പെരിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പെരിയാർ നദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെരിയാർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പെരിയാർ (വിവക്ഷകൾ) എന്ന താൾ കാണുക. പെരിയാർ (വിവക്ഷകൾ)
പെരിയാർ നദി
പെരിയാറിന്റെ സഞ്ചാരം കാണിക്കുന്ന ഭൂപടം
പെരിയാറിന്റെ സഞ്ചാരം കാണിക്കുന്ന ഭൂപടം
ഉത്ഭവം ശിവഗിരി മലകൾ [1]
നദീമുഖം/സംഗമം അറബിക്കടൽ
നദീതട സംസ്ഥാനം/ങ്ങൾ‍ കേരളം,തമിഴ്‌നാട്
നീളം 244 കി.മീ.
ഉത്ഭവ സ്ഥാനത്തെ ഉയരം 1830 മീ.
നദീമുഖത്തെ ഉയരം സമുദ്ര നിരപ്പ്
നദീതട വിസ്തീർണം 5,398 ച.കി.
കേരളത്തിലെ നദികൾ
 1. പെരിയാർ
 2. ഭാരതപ്പുഴ
 3. പമ്പാ നദി
 4. ചാലിയാർ
 5. കടലുണ്ടിപ്പുഴ
 6. അച്ചൻ‌കോവിലാറ്
 7. കല്ലടയാർ
 8. മൂവാറ്റുപുഴയാർ
 9. മുല്ലയാർ
 10. വളപട്ടണം പുഴ
 11. ചന്ദ്രഗിരി പുഴ
 12. മണിമലയാർ
 13. വാമനപുരം പുഴ
 14. കുപ്പം പുഴ
 15. മീനച്ചിലാർ
 16. കുറ്റ്യാടി നദി
 17. കരമനയാർ
 18. ഷിറിയ പുഴ
 19. കാര്യങ്കോട് പുഴ
 20. ഇത്തിക്കരയാർ
 21. നെയ്യാർ
 22. മയ്യഴിപ്പുഴ
 23. പയ്യന്നൂർ പുഴ
 24. ഉപ്പള പുഴ
 25. ചാലക്കുടിപ്പുഴ
 26. കരുവന്നൂർ പുഴ
 27. താണിക്കുടം പുഴ
 28. കീച്ചേരിപ്പുഴ
 29. അഞ്ചരക്കണ്ടി പുഴ
 30. തിരൂർ പുഴ
 31. നീലേശ്വരം പുഴ
 32. പള്ളിക്കൽ പുഴ
 33. കോരപ്പുഴ
 34. മോഗ്രാൽ പുഴ
 35. കാവേരിപ്പുഴ
 36. മാനം നദി
 37. ധർമ്മടം പുഴ
 38. ചിറ്റാരി പുഴ
 39. കല്ലായിപ്പുഴ
 40. രാമപുരം പുഴ
 41. അയിരൂർ പുഴ
 42. മഞ്ചേശ്വരം പുഴ
 43. കബിനി നദി
 44. ഭവാനി നദി
 45. പാംബാർ നദി
 46. തൊടുപുഴയാർ

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ [2] കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു[3][4] 244 കി.മീ നീളമുള്ള ഈ നദി കേരളത്തിലെ വലിയൊരു ഭാഗം ജനങ്ങളുടെ ഗാർഹികം, വൈദ്യുതി, വിനോദസഞ്ചാരം, മത്സ്യബന്ധനം, തീർത്ഥാടനം, ജലസേചനം, മണൽഖനനം, കുടിവെള്ളം, ഉൾനാടൻ ഗതാഗതം, വ്യാവസായങ്ങൾ തുടങ്ങിയ ബഹുമുഖങ്ങളായ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ട്.[5] കേരളത്തിന്റെ വൈദ്യുതോർജ്ജത്തിന്റെ നല്ലൊരു പങ്ക് പെരിയാറിൽ നിർമിച്ച ജലവൈദ്യുതപദ്ധതികളിൽ നിന്നുത്പാദിപ്പിക്കപ്പെടുന്നു.[6]

പെരിയാർനദിയിൽ ആകെ പതിനാല് തടയണകളുണ്ട്. അഞ്ച് ജില്ലകളിലായി 41 പഞ്ചായത്തിലൂടെയും, മൂന്നു മുനിസിപ്പാലിറ്റികളിലൂടെയും, ഒരു കോർപ്പറേഷനിലൂടെയും പെരിയാർ കടന്നുപോകുന്നുണ്ട്.[7] ഏതാണ്ട് അമ്പതുലക്ഷത്തോളം ആളുകൾ വിവിധ ആവശ്യങ്ങൾക്കായി പെരിയാറിലെ ജലത്തെ ആശ്രയിക്കുന്നുണ്ട്. സംസ്ഥാനത്തെ വ്യവസായത്തിന്റെ 25ശതമാനവും പെരിയാറിന്റെ തടങ്ങളിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ വ്യവസായങ്ങൾ പുറംതള്ളുന്ന പലതരത്തിലുള്ള അഴുക്കുകൾ പെരിയാറിനെ കാലങ്ങളായി മലിനമാക്കുന്നു. കൂടാതെ അനധികൃതമായി നടക്കുന്ന മണൽഖനനം പെരിയാറിന് വളരെ കടുത്ത പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. 43000 ടൺ മണൽ പ്രതിദിനം പെരിയാറിൽ നിന്നും ഖനനം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.[8]

പേരിനു പിന്നിൽ[തിരുത്തുക]

തമിഴിലെ പെരിയ അഥവാ വലിയ നദി (ആറ്‌) ആണ് പെരിയാർ ആയത്. പെരിയാറിന് ആലുവാപ്പുഴ, ചൂർണ്ണ, പൂർണ്ണ, ചൂർണ്ണി എന്നും പര്യായങ്ങൾ ഉണ്ട്.[9]

ചരിത്രം[തിരുത്തുക]

പെരിയാറിന്റെ ചരിത്രം കേരളചരിത്രവുമായി വളരെ ബന്ധപ്പെട്ടതാണ്‌. സംഘം കൃതികളിൽ ചൂർ‌ണി നദി യെന്നും താമ്രപരണിയെന്ന പേരിലും ഈ നദിയെ പ്രതിപാദിച്ചിരിക്കുന്നു [9] കൊടുങ്ങല്ലൂരിൽ നിന്നും പാണ്ഡ്യ തലസ്ഥാനമായ മദുരയിലേക്കു പെരിയാർ നദിയോരത്തുകൂടി ചരക്കുകൾക്കും മറ്റുമായി ജലഗതാഗത പാത ഉണ്ടായിരുന്നതായി സംഘം കൃതികളിൽ പറയുന്നു. പതിറ്റുപത്തില് ചേരതലസ്ഥാനമായ വഞ്ചി പെരിയാറിൻ തീരത്താണ് എന്ന് പറയുന്നുണ്ട്. മുൻകാലങ്ങളിൽ ഈ പ്രസ്താവന ചൂർണ്ണ തിരുച്ചിറപ്പള്ളിയിലെ അമരാവതി നദിയാണ് എന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയിരുന്നു. അടുത്തകാലത്ത് നടന്ന ഗവേഷണങ്ങൾ പെരിയാറാണ് ഇത് എന്ന് തെളിയിക്കുന്നുണ്ട്. പുറനാനൂറിൽ രണ്ടു ചേരരാജാക്കന്മാരെപ്പറ്റി വിവരിക്കുമ്പോളാണ് വഞ്ചി നഗരത്തേയും പൊരുനൈ നദിയേയും പറ്റി വർണ്ണിക്കുന്നത്.[9] താമ്രപർണ്ണി നദിയുടെ പര്യായമാണ് പൊരുന്തവും പൊരുനൈയും. പശ്ചിമഘട്ടത്തിൽ നിന്ന് കിഴക്കോട്ടൊഴുകുന്ന താമ്രപർണ്ണി നദിയുടെ അതേ ഉത്ഭവമാണ് പെരിയാറിനും എന്ന വിശ്വാസമാണ് ഇതിന് കാരണം. ഇവിടെ ഇല്ലിത്തോട്-മുളങ്കുഴി ഭാഗത്ത് മഹാശിലാസ്മാരകങ്ങൾ എന്ന് സംശയിക്കപ്പെടുന്ന ഗുഹകൾ കാണപ്പെടുന്നുണ്ട്. കേരളചരിത്രത്തിൽ പ്രാചീനശിലായുഗമില്ല എന്ന് വാദിച്ചവർക്ക് മറുപടിയായി ആദ്യമായി അതിന് തെളിവുകൾ ലഭിച്ചത് പെരിയാറിന്റെ തീരത്തുനിന്നാണ്.[10] തെന്മലക്കടുത്തുള്ള ചെന്തുരുണിമലയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്.[11] ക്രി.വ. 1343 ലെ പെരിയാർ വെള്ളപ്പൊക്കത്തിൽ ആദ്യപ്രതിഷ്ഠ നിലനിന്നിരുന്ന ക്ഷേത്രം നശിച്ചു പോവുകയും പകരം വടക്ക് വശത്തുള്ള ഉയർന്ന കരയിൽ പുതിയ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. പെരിയാറിന്റെ മംഗലപ്പുഴ ശാഖ ഒഴുകി മുനമ്പത്ത് കടലിനോട് ചേരുന്നിടത്താണ്‌ പുരാതനകാലത്തെ പ്രസിദ്ധമായ മുസിരിസ് എന്ന പട്ടണം സ്ഥിതി ചെയ്തിരുന്നത്.

ആദിശങ്കരന്റെ ജന്മം കൊണ്ട് പ്രസിദ്ധമായ കാലടി പെരിയാറിന്റെ തീരത്താണ്‌. അദ്ദേഹവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ മുതലക്കടവ് ഇന്നും നിലനിൽക്കുന്നു. ശങ്കരാചാര്യരുടെ അമ്മ ആര്യാംബയുടെ സ്മാരകവും പെരിയാർ തീരത്താണ്‌. പെരിയാറ്റിലെ ജലത്തിന്‌ ഔഷധഗുണം ഉണ്ടെന്നു കരുതുന്ന നിരവധി ആദിവാസി വിഭാഗങ്ങളുടെ വിവാഹച്ചടങ്ങുകൾക്ക് പെരിയാറ്റിലെ ജലം അത്യാവശ്യമാണ്‌. പെരിയാറ്റിന്റെ അരികിലുള്ള നിരവധി ക്ഷേത്രങ്ങളുടേയും പള്ളികളുടേയും ചടങ്ങുകളും പെരിയാറ്റിലെ ജലത്തെ ആശ്രയിച്ചാണ്‌ നടന്നുവരുന്നത്. തിരുവിതാംകൂർ, കൊച്ചി എന്നിവിടങ്ങളിലെ രാജാക്കന്മാർ തങ്ങൾക്ക് കുളിച്ചു താമസിക്കുവാനായി പെരിയാറിന്റെ തീരത്ത് പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അവയിൽ ആലുവ പാലസ്, അന്ത്രപ്പേർ കെട്ടിടം, കോഡർ മാളിക, ചൊവ്വര കൊട്ടാരം തുടങ്ങിയവ ഇന്നും അവശേഷിക്കുന്നുണ്ട്. പോർട്ടുഗീസുകാരും ഡച്ചുകാരും ഈ രീതി പിന്തുടർന്നിരുന്നു.[9] തോമാശ്ലീഹ മലയാറ്റൂർ എത്തിയത് പെരിയാറിന്റെ കൈവഴികളിലൂടെയായിരുന്നു എന്നു വിശ്വസിക്കുന്നവരും ഉണ്ട്. മലയാറ്റൂർ ഇന്ന് അന്തർദ്ദേശീയ തീർത്ഥാടന കേന്ദ്രമായിക്കഴിഞ്ഞു. കേരളത്തിൽ സുഗന്ധവ്യഞ്ജനങ്ങൾക്കായി പോർട്ടുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും മറ്റും കേരളത്തിൽ എത്തിയപ്പോൾ ഇടുക്കിയിലെ കാടുകളിൽ നിന്ന് സുഗന്ധദ്രവ്യങ്ങൾ മലയിറക്കി കൊണ്ടുവന്നിരുന്നത് പെരിയാറ്റിലൂടെയായിരുന്നു. മലയാറ്റൂർ-നീലീശ്വരം ഭാഗത്ത് ബ്രിട്ടീഷുകാർ അവരുടെ തടിഡിപ്പോകൾ സ്ഥാപിച്ചിരുന്നു.

ടിപ്പു സുൽത്താന്റെ കാലത്ത് തിരുവിതാംകൂർ ആക്രമിക്കാനെത്തിയ പടയാളികൾ പെരിയാറ്റിലെ മലവെള്ളപ്പാച്ചിൽ കണ്ട് ഭയന്ന് പിന്മാറി എന്നും ചരിത്രം രേഖപ്പെടുത്തുന്നു. ക്രി.വ.1341 പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂരിലെ അഴി അടയുകയും പിന്നീട് കൊച്ചിയിലെ അഴിമുഖം തുറക്കുകയും ചെയ്തു. അതോടെ തോട്ടുമുഖത്ത് വെച്ച് പെരിയാർ രണ്ടായി പിരിഞ്ഞു. ഒരു കൈവഴി പഴയതുപോലെ ദേശം, മംഗലപ്പുഴ വഴി കൊടുങ്ങല്ലൂർ കായലിൽ ചേരുന്നു. പുതിയതായി ഉണ്ടായ കൈവഴി ആലുവയെ രണ്ടായി മുറിച്ച് തെക്കോട്ട് ഒഴുകി കഞ്ഞുണ്ണിക്കരയിൽ വെച്ച് പിന്നെയും രണ്ടായി പിരിഞ്ഞ് ഒരു കൈവഴി വരാപ്പുഴയിലേക്കും മറ്റേത് കൊച്ചി കായലിലേക്കും ചേർന്നു തുടങ്ങി. ഈ മാറ്റത്താൽ കൊടുങ്ങല്ലൂരിനെ തുറമുഖയോഗ്യമാക്കിയിരുന്ന അഴി അടഞ്ഞ് തുറമുഖം ഉപയോഗ്യമല്ലാതായി. ചേരൻ‌മാരുടെ പ്രധാന നഗരിയും പുരാതന കേരളത്തിലെ പ്രധാന തുറമുഖവുമായിരുന്ന കൊടുങ്ങല്ലൂരിന്റെ പതനവും കൊച്ചിയുടെ ഉയർച്ചയും ഈ ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ കാരണമായിരുന്നു.[9]

സ്ഥിതിവിവരങ്ങൾ[തിരുത്തുക]

പെരിയാറിന്റെ ഒരു ശാഖക്ക് കുറുകേ കൊടുങ്ങല്ലൂരിലുള്ള പാലം- വലതു വശത്ത് വലിയ പണിക്കൻതുരുത്തും പാലത്തിനു പിന്നിലായി ദൂരെ ഗോതുരുത്തും കാണാം

ഉത്ഭവം= ശിവഗിരി മലകളുടെ കൂട്ടത്തിലെ സുന്ദരമല

പതനം= അറബിക്കടൽ

തീരപ്രദേശങ്ങൾ= കേരളം,തമിഴ്‌നാട്

നീളം= 244 കി.മീ.

വീതി = 405 മീറ്റർ (ഏറ്റവും കൂടിയത്)

കൂടിയ ഉയരം= 1830 മീ.

അഴിമുഖം = സമുദ്ര നിരപ്പ്

നീരൊഴുക്ക് =

ജലാഗമനപ്രദേശത്തിന്റെ വിസ്തൃതി=5398 ച.കി.

ജലവൈദ്യുത പദ്ധതികൾ =6

അണക്കെട്ടുകൾ = 13

നദി ഉത്ഭവിക്കുന്ന മലകൾ[തിരുത്തുക]

വള്ളിമല കോമല കണ്ണൻദേവൻ മല പൊൻമുടി
ചൊക്കൻപെട്ടിമല കാളിമല കണ്ണിമല ആനമല
പാച്ചിമല സുന്ദരമല നല്ലതണ്ണിമല നാഗമല

പ്രധാന പോഷകനദികൾ[തിരുത്തുക]

ആനമലയാർ ചെറുതോണിയാർ ചിറ്റാർ ഇടമലയാർ കാഞ്ചിയാർ കരിന്തിരിയാർ കിളിവള്ളിത്തോട് കട്ടപ്പനയാർ
മുല്ലയാർ മേലാശ്ശേരിയാർ മുതിരപ്പുഴ പാലാർ പെരിഞ്ചൻകുട്ടിയാർ ഇരട്ടയാർ തുവളയാർ പൂയംകുട്ടിയാർ
പെരുംതുറയാർ പന്നിയാർ തൊട്ടിയാർ ആനക്കുളം പുഴ മണലിയാർ

പെരിയാറ്റിലെ തുരുത്തുകൾ[തിരുത്തുക]

പെരിയാറിനു കുറുകെയുള്ള കോട്ടപ്പുറം പാലം നടുവിൽ വലിയ പണിക്കൻ തുരുത്തും കാണാം
ബകപുരം കാഞ്ഞൂർ തുരുത്ത് പരുന്തുറാഞ്ചിത്തുരുത്ത് ആലുവ തുരുത്ത് ഉളിയന്നൂർ തുരുത്ത്
അബു തുരുത്ത് ഇടമുള തുരുത്ത് ഗോതുരുത്ത് പഴമ്പിള്ളി തുരുത്ത് ചെറിയ പണിക്കൻ തുരുത്ത്
വലിയ പണിക്കൻ തുരുത്ത് കണ്ടൻ തുരുത്ത് കുന്നത്തുകടവ് തുരുത്ത്

ഉത്ഭവവും ഗതിയും[തിരുത്തുക]

പശ്ചിമഘട്ടത്തിലെമൂന്ന് വ്യത്യസ്തങ്ങളായ ഭൂവിഭാഗങ്ങളിൽ നിന്നാണ് പെരിയാർ ഉത്ഭവിക്കുന്നത്.

ഒന്നാമത്തെ ഉത്ഭവസ്ഥാനം[തിരുത്തുക]

കേരള- തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലെ ശിവഗിരി ഭാഗത്തുള്ള ചൊക്കാം‌പെട്ടി മല,പാച്ചിമല,കാളിമല,സുന്ദരമല,നാഗമല,കോമല,വള്ളിമല എന്നീ ഏഴ് മലകളിൽനിന്നുള്ള ജലം ഇവിടെ പെരിയാറ്റിന്റെ ഉത്ഭവത്തിനു കാരണമാകുന്നുണ്ട്. സുന്ദരമലകളിൽ നിന്നുത്ഭവിക്കുന്ന അരുവി(ഏകദേശം1830 മീ.)ഏകദേശം 50 കി.മീ കഴിയുമ്പോൾ കോട്ടമലയിൽ നിന്നുത്ഭവിച്ചൊഴുകിയെത്തുന്ന മുല്ലയാറുമായി മുല്ലക്കുടിയിൽ വെച്ച് ഒത്തു ചേരുന്നു.[12] ഇതിനടുത്താണ് പെരിയാറിൽ ആദ്യമായി അണ കെട്ടിയിരിക്കുന്നത്(മുല്ലപ്പെരിയാർ). 1895 ൽ ബ്രിട്ടീഷുകാരാണ്‌ ഇത് നിർമ്മിച്ചത്. ഈ അണക്കെട്ടുകൊണ്ടുണ്ടായതാണ് പെരിയാർ ജലസംഭരണി. ഈ ജലസംഭരണിയോടു ചേർന്നാണ് തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം.[13] ഇവിടെ നിന്നും പടിഞ്ഞാറോട്ടൊഴുകുന്ന നദി വണ്ടിപ്പെരിയാറിലെത്തുന്നു. വണ്ടിപ്പെരിയാർ കഴിഞ്ഞാൽ പെരുംതുറയാറും കട്ടപ്പനയാറും പെരിയാറിൽ ചേരുന്നു.

ഇടുക്കി ജലസംഭരണി[തിരുത്തുക]

ഇടുക്കി അണക്കെട്ടും ജലസംഭരണിയും

പിന്നീട് നദിയുടെ പ്രയാണം ഇടുക്കി അണക്കെട്ട് തടയുന്നു.കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.[14] കുറവൻ, കുറത്തി മലകൾക്കിടയിലൂടെ ഒഴുകിയിരുന്ന നദിയെയാണ്‌ ഇടുക്കിയിൽ ആർച്ച് ഡാം കെട്ടി തടഞ്ഞ് മൂലമറ്റത്തെ പവർഹൗസിലേക്ക് തിരിച്ചുവിട്ടിരിക്കുന്നത്. 400 മീറ്ററിലധികം വീതിയോടെ ഒഴുകിയിരുന്ന പുഴയുടെ ഈ ശാഖ അണക്കെട്ട് വന്നതോടെ 10 മീറ്ററിനടുത്ത് വീതിയുള്ള ഒരു ചെറിയ അരുവിയായി മാറിയിട്ടുണ്ട്. സംഭരണിയുടെ ശേഷി പരമാവധി വർദ്ധിപ്പിക്കാനായി നിർമ്മിച്ച,ചെറുതോണിയിലും കുളമാവിലുമുള്ള, മറ്റു രണ്ട് അണക്കെട്ടുകൾ കൂടി ചേർന്നാണ് ഇടുക്കി ജലസംഭരണി രൂപം കൊള്ളുന്നത്. കുളമാവിൽ നിന്ന് ഇടുക്കി ജലസംഭരണിയിലെ ജലം മൂലമറ്റത്ത് കൊണ്ടുവന്ന് വൈദ്യുതോത്പാദനത്തിനുശേഷം മൂവാറ്റുപുഴയാറിലേക്ക് ഒഴുക്കിക്കളയുന്നതിനാൽ പെരിയാറിലെ ജലം ഗണ്യമായ തോതിൽ നഷ്ടപ്പെടുന്നു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പു കൂടി വരുന്ന കാരണം കൊണ്ട് ഷട്ടറുകൾ തുറക്കേണ്ടി വന്നാൽ പെരിയാറിന്റെ തീരപ്രദേശങ്ങൾ അപകടത്തിലാകും.

ഇടുക്കി ജലസംഭരണിക്കുശേഷം[തിരുത്തുക]

ഇടുക്കി ജലസംഭരണിക്കുശേഷം അതീവമായി ശോഷിച്ചൊഴുകുന്ന പെരിയാറിന്റെ ശക്തി വീണ്ടും വർദ്ധിക്കുന്നത് കരിമ്പൻ എന്ന സ്ഥലത്തുവച്ചാണ്‌. ഇരട്ടയാർ, കല്ലാർ, ചിന്നാർ, തുവളയാർ തുടങ്ങിയ പോഷകനദികളും അനവധി അരുവികളും ചേർന്നൊഴുകുന്ന പെരിഞ്ചൻ കുട്ടിയാർ നദിയിൽ ചേരുന്നതോടെയാണ്‌ ഇത് സംഭവിക്കുന്നത്. ഈ ഭാഗം നദിക്കിരുവശവും ചെങ്കുത്തായ മലമ്പ്രദേശങ്ങളാണ്‌. താഴൊട്ടൊഴുകുന്ന നദി പൂനംകുട്ടി യിൽ നേര്യമംഗലം വിദ്യുച്ഛ്ക്തികേന്ദ്രത്തിനു താഴെ എത്തുന്നു.

രണ്ടാമത്തെ ഉത്ഭവസ്ഥാനം[തിരുത്തുക]

പശ്ചിമഘട്ടത്തിലെ മൂന്നാർ, പൊന്മുടി ഭാഗങ്ങളിൽ നിന്നാണ്‌ പെരിയാറിന്റെ രണ്ടാമത്തെ ഉത്ഭവസ്ഥാനം. മൂന്നാറിലെ കണ്ണൻ ദേവൻ മലകളിൽ നിന്നൊഴുകുന്ന പെരിയാറിന്റെ ഈ ശാഖയിൽ കണ്ടല അണക്കെട്ടും അതിനു ശേഷം മാട്ടുപ്പെട്ടി അണക്കെട്ടും നിർമ്മിച്ചിരിക്കുന്നു.[15] ഈ അണക്കെട്ടുകളിൽ നിന്ന് കവിഞ്ഞൊഴുകുന്ന ജലം കണ്ണിമല, നല്ലതണ്ണി എന്നീ പ്രദേശങ്ങളിൽ നിന്നും വരുന്ന ചെറിയ അരുവികളുമായി ചേരുന്നു. ഇതിനുശേഷം പള്ളിവാസൽ ജലവൈദ്യുതി ഉത്പാദനകേന്ദ്രത്തിലേക്ക് തടയണ നിർമ്മിച്ച് ജലം എത്തിക്കുന്നു. പിന്നീട് പെരിയാറ്റിൽ വന്നുചേരുന്ന മറ്റൊരു കൈവഴി ആനയിറങ്കൽ എന്ന പ്രദേശത്തുനിന്നു വരുന്ന നദിയാണ്‌. ചേർന്നൊഴുകുന്ന നദി പിന്നീട് പൊൻമുടി അണക്കെട്ടിലെത്തുന്നു.വൈദ്യുതി ഉത്പാദനത്തിനുശേഷം പൊന്മുടിയിൽ നിന്ന് നദി ശെങ്കുളത്ത് എത്തുന്നു. അവിടെ നിന്നും വെള്ളത്തൂവൽ പ്രദേശത്തേക്ക് ഒഴുകുന്നു. ഈ ഭാഗത്ത് നദിക്ക് മുതിരപ്പുഴയാർ എന്നാണ്‌ പേര്‌. നദി പിന്നീട് കല്ലാർകുട്ടി അണക്കെട്ടിൽ വന്നു ചേരുന്നു. നേരിയമംഗലത്തുനിന്നും വരുന്ന ജലം കല്ലാർകുട്ടിയിൽ നിന്ന് കവിഞ്ഞൊഴുകുന്ന ജലവുമായി ചേർന്ന് പനംകുട്ടിയിൽ ഒന്നുചേരുന്നു. ഇവിടെ വച്ച് പെരിയാറിന്റെ രണ്ട് ഉത്ഭവസ്ഥാനങ്ങളിൽ നിന്നും ഒഴുകുന്ന കൈവഴികൾ ഒന്നുചേരുന്നു. ഇവിടെ വെച്ച് വീണ്ടും ലോവർ പെരിയാറിലേക്ക് ജലം വിനിയോഗിക്കപ്പെടുന്നു.

മൂന്നാമത്തെ ഉത്ഭവസ്ഥാനം[തിരുത്തുക]

ഭൂതത്താൻകെട്ടിലെ കവാടം
ഭൂതത്താൻകെട്ട് അണക്കെട്ട്

പെരിയാറിന്റെ മൂന്നാം ഉത്ഭവം ദേവികുളം താലൂക്കിലെ ആനമലയിൽ നിന്നാണ്‌. പാച്ചിയാർ, ആനക്കുളം പുഴ, കരിന്തിരിയാർ, മേലാശ്ശേരിപ്പുഴ, മണിമലയാർ, കല്ലാർ എന്നീ ചെറുനദികൾ ചേർന്നാണ്‌ പൂയ്യംകുട്ടിയാറ് ഉണ്ടാകുന്നത്. ആനമലയാറും മറ്റു നിരവധി അരുവികളും ചേർന്ന് ഇടമലയാറും രൂപപ്പെടുന്നു. ഇടമലയാറിലെ ജലവും അണകെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നുണ്ട്. അതിനുശേഷം താഴേക്കൊഴുകുന്ന ഇടമലയാറ് കൂട്ടിക്കലിൽ വച്ച് പൂയം‌കുട്ടി നദിയുമായി ചേർന്ന് കുട്ടമ്പുഴ എന്ന പേരിൽ പെരിയാർവാലി ഇറിഗേഷൻ പ്രൊജക്റ്റ് സംഭരണിയിലെത്തുന്നു.[16] ഈ സംഭരണിയുടെ കരയിലാണ്‌ പ്രസിദ്ധമായ തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്. പെരിയാർ വാലി പ്രദേശത്ത് വച്ച് പെരിയാറിന്റെ മൂന്നു ശാഖകളും സംഗമിക്കുന്നു.

പെരിയാറിലെ ഭൂതത്താംകെട്ട് ജലസംഭരണി

ഇവിടെ നിന്ന് ഒഴുകുന്ന പെരിയാറിനെ ചെങ്കുത്തായ പ്രദേശങ്ങൾക്കു പകരം സമതല പ്രദേശങ്ങളാണ്‌ സ്വീകരിക്കുന്നത്. ഇവിടെ ഏതാനും ചെറിയ തുരുത്തുകൾ പ്രത്യക്ഷപ്പെടുന്നു. മുളങ്കുഴിപ്രദേശത്ത് എത്തുന്ന പെരിയാറിന്റെ ഒരു കരയിൽ നിബിഡമായ തേക്കിൻകാടുകളാണ്‌. ചെറിയ ഉരുളൻ കല്ലുകൾ നിറഞ്ഞ പ്രദേശത്ത് ചെറിയ വെള്ളച്ചാട്ടങ്ങളും ഉണ്ട്. ഇവിടെ നിന്ന് കാടപ്പാറ, ഇല്ലിത്തോട് എന്നീ പ്രദേശങ്ങൾ താണ്ടി മലയാറ്റൂർ എത്തുന്നു. കേരളത്തിലെ ഏക ആനമെരുക്കൽ കേന്ദ്രമായ കോടനാട് മലയാറ്റൂരിന്റെ എതിർകരയിലാണ്‌ സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നും പടിഞ്ഞാറേക്കൊഴുകുന്ന നദി കാലടിയിലെത്തുന്നു. കാലടിയിൽ വച്ച് ശ്രീശങ്കരാചാര്യർ പാലത്തിനടിയിലൂടെ മെയിൻ സെണ്ട്രൽ റോഡിനെ കുറുകെ കടക്കുന്ന നദി കാഞ്ഞൂർ എന്ന തുരുത്ത് സൃഷ്ടിക്കുന്നു. താഴേക്കൊഴുകുന്ന നദി ദക്ഷിണകാശി എന്നറിയപ്പെടുന്ന ചേലാമറ്റത്ത് എത്തുന്നു. ഇവിടെ നിന്ന് നദി കിഴക്കോട്ടാണ്‌ ഒഴുകുന്നത്. പെരുമ്പാവൂരിലേക്കൊഴുകുന്ന നദി മുടിക്കൽ എന്ന പ്രദേശത്തെത്തിയശേഷം വീണ്ടും പടിഞ്ഞാറേക്കൊഴുകുന്നു. ഇവിടെ ഇരുകരകളിലുമായി വാഴക്കുളം, കീഴ്മാട്, തിരു‌വൈരാണിക്കുളം എന്നീ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നു. വീണ്ടും പടിഞ്ഞാറേക്കൊഴുകുന്ന നദി തോട്ടും‌മുഖം ഭാഗത്ത് വച്ച് പരുന്തുറാഞ്ചി തുരുത്തിന്‌ രൂപം നൽകുന്നു. ഇതിലെ ഒരു കൈവഴി ചൊവ്വരക്കടുത്ത് വച്ച് ആലുവാ തുരുത്തും സൃഷ്ടിക്കുന്നു. ഇത് മംഗലപ്പുഴയിൽ ചേരുന്നു. ആലുവാക്കടുത്തെത്തുന്ന പ്രധാന നദി, റെയിൽ പാലത്തിനടുത്തു്‌, ശിവരാത്രി മണപ്പുറത്ത് വച്ച് രണ്ടായി പിരിയുന്നു. കൊച്ചി നഗരത്തിലേയും ആലുവയിലേയും ശുദ്ധജലവിതരണത്തിനായുള്ള പമ്പിങ്ങ് സ്റ്റേഷൻ ഇവിടെയാണ്‌. വലത്തോട്ട് പോകുന്ന ശാഖയെ മംഗലപ്പുഴശാഖ എന്നും ഇടത്തോട്ട് പോകുന്നതിനെ മാർത്താണ്ഡവർമ്മ ശാഖ എന്നും വിളിക്കുന്നു.

ആലുവാക്കുശേഷം[തിരുത്തുക]

ആലുവയിൽ പെരിയാറിനു കുറുകേയുള്ള പാലങ്ങൾ. വലത്ത് വശത്തുള്ളതാണ്‌ മാർത്താണ്ഡവർമ്മ പാലം
 • മാർത്താണ്ഡവർമ്മ ശാഖ പാലത്തിനടിയിലൂടെ പ്രവഹിച്ച് ഉളിയന്നൂർ ദ്വീപ് സൃഷ്ടിച്ച് കയന്റിക്കരയിൽ വച്ച് കൂടിച്ചേരുന്നു. ഇതിനു ശേഷം വീണ്ടും രണ്ടായി പിരിയുന്ന മർത്താണ്ഡവർമ്മപ്പെരിയാറിന്റെ പ്രധാനശാഖ പാതാളത്ത് എത്തുന്നു. ഉദ്യോഗമണ്ഡലിനടുത്തുകൂടെ ഒഴുകി വരാപ്പുഴയിൽ ചേരുന്നു. രണ്ടാമത്തെ ശാഖ അബുതുരുത്ത്, എടമുള തുരുത്ത് എന്നിവയുണ്ടാക്കിയശേഷം മുട്ടർപുഴ എന്ന പേരിൽ കളമശ്ശേരിയിലൂടെ മഞ്ഞുമ്മൽ വഴി ഒഴുകുന്നു. ഏലൂരിൽ വച്ച് ഇത് വരാപ്പുഴയിൽ എത്തുന്ന മറ്റേ ശാഖയുമായി ചേരുന്നു. ഇവിടെ നിന്ന് പലശാഖകളായി പിരിഞ്ഞ് കടമക്കുടി, മുളവുകാട്, കോതാട്, എന്നീ ദ്വീപുകൾ പിന്നിട്ട് കൊച്ചി നഗരാതിർത്തിയിൽ ചിറ്റൂർ വച്ച് വേമ്പനാട്ട് കായലിൽ പതിക്കുന്നു. ഏലൂർ മുതൽ വേമ്പനാട്ടുകായൽ വരെ നദിക്ക് കായലിന്റെ സ്വഭാവമാണുള്ളത്.
പെരിയാർ മാർത്താണ്ഡവർമ്മ പാലത്തിനു താഴെ രണ്ടായി പിരിഞ്ഞ് ഉളിയന്നൂർ ദ്വീപ് ഉണ്ടാക്കുന്നു. നേരെ കാണുന്നത് ഉളിയന്നൂർ ആണ്‌
പെരിയാർ, ആലുവാ മണപ്പുറത്തു നിന്നുള്ള ദൃശ്യം

പെരിയാറിന്റെ ഉപയോഗങ്ങൾ[തിരുത്തുക]

കേരളത്തിൽ 44 നദികളിലും വച്ച് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് പെരിയാറ്റിനെയാണ്. ഗാർഹികം, വൈദ്യുതി, മത്സ്യബന്ധനം, തീർത്ഥാടനം, ജലസേചനം, മണൽഖനനം, കുടിവെള്ളം, ഉൾനാടൻ ഗതാഗതം, വ്യാവസായീകം, വിനോദസഞ്ചാരം എന്നിങ്ങനെ ബഹുമുഖങ്ങളായ ആവശ്യങ്ങൾക്ക് ആശ്വാസമേകുന്നു. പെരിയാർ തീരത്ത് ഒരു കോർപ്പറേഷനും 4 മുനിസിപ്പാലിറ്റികളും 42 പഞ്ചായത്തുകളും സ്ഥിതിചെയ്യുന്നു. എല്ലാ ഭരണകേന്ദ്രങ്ങളും പെരിയാറിന്റെ ജലസമ്പത്തിനെ ഗണ്യമായ തോതിൽ ആശ്രയിക്കുന്നുണ്ട്.

ഊർജ്ജോത്പാദനം[തിരുത്തുക]

കേരള സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ മൊത്തം ശേഷിയുടെ മുഖ്യപങ്കും പെരിയാറിലെ ജലത്തിൽ നിന്നാണ് ഉണ്ടാക്കുന്നത്. 9 ജലവൈദ്യുത പദ്ധതികൾക്കായി 13 അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്നു.

ജലവൈദ്യുത പദ്ധതികൾ[തിരുത്തുക]

ജലവൈദ്യുത പദ്ധതി പൂർത്തിയാക്കിയ വർഷം സ്ഥാപ്തശേഷി മെഗാവാട്ട് ഉത്പാദനം മെഗാവാട്ട്
പള്ളിവാസൽ ജലവൈദ്യുത പദ്ധതി 1946 37.5 32.5
ശെങ്കുളം ജലവൈദ്യുത പദ്ധതി 1957 48.0 20.8
പന്നിയാർ ജലവൈദ്യുത പദ്ധതി 1963 30.0 17.0
നേര്യമംഗലം ജലവൈദ്യുത പദ്ധതി 1961 45.0 27.0
ഇടുക്കി ജലവൈദ്യുത പദ്ധതി 1976 780.0 273.70
*ഇടമലയാർ ജലവൈദ്യുത പദ്ധതി 1985 75.0 36.5
കുണ്ടല ജലവൈദ്യുത പദ്ധതി
മാട്ടുപെട്ടി ജലവൈദ്യുത പദ്ധതി
ചെറുതോണി ജലവൈദ്യുത പദ്ധതി

ജലസേചനം[തിരുത്തുക]

കടുങ്ങല്ലൂരിലെ ലിഫ്റ്റ് ഇറിഗേഷൻ പമ്പിങ്ങ് സ്റ്റേഷൻ

പെരിയാർ തീരത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനപ്രദേശത്തെ കൃഷി ആവശ്യങ്ങൾക്കും പെരിയാറ്റിൽ നിന്നാണ്‌ ജലം ഉപയോഗപ്പെടുത്തുന്നത്. ജലസേചനത്തിനായി പെരിയാറ്റിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ പദ്ധതിയാണ്‌ ഭൂതത്താൻകെട്ട് പ്രദേശത്ത് നിർമ്മിച്ചിട്ടുള്ള പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്റ്റ്. പി.വി.ഐ.പി. ജലസംഭരണിക്ക് 210 മീറ്ററോളം നീളവും 11 മീറ്റർ ഉയരവുമുണ്ട്. ഇതിന്റെ വൃഷ്ടിപ്രദേശം ഏകദേശം 3048 ച.കി.മീ. ആണ്‌. ഈ പദ്ധതികൊണ്ട് 32800 ഹെക്റ്റർ പ്രദേശത്ത് മുണ്ടകൻ കൃഷിക്കും അത്രതന്നെ വിരിപ്പു കൃഷിക്കും 20000 ഹെക്റ്റർ സ്ഥലത്തെ പുഞ്ചകൃഷിക്കും ജലസേചനം നടത്താനാണ്‌ ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും ഇതിന്റെ പകുതി പോലും നടന്നിട്ടില്ല എന്നാണ്‌ രേഖകൾ. ആവശ്യത്തിന്‌ ജലം ലഭിക്കാത്തതും കനാൽ ശൃംഖല പൂർത്തിയാകാത്തതുമാണ്‌ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കനാലുകൾ പൂർത്തിയായ ആലുവ, കാക്കനാട് പ്രദേശങ്ങളിൽ 2005 വരെ ജലം എത്തിയിരുന്നില്ല. മറ്റു പ്രദേശങ്ങളായ കുന്നത്തുനാട്, കോതമംഗലം, കണയന്നൂർ, കടുങ്ങല്ലൂർ താലൂക്കുകൾ പെരിയാറിലെ ജലം ഉപയോഗപ്പെടുത്തുന്നുണ്ട്. (കടുങ്ങല്ലൂർ താലൂക്കിലേക്ക് ജലം കൊണ്ടുപോകുന്ന ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസും കനാലും ചിത്രത്തിൽ കാണാം) ഇത് ഈ മേഖലയിലെ കുടിവെള്ളക്ഷാമം ഗണ്യമായി പരിഹരിക്കുന്നുണ്ട്. അമ്പലമുകൾ വ്യവസായ മേഖലയ്ക്ക് ആവശ്യമായ ജലം പെരിയാർ വാലി പ്രൊജക്റ്റിൽ നിന്നാണ്‌ എത്തുന്നത്. 17.7 ദശലക്ഷം ഘന മീറ്റർ ജലമാണ്‌ ഇതിനായി പ്രയോജനപ്പെടുത്തുന്നത്.

കാലടി മൈനർ ഇറിഗേഷൻ പദ്ധതിയിലെ ചില വിവരങ്ങൾ[തിരുത്തുക]

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ബഹിർഗമിക്കുന്ന പെരിയാർ
പദ്ധതികൾ മോട്ടോർ
കു.ശക്തി
എണ്ണം ഉയർന്ന കു.ശ.
ഉള്ളത്
എണ്ണം
കാലടി 40 1 90 1
വാഴക്കുളം 45 4 100 3
ചൊവ്വര 50 1 110 2
ആലുവ 60 2 120 3
മുപ്പത്തടം 75 9 135 1
കൊടുങ്ങല്ലൂർ 80 6 161 1

വ്യവസായങ്ങൾ[തിരുത്തുക]

പെരിയാറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടുകിടക്കുന്ന 250ഓളം വ്യവസായശാലകൾ അതിന്റെ തീരത്ത് പ്രവർത്തിക്കുന്നു. സുലഭമായ ശുദ്ധജലത്തിനന്റെ ലഭ്യതയും വൈദ്യുതി നേരിട്ട് ഗ്രിഡിൽ നിന്ന് ലഭിക്കാനുള്ള സാഹചര്യങ്ങളും ഉള്ളതിനാല് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർടെ മേൽ നോട്ടത്തിൽ തന്നെ വ്യവസായശാലകൾ സ്ഥാപിക്കപ്പെട്ടു. വ്യവസായശാലകൾക്ക് വേണ്ട അസംസ്കൃതവസ്തുക്കൾ കൊച്ചി തുറമുഖത്തു നിന്ന് പെരിയാറ്റിലൂടെ എളുപ്പം എത്തിക്കാൻ സാധിക്കും എന്നതും ഉത്പാദനത്തിനുശേഷം ഉണ്ടാകുന്ന മലിനജലം നേരിട്ട് പുഴയിലേക്ക് ഒഴുക്കിക്കളയാൻ സൗകര്യമുള്ളതും കൊണ്ടാണ്‌ ആദ്യകാലങ്ങളിൽ ഉദ്യോഗമണ്ഡൽ ഭാഗത്ത് വ്യവസായങ്ങൾ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. എന്നാൽ ഇന്ന് ഈ സ്ഥിതിക്ക് മാറ്റം വന്നിട്ടുണ്ട്. മലിന ജലം പെരിയാറ്റിലേക്ക് ഒഴുക്കുന്നതിന്‌ മുൻപ് ശുദ്ധീകരണം നടത്തേണ്ടതായുണ്ട്.

1943-ലാണ്‌ ആദ്യമായി വ്യവസായമേഖലയിൽ വ്യവസായശാല തുടങ്ങുന്നത്. ഇന്ത്യൻ അലൂമിനിയം കമ്പനിയായിരുന്നു അത്. പിന്നീട് ട്രാവങ്കൂർ കെമിക്കൽസ് മാനുഫാക്ചറിങ്ങ് കമ്പനി, എഫ്.എ.സി.ടി., ട്രാവങ്കൂർ റയോൺസ്, ഇന്ത്യൻ റെയർ എർത്ത്, എച്ച്.ഏ.എൽ., ബിനാനി സിങ്ക്, പെരിയാർ കെമിക്കൽസ്, യുണൈറ്റഡ് കാറ്റലിസ്റ്റ് എന്നീ വൻ വ്യവസായസം‌രംഭങ്ങൾ സ്ഥാപിക്കപ്പെട്ടു. സ്ഥാപിക്കപ്പെട്ടകാലത്ത് വ്യവസായശാലകൾക്കാവശ്യമായ എല്ലാ അസംസ്കൃത വസ്തുക്കളും പെരിയാറ്റിലൂടെയാണ്‌ കൊണ്ടുവന്നിരുന്നത്. എഫ്.എ.സി.ടി. ക്കു വേണ്ട പ്രൊഡൂസർ ഗ്യാസിനുള്ള വിറകും പശ്ചിമഘട്ടത്തിൽ നിന്ന് എത്തിച്ചിരുന്നത് പെരിയാർ വഴിയായിരുന്നു.

എന്നാൽ വിവിധകാരണങ്ങളാലും അണക്കെട്ടുകളാലും പെരിയാറ്റിലെ നീരൊഴുക്കു കുറയുകയും വ്യവസായത്തിന്റെ അവശിഷ്ടമായ മലിനജലം കലരുന്നതിനാലും ഒരു കാലത്ത് സംശുദ്ധമായ പെരിയാറ്റിലെ ജലം ഇന്ന് കൂടുതൽ മലിനീകരിക്കപ്പെട്ടിരിക്കുന്നു. പെരിയാറ്റിൽ നിന്ന് പ്രതിദിനം 180 ദശലക്ഷം ലിറ്റർ ജലം ഈ വ്യവസായ ശാലകൾ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് കണക്കാക്കുന്നു.

മത്സ്യബന്ധനം[തിരുത്തുക]

പെരിയാറ്റിൽ വിവിധയിനം മത്സ്യങ്ങൾ സുലഭമായുണ്ടായിരുന്നു. 36 ഇനം മത്സ്യങ്ങൾ ഇവിടെ സമൃദ്ധമായിരുന്നതഅയി രേഖകൾ ഉണ്ട്. പൂളാൻ, ബ്രാൽ, വട്ടോൻ, കൂരി, വാള, കരിമീൻ, മീഴി, കറൂപ്പ്, പരൽ, കോലാൻ, ആരൽ എന്നിവ അവയിൽ ചിലതുമാത്രം. പെരിയാറ്റിന്റെ മംഗലപ്പുഴ ശാഖയിൽ കടലുമായി ചേരുന്ന ഭാഗങ്ങളിൽ നിരവധി ചീനവലകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കൂടാതെ വഞ്ചിയും വലയും ഉപയോഗിച്ചുള്ള മത്സ്യബന്ധനവും ഉണ്ട്. മാള, കൃഷ്ണൻ കോട്ട ഭാഗങ്ങളിൽ പെരിയാറ്റിലെ വെള്ളം ചിറകളിൽ കെട്ടി നിർത്തി (ചെമ്മീൻ കെട്ട്) ചെമ്മീൻ വളർത്തുകേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അനേകം കുടുംബങ്ങൾ പെരിയാറ്റിലെ മത്സ്യബന്ധനത്തെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്. ചിലയിനം മത്സ്യങ്ങൾ പ്രജനനത്തിനായി പെരിയാറ്റിലെ ശുദ്ധജലത്തെ ആശ്രയിക്കുന്നുണ്ട്; എന്നാൽ രൂക്ഷമായ മലിനീകരണം നിമിത്തം അവയുടെ നിലനില്പിനു തന്നെ ഭീഷണിയുണ്ട്. കൃഷിയിടങ്ങളിൽ നിന്ന് ചോരുന്ന കീടനാശിനിമൂലവും മത്സ്യസമ്പത്തിനു ഗണ്യമായ കുറവ് വരുത്തിയിരിക്കുന്നു.

മണൽഖനനം[തിരുത്തുക]

ഉദ്ദേശം 55000 ടൺ മണൽ പ്രതിദിനം പെരിയാറ്റിലെ വിവിധ കടവുകളിൽ നിന്ന് വാരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. നിർമ്മാണപ്രവർത്തനങ്ങൾക്കാവശ്യമായ മണലിനു വേണ്ടി പെരിയാറിനെ നിർലോഭം ഉപയോഗിച്ചു വരുന്നു. മണൽ ഖനനവുമായി നേരിട്ടും അല്ലാതെയും പ്രവർത്തിക്കുന്ന വൻ ശൃംഖല തന്നെ പെരിയാറിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. മണൽവാരൽ തൊഴിലാളികൾ, മണൽ ലോറി ജീവനക്കാർ, കയറ്റിറക്കു തൊഴിലാളികൾ, നിർമ്മാണ മേഖലയിൽ പ്രവത്തിക്കുന്നവർ എന്നിവർക്ക് പെരിയാറ്റിലെ മണലുമായി ബന്ധപ്പെട്ട് തൊഴിൽ ലഭിക്കുന്നുണ്ട്. റിവർ മാനേജ്മെൻറ് ഫണ്ടെന്ന പേരിൽ മണൽ വാരലിൽ നിന്ന് കോടിക്കണക്കിനു രൂപ ലഭിച്ചിട്ടുണ്ട്.

പെരിയാറിന്റെ കൈവഴി കരുമാല്ലൂർ പഞ്ചായത്തിലൂടെ ഒഴുകുന്നു. താന്തോണിപ്പുഴ

ജലഗതാഗതം[തിരുത്തുക]

വളരെ ചെലവു കുറഞ്ഞതും മെച്ചപ്പെട്ടതുമായ ഗതാഗതമായ ജലഗതാഗതത്തിനു വളരെ യോജിച്ചതാണ് പെരിയാറും പോഷക നദികളും,. തോടുകൾ അനവധി അപ്രത്യക്ഷമായെങ്കിലും ഇന്നും ജലഗതാഗതം സുസാധ്യമാണ്. ഓഞ്ഞിത്തോട്, ചെങ്ങൽത്തോട്, തോലൻ കുത്തിയതോട്, പ്ലാങ്കുടിത്തോട്, മാന്തോട്, പൂപ്പാനിത്തോട് തുടങ്ങിയവ നികത്തലും കയ്യേറ്റവും മൂലം നികന്നുപോയിരിക്കുന്നു.

തട്ടേക്കാട്, ഏലൂർ, മാളവന എന്നിവിടങ്ങളിൽ ജലഗതാഗതത്തെ ആശ്രയിച്ചുള്ള ജനജീവിതമാണ് നിലവിലുള്ളത്.

വിനോദസഞ്ചാരകേന്ദ്രങ്ങൾ[തിരുത്തുക]

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിവിധ കേന്ദ്രങ്ങൾ പെരിയാർ തീരത്തുണ്ട്. വന്യജീവി സങ്കേതങ്ങൾ ഏറ്റവും കൂടുതൽ ഉള്ളതും പെരിയാർ തീരത്താണ്. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ

തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ മലയുടെ (ഇടത്) അടിവാരത്തിലൂടെ ഒഴുകുന്ന പെരിയാർ- താൽകാലികമായി കെട്ടിയ പാലം കാണാം-കോടനാട് നിന്നുള്ള ദൃശ്യം
 1. തേക്കടി
 2. മൂന്നാർ
 3. പീരുമേട്
 4. ഇടുക്കി
 5. ഭൂതത്താൻകെട്ട്
 6. മലയാറ്റൂർ
 7. കാലടി
 8. തട്ടേക്കാട്
 9. കോടനാട്
 10. ആലുവ മണപ്പുറം
 11. തിരുവൈരാണിക്കുളം
 12. കോട്ടയിൽ കോവിലകം
 13. ഉളിയന്നൂർ
 14. ചേലാമറ്റം

വന്യജീവി സങ്കേതങ്ങൾ

 1. ഇരവികുളം നാഷണൽ പാർക്ക്
 2. പെരിയാർ ടൈഗർ റിസർവ്
 3. ഇടുക്കി വന്യമൃഗ സംരക്ഷണ കേന്ദ്രം
 4. ചിന്നാർ വന്യമൃഗ സം‌രക്ഷണ കേന്ദ്രം
 5. ഇന്ദിരാഗാന്ധി നാഷണൽ പാർക്ക്
 6. തട്ടേക്കാട് പക്ഷി സങ്കേതം

മലിനീകരണം[തിരുത്തുക]

ഇന്ത്യയിൽ ഏറ്റവും അധികം മലിനീകരണം സംഭവിക്കുന്ന പുഴകളിൽ ഒന്നാണ് പെരിയാർ.[17] പെരിയാറിന്റെ താഴേക്കുള്ള പാച്ചിലിൽ അത് വ്യവസായിക നഗരമായ ആലുവയിലൂടെ സഞ്ചരിക്കുമ്പോൾ ധാരാളമായി മലിനീകണപ്രശ്നം നേരിടുന്നു. ഏലൂർ ഭാഗത്തുള്ള വ്യവസായങ്ങൾ തങ്ങളുടെ മാലിന്യങ്ങൾ തള്ളുന്നത് പെരിയാറിലേക്കാണ്. തൻമൂലം ഇവിടം വളരെക്കാലങ്ങളായി ജലം മലിനമായാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. അനുവദിക്കപ്പെട്ടതിലും അധികം അളവിലായി വിവിധതരം രാസവസ്തുക്കൾ ഈ ഭാഗത്ത് പെരിയാറിലുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. ഇവിടെ സാധാരണയായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതും, ജലത്തിനു നിറം മാറ്റം അനുഭവപ്പെടുന്നതും സാധാരണയാണ്. [18] [19]

ഇതു കൂടാതെ വണ്ടിപ്പെരിയാറിലെത്തുമ്പോൾ പെരിയാർ തദ്ദേശവാസികളുടെ അശ്രദ്ധ മൂലവും മലിനീകരണം നേരിടുന്നുണ്ട്. നെല്ലിമല മുതൽ കക്കികവല വരെയുള്ള സ്ഥലത്ത് തെരുവോരത്ത് താമസിക്കുന്ന ആളുകൾ അവരുടെ ശൗചാലയങ്ങൾ തുറന്നുവെച്ചിരിക്കുന്നത് പെരിയാർ നദിയിലേക്കാണ്. [20]

ബണ്ടുകൾ[തിരുത്തുക]

വേനൽക്കാലത്തു പെരിയാറിൽ ഉപ്പുവെള്ളം കയറുന്നതു നിയന്ത്രിക്കാൻ പാതാളത്ത് ഒരു സ്ഥിരം ബണ്ടും കരുമാല്ലൂർ പുറപ്പള്ളിക്കാവിൽ ഒരു താൽകാലിക ബണ്ടും ഉണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "പശ്ചിമഘട്ടത്തിലെ നദികൾ". ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസ്. ശേഖരിച്ചത്: 18-നവംബർ-2013. "പെരിയാറിന്റെ ഉത്ഭവം" 
 2. എം.ൽ., ജോസഫ്. "സ്റ്റാറ്റസ് റിപ്പോർട്ട് ഓൺ പെരിയാർ റിവർ". ഇന്ത്യാ വാട്ടർ പോർട്ടൽ. ശേഖരിച്ചത്: 18-നവംബർ-2013. 
 3. "എ പോയിസൺഡ് റിവർ മീൻസ് എ ഡയിംഗ് പോപുലേഷൻ". ഐറനീസ്. ശേഖരിച്ചത്: 18-നവംബർ-2013. "പെരിയാർ കേരളത്തിന്റെ ജീവരേഖ - വിഷലിപ്തമായ ജലം എന്നാൽ മരിക്കുന്ന ജനത എന്നർത്ഥം" 
 4. "പെരിയാർ-കേരളത്തിന്റെ ജീവരേഖ". കേരളടൂറിസം. ശേഖരിച്ചത്: 18-നവംബർ-2013. 
 5. എം.ൽ., ജോസഫ്. "സ്റ്റാറ്റസ് റിപ്പോർട്ട് ഓൺ പെരിയാർ റിവർ". ഇന്ത്യാ വാട്ടർ പോർട്ടൽ. p. 1. ശേഖരിച്ചത്: 18-നവംബർ-2013. 
 6. "ഇടുക്കി അണക്കെട്ട്". എക്സ്പർട്ട് ഐസ്. ശേഖരിച്ചത്: 18-നവംബർ-2013. 
 7. എസ്.എൻ, സദാശിവൻ. റിവർ ഡിസ്പ്യൂട്ട്സ് ഇൻ ഇന്ത്യ - കേരള റിവേഴ്സ് അണ്ടർ സീഗ്. മിത്തൽ പബ്ലിക്കേഷൻസ്. p. 42-43. ഐ.എസ്.ബി.എൻ. 978-8170999133. 
 8. എസ്.എൻ, സദാശിവൻ. റിവർ ഡിസ്പ്യൂട്ട്സ് ഇൻ ഇന്ത്യ - കേരള റിവേഴ്സ് അണ്ടർ സീഗ്. മിത്തൽ പബ്ലിക്കേഷൻസ്. p. 43. ഐ.എസ്.ബി.എൻ. 978-8170999133. 
 9. 9.0 9.1 9.2 9.3 9.4 വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ഐ.എസ്.ബി.എൻ. 81-7690-105-9. 
 10. യുഗപ്രഭാത് ദിനപ്പത്രം 1971 ഫെബ്രുവരി 16. ദില്ലി
 11. മാതൃഭൂമി ദിനപ്പത്രം 1987 മെയ് 18
 12. "പെരിയാറിന്റെ കേരളത്തിലെ യാത്ര". ശോധ്ഗംഗ (പഠനങ്ങളുടെ ശേഖരം). ശേഖരിച്ചത്: 19-നവംബർ-2013. 
 13. "പെരിയാർ വന്യജീവി സങ്കേതം". പെരിയാർവന്യജീവി സങ്കേതം (ഔദ്യോഗിക വെബ് വിലാസം). ശേഖരിച്ചത്: 19-നവംബർ-2013. 
 14. "ഇടുക്കി അണക്കെട്ട്". ഇടുക്കി ജില്ലാ ഭരണകൂടം. ശേഖരിച്ചത്: 19-നവംബർ-2013. 
 15. "പെരിയാറിലെ അണക്കെട്ടുകൾ". ഇടുക്കി ജില്ലാ ഭരണകൂടം. ശേഖരിച്ചത്: 19-നവംബർ-2013. 
 16. "പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്ട്". ജലസേചന വകുപ്പ് (കേരള സർക്കാർ). ശേഖരിച്ചത്: 19-നവംബർ-2013. 
 17. സി.എ, ബ്രെബ്ബിയ (2013). റിവർ ബേസിൻ മാനേജ്മെന്റ് VII. ഡബ്ല്യു.ഐ.ടി. പ്രസ്സ്. p. 389. ഐ.എസ്.ബി.എൻ. 978-1845647124. 
 18. പെരിയാർ മലിനീകരണത്തെക്കുറിച്ചുള്ള പഠനം - ഗ്രീൻപീസ് ഇന്ത്യ
 19. പെരിയാർ നദി, അദ്ധ്യായം രണ്ട്, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആന്റ് ടെക്നോളജി
 20. മാധ്യമം ദിനപത്രം - വണ്ടിപ്പെരിയാറിലെ നദി മലിനീകരണം ശേഖരിച്ച തീയതി 22 ഏപ്രിൽ 2011

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 10°10′36″N 76°09′46″E / 10.17667°N 76.16278°E / 10.17667; 76.16278

ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


"http://ml.wikipedia.org/w/index.php?title=പെരിയാർ&oldid=1936300" എന്ന താളിൽനിന്നു ശേഖരിച്ചത്