ആറ്റുകാൽ പൊങ്കാല
തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ശക്തി ക്ഷേത്രമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആണിത്. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന് നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ് ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്.[1][2] 2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തു.[3]
മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്[4]. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല[5][6] എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 10 കി. മീറ്ററോളം റോഡിന് ഇരുവശത്തും വരിവരിയായി പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി[7].

പൊങ്കാല[തിരുത്തുക]

ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. ഇന്നത് പരാശക്തിയുടെ ഉപാസകരായ ഹൈന്ദവ വിഭാഗത്തിന്റെ ജനകീയമായ ഒരു ആരാധനാമാർഗമായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ ദുർഗ്ഗ, ഭദ്രകാളി, ശ്രീപാർവതി, ഭുവനേശ്വരി, അന്നപൂർണേശ്വരി, ശ്രീകുരുംമ്പ, ഭഗവതി തുടങ്ങിയ പരാശക്തി ക്ഷേത്രങ്ങളിൽ ഇവ കൂടുതലായി കാണപ്പെടുന്നത്. പ്രധാനമായും അന്നപൂർണശ്വരിയായ ഭഗവതിയുടെ ഇഷ്ട നിവേദ്യമായി പൊങ്കാലയെ കണക്കാക്കുന്നു. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ചു പ്രാർത്ഥിച്ചാൽ ഭക്തരുടെ ആഗ്രഹങ്ങൾ ആറ്റുകാലമ്മ സാധിച്ച് തരും എന്നുള്ള വിശ്വാസമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാലയ്ക്ക് മുൻപ് ഭക്തർ വ്രതം നോൽക്കുകയും ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്യാറുണ്ട്. ചിലർ അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി വ്രതം ആരംഭിക്കുകയും സ്വന്തം വീടുകളിൽ തന്നെ പൊങ്കാല അർപ്പിക്കുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ചും കോവിഡ് കാലഘട്ടത്തിൽ ഭക്തർ സ്വന്തം വീടുകളിലും തന്നെയായിരുന്നു പൊങ്കാല അർപ്പിച്ചിരുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികളായ മലയാളി സ്ത്രീകൾ അതാത് സ്ഥലങ്ങളിൽ തന്നെ പൊങ്കാല അർപ്പിച്ചു കാണപ്പെടുന്നു. ഇന്ന് അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യൂകെ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ആറ്റുകാൽ പൊങ്കാല നടക്കുന്നതായി കണ്ടുവരുന്നു. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം. സാധാരണയായി പുതിയ മൺകലത്തിലാണ് പൊങ്കാല ഇടാറുള്ളത്. ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ. പൊങ്കാലയോടനുബന്ധിച്ചു തിരുവനന്തപുരം നഗരത്തിൽ മിക്കയിടത്തും ഭക്തർക്കായി അന്നദാനം നടക്കാറുണ്ട്. പൊങ്കാലയിൽ സാധാരണയായി മിക്കവരും ശർക്കര പായസമാണ് നിവേദിക്കാറുള്ളത്. ഭഗവതിയുടെ പ്രിയ നിവേദ്യമായ കടുംപായസം അഥവാ കഠിനപായസം, പ്രഥമൻ, വെള്ള ചോറ്, സേമിയ, പാൽപ്പായസം, പാലട തുടങ്ങിയ വെള്ളപായസം എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട്, മോദകം, ഇലയട മുതലായ പല ഭക്ഷ്യ വസ്തുക്കളും നിവേദിച്ചു കാണാറുണ്ട്. നിവേദ്യവസ്തു എന്തു തന്നെ ആയാലും ഭക്തിയോടെ സമർപ്പിച്ചാൽ ഭഗവതി സ്വീകരിക്കും എന്നാണ് വിശ്വാസം. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.[8]

അവലംബം[തിരുത്തുക]
- ↑ "ഗിന്നസ് സാക്ഷ്യപത്രം". മൂലതാളിൽ നിന്നും 2009-04-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-07-18.
- ↑ "Ponkala makes it to Guinness". The Hindu. 2006-10-15. മൂലതാളിൽ നിന്നും 2006-12-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-14.
- ↑ "http://www.guinnessworldrecords.com/world-records/1/largest-annual-gathering-of-women". Guinness World Records. 2009. ശേഖരിച്ചത് 2013-04-22.
{{cite web}}
: External link in
(help)|title=
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-02-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-10.
- ↑ "Thats malayalam". മൂലതാളിൽ നിന്നും 2006-09-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-10.
- ↑ temple's kerala.com
- ↑ webindia123.com
- ↑ "Attukal Pongala Festival".