ഉപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കറിയുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉപ്പ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉപ്പ് (വിവക്ഷകൾ) എന്ന താൾ കാണുക. ഉപ്പ് (വിവക്ഷകൾ)
Salt deposits beside the Dead Sea
Red rock salt from the Khewra Salt Mine in Pakistan
കറിയുപ്പ്
ഉപ്പിന്റെ ധാതുരൂപം(ഹാലൈറ്റ്)

പ്രധാനമായും സോഡിയം ക്ലോറൈഡ് (NaCl) എന്ന ലവണസംയുക്തം ഉൾപ്പെട്ട ഒരു ധാതുവാണ് ഉപ്പ്.

ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മത്സ്യങ്ങൾ,പച്ചക്കറികൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാൻ ഉപ്പ് ഉപയോഗിക്കാറുണ്ട്.

കടൽ വെള്ളം സൂര്യപ്രകാശത്തിൽ വറ്റിച്ചാണ് ഉപ്പ് സാധാരണയായി ഉണ്ടാക്കുന്നത്. അതേസമയം ലോകത്തിന്റെ പല ഭാഗത്തും (പാകിസ്താനിലെ ഖ്യൂറ, യു.എസ്., കരിങ്കടൽ തീരം, ആഫ്രിക്കയിലെ മൊറോക്കൊ, ആസ്ത്രിയ, റൊമാനിയ, ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം) അതിന്റെ ഹാലൈറ്റ് എന്ന ധാതുരൂപത്തിൽ ഉപ്പു കുഴിച്ചെടുക്കുന്ന ഖനികളുമുണ്ട്. ഇന്ത്യയിൽ രാജസ്ഥാനിൽ ഉപ്പുഖനിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പുഖനികളിലൊന്ന് കാനഡയിലാണ്. പ്രകൃത്യാ ഉപ്പിൽ ചെറിയ തോതിൽ മഗ്നീഷ്യം ക്ലോറൈഡ് (MgCl2) പോലെയുള്ള പല ലവണങ്ങളും അടങ്ങിയിരിക്കുന്നു. ഇവ സാധാരണ ഉപ്പിനെ ആർദ്രീകരണസ്വഭാവമുള്ളതാക്കുന്നു. കൂടാതെ കടൽജലത്തിലെ ആൽഗേകളും ഉപ്പുവെള്ളത്തിലും വളരുന്ന ബാക്റ്റീരിയകളൂം ചളിയുടെ അംശങ്ങളും ശുദ്ധീകരിക്കാത്ത ഉപ്പിൽ ഉണ്ടായിരിക്കും.

വ്യവസായവിപ്ലവത്തിനു മുമ്പ് ഖനികളിൽ നിന്ന് ഉപ്പുണ്ടാക്കുന്നത് ശ്രമകരമായിരുന്നു. പല പുരാതനരാജ്യങ്ങളും അടിമകളേയാണ് ഇവിടെ പണിക്കു നിയോഗിച്ചിരുന്നത്. ഇവിടെ പണിയെടുക്കുന്നവർ കടുത്ത ആരോഗ്യപ്രശ്നങ്ങൾ കാരണം പെട്ടെന്ന് മരിച്ചുപോയിരുന്നു.[1] പുരാതനറോമിൽ പട്ടാളക്കാരുടെ ശമ്പളത്തിൽ ഉപ്പ് വാങ്ങാനായി കൊടുത്തിരുന്ന പങ്കിനെ കുറിക്കുന്ന സലേറിയം എന്ന വാക്കിൽ നിന്നാണ് സാലറി എന്ന വാക്കുണ്ടായതെന്നും പറയപ്പെടുന്നു.[2]. ഇക്കാര്യം പുരാതനറോമൻ ചരിത്രകാരനായ പ്ലിനി ദ എൽഡറും പരാമർശിക്കുന്നുണ്ട്.

ഉപ്പ് വലിയ പരലുകളായും പൊടി രൂപത്തിലും കടകളിൽ ഇക്കാലത്ത് ലഭ്യമാണ്. അയോഡിൻ ചേർത്ത പൊടിയുപ്പ് ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.

ഉത്പാദനം[തിരുത്തുക]

ബി.സി.ഇ ആറായിരം മുതൽക്കേ മനുഷ്യർ ഉപ്പ് നിർമ്മിച്ചുപയോഗിച്ചു തുടങ്ങിയിരുന്നു. ഉപ്പുരസമുള്ള നീരുറവകളിലെ/തടാകങ്ങളിലെ ജലം വറ്റിച്ചാണ് അവർ ഉപ്പുണ്ടാക്കിയിരുന്നത്. ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം ഉപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ്‌ ഇന്ത്യ. 148 ലക്ഷം ടൺ ആണ്‌ ഇന്ത്യയുടെ ശരാശരി വാർഷിക ഉത്പാദനം[3]. കടൽ വെള്ളം വറ്റിച്ചെടുക്കുന്നതു കൂടാതെ ഉപ്പുഖനികളിൽ നിന്നു നേരിട്ട് വെട്ടിയെടുത്തും ഖനിയുടെ പാളികളിൽ വെള്ളം കടത്തിവിട്ട് വിലയിപ്പിച്ചെടുക്കുന്ന ലായനി ബാഷ്പീകരിച്ചും ഉപ്പുണ്ടാക്കുന്നുണ്ട്.

ഉപ്പ് 14,000 ത്തിലധികം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്തിൽ ഉത്പാദിപ്പികുന്ന ഉപ്പിന്റെ 40 ശതമാനവും വിവിധ രാസവസ്തുക്കൾ നിർമ്മിക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്.[4]

ഭാരതത്തിൽ ഏറ്റവും കൂടുതൽ ഉപ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഗുജറാത്ത് ആണ്.

തമിഴ്നാട്ടിലെ ഒരു ഉപ്പളം

ഉപയോഗം[തിരുത്തുക]

  • ഭക്ഷണത്തിന് സ്വാദേകാൻ
  • ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ, 1) അച്ചാറുകൾ 2) ഉണക്ക മീനുകൾ
  • നല്ല അണുനാശിനിയാണ്. മുറിവിലും മറ്റും പുരട്ടാം. ഉപ്പ് വെള്ളം തൊണ്ട വേദനക്കും പല്ലു വേദനക്കും നല്ലതാണ്.
  • പേപ്പർ പൾപ്പ്, തുണികളിലേക്കുള്ള ചായം, സോപ്പ് എന്നിവയുടെ നിർമ്മാണത്തിൽ ഉപ്പ് ധാരാളമായി ഉപയോഗപ്പെടുന്നു.



Ship loading salt at a terminal in the Port of Areia Branca, Brazil
ബ്രസീലിലെ ഏറിയ ബ്രാങ്ക തുറമുഖത്ത് ഉപ്പ് കപ്പലിൽ കയറ്റുന്നു. Areia Branca, Brazil

അവലംബം[തിരുത്തുക]

  1. http://en.wikipedia.org/wiki/Salt_mine
  2. http://en.wikipedia.org/wiki/Salt.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-28. Retrieved 2010-03-15.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-12-29. Retrieved 2006-12-20.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപ്പ്&oldid=3935215" എന്ന താളിൽനിന്ന് ശേഖരിച്ചത്