Jump to content

അബഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബഹ
أبها
അബഹ നഗരം മലമുകളിൽ നിന്നുള്ള ദൃശ്യം.
അബഹ നഗരം മലമുകളിൽ നിന്നുള്ള ദൃശ്യം.
സൗദി അറേബ്യൻ ഭൂപടത്തിൽ അബഹയുടെ സ്ഥാനം
സൗദി അറേബ്യൻ ഭൂപടത്തിൽ അബഹയുടെ സ്ഥാനം
രാജ്യം സൗദി അറേബ്യ
പ്രവിശ്യഅസീർ
ഭരണസമ്പ്രദായം
 • Princeഫൈസൽ ഇബ്ൻ ഖാലിദ്
വിസ്തീർണ്ണം
 • ജലംച.കി.മീ.(0 ച മൈ)
ഉയരം
2,200 മീ(7,200 അടി)
ജനസംഖ്യ
 (2004)
 • ആകെ201,912
സമയമേഖലUTC+3

സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ ദക്ഷിണ-പശ്ചിമ ദിക്കിൽ സമുദ്ര നിരപ്പിൽ നിന്നും 2200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ്‌ അബഹ (അറബി: أبها) . സൗദിയിലെ ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് അബഹ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച അൽസഭ പ്രദേശങ്ങൾ അബഹയുടെ പ്രത്യേകതയാണ്. ജനബാഹുല്യം കൊണ്ടും വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ കൊണ്ടും സൗദിയിലെ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച ആഘോഷമാണ് അബഹ ഫെസ്റ്റിവൽ. ഫൈസൽ ഇബ്നു ഖാലിദ്‌ രാജകുമാരനാണ് അബഹ ഉൾപ്പെടെയുള്ള അസീർ മേഖലയുടെ ഭരണാധികാരി.

വിനോദസഞ്ചാരം

[തിരുത്തുക]

സൗദി അറേബ്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്‌ അബഹ. അൽഗറ, അൽ സുദ, ഹബ്ല, രിജാൽ അൽമ, പച്ചമല തുടങ്ങിയ പ്രകൃതിരമണിയ പ്രദേശങ്ങൾ അടങ്ങിയതാണ് അബഹ വിനോദ സഞ്ചാരമേഖല. ആപ്പിൾ -മുന്തിരിത്തോട്ടങ്ങൾ നിറഞ്ഞുനിൽക്കുന്ന അൽ നമാസ്, ബല്ലസ്മാർ, സബ്തുൽ അലായ തുടങ്ങിയ സ്ഥലങ്ങൾ അബഹയുടെ അടുത്താണ്. സീസണിൽ ഗൾഫ് മേഖലയിൽ നിന്നെല്ലാം സന്ദർശകർ എത്താറുണ്ട്. കാലവസ്ഥയുടെ പ്രത്യേകത കൊണ്ട് അനുഗൃഹീതമാണ്‌ ഈ പ്രദേശം. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുന്ന സമയത്തും ഇടയ്ക്കിടെ പെയ്യുന്ന മഴയും മഞ്ഞുവീഴ്ചയുമെല്ലാം ഈ പ്രദേശത്തെ ശൈത്യകാലാവസ്ഥയിൽത്തന്നെ നിലനിർത്തുന്നതാണ് സഞ്ചരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന മുഖ്യഘടകം. ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ്‌ ഇവിടം. മഴയും കോടമഞ്ഞും ആലിപ്പഴവർ‍ഷവും ഇവിടെ സാധാരണമാണ്‌. മലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കേബിൾ കാർ സർവീസ് കടന്ന്പോകുന്നത് അബഹ നഗരത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ പറ്റുന്ന രൂപത്തിലാണ്‌. അബ്ഹയിൽ നിന്ന് ദർബിലേക്കുള്ള ചുരം കയറിയുള്ള യാത്ര ആനന്ദകരമാണ്.

കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന സൂദ മലമുകളിലെ ഒരു സമതലം

അബഹയിലെ ഒരു പ്രധാന പർവതമാണ്‌ സൂദ. ഇതിന്‌ മുകളിൽ സമതലമായ പ്രദേശങ്ങളുണ്ട്. ഇവിടത്തെ അനുകൂല കാലാവസ്ഥയിൽ ആപ്പിൾ തോട്ടങ്ങൾ പോലും സമൃദ്ധമായി കാണപ്പെടുന്നു.

ഹബ്‌ലയിലെ കേബിൾ കാർ സർവീസ്

അബഹയിലെ ഒരു താഴ്വരയാണ്‌ ഹബ്‌ല. ചെങ്കുത്തായ പാർശ്വങ്ങളാണ്‌ ഈ താഴ്വരക്കുള്ളത്. തന്മൂലം പണ്ടു കാലത്ത് മുകളിൽ നിന്ന് തൂക്കിയിട്ട കയർ വഴിയാണ്‌ ആളുകൾ ഇങ്ങോട്ട് വന്നിരുന്നത്. അത് കൊണ്ട് കയർ (ഹബ്ൽ) എന്നതിൽ നിന്നുമാണ്‌ ഹബ്‌ല എന്ന പേർ ലഭിച്ചത്. സൗദി രാജവംശത്തിന്റെ അസ്തിത്വം അംഗീകരിക്കാതിരുന്ന ഒരു ഗോത്രമാണ്‌ ഇവിടെ താമസിച്ചിരുന്നത് എന്നാണ്‌ പറയപ്പെടുന്നത്. ചില വീടുകളും അവയിൽ ചില മനുഷ്യാവശിഷ്ടങ്ങളും ഇന്നും അവിടെ കാണപ്പെടുന്നു.

അബഹ ഫെസ്റ്റിവൽ

[തിരുത്തുക]

രാജ്യത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ അബഹയിൽ നടക്കുന്ന വേനൽക്കാല ആഘോഷമാണ് അബഹ ഫെസ്റ്റിവൽ. നിരവധി സാംസ്‌കാരിക, വിനോദ, കായിക പരിപാടികൾ ഉൾപ്പെടുന്നതാണ് അബഹ ഫെസ്റ്റിവൽ. അസീർ ടൂറിസം പ്രമോഷൻ കൗൺസിൽ ആണ് മേള സംഘടിപ്പിക്കുന്നത്. സൗദിയിലെ പരമ്പരാഗത വസ്തുക്കളും ഉത്പന്നങ്ങളും പ്രദർശനത്തിനും വില്പനയ്ക്കുമായി ഒരുക്കാറുണ്ട്.

ഫെസ്റ്റിവലിനോടനുബന്ധിച്ച് വിനോദസഞ്ചാരികൾക്കായി സൗദി ജിയോളജിക്കൽ സർവേക്കു കീഴിൽ എയർടാക്‌സി സർവീസ് ഉണ്ട്. ഹെലികോപ്റ്ററാണ് എയർടാക്‌സിയായി ഉപയോഗിക്കുന്നത്. അബഹ വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്ന എയർടാക്‌സി സൂദ, ഫർഫ, ഹബ്‌ല തുടങ്ങിയ വിനോദകേന്ദ്രങ്ങളിലൂടെ പതിനായിരം അടി ഉയരത്തിൽവരെ പറന്ന് വിമാനത്താവളത്തിൽത്തന്നെ തിരിച്ചിറങ്ങും[1].

അവലംബം

[തിരുത്തുക]
  1. http://www.mathrubhumi.com/nri/gulf/article_114273/ Archived 2010-07-22 at the Wayback Machine. മാതൃഭൂമി ഓൺലൈൻ


"https://ml.wikipedia.org/w/index.php?title=അബഹ&oldid=3623271" എന്ന താളിൽനിന്ന് ശേഖരിച്ചത്