കമ്പകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമ്പകം
കമ്പകത്തിന്റെ കായകൾ. പേരാവൂരിൽ നിന്നും.
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malvales
കുടുംബം: Dipterocarpaceae
ജനുസ്സ്: Hopea
വർഗ്ഗം: H. ponga
ശാസ്ത്രീയ നാമം
Hopea ponga
(Dennst.) Mabberley

ഇന്ത്യയിലെ സവിശേഷ കാലാവസ്ഥയിൽ വളരുന്ന ഡിപ്‌റ്റെറോകാർപാസിയ കുടും‌ബത്തിൽ പെട്ട മരമാണ് കമ്പകം (ശാസ്ത്രീയ നാമം:Hopea ponga). പൊങ്ങ എന്ന പേരിലും സാധാരണ അറിയപ്പെടുന്നു. ഈർപ്പമുള്ള നിത്യഹരിത വനങ്ങളിലാണ് ഇത് വളരുന്നത്.

സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ വരെ ഉയരമുള്ള പ്രദേശത്തു വളരുന്ന ഇവ ഉപമേലാപ്പ്‌ മരങ്ങളാണ്[1]. ഈ മരങ്ങൾ പശ്ചിമഘട്ടത്തിന്റെ തെക്കു ഭാഗത്തും മധ്യഭാഗത്തും കണ്ടു വരുന്നു[1]. ഇതിന്റെ തടി ആനക്കൂടുകൾ പോലെയുള്ള കട്ടിയുള്ള ചട്ടക്കൂടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്.

ഉള്ളടക്കം

പ്രകൃതം [തിരുത്തുക]

തടി(തണ്ട്) [തിരുത്തുക]

18 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരങ്ങളാണിത് ‍. അടർന്ന്‌ പോകുന്നതും നേർത്തതും മിനുസമാർന്നതുമായ പുറംതൊലിയും സാധാരണയായി തൂങ്ങി നിൽക്കുന്നതും ഉരുണ്ടതും കനത്ത രോമാവൃതവുമായ ഉപശാഖകളും ഇതിന്റെ സവിശേഷതകളാണ്.

ഇലകൾ [തിരുത്തുക]

മൃദുലമായ ഇലകൾ അടുത്തതിനടുത്ത, സർപ്പിളക്രമത്തിലാണ്‌. അനുപർണ്ണങ്ങൾ എളുപ്പം കൊഴിഞ്ഞ്‌ വീഴുന്നതാണ്‌; 1.3 സെ.മീ നീളമുളള ദൃഢമായ ഇലഞെട്ട്‌ ഉരുണ്ടതും കനത്തിൽ വെളുത്ത രോമങ്ങൾ നിറഞ്ഞതുമാണ്. പത്രഫലകത്തിന് 11 സെ.മീ മുതൽ 31 സെ.മീ വരെ നീളവും 2.5 സെ.മീ മുതൽ 7.5 സെ.മീ വരെ വീതിയുമുണ്ട്‌. ആകൃതി വീതികുറഞ്ഞ ആയതാകാരം തൊട്ട്‌ ആയതാകാരം വരെയും, പത്രാഗ്രം മുനപ്പില്ലാത്ത നിശിതാഗ്രമോ ദീർഘാഗ്രമോ ആണ്‌. ചിലപ്പോഴൊക്കെ വൃത്താകാരത്തിലുമാണ്‌. പത്രാധാരം വൃത്താകാരമോ ഉപഹൃദയാകാരമോ ആണ്‌. കടലാസ്‌ പോലത്തെയോ ഉപചർമ്മിലമോ ആയ പ്രകൃതം. സാവധാനം വളഞ്ഞുപോകുന്ന, 7 മുതൽ 12 വരെ ജോഡി ദ്വീതീയ ഞരമ്പുകൾ. തൃതീയ ഞരമ്പുകൾ ജാലിത-പെർകറന്റ്‌ വിധത്തിലാണ്.

പൂവ് [തിരുത്തുക]

അഞ്ചിതളുകളുള്ള സുഗന്ധമുള്ള വെളുത്ത പൂക്കൾ കുലകളായി കാണപ്പെടുന്നു.

കായ് [തിരുത്തുക]

കമ്പകത്തിന്റെ കായ ഒറ്റ വിത്തുളളതും ചെറുതും വലുതുമായ വീർത്ത വിദളങ്ങളോടു കൂടിയതുമാണ്‌.

അവലംബം [തിരുത്തുക]

  1. 1.0 1.1 "ഹോപിയ പൊങ്ങ (Dennst.) Mabberly - ഡിപ്‌റ്റെറോകാർപേസി" (എച്ച്.റ്റി.എം.എൽ) (in മലയാളം). biotic. ശേഖരിച്ചത് സെപ്റ്റംബർ 11 2009. 
"http://ml.wikipedia.org/w/index.php?title=കമ്പകം&oldid=1752906" എന്ന താളിൽനിന്നു ശേഖരിച്ചത്