ലൈലത്തുൽ ഖദ്‌ർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Laylat al-Qadr എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇസ്ലാമികവിശ്വാസപ്രകാരം, ഖുർആൻ അവതരിക്കപ്പെട്ട രാത്രിയാണ്‌ ലൈലത്തുൽ ഖദ്‌ർ (അറബി: لیلة القدر) അഥവാ നിർണ്ണയത്തിന്റെ രാത്രി. റമളാൻ മാസത്തിലാണിത്. ഈ രാത്രിയിൽ ചെയ്യുന്ന പുണ്യപ്രവൃത്തികൾ, ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാൾ ഉത്തമമാണെന്ന് ഖുർആൻ പറയുന്നു.

എന്നാണ്‌ ലൈലത്തുൽ ഖദ്ർ[തിരുത്തുക]

റമദാനിലെ ഏത് ദിവസത്തിലാണ്‌ ലൈലത്തുൽ ഖദ്‌ർ എന്ന് പ്രവാചകൻ കൃത്യമായി പറഞ്ഞു തന്നിട്ടില്ല. ഒരിക്കൽ പ്രവാചകൻ, എന്നാണ് ലൈലത്തുൽ ഖദ്റെന്ന് സ്വഹാബത്തിനെ പഠിപ്പിക്കാൻ തുനിഞ്ഞതായിരുന്നു. പക്ഷെ പിന്നീടാ അറിവ് മറയ്ക്കപ്പെടുകയും ഉയർത്തപ്പെടുകയുമാണുണ്ടായത്. റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലെ ഒറ്റയായി വരുന്ന രാവുകളിൽ (റമദാൻ 21,23,25,27,29) അതിനെ അന്വേഷിക്കുവാനാണ് പ്രവാചകൻ നിർദ്ദേശിച്ചിട്ടുള്ളത്[1]. ഈ ദിവസം എന്നാണെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അവസാനത്തെ അഞ്ച് ദിവസങ്ങളിൽ അന്വേഷിക്കുക എന്ന് വന്നിട്ടുള്ള ഹദീസ് ഉദ്ധരിച്ച് 25, 27, 29 രാവുകളിലായിരിക്കുമെന്നും[2] സ്വഹീഹ് മുസ്ലിമിൽ വന്നിട്ടുള്ള രണ്ടു ഹദീസുകളുടെ അടിസ്ഥാനത്തിൽ 21നാണെന്നും[3] 23നാണെന്നും[4] അഭിപ്രായങ്ങളുണ്ട്. ഈ രാവിനെപ്പറ്റി പ്രവാചകൻ പറഞ്ഞ ചന്ദ്രന്റെ സവിശേഷതകൾ[5] അടിസ്ഥാനമാക്കി റമദാൻ 27നാണെന്നും അഭിപ്രായങ്ങളുണ്ട്.


കർമ്മങ്ങൾ[തിരുത്തുക]

ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന ദിവസങ്ങളിൽ പ്രത്യേകമായി ഒരു കർമ്മവും നിർബന്ധമാക്കപ്പെട്ടിട്ടില്ല. എന്നാൽ പരമാവധി പുണ്യം നേടുക എന്ന ലക്ഷ്യത്തോടുകൂടി പല ഐച്ഛിക കർമ്മങ്ങൾക്കും വിശ്വാസികൾ കൂടുതൽ പ്രധാന്യം നൽകുന്നു.

ഇഅ്തികാഫ്[തിരുത്തുക]

ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ വിശ്വാസികൾ പള്ളിയിൽ ഭജനമിരിക്കാറുണ്ട്[6]. ഇതിനെ ഇഅ്തികാഫ് എന്ന് പറയുന്നു.

തറാവീഹ് നമസ്കാരം[തിരുത്തുക]

വിശ്വാസികൾ ഈ രാവുകളിൽ ഖുർ‌ആൻ പാരായണവും പ്രാർഥനയുമായി പള്ളികളിൽ കഴിഞ്ഞുകൂടും. ലൈലത്തുൽ ഖദ്റിൽ വിശ്വാസത്തോടും നിഷ്കളങ്കതയോടും കൂടി രാത്രി എഴുന്നേറ്റു നമസ്കരിക്കുന്നവരുടെ എല്ലാ മുൻകാല പാപങ്ങളും പൊറുക്കപ്പെടുമെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്.

മറ്റു പ്രാർത്ഥനകൾ[തിരുത്തുക]

ഈ അനുഗൃഹീത രാവിൽ ഇങ്ങനെ പ്രാർത്ഥിക്കുവാൻ പ്രവാചകൻ പറഞ്ഞിട്ടുണ്ട്: 'അല്ലാഹുമ്മ ഇന്നക്ക അഫ്ഫുവ്വുൻ തുഹിബ്ബുൽ അഫുവ ഫഅ്ഫു അന്നീ' (അല്ലാഹുവേ, നീ ധാരാളമായി പൊറുക്കുന്നവനും, പൊറുത്തുകൊടുക്കുവാൻ ഇഷ്ടപ്പെടുന്നവനുമാണല്ലോ, അതിനാൽ എനിക്കു നീ പൊറുത്തു തരേണമേ.)

അവലംബം[തിരുത്തുക]

  1. സ്വഹീഹുൽ ബുഖാരി - 2017
  2. സ്വഹീഹുൽ ബുഖാരി - 2023
  3. സ്വഹീഹ് മുസ്ലിം 1167-215
  4. സ്വഹീഹ് മുസ്ലിം 1168
  5. ഞങ്ങൾ പ്രവാചക സന്നിധിയിൽ ലൈലത്തുൽ ഖദ്റിനെ അനുസ്മരിച്ചു കൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: "ചന്ദ്രൻ ഉദിക്കുമ്പോൾ അത് ഒരു കിണ്ണത്തിന്റെ പകുതി പോലെയാവുന്നത് നിങ്ങളിൽ ആരെങ്കിലും സ്മരിക്കുന്നുണ്ടോ"? (സ്വഹീഹ് മുസ്ലിം 1169-222)
  6. ആയിശ(റ) നിവേദനം: നബി(സ) മരണം വരെ റമളാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുത്തെ വിയോഗത്തിന്‌ ശേഷം അവിടുത്തെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നിരുന്നു (മുസ്ലിം - 2006).
"https://ml.wikipedia.org/w/index.php?title=ലൈലത്തുൽ_ഖദ്‌ർ&oldid=3545871" എന്ന താളിൽനിന്ന് ശേഖരിച്ചത്