ഈദുൽ അദ്ഹ
ഈദുൽ അദ്ഹ (അറബിക്: عيد الأضحى-ആതമാർപ്പണത്തിന്റെ ആഘോഷം) അഥവാ ബലി പെരുന്നാൾ [മലയാളത്തിൽ] വലിയ പെരുന്നാൾ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ദൈവത്തിന്റെ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനും ബലി പെരുന്നാൾ എന്ന് പേരു വന്നത്. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് ഇസ്ലാമിക വിശ്വാസം. ഇതിന്റെ പ്രതീകമായി മുസ്ലിം മതക്കാർ അന്നേദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗബലി നടത്താറുണ്ട്.
പദോൽപ്പത്തി[തിരുത്തുക]
അദ്ഹ എന്ന അറബി വാക്കിന്റെ അർത്ഥം ബലി എന്നാണ്. ഈ ദുൽ അദ്ഹ എന്നാൽ ബലിപെരുന്നാൾ . വലിയ പെരുന്നാൾ എന്ന വാക്ക് ബലി പെരുന്നാൾ എന്ന പദത്തിൽ നിന്നും പിന്നീട് ഉണ്ടായതാണ്. യഥാർത്ഥത്തിൽ അത് ശരിയായ പ്രയോഗമല്ല. ബക്രീദ് എന്ന വാക്കും പിൽക്കാലത്ത് പ്രചാരത്തിലായതാണ്. ബക്കരി ഈദ് ഈ രണ്ട് വാക്കിൽ നിന്നാണ് ബക്രീദ് ഉണ്ടായത്. ബക്കരി എന്നാൽ ആട് എന്നർത്ഥം. എന്നാൽ അൽ ബക്ര എന്നാൽ മൃഗം എന്നാണ്. മൃഗത്തിനെ ബലി കൊടുത്തു എന്ന അർത്ഥത്തിൽ ബക്ര ഈദ് ബക്രീദ് ആയി. ഇസ്ലാമിക വിശ്വാസപ്രകാരം ഇബ്രാഹിം നബി സ്വന്തം മകനെയാണ് അല്ലാഹുവിന്റെ പ്രീതിക്കായി ബലി കൊടുക്കാൻ തയ്യാറായത്. അതിന്റെ പ്രതീകമാണ് മൃഗബലി. സുറിയാനിയിൽ ബക്രക്കു ബുക്‌റ എന്നാണ് പറയുന്നത്. അവിടെ ബലിയർപ്പിക്കുന്നതു പുതിയ നിയമത്തിൽ യേശുക്രിസ്തുവാണ് ബലിക് ആവശ്യമായ കുഞ്ഞാട്. അതിനാൽ അതിന്റെ പ്രതീകമായ തിരുഓസ്തിക്ക് സുറിയാനി പ്രാർത്ഥന ഗ്രന്ഥങ്ങളിൽ ബുക്‌റ എന്ന വാക്ക് ഉപയോഗിക്കുന്നു. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒരേ വംശാവലിയിൽ വരുന്നതിനാൽ അബ്രാഹത്തിന്റെ ബലി ഇസ്രായേല്യരുടെ മോചനത്തെ സാധിച്ചുവെങ്കിൽ പുതിയ നിയമത്തിൽ യേശുവിന്റെ ബലി ലോകരക്ഷയെ സാധിച്ചു എന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു.
ആശംസ[തിരുത്തുക]
ഈദ് മുബാറക്, കുല്ലു ആം അൻതും ബി ഖൈർ, തഖബ്ബലല്ലാഹ് മിന്നാ വമിൻകും വ സ്വാലിഹൽ അഹ്മാൽ തുടങ്ങി വിവിധതരം ഈദ് ആശംസകൾ പ്രയോഗത്തിലുണ്ട്. .