Jump to content

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1848 ഫെബ്രുവരിയിൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യപതിപ്പിന്റെ പുറംചട്ട

തൊഴിലാളികളുടെ സാർവ്വദേശീയ സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസ്സ് അതിന്റെ പ്രായോഗികവുമായ ഒരു വിശദ പരിപാടി തയ്യാറാക്കുന്നതിന് കാറൽ മാർക്സിനേയും ഫ്രെഡറിക് എംഗത്സിനേയും ചുമതലപ്പെടുത്തി. അതനുസരിച്ച് 1847 ഡിസംബറിൽ ആരംഭിച്ച് 1848 ഫെബ്രുവരി 21 -ന് മാർക്സും,എംഗത്സും ചേർന്ന് ജർമ്മൻ ഭാഷയിൽ എഴുതി പ്രസിദ്ധീകരിച്ച കൃതിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 1850- ൽ ഹെലൻ മാക്ഫർലെയിൻ അതിന്റെ ആദ്യ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി. യൂറോപ്പിനെ ഒരു ദുർഭൂതം പിടികൂടിയിരിക്കുന്നു, കമ്മ്യൂണിസം എന്ന ഭൂതം[൧] എന്ന വാക്യത്തിൽ തുടങ്ങി, സർവ്വരാജ്യതൊഴിലാളികളേ സംഘടിക്കുവിൻ എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, വർഗ്ഗസമരത്തിന്റെ ചരിത്രപരവും കാലികവുമായ ചിത്രീകരണവും മുതലാളിത്തക്കുഴപ്പങ്ങളേയും കമ്മ്യൂണിസത്തിന്റെ ഭാവി രൂപങ്ങളേയും സംബന്ധിച്ച പ്രവചനങ്ങളും അവതരിപ്പിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ രാഷ്ട്രീയരചനകളിലൊന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.[1]

സമൂഹത്തിന്റേയും രാഷ്ട്രീയത്തിന്റേയും പ്രകൃതത്തെക്കുറിച്ചുള്ള മാർക്സിന്റേയും എംഗൽസിന്റേയും കണ്ടെത്തലുകളാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ഉള്ളത്. നിലവിലുള്ള മുതലാളിത്ത സമ്പ്രദായം എങ്ങനെ സോഷ്യലിസത്തിലും അവിടെ നിന്ന് കമ്മ്യൂണിസത്തിലും എത്തിച്ചേരുമെന്നതിനെക്കുറിച്ചുള്ള ആശയങ്ങളുടെ സമാഹാരം കൂടിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.

"ഇതുവരെയുള്ള സമൂഹത്തിന്റെ ചരിത്രമെന്നു പറയുന്നത്, വർഗ്ഗ സമരത്തിന്റെ ചരിത്രമാണ് "[൨]

- കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ കരട് രൂപം തയ്യാറാക്കിയത് ഏംഗൽസാണെന്ന് കരുതപ്പെടുന്നു. വർഗ്ഗസമരത്തെക്കുറിച്ചുള്ള ഒരു ലേഖനം പിന്നീട് ലോകത്തിലെ തൊഴിലാളിവർഗ്ഗത്തിന്റെ മാർഗ്ഗദീപമായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ഗ്രന്ഥത്തിന്റെ മൂലരൂപത്തിലേക്ക് ഏംഗൽസിനെ നയിക്കുകയായിരുന്നു. 1847 ൽ ഏംഗൽസ് കമ്മ്യൂണിസ്റ്റ് ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവിടെ വെച്ചാണ് ഇത്തരം ഒരു ഗ്രന്ഥം എഴുതാനുള്ള ഒരു ജോലി ഏംഗൽസിൽ ഏൽപ്പിക്കപ്പെടുന്നത്. മാർക്സും, ഏംഗൽസും കൂടെ ഒരു ചോദ്യോത്തര മാതൃകയിലാണ് ഇതിന്റെ കരട് രൂപം തയ്യാറാക്കിയത്. ആദ്യ കരട് രൂപം, ദ ഡ്രാഫ്റ്റ് ഓഫ് എ കമ്മ്യൂണിസ്റ്റ് കൺഫഷൻ ഓഫ് ഫെയ്ത്ത് എന്ന പേരിൽ അറിയപ്പെട്ടു. 1847 ഒക്ടോബറിൽ ഏംഗൽസ് ഇതിന്റെ രണ്ടാം കരട് രൂപം തയ്യാറാക്കി, പ്രിൻസിപ്പിൾസ് ഓഫ് കമ്മ്യൂണിസം എന്നാണ് ഈ കരട് രൂപത്തിന്റെ പേര്. പിന്നീട് മാർക്സ് ഏംഗൽസിന്റെ ദ കണ്ടീഷൻ ഓഫ് ദ വർക്കിംഗ് ക്ലാസ്സ് ഇൻ ഇംഗ്ലണ്ട് എന്ന പുസ്തകത്തിലെ കണ്ടെത്തലുകളും കൂട്ടിച്ചേർത്താണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഇന്നത്തെ രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്.[2]

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ രചയിതാക്കൾ എന്ന പേരിൽ മാർക്സും, ഏംഗൽസും അറിയപ്പെടുന്നു എങ്കിലും, ഇതിന്റെ ആശയം പൂർണ്ണമായും മാർക്സിന്റേതുമാത്രമാണെന്ന് 1883 ലെ പ്രസിദ്ധീകരിച്ച ജർമ്മൻ പതിപ്പിലെ ആമുഖത്തിൽ ഏംഗൽസ് പറഞ്ഞിരിക്കുന്നു.[3][൩]

പ്രസിദ്ധീകരണ ചരിത്രം

[തിരുത്തുക]

1848 ലാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. ജർമ്മനിയിൽ ഉള്ള ഒരു കൂട്ടം രാഷ്ട്രീയ അഭയാർത്ഥികളായിരുന്നു ഇതിന്റെ പ്രസിദ്ധീകരണത്തിനു പിന്നിൽ. ജർമ്മൻ ഭാഷയിലായിരുന്നു ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്. മാർക്സ് ജോലി ചെയ്തിരുന്ന പത്രത്തിൽ ഇത് പരമ്പരപോലെ പ്രസിദ്ധീകരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങുന്നത് 1850 ലാണ്, ഹെലൻ മക്ഫാർലെയിൻ എന്ന സ്കോട്ടിഷ് സ്ത്രീവിമോചന പ്രവർത്തകയായിരുന്നു ഇത് നിർവ്വഹിച്ചത്. അമേരിക്കയിൽ ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ മുൻകൈയ്യെടുത്തത് സ്റ്റീഫൻ പേൾ ആൻഡ്രൂസ് എന്ന വിപ്ലവകാരിയായിരുന്നു. [4] ഇതിനുശേഷം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ വിവിധ പതിപ്പുകൾ പുറത്തിറങ്ങി. ഓരോ പതിപ്പിലും, മാർക്സും ഏംഗൽസ്സും ആമുഖങ്ങൾ എഴുതിയിരുന്നു.

ഉള്ളടക്കം

[തിരുത്തുക]

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഉള്ളടക്കം പ്രധാനമായി നാലു ഭാഗങ്ങളാക്കി തിരിക്കാം. ആമുഖം, ആശയങ്ങൾ(മൂന്നു ഭാഗം), ഉപസംഹാരം എന്നിവയാണ് പ്രധാന അദ്ധ്യായങ്ങൾ.

യൂറോപ്പിനെ കമ്മ്യൂണിസമെന്ന ദുർഭൂതം പിടികൂടിയിരിക്കുന്നു എന്നു പറഞ്ഞാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആമുഖം തുടങ്ങുന്നത്. ഈ ദുർഭൂതത്തെ തടയിടാനായി യൂറോപ്പിലെ എല്ലാ ശക്തികളും മാർപ്പാപ്പയും, സാർചക്രവർത്തിയും, മെറ്റർനിഹും, ഗിസോയും, ഫ്രഞ്ചു റാഡിക്കൽ കക്ഷിക്കാരും, ജർമ്മൻ പോലീസ് ചാരന്മാരുമെല്ലാം - ഒരു പാവനസഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണു്. ചുരുക്കത്തിൽ കമ്മ്യൂണിസം നിലവിൽ ഒരു ശക്തിയാണെന്നോ, അതല്ലെങ്കിൽ ഭാവിയിൽ ഒരു ശക്തിയായി വളർന്നേക്കുമോ എന്നുള്ള ഭയം ഇത്തരം ആളുകൾക്ക് ഉണ്ടായിട്ടുണ്ടെന്ന് മാർക്സ് വിലയിരുത്തുന്നു.

I ബൂർഷ്വാകളും തൊഴിലാളികളും

[തിരുത്തുക]
മാർക്സിന്റെ കൈപ്പട - കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

ബൂർഷ്വാസിയേയും, തൊഴിലാളിയേയും നിർവചിച്ചിരിക്കുന്നതാണ് ഒന്നാം അദ്ധ്യായത്തിൽ. നിലവിലുള്ള സമൂഹത്തിന്റെ എഴുതപ്പെട്ട ചരിത്രമെന്നാൽ അത് വർഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന് മാർക്സ് പറയുന്നു. ഉത്പാദനസംവിധാനത്തിന്റെ ഉടമസ്ഥരായ ബൂർഷ്വാസിയെ തൽസ്ഥാനത്തു നിന്നും ഉന്മൂലനം ചെയ്യാൻ തൊഴിലാളി, വർഗ്ഗസമരം എന്ന പോരാട്ടത്തിലൂടെ ശ്രമിക്കുമെന്നും, അതിലൂടെ നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതിയെ ഉടച്ചുവാർക്കുമെന്നും മാർക്സ് വിലയിരുത്തുന്നു. ഇന്നുവരെ ആദരിക്കപ്പെടുകയും ഭയഭക്തികളോടെ വീക്ഷിക്കപ്പെടുകയും ചെയ്തുപോന്ന എല്ലാ തൊഴിലുകളുടേയും പരിവേഷത്തെ ബൂർഷ്വാസി ഉരിഞ്ഞുമാറ്റി. ഭിഷഗ്വരനേയും അഭിഭാഷകനേയും പുരോഹിതനേയും കവിയേയും ശാസ്ത്രജ്ഞനേയുമെല്ലാം അതു സ്വന്തം ശമ്പളം പറ്റുന്ന കൂലിവേലക്കാരാക്കി മാറ്റി. ബൂർഷ്വാസിയുടെ ഉദയത്തിനു മുമ്പ് നിലനിന്നിരുന്ന ഫ്യൂഡലിസത്തെ അരിഞ്ഞുവീഴ്ത്തിയാണ് ബൂർഷ്വാസി തങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കിയത്. എന്നാൽ ഫ്യൂഡലിസത്തെ നശിപ്പിക്കാൻ അവരുപയോഗിച്ച ആയുധങ്ങൾതന്നെ അവർക്കെതിരേ തിരിഞ്ഞിരിക്കുന്നു. ഇവിടെ ആയുധങ്ങൾ ഉപയോഗിക്കാനറിയാവുന്ന പ്രോലിറ്റേറിയൻസ് എന്നറിയപ്പെടുന്ന തൊഴിലാളിസമൂഹവുമുണ്ട്.

തൊഴിലാളി സമൂഹം ലോകത്താകമാനം ചിന്നിച്ചിതറി കിടക്കുകയാണ്. വല്ലപ്പോഴുമെങ്കിലും അവർ സംഘടിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും, ബൂർഷ്വാസി അവരുടെ കഠിനമായ മർദ്ദനോപകരണങ്ങൾകൊണ്ട് ഇത്തരം മുന്നേറ്റങ്ങളെ അടിച്ചമർത്തുകയോ, അതല്ലെങ്കിൽ അവർക്കനുകൂലമായ രീതിയിൽ മാറ്റാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ട്. തൊഴിലാളി സമൂഹം ഉയർന്നു വരുന്നതുവരെ ചരിത്രത്തിലുണ്ടായ എല്ലാ പ്രസ്ഥാനങ്ങളും, ബൂർഷ്വാസി കൂടി ഉൾപ്പെടുന്ന ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾക്കു വേണ്ടി നിലകൊണ്ടതോ, ഉണ്ടാക്കപ്പെട്ടതോ ആയിരുന്നു. എന്നാൽ ഉദിച്ചുയരുന്ന ഈ തൊഴിലാളി പ്രസ്ഥാനമാകട്ടെ , ബഹൂഭൂരിപക്ഷത്തിന്റെ താൽപ്പര്യത്തിനുവേണ്ടിയുള്ള, ബഹുഭൂരിപക്ഷത്തിന്റെ സ്വതന്ത്രവും, ശക്തവും, ബോധപൂർവ്വവുമായ പ്രസ്ഥാനമാണു്.

II തൊഴിലാളികളും കമ്മ്യൂണിസ്റ്റുകളും

[തിരുത്തുക]

ലോകത്തിലെ തൊഴിലാളികളേയും അവരോട് കമ്മ്യൂണിസ്റ്റുകൾക്കുള്ള ബന്ധവും ആണ് ഈ അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നത്. ലോകത്തിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെ രാജ്യഭേദമില്ലാതെ, വർണ്ണവ്യത്യാസമില്ലാതെ കമ്മ്യൂണിസ്റ്റുകാർ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയും സമൂഹത്തിനു മുമ്പാകെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ബൂർഷ്വാസിക്കെതിരേ തൊഴിലാളി വർഗ്ഗം നടത്തുന്ന സമരത്തിൽ പ്രസ്ഥാനത്തിന്റെ താൽപര്യങ്ങളെ അവർ പ്രതിനിധാനം ചെയ്യുകയും പിന്തുണക്കുകയും ചെയ്യുന്നു. തൊഴിലാളികളെ ഒരു വർഗ്ഗമായി സംഘടിപ്പിക്കുക, ബൂർഷ്വാ മേൽക്കോയ്മയെ മറിച്ചിടുക, തൊഴിലാളിവർഗ്ഗം രാഷ്ട്രീയാധികാരം പിടിച്ചുപറ്റുക എന്നതാണ് അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകളുടെ ലക്ഷ്യം എന്ന് മാർക്സ് രേഖപ്പെടുത്തിയിരിക്കുന്നു. നിലവിലുള്ള സമൂഹത്തിലെ പത്തിലൊമ്പതുപേരുടേയും സ്വകാര്യ സ്വത്ത് പത്തിൽ ഒന്നോ രണ്ടോ പേരുടെ കയ്യിലായിരിക്കുന്നു. ഇത് നശിപ്പിക്കപ്പെടണം, സ്വകാര്യ സ്വത്ത് എന്ന ആശയം തന്നെ ഇല്ലാതാവണം.

ഈ വികാസഗതിയിൽ വർഗ്ഗവ്യത്യാസമെല്ലാം ഇല്ലാതാവുകയും ഒരു വിപുലസമാജമായി സംഘടിപ്പിച്ചിട്ടുള്ള രാഷ്ട്രത്തിന്റെ കൈകളിൽ ഉല്പാദനമെല്ലാം കേന്ദ്രീകരിക്കപ്പടുകയും ചെയ്യുമ്പോൾ ഭരണാധികാരത്തിനു് അതിന്റെ രാഷ്ട്രീയസ്വഭാവം നഷ്ടപ്പെടും. രാഷ്ട്രീയാധികാരം , ശരിയായി പറഞ്ഞാൽ, മറ്റൊരു വർഗ്ഗത്തെ മർദ്ദിക്കാനുള്ള ഒരു വർഗ്ഗത്തിന്റെ സംഘടിതശക്തിമാത്രമാണ്. ബൂർഷ്വാസിയുമായുള്ള പോരാട്ടത്തിനിടയിൽ, പരിതസ്ഥിതകളുടെ നിർബന്ധംകൊണ്ട് തൊഴിലാളിവർഗ്ഗത്തിനു് ഒരു വർഗ്ഗമെന്ന നിലയ്ക്ക് സ്വയം സംഘടിക്കേണ്ടിവരുന്നുണ്ടെങ്കിൽ, ഒരു വിപ്ലവം മൂലം ത് സ്വയം ഭരണാധികാരിവർഗ്ഗമായിത്തീരുകയും ആ നിലയ്ക്ക് ഉല്പാദനത്തിന്റെ പഴയ ബന്ധങ്ങളെബലം പ്രയോഗിച്ചു തുടച്ചുനീക്കുകയും ചെയ്യുന്നുവെങ്കിൽ , ഈ ബന്ധങ്ങളോടൊപ്പം വർഗ്ഗവൈരങ്ങളുടേയും പൊതുവിൽ വർഗ്ഗങ്ങളുടേയും നിലനില്പിനുള്ള സാഹചര്യങ്ങളേയും അതു തുടച്ചുനീക്കുന്നതായിരിക്കും. അങ്ങനെ ഒരു വർഗ്ഗമെന്ന നിലയ്ക്കുള്ള സ്വന്തം ആധിപത്യത്തേയും അത് അവസാനിപ്പിക്കുന്നതായിരിക്കും.

III സോഷ്യലിസ്റ്റ് സാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും

[തിരുത്തുക]

ഫ്യൂഡലിസത്തെ തുടച്ചു നീക്കിയാണ് ബൂർഷ്വാസി എന്ന പുത്തൻപണക്കാർ സമൂഹത്തിൽ ആധിപത്യം സ്ഥാപിച്ചതും, സ്വത്ത് എന്നതിന്റെ ഉടമസ്ഥരായി മാറിയതും. ഫ്യൂഡലിസ്റ്റുകൾക്ക് ബൂർഷ്വാസിക്കെതിരേ പടനയിക്കുവാനുള്ള കരുത്തുണ്ടായിരുന്നില്ല. ബൂർഷ്വാസമൂഹത്തിനെതിരേ ലഘുലേഖകളെഴുതി ഒരു സാഹിത്യപോരാട്ടത്തിനാണ് പ്രഭുക്കന്മാർ ശ്രമിച്ചത്, അവർക്കതേ കഴിയുമായിരുന്നുള്ളു. ബൂർഷ്വാസിക്കെതിരേയുള്ള പോരാട്ടങ്ങളിൽ അവർ കയ്യിൽ പിച്ചപാത്രങ്ങളേന്തിയ തൊഴിലാളി സമൂഹത്തെ പിന്നിൽ നിന്നും നയിച്ചെങ്കിലും അവരുടെ ഉള്ളിലിരിപ്പു തിരിച്ചറിഞ്ഞ അഭിമാനമുള്ള തൊഴിലാളിസമൂഹം ഫ്യൂഡലിസ്റ്റുകളെ പുച്ഛത്തോടെ തള്ളിക്കളയുകയായിരുന്നു.

IV വിവിധ പ്രതിപക്ഷ പാർട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകളുടെ നിലപാട്

[തിരുത്തുക]

"സർവ്വരാജ്യതൊഴിലാളികളെ സംഘടിക്കുവിൻ!! "

- കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

തൊഴിലാളി വർഗ്ഗത്തിന്റെ അടിയന്തരലക്ഷ്യങ്ങൾ നേടുവാനും അവരുടെ താൽക്കാലിക താല്പര്യങ്ങൾ നടപ്പിലാക്കുവാനും വേണ്ടി കമ്മ്യൂണിസ്റ്റുകാർ പൊരുതുന്നു. രാജവാഴ്ചയ്ക്കും ഫ്യൂഡൽ ദുഷ്‌പ്രഭുത്വത്തിനും പെറ്റിബൂർഷ്വാസിക്കുമെതിരായി വിപ്ലവകരമായ രീതിയിൽ ജർമ്മനിയിലെ തൊഴിലാളി വർഗ്ഗം പോരാടുവാൻ തയ്യാറെടുക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർ അവരോടൊപ്പം ചേരുന്നു. ജർമ്മനിയിലെ തൊഴിലാളി വർഗ്ഗം എന്നത് പിൽക്കാലത്ത് സാർവ്വദേശീയ തൊഴിലാളി വർഗ്ഗം എന്ന രീതിയിൽ തിരുത്തി വായിക്കപ്പെട്ടു. ജർമ്മനി ഒരു വിപ്ലവത്തിന്റെ വക്കത്തെത്തിയിരുന്നതുകൊണ്ടും, അങ്ങനെയുണ്ടായേക്കാവുന്ന വിപ്ലവം ലോകമെമ്പാടും പടർന്നുപിടിക്കാവുന്ന ഒന്നിന്റെ നാന്ദി ആയിരിക്കുമെന്നതുകൊണ്ടുമാണ് അന്നത്തെ കമ്മ്യൂണിസ്റ്റ് സമൂഹം ജർമ്മനിയിൽ ശ്രദ്ധകേന്ദ്രീകരിച്ചതെന്നു കരുതേണ്ടിയിരിക്കുന്നു.

കമ്മ്യൂണിസ്റ്റുകാർ സാർവ്വദേശീയമായി നിലവിലുള്ള സാമൂഹ്യ-രാഷ്ട്രീയക്രമങ്ങൾക്കെതിരായ എല്ലാ വിപ്ലവപ്രസ്ഥാനങ്ങളേയും,മുന്നേറ്റങ്ങളേയും പിന്താങ്ങുന്നു. ഈ പ്രസ്ഥാനങ്ങളിലെല്ലാം തന്നെ കമ്മ്യൂണിസ്റ്റുകാർ സ്വത്തുടമയുടെ പ്രശ്നത്തെ - ആ സമയത്ത് അത് എത്രത്തോളം വളർന്നിട്ടുണ്ടെന്ന് നോക്കാതെ - പ്രമുഖ പ്രശ്നമായി മുന്നോട്ടുകൊണ്ടു വരുകയും എതിർക്കുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റുകാർ എല്ലാ രാജ്യങ്ങളിലുമുള്ള ജനാധിപത്യപാർട്ടികൾ തമ്മിൽ യോജിപ്പും ധാരണയും ഉണ്ടാക്കുന്നതിനുവേണ്ടിയാണ് എല്ലായിടത്തും പരിശ്രമിക്കുക. സ്വാഭിപ്രായങ്ങളേയും ലക്ഷ്യങ്ങളേയും മൂടിവെയ്ക്കാതെ അവ പരസ്യമായി വിളിച്ചുപറയുന്നതിനെ കമ്മ്യൂണിസ്റ്റുകാർ ഇഷ്ടപ്പെടുന്നു. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയെയാകെ ബലം പ്രയോഗിച്ച് മറിച്ചിട്ടാൽ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങൾ നേടാനാവൂ എന്ന് അവർ ഉറക്കെ പ്രഖ്യാപിക്കുന്നു.

പ്രാധാന്യം

[തിരുത്തുക]

ലോകത്തിൽ പിന്നീട് നടന്ന പല തൊഴിലാളി, വിപ്ലവമുന്നേറ്റങ്ങളും അവരുടെ തത്ത്വസംഹിതയായി സ്വീകരിച്ചത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണ്. അത്രമേൽ അത് തൊഴിലാളിവർഗ്ഗത്തിനുമേൽ ഒരു കാന്തം പോലെ ആകർഷിക്കപ്പെട്ടു എന്ന വിദഗ്ദ്ധർ കരുതുന്നു.[5] കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചതിനുശേഷം 160 വർഷങ്ങൾ കടന്നുപോയെങ്കിലും, ഇപ്പോഴും ആളുകൾ ഇതിനെക്കുറിച്ച് വിമർശനങ്ങളും പഠനങ്ങളും നടത്തുന്നത് തന്നെ ഈ കൃതിയുടെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്.[6] പതിനേഴാം നൂറ്റാണ്ടിലെ എഴുത്തുകാരായ ഓവൻ, സെന്റ് സൈമൺ, ഫോറിയർ തുടങ്ങിയവരുടെ ആശയങ്ങൾ മാർക്സിന്റേതിനേക്കാൾ തുലോം മുന്നിൽ നിൽക്കുന്നുവെങ്കിലും, മുതലാളിത്തത്തെ ഇത്രം തലനാരിഴകീറി വിമർശിച്ച മറ്റൊരു പുസ്തകം ഇതുവരെ ഉണ്ടായിട്ടില്ല തന്നെ.[6]

ബൂർഷ്വാസിയിൽ നിന്നും സോഷ്യലിസത്തിലേക്കും, അവിടെ നിന്ന് കമ്മ്യൂണിസത്തിലേക്കുമുള്ള മാർഗ്ഗം വ്യക്തമായി തന്നെ വരച്ചുകാണിച്ചിട്ടുള്ള ഒരു കൃതിയാണത്രെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. വെറും ആശയങ്ങളെന്നതിലുപരി അവയെ ശാസ്ത്രീയമായി തന്നെ വിശകലനം ചെയ്തിരിക്കുന്നു ഇതിന്റെ കർത്താക്കൾ. ഒരു ആശയം എങ്ങനെ ലക്ഷ്യം നേടാനുള്ള പ്രവൃത്തിയും ആക്കിമാറ്റാം എന്നും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പറഞ്ഞിട്ടുണ്ടെന്ന് ഇതിനേക്കുറിച്ച് പഠനം നടത്തിയ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ചുരുക്കത്തിൽ ആശയങ്ങൾ മാത്രമല്ലായിരുന്നു ഈ ബൃഹദ്ഗ്രന്ഥത്തിലുണ്ടായിരുന്നത്, അത് കൈവരിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കൂടിയുണ്ടായിരുന്നു.[7]

വിമർശനങ്ങൾ

[തിരുത്തുക]

പൊതു ഉടമാസമ്പ്രദായം മാർക്സിന്റെ ആശയമല്ലായിരുന്നുവെന്ന് 1883ലെ പതിപ്പിന്റെ ആമുഖത്തിൽ മാർക്സ് തന്നെ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ എഴുതപ്പെട്ട ചരിത്രത്തിൽ പൊതു ഉടമസ്ഥതാ രീതി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാൽ റഷ്യയിൽ ഇത്തരത്തിലുള്ള പൊതു ഉടമസ്ഥതാ സമ്പ്രദായം മുമ്പ് നിലനിന്നിരുന്നതായി ഹക്സ്താസെൻ കണ്ടെത്തിയിട്ടുണ്ട് .[8] എന്നാൽ ഇത് ലിഖിത ചരിത്രമല്ലായിരുന്നു

മാർക്സ് വളരെ പ്രാധാന്യത്തോടെ അവതരിപ്പിച്ച, കർഷക-തൊഴിലാളി മുന്നേറ്റം എന്ന ആശയം അത്ര പുതിയതൊന്നുമായിരുന്നില്ലെന്ന് വിമർശകർ തെളിവുകളെ അടിസ്ഥാനമാക്കി ചൂണ്ടിക്കാണിക്കുന്നു.[5] 14 ആം നൂറ്റാണ്ടിന്റെ പകുതിയിൽ ജോൺ ബോളിന്റെ നേതൃത്വത്തിൽ നടന്ന ഇംഗ്ലീഷ് കർഷക യുദ്ധം ഇതിനൊരു ഉദാഹരണമായി ഇവർ കാണിക്കുന്നു. ജോൺ ബോൾ, ജാക്ക് സ്ട്രോ എന്നീ വൈദികരുടെ നേതൃത്വത്തിൽ പതിനാലാം നൂറ്റാണ്ടിലെ അടിച്ചമർത്തപ്പെട്ട കർഷക സമൂഹം അവരുടെ മോചനത്തിനായി വിപ്ലവമുന്നേറ്റം നടത്തുകയുണ്ടായി. [9]

മാർക്സും ഏംഗൽസും അവരുടെ ഉദ്യോഗത്തിന്റെ തുടക്കക്കാലത്ത് എഴുതിയതുകൊണ്ടു തന്നെ ആ ലഘുലേഖക്ക് വേണ്ടത്രം പക്വത കൈവരിക്കാനായിട്ടില്ലെന്ന് ചിലർ വാദിക്കുന്നു.[6] കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണത്തിനു തൊട്ടുപിന്നാലെ യൂറോപ്പിലാകമാനം ഒരു വിപ്ലവമുന്നേറ്റം നടക്കുകയുണ്ടായി. ഫ്രാൻസിൽനിന്നും, ജർമ്മനി, ഹംഗറി, ഇറ്റലി അങ്ങനെ അത് ഒരു കാട്ടുതീ പോലെ പടർന്നു പിടിക്കുകയുണ്ടായി. വളരെ ചുരുങ്ങിയ കാലം മാത്രമേ ഈ മുന്നേറ്റത്തിനായുസ്സുണ്ടായുള്ളു എങ്കിലും, സർക്കാരുകൾ ഒന്നൊന്നായി താഴെവീണു. പക്ഷേ ലോകം മൊത്തത്തിൽ പടരാനുള്ള ഒരു ചൂട് ആ വിപ്ലവത്തിനുണ്ടായിരുന്നില്ല. ആ മുന്നേറ്റത്തിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ സ്വാധീനം തീരെ കുറവായിരുന്നു. കാരണം കമ്മ്യൂണിസ്റ്റ് ലീഗ് ലഘുലേഖ പുറത്തിറക്കിയിട്ട് വളരെയധികം ആയിരുന്നില്ല.

മാർക്സ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ വിശദീകരിച്ച രീതിയിലല്ല ഇന്ന് കമ്മ്യൂണിസം നടപ്പിലാവുന്നതെന്ന് ഒരു കൂട്ടം വിമർശകൾ പറയുന്നു. ചൈനയെ ഒരു ഉദാഹരണമായി ഉയർത്തിക്കാണിക്കുകയും ചെയ്യുന്നു. മാർക്സിസ്റ്റ്കാർ മാർക്സിസത്തെ ശരിക്കു മനസ്സിലാക്കാതെ എടുത്ത നടപടികൾ മാർക്സിസത്തോടു ചെയ്ത വഞ്ചനയാണെന്ന് ഇക്കൂട്ടർ വാദിക്കുന്നു. ശരിയായ രീതിയിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ മനസ്സിലാക്കിയിരുന്നെങ്കിൽ ചരിത്രത്തിന്റെ ആകൃതി തന്നെ മാറിപ്പോയേനെ എന്നും ഈ കാര്യങ്ങൾ എടുത്തുപറയുന്നവർ പറയാൻ മറക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.[10]

കുറിപ്പുകൾ

[തിരുത്തുക]
  • ^ ആംഗലേയ ഭാഷയിൽ : "A specter is haunting Europe, the specter of Communism."
  • ^ ലിഖിതചരിത്രം മുഴുവനുമെന്നർത്ഥം. മനുഷ്യസമൂഹത്തിന്റെ ലിഖിതചരിത്രത്തിനു മുമ്പുള്ള സാമൂഹ്യഘടനയെ സംബന്ധിച്ച വിവരങ്ങൾ 1847-ൽ മിക്കവാറും അജ്ഞാതമായിരുന്നു. പിന്നീടു് ഹക്സ്ത്ഹൗസൻ പൊതുഭൂവുടമസമ്പ്രദായം റഷ്യയിൽ ഉണ്ടായിരുന്നതായി കണ്ടെത്തി.[11] ട്യൂട്ടോണിക് വംശങ്ങളുടെയെല്ലാം ഉത്ഭവം ഈ പൊതുവുടമയെന്ന സാമൂഹ്യാടിത്തറയിൽ നിന്നാണെന്നു മൌറർ തെളിയിച്ചു. കാലക്രമേണ ഇന്ത്യ മുതൽ ഐർലണ്ടുവരെ എല്ലാരാജ്യങ്ങളിലും സമൂഹത്തിന്റെ അതിപ്രാചീനരൂപം ഗ്രാമസമുദായങ്ങളാണെന്നോ ആയിരുന്നുവെന്നോ തെളിഞ്ഞു. വംശത്തിന്റെ(genus) യഥാർത്ഥസ്വഭാവത്തേയും ഗോത്രവുമായി(tribe) അതിനുള്ള ബന്ധത്തേയും സംബന്ധിച്ച മോർഗന്റെ കണ്ടുപിടിത്തം ഈ പ്രാചീനകമ്മ്യൂണിസ്റ്റ് സമൂഹത്തിന്റെ ആഭ്യന്തരഘടനയെ, അതിന്റെ മാതൃകാരൂപത്തിൽ അനാവരണം ചെയ്തു. ഈ പ്രാചീനസമുദായങ്ങളുടെ ശിഥിലീകരണത്തോടുകൂടി സമൂഹം വ്യത്യസ്തങ്ങളും പിന്നീടു പരസ്പരശത്രുക്കളുമായ വർഗ്ഗങ്ങളായി വേർപിരിയാൻ തുടങ്ങുന്നു. "കുടുംബം, സ്വകാര്യസ്വത്തു്, ഭരണകൂടം എന്നിവയുടെ ഉത്ഭവം" എന്ന ഗ്രന്ഥത്തിൽ ഞാൻ ഈ ശിഥിലീകരണപ്രക്രിയ വരച്ചുകാണിക്കാൻ ശ്രമിച്ചിട്ടുണ്ടു്. (1888-ലെ ഇംഗ്ലീഷ് പതിപ്പിൽ ഏംഗൽസിന്റെ കുറിപ്പു്.)
  • ^ ഇംഗ്ലീഷ് പരിഭാഷയിലുള്ള മുഖവുരയിൽ ഞാനെഴുതിയിരുന്നു: ജീവശാസ്ത്രത്തിൽ ഡാർവിന്റെ സിദ്ധാന്തം എതൊരു പങ്കാണോ നിർവ്വഹിച്ചിട്ടുള്ളത് ആ പങ്ക് ചരിത്രത്തെ സംബന്ധിച്ചിടത്തോളം നിറവേറ്റാൻ പരികല്പിതമാണ് ഈ പ്രമേയം എന്നാണ് എന്റെ അഭിപ്രായം. 1845-നുമുമ്പുള്ള ഏതാനും കൊല്ലങ്ങളിലായി ഞങ്ങളിരുപേരും ഈ പ്രമേയത്തിലെത്താൻ തുടങ്ങിയിട്ടുണ്ടായിരുന്നു. ഞാൻ സ്വന്തമായി, സ്വതന്ത്രമായി അതിലേക്കെത്രകണ്ടു പുരോഗമിച്ചിട്ടുണ്ടായിരുന്നുവെന്നത് ഞാനെഴുതിയിട്ടുള്ള 'ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ സ്ഥിതി ' എന്ന പുസ്തകത്തിൽ നിന്നും സ്പഷ്ടമാകും. എന്നാൽ 1845-ലെ വസന്തത്തിൽ ബ്രസൽസിൽ വച്ച് ഞാൻ മാർക്സിനെ വീണ്ടും കണ്ടപ്പോഴേയ്ക്കും അദ്ദേഹം അത് നിർവ്വചിച്ചുകഴിഞ്ഞിരുന്നുവെന്നു മാത്രമല്ല, ഞാൻ മുകളിൽ പ്രസ്താവിച്ച രീതിയിൽ മിക്കവാറും അത്രതന്നെ വ്യക്തമായ വിധത്തിൽ അത് എന്റെ മുമ്പിൽ വയ്ക്കുകയും ചെയ്തു. (1890 ലെ ജർമ്മൻ പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പ്) [3]

അവലംബം

[തിരുത്തുക]
  1. സെയ്മോർ-സ്മിത്ത്, മെരിൻ (1998). ദ ഹണ്ട്രഡ് മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ ബുക്സ് എവർ റിട്ടൺ : ദ ഹിസ്റ്ററി ഓഫ് തോട്ട് ഫ്രം ആൻഷ്യന്റ് ടൈംസ് ടു ടുഡേ. സീകോക്കസ്, ന്യൂജേഴ്സി: സിറ്റാഡൽ പ്രസ്സ്.
  2. ട്രിസ്ട്രാം, ഹണ്ട് (2010). മാർക്സ്സ് ജനറൽ, റെവല്യൂഷണറി ലൈഫ് ഓഫ് ഏംഗൽസ്. പിക്കാദോർ. p. 1935. ISBN 080509248X.
  3. 3.0 3.1 കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. മാർക്സിസ്റ്റ് ആർക്കൈവ്. മാനിഫെസ്റ്റോയിലുടനീളം പ്രസരിച്ചിട്ടുള്ള ഈ മൗലികചിന്താഗതി മാർക്‌സിന്റേതു മാത്രമാണ്, മറ്റാരുടേയുമല്ല.ഞാൻ ഇതു പലതവണ പറഞ്ഞു കഴിഞ്ഞിട്ടുള്ളതാണ്. എങ്കിലും അതിന് മാനിഫെസ്റ്റോയുടെ മുഖവുരയിൽത്തന്നെ സ്ഥാനമുണ്ടാകണമെന്നത് തിട്ടമായും ഇന്ന് ഒരാവശ്യമാണ് (ഏംഗൽസ് 1883 ലെ പതിപ്പിന്റെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നത്)
  4. ജെഫ്, റിഗ്ഗൻബാക്ക് (01-ഏപ്രിൽ-2011). "സ്റ്റീഫൻ പേൾ ആൻഡ്രൂസ്". ലുഡ്വിഗ് വോൺ മൈസസ് ഇൻസ്റ്റിറ്റ്യൂട്ട്. Archived from the original on 2014-05-13. Retrieved 22-ഏപ്രിൽ-2013. {{cite news}}: Check date values in: |accessdate= and |date= (help)
  5. 5.0 5.1 ദാനാ, വാർദ്. "ദ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇൻസൈറ്റ് ആന്റ് പ്രോബ്ലംസ്". അമേരിക്ക: പിറ്റ്സർ കോളേജ്.
  6. 6.0 6.1 6.2 എലൻ മെക്സിൻസ്, വുഡ് (മെയ്-1998). "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആഫ്റ്റർ 150 ഇയേർസ്". മൻതിലി റിവ്യൂ മാസിക. Retrieved 23-ഏപ്രിൽ-2013. {{cite news}}: Check date values in: |accessdate= and |date= (help)
  7. "റിഫ്ലക്ഷൻസ് ഓൺ ദ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ". സോഷ്യലിസ്റ്റ് റിവ്യൂ ആന്റ് ഇന്റർനാഷണൽ സോഷ്യലിസം ജേണൽ ഇൻഡക്സ്. 1998-ജൂലൈ. Archived from the original on 2013-04-25. Retrieved 23-ഏപ്രിൽ-2013. {{cite news}}: Check date values in: |accessdate= and |date= (help)
  8. എസ്. ഫ്രെഡറിക് സ്റ്റാർ, "ഇൻട്രോഡക്ഷൻ," ആഗസ്റ്റ് വോൺ ഹക്സ്താസെൻ, സ്റ്റഡീസ് ഓൺ ദ ഇന്റീരിയർ ഓഫ് റഷ്യ (യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ പ്രസ്സ്, 1972: ISBN 0-226-32022-7), ഭാഗം. XV.
  9. "ദ ഇംഗ്ലീഷ് പെസന്റ് റിവോൾട്ട് ഓഫ് 1381(സ്റ്റോറി ഓഫ് ജോൺ ബോൾ)". ഔവർ ഹിസ്റ്ററി.
  10. പോൾ, ബ്രയാൻസ്. "എ സ്റ്റഡി ഗൈഡ് ഫോർ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ". വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി. Archived from the original on 2013-05-24. Retrieved 2013-04-23. മാർക്സിസത്തെ ശരിക്കു മനസ്സിലാക്കാത്തവർ മാർക്സിസത്തേയും മാർക്സിനേയും വഞ്ചിച്ചു എന്നു പറയേണ്ടി വരും
  11. എസ്. ഫ്രെഡറിക് സ്റ്റാർ, "ഇൻട്രോഡക്ഷൻ," ആഗസ്റ്റ് വോൺ ഹക്സ്താസെൻ, സ്റ്റഡീസ് ഓൺ ദ ഇന്റീരിയർ ഓഫ് റഷ്യ (യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ പ്രസ്സ്, 1972: ISBN 0-226-32022-7), ഭാഗം. XV.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന താളിലുണ്ട്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഗ്രന്ഥശാലയിൽ