ജലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അറിയപ്പെടുന്ന രൂപത്തിലുള്ള ജീവന്റെ നീലനില്പിന് അത്യന്താപേക്ഷിതമായ പദാര്‍ത്ഥമാണ് ജലം അഥവാ വെള്ളം. രാസപരമായി ഓക്സിജന്‍, ഹൈഡ്രജന്‍ എന്നീ ആറ്റങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നവയാണ് ജലത്തിലെ തന്മാത്രകള്‍. സാധാരണഗതിയില്‍ ജലം എന്നതു കൊണ്ട് ഈ പദാര്‍ത്ഥത്തിന്റെ ദ്രാവകാവസ്ഥയിലുള്ളതിനെ സൂചിപ്പിച്ചാണ് ഉപയോഗിക്കുന്നതെങ്കിലും, ഖരാവസ്ഥയില്‍ ഹിമമായും വാതാകവസ്ഥയില്‍ നീരാവിയായും ജലം കാണപ്പെടുന്നു. കിണറുകള്‍, പുഴകള്‍, തടാകങ്ങള്‍, സമുദ്രങ്ങള്‍, ഇവയില്‍ നിന്നും മഴ മുഖേനേയും ജലം ലഭ്യമാകുന്നു. ജലം നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കിയാല്‍ നിറമില്ലാത്ത പദാര്‍ത്ഥവുമാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ ജലം അത്യാവശ്യമാണ്. ശുദ്ധരൂപത്തില്‍ രുചിയോ മണമോ ഇല്ലാത്ത ദ്രാവകമാണ് ഇത്.
ഭൂമിയില്‍ വിവിധ രൂപത്തില്‍ ലഭ്യമായ ജലത്തിന്റെ ആകെ അളവ് 140 കോടി ഘനകിലോമീറ്റര്‍ ആണെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (UN Environment Program) കണക്കാക്കിയിട്ടുണ്ട്. ഭൂതലത്തിന്റെ 71% ഭാഗം ജലത്താല്‍ ആവൃതമാണ്. ഭൂമിയിലെ ജലത്തിന്റെ ഭൂരിഭാഗവും സമുദ്രങ്ങളിലും വലിയ ജലാശയങ്ങളിലുമായാണ് സ്ഥിതി ചെയ്യുന്നത്, ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. മനുഷ്യശരീരത്തിന്റെ 95% ജലമാണ്. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൗര്‍ലഭ്യം നേരിടുന്നു. സംസ്കൃത പദമായ जल ഇല് നിന്നാണ് മലയാളത്തിലെ ജലം രൂപം കൊണ്ടത്. മലയാളത്തില്‍ വെള്ളമെന്നും പറയും. ഹിന്ദിയിലും ജല്‍ എന്ന് പറയും
[തിരുത്തുക] ഭൂമിയിലെ ജലത്തിന്റെ വിതരണം
ഭൂമിയിലെ സ്രോതസുകളിൽ വിവിധ അവസ്ഥകളിൽ സ്ഥിതി ചെയ്യുന്ന ജലത്തിന്റെ വിതരണം താഴെപ്പറയുന്നു.
| സ്ഥിതി | അളവ് (%) | കുറിപ്പുകൾ |
|---|---|---|
| ഭൂഗർഭജലം | 1.6 | |
| അന്തരീക്ഷത്തിലെ നീരാവിയും മേഘങ്ങളും വർഷപാതവും | 0.001 | വായുവില്‍ തങ്ങിനില്‍ക്കുന്ന സൂക്ഷമ ജലകണങ്ങളുടെയും ഹിമകണങ്ങളുടേയും കൂട്ടമാണ് മേഘങ്ങൾ |
| ധ്രുവപ്രദേശങ്ങളിലും മറ്റിടങ്ങളിലുമായുള്ള ഹിമാനികളും ഹിമാപാളികളും | 2.4 | |
| സമുദ്രങ്ങൾ | 97 | |
| നദികൾ, തടാകങ്ങൾ | 0.6 |
ഭൂമിക്കു പുറമേ വ്യാഴത്തിന്റെ ഉപഗ്രഹമായ യുറോപ്പ, ശനിയുടെ ഉപഗ്രഹമായ എന്‍സെല്ലാഡസ് എന്നിവിടങ്ങളിലും ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
[തിരുത്തുക] ചരിത്രപ്രാധാന്യം
ജനവാസമുള്ള എന്നും സമ്പന്നമായ എന്നും അര്‍ത്ഥമുള്ള അബാദ് എന്ന പേര്‍ഷ്യന്‍ വാക്കും, വളര്‍ച്ച പ്രാപിക്കുന്ന എന്നര്‍ത്ഥമുള്ള അബാദി എന്ന പേര്‍ഷ്യന്‍ വാക്കും ജലം എന്നര്‍ത്ഥമുള്ള അബ് എന്ന വാക്കില്‍ നിന്ന് ഉടലെടുത്തതാണ്[1].
[തിരുത്തുക] രാസഘടന
ജലതന്മാത്ര ഹൈഡ്രജന്റേയും ഓക്സിജന്റേയും ആറ്റങ്ങള്‍ അടങ്ങിയ ഒരു സംയുക്തമാണ്. ഓരോ തന്മാത്രയിലും ഹൈഡ്രജന്റെ 2 ആറ്റങ്ങളും ഓക്സിജന്റെ ഒരു ആറ്റവും അടങ്ങിയിരിക്കുന്നു. ജലത്തിന്റെ രാസവാക്യം H2O.
മൂന്ന് അവസ്ഥകളിലും പ്രകൃതിയില്‍ കാണപ്പെടുന്ന ഒരേ ഒരു വസ്തു ജലമാണ്. വസ്തുക്കളെ ലയിപ്പിക്കാനുള്ള ഇതിന്റെ കഴിവിനെക്കണക്കാക്കി ജലത്തെ സാര്‍വത്രിക ലായകം(universal solvent) എന്നും വിളിക്കുന്നു.
[തിരുത്തുക] രാസഗുണങ്ങള്‍
1781-ല്‍ പ്രീസ്റ്റ്‌ലീ ആണ് കൃത്രിമമായി ജലം ഉത്പാദിപ്പിച്ചത്. ഖരാവസ്ഥയിലെ കുറഞ്ഞ സാന്ദ്രത, ഉയര്‍ന്ന ദ്രവണാങ്കം, തിളനില, ലായകത്വം തുടങ്ങിയവ ജലത്തിന്റെ സവിശേഷഗുണങ്ങളാണ്. ജലത്തിന്റെ തന്മാത്രാഘടനയിലുള്ള പ്രത്യേകത നിമിത്തം ഉണ്ടാകുന്ന ഹൈഡ്രജന്‍ ബന്ധനം ഉണ്ടാകുന്നു.ഓരോ ജലതന്മാത്രയ്ക്കും ഇത്തരത്തിലുള്ള നാല് ബന്ധനങ്ങള്‍ സാദ്ധ്യമാണ്. ആയതിനാല്‍ തന്മാത്രാശൃംഖലകള്‍ രൂപം കൊള്ളുന്നു.ജലം അന്തരീക്ഷോഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതിചെയ്യുന്നതിനുള്ള കാരണം ഇതാണ്. ജലത്തിലുള്ള കൂടിയ തോതിലെ ഹൈഡ്രജന്‍ ബന്ധനങ്ങളാണ് ഉയര്‍ന്ന തിളനിലയ്ക്കും ദ്രവണാങ്കത്തിനും കാരണമാകുന്നത്. ഹൈഡ്രജന്‍ ബന്ധനങ്ങള്‍ തന്മാത്രകളെ പരസ്പരം ബന്ധിപ്പിച്ചുനില്‍ക്കുന്നു. അധിക ഊഷ്മാവിലേ ഈ ബന്ധനങ്ങള്‍ ഭേദിയ്ക്കാന്‍ സാദ്ധ്യമാകൂ. ഇപ്രകാരം ഉയര്‍ന്ന തിളനിലയ്ക്ക് കാരണമാകുന്നു. ജലത്തിന്റെ തിളനില 100 ഡിഗ്രി സെഷ്യസ് ആണ്. ഹൈഡ്രജന്‍ ബന്ധനം വഴി ജലതന്മാത്രകള്‍ക്ക് ധ്രുവീകരണമുള്ള തന്മാത്രകളുമായി പ്രതിപ്രവര്‍ത്തിച്ച് അവയെ ലയിപ്പിയ്ക്കാന്‍ സാധിയ്ക്കുന്നു.
ശുദ്ധജലത്തിന് അമ്ല സ്വഭാവമോ ക്ഷാര സ്വഭാവമോ ഇല്ല. ഇത് ഒരു നിര്‍വീര്യലായകമായി പ്രവര്‍ത്തിയ്ക്കുന്നു. pH-മൂല്യം ജലത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍വ്വചിച്ചിരിയ്ക്കുന്നത്.
[തിരുത്തുക] ഭൗതികഗുണങ്ങള്‍
ഹൈഡ്രജന്‍ ആറ്റങ്ങള്‍ ഒരു ഓക്സിജന്‍ ആറ്റവുമായി ഇലക്ട്രോണുകള്‍ പങ്കിട്ടാണ് ഒരു ജലതന്മാത്ര രൂപം കൊള്ളുന്നത്. ഹൈഡ്രജന്‍ ആറ്റങ്ങള്‍ ഓക്സിജന്‍ ആറ്റങ്ങളുമായി 105 ഡിഗ്രി കോണിലായിരിയ്ക്കും സ്ഥിതിചെയ്യുന്നത്. ധ്രുവിത സ്വഭാവം ഉള്ളതിനാല്‍ ജലതന്മാത്രകള്‍ എപ്പോഴും അണിചേര്‍ന്നുനില്‍ക്കാന്‍ ശ്രമിയ്ക്കുന്നു. താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസോ അതില്‍ താഴേയോ ആവുമ്പോള്‍ തന്മാത്രകളുടെ ഗതികോര്‍ജ്ജം കുറവായിരിയ്ക്കും. ഈ അവസ്ഥയില്‍ ചൂടാക്കുമ്പോള്‍ ഗതികോര്‍ജ്ജം കൂടുകയും തത്‌ഫലമായി തന്മാത്രകള്‍ സ്വതന്ത്രമായി ചലിയ്ക്കുന്നു. ഈ പ്രതിഭാസമാണ് ദ്രവീകരണം. താപനില 4ഡിഗ്രി സെല്‍ഷ്യസില്‍ അധികമായാലോ കുറഞ്ഞാലോ ജലസാന്ദ്രത കുറയുകയും വ്യാപ്തം കൂടുകയും ചെയ്യുന്നു. ഈ പ്രതിഭാസമാണ് ജലത്തിന്റെ അസാധാരണ വികാസം(Anomalous expansion of water) എന്നറിയപ്പെടുന്നത്.
[തിരുത്തുക] നിറം
പ്രത്യേകിച്ച് നിറമില്ലാത്തതും സുതാര്യമായതുമായ വസ്തുവാണ് ശുദ്ധജലം. എങ്കിലും അതില് ലയിച്ചിരിക്കുന്ന ലവണത്തിന്റെ നിറം ജലത്തിനു ലഭിക്കും. ജലം ഇന്‍ഫ്രാറെഡ് കിരണങ്ങളെ പൂര്‍ണമായി ആഗിരണം ചെയ്യുന്നു. വിദ്യുത്കാന്തിക രാജിയില്‍ ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ക്ക് തൊട്ടടുത്തുള്ളതാണല്ലോ ചുവപ്പ്. ആയതിനാല്‍ ചെറിയ അളവില്‍ ചുവപ്പു പ്രകാശത്തേയും ജലം ആഗിരണം ചെയ്യുന്നു. ഇക്കാരണത്താലാണ് കൂടിയ അളവിലുള്ള ജലം നീല നിറത്തില്‍ കാണപ്പെടുന്നത് (ഉദാ: സമുദ്രജലം). ജലത്തില്‍ അടങ്ങിയിരിക്കുന്ന മറ്റു ഘടകങ്ങള്‍ മൂലം അതിന്റെ നിറത്തിന് മാറ്റം സംഭവിക്കുന്നു. ചുണ്ണാമ്പുകല്ലിന്റെ സാന്നിധ്യം ജലത്തിന് പച്ച കലര്‍ന്ന നീല (turquoise) നിറം നല്‍കുന്നു. ഇരുമ്പിന്റെ സംയുക്തങ്ങളുടെ സാന്നിധ്യം വെള്ളത്തിന് ചുവപ്പു കലര്‍ന്ന തവിട്ടു നിറവും, ചെമ്പിന്റെ സംയുക്തങ്ങള്‍ കടും നീല നിറവും, കടല്‍ജീവികളായ ആല്‍ഗകളുടെ സാന്നിധ്യം ജലത്തിന് പച്ച നിറവും നല്‍കുന്നു.
[തിരുത്തുക] ശുദ്ധജലം
ലവണാംശം കലരാത്ത ജലമാണ് ശുദ്ധജലം. നദികള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയവ ആണ് ശുദ്ധജലസ്രോതസ്സുകള്‍. ലോകത്തിലെ ശുദ്ധജലത്തിന്റെ 71 ശതമാനത്തോളം കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്നു. ഗാര്‍ഹികാവശ്യങ്ങള്‍ക്ക് 10 ശതമാനത്തോളമേ ഉപയോഗിയ്ക്കുന്നുള്ളൂ. ശുദ്ധജലത്തിന്റെ 45 ശതമാനത്തോളം അമേരിയ്ക്കന്‍ ഭൂഖണ്ഡത്തിലാണ്. ഭാരതത്തില്‍ ശുദ്ധജലത്തിന്റെ 4 ശതമാനമാണുള്ളത്. കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ 71 ശതമാനത്തോളം ജലം ഉപയോഗിച്ചുവരുന്നു.
[തിരുത്തുക] സമുദ്രജലം
സമുദ്രജലം വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള വ്യത്യസ്ഥ ലവണങ്ങളുടെ ഒരു ലായനിയാണ്. കറിയുപ്പ് അഥവാ സോഡിയം ക്ലോറൈഡ് ആണ് ഈ ലവണങ്ങളില്‍ പ്രധാനം.ഭൂമിയുടെ ഉപരിതലത്തിന്റെ 70ശതമാനത്തോളം സമുദ്രജലമാണ്.ഇതില്‍ 96.5ശതമാനം ജലവും 2.5ശതമാനം ലവണവും അടങ്ങിയിരിയ്ക്കുന്നു.
[തിരുത്തുക] കഠിനജലം
കഠിനജലത്തില്‍ കാല്‍സ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും ലവണങ്ങള്‍ അടങ്ങിയിരിയ്ക്കുന്നു.സാധാരണ ഗതിയില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കോ വ്യാവസായികാവശ്യങ്ങള്‍ക്കോ ഇത് ഉപയോഗപ്രദമല്ല.കഠിനജലത്തില്‍ സോപ്പുപത രൂപപ്പെടുന്നില്ല.തിളപ്പിയ്ക്കുമ്പോള്‍ ഇതിന്റെ കാഠിന്യം കുറയുന്നു.
[തിരുത്തുക] മൃദുജലം
കഠിനജലത്തിന് കാരണമായ ലവണങ്ങളില്‍ നിന്ന് മുക്തമായ ജലമാണ് മൃദുജലം.മൃദുജലം സര്‍വ്വസാധാരണയായി ഉപയോഗിച്ചുവരുന്നു.
[തിരുത്തുക] ധാതുജലം
ധാതുക്കള്‍ കലര്‍ന്ന ജലമാണിത്.കാത്സ്യം കാര്‍ബണേറ്റ്,മഗ്നീഷ്യം സള്‍ഫേറ്റ്,സോഡിയം സള്‍ഫേറ്റ് എന്നിവയും കാര്‍ബണ്‍ ഡൈ ഓക്സൈഡ്,ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നീ വാതകങ്ങളും ജലത്തില്‍ കാണാം.
[തിരുത്തുക] ജലത്തിന്റെ അവസ്ഥകള്‍
ഖരം, ദ്രാവകം വാതം എന്നീ അവസ്ഥകളില് ജലം ഉണ്ടാകാം. താപനില അനുസരിച്ച് രൂപത്തില് മാറ്റം വരും ഖരാവസ്ഥയെ ഐസ്(മഞ്ഞ്) എന്നും വാതകമായതിനെ നീരാവി എന്നും പറയുന്നു.
[തിരുത്തുക] മഞ്ഞ്
ജലത്തിന്റെ ഖരരൂപം. ശുദ്ധജലം 0° സെ. (-32° ഫാ.) താപനിലയില്‍ മഞ്ഞുകട്ടയായി മാറുന്നു. വെള്ളത്തില്‍ ഉപ്പു പോലെയുള്ള സംയുക്തങ്ങള്‍ ചേര്‍ക്കുന്നതു വഴി ഖരാങ്കം (ആംഗലേയം: freezing poing) താഴ്ത്താന്‍ സാധിക്കും.
ജലം മഞ്ഞുകട്ടയായി രൂപാന്തരം പ്രാപിക്കുമ്പോള്‍ അതിന്റെ സാന്ദ്രത കുറയുകയും വ്യാപ്തം വര്‍ദ്ധിക്കുകയും ചെയ്യുന്നു. സാന്ദ്രത കുറവായതിനാലാണ് മഞ്ഞുകട്ട വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്.
[തിരുത്തുക] നീരാവി
ജലത്തിന്റെ വാതകാവസ്ഥ.
[തിരുത്തുക] ഘനജലം
ഘനഹൈഡ്രജന്‍ അടങ്ങിയിരിക്കുന്ന ജലം. ഘന ജലത്തിന്റെ തന്മാത്രകളില്‍ സാധാരണ ഹൈഡ്രജനു പകരം ഘന ഹൈഡ്രജന്‍ അഥവാ ഹൈഡ്രജന്റെ ഐസോട്ടോപ്പായ ഡ്യുട്ടീരിയം ആണ് അടങ്ങിയിരിക്കുന്നത്. ഡ്യുട്ടീരിയത്തിന്റെ ആറ്റോമികഭാരം സാധാരണ ഹൈഡ്രജന്റേതിനെ അപേക്ഷിച്ച് കൂടുതലാണ്. സാധാരണ ജലത്തിലും ഘനജലത്തിന്റെ തന്മാത്രകള്‍ നേരിയ അളവില്‍ കാണപ്പെടുന്നുണ്ട്. ചില ന്യൂക്ലിയര്‍ റിയാക്റ്ററുകളില്‍ മോഡറേറ്റര്‍ ആയി ഘനജലമാണ് ഉപയോഗിക്കുന്നത്.
[തിരുത്തുക] ജലമലിനീകരണം
[തിരുത്തുക] കാരണങ്ങള്‍
ജലമലിനീകരണത്തിന് കാര്‍ബണികമോ അകാര്‍ബണികമോ ആയ പദാര്‍ത്ഥങ്ങള്‍ കാരണമാകുന്നു.ജലം മികച്ച ഒരു ലായകമായതിനാല്‍ ചെറിയ അളവിലും പദാര്‍ത്ഥങ്ങളെ ലയിപ്പിയ്ക്കുന്നു.ഇത് ജലമലിനീകരണസാദ്ധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.ജൈവവിഘടനത്തിന് വിധേയമാകുന്ന കാര്‍ബണികവസ്തുക്കള്‍ ശുദ്ധീകരണപ്രക്രിയയില്‍ സങ്കീര്‍ണ്ണങ്ങളായ കാര്‍ബണികതന്മാത്രകളെ സൂക്ഷ്മാണുക്കള്‍ വിഘടിച്ച് ഹാനികരമല്ലാത്ത പദാര്‍ത്ഥങ്ങളഅക്കി മാറ്റുന്നു.ജലത്തിലെ ഓക്സിജനെ ഉപയോഗിയ്ക്കുന്നതിനാല്‍ ലയിച്ചുചേര്‍ന്ന പദാര്‍ത്ഥങ്ങളുടെ അളവ് കൂടുന്നതിനനുസരിച്ച് ഓക്സിജന്റെ അളവ് ഗണ്യമായി കുറയുന്നു.
ഭക്ഷ്യവസ്തുക്കള്‍,തുകല്‍ എന്നിവ സംസ്കരിയ്ക്കുന്ന ഫാക്‍റ്ററികള്‍,ചായം,തുണിത്തരങ്ങള്‍ തുടങ്ങിയവ നിര്‍മ്മിയ്ക്കുന്ന ഫാക്‍റ്ററികള്‍ ഇവയെല്ലാം കാര്‍ബണികമാലിന്യങ്ങള്‍ ഉണ്ടാക്കുന്നവയാണ്.പാറകളില്‍ അടങ്ങിയിരിയ്ക്കുന്ന കാരീയ ലവണങ്ങള്‍ പ്രകൃതിദത്തമഅയ ജലമലിനീകരണത്തിന് കാരണമാകുന്നു.കീടനാശിനികളും രാസവളങ്ങളും ജലസ്രോതസ്സുകളെ മലിനമാക്കുന്നു.ആധുനികകൃഷിരീതിയില്‍ ശാസ്ത്രെയത അവലംബിയ്ക്കാത്തതിനാല്‍ യൂട്രോഫിക്കേഷന്‍ എന്ന പ്രതിഭാസവും ഉണ്ടാകുന്നു.
[തിരുത്തുക] ജലമാലിന്യത്തിന്റെ അളവ്
ജലത്തില്‍ അടങ്ങിയ മാലിന്യത്തിന്റെ തോത് അളക്കാന്‍ ജലത്തിന്റെ ലായകസ്വഭാവമം ആണ് ഉപയോഗപ്പെടുത്തുന്നത്.നിശ്ചിത അളവ് ജലം ശേഖരിച്ച് 20ഡിഗ്രി സെല്‍ഷ്യസ്സില്‍ കുറഞ്ഞത് 5 ദിവസം സൂക്ഷിയ്ക്കുന്നു.ആരംഭത്തിലും അവസാനത്തിലും ഓക്സിജന്റെ അളവ് അളക്കുന്നു.ഓക്സിജന്റെ അളവ് ഇപ്രകാരം കണ്ടെത്താം.ഇതിനെ BOD എന്ന് പറയുന്നു.ppm യൂണിറ്റിലാണ് ഇത് സൂചിപ്പിയ്ക്കുനത്.കുടിയ്ക്കാനുള്ള ജലത്തിന്റെ BOD 0.75-1.5ppm ആയിരിയ്ക്കും.
[തിരുത്തുക] മനുഷ്യശരീരത്തില്‍
മനുഷ്യശരീരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ജലമാണ്.നവജാതശിശുവില്‍ 77ശതമാനത്തോളവും പ്രായപൂര്‍ത്തിയായ ഒരാളില്‍65ശതമാനത്തോളവും പ്രായം ചെന്നവരില്‍ 50ശതമാനത്തോളവും ജലം ഉണ്ട്.ശരീരത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് ഓക്സിജനും പോഷകഘടകങ്ങളും എത്തിയ്ക്കുക എന്നതാണ് പ്രധാനധര്‍മ്മം.അതോടൊപ്പം ശരീരത്തില്‍ ഉല്പാദിപ്പിയ്ക്കുന്ന മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു.ഇപ്രകാരം ശരീരോഷ്മാവ് നിയന്ത്രിയ്ക്കുക,ഉപാപചയപ്രവര്‍ത്തനങ്ങളെ നിയന്ത്രിയ്ക്കുക എനിവയും ജലത്തിന്റെ ധര്‍മ്മങ്ങളാണ്.പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തില്‍ 35ലിറ്ററോളം ജലം ആവശ്യമാണ്.
[തിരുത്തുക] അന്താരാഷ്ട്ര ജലസംഘടനകള്‍
[തിരുത്തുക] ഇന്റര്‍നാഷണല്‍ വാട്ടര്‍ ഹിസ്റ്ററി അസ്സോസിയേഷന്‍
1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന 'ജലം ചരിത്രത്തില്‍ ആഗോള കാഴ്ചപ്പാടുകള്‍' എന്ന സമ്മേളനത്തിലാണ് ഇത്തരമൊരു സംഘടനയെപ്പറ്റിയുള്ള ആശയം ഉടലെടുത്തത്.മനുഷ്യനും ജലവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് ഗവേഷണവും ചരിത്രാവബോധവും പ്രോത്സാഹിപ്പിയ്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം.
[തിരുത്തുക] വേള്‍ഡ് വാട്ടര്‍ കോണ്‍സില്‍
1994ല്‍ നെതര്‍ലാന്‍സില്‍ നടന്ന പരിസ്ഥിതി-ശുചീകരണ,കുടിവെള്ള സമ്മേളനത്തിലാണ് ഈ ആശയം അവതരിപ്പിയ്ക്കപ്പെട്ടത്.ജലസംരക്ഷണം,വികസനം,ആസൂത്രണം,ഉപഭോഗം എന്നിവയെ പ്രോത്സാഹിപ്പിയ്ക്കുനതിനും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് എല്ലാതലങ്ങളിലും അവബോധം സൃഷ്ടിയ്ക്കുന്നതിനും ആണ് ഇത് രൂപപ്പെടുത്തിയത്.
[തിരുത്തുക] ഗ്ലോബല്‍ വാട്ടര്‍ പാര്‍ട്ണര്‍ഷിപ്
1996ല്‍ ആണിതിന് രൂപ നല്‍കിയത്.ജലസ്രോതസ്സുകള്‍ കൈകാര്യം ചെയ്യുന്ന സംഘടനകള്‍ക്ക് ഒത്തുചേരാനുള്ള ഒരു അന്താരാഷ്ട്രശൃംഖലയാണിത്.
[തിരുത്തുക] വേള്‍ഡ് വാട്ടര്‍ ഫോറം
ലോകജലസമിതി മൊറോക്കോ സര്‍ക്കാര്‍,യു,എന്‍ സംഘടനകള്‍ ഇവയെ സംഘടിപ്പിച്ചുകൊണ്ട് 1997ല്‍ ആദ്യത്തെ ഫോറം മരക്കേഷ് നഗരത്തില്‍ സംഘടിപ്പിച്ചു."ജലം-ലോകത്തിന്റെ പൊതുപൈതൃകം"എന്നതായിരുന്നു ഇതിന്റെ വിഷയം.
[തിരുത്തുക] ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓണ്‍ ഇറിഗേഷന്‍ ആന്റ് ഡ്രയ്‌നേജ്
ന്യൂഡല്‍ഹി ആസ്ഥാനമായി 1950ല്‍ നിലവില്‍ വന്ന സംഘടനയാണിത്.രാജ്യങ്ങളാണ് ഇതില്‍ അംഗങ്ങള്‍.ജലസേചനം,ജലനിര്‍ഗ്ഗമനം എന്നീ മേഖലകളില്‍ ഗവേഷനവും ശാസ്തസാങ്കേതികവിദ്യയുടെ ഉപയോഗവും വര്‍ദ്ധിപ്പിയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
[തിരുത്തുക] അന്താരാഷ്ട്രശുദ്ധജലവര്‍ഷം
ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ 2003നെ അന്താരാഷ്ട്രശുദ്ധജലവര്‍ഷമായി ആചരിച്ചു.രൂക്ഷമായ ജലപ്രശ്നങ്ങളെ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.
[തിരുത്തുക] ഹൈഡ്രോളജി
ജലത്തെക്കുറിച്ച് പഠിയ്ക്കുന്ന ശാസ്ത്രശാഖയാണ് ഹൈഡ്രോളജി.ജലത്തിന്റെ ഉപാഗമം,വിതരണം,ചംക്രമണം,ജലത്തിന്റെ രാസ-ഭൗതിക ഗുണങ്ങള്‍ എന്നിവിടെ പഠനവിഷയം ആണ്.
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] കുറിപ്പുകള്‍
[തിരുത്തുക] അവലംബം
- ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
- ↑ Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 65, ISBN 81 7450 724
