ്രധാന ചേരുവയാണ് തേങ്ങ.
കാമ്പ് ചുരണ്ടിയെടുക്കുന്നതിനെ തേങ്ങാ പീര എന്ന് വിളിക്കുന്നു. തേങ്ങാപ്പീര വെള്ളവും ചേര്‍ത്ത് പിഴിഞ്ഞ് അരിച്ചെടുക്കുന്നതാണ് തേങ്ങാപ്പാല്‍.ഓരോ തവണ പിഴിയുന്നതിനനുസരിച്ച് ഒന്നാം പാല്‍,രണ്ടാം പാല്‍ എന്നിങ്ങനെ പാചകം ചെയ്യുന്നവര്‍ ഇതിനെ വിളിക്കുന്നു. തേങ്ങാപ്പീര ഉണങ്ങിയതും,ശീതീകരിച്ച് സൂക്ഷിക്കുന്ന പച്ച തേങ്ങാപ്പീരയും, തേങ്ങാപ്പാല്‍ പൊടിയും മറ്റും വിപണിയില്‍ ലഭ്യമാണ്.
ഉണങ്ങിയ തേങ്ങ അഥവാ കൊപ്ര ചക്കില്‍ ആട്ടി ഭക്ഷ്യയോഗ്യമായ വെളിച്ചെണ്ണ ഉണ്ടാക്കുന്നു. തലയിലും ശരീരത്തും തേച്ചുകുളിക്കുന്നതിന് വെളിച്ചെണ്ണ ഉത്തമമാണ്. വെളിച്ചെണ്ണ വേര്‍തിരിഞ്ഞ ശേഷം ചക്കില്‍ നിന്നും ലഭിക്കുന്ന കൊപ്രയുടെ അവശിഷ്ടമാണ് കൊപ്ര/തേങ്ങ പിണ്ണാക്ക്. കൊപ്ര പിണ്ണാക്ക് കാലിത്തീറ്റയായി ഉപയോഗിക്കുന്നു.
ഇളം തേങ്ങ കരിക്ക് എന്നറിയപ്പെടുന്നു.കരിക്കിന്റെ കാമ്പും,വെള്ളവും ഒന്നാംതരം ഭക്ഷണമാണ്.
ഹൈന്ദവ ആചാരങ്ങളുമായും തേങ്ങക്കും കതിരിനും അടുത്ത ബന്ധമുണ്ട്.
തേങ്ങയുടെ മൊട്ട് എന്ന് പറയാവുന്ന ചെറിയ പ്രായപൂര്‍ത്തിയാവാത്ത തേങ്ങ (വെള്ളക്ക)ഉപയോഗിച്ച് കുട്ടികള്‍ കളിപ്പാട്ടം ഉണ്ടാക്കാറുണ്ട്. മനുഷ്യ ശരീരത്തിലുണ്ടാവുന്ന ചിലയിനം പരുക്കള്‍ക്ക്(കുരു,ചൊറി) മരുന്നായിവെള്ളക്ക അരച്ച് പുരട്ടാറുണ്ട്.
ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ ശബരിമലയിലെ അയ്യപ്പസ്വാമിക്ക് സമര്‍പ്പിക്കുന്നതിന് ഭക്തര്‍ തയാറാക്കുന്ന ഇരുമുടിക്കെട്ടിലെ ഒരു പ്രധാന ഖടകം നെയ്യ് നിറച്ച തേങ്ങയാണ്. ദൈവ പ്രീതിക്കായി ഹൈന്ദവ ക്ഷേത്രങ്ങളിലും, ചില പൂജാ ചടങ്ങുകളിലും ഭക്തര്‍ തേങ്ങ ഉടക്കാറുണ്ട്.
[തിരുത്തുക] തേങ്ങാ വെള്ളം
തേങ്ങക്കുള്ളിലെ തേങ്ങാവെള്ളം പ്രകൃതി നള്‍കുന്ന ഉത്തമമായ പാനീയമാണ്. തേങ്ങാവെള്ളത്തില്‍ അടങ്ങിയ സൈറ്റോകൈനുകള്‍ ഉണര്‍വ്വേകാന്‍ ഉത്തമമാണ്. ഇളം തേങ്ങയുടെ വെള്ളമായ കരിക്കിന്‍വെള്ളം തീ പൊള്ളലിനു താത്കാലിക പ്രതിവിധിയായും പ്രവര്‍ത്തിക്കുന്നു. മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് കരിക്കിന്‍ വെള്ളം നള്‍കാറുണ്ട്. മരുന്നുകള്‍ രക്തത്തിലേക്കു നേരിട്ടുകുത്തിവെക്കാനുള്ള മാദ്ധ്യമമായും, വയറിളക്കത്തിനും കരിക്കിന്‍വെള്ളം ഉപയോഗിക്കാറുണ്ട്. ആയുര്‍വേദ ചികിത്സയിലും കരിക്കിന്‍ വെള്ളത്തിന് സ്ഥാനമുണ്ട്.കരിക്ക് ദാഹംശമിപ്പിക്കാനും ഉപയോഗിക്കുന്നു.
തേങ്ങാവെള്ളം ഉപയോഗിച്ച് വിനാഗിരി അധവാ ചൊറുക്ക (Vinegar) ഉണ്ടാക്കാന്‍ കഴിയും. തേങ്ങാവെള്ളം നുരപ്പിച്ചാണിതുണ്ടാക്കുന്നത്(fermentation).കോക്കനട്ട് വിനിഗര്‍(Coconut Vinegar)എന്നാണിതറിയപ്പെടുന്നത്. ചില ഭക്ഷണവിഭവങ്ങള്‍ പാകം ചെയ്യുന്നതിന് വിനിഗര്‍ ഉപയോഗിക്കുന്നു. കള്ള് അധികകാലം വച്ചിരുന്നാലും ചൊറുക്ക യായിത്തീരും
[തിരുത്തുക] ചിരട്ട
തേങ്ങക്കുള്ളിലെ കാമ്പിനെ സംരക്ഷിക്കുന്ന കട്ടിയേറിയ ആവരണമാണ് ചിരട്ട. ചിരട്ടയുടെ ഒരു വശത്ത് മൂന്ന് സുഷിരങ്ങള്‍(കണ്ണുകള്‍) ഉണ്ടാവും. സാധാരണയായി നടുവെ മുറിച്ചാണ് തേങ്ങ ഉടക്കുന്നത്. അതിനാല്‍ ചിരട്ടയുടെ ഒരു ഖണ്ടത്തില്‍ കണ്ണുകള്‍ ഉള്ള ഭാഗം വരുന്നു. കണ്ണുകള്‍ ഉള്ള ഭാഗം തവി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. കണ്ണുകള്‍ക്കുള്ളിലൂലെടെ ചെത്തിയെടുത്ത അലക്(കമുകിന്റെ തടി) കടത്തി തവിയുടെ പിടിയായി ഉപയോഗിക്കാമെന്നതിലാണിങ്ങനെ ചെയ്യുന്നത്. സുഷിരങ്ങള്‍ ഇല്ലാത്ത ഖണ്ടം പാത്രങ്ങള്‍ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു. കേരളത്തില്‍ റബ്ബര്‍ മരത്തിന്റെ കറ ശേഖരിക്കാന്‍ സാധാരണയായി ചിരട്ടപ്പാത്രങ്ങള്‍ ഉപയോഗിക്കുന്നു. അലങ്കാരവസ്തുക്കള്‍ ഉണ്ടാക്കാന്‍ ചിരട്ട വിശേഷപ്പെട്ടതാണ്.
ചിരട്ട തീയിലിട്ട് ഉണ്ടാക്കുന്ന ചിരട്ടക്കരി മറ്റ് മരക്കരിയില്‍ നിന്ന് വ്യത്യസ്തമാണ്. സ്വര്‍ണ്ണപ്പണിക്കാര്‍ സ്വര്‍ണ്ണം ഉരുക്കുന്നതിന് ചിരട്ടക്കരി ഉപയോഗിക്കുന്നു. മുന്‍ കാലങ്ങളില്‍ വസ്ത്രങ്ങള്‍ ഇസ്തിരി ഇടുന്നതിനുപയോഗിച്ചിരുന്ന ഇസ്തിരിപ്പെട്ടികളില്‍ ചിരട്ടക്കരിയാണുപയോഗിച്ചിരുന്നത്.
അറബി നാടുകളില്‍ ഒരുകാലത്ത് പ്രസിദ്ധമായിരുന്ന കൊയിലാണ്ടി ഹുക്ക നിര്‍മ്മാണത്തിന് ചിരട്ട ഉപയോഗിക്കുന്നു. ഹുക്കക്കുള്ളില്‍ വെള്ളം സംഭരിക്കുന്നത് ചിരട്ടക്കുള്ളിലാണെന്നാതാണ് കൊയിലാണ്ടി ഹുക്കയുടെ ഒരു പ്രത്യേകത. ബംഗാളിലും മറ്റും ഹുക്ക നിര്‍മ്മാണത്തിന് ചിരട്ട ഉപയോഗിക്കുന്നുണ്ട്.
[തിരുത്തുക] തൊണ്ട്-ചകിരി
തേങ്ങയുടെ പുറം ആവരണമാണ് തൊണ്ട്. തൊണ്ട് വെള്ളത്തിലിട്ട് അഴുക്കി കറ കളഞ്ഞ് തല്ലിച്ചതച്ച് ചകിരി വേര്‍തിരിച്ചെടുക്കുന്നു. ചകിരി നാര് പിരിച്ച് കയര്‍,കയറ്റു പായ, ചവിട്ടി തുടങ്ങിയവ ഉണ്ടാക്കുന്നു. ചകിരിയിലെ പൊടിയായ ചകിരിച്ചോറ് നല്ല വളമാണ്. ഓര്‍ക്കിഡ് വളര്‍ത്താന്‍ തൊണ്ട് ഉപയോഗിക്കുന്നു. നാട്ടാനയെ കുളിപ്പിക്കുന്നവരും, ചായം തേക്കാന്‍ ചുവര്‍ വൃത്തിയാക്കുന്നവരും ഉരച്ച് കഴുകുന്നതിന് തൊണ്ട് ഉപയോഗപ്പെടുത്താറുണ്ട്.
[തിരുത്തുക] ഓല
- ഓല
- മടല്‍
- ഈര്‍ക്കില്‍
തെങ്ങിന്റെ ഇലയാണ് ഓല. തെങ്ങിന്റെ പ്രായം അതില്‍ ആകെ ഉണ്ടായിട്ടുള്ള ഓലകളുടെ എണ്ണത്തെ അടിസ്താനപ്പെടുത്തി കണക്കു കൂട്ടാറുണ്ട്. പ്രത്യേകിച്ച് നിശ്ചിത എണ്ണം ഓലകള്‍ വിരിയുമ്പോള്‍ തെങ്ങും തൈകള്‍ മാറ്റി നടാന്‍ പാകമാകും തുടങ്ങി.
മടലും ഈര്‍ക്കിലുമാണ് ഓലയുടെ രണ്ട് പ്രധാന ഭാഗങ്ങള്‍. ഓലയുടെ തണ്ടാണ് മടല്‍.
പുരകള്‍ മേയുന്നതിന് മെടഞ്ഞ ഓല ഉപയോഗിക്കുന്നു. 1980 ന് മുന്‍പുള്ള കാലങ്ങളില്‍ കേരളത്തില്‍ ഓലപ്പുരകള്‍ സര്‍വ്വസാധാരണമായിരുന്നു. രണ്ടായി പിളര്‍ത്തിയ ഓല കെട്ടുകളാക്കി വെള്ളത്തില്‍ പത്തു ദിവസത്തോളമിട്ടതിനുശേഷം മെടഞ്ഞ് തയാറാക്കിയാണ് മേയുന്നത്.മെടഞ്ഞ ഓല വേലി കെട്ടുന്നതിനും ഉപയോഗിക്കാറുണ്ട്. ഒരു മുഴുവന്‍ പച്ച ഓല മെടഞ്ഞ് വളച്ചുകെട്ടി ഉണ്ടാക്കുന്ന കുട്ട വല്ലം എന്നറിയപ്പെടുന്നു. കരിയില വാരുന്നതിനും കാലികള്‍ക്ക് പുല്ല് പറിക്കുന്നവരുടെ പുല്‍ സംഭരണിയായും വല്ലം ഉപയോഗിക്കുന്നു. വെയിലില്‍ പണിയെടുക്കുന്നവര്‍ മെടഞ്ഞ ഓല കുത്തിച്ചാരി നിറുത്തി അതിന്റെ തണലില്‍ പണി ചെയ്യുന്നത് കേരളത്തില്‍ അപൂര്‍വ്വമല്ലാത്ത ദൃശ്യമാണ്. വയലുകളില്‍ പണിചെയ്യുന്ന തൊഴിലാളികളും വെയിലെന്റെ കാഡിന്ന്യമകറ്റാന്‍ ഓലകൊണ്ടുള്ള മൂടികള്‍ ഉപയോഗിക്കുന്നു.
ഈര്‍ക്കില്‍ മാറ്റിയ ഓലക്കാലുകള്‍ കൊണ്ട് ഓലപ്പന്ത് ഉണ്ടാക്കി അതുകൊണ്ട് ഏറുപന്ത് കളിക്കുന്നതും ഓലക്കലുകൊണ്ടുണ്ടാക്കിയ കാറ്റാടി ഈര്‍ക്കിലില്‍ കുത്തിക്കൊണ്ട് ഓടിക്കറക്കുന്നതും കുട്ടികളുടെ വിനോദമാണ്. ഓലക്കാലുകൊണ്ട് ഉണ്ടാക്കുന്ന പാമ്പിന്റെ രൂപത്തെ ഓലപ്പാമ്പ് എന്ന് വിളിക്കുന്നു. 'ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്തുക' എന്നൊരു പ്രയോഗം നിലവിലുണ്ട്.
ആനയുടെ ഇഷ്ടാഹാരമാണ് തെങ്ങോല. ഓല സുലഭമായ കേരളത്തില്‍ ആനകള്‍ക്ക് ഉണങ്ങാത്ത പച്ച ഓലയും മടലും ഭക്ഷിക്കാന്‍ കൊടുക്കാറുണ്ട്.
ഇളം ഓലക്ക് പച്ചകലര്‍ന്ന മഞ്ഞ നിറമാണ്. ഇത് കുരുത്തോല എന്നറിയപ്പെടുന്നു. യേശുക്രിസ്തുവിനെ യെരുശലേമില്‍ ഒലിവിലകള്‍ കൊണ്ടു വരവേറ്റതിന്റെ ഓര്‍മ്മക്കായി ആചരിക്കുന്ന ഓശാന പെരുനാള്‍ കേരളത്തില്‍ കുരുത്തോല പെരുനാള്‍ എന്നറിയപ്പെടുന്നു. ഒലിവിലക്കു പകരം ഇവിടെ ക്രിസ്താനികള്‍ കുരുത്തോല പിടിച്ചുകൊണ്ട് പെരുനാള്‍ ആചരിക്കുന്നു.
തോരണങ്ങള്‍ ഉണ്ടാക്കുന്നതിനും അലങ്കാരത്തിനും കുരുത്തോല ഉപയോഗിക്കുന്നു. തെയ്യം, കഥകളി തുടങ്ങിയ കലാരൂപങ്ങളുടെ ചമയത്തിന് കുരുത്തോല ഉപയോഗിക്കാറുണ്ട്.
ചില ഹൈന്ദവ ആചാരങ്ങളിലും കുരുത്തോലക്കു പ്രാധാന്യമുണ്ട്.
[തിരുത്തുക] മടല്‍
മധ്യകേരളത്തിലെ ചില ഇടങ്ങളില്‍ പട്ട എന്നാണ് പറയാറ്. ഓലമടലിന് മട്ടല്‍ എന്നും ചിലസ്ഥലങ്ങളില്‍ പേരുണ്ട്. കമാന രൂപമാണിതിന്,കവിള മടല്‍ എന്നും അറിയപ്പെടുന്നു. രണ്ടു വശത്തെക്ക് ധാരാളം ഓലക്കാലുകള്‍ കാണാം. ഓലക്കാലിന് നടുവില്‍ ഈര്‍ക്കിലുകളും. മടലിന്റെ ചെറിയ കഷണങ്ങള്‍ മടല്‍പ്പൊളി എന്നറിയപ്പെടുന്നു. വിറകിനുവേണ്ടി ധാരാളമായി ഉപയോഗിക്കുന്ന മടല്‍, വാഴ, തേങ്ങാക്കുല എന്നിവയ്ക്ക് താഴെനിന്ന് താങ്ങ് കൊടുക്കാനും ഉപയോഗിക്കാറുണ്ട്. കുട്ടികള്‍ മടല്‍ ചെത്തിമിനുക്കി ക്രിക്കറ്റ് ബാറ്റ് ആയി ഉപയോഗിക്കാറുണ്ട്. മടല്‍ ബാറ്റ് എന്നിവ അറിയപ്പെടുന്നു.
ഒരു വശത്ത് ചവിട്ടിയാല്‍ മറുഭാഗം പൊങ്ങി ചവിട്ടിയ ആളുടെ മേല്‍ അടികിട്ടാന്‍സാധ്യത ഉള്ളത് കൊണ്ട് മടലില്‍ ചവിട്ടിയത് പോലെ എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്.
മടലിന്റെ മുകള്‍ വശത്തുനിന്ന് ഇളക്കിയെടുക്കാന്‍ കഴിയുന്ന തൊലിയാണ് വഴുക. കൃഷിയിടങ്ങളില്‍ കയറിനു പകരമായി പലതും കെട്ടുന്നതിന് വഴുക ഉപയോഗിക്കുന്നു. മെടച്ചിലിന് ഓലക്കെട്ടുകള്‍ കെട്ടുന്നത് വഴുക ഉപയോഗിച്ചാണ്.
[തിരുത്തുക] ഈര്‍ക്കില്‍
തെങ്ങോലയിലെ ഇലക്കുഞ്ഞുങ്ങളുടെ (leaflets) ഉറപ്പുള്ള മധ്യസിര(midrib) ആണ് ഈര്‍ക്കില്‍ എന്ന് അറിയപ്പെടുന്നത്. ചൂല്‍ നിര്‍മ്മിക്കുന്നതിന് ധാരാളമായി ഉപയോഗിക്കുന്ന ഈര്‍ക്കില്‍, കരകൗശലവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കാറുണ്ട്. കേരളത്തില്‍ നാക്ക് വടിക്കുന്നതിന് രണ്ടായി പിളര്‍ന്നെടുത്ത പച്ച ഈര്‍ക്കില്‍ പാളികള്‍ ഉപയോഗിക്കുന്നു. ഈര്‍ക്കില, ഈര്‍ക്കിലി എന്നും ചില സ്ഥലങ്ങളില്‍ പേരുണ്ട്. പണ്ടുകാലത്ത് പ്ലാവിലയില്‍ കുമ്പിള്‍ കുത്താന്‍ഈര്‍ക്കിലാണ് ഉപയോഗിച്ചിരുന്നത്.
കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതില്‍ അപാകത കാണാതിരുന്ന മുന്‍കാലങ്ങളില്‍ അവരെ തല്ലാന്‍ മാതാപിതാക്കളും അദ്ധ്യാപകരും ഈര്‍ക്കില്‍ ഉപയോഗിച്ചിരുന്നു.
വണ്ണക്കുറവിനെയോ മെലിഞ്ഞ അവസ്ഥയേയോ സൂചിപ്പിക്കാന്‍ ഈര്‍ക്കില്‍ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. വണ്ണംകുറഞ്ഞ മനുഷ്യരെ ഈര്‍ക്കില്‍ മാര്‍ക്ക് എന്നും അള്‍ബലമില്ലാത്ത രാഷ്ട്രീയകക്ഷികളെ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ എന്നും വിശേഷിപ്പിക്കുന്നത് ഉദാഹരണമാണ്.
[തിരുത്തുക] പൂക്കുല
നെല്ലു നിറച്ച് തെങ്ങിന്‍ പൂക്കുല സ്താപിച്ച പറ മംഗളകര്‍മ്മങ്ങള്‍ നടക്കുന്ന വേദികളിലും, ഹൈന്ദവ വിവാഹ വേദികളിലും അവിഭാജ്യ ഘടകമാണ്.
തെങ്ങിന്‍ പൂവ് പൂമ്പൊടിയുടെ അക്ഷയ ഖനിയാണ്.കേരളത്തില്‍ തേനീച്ച വളര്‍ത്തലിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത് തെങ്ങിന്റെ ഈ പ്രത്യേകതയാണ്.
വളര്‍ച്ചയെത്താത്ത പൂക്കുലയില്‍ നിന്നും കള്ള് ഉണ്ടാക്കാറുണ്ട്.
[തിരുത്തുക] തടി
അധികം വളവില്ലാതെ നേര്‍ നീളമുള്ള ഒറ്റത്തടിയായതിനാല്‍ ഓടും മറ്റും മേഞ്ഞ വീടുകളുടെ ഉത്തരം,കഴുക്കോല്‍,പട്ടിക എന്നിവയും, എരുത്തിലിന്റെ (കാലിത്തൊഴുത്ത്) കുന്തക്കാല്‍,കാളക്കാല്‍ തുടങ്ങിയവയും ഉണ്ടാക്കുന്നതിന് തെങ്ങും തടി ഉപയോഗിച്ചു വന്നിരുന്നു. ഇതേ സവിശേഷതകള്‍ കൊണ്ടുതന്നെ കേരളത്തില്‍ പണ്ട് സുലഭമായിരുന്ന തോടുകളുടെയും ചെറു ജലാശയങ്ങളുടെയും മുകളില്‍ പാലങ്ങള്‍ തെങ്ങും തടി ഉപയോഗിച്ച് ഉണ്ടാക്കിയിരുന്നു. ചിറ കെട്ടുന്നതിനും തെങ്ങിന്‍ തടി ഉപയോഗിക്കുന്നു.
പണ്ടുകാലത്ത് കേരളത്തില്‍ സാധാരണയായിരുന്ന കയറുകട്ടില്‍ തെങ്ങും തടി ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരുന്നത്. ഉലക്ക,വീട്ടുപകരണങ്ങള്‍,കതക്,ഭിത്തികളുടെ ആവരണം(paneling) എന്നിവക്ക് തെങ്ങിന്‍ തടി ഉപയോഗിക്കുന്നു. ആധുനിക വീടുകളിടെ തറയില്‍ പാകുന്നതിന് തെങ്ങിന്‍ തടിയില്‍ തീര്‍ത്ത ടയിലുകള്‍ ഉപയോഗിക്കാറുണ്ട്.
വിറകായും പ്രത്യേകിച്ച് ഇഷ്ടിക ചൂളകളില്‍ തെങ്ങും തടി വ്യാപകമായി ഉപയോഗിക്കുന്നു. ചൂളകളിലേക്ക് കൊണ്ടുപോകുന്നതിന് തെങ്ങിന്‍ തടി ഒരു മീറ്ററോളം നീളമുള്ള കഷണങ്ങളായി മുറിക്കുന്നു. ഇവ തെങ്ങിന്‍ മുട്ടി എന്നറിയപ്പെടുന്നു. മുട്ടി ഒന്നിന് 20 മുതല്‍ 30 രൂപ വരെ ലഭിക്കും (Oct 2008). രോഗം മൂലം മണ്ട പോയ തെങ്ങുകളാണിതിന് ഉപയോഗിക്കുന്നത്. നിര്‍മ്മാണ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വിളഞ്ഞ നല്ലയിനം തെങ്ങിന് 1500 മുതല്‍ 2500 രൂപ വരെ വിലയുണ്ട് (Oct 2008).
[തിരുത്തുക] ഉപോത്പന്നങ്ങള്‍
തെങ്ങില്‍ നിന്നും വളരെയധികം ഉപോത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്.
[തിരുത്തുക] വെളിച്ചെണ്ണ
തേങ്ങ ഉണക്കി ഉണ്ടാക്കുന്ന കൊപ്ര ആട്ടി എടുക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ എന്നറിയപ്പെടുന്നത്. വെളിച്ചെണ്ണ ഒരുതരം കൊഴുപ്പാണ്. ഇതില്‍ 90% ഉറച്ച കൊഴുപ്പ് അടങ്ങിയിരിക്കുന്നു. [7]
[തിരുത്തുക] ചകിരി
തേങ്ങയുടെ പുറംതോടിനും ഉള്ളിലുള്ള ചിരട്ടക്കും ഇടക്കുള്ള നാരുകളുടെ കൂട്ടത്തെ ചകിരി എന്നു വിളിക്കുന്നു. കയറും കയറുല്‍പന്നങ്ങളും നിര്‍മ്മിക്കുവാനുള്ള അസംസ്‌കൃത വസ്തുവായി ഇവ ഉപയോഗിക്കുന്നു. തേങ്ങയില്‍ നിന്നു കിട്ടുന്ന ചകിരി പാകപ്പെടുത്തി എടുത്തു ഉണ്ടാക്കുന്ന ഒരു തരം ബലമുള്ള വള്ളിയാണ് കയര്‍.
[തിരുത്തുക] കള്ള്
ഇന്ത്യയില്‍ കേരളം, തമിഴ്നാട്, കര്‍ണ്ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കള്ള് ചെത്തുന്നുണ്ട് എങ്കിലും അത് വ്യാവസായികമായി നടത്തപ്പെടുന്നതും കള്ള് മദ്യമായി മാത്രം വിറ്റഴിക്കപ്പെടുന്നതും കേരളത്തില്‍ മാത്രമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തെങ്ങ് ചെത്തുന്നത് പാലക്കാട് ചിറ്റൂര്‍ മേഖലകളിലാണ്. കേരളത്തിലെ മുഴുവന്‍ കള്ള് ഷാപ്പുകള്‍ക്കും കള്ള് നല്‍കപ്പെടുന്നതും ഈ മേഖലയില്‍ നിന്നുമാണ്. പുളിക്കാത്ത കള്ള് മറ്റേതൊരു ലഘുപാനീയത്തേക്കാളും ശ്രേഷ്ഠവും കുഞ്ഞുങ്ങള്‍ക്ക് പോലും ടോണിക്കിന്റെ രൂപത്തില്‍ കൊടുക്കാന്‍ കഴിയുന്നതുമാണ്. പുളിച്ച കള്ളില്‍ അടങ്ങിയിരിക്കുന്ന ആള്‍ക്കഹോളിന്റെ അളവ് സാധാരണ ലഭിക്കുന്ന ഔഷധങ്ങളില്‍ ഉപയോഗിക്കുന്ന ആള്‍ക്കഹോളിന്റെ അളവിലും കുറവാണ്. തെങ്ങിന്‍ കള്ളിലെ ദോഷരഹിതമായ പഞ്ചസാരയുടെ അളവ് 15% മുതല്‍ 16% വരെയാണ്. ജീവകം എ, ജീവകം ബി, ജീവകം ബി-2, ജീവകം സി എന്നിവയും; മനുഷ്യശരീരത്തിന് അവശ്യഘടങ്ങളായ ഗ്ലൂട്ടാമിക് അമ്ലം, തിയോനിന്‍, അസ്പാര്‍ട്ടിക് അമ്ലം എന്നിവയുള്‍പ്പെടെ 17 തരം അമിനോ അമ്ലങ്ങളും കള്ളില്‍ അടങ്ങിയിരിക്കുന്നു.
[തിരുത്തുക] വിവിധ ഇനം തെങ്ങുകള്‍
[തിരുത്തുക] പ്രധാന ഇനങ്ങള്‍
- ചെന്തെങ്ങ്
- ഗൗളിപാത്രം
- ടിXഡി, ഡിXടി [8]
- കല്പക
- പതിനെട്ടാം പട്ട
[തിരുത്തുക] സങ്കരയിനങ്ങള്‍
- ലക്ഷഗംഗ (Lakshadweep Ordinary x Gangabondam) [4]
- ആനന്ദഗംഗ (Andaman Ordinary x Gangabondam)[4]
- കേരഗംഗ (West Coast Tall x Gangabondam)[4]
- കേരസങ്കര (West Coast Tall x Chowghat Orange Dwarf)[4]
- ചന്ദ്രസങ്കര (Chowghat Orange Dwarf x West Coast Tall)[4]
- കേരശ്രീ (West Coast Tall x Malayan Yellow Dwarf)[4]
- കേരശോഭാഗ്യ (WCT x SSA)[4]
- ചൊവ്ഘഡ് (Green Dwarf x West Coast Tal)l[4]
- ചന്ദ്രലക്ഷ (Lakshadweep Ordinary x Chowghat Orange Dwarf)[4]
[തിരുത്തുക] ഇളനീര്‍ ഇനങ്ങള്‍
ചൊവ്ഘഡ് (Orange Dwarf )[4]
[തിരുത്തുക] രാസഘടനങ്ങള്‍
തേങ്ങാപ്പാലില്‍ പഞ്ചസാര, പശ, ആല്‍ബുമിന്‍, ടാര്‍ടാറിക് അമ്ലം, എന്നിവയും വെളിച്ചെണ്ണയില്‍ കാപ്രിലിക് അമ്ലം, ഗ്ലിസറൈഡുകള്‍, മിരിസ്റ്റിക് അമ്ലം, സ്റ്റീയറിക് അമ്ലം, എന്നിവയും അടങ്ങിയിരിക്കുന്നു. ഓല കത്തിയ ചാരത്തില്‍ ധാരാളം പൊട്ടാഷ് അടങ്ങിയിട്ടുണ്ട്. വളമായി ഓലയുടെ ചാരം ഉപയോഗിക്കുന്നു. കൂമ്പില്‍ നിന്നെടുക്കുന്ന കള്ളില്‍ ദഹനത്തെ ത്വരിതപ്പെടുത്തുന്ന ഉല്പ്രേരകങ്ങളും കൊഴുപ്പുകളും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.
[തിരുത്തുക] ഔഷധഗുണങ്ങള്‍
[തിരുത്തുക] തേങ്ങാവെള്ളത്തിന്റെ ഔഷധഗുണങ്ങള്‍
- കുട്ടികളിലെ ദഹനക്കേട് മാറ്റുന്നതിന്. [9]
- ഓറല്‍ റീഹൈഡ്രേഷനുപയോഗിക്കാം. [9]
- അടങ്ങിയിരിക്കുന്ന ഓര്‍ഗാനിക്ക് പദാര്‍ത്ഥങ്ങള്‍ വളര്‍ച്ചയെ സഹായിക്കുന്നു.[9]
- ശരീരത്തെ തണുപ്പിക്കുന്നു.[9]
- ചൂടുകുരുക്കള്‍ മാറാനും, ചിക്കന്‍പോക്സ്, വസൂരി എന്നിവമൂലമുണ്ടാകുന്ന പാടുകള്‍ മാറാനും.[9]
- കുടല്‍ വിരകളെ നശിപ്പിക്കുന്നു.[9]
- മൂത്രസംബന്ധമായ രോഗസംക്രമം തടയുന്ന[9]
- മൂത്രത്തിലെ കല്ലിനെ അലിയിക്കുന്നു.[9]
- ഞരമ്പുകളിലൂടെ നേരിട്ടുകൊടുക്കാവുന്നതാണ് .[9]
- ശരീരം പേട്ടെന്നാഗിരണം ചയ്യുന്നതുകോണ്ട് നിര്‍ജ്ജലീകരണം തടയുന്നു[9]
- കരിക്കിന്‍ വെള്ളം ദാഹത്തെ ശമിപ്പിക്കുകയും വയറിളക്കത്തിനുത്തമമായ ഔഷധവുമാണ്. ഹൃദ്രോഗം, അതിസാരം, വിഷൂചിക എന്നീ രോഗങ്ങളിലും നാളികേരവെള്ളം പാനീയമായി ഉപയോഗിക്കാം. ഹൃദ്രോഗികള്‍ ഉപ്പ് കഴിക്കാതെയിരിക്കുന്നതുകൊണ്ടുള്ള ശരീരക്ഷീണത്തിനുത്തമമാണിത്. തേങ്ങക്ക് വാജീകരണ ശക്തിയുണ്ട്. ശുക്ലം വര്‍ദ്ധിപ്പിക്കുന്നു. ആര്‍ത്തവത്തെ ക്രമപ്പെടുത്താനും ശരീരം പുഷ്ടിപ്പെടുത്താനും തേങ്ങക്ക് കഴിവുണ്ട്. തെങ്ങിന്‍ കള്ളും ശരീരപുഷ്ടിയുണ്ടാക്കും.[10]
[തിരുത്തുക] തെങ്ങടയാളം
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തെങ്ങിന്റെയും തേങ്ങയുടെയും ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളായി ഉപയോഗിക്കുന്നു.
[തിരുത്തുക] ചിത്രസഞ്ചയം
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
[തിരുത്തുക] അവലംബം
- ↑ പി.ഒ., പുരുഷോത്തമന്‍ (2006). ബുദ്ധന്റെ കാല്പാടുകള്‍-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2.
- ↑ കെ., ശിവശങ്കരന്‍ നായര്‍ (in മലയാളം). വേണാടിന്‍റെ പരിണാമം (2005 ed.). കോട്ടയം: കറന്‍റ് ബുക്സ്. pp. 238. ISBN 81-240-1513-9.
- ↑ 3.0 3.1 3.2 പി.കെ., ബാലകൃഷ്ണന്‍ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറന്‍റ് ബുക്സ് തൃശൂര്‍. ISBN ISBN 81-226-0468-4.
- ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി
- ↑ 5.0 5.1 5.2 5.3 കര്‍ഷകശ്രീ മാസിക. ഏപ്രില്‍ 2009. പുറം.47-48
- ↑ കാഷികകേരളം - തെങ്ങിന്റെ സംരക്ഷണം - ശേഖരിച്ച തീയ്യതി 2008 നവംബര്‍ 18
- ↑ Nutrition Facts and Information for Vegetable oil, coconut
- ↑ Xഡി ഡിXടി http://coconutboard.nic.in/faq.htm
- ↑ 9.0 9.1 9.2 9.3 9.4 9.5 9.6 9.7 9.8 9.9 http://www.cocotap.com/nutrition.htm
- ↑ ഡോ. എസ്., നേശമണി (1985). ഔഷധസസ്യങ്ങള്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ISBN 81-7638-475-5.