അരയാൽ
| അരയാൽ Sacred Fig |
|
|---|---|
| Leaves and trunk of a Sacred Fig. Note the distinctive leaf shape. |
|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Rosales |
| കുടുംബം: | Moraceae |
| ജനുസ്സ്: | Ficus |
| വർഗ്ഗം: | F. religiosa |
| ശാസ്ത്രീയ നാമം | |
| Ficus religiosa L. |
|
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും കാണുന്ന വലിയ ഇലകൊഴിയും വൃക്ഷമാണ് അരയാൽ (Ficus Religiosa, Linn). പീപ്പലം എന്നും പേരുണ്ട്. ഹിന്ദു, ബുദ്ധ മതങ്ങളൊക്കെയും പവിത്രമായികരുതുന്ന വൃക്ഷമാണിത്. ബുദ്ധ മതത്തിന്റെ ആവിർഭാവത്തിനുമുന്നേ തന്നെ മരങ്ങളെ ആരാധിച്ചിരുന്നു എന്നതിന് ഹരപ്പയിൽ നിന്നും മറ്റും തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ബൗദ്ധം സാംഖ്യം തുടങ്ങിയ നിരീശ്വരവാദ പരമായ ദർശനങ്ങളുടെ ആവിർഭാവത്തോടെ ആൽമരങ്ങളുടെ പ്രസക്തി വർദ്ധിച്ചു. [1] ബോധി വൃക്ഷത്തെ അശോക ചക്രവർത്തി ആയിരം കുടം പനിനീർ കൊണ്ട് അഭിഷേകം ചെയ്തതായും രേഖകൾ ഉണ്ട്. ഇത്തരം മരങ്ങളുടെ ആരാധനയും മരത്തിൽ കുടിയിരിക്കുന്ന ദേവതക്കുള്ള പൂജകളും പുരാതന കാലത്തേത് പോലെ ഇന്നും ഇന്ത്യയിലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. കൂടാതെ ഇത് ആയുർവേദത്തിൽ പല ഔഷധങ്ങൾ നിർമ്മിക്കുന്നതിൽ ചേരുവയായും ഉപയോഗിക്കുന്നു.
ഉള്ളടക്കം |
പേരിനു പിന്നിൽ [തിരുത്തുക]
ആര്യന്മാരുടെ പവിത്ര വൃക്ഷമായിരുന്നു ആൽ മരം. ആര്യ എന്ന സംസ്കൃത പദത്തിന്റെ പാലി രൂപാന്തരം ആരിയ എന്നാണ്. 'ആരിയ ആൽ' കാലക്രമത്തിൽ ആരിയാലും പിന്നീട് അരയാലും ആയി. ശ്രീബുദ്ധൻ, താൻ തപസ്സിരുന്ന ബോധി വൃക്ഷത്തെ തന്നെ ആരാധിക്കാനായിരുന്ന അദ്ദേഹം ശിഷ്യന്മാരോട് ഉപദേശിച്ചിരുന്നത്. കേരളത്തിൽ ക്ഷേത്രങ്ങൾക്കും വിദ്യാലയങ്ങൾക്കരികിലും ആൽ മരം നട്ടു പിടിപ്പിച്ചത് ബുദ്ധമതക്കാരായിരുന്ന അന്നത്തെ കേരളീയർ തന്നെ. [2] ഈ വൃക്ഷത്തിനെ ഹിന്ദിയിൽ പീപ്പൽ എന്നും, ബംഗാളിയിൽ അശ്വത്ഥാ എന്നും കന്നടയിൽ അരളിയെന്നും തമിഴിൽ അരശുവെന്നും വിളിക്കുന്നു.
ചരിത്രം [തിരുത്തുക]
ക്രിസ്തുവിന് 7000 വർഷങ്ങൾ മുൻപ് നിലനിന്നിരുന്നു എന്ന് കരുതുന്ന മേർഘഡ് നാഗരികതയുടെ കാലത്തെ കളിമൺപാത്രങ്ങളിൽ]] അരയാൽമരത്തിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. 4000 വർഷങ്ങൾക്ക് ശേഷമുള്ള മോഹൻജൊ ദാരോയിൽ നിന്നു ഖനനം ചെയ്തെടുത്ത ഫലകങ്ങളിലും കളിമൺ പാത്രങ്ങളിലും ആൽമരങ്ങളുടെ ചിത്രങ്ങൾ കാണാം.[3]ശ്രീലങ്കയിലാകട്ടെ ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടിൽ നട്ട ആൽമരം ഇന്നുമുണ്ട്.ഹുയാൻ സാങ്ങിന്റെ കൃതികളിൽ ആൽമരത്തെ കുറിച്ചു പരാമർശം ഉണ്ട്. ബോധി വൃക്ഷമെന്ന പേര് (പരമമായ ജ്ഞാനം പകരുന്നത്) ഗൗതമബുദ്ധൻ ഈ മരത്തിന്റെ ചുവട്ടിൽ ധ്യാനം ഇരുന്ന് ബോധോദയം ഉണ്ടാവുന്നതിനും മുന്നേ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.[4] പുരാതനകാലം മുതൽക്കേ മരങ്ങളെ ദൈവത്തിന്റെ ചൈതന്യം ഉൾക്കൊണ്ടവയായി കരുതി ആരാധിച്ചിരുന്നു.(ദൈവം എന്ന് വിശ്വസിച്ചിരുന്നതാരെയാണോ അവരുടെ) ആൽമരം, കദംബം, ഇലഞ്ഞി,പീപ്പലം, പാല, ആര്യവേപ്പ് എന്നിവ ഇത്തരത്തിൽ ആരാധിക്കപ്പെട്ടിരുന്ന മരങ്ങൾ ആണ്. ആൽ മരത്തിൽ യക്ഷൻ കുടികൊള്ളുന്നു എന്നായിരുന്നു വിശ്വാസം; പാലയിൽ യക്ഷിയും. ബുദ്ധമതം പ്രചരിക്കുന്നതിനു മുന്നേ തന്നെ ഈ വിശ്വാസം നില നിന്നിരുന്നു. യക്ഷനെ പ്രസാധപ്പെടുത്തിയാൽ അഭീഷ്ടകാര്യം നടക്കും എന്നും ജനങ്ങൾ വിശ്വസിച്ചിരുന്നു. വിവാഹം, സന്താനങ്ങൾ എന്നിവക്കായാണ് പ്രധാനമായും ഈ വൃക്ഷങ്ങളെ ആരാധിച്ചിരുന്നത്. ഈ മരങ്ങൾക്കു ചുറ്റും തറകെട്ടി സംരക്ഷിക്കുക പതിവായിരുന്നു. ഇത്തരം മരങ്ങളുടെ ചുവട്ടിൽ ദിനം മുഴുവനും നല്ല്ല തണൽ ലഭിക്കുമെന്നതിനാലും കായ്‍കൾ ഇല്ലാത്തതിനാൽ പക്ഷികൾ കാഷ്ഠിക്കുകയില്ല എന്നതിനാലും ഇവ സഭകൾ ചേരുന്നതിനും, വിദ്യ അഭ്യസിക്കുന്നതിനുമുള്ള വേദിയായി. സംഘകാലത്ത് ബോധി മണ്ട്റം എന്ന് അറിയപ്പെട്ടിരുന്ന ഗ്രാമ സഭകൾ (ഇന്ന് പട്ടിമൺട്റം) ആൽ മരത്തിൻ ചുവട്ടിലായിരൂന്നു എന്ന് സംഘകൃതികളിൽ വിശദമാക്കുന്നുണ്ട്. [5] ആലില ബൗദ്ധമതക്കാരുടെ മതബിംബമണ്. ശിരസ്സിലോ കഴുത്തിലോ ആലില കെട്ടുന്നതിനെ പട്ടം കെട്ടൽ എന്നാണ് വിളിച്ചിരുന്നത് (പാലിയിൽ പട്ടം എന്നതിന് ആലില എന്നാണർത്ഥം സംസ്കൃതത്തിൽ=പത്രം). പുരോഹിതൻ, രാജാവ്, വധു, വിശ്വാസി എന്നീ പദവികൾ സ്വീകരിക്കുന്നവർ ആലിലയാണ് പട്ടമായി കെട്ടുന്നത്. (പട്ടക്കാരൻ, പട്ടാഭിഷേകം, പട്ടമഹിഷി എന്നീ പേരുകൾ അങ്ങനെ വന്നതാണ്) ഇന്ന് കേരളീയ വധുക്കളുടെ താലിമാലയിലെ ആലില ഈ വിശ്വാസത്തിന്റെ പിൻ തുടർച്ചയാണ്. എന്നാൽ പിന്നീട് വന്ന ഹിന്ദു മതം ആൽ മരത്തെ മറ്റു കഥകളുമായി ബന്ധപ്പെടുത്തുകയായിരുന്നു.
ഐതിഹ്യം [തിരുത്തുക]
മഹാപ്രളയ സമയത്ത് മഹാവിഷ്ണു ആലിലയിലായിരുന്നു കിടന്നത് എന്ന് ചിലർ വിശ്വസിക്കുന്നു.
പ്രത്യേകതകൾ [തിരുത്തുക]
വളരെക്കാലം ആയുസ്സുള്ളവയാണ് ഈ മരങ്ങൾ. ശ്രീ ലങ്കയിലെ അനുരാധപുരയിലെ മഹാബോധി വൃക്ഷം രണ്ടായരത്തിലധികം വർഷമായി നിലനില്ക്കുന്നതാണെന്നു കരുതുന്നു. ബോധിവൃക്ഷച്ചുവട്ടിലിരുന്നാണ് ഗൗതമന് ബോധോദയം സംഭവിച്ചത്. ആ ബോധിവൃക്ഷത്തിന്റെ തൈ ആണ് അനുരാധപുരത്തെ മഹാ ബോധിവൃക്ഷം എന്നാണ് വിശ്വാസം. ഈ മരം ബുദ്ധമത വിശ്വാസികൾക്ക് പവിത്രമാണ് . [6] മണ്ണിലല്ലാതെയും വിത്തു മുളച്ച് തൈ വളരും. വിത്തുകൾ കാറ്റിൽ പറന്ന് വീടിന്റെ ഭിത്തികളിലോ ഓടകളിലോ മറ്റോ വന്നു പതിക്കാനിടയായാൽ മതി അവ വളർന്നു തുടങ്ങും.
മണ്ണിലെങ്കിലും അവ ജലാംശവും വായുവിൽ നിന്ന് കഴിയുന്നത്ര പോഷണങ്ങൾ വലിച്ചെടുക്കും. ഏതു പ്രതികൂല സാഹചര്യങ്ങളിലും വളരുന്ന ഇവയെ വിദ്യാർത്ഥികൾക്ക് മാതൃകയായി ഉപനിഷത്തുക്കളിൽ പറയുന്നുണ്ട്.[അവലംബം ആവശ്യമാണ്] വലിയ വൃക്ഷങ്ങൾക്ക് ശാഖകളിൽ നിന്ന് വേരുകൾ മുളയ്ക്കാറണ്ട്. ഇത് കൂടുതൽ പോഷണം ലഭ്യമാക്കാനുളള മരത്തിന്റെ ശ്രമമാണ്. ഈ വേരുകൾ വായുവിൽ നിന്ന് ഈർപ്പവും പൊടി, ചത്ത പ്രാണികൾ എന്നിവയിൽ നിന്ന് നൈട്രജനും സ്വീകരിക്കുന്നു. [7] ഈ വലിയ വൃക്ഷത്തിന്റെ ശാഖകൾ വളരെ പടർന്ന് പന്തലിച്ചു കാണുന്നു. കാണ്ഡത്തോടു ചേർന്നുള്ള വേരുകൾ ചാലുകൾ പോലെ അനുഭവപ്പെടുന്നു.
ഇലകൾ [തിരുത്തുക]
ഇലയുടെ അഗ്രം വാലുപോലെ നീണ്ടിരിക്കുന്നു. ഇലകൾ ഇളം ചുവപ്പുനിറത്തിലാണുണ്ടാവുക. പിന്നീടാണവ പച്ചനിറം പ്രാപിക്കുന്നത്. വളരെ ചെറിയ പുഷ്പങ്ങളാണുണ്ടാവുക.
കായ്കൾ [തിരുത്തുക]
ആൽമരത്തിന്റെ കായ്കൾ ചെറുതും ഗോളാകൃതിയിലുള്ളതും അനേകം വിത്തുകൾ നിറഞ്ഞതും പച്ച നിറത്തിൽ ഉള്ളതുമാണ്. ഇവ തണ്ടുകളിൽ കാണപ്പെടുന്നു. കായ്കൾ പാകമാകുമ്പോൾ ചുവപ്പുകലർന്ന മഞ്ഞ നിറത്തിലാകും കാണപ്പെടുക[8]
പ്രത്യുത്പാദനം [തിരുത്തുക]
ആൽമരങ്ങളുടെ പ്രത്യുത്പാദനം വളരെ സവിശേഷമായ രീതിയിലാണ്[9]. ഒരു പ്രത്യേക ജാതി വണ്ടിനുമാത്രമേ ഒരു പ്രത്യേക ജാതി ആലിൽ പരാഗണം നടത്താൻ കഴിയൂ. വണ്ടുകളുടെ പ്രത്യുത്പാദനത്തിനു ആൽമരങ്ങളുമാവശ്യമാണ്. അരയാലിൽ പരാഗണം നടത്തുന്നത് ബ്ലാസ്റ്റോഫേജ് ക്വാഡ്രറ്റിസെപ്സ് (Blastophage Quadraticeps) എന്നയിനം ഷഡ്‌പദമാണ്. അരയാലിന്റെ പൂക്കൾ വളരെ ചെറിയതാണ്. വണ്ടുകളും വളരെ ചെറിയവയാണ്. അരായാലിന്റെ പൂക്കുലയിൽ ആൺപൂക്കളും പെൺപൂക്കളുമുണ്ടാവും. പൂങ്കുലയെ പൊതിഞ്ഞുകൊണ്ട് ഒരു തോടുണ്ടാവും തോടിനുള്ളിലേക്ക് വളരെ ഇടുങ്ങിയ വഴിയാണുണ്ടാവുക. പരാഗണസമയമാകുമ്പോൾ പെൺപൂക്കൾ ഗന്ധം പുറപ്പെടുവിക്കുകയും, പെൺവണ്ടുകൾ തേടിയെത്തുകയും ചെയ്യുന്നു പൂന്തോടിന്റെ(Cyconium) ഉള്ളിലേക്കുള്ള ചെറിയ വഴിയേ പുങ്കുലയിലേക്ക് ഇറങ്ങുന്ന വണ്ടുകളുടെ ചിറകുകൾ വശങ്ങളിലുരസി നഷ്ടപ്പെടുന്നു. പിന്നീട് പരാഗണം നടത്തുകയും പൂക്കളിൽ തന്നെ മുട്ടയിടുകയും ചെയ്യുന്നു. വണ്ടകത്തു കയറിയാൽ പൂന്തോടിന്റെ സുഷിരം അടഞ്ഞു പോകുന്നു, മറ്റു പ്രാണികളിൽ നിന്നും രക്ഷനേടുവാനാണിത്. പെൺവണ്ടുകൾ പൂവിനകത്തു തന്നെ മരിക്കുന്നു. തുടർന്ന് പൂവിനകത്തിട്ട ആൺമുട്ടകൾ ആദ്യം വിരിയുകയും ബലമേറിയ വായുള്ള ആൺവണ്ടുകൾ പുറത്തു വരുന്നു, ആൺ വണ്ടുകളാണ് പെൺവണ്ടുകളുടെ മുട്ടകൾ പൊട്ടിച്ചു കൊടുക്കുന്നത്. പെൺവണ്ടുകൾക്ക് ബലമുള്ള വായഭാഗം ഇല്ലാത്തതു കൊണ്ടാണിത്. പൂന്തോടിനകത്തു നിന്നു തന്നെ ഇണചേർന്നുകഴിഞ്ഞാൽ ആൺവണ്ടുകൾ ചത്തുപോകുന്നു. പെൺ വണ്ടുകൾ പുതിയ പൂങ്കുലയും തേടി പോവുകയും ചെയ്യുന്നു. വിത്തുകൾ ഭാരം കുറഞ്ഞവയാണ്. പൂന്തോടു പൊട്ടിയാൽ വിത്തുകൾ കാറ്റത്തു പറന്നു പോവുകയും വിത്തു വിതരണം നടക്കുകയും ചെയ്യുന്നു.
ആവാസവ്യവസ്ഥകൾ [തിരുത്തുക]
ഇന്ത്യയിലും ശ്രീലങ്കയിലുമായിരുന്നു ആലുകളാദ്യം ഉണ്ടായിരുന്നത് എന്നു കരുതുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും തെക്കെ ഏഷ്യയിലെമ്പാടുമായും പിന്നീട് ലോകത്തിലേക്കും പടർന്നെന്നു കരുതുന്നു. ഹിമാലയൻ പ്രാന്ത പ്രദേശങ്ങളിൽ ധാരാളമായി കാണുന്നു. ഇന്ത്യ, മ്യാന്മാർ, ശ്രീലങ്ക മുതലായിടങ്ങളിൽ നട്ടു വളർത്താറുണ്ട്. വിത്തുമൂലം പ്രവർദ്ധനം നടത്താം, ചെറിയ കമ്പുകൾ വെട്ടി നട്ടു മുളപ്പിക്കാമെങ്കിലും നന്നായി വളരാറില്ല. മറ്റുവൃക്ഷങ്ങളുടെ ശാഖകളിലോ ഭിത്തികളിലോ ആണ് ആദ്യം വളർച്ച ആരംഭിക്കുന്നത്. കാലം ചെല്ലുമ്പോൾ ഇതിന്റെ വേരുകൾ ഭിത്തിപൊട്ടിക്കുകയോ ആതിഥേയ വൃക്ഷത്തെ ഞെരുക്കികളയുകയോ ചെയ്യുന്നു.[അവലംബം ആവശ്യമാണ്]
ഉപയോഗങ്ങൾ [തിരുത്തുക]
പെട്ടികൾ, ചക്രങ്ങൾ, പാത്രങ്ങൾ മുതലായവ ഉണ്ടാക്കാൻ അരയാലിന്റെ തടി ഉപയോഗിക്കാറുണ്ട്. വാഹനങ്ങളുടെ ടയറിന്റെ ട്യൂബിലുണ്ടാകുന്ന സുഷിരങ്ങളടക്കാൻ അരയാലിന്റെ കറ ഉപയോഗിക്കാറുണ്ട്. പട്ടയിൽ 4% ടാനിൻ അടങ്ങിയിരിക്കുന്നു. മരപ്പട്ടയും ഇലയും നാമ്പും ഉദരരോഗങ്ങൾക്കായുപയോഗിക്കാറുണ്ട്. മരപ്പട്ടയുടെ കറ വ്രണങ്ങൾ ഭേദപ്പെടുത്താനുപയോഗിക്കാറുണ്ട്.[10] നാൽപാമരം എന്ന ആയുർവേദമരുന്നു കൂട്ടിലെ ഒരു പ്രധാന ചേരുവയായി ഇത് ഉപയോഗിക്കാറുണ്ട്[11].
രാസഘടകങ്ങൾ [തിരുത്തുക]
ഇതിന്റെ തടിയിൽ 4% ടാനിൻ അടങ്ങിയിരിക്കുന്നു. കൂടാതെ ആൽക്കലോയിഡുകൾ, മിനറലുകൾ വൈറ്റമിനുകൾ എന്നിവയും അടങ്ങിയിരിക്കുന്നു.[12]
രസഗുണങ്ങൾ [തിരുത്തുക]
ഔഷധഗുണം [തിരുത്തുക]
ആൽമരത്തിന്റെ ഇളം തണ്ടുകൾ, കായ്കൾ എന്നിവ ചർമ്മത്തിലുണ്ടാകുന്ന രോഗങ്ങൾക്കും വൃണങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ തടി കരൾ സംബന്ധമായ അസുഖങ്ങൾക്ക് മരുന്നായും ഉപയോഗിക്കുന്നു.[14]
വിവിധ സംസ്കാരങ്ങളിൽ [തിരുത്തുക]
- കേരളത്തിൽ അരയാലിലനും ആര്യവേപ്പിനും അടുത്തിടെ വിവാഹം നടത്തിയത് വാർത്തയായിരന്നു, അരയാലിനെ പോലെ ആര്യ വേപ്പും ബുദ്ധമതസംഭഅവനയാണ്.
- ഹിന്ദുക്കളുടേയും ബുദ്ധമതക്കരുടേയും പവിത്ര വൃക്ഷമാണ് ഇത്.
- ക്രിസ്ത്യാനികൾ വരെ അവരുടെ താലിമാലയിൽ ആലിലയുടെ രൂപമാണ് ഉപയോഗിച്ചിരുന്നത്. അടുത്തകാലത്ത് കുരിശും ആലിലയോട് ചേര്ക്കപ്പെട്ടിട്ടുണ്ട്.
- ഭാരതരത്ന പുരസ്ക്കാരം ആലിലയുടെ രൂപത്തിലാണ്
- ഹൈന്ദവ ആചാരപ്രകാരം ജ്യോതിഷത്തിൽ ഓരോ ജന്മ നക്ഷത്രത്തിലും ജനിച്ചവർ പ്രത്യേകതരം വൃക്ഷത്തെ ആരാധിക്കുകയും പരിപാലിക്കുകയും ചെയ്യുകവഴി സൗഭാഗ്യം ഉണ്ടാകും എന്ന് പറയപ്പെടുന്നു. അങ്ങനെ പൂയം നക്ഷത്രത്തിൽ ജനിച്ചവരുടെ വൃക്ഷമാണ് അരയാൽ.[15]
ചിത്രശാല [തിരുത്തുക]
- അരയാലിന്റെ ചിത്രങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ആയുർവേദൗഷധസസ്യങ്ങൾ എന്ന സൈറ്റിലെ വിവരങ്ങൾ
- അരയാലിനെക്കുറിച്ച് ചില വിവരങ്ങൾ
അവലംബം [തിരുത്തുക]
- ↑ ശ്രീനിവാസൻ, കെ.ആർ. (1998). ടെമ്പിൾസ് ഒഫ് സൗത്ത് ഇന്ത്യ. ഇന്ത്യ: നാഷണൽ ബുക്ക് ട്രസ്റ്റ്. ISBN 81-237-2251-6.
- ↑ പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2.
- ↑ ഥാപ്പർ, റോമിള (2002). Early India From the Origins to AD1300. ന്യൂഡൽഹി: പെൻഗ്വിൻ ബുക്സ്. ISBN 0-14-302989-4.
- ↑ ശ്രീനിവാസൻ, കെ.ആർ. (1998). ടെമ്പിൾസ് ഒഫ് സൗത്ത് ഇന്ത്യ. ഇന്ത്യ: നാഷണൽ ബുക്ക് ട്രസ്റ്റ്. ISBN 81-237-2251-6.
- ↑ അകനാനൂറ് വാല്യം രണ്ട്. വിവർത്തനം നെന്മാറ പി. വിശ്വനാഥൻ നായർ. കേരള സാഹിത്യ അക്കാദമി. തൃശൂർ
- ↑ "Jaya Siri Maha Bodhi" (in ഇംഗ്ലീഷ്).
- ↑ "The Bodhi Tree - Ficus religiosa" (in ഇംഗ്ലീഷ്). ശേഖരിച്ചത് 2007.
- ↑ [http://www.divineremedies.com/ficus_religiosa.htm Botanical description എന്ന ഭാഗം നോക്കുക
- ↑ അന്യമാകുന്ന അരയാൽ: ലേഖനം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2006 ഓഗസ്റ്റ് 27-സെപ്റ്റംബർ 2
- ↑ ഇന്ത്യയിലെ മരങ്ങൾ, ആർ ചന്ദ്രമോഹൻ, എം.എ. രാധികാറാണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1975, പേജ്-82
- ↑ "Nature lovers to the rescue of grand old mahogany". The Hindu. 23 ഡിസംബർ 2003. ശേഖരിച്ചത് 10 ജൂലൈ 2010. "The `arayaal' is also one among the four Ficus varieties_ `Athi', `Ithi', `Arayaal' and `Peraal', which together constitute `Nalpamaram'"
- ↑ http://www.ayushveda.com/herbs/ficus-religiosa.htm
- ↑ ആയുർവേദിക് മെഡിസിനൽ പ്ലാന്റ്സ് എന്ന സൈറ്റിൽ നിന്നും
- ↑ http://www.naturemagics.com/ayurveda/arayal.shtm
- ↑ http://thenmala.info/trees.html