ഉള്ളടക്കത്തിലേക്ക് പോവുക

സൗദി അറേബ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സൌദി അറേബ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൗദി അറേബ്യ
المملكة العربية السعودية
അൽ-മം‌ലക അൽ-അറബിയ്യ അസ്സൗദിയ്യ
Flag of സൗദി അറേബ്യ
പതാക
Emblem of സൗദി അറേബ്യ
Emblem
ദേശീയ ആപ്തവാക്യം: لا إله إلا الله، محمد رسول الله
"[ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്] Error: {{Transliteration}}: transliteration text not Latin script (pos 1: ല) (help)"[1]
"അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനായി വേറെ ആരുമില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്." (ശഹാദത്ത്)
ദേശീയ ഗാനം: അസ്സലാം അൽ മലക്കിയ്യ
രാജാവ് നീണാൾ വാഴട്ടെ
Location of സൗദി അറേബ്യ
തലസ്ഥാനംറിയാദ്
ഔദ്യോഗിക ഭാഷകൾഅറബി[2]
മതം
സുന്നി ഇസ്ലാം (ഔദ്യോഗികം)[3]
Demonym(s)
  • സൗദി അറേബ്യൻ
  • സൗദി (അനൗദ്യോഗികം)
സർക്കാർഅഭിന്ന ഇസ്‌ലാമിക രാജവാഴ്ച
സൽമാൻ ബിൻ അബ്ദുൽ അസീസ്‌
മുഹമ്മദ്‌ ബിൻ സൽമാൻ
നിയമനിർമ്മാണസഭഇല്ല[൧]
(നിയമനിർമ്മാണം രാജാവിന്റെ ഉത്തരവുപ്രകാരം)
രൂപീകരിക്കപ്പെട്ടത്
• പ്രഖ്യാപിക്കപ്പെട്ടത്
1926 ജനുവരി 8
• അംഗീകരിക്കപ്പെട്ടത്
1927 മേയ് 20
• ഏകീകരിക്കപ്പെട്ടത്
1932 സെപ്റ്റംബർ 23[4]
വിസ്തീർണ്ണം
• മൊത്തം
2,250,000 km2 (870,000 sq mi) (12-ആമത്)
• ജലം (%)
0.7
ജനസംഖ്യ
• 2010 estimate
29195895 [5] (45-ആമത്)
• Density
12/km2 (31.1/sq mi) (216-ആമത്)
ജിഡിപി (പിപിപി)2012 estimate
• Total
$73,314.3 കോടി[6]
• പ്രതിശീർഷ
$25,465[6]
ജിഡിപി (നോമിനൽ)2012 estimate
• ആകെ
$65165.2 കോടി[6]
• പ്രതിശീർഷ
$22,635[6]
HDI (2011)Increase 0.770[7]
Error: Invalid HDI value (56-ആമത്)
നാണയംസൗദി റിയാൽ (SR) (SAR)
സമയമേഖലUTC+3 (എ.എസ്.റ്റി.)
ഡ്രൈവ് ചെയ്യുന്നത്വലതുവശം
ടെലിഫോൺ കോഡ്+966
ഇന്റർനെറ്റ് TLD
൧ ^ രാജാവിനെ ഉപദേശിക്കുന്നതിന് ഉപദേശകസഭ നിലവിലുണ്ട്

അറേബ്യൻ ഉപദ്വീപിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന ഒരു രാജ്യമാണ് സൗദി അറേബ്യ, എന്നറിയപ്പെടുന്ന കിങ്ഡം ഓഫ് സൗദി അറേബ്യ (കെ.എസ്.എ) (അറബി: المملكة العربية السعودية‎, ഇംഗ്ലീഷ്: Kingdom of Saudi Arabia).

മദ്ധ്യപൗരസ്ത്യദേശത്തെ ഒരു സമ്പന്നരാഷ്ട്രമായ സൗദി അറേബ്യയുടെ തലസ്ഥാനം റിയാദ് ആണ്. സമ്പൂർണ രാജഭരണമാണ് ഇവിടത്തെ ഭരണക്രമം. ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന അപൂർവ്വം രാജ്യങ്ങളിലൊന്നുമാണിത്. അമീർ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ്‌ സൗദി അറേബ്യയിലെ ഇപ്പോഴത്തെ ഭരണാധികാരി.[8] രണ്ട് വിശുദ്ധ പള്ളികളുടെ നാട് എന്ന പേരിലും സൗദി അറേബ്യ അറിയപ്പെടാറുണ്ട്. ഇസ്ലാമികരാഷ്ട്രമായ സൗദി അറേബ്യയിലെ 99 ശതമാനം ജനങ്ങളും മുസ്ലിമുകളാണ്. മുസ്ലിമുകളുടെ വിശുദ്ധനഗരങ്ങളായ മക്കയും മദീനയും ഇവിടെ സ്ഥിതിചെയ്യുന്നു.[9] പൊതുവെ സൗദി അറേബ്യയുടേതു ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ്.

ഇരുപതാം നൂറ്റാണ്ടിൽ ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ കിംങ്ഡം ഓഫ് സൗദി അറേബ്യ എന്ന ഔദ്യോഗിക നാമത്തിൽ ഈ രാജ്യം അറിയപ്പെടുന്നു.[10] പെട്രോളിയം ഉല്പന്നങ്ങളുടെ പര്യവേഷണത്തോടെ മധ്യ പൗരസ്ത്യദേശത്തെ ഒരു സമ്പന്ന രാഷ്ട്രമായി സൗദി അറേബ്യ മാറി. റിയാദ് ആസ്ഥാനമായ സൗദി അറേബ്യയിലെ ജനസംഖ്യ, 2012-ലെ കണക്കെടുപ്പ് പ്രകാരം 29,195,895 ആണ്. പടിഞ്ഞാറ് ചെങ്കടലും തെക്ക്‏‏‏‏‏ യമൻ, ഒമാൻ എന്നീ രാജ്യങ്ങളും കിഴക്ക്‏‏‏‏‏ അറബിക്കടൽ, യു.എ.ഇ. എന്നിവയും വടക്ക് ജോർദാൻ, ഇറാഖ്, കുവൈത്ത് എന്നിവയുമാണ് ആധുനിക സൗദി അറേബ്യയുടെ അതിർത്തികൾ. പ്രധാന വരുമാനസ്രോതസ്സ് പെട്രോളിയം ഉൽപന്നങ്ങളാണ്[11]. ലോകത്തിൽ ഏറ്റവുമധികം എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാഷ്ട്രമാണ് സൗദി അറേബ്യ. ദേശീയ ഉൽപാദനത്തിന്റെ 95% എണ്ണയും കയറ്റുമതി ചെയ്യുകയാണ്. ദേശീയ വരുമാനത്തിന്റെ 70% എണ്ണ വിൽപനയിലൂടെയാണ് ഖജനാവിലേക്കു എത്തുന്നത്. സൗദി അറേബ്യയിൽ എണ്ണ ഏറ്റവും കൂടുതലായി ഖനനം ചെയ്യപ്പെടുന്നത് കിഴക്കൻ പ്രദേശങ്ങളിലാണ്. ഇവിടെയാണ് രാജ്യത്തിന്റെ ഈ അമൂല്യസമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്.[12][13][14].

ചരിത്രം

[തിരുത്തുക]

ആദിമകാലം മുതൽ സൗദി അറേബ്യയുടെ സ്ഥാപനം വരെ

[തിരുത്തുക]
Sykes-Picot.

ആദ്യകാലത്ത് അറേബ്യൻ ഉപദ്വീപിന്റെ പടിഞ്ഞാറുള്ള ഹിജാസ് മേഖലയിൽ സ്ഥിതിചെയ്യുന്ന മക്കയും, മദീനയും പോലുള്ള വ്യാപാരനഗരങ്ങളൊഴികെയുള്ള ഇന്നത്തെ സൗദി അറേബ്യൻ മരുഭൂമികളിൽ

അപരിഷ്കൃതഗോത്രവർഗ്ഗക്കാരുടെ സമൂഹങ്ങളായിരുന്നു വസിച്ചിരുന്നത്.[15] ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇസ്‌ലാമികപ്രവാചകനായിരുന്ന മുഹമ്മദ്, ഉപദ്വീപിലെ ഗോത്രവർഗ്ഗക്കാരെയെല്ലാം ഒരുമിപ്പിക്കുകയും ഏകീകൃതഭരണം സ്ഥാപിക്കുകയും ചെയ്തു. 632-ആമാണ്ടിൽ മുഹമ്മദ് നബി മരണമടഞ്ഞതോടെ പിൻഗാമികൾ അറേബ്യക്ക് പുറത്തേക്കും ഇസ്‌ലാമികഭരണം ത്വരിതഗതിയിൽ വ്യാപിപ്പിക്കുകയും പടിഞ്ഞാറ് ഐബീരിയൻ ഉപദ്വീപ് മുതൽ കിഴക്ക് ഇന്നത്തെ പാകിസ്താൻ വരെയുള്ള വിശാലമായ ഭൂഭാഗം അധീനതയിലാക്കുകയും ചെയ്തു. ഇതുമൂലം ഇസ്‌ലാമികലോകത്തിന്റെ കേന്ദ്രം കൂടുതൽ വികസിതമായ പിടിച്ചെടുക്കപ്പെട്ട മേഖലകളിലേക്ക് മാറുകയും, അറേബ്യ അതിന്റെ പ്രാന്തപ്രദേശത്തേക്ക് മാറുകയും ചെയ്തു.[16]

പത്താം നൂറ്റാണ്ടുമുതൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംവരെ മക്കയും മദീനയും, മക്കയിലെ ശരീഫ് എന്നറിയപ്പെട്ടിരുന്ന തദ്ദേശീയഭരണാധികാരിയുടെ ഭരണത്തിൻ കീഴിലായിരുന്നു. ഈ ഭരണാധികാരികളാവട്ടെ, മിക്കപ്പോഴും ബാഗ്ദാദിലെയോ കെയ്റോയിലെയോ ഇസ്താംബൂളിലെയോ ഇസ്‌ലാമികസാമ്രാജ്യങ്ങളുടെ ആശ്രിതത്വത്തിലായിരുന്നു. ഇന്നത്തെ സൗദി അറേബ്യയുടെ മറ്റുഭാഗങ്ങളെല്ലാം പരമ്പരാഗതമായ ഗോത്രഭരണസമ്പ്രദായത്തിലേക്ക് തിരിച്ചുപോയി.[17] [18].

പതിനാറാം നൂറ്റാണ്ടിൽ ഒട്ടോമൻമാർ, ചെങ്കടലിന്റെയും പേർഷ്യൻ ഉൾക്കടലിന്റെയും തീരപ്രദേശങ്ങൾ (അസീർ, അൽഹസ എന്നിവ) തങ്ങളുടെ സാമ്രാജ്യത്തിന്റ ഭാഗമാക്കുകയും അറേബ്യയുടെ ഉൾഭാഗങ്ങളിൽ അധീശത്വം അവകാശപ്പെടുകയും ചെയ്തു. സാമ്രാജ്യത്തിന്റെ കേന്ദ്രീകൃതാധിപത്യത്തിലുണ്ടായ ഏറ്റക്കുറച്ചിലുകളനുസരിച്ച് ഇവിടങ്ങളിലെ നിയന്ത്രണത്തിന്റെ തോതും ഏറിയും കുറഞ്ഞുമിരുന്നു.[19] [20].

അൽ സൗദ് എന്നറിയപ്പെടുന്ന ഇന്നത്തെ സൗദി രാജകുടുംബത്തിന്റെ ഉയർച്ച, 1744-ൽ നെജ്ദിൽവച്ച് സാമ്രാജ്യസ്ഥാപകനായ മുഹമ്മദ് ബിൻ സൗദ്, മതനേതാവും സുന്നി ഇസ്‌ലാമികതയുടെ യാഥാസ്ഥിതിക രൂപമായ വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ മുഹമ്മദ് ബിൻ അബ്ദുൽവഹാബിന്റെ സേനയുമായി കൈകോർക്കുന്നതോടെയാണ് ആരംഭിക്കുന്നത്.[21][22] ഈ കെട്ടുകെട്ട്, സൗദിയുടെ വികാസത്തിന്റെ ആശയാടിത്തറയാകുകയും ഇന്നത്തെ രാജഭരണത്തിന്റെ അടിസ്ഥാനമാകുകയും ചെയ്തു.[23] 1744-ൽ റിയാദിന്റെ ചുറ്റുവട്ടത്തുള്ള മേഖലയിൽ സ്ഥാപിക്കപ്പെട്ട 'സൗദി രാജ്യം', ദ്രുതഗതിയിൽ വികസിക്കുകയും ഇന്നത്തെ സൗദി അറേബ്യയുടെ മിക്കവാറും ഭാഗങ്ങളുടെയും നിയന്ത്രണം കൈവരിക്കുകയും ചെയ്തു.[24] പക്ഷേ, 1818-ൽ ഈജിപ്തിലെ ഒട്ടോമൻ പ്രതിനിഭരണാധികാരിയായിരുന്ന മുഹമ്മദ് അലി പാഷ ഇവരെ തോൽപ്പിച്ചു.[25]

നെജ്ദ് കേന്ദ്രമാക്കി രണ്ടാമതും ചെറിയൊരു സൗദി രാജ്യം 1824-ൽ സ്ഥാപിക്കപ്പെട്ടു. സൗദി അറേബ്യയുടെ ഉൾഭാഗങ്ങളുടെ നിയന്ത്രണത്തിനായി, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ബാക്കിമുഴുവൻ മറ്റൊരു അറേബ്യൻ രാജകുടുംബമായ അൽ റാഷീദുമായി, അൽ സൗദ് കുടുംബം പോരാട്ടം തുടർന്നു. 1891-ഓടെ അൽ റാഷിദ് കുടുംബം വിജയിക്കുകയും അൽ സൗദുകൾക്ക് കുവൈത്തിലേക്ക് പലായനം ചെയ്യേണ്ടിവരുകയും ചെയ്തു.[17]

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഒട്ടോമൻ സാമ്രാജ്യത്തിന് അറേബ്യൻ ഉപദ്വീപിന്റെ ഭൂരീഭാഗം പ്രദേശങ്ങളിലും നിയന്ത്രണമോ കുറഞ്ഞപക്ഷം സ്വാധീനമോ ഉണ്ടായിരുന്നു. ഈ മേൽക്കോയ്മക്കു കീഴിൽ ഉൾഭാഗത്ത് വിവിധ ഗോത്രനേതാക്കളും, ഹിജാസിൽ മക്കയിലെ ശരീഫുമായി അറേബ്യയിലെ ഭരണം നടന്നു.[26][27][28]

ഇബ്നു സൗദ് എന്ന അബ്ദുൽ അസീസ് രാജാവ്‌ - ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ, രാഷ്ട്രപിതാവ്, ആദ്യത്തെ രാജാവ്

1902-ൽ സൗദ് കുടുംബാംഗമായ ഇബ്നു സൗദ് എന്ന അബ്ദുൽ അസീസ്, നെജ്ദിലെ റിയാദിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും സൗദ് കുടുംബത്തെ നെജ്ദിൽ വീണ്ടും അധികാരത്തിലെത്തിക്കുകയും ചെയ്തു.[17] വഹാബി ആശയങ്ങളിൽ ആകൃഷ്ടരായിരുന്ന ഇഖ്‌വാൻ എന്ന ഗോത്രസേനയുടെ പിന്തുണയും ഇബ്നു സൗദിന് ലഭിച്ചു. സുൽത്താൻ ഇബ്നു ബിജാദ്, ഫൈസൽ അൽ-ദാവിഷ് എന്നിവരായിരുന്നു ഈ സേനയുടെ നേതാക്കൾ. 1912-ൽ രൂപീകരിക്കപ്പെട്ട ഈ സേന വളരെപ്പെട്ടെന്ന് വളർന്നു.[29] ഇഖ്‌വാന്റെ സഹായത്തോടെ, 1913-ൽ ഇബ്നു സൗദ്, ഒട്ടോമൻ സാമ്രാജ്യത്തിൽനിന്നും പേർഷ്യൻ ഉൾക്കടൽ തീരത്തുള്ള ഹാസ പിടിച്ചെടുത്തു.

ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഒട്ടോമൻ സാമ്രാജ്യവുമായി പോരാടിക്കൊണ്ടിരുന്ന ബ്രിട്ടന്റെ പിന്തുണയിൽ 1916-ൽ മക്കയിലെ ശരീഫായിരുന്ന ഹുസൈൻ ബിൻ അലി, ഏകീകൃത അറബ് രാജ്യം എന്ന ആവശ്യം മുൻനിർത്തി, ഒട്ടോമൻ സാമ്രാജ്യത്തിനെതിരെ ഒരു സമസ്ത അറബ് പ്രക്ഷോഭം നയിച്ചു.[30] 1916-1918 കാലഘട്ടത്തിലെ ഈ പ്രക്ഷോഭം ലക്ഷ്യം കാണാതെ അവസാനിച്ചെങ്കിലും ലോകയുദ്ധത്തിലെ സഖ്യകക്ഷികളുടെ വിജയം, അറേബ്യയിലെ ഒട്ടോമൻ അധീശത്വവും നിയന്ത്രണവും അവസാനിപ്പിച്ചു.[31]

ഇബ്ൻ സൗദ് അറബ് പ്രക്ഷോഭത്തിൽ പങ്കുചേർന്നിരുന്നില്ല, പകരം അൽ റാഷിദുകളുമായുള്ള തങ്ങളുടെ പോര് തുടർന്നുകൊണ്ടിരുന്നു. റാഷീദുകളുടെ അന്തിമപരാജയത്തിനുശേഷം 1921-ൽ നെജ്ദിലെ സുൽത്താൻ എന്ന പദവിയിൽ അദ്ദേഹം സ്വയം അവരോധിച്ചു. 1924-25 കാലഘട്ടത്തിൽ ഇഖ്‌വാന്റെ സഹായത്തോടെ ഹിജാസ് പിടിച്ചടക്കുകയും 1926 ജനുവരി 10-ന് ഹിജാസിലെ രാജാവായും പ്രഖ്യാപിച്ചു.[32] ഒരു വർഷത്തിനുശേഷം നെജ്ദിലെ രാജാവ് എന്ന പട്ടവും അദ്ദേഹം സ്വന്തം പേരിൽച്ചേർത്തു.[17]

വഹാബി ഭരണത്തെ ജോർദാൻ നദിക്കു പടിഞ്ഞാറുള്ള ബ്രിട്ടീഷ് ആശ്രിതമേഖലയിലേക്കും ഇറാഖിലേക്കും കുവൈത്തിലേക്കും വ്യാപിപ്പിക്കുക എന്നതായിരുന്നു ഹിജാസ് കീഴടക്കിയതിനുശേഷം ഇഖ്‌വാൻ നേതൃത്വത്തിന്റെ ലക്ഷ്യം. ഇതിനായുള്ള ശ്രമങ്ങൾ അവർ ആരംഭിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുമായി നേരിട്ടുള്ള യുദ്ധത്തിന് ഇത് വഴിയൊരുക്കുമെന്ന് ഭയന്ന ഇബ്നു സൗദ് ഈ നീക്കങ്ങളെ എതിർത്തു. അതേസമയം ഇബ്നു സൗദിന്റെ ഭരണനയങ്ങളിൽ ഇഖ്‌വാനും അതൃപ്തരായിരുന്നു. ആധുനികവൽക്കരണവും രാജ്യത്തെ വിദേശികളുടെ വർദ്ധനവുമായിരുന്നു ഇതിന്റെ കാരണം. ഈ എതിർപ്പ് രണ്ടുവർഷം നീളുന്ന ഒരു സംഘർഷത്തിലേക്ക് നയിക്കുകയും, 1930-ലെ സബില്ല യുദ്ധത്തിൽ ഇഖ്‌വാൻ സേന പരാജയപ്പെടുകയും അവരുടെ നേതാക്കളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു.[33] 1932-ൽ ഹിജാസിലെയും നെജ്ദിലേയും രാജ്യങ്ങൾ ഒന്നുചേർന്ന് സൗദി അറേബ്യൻ സാമ്രാജ്യം അഥവാ കിങ്ഡം ഓഫ് സൗദി അറേബ്യ ആയി മാറി.[17]

രാജ്യത്തിന്റെ സംസ്ഥാപനം

[തിരുത്തുക]

1938 ൽ എണ്ണ സ്രോതസ്സ് കണ്ടുപിടിക്കുന്നതുവരെ സൗദി അറേബ്യ ലോകത്തിലെ ദരിദ്രമായ രാജ്യങ്ങളിലൊന്നായിരുന്നു.[34] പരിമിതമായ കാർഷികവൃത്തിയും, തീർത്ഥാടകരിൽനിന്നുള്ള വരുമാനവുമായിരുന്നു പ്രധാന സാമ്പത്തികസ്രോതസ്സ്. എണ്ണപ്പാടങ്ങൾ കണ്ടെത്തപ്പെട്ടതോടെ, ആടുകളെ മേച്ചും ഒട്ടകങ്ങളെ വളർത്തിയും കടലിനെ ആശ്രയിച്ചും കഴിഞ്ഞിരുന്ന അറേബ്യൻ ജനത സമ്പത്തിന്റെ പര്യായമായി. അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു. പെട്രോളിയത്തിന്റെ കണ്ടെത്തൽ മണൽരാജ്യത്തെ വൻ സാമ്പത്തികമുന്നേറ്റത്തിലേക്ക് നയിച്ചു. അറേബ്യൻ അമേരിക്കൻ ഓയിൽ കമ്പനി (അരാംകോ)യുടെ കാർമ്മികത്വത്തിൽ എണ്ണ ഉൽപാദനം പുരോഗമിച്ചു. ഇവിടങ്ങളിൽ ജോലിക്കായി ആയിരക്കണക്കിന് വിദേശികൾ, പ്രത്യേകിച്ച് അമേരിക്കക്കാർ സൗദിയിലേക്ക് വരാൻ തുടങ്ങി.[35][36] എണ്ണ മേഖലയിൽ അമേരിക്കയുമായുള്ള അടുത്ത ബന്ധം, 1980 മുതൽ 1988 വരെ നീണ്ടുനിന്ന ഇറാൻ-ഇറാഖ്‌ യുദ്ധത്തിൽ സൗദി അറേബ്യയിൽ അമേരിക്കൻ സേനക്ക് സൈനികക്യാമ്പ് അനുവദിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തിച്ചു. ലോകം സാമ്പത്തികമാന്ദ്യത്തിലമർന്നപ്പോഴും എണ്ണയുടെ പിന്തുണയിലുള്ള കരുത്തുറ്റ സാമ്പത്തിക അടിത്തറ സൗദി അറേബ്യക്ക് തുണയായിനിന്നു.

ഭരണാധികാരികൾ

[തിരുത്തുക]
അബ്ദുല്ല രാജാവ്‌ - സൗദി അറേബ്യയുടെ മുൻ ഭരണാധികാരി (2005 മുതൽ 2015 വരെ

സൗദി അറേബ്യയുടെ സ്ഥാപകൻ ആയി അറിയപ്പെടുന്ന അബ്‌ദുൽ അസീസ്‌ അഥവാ ഇബ്നു സൗദ് (ഭരണകാലം: 1926-1953) ആണ് ആധുനിക സൗദി അറേബ്യയുടെ പ്രഥമ രാജാവ്. 1926-ൽ നജദിലെ രാജാവായി ഇദ്ദേഹം സ്വയം പ്രഖ്യാപിച്ചു. 1927 മെയ് 20-ന് ജിദ്ദയിൽ ബ്രിട്ടീഷുകാരുമായുണ്ടാക്കിയ സമാധാന ഉടമ്പടിക്ക് ശേഷം പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതോടെ 1932-ൽ ആധുനിക സൗദി അറേബ്യ പിറന്നു. 1953 ൽ മരണം വരെ അദ്ദേഹം രാജാവായി തുടർന്നു. സൗദി അറേബ്യയുടെ രാഷ്ട്രപിതാവായും ഇദ്ദേഹം കണക്കാക്കപ്പെടുന്നു.[37] സൗദി അറേബ്യയുടെ പിൽക്കാലരാജാക്കന്മാരെല്ലാം ഇബ്നു സൗദിന്റെ പുത്രന്മാരാണ്.

അബ്ദുൽ അസീസിന്റെ മരണശേഷം 1953 മുതൽ 1964 വരെ പതിനൊന്നു വർഷം ഭരിച്ചത് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ സൗദ്‌ ബിൻ അബ്ദുൽ അസീസ്‌ (ജനനം-1902, മരണം-1969) ആണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഭരണതലത്തിൽ ധാരാളം പുരോഗതികൾ വരുത്തിയിട്ടുണ്ട്. റിയാദിലുള്ള കിംഗ്‌ സൗദ്‌ സർവകാലശാല അദ്ദേഹത്തിന്റെ കാലത്ത് 1957-ൽ തുടങ്ങിയതാണ്‌ [38]. അന്താരാഷ്ട്രതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് 1957-ൽ അമേരിക്കയിലേക്ക് ആദ്യമായി സന്ദർശനം നടത്തിയ സൗദി അറേബ്യയിലെ രാജാവാണ് സൗദ്. 1962-ൽ ആദ്യമായി അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം വിളിച്ചുകൂട്ടിയ സൗദ് ഇതിൽവച്ച് മക്ക ആസ്ഥാനമായി മുസ്ലിം വേൾഡ് ലീഗ് എന്ന സംഘടനക്കും രൂപം നൽകി.[39] 1964-ൽ സഹോദരൻ ഫൈസൽ ഇദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിലെത്തുകയായിരുന്നു.

1964 മുതൽ 1975 വരെ സൗദി അറേബ്യയുടെ ഭരണം ഫൈസൽ രാജാവിന്റെ കീഴിലായിരുന്നു. സൗദി അറേബ്യയിൽ ആദ്യമായി സാമ്പത്തികരംഗത്തും വിദേശനയങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയത് ഫൈസൽ രാജാവിന്റെ ഭരണകാലത്താണ്. ഇസ്‌ലാമികത, കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്നിവയായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ.[40][41] ഫൈസലാണ് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോൺഫറൻസ് (ഒ.ഐ.സി.)[42] രൂപവത്കരണത്തിന് മുൻകൈയെടുത്തത്. 1971-ൽ നിലവിൽവന്ന ഈ സംഘടനയിൽ 40 രാഷ്ട്രങ്ങൾ അംഗങ്ങളാണ്.[43] 1975-ലെ ഒരു മാർച്ച്‌ 25-നു് അദ്ദേഹം മരുമകനായ ഫൈസൽ ബിൻ മുസഇദിനാൽ കൊലചെയ്യപ്പെട്ടു.

1975 മുതൽ 1982 വരെ സൗദി അറേബ്യയുടെ ഭരണം ഖാലിദ് ബിൻ അബ്ദുൽ അസീസിന്റെ കീഴിലായിരുന്നു. രാജ്യത്ത് ഏതാണ്ട് എല്ലാ മേഖലകളിലും അഭിവൃദ്ധി നേടിയ കാലമാണ് ഇദ്ദേഹത്തിന്റേത്. പേർഷ്യൻ ഗൾഫിന്റെ തീരത്തുള്ള ആറ് രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച രാജ്യാന്തരസഹകരണപ്രസ്ഥാനമായ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി.) സ്ഥാപകനാണ് ഖാലിദ്‌.[44] ലോകത്തിൽ സമാധാനവും സഹകരണവും നടപ്പാക്കാൻ ശ്രമിക്കുന്നവർക്കായി ഐക്യരാഷ്ട്രസഭ നൽകുന്ന സ്വർണ്ണമെഡലിന് ഖാലിദ് അർഹനായിട്ടുണ്ട്.[45]

സൗദിയെയും ബഹ്റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംങ് ഫഹദ് കോസ്‌വേ

1982-ൽ ഖാലിദ് രാജാവ് മരണമടഞ്ഞതിനുശേഷം[46] ഫഹദ് രാജാവ് അധികാരത്തിലെത്തി. ധാരാളം സൈനികകരാറുകളും മറ്റും ഇക്കാലത്ത് ഒപ്പു വെക്കുകയുണ്ടായി. കുവൈത്തിന്റെ മോചനത്തിനായി അമേരിക്കയെയും സഖ്യസേനയെയും വിളിച്ചു വരുത്തിയതും സൗദി അറേബ്യയിൽ അമേരിക്കൻ സേനക്ക് സൈനികത്താവളം അനുവദിച്ചതും ഇക്കാലത്താണ്. 9 കോടി അമേരിക്കൻ ഡോളർ മുതൽ വരുന്ന അൽ-യമാമ ആയുധക്കരാർ ഒപ്പു വെച്ചത് ഫഹദ് രാജാവിന്റെ കാലഘട്ടത്തിലാണ്.[47] 1995-ൽ കടുത്ത ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഫഹദ് രാജാവിന്റെ ആരോഗ്യ നില ഏറെ വഷളായി. 2005-ൽ ഒരു ന്യുമോണിയ ബാധയെ തുടർന്ന് മരണമടയുകയും ചെയ്തു.[48].

2005-ലാണ് രാജാവായി അബ്ദുല്ല സ്ഥാനമേറ്റത്. സൗദി കൂടിയാലോചന സമിതിയായ ശൂറാ കൗൺസിലിൽ സ്ത്രീകൾക്ക് അംഗത്വം നൽകാനും കൗൺസിലിൽ അവർക്ക് വോട്ട് ചെയ്യാനും സ്വയം നാമനിർദ്ദേശം ചെയ്യാനുമുള്ള സുപ്രധാന തീരുമാനങ്ങൾ അബ്ദുല്ല അടുത്ത കാലത്ത് എടുത്തവയാണ്. കണക്കുകൾ പ്രകാരം അറബ് രാഷ്ട്ര നേതാക്കളിൽ ഏറ്റവും ജനപ്രിയനായ ഭരണാധികാരിയിരുന്നു ഇദ്ദേഹം. അമേരിക്കയിലെ ജോർജ് ടൗൺ സർവകലാശാലയിലെ പ്രിൻസ് അൽ വലീദ് ബിൻ തലാൽ സെൻറർ ഫോർ മുസ്‌ലിം -ക്രിസ്റ്റ്യൻ അണ്ടർസ്റ്റാൻറിങ്ങുമായി ചേർന്ന് ജോർദാനിലെ റോയൽ സെൻറർ ഫോർ ഇസ്‌ലാമിക് റിസർച്ച് ആൻറ് സ്റ്റഡീസ് 2011-ലും 2012-ലും നടത്തിയ പഠനത്തിലും അബ്ദുല്ലയെ ജനസ്വാധീനമുള്ള 500 മുസ്‌ലിം നേതാക്കളിൽ നിന്നും ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി തെരഞ്ഞെടുത്തു[49][50]. ഫോബ്സ് മാസിക തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും ശക്തരായ ഭരണാധികാരികളുടെ പട്ടികയിൽ അബ്ദുല്ലയുടെ പേര് ഏഴാം സ്ഥാനത്തായിരുന്നു. 2015 ൽ അദ്ദേഹത്തിന്റെ മരണശേഷം രാജാവായി സല്മാൻ അബ്ദുൾ അസീസ് സ്ഥാനമേറ്റു.[51]

ഭൂമിശാസ്ത്രം

[തിരുത്തുക]
സൗദിയിലെ ഇക്കോ റീജിയൻസ്

അറേബ്യൻ ഉപദ്വീപിന്റെ 80% ത്തോളം ഭാഗവും സൗദി അറേബ്യ കൈയ്യടക്കിയിരിക്കുന്നു [52]. ഐക്യ അറബ് എമിറേറ്റുമായും, ഒമാനുമായുമുള്ള അതിർത്തികൾ കൃത്യമായി രേഖപ്പെടുത്താത്തുകൊണ്ട് രാജ്യത്തിന്റെ മൊത്തം വിസ്തീർണ്ണം ഇതുവരെ നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിരിക്കിലും സൗദി അറേബ്യയുടെ മൊത്തം വിസ്തീർണ്ണം 22,50,000 ചതുരശ്ര കിലോമീറ്റർ ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു [2]. സൗദി അറേബ്യയുടെ ഭൂരിഭാഗവും, മരുഭൂമിയും, കള്ളിമുൾച്ചെടികൾ നിറഞ്ഞതുമായ പ്രദേശങ്ങളുമാണ്. 6,47,500 ചതുരശ്ര കിലോമീറ്ററോളം മരുഭൂമിയുള്ളതായി രേഖകൾ പറയുന്നു. ലോകത്തിലേക്കും വെച്ച് ഏറ്റവും വിസ്തീർണ്ണം കൂടിയ മരുഭൂമിയും സൗദി അറേബ്യയിലാണുള്ളത് [53]. നദികളോ, മറ്റു ജലസ്രോതസ്സുകളോ സൗദി അറേബ്യയിൽ ഇല്ല. എന്നാൽ ശക്തമായ മഴക്കാലത്ത് അരുവിപോലെ രൂപപ്പെടുന്ന വാദി എന്നു വിളിക്കപ്പെടുന്ന താഴ്‌വരകൾ ധാരാളമായി ഇവിടെ കാണുന്നു. ഫലഭൂയിഷ്ഠമായ പ്രദേശങ്ങൾ ഈ വാദികളിലും, നദീതടങ്ങളിലും മറ്റും കണ്ടെത്തിയിട്ടുണ്ട്.

ചില തെക്കു പടിഞ്ഞാറൻ പ്രദേശങ്ങൾ മാറ്റിനിർത്തിയാൽ സൗദി അറേബ്യയിൽ കൂടുതലും ചുട്ടുപൊള്ളുന്ന ചൂടാണ്. വേനൽക്കാലത്ത് ശരാശരി താപനില ഏതാണ്ട് 45°C ആണ്. പരമാവധി താപനില 54°C വരെയാകാം. മഴയുടെ അളവ് താരതമ്യേന കുറവാണ്. എന്നാൽ അസീർ പോലുള്ള തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ ലഭിക്കാറുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ മൺസൂണിന്റെ സഹായത്തോടെയാണ് ഈ ഭാഗങ്ങളിൽ മഴ ലഭിക്കുന്നത്. ഇത് കൂടുതലും, ഒക്ടോബറിനും മാർച്ചിനും ഇടയിലായിരിക്കും [54].

കാലാവസ്ഥ

[തിരുത്തുക]
റിയാദിനടുത്തുള്ള ഒരു മരുഭൂ പ്രദേശം

പൊതുവേ വരണ്ട കാലാവസ്ഥയാണ് രാജ്യത്തെ മിക്ക പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. ഏപ്രിൽ അവസാനം എത്തുമ്പോഴേക്കും താപം മൂർദ്ധന്യത്തിലേക്ക് കടക്കുന്നു. കടൽത്തീരത്തോട് ചേർന്നുള്ള പ്രവിശ്യകളെ അപേക്ഷിച്ച് വരണ്ട മധ്യ, വടക്കൻ പ്രവിശ്യകളുടെ കാലാവസ്ഥയിൽ വളരെ മാറ്റമുണ്ടാകാറുണ്ട്. ശൈത്യകാലത്തിൽനിന്ന് വേനൽക്കാലത്തിലേക്കോ തിരിച്ചോ ഉള്ള ഋതുവിന്റെ മാറ്റത്തിൽ ഒന്നോ രണ്ടോ മഴ മാത്രമാണ് രാജ്യത്ത് ലഭിക്കുക. ഫെബ്രുവരി മാസത്തിൽ തണുപ്പുകാലം അവസാനിക്കുന്നതിന്റെ സൂചനകൾ നൽകി അന്തരീക്ഷോഷ്മാവ് ഉയർന്നു തുടങ്ങുന്നതോടെ പൊടിക്കാറ്റ് വീശിയടിക്കുന്നു. ചില പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ നിറഞ്ഞ പൊടിപടലങ്ങൾ അതിശക്തമായ ചുഴലിക്കാറ്റായി അടിച്ചുവീശുന്നു. പൊടിക്കാറ്റു വീശുന്ന സമയങ്ങളിൽ മണൽ നിറമണിഞ്ഞ അന്തരീക്ഷം മൂലം ആകാശത്തു നിന്നുള്ള വീക്ഷണം പ്രയാസകരമാകുന്നതിനാൽ വിമാന സർവീസുകൾ അവതാളത്തിലാകുന്നു. പൊടിക്കാറ്റിൽ അന്തരീക്ഷം ഇരുട്ട് മൂടുന്നതിനാൽ വഴിയാത്രക്കാരും വാഹനമോടിക്കുന്നവരും ദിശയറിയാതെ വലയുന്നു. നേർരേഖയിൽ ഒരു കിലോമീറ്റർ പോലും ദൃഷ്ടിഗോചരമാകാത്ത വിധം പൊടിമൂടി കിടക്കുന്ന അന്തരീക്ഷത്തിൽ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ച് സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകാറുണ്ട്[55] [56] രാജ്യത്തെ ചില പ്രദേശങ്ങളിൽ അന്തരീക്ഷോഷ്മാവ് പൂജ്യം ഡിഗ്രിയിലേക്ക് വരെ താഴ്ന്നു വരുന്നു. അതിശൈത്യം അനുഭവപ്പെടുന്നത് കിഴക്ക്, വടക്ക്, മധ്യ മേഖലയിൽ ആണ്. അൽബാഹ, തബൂക്, ബുറൈദ, ഹാഇൽ, സക്കാക്ക, അറാർ, അബഹ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിൽ കാലാവസ്ഥ പൂജ്യം ഡിഗ്രി വരെ എത്താറുണ്ട്. നല്ല തണുപ്പ് അനുഭവപ്പെടുമ്പോൾ ആളുകൾ മുഖാവരണവും കട്ടി കൂടിയ വസ്ത്രങ്ങളും ധരിച്ചാണ് പുറത്തിറങ്ങുന്നത്. ശൈത്യ കാലങ്ങളിൽ തബൂക്ക് മേഖലയിൽ ജബൽ അൽലൂസ്, അസീർ മേഖലയിൽ അബഹ, അൽ നമാസ് എന്നിവിടങ്ങളിലെല്ലാം കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്. മധ്യവേനലിൽ തുറന്ന സ്ഥലത്ത് സൂര്യന് താഴെ ജോലി ചെയ്യുന്നവർക്ക് ഉച്ചക്ക് അവധി നൽകണമെന്ന് സൗദി തൊഴിൽ മന്ത്രാലം നിർദ്ദേശമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന ശക്തമായ ചൂട് 40 മുതൽ 48 ഡിഗ്രി വരെ ഉയരാരുണ്ട്. ശക്തമായ ചൂട് അനുഭവപ്പെടുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതൽ മൂന്ന് വരെ പുറത്ത് ജോലി ചെയ്യുന്നവർക്ക് വിശ്രമം നൽകണമെന്നു നിയമമുണ്ട്[57].

സൗദി അറേബ്യയിൽ പ്രധാനമായും മരുഭൂമിയിലെ കാലാവസ്ഥയാണ് പൊതുവേ എല്ലായിടങ്ങളിലും അനുഭവപ്പെടുന്നത്. എന്നാൽ ദക്ഷിണപടിഞ്ഞാറൻ ഭാഗത്ത് ഇതിൽ നിന്നും വ്യത്യസ്തമായ കാലാവസ്ഥ കണ്ടുവരുന്നു. ഭൗമശാസ്ത്ര പ്രത്യേകത കൊണ്ടാണ് ഈ കാലാവസ്ഥാമാറ്റം അനുഭവപ്പെടുന്നത്.

ജനസംഖ്യ

[തിരുത്തുക]

ഏപ്രിൽ 2010-ലെ കാനേഷുമാരി പ്രകാരം സൗദി അറേബ്യയിൽ 2,71,36,977 ആളുകൾ താമസിക്കുന്നുണ്ട്. ഇതിൽ 1,87,07,576 സ്വദേശികളും, 84,29,401 വിദേശികളുമാണുള്ളത്.[59] 1960-കളിൽ ജനസംഖ്യയിൽ ഭൂരിഭാഗവും നാടോടികളായ സ്വദേശികളായിരുന്നു. എന്നാൽ സൗദി അറേബ്യയുടെ മെച്ചപ്പെട്ട സാമ്പത്തികനില ഇവരെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കുവാൻ സഹായിച്ചു. ചില നഗരങ്ങളിലും, പ്രദേശങ്ങളിലെയും ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിൽ 1,000 എന്ന കണക്കിലാണ്.

പ്രധാന നഗരങ്ങൾ

[തിരുത്തുക]

തലസ്ഥാനമായ റിയാദ് ആണ് രാജ്യത്തെ വലിയ നഗരം. ജിദ്ദ, ദമാം എന്നീ നഗരങ്ങൾ ആണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നത്. ഏറ്റവും വലിയ വാണിജ്യ നഗരമായി അറിയപ്പെടുന്നത് ജിദ്ദയാണ്.

സൗദി അറേബ്യയിലെ പ്രവിശ്യകൾ

ഭരണവ്യവസ്ഥ

[തിരുത്തുക]

ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ സമ്പൂർണ രാജ ഭരണമാണ് രാജ്യത്തെ ഭരണക്രമം. സൗദിയിലെ പാരമ്പര്യമനുസരിച്ച്, രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ മക്കളിലൊരാളാണ് ഭരണാധികാരികളാകുന്നത്. രാജഭരണത്തിന്റേയും പ്രതീകാത്മക ജനാധിപത്യത്തിന്റേയും പരമോന്നത അധികാരസ്ഥാനങ്ങൾ ഒരാൾ തന്നെ വഹിക്കുന്നതാണ് സൗദി അറേബ്യയിലെ ഭരണസമ്പ്രദായം. അതിനാൽ രാജാവ്‌ തന്നെയാണ്‌ ഇവിടെ പ്രധാനമന്ത്രിയും ആകുന്നത്. ആധുനിക സൗദി രാജകുടുംബ സ്ഥാപകൻ സൗദ് രാജാവിന്റെ മക്കളും കൊച്ചുമക്കളും ഉൾപ്പെടുന്ന അലിജൻസ് കൗൺസിൽ ആണ് കിരീടധാരണം ഉൾപ്പെടെയുള്ള രാജ്യത്തെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത്.[60]

സല്മാൻ അബ്ദുൾ അസീസ് രാജാവിന്റെ ഭരണത്തിനു കീഴിൽ ആണ് രാജ്യം ഇപ്പോൾ നില കൊള്ളുന്നത്‌. അടുത്ത കിരീട അവകാശി നിലവിൽ ഉപപ്രധാനമന്ത്രിയായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ആണ്. ഭരണനിർവഹണത്തിന്റെ കാര്യക്ഷമതക്ക് വേണ്ടി രാജ്യത്തെ 13 മേഖലകളായി തിരിച്ചിട്ടുണ്ട്. സൗദ്‌ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ഇവിടങ്ങളിൽ മേഖലാ ഗവർണർമാരായും നിയമിച്ചിട്ടുണ്ട്. മതനിയന്ത്രണങ്ങളും രാജവാഴ്ചയും നിലവിലുള്ള സൗദി അറേബ്യയിൽ നിലവിൽ പകുതി തദ്ദേശസ്ഥാപനങ്ങളിലേക്കു മാത്രമാണ് വോട്ടെടുപ്പ്. ബാക്കി രാജാവിന്റെ നാമനിർദ്ദേശമാണ്. ഖുർആനാണ് രാജ്യത്തെ ഭരണഘടന. ഇസ്ലാമിക ശരിഅത്ത് ആണ് നിയമവ്യവസ്ഥയുടെ അടിസ്ഥാനം. മൗതിനീ, ഇശ്ത ഫഖ്റൽ മുസ്ലിമീൻ എന്ന് തുടങ്ങുന്ന ദേശഭക്തി നിറഞ്ഞ ഗാനമാണ് സൗദി ദേശീയഗാനം[61].

പ്രധാന ഭരണ വിഭാഗങ്ങൾ

[തിരുത്തുക]

ശൂറ കൗൺസിൽ

[തിരുത്തുക]
ശൂറ കൗൺസിൽ യോഗം

രാജ്യത്തെ ഭരണ കാര്യങ്ങളിൽ പരിഷ്കാരങ്ങളും നിർദ്ദേശങ്ങളും നടപ്പാക്കാൻ ഉള്ള കൂടിയാലോചനാ സമിതിയാണ് ശൂറ കൗൺസിൽ (മജ്ലിസ് അൽ ശൂറ)[62]. സൗദിയിലെ സുപ്രധാന തീരുമാനങ്ങളും നിയമങ്ങളും നിർമ്മിക്കുന്നതിലും നടപ്പാക്കുന്നതിലും പ്രധാന ഉപദേശകസമിതിയായി നിലകൊള്ളുന്ന ശൂറ കൗൺസിലിൽ 20 ശതമാനം വനിതാ പ്രാതിനിധ്യം ഉണ്ട്. വിവിധ മേഖലകളിൽ അറിവും പരിജ്ഞാനവും നേടിയ ഉന്നതരായ 150 പേരടങ്ങുന്ന ശൂറാ കൗൺസിലിലേക്കുള്ള അംഗങ്ങളെ രാജാവാണ് നോമിനേറ്റ് ചെയ്യുക. രാജ്യത്തെ സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള വിവിധ സേവനവിഭാഗങ്ങൾ അവലോകനം ചെയ്ത് ആവശ്യമായ പരിഷ്‌കരണത്തിന് ശൂറ കൗൺസിൽ അതതു മന്ത്രാലയങ്ങൾക്ക് സമർപ്പിക്കുന്നു [63]. രാജ്യത്തെ ഭരണ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ, റിപ്പോർട്ടുകൾ എന്നിവ ശൂറ കൗൺസിൽ വിഭാഗത്തിനു സമർപ്പിക്കുകയും ചെയ്യണം. ശൂറ കൗൺസിൽ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ച ശേഷമേ രാജ്യത്ത് പ്രാബല്യത്തിൽ വരികയുള്ളൂ. ഡോ. അബ്ദുല്ല ഇബ്രാഹീം ആൽശൈഖ് ആണ് നിലവിൽ ശൂറാ കൗൺസിൽ മേധാവി[64].

തൊഴിൽ വകുപ്പ്

[തിരുത്തുക]

ജനസംഖ്യയുടെ മൂന്നിലൊന്ന്‌ വിദേശി തൊഴിലാളികളുള്ള സൗദി അറേബ്യയിലെ പ്രധാന ഭരണ വിഭാഗമാണ്‌ തൊഴിൽ വകുപ്പ്. സൗദി അറേബ്യയിൽ ജോലിക്കായി വരുന്ന വിദേശ തൊഴിലാളികളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും, കടമകളെക്കുറിച്ചും തൊഴിൽ വകുപ്പ് വളരെ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. അതുപോലെ തന്നെ അവരുടെ അവകാശങ്ങളെക്കുറിച്ചും ഈ ഔദ്യോഗിക രേഖയിൽ പറയുന്നുണ്ട്. ഓരോ വിദേശ തൊഴിലാളിയും ഈ രേഖകൾ വായിച്ചു നോക്കേണ്ടതാണെന്ന് നിഷ്കർഷിക്കപ്പെടുന്നു.[65] [65]

രാജ്യത്ത് സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി സൗദി തൊഴിൽ മന്ത്രാലയം വിഭാവനം ചെയ്തു നടപ്പാക്കികൊണ്ടിരിക്കുന്ന പുതിയ പദ്ധതിയാണ് നിതാഖാത്ത് (തരംതിരിക്കൽ). നിതാഖാത്ത് വ്യവസ്ഥയനുസരിച്ച് സ്ഥാപനങ്ങളെ അവയിലെ സ്വദേശി തൊഴിലാളികളുടെ പ്രാതിനിധ്യമനുസരിച്ച് ചുവപ്പ്, മഞ്ഞ, പച്ച, എക്സലന്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. എക്സലന്റ്, പച്ച വിഭാഗത്തിൽപെടുന്ന സ്ഥാപനങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാവുമ്പോൾ ചുവപ്പ് വിഭാഗത്തിലുളളവർക്ക് ഇത് നിഷേധിക്കപ്പെടുന്നു. എന്നാൽ മഞ്ഞ വിഭാഗത്തിലുളളവർക്ക് സ്വദേശിവത്ക്കരണം നടത്തി പച്ച വിഭാഗത്തിൽ ഇടം നേടാനുളള അവസരം നൽകുന്നുമുണ്ട്. രാജ്യത്തെ തൊഴിൽമേഖലയെ 41 വിഭാഗങ്ങളായി വേർതിരിച്ചാണ് നിതാഖാത്ത് പട്ടിക തയ്യാറാക്കുയിരിക്കുന്നത്. 1-10 , 10-49, 50-499, 500-2999, 3000 ന് മുകളിൽ എന്നിങ്ങനെ തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി അഞ്ച് വിഭാഗങ്ങളായി തൊഴിൽദാതാക്കളെ വേർതിരിച്ചിട്ടുണ്ട്[66].

പാസ്പോർട്ട് വിഭാഗം (ജവാസാത്ത്)

[തിരുത്തുക]
റിയാദിലെ ആഭ്യന്തരമന്ത്രാലയം

സൗദി അറേബ്യയിലെ അഭ്യന്തര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാസ്പോർട്ട് വിഭാഗം സുരക്ഷാ ഉദ്യോഗസ്ഥരാണ് ജവാസാത്ത് എന്ന പേരിൽ അറിയപ്പെടുന്നത്. വിസ, റീഎൻട്രി, എക്സിറ്റ് വിസകൾ [67], സ്വദേശികളുടെയും കുടുംബാംഗങ്ങളുടെയും പാസ്പോർട്ട് വിവരങ്ങൾ, സൗദിക്ക് പുറത്തുള്ള അംഗങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ, സ്പോൺസർഷിപ്പിലുള്ള വിദേശികളുടെ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ പാസ്പോർട്ട് വിഭാഗത്തിൽ ആണ് പ്രവർത്തിക്കുന്നത്. ഹജ്‌, ഉംറ, സന്ദർശക, താമസ വിസകളിൽ രാജ്യത്തേക്ക് വരുന്ന വിദേശികളുടെ എല്ലാ വിവരങ്ങളും പ്രവേശന കവാടത്തിൽ വെച്ച് ഇലക്ട്രോണിക് സംവിധാനത്തിൽ ആക്കുന്നതു മുതൽ അനധികൃത താമസക്കാരായി കഴിയുന്നവരെ നാടുകടത്തൽ കേന്ദ്രം വഴി സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നത് വരെയുള്ള ജോലികൾ ഈ വകുപ്പിന് കീഴിൽ ആണ്. സൗദിയിൽ കൃത്യമായ രേഖകളുമായി വരുന്ന എല്ലാവരുടേയും വിവരങ്ങൾ വിരലടയാളവും. ഫോട്ടോയും ഉൾപ്പെടെ ഇവിടെ സൂക്ഷിച്ചിട്ടുണ്ടാവും [68].

മത കാര്യ വകുപ്പ് (മുത്തവ്വ)

[തിരുത്തുക]

രാജ്യത്തെ ധാർമിക സദാചാരനിയമങ്ങളുടെ പരിപാലനം ഉറപ്പുവരുത്തുന്ന നന്മ നിർദ്ദേശത്തിനും തിന്മ നിരോധത്തിനുമുള്ള ഔദ്യോഗിക മതോപദേശ വിഭാഗം (മത കാര്യ വിഭാഗം) സമിതിയാണ് മുത്തവ്വ എന്ന പേരിൽ അറിയപ്പെടുന്നത്. സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആലുശൈഖിന്റെ നേതൃത്വത്തിൽ ഇരുപത് അംഗങ്ങളുൾക്കൊള്ളുന്നതാണ് പരമോന്നത മതപണ്ഡിത സഭ. ഇസ്‌ലാമിക ശരീഅത്ത് നിയമം നില നിൽക്കുന്ന രാജ്യത്ത് അതിനനുസരിച്ച് നിയമങ്ങൾ നടപ്പാക്കുകയും ബോധവൽക്കരണം നടത്തുകയുമാണ് മതകാര്യ പോലീസ് ചെയ്യുന്നത്. സ്ത്രീകളെ ശല്യം ചെയ്യൽ, ലഹരി വസ്തുക്കളുടെ ഉപയോഗം, ആഭിചാരക്രിയകൾ, രാജ്യത്തിന്റെ നിയമാവലിക്ക് അനുയോജ്യമല്ലാത്ത ആധുനിക വസ്ത്രധാരണവും അസാന്മാർഗിക പ്രവർത്തനങ്ങളും തടയുക തുടങ്ങിയവ ഈ വിഭാഗത്തിന്റെ അധികാര പരിധിയിൽ പെടുന്നതാണ്. ഇത്തരം നിരോധിക്കപ്പെട്ട കൃത്യങ്ങൾ ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കുകയോ നാട് കടത്തുകയോ ചെയ്യും[69] [70]. രാജ്യത്തെ സ്വദേശികളും വിദേശികളും അടക്കമുള്ളവർക്ക് വിശ്വാസപരമായും കർമപരമായുമുള്ള ദിശാബോധം നൽകുന്നതോടൊപ്പം ആശാസ്യകരമല്ലാത്ത പ്രവണതകളെ പറ്റിയുള്ള ബോധവത്കരണവും അടങ്ങുന്നതാണ് മുത്തവ്വ വിഭാഗത്തിന്റെ ജോലി. ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ലക്ഷക്കണക്കിന്‌ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിന് വിപുലവും ശ്രമകരവുമായ ജോലിയിലാണ് ഈ വിഭാഗം ഏറ്റെടുത്തു നടത്തുന്നത്. ഇതിനായി ഡോക്യുമെന്ററി ചലച്ചിത്രങ്ങൾ, സി.ഡി.കൾ, തുടങ്ങിയവ ഹാജിമാർക്കായി മുത്തവ്വ വിഭാഗം പ്രത്യേകം നിർമിച്ചു നൽകുന്നു.

സിവിൽ ഡിഫൻസ്

[തിരുത്തുക]
സൗദി സൈനികരുടെ പരേഡ്

മികച്ച സിവിൽ ഡിഫൻസ് സംവിധാനങ്ങൾ ഉള്ള രാജ്യമാണ് സൗദി അറേബ്യ. വലിയ കെട്ടിടങ്ങളിലുണ്ടാകുന്ന തീപ്പിടുത്തം പോലുള്ള ആപത്തുകൾ കൈകാര്യം ചെയ്യുന്നതടക്കം എല്ലാതരം അപകടങ്ങളും കൈകാര്യം ചെയ്യുന്നത് ഇവിടുത്തെ സിവിൽ ഡിഫൻസ് ആണ് [56]. രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും ഏത് അടിയന്തരഘട്ടവും തരണം ചെയ്യുന്നതിനുള്ള ഉപകരണങ്ങളോട് കൂടിയ സിവിൽ ഡിഫൻസ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട് [71]. മക്കയിലും മദീനയിലും ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് സുരക്ഷയും മികച്ച സേവനവും ലഭ്യമാക്കുന്നതിന് രാജ്യത്തെ മറ്റു സുരക്ഷാ വകുപ്പുകളോടൊപ്പം സിവിൽ ഡിഫൻസും രംഗത്തുണ്ടാകും. സ്വദേശത്ത് പരിശീലനം നേടിയ ശേഷം നിരവധി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും തുടർപഠനം നടത്തുന്നു. ഇത്തരത്തിൽ വിദേശത്തു ഉപരിപഠനം പൂർത്തിയാക്കി രാജ്യത്ത് തിരിച്ചെത്തുന്ന ഉദ്യോഗസ്ഥർ ആണ് സിവിൽ ഡിഫൻസ് പദ്ധതികളുടെ ആസൂത്രണവും മേൽനോട്ടവും വഹിക്കുന്നത്[72].

പ്രവിശ്യകൾ

[തിരുത്തുക]

രാജ്യത്തെ പതിമൂന്നു പ്രവിശ്യ ഭരണ വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. സൗദ്‌ രാജ കുടുംബത്തിലെ അംഗങ്ങളാണ് ഇവിടെ ഗവർണർമാരായി ഭരണം നടത്തുന്നത്.

"https://ml.wikipedia.org/w/index.php?title=സൗദി_അറേബ്യ&oldid=4689828" എന്ന താളിൽനിന്ന് ശേഖരിച്ചത്