കാള്‍ ലിനേയസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാള്‍ ലിനേയസ് (Carl von Linné) | |
കാള്‍ വോണ്‍ ലിനിയ, അലക്സാണ്ടര്‍ റോസ്‌ലിന്‍, 1775. ഇപ്പോള്‍ റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സെസില്‍ പ്രദര്ശിപ്പിച്ചിരിക്കുന്നു.
|
|
| ജനനം | മേയ് 13 1707 (see article note:[1]) Råshult, Älmhult, Sweden |
|---|---|
| മരണം | ജനുവരി 10 1778 (പ്രായം 70) Uppsala, Sweden |
| താമസം | |
| ദേശീയത | |
| മേഖലകള്‍ | ജന്തുശാസ്ത്രം, വൈദ്യശാസ്ത്രം, സസ്യശാസ്ത്രം |
| Alma mater | അപ്പ്‌സല സര്‍വകലാശാല ഹാര്‍ഡെര്‍വിജ്ക് സര്‍വകലാശാല |
| Known for | ടാക്സോണമി Ecology സസ്യശാസ്ത്രം |
| Author abbreviation (botany) | L. |
| Religious stance | ചര്‍ച്ച് ഓഫ് സ്വീഡന്‍ |
|
കുറിപ്പുകള്‍
Linnaeus adopted the name Carl von Linné after his 1761 ennoblement awarded him the title von. He is the father of Carolus Linnaeus the Younger. |
|
കാള്‍ ലിനേയസ് (കാള്‍ ലിനിയ , ലാറ്റിന്‍: കറൊലസ് ലിനേയസ്) ഒരു സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും ഭിക്ഷഗ്വരനും ജന്തുശാസ്ത്രഞനുമായിരുന്നു. (മേയ് 13, 1707 – ജനുവരി 10, 1778). സ്ഥാനപ്പേര് കാള്‍ വോണ്‍ ലിനിയ. ആധുനിക ദ്വിനാമ സമ്പ്രദായത്തിന് അടിത്തറയിട്ട ഇദ്ദേഹമാണ് ടാക്സോണമിയുടെ പിതാവായി അറിയപ്പെടുന്നത്. സസ്യങ്ങളേയും ജന്തുക്കളേയും അവയുടെ പൊതുവായ പ്രത്യേകതകളെ അടിസ്ഥാനമാക്കി ഹോമോ സാപിയന്‍സ് എന്ന മനുഷ്യന്‍ അടക്കം ഉള്‍ക്കൊള്ളുന്ന രണ്ടു ഭാഗങ്ങളുള്ള ഒരു നാമകരണരീതി 1735-ല്‍ ഇദ്ദേഹം മുന്നോട്ടുവെച്ചു.[2].
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
തെക്കന്‍ സ്വീഡനിലെ സ്മൊള്‍ലാന്റിലെ ഒരു ഗ്രാമപ്രദേശത്താണ് ലിനേയസ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവായിരുന്നു അവരുടെ കുടുംബപരമ്പരയില്‍ ആദ്യമായി സ്ഥിരമായ അവസാന നാമം സ്വീകരിച്ചത്. പൂര്‍വികരാകട്ടെ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നിലനിന്നിരുന്ന, പിതാവിന്റെ നാമം മക്കള്‍ക്ക് ലഭിക്കുന്ന നാമകരണരീതിയായിരുന്നു പിന്തുടര്‍ന്നത്. ലിനേയസിന്‍റെ പിതാവ് ലാറ്റിന്‍ രൂപത്തിലുള്ള ലിനേയസ് എന്ന കുടുംബപ്പേര് സ്വീകരിച്ചത് കുടുംബവീട്ടിലെ വളപ്പിലുള്ള ഒരു വന്‍ ലിന്‍ഡന്‍ മരവുമായി ബന്ധപ്പെടുത്തിയാണ്.
ലിനേയസിന്റെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭൂരിഭാഗവും അപ്പ്‌സല സര്‍വകലാശാലയില്‍ വെച്ചായിരുന്നു. 1730 മുതലേ അദ്ദേഹം അവിടെ സസ്യശാസ്ത്രം പഠിപ്പിക്കുവാന്‍ തുടങ്ങി. 1735–1738 കാലയളവില്‍ പഠനത്തിനായി വിദേശത്ത്‌പോയി. നെതര്‍ലാന്റ്സിലായിരിക്കുമ്പോള്‍ അദ്ദേഹം തന്റെ സിസ്റ്റെമ നാച്ചുറേ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു. പിന്നീട് സ്വീഡനിലേക്ക് മടങ്ങി അപ്പ്‌സല സര്‍വകലാശാലയില്‍ സസ്യശാസ്ത്ര അദ്ധ്യാപകനായി. 1740കളില്‍ സസ്യങ്ങളേയും ജന്തുക്കളേയും കണ്ടെത്തുന്നതിനും വര്‍ഗ്ഗീകരിക്കുന്നതിനുമായി സ്വീഡനില്‍ യാത്രചെയ്യുന്നതിനായി ലിനേയസ് പലപ്രാവശ്യം അയക്കപ്പെട്ടു. 1750കളിലും 60കളിലും സസ്യങ്ങളെയും ജന്തുക്കളെയും ധാതുക്കളേയും ശേഖരിച്ച് വര്‍ഗ്ഗീകരിക്കുന്നതു തുടരുകയും, കണ്ടെത്തലുകള്‍ പല പതിപ്പുകളിലായി പ്രസിദ്ധീകരിക്കുകയും ചെയ്തു. അന്തരിക്കുന്ന സമയത്ത് ഇദ്ദേഹം യൂറോപ്പിലെങ്ങും പ്രശസ്തനും അക്കാലത്തെ ഏറ്റവും ജനസമ്മതരായ ശാസ്ത്രജ്ഞരില്‍ ഒരാളുമായിത്തീര്‍ന്നിരുന്നു.
ഫ്രെഞ്ച് തത്ത്വചിന്തകനായ ജീന്‍-ജാക്വസ് റൂസോ ലിനേയസിന് ഇങ്ങനെയൊരു സന്ദേശമയച്ചു: "ഈ ലോകത്തില്‍ അദ്ദേഹത്തേക്കാള്‍ മഹാനായൊരു മനുഷ്യനെ എനിക്കറിയില്ലെന്ന് അദ്ദേഹത്തോടു പറയുക." ജര്‍മന്‍ സാഹിത്യകാരനായ ജൊഹാന്‍ വുള്‍ഫ്രാങ് വോണ്‍ ഗോട്ടി ഇങ്ങനെ എഴുതി: "ഷേക്സ്പിയറിനേയും സ്പിനോസയേയും മാറ്റിനര്‍ത്തിയാല്‍, മരണമടഞ്ഞ വ്യക്തികളില്‍ മറ്റാരും എന്നെ ഇത്രയധികം സ്വാധീനിച്ചിട്ടില്ല." സ്വീഡിഷ് സാഹിത്യകാരനായ ഓഗസ്റ്റ് സ്ട്രിന്‍ഡ്ബെര്‍ഗ് ഇങ്ങനെ എഴുതി: "ലിനേയസ് യഥാര്‍ത്ഥത്തില്‍ പ്രകൃശാസ്ത്രജ്ഞനായി മാറിയ ഒരു കവിയാണ്."
L. എന്നാണ് ലിനേയസ് കണ്ടെത്തിയ സ്പീഷിസുകളില്‍ ഉപയോഗിക്കുന്ന ചുരുക്കപ്പേര്.
[തിരുത്തുക] പ്രബന്ധങ്ങളും പ്രസിദ്ധീകരണങ്ങളും
[തിരുത്തുക] സസ്യങ്ങളിലെ വിവാഹം
വൈദ്യശാസ്ത്രം പഠിച്ചുകൊണ്ടിരിക്കേ സസ്യങ്ങളിലെ പ്രത്യുല്പാദനാവയവമായ പൂക്കളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ ലിനേയസ് നടത്തി. ഇതില്‍ നിന്നും പൂക്കളില്‍ പൊതുവേ താഴെക്കാണുന്ന രീതിയില്‍ നാലു ഘടകങ്ങളുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി.
- പൂവിനെ പൊതിഞ്ഞിരിക്കുന്ന പച്ച നിറത്തിലുള്ള കവചം
- ആകര്‍ഷകമായ നിറത്തിലുള്ള ഇതളുകള്‍
- സ്റ്റേമെന്‍സ് (stamens) എന്ന പുരുഷലൈംഗികാവയവം. ഇതില്‍ നിന്നാണ് പരാഗം ഉല്പാദിപ്പിക്കപ്പെടുന്നത്
- സ്ത്രീലൈംഗികാവയവത്തോടു കൂടിയ കാര്‍പ്പല്‍ (carpel) എന്ന ഭാഗം. ഇതില്‍ നിന്നും ഓവ (ova) ഉല്പാദിപ്പിക്കപ്പെടുന്നു.
വിവിധ സസ്യങ്ങളില്‍ ഈ നാലു ഘടകങ്ങള്‍ വ്യത്യസ്ത എണ്ണത്തിലും രൂപത്തിലും വ്യത്യസ്തഭാഗങ്ങളില്‍ കാണപ്പെടുന്നു എന്നു അദ്ദേഹം നിരീക്ഷിച്ചു. സസ്യങ്ങളെ പ്രത്യുല്പാദനപ്രക്രിയയനുസരിച്ച് വര്‍ഗ്ഗീകരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
1730-ല്‍ ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സസ്യങ്ങളിലെ വിവാഹം എന്ന ഒരു ലഘുപ്രബന്ധം അദ്ദേഹം പുറത്തിറക്കിയിരുന്നു[2].
ലിനേയസിന്റെ ആശയങ്ങള്‍ സംശയദൃഷ്ടിയോടെയാണ് സമകാലീനര്‍ വീക്ഷിച്ചത്. സാന്മാര്‍ഗികതയുടേ പേരില്‍ അവ വിമര്‍ശിക്കപ്പെടുകയും ചെയ്തു. ലിനേയസ് ഒരു പൂവിന്റെ ഉള്‍വശം സ്രഷ്ടാവ് അണിയിച്ചൊരുക്കിയ സുഗന്ധം പരത്തുന്ന ഒരു മണിയറയോട് ഉപമിച്ചു. ലേഖനത്തിലെ ഭാഷ അമിതമാണെന്ന കാരണത്താല്‍ (പ്രത്യേകിച്ച് യുവാക്കളെ സംബന്ധിച്ചിടത്തോളം) മതനേതാക്കളും നീരസം പ്രകടിപ്പിച്ചു.
[തിരുത്തുക] സിസ്റ്റെമാ നാച്യുറേ
പൂക്കളില്‍ നടക്കുന്ന ബഹുകക്ഷിലൈംഗികബന്ധങ്ങളെ വിശദീകരിക്കുന്നതിന് വളരെ ശക്തമായ സങ്കല്പ്പങ്ങളാണ് ലിനേയസ് അവതരിപ്പിച്ചത്. ഉദാഹരണത്തിന് മാരീഗോള്‍ഡ് പൂക്കളെക്കുറിച്ച് അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെയാണ്: അവയില്‍ ഭാര്യമാരുടെ കിടപ്പറ മദ്ധ്യഭാഗത്തും വെപ്പാട്ടികളുടേത് അരികിലുമാണ്, ഇവയില്‍ ഭാര്യമാര്‍ക്ക് പ്രത്യുല്പാദനശേഷിയുണ്ടാവില്ല എന്നാല്‍ വെപ്പാട്ടികള്‍ പ്രത്യുല്പാദനശേഷിയുള്ളവരുമാണ്.
പോപ്പി പുഷ്പങ്ങളുടെ പ്രത്യുല്പാദനരീതിയെ ഒരു സ്ത്രീയോടൊപ്പം ഇരുപതോളം പുരുഷന്മാര്‍ ഒരു കിടപ്പറയില്‍ എന്ന രീതിയിലാണ് അദ്ദേഹം ഉപമിച്ചത്. ഇത്തരം പ്രത്യേകതകളെ വര്‍ഗ്ഗീകരണത്തിനുള്ള അളവുകോലായി അദ്ദേഹം വികസിപ്പിച്ചെടുത്തു. അങ്ങനെ 1735-ല്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ സിസ്റ്റെമാ നാച്യുറേ എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. പതിനൊന്നു താളുകളിലായി ജന്തുക്കള്‍, സസ്യങ്ങള്‍, ധാതുക്കള്‍ എന്നിങ്ങനെ പ്രകൃതിയിലെ മൂന്നു സാമ്രാജ്യങ്ങളെ പരിചയപ്പെടുത്താനാണ് ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹം ശ്രമിച്ചത്.
സസ്യങ്ങളെ പൂവിടുന്നവ അല്ലാത്തവ എന്നിങ്ങനെ രണ്ടായാണ് ലിനേയസ് ആദ്യമായി തരം തിരിച്ചത്. പൂക്കളുടെ തരമനുസരിച്ച് അവയെ വീണ്ടും വര്‍ഗ്ഗീകരിച്ചു: അതായത് ആണ്‍-പെണ്‍ പ്രത്യുല്പാദനാവയവങ്ങളുള്ളവ, ഏതെങ്കിലും ഒരു ലിംഗം മാത്രമുള്ളവ എന്നിങ്ങനെ. അങ്ങനെ പുരുഷലൈംഗികവയങ്ങളായ stamen-ന്റെ എണ്ണം, നീളം, സ്ഥാനം എന്നിവയെ അടിസ്ഥാനമാക്കി സസ്യങ്ങളെ വര്‍ഗ്ഗങ്ങളാക്കി (classes) തരം തിരിച്ചു. വര്‍ഗ്ഗങ്ങളെ കാര്‍പ്പലുകളുടെ എണ്ണത്തിനനുസരിച്ച് ക്രമം (order) ആയും, അവയെ രൂപപ്രകൃതി (anatomical characteristics) അനുസരിച്ച് ജനുസ്സുകളായും, അവയെ വീണ്ടും ഏറ്റവും ചെറിയ മാത്രയായ സ്പീഷിസുകളായും അദ്ദേഹം തരം തിരിച്ചു.
ജന്തുസാമ്രാജ്യത്തേയും തട്ടുതട്ടായുള്ള ഈ വര്‍ഗ്ഗീകരണരീതി ഉപയോഗിച്ച് ലിനേയസ് തരംതിരിച്ചിരുന്നു. എന്നാല്‍ അക്കാലത്തെ ശരീരശാസ്ത്രവിജ്ഞാനത്തിന്റെ പരിമിതി നിമിത്തം സസ്യങ്ങളിലേതു പോലെ അതത്ര സമ്പൂര്‍ണ്ണമായിരുന്നില്ല.
ജീവജാലങ്ങളെ വര്‍ഗീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ലിനേയസിനു മുപും നടന്നിട്ടുണ്ട്. എന്നാല്‍ അക്കാലം വരെയുള്ള വര്‍ഗ്ഗീകരണരീതികള്‍ അകാരാദിക്രമത്തിലോ ജീവികളുടെ ആവാസമേഖലയെ അടിസ്ഥാനമാക്കിയായിരുന്നു. ഉദാഹരണത്തിന് തിമിംഗലങ്ങളേയും മത്സ്യങ്ങളേയും ഒരേ വര്‍ഗ്ഗത്തിലാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ തിമിംഗലങ്ങള്‍ മാമ്മറി ഗ്ലാന്‍ഡ് (mammary gland) ഉള്ള ജീവികളാണെന്നും അവയെ സസ്തനികള്‍ എന്ന വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഉള്ള ആശയം ആദ്യമായി മുന്നോട്ടുവച്ചത് ലിനേയസ് ആണ്.
ജീവജാലങ്ങള്‍ക്കായി അക്കാലത്തെ സസ്യ-ജന്തുശാസ്ത്രഞ്ജര്‍ ഉപയോഗിച്ചിരുന്ന സുദീര്‍ഘവും സങ്കീര്‍ണ്ണവുമായ പേരുകള്‍ ലിനേയസിന്റെ വര്‍ഗ്ഗീകരണരീതിയുടെ ആവിര്‍ഭാവത്തോടെ ലളിതമായ രണ്ടുഭാഗങ്ങളുള്ള പേരുകളായി. (പത്തും പന്ത്രണ്ടും വാക്കുകളുള്ള പേരുകള്‍ അക്കാലത്ത് സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കുമായി അക്കാലത്ത് ഉപയോഗിക്കപ്പെട്ടിരുന്നു. യുറോപ്പിലെ ജനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആദ്യനാമം-കുടുംബപ്പേര് എന്ന രീതിക്ക് സമാനമായി ലിനേയസിന്റെ നാമകരണരീതിയെ ഉപമിക്കാവുന്നതാണ്.
പുതിയ പുതിയ ജീവജാലങ്ങളേയും ജനുസുകളേയും ഉള്‍പ്പെടുത്തി ലിനേയസ് സിസ്റ്റെമാ നാച്ച്യുറ വിപുലപ്പെടുത്തിക്കൊണ്ടിരുന്നു. 1735-ല്‍ പുറത്തിറങ്ങിയ ഗ്രന്ഥത്തിന്റെ ആദ്യപതിപ്പില്‍ 549 ജീവജന്തുക്കളെ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കില്‍ 1758-ലെ പത്താം പതിപ്പില്‍ അത് 4387 ആയി വര്‍ദ്ധിച്ചു. ആധുനിക സസ്യശാസ്ത്രത്തിലേയും, ജന്തുശാസ്ത്രത്തിലേയും നാമകരണപദ്ധതിയുടെ ആരംഭമായി ഈ ഗ്രന്ഥത്തെ കണക്കാക്കുന്നു[2].
1758-ല്‍ സിസ്റ്റെമാ നാച്യുറേയുടെ പത്താം പതിപ്പ് പുറത്തിറങ്ങിയതോടെ, അത്, അന്നു വരെ നിലനിന്നിരുന്ന മറ്റെല്ലാ വര്‍ഗ്ഗീകരണസമ്പ്രദായങ്ങളുടേയും എന്നെന്നേക്കുമായുള്ള അന്ത്യത്തിനു കാരണമായി.
ഏറെക്കുറേ ലിനേയസ് വിഭാവനം ചെയ്ത വര്‍ഗീകരണരീതി തന്നെയാണ് ഇന്നും ലോകമെമ്പാടും ഉപയോഗത്തിലിരിക്കുന്നത്. ഭൗതികഗുണങ്ങള്‍ക്കു പുറമേ ജീവജാലങ്ങളുടെ ജനിതകവ്യതിയാനങ്ങളും ഇന്നത്തെ വര്‍ഗ്ഗീകരണരീതികളില്‍ പരിഗണിക്കപ്പെടുന്നു. ഇതുള്‍ക്കൊള്ളിക്കുന്നതിനായുള്ള പുതിയ തട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രീതികളാണ് ഇക്കാലത്ത് ടാക്സോണമിസ്റ്റുകള്‍ ഉപയോഗിക്കുന്നത്.
[തിരുത്തുക] തെറ്റിദ്ധാരണ
ശാസ്ത്രജീവിതത്തില്‍ ലിനേയസിന് വളരെ വലിയ ഒരു തെറ്റും സംഭവിച്ചിട്ടുണ്ട്. എന്തെന്നാല്‍, ഭൂതലത്തില്‍ ആകമാനം പരമാവധി 6000 ഇനം സസ്യങ്ങളും, 4400-ഓളം ഇനം ജന്തുക്കളും മാത്രമേയുള്ളൂ എന്ന തെറ്റായ വിശ്വാസമായിരുന്നു ജീവിതകാലം മുഴുവന്‍ അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നത്. എന്നാല്‍ ഈ സംഖ്യ ഏതാണ്ട് 1.3 കോടിക്കും 3 കോടിക്കും ഇടയിലാണെന്നാണ് ഇപ്പോള്‍ ശാസ്ത്രകാരന്മാര്‍ പറയുന്നത്. ഇതില്‍ത്തന്നെ ഏകദേശം രണ്ടു ലക്ഷത്തില്‍ താഴെ ജീവജാലങ്ങളെ മാത്രമേ ഇതുവരെ വര്‍ഗീകരണം നടത്തിയിട്ടുള്ളൂ.
[തിരുത്തുക] അംഗീകാരങ്ങളും സ്ഥാനങ്ങളും
1761-ല്‍ സ്വീഡന്‍ രാജാവ് കാള്‍ വോന്‍ ലിന്നേ എന്ന പേരില്‍ പ്രഭുസ്ഥാനം നല്‍കി ലിനേയസിനെ ആദരിച്ചു. യുറോപ്പിലെമ്പാടുമുള്ള പണ്ഡിതരും വിദ്യാര്‍ത്ഥികളും അദ്ദേഹത്തിന് ഒട്ടേറെ അംഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്വീഡിഷ് ശാസ്ത്ര അക്കാദമിയുടെ സ്ഥാപകരില്‍ ഒരാളായിരുന്ന ലിനേയസ് അതിന്റെ ആദ്യത്തെ അദ്ധ്യക്ഷന്‍ കൂടിയായിരുന്നു. നല്ല ഒരു അദ്ധ്യാപകനായിരുന്ന ലിനേയസ് രണ്ടു പതിറ്റാണ്ടോളം അപ്പ്‌സല സര്‍വകലാശാലയില്‍ ജന്തുശാസ്ത്രത്തിന്റേയും വൈദ്യശാസ്ത്രത്തിന്റേയും പ്രൊഫസാറായിരുന്നു. ഇതിനു പുറമേ അപ്പ്‌സല സസ്യശാസ്ത്രോദ്യാനത്തിന്റെ ഡയറക്റ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
[തിരുത്തുക] അന്ത്യം
1778-ല്‍ ഒരു ഹൃദയാഘാതത്തെത്തുടര്‍ന്നാണ് കാള്‍ ലിനേയസ് മരണമടഞ്ഞത്.
[തിരുത്തുക] അവലംബം
- ↑ “Carl Linnaeus was born in Råshult, Småland, in 1707 on May 13th (Old Style) or 23rd according to our present calendar.” Citation: Linnaeus the child by Uppsala University. "Old Style" in the cited text refers to the Swedish calendar.
- ↑ 2.0 2.1 2.2 GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: GEOSCOPE - The Man who Brought Order to Life, Page no. 24