തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തൃപ്രയാർ ശ്രീരാമക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം
തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം
തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം
പേരുകൾ
ശരിയായ പേര്: തൃപ്രയാർ ക്ഷേത്രം
സ്ഥാനം
സ്ഥാനം: തൃപ്രയാർ, തൃശ്ശൂർ ജില്ല, കേരളം
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ:: ശ്രീരാമൻ
വാസ്തുശൈലി: തെക്കേ ഇന്ത്യൻ, കേരളീയ രീതി

കേരള സംസ്ഥാനത്തിലെ പുരാതനമായ ഒരു ശ്രീരാമക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. തൃശ്ശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തിൽ തൃപ്രയാർ എന്ന സ്ഥലത്ത് കരുവന്നൂർ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (ഇന്ന് ഈ നദി കനോലി കനാലിന്റെ ഭാഗമാണ്) കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്. ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമിക്ഷേത്രം എന്നിവയാണ് മറ്റ് ക്ഷേത്രങ്ങൾ. കേരളത്തിലെ ഏറ്റവും വലുതും പ്രസിദ്ധവുമായ ശ്രീരാമക്ഷേത്രവും തൃപ്രയാർ തന്നെയാണ്. തിരുവില്വാമല, കടവല്ലൂർ, തിരുവങ്ങാട് എന്നിവയാണ് മറ്റ് പ്രധാന ശ്രീരാമക്ഷേത്രങ്ങൾ. ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിൽ പൂജിച്ചതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം എന്ന് വിശ്വസിച്ചുവരുന്നു. ഗണപതി, ദക്ഷിണാമൂർത്തി, ധർമ്മശാസ്താവ്, ശ്രീകൃഷ്ണൻ (ഗോശാലകൃഷ്ണൻ), ഹനുമാൻ, ചാത്തൻ എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ. വൃശ്ചികമാസത്തിലെ കറുത്ത ഏകാദശി ദിവസം ഇവിടെ നടക്കുന്ന തൃപ്രയാർ ഏകാദശി മഹോത്സവം വളരെ വിശേഷമാണ്. മീനമാസത്തിലെ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിയ്ക്കുന്നത് 'തൃപ്രയാർ തേവർ', 'തൃപ്രയാറപ്പൻ' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവിടത്തെ ശ്രീരാമസ്വാമി തന്നെയാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

സ്ഥലനാമം[തിരുത്തുക]

  • വാമനാവതാരവേളയിൽ ഭഗവാൻ ത്രിവിക്രമനായി വളർന്നുവന്നപ്പോൾ ഭഗവാൻറെ ഒരു പാദം സത്യലോകത്തിലെത്തി. ബ്രഹ്മാവ് പരിഭ്രമിച്ച് തൻറെ കമണ്ഡലുവിലുള്ള തീർത്ഥമെടുത്ത് ഭഗവല്പാദത്തിൽ അഭിഷേകം ചെയ്തു. ആ തീർത്ഥജലം അവിടെ നിന്നൊഴുകിയപ്പോൾ കുറെ ഭാഗം ഭൂമിയിലും പതിച്ചു എന്നാൺ ഐതിഹ്യം. ആ തീർത്ഥജലമാണത്രെ “തൃപ്രയാർ“ ആയത്. “തിരുപാദം കഴുകിയത് ആറായി” തീർന്നപ്പോൾ അത് “തിരുപ്പാദയാറായി” അത് ശോഷിച്ച് തൃപാദയാറും തൃപ്രയാറും ആയി.
  • തൃപ്രയാറപ്പന് അഭിഷേകത്തിനായി വരുണൻ കൊടുത്തയച്ച തീർത്ഥവുമായെത്തിയ ഗംഗാനദി, അഭിഷേകത്തിനു ശേഷം തിരികെ പോകാൻ വിസമ്മതം പ്രകടിപിച്ച് ഭഗവാനു ചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ഈ സമയം ദർശനത്തിനായി വന്ന ഭക്തർക്ക് ക്ഷേത്രത്തിലെത്താൻ തീരെ നിവൃ‌ത്തിയില്ലാതായി. അപ്പോൾ ഭഗവാൻ നദിയുടെ ഗതി തിരിച്ചു വിടുകയും, അങ്ങനെ തിരിച്ചു വിട്ട ആറ് എന്ന അർത്ഥത്തിൽ "തിരു-പുറൈ‌-ആറ്" എന്നു വിശേഷിപ്പിക്കുകയുയും, പിന്നീട് തൃപ്രയാർ ആയി മാറുകയും ചെയ്തു.

പ്രതിഷ്ഠ[തിരുത്തുക]

ഈ ക്ഷേത്രത്തിലെയും നാലമ്പലങ്ങളിലെ മറ്റ് മൂന്നിടത്തെയും വിഗ്രഹങ്ങൾ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്റെ പൂജയേറ്റുവാങ്ങിയ വിഗ്രഹങ്ങളാണ്. നാലുഭാഗത്തും പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ദ്വാരകാപുരിയിൽ നാലിടത്തും ദശരഥപുത്രന്മാർക്കായി ക്ഷേത്രങ്ങൾ പണിതിരുന്നു. കിഴക്കേ അറ്റത്തെ രൈവതകപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ശ്രീരാമനെയും വടക്കേ അറ്റത്തെ വേണുമന്ദപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ഭരതനെയും പടിഞ്ഞാറേ അറ്റത്തെ സുകക്ഷപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ലക്ഷ്മണനെയും തെക്കേ അറ്റത്തെ ലതാവേഷ്ടപർവ്വത്തിലുള്ള ക്ഷേത്രത്തിൽ ശത്രുഘ്നനെയും പ്രതിഷ്ഠിച്ചു. കൂടാതെ ദ്വാരകാപുരിയുടെ ഒത്ത നടുക്ക് ഒരു മഹാവിഷ്ണുക്ഷേത്രവുമുണ്ടായിരുന്നു. അവിടത്തെ പ്രതിഷ്ഠ ശ്രീകൃഷ്ണഭഗവാന്റെ പൂർവ്വികർ നാലുജന്മങ്ങളിൽ പൂജിച്ചിരുന്ന അതിദിവ്യമായ മഹാവിഷ്ണുവിഗ്രഹമായിരുന്നു. ദിവസവും രാവിലെ പത്നിമാരായ രുക്മിണീദേവിയ്ക്കും സത്യഭാമാദേവിയ്ക്കുമൊപ്പം ഭഗവാൻ ഇവിടെ ദർശനം നടത്തിവന്നു. ദ്വാപരയുഗാന്ത്യത്തിൽ ഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തതിനെത്തുടർന്ന് ദ്വാരക കടലടിച്ചുപോയി. ആ മഹാപ്രളയത്തിൽ അവശേഷിച്ചത് ഭഗവദ്പൂജയേറ്റുവാങ്ങിയ അഞ്ച് ദിവ്യവിഗ്രഹങ്ങൾ മാത്രമാണ്. അവയിലെ മഹാവിഷ്ണുവിഗ്രഹം കലിയുഗാരംഭത്തിൽ ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് പ്രതിഷ്ഠിച്ചയിടം പിന്നീട് ഗുരുവായൂർ എന്ന പേരിൽ പ്രസിദ്ധമായി. എന്നാൽ, ദശരഥപുത്രന്മാരുടെ വിഗ്രഹങ്ങൾ പിന്നെയും ഒരുപാടുകാലം കടലിനടിയിൽ തന്നെ കിടന്നു.

ഒരിയ്ക്കൽ, അറബിക്കടലിൽ മീൻ പിടിയ്ക്കാൻ പോയ മുക്കുവന്മാരുടെ വലകളിൽ ഈ വിഗ്രഹങ്ങൾ പെട്ടുപോയി. അവർ ഈ വിഗ്രഹങ്ങൾ നാട്ടിലെ പ്രമാണിയായിരുന്ന വാക്കയിൽ കൈമളെ ഏല്പിച്ചു. ഒരു ജ്യോത്സ്യർ കൂടിയായിരുന്ന കൈമൾ പ്രശ്നം വച്ചുനോക്കിയപ്പോൾ അവ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്റെ പൂജയേറ്റുവാങ്ങിയ ദശരഥപുത്രന്മാരുടെ വിഗ്രഹങ്ങളാണെന്ന് മനസ്സിലായി. തുടർന്ന് അദ്ദേഹം മന്ത്രശക്തിയുപയോഗിച്ച് വിഗ്രഹങ്ങളിൽ നിന്ന് നാല് പ്രാവുകളെ സൃഷ്ടിച്ചു. അവ ചെന്നിരിയ്ക്കുന്ന സ്ഥലങ്ങളിൽ അതാത് വിഗ്രഹങ്ങൾ പ്രതിഷ്ഠിയ്ക്കാനും ഉത്തരവായി. ശ്രീരാമവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് ചെന്നിരുന്നത് കരുവന്നൂർപ്പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (തൃപ്രയാർപ്പുഴ) തീരത്താണ്. ഭരതവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് കുലീപനീതീർത്ഥക്കരയിലെ കൂടൽമാണിക്യത്തും ലക്ഷ്മണവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് ചാലക്കുടിപ്പുഴയുടെ തീരത്തെ മൂഴിക്കുളത്തും ശത്രുഘ്നവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് കൂടൽമാണിക്യത്തിനടുത്ത് പായമ്മലിലും ചെന്നിരുന്നു. ഇവിടങ്ങളിലെല്ലാം തുടർന്ന് നാല് മഹാക്ഷേത്രങ്ങൾ ഉയർന്നുവന്നു. രാമായണമാസമായ കർക്കടകത്തിൽ ഉച്ചപ്പൂജയ്ക്കുമുമ്പ് ഈ ക്ഷേത്രങ്ങളിൽ തൊഴുതുവരുന്നത് മഹാപുണ്യമായി വിശ്വസിച്ചുപോരുന്നു.

ചരിത്രം[തിരുത്തുക]

ആര്യാഗമനത്തിനു മുന്ന് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. ശാസ്താവായിരുന്നു പ്രതിഷ്ഠ.[1] ബുദ്ധമതക്കാരുടെ കേന്ദ്രവുമായിരുന്നു. പിന്നീട് ആര്യവത്കരണത്തിനു ശേഷം ശാസ്താവിന്റെ പ്രതിഷ്ഠയെ പുറത്തേക്ക് മാറ്റുകയും പകരം ചതുർബാഹുവായ ശ്രീരാമനെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. [1] തൃപ്രയാർ ക്ഷേത്രം ഒരു കാലത്ത്‌ സാമൂതിരി ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് ഡച്ചുകാ‍രും, മൈസൂർ രാജാക്കന്മാരും, അതിനു ശേഷം കൊച്ചി രാജവംശവും ക്ഷേത്രം അധീനത്തിൽ വെച്ചു.

തൃപ്രയാർ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു തെക്കുവശത്തു നിന്നു രണ്ടു വട്ടെഴുത്തു ശാസനങ്ങൾ കണ്ടെടുക്കുകയുണ്ടായി. അഗ്നിബാധയാൽ പാതിയിലേറെ അവ്യക്തമായ നിലയിലാണ്‌ ഒരെണ്ണം. മറ്റേതിൽ ഊർ സഭയും പൊതുവാളും ചേർന്ന് ക്ഷേത്രത്തിലേക്ക് മുരുകനാട്ട് ശങ്കരൻ കുന്റപ്പൻ ദാനം ചെയ്ത വസ്തു വകകൾ എങ്ങനെ വിനിയോഗം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എടുക്കുന്ന തീരുമാനങ്ങൾ എഴുതിയിരിക്കുന്നു. മൂഴിക്കുളം കച്ചത്തെപ്പറ്റിയും പരാമർശമുണ്ട്.[2]

ക്ഷേത്ര നിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

തൃശ്ശൂർ ജില്ലയിൽ നാട്ടിക പഞ്ചായത്തിൽ തൃപ്രയാർ ഗ്രാമത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിന്റെ മുന്നിലൂടെ തൃപ്രയാർപ്പുഴയൊഴുകുന്നു. പുഴയ്ക്ക് കുറുകെ ഒരു പാലവുമുണ്ട്. ഇതുവഴിയാണ് തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്നവർ വരുന്നത്. ചിലർ ഇന്നും തോണി ഉപയോഗിച്ച് പുഴ കടക്കാറുണ്ട്. പുഴയുടെ കിഴക്കേക്കരയിൽ ഒരു സർപ്പക്കാവുണ്ട്. ഒരു ഘട്ടത്തിൽ, ഈ സർപ്പക്കാവ് പൊളിച്ച് ഒരു സീതാക്ഷേത്രം പണിയാൻ ചിലർ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു. കിഴക്കേക്കരയിൽ തന്നെയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വക വ്യൂ പോയിന്റും മറ്റുമുള്ളത്. ചിങ്ങമാസത്തിൽ ഓണത്തോടനുബന്ധിച്ച് തൃപ്രയാർപ്പുഴയിൽ വള്ളംകളി നടത്തിവരുന്നുണ്ട്. 'തൃപ്രയാർ ജലോത്സവം' എന്നറിയപ്പെടുന്ന ഈ വള്ളംകളി 2004-ലാണ് തുടങ്ങിയത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്താണ് നാട്ടിക പഞ്ചായത്ത് ഓഫീസ്, ബസ് സ്റ്റാൻഡ്, പോസ്റ്റ് ഓഫീസ്, ശ്രീരാമ പോളിടെക്നിക് കോളേജ്, സിനിമാ തിയേറ്ററുകൾ, കടകംബോളങ്ങൾ മുതലായവ സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു നടപ്പന്തലും പണിതിട്ടുണ്ട്. 2015-ൽ ഇവിടെയൊരു സ്വകാര്യ കെട്ടിടത്തിൽ വിഷ്ണുമായക്ഷേത്രം തുടങ്ങിയത് വിവാദമായിരുന്നു. പോലീസ് ഇടപെട്ട് ബലം പ്രയോഗിച്ച് ഒഴിപ്പിയ്ക്കുകയായിരുന്നു. പടിഞ്ഞാറുഭാഗത്ത്, മനോഹരമായ ഒരു ഗോപുരം പണിതിട്ടുണ്ട്. രണ്ടുനിലകളോടുകൂടിയ ഗോപുരമാണിത്. ഇതിനടുത്ത് ഒരു സുബ്രഹ്മണ്യ-ഹനുമാൻ ക്ഷേത്രമുണ്ട്. സ്ഥലത്തെ ഷണ്മുഖസമാജം കമ്മിറ്റി വകയാണ് ഈ ക്ഷേത്രം. പതിനെട്ടടി ഉയരമുള്ള ഭീമാകാരമായ ഹനുമദ്വിഗ്രഹമാണ് ഇവിടത്തെ മുഖ്യ ആകർഷണം. ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ ഹനുമദ്വിഗ്രഹങ്ങളിലൊന്നാണിത്.

അകത്തുകടന്നാൽ പടിഞ്ഞാറേ നടയിൽ വിശേഷിച്ചൊന്നും തന്നെ കാണാനില്ല. ദർശനവശമായ കിഴക്കുഭാഗത്ത് ആനക്കൊട്ടിലും ശീവേലിപ്പുരയും കാണാം. ക്ഷേത്രത്തിൽ കൊടിയേറി ഉത്സവമില്ലാത്തതിനാൽ കൊടിമരമില്ല. കിഴക്കുഭാഗത്ത് പുഴയിലേയ്ക്കിറങ്ങിച്ചെല്ലാൻ പടവുകളുണ്ട്. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നായ മീനൂട്ടിന് ഇവിടെ പ്രത്യേകം കടവുണ്ട്. ഈ കടവിൽ ഭക്തർക്ക് കുളിയ്ക്കാൻ അവകാശമില്ല. അതിന് പ്രത്യേകം കടവുകൾ അടുത്തുണ്ട്. പുഴയിൽ എണ്ണ, സോപ്പ്, ഷാമ്പൂ മുതലയാവ തേച്ചുകുളിയ്ക്കുന്നതും മീൻ പിടിയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു. കിഴക്കേ നടയിൽ തന്നെയാണ് ബലിക്കൽപ്പുരയും സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. നല്ല ഉയരമുള്ള ബലിക്കല്ലാണ് ഇവിടെയുള്ളത്. അതിനാൽ, പുറത്തുനിന്ന് നോക്കുമ്പോൾ വിഗ്രഹം കാണാൻ കഴിയില്ല. ഐതിഹ്യപ്രകാരം ഇവിടെ ബലിക്കല്ല് നിൽക്കുന്ന സ്ഥലത്താണ് ശ്രീരാമവിഗ്രഹത്തിലെ പ്രാവ് വന്നിരുന്നത്. അത് പ്രതിഷ്ഠ കഴിഞ്ഞുണ്ടായതാണെന്ന് വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ബലിക്കല്ലിന് വളരെയധികം പ്രാധാന്യമുണ്ട്. ആദ്യം ഇളകിക്കൊണ്ടിരുന്ന ഈ ബലിക്കല്ല് ഉറപ്പിച്ചത് നാറാണത്ത് ഭ്രാന്തനാണെന്നും വിശ്വാസമുണ്ട്. ബലിക്കൽപ്പുരയുടെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് വെടിപ്പുര സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് വെടിവഴിപാട്. നട തുറന്നിരിയ്ക്കുന്ന സമയം മുഴുവൻ കതിനകളുടെ ഘോരശബ്ദം കേൾക്കാം. 10, 101, 1001 എന്നീ ക്രമത്തിൽ വഴിപാട് നടത്തിപ്പോരുന്നുണ്ട്. തെക്കുപടിഞ്ഞാറുഭാഗത്ത് മുഖപ്പോടുകൂടിയ പ്രത്യേകം ശ്രീകോവിലിൽ ശാസ്താവ് കുടിയിരിയ്ക്കുന്നു. അമൃതകലശധാരിയായ ശാസ്താവാണ് ഇവിടെയുള്ളത്. അതിനാൽ, സർവ്വരോഗശമനത്തിന് ഈ ശാസ്താവിനെ ഭജിയ്ക്കുന്നു. ഇവിടത്തെ ആദ്യപ്രതിഷ്ഠയും ഈ ശാസ്താവ് തന്നെയാണെന്ന് പറയപ്പെടുന്നു. പിന്നീടാണ് ശ്രീരാമപ്രതിഷ്ഠ ഉണ്ടായതത്രേ. ഇതിനടുത്താണ് ദേവസ്വം ഓഫീസും വഴിപാട് കൗണ്ടറുകളുമുള്ളത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് തൃപ്രയാർ ദേവസ്വം. വടക്കുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിൽ ശ്രീകൃഷ്ണൻ കുടിയിരിയ്ക്കുന്നു. ഗോശാലകൃഷ്ണനായാണ് പ്രതിഷ്ഠാസങ്കല്പം. അതിനാൽ, ശ്രീകോവിലിനുചുറ്റും ഗോശാല പണിതിട്ടുണ്ട്. അതിന്റെ നടുക്കാണ് ശ്രീകോവിൽ.

ശ്രീകോവിൽ[തിരുത്തുക]

സാമാന്യത്തിലധികം വലിപ്പമുള്ള ഒറ്റനില വട്ടശ്രീകോവിലാണ് ഈ ക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന് ഏകദേശം 160 അടി ചുറ്റളവുണ്ട്. ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടത്തോടുകൂടി ശോഭിയ്ക്കുന്നു. അകത്തോട്ട് കടക്കാനുള്ള പടികൾ മൂന്നെണ്ണമുണ്ട്. ശ്രീകോവിലിനകത്ത് രണ്ട് മുറികളാണുള്ളത്. അവയിൽ, പടിഞ്ഞാറുഭാഗത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ആറടിയിലധികം ഉയരം വരുന്ന അഞ്ജനശിലാനിർമ്മിതമായ വിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി തൃപ്രയാറപ്പൻ കുടികൊള്ളുന്നു. ഖരൻ, ദൂഷണൻ, ത്രിശിരസ്സ് എന്നീ മൂന്ന് രാക്ഷസന്മാരെയും അവരുടെ പതിനായിരം പടയാളികളെയും വെറും മൂന്നേമുക്കാൽ നാഴികകൊണ്ട് നിഗ്രഹിച്ചശേഷം പ്രദർശിപ്പിച്ച വിശ്വരൂപമാണ് ഇവിടത്തെ പ്രതിഷ്ഠയുടെ രൂപമെന്ന് വിശ്വസിച്ചുവരുന്നു. ചതുർബാഹുവായ ശ്രീരാമസ്വാമി പുറകിലെ വലതുകയ്യിൽ തന്റെ വില്ലായ കോദണ്ഡവും പുറകിലെ ഇടതുകയ്യിൽ സുദർശനചക്രവും മുന്നിലെ വലതുകയ്യിൽ അക്ഷമാലയും മുന്നിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും ധരിച്ചിരിയ്ക്കുന്നു. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതം കൂടിയാണ്. മേൽപ്പറഞ്ഞതുപ്രകാരം തൃപ്രയാറപ്പൻ ത്രിമൂർത്തിചൈതന്യത്തോടുകൂടിയ മൂർത്തിയാണ്. അതായത്, ഭഗവാന്റെ കൈകളിലെ ശംഖചക്രങ്ങൾ വിഷ്ണുവിനെയും കോദണ്ഡം ശിവനെയും അക്ഷമാല ബ്രഹ്മാവിനെയും പ്രതിനിധീകരിയ്ക്കുന്നു. ഖരവധത്തിനുശേഷമുള്ള ഭാവമായതിനാൽ അത്യുഗ്രമൂർത്തി കൂടിയാണ് ഭഗവാൻ. ഈ ഉഗ്രത കുറയ്ക്കാൻ ഭഗവാന്റെ ഇരുവശവും ശ്രീദേവിയെയും ഭൂമീദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇത് വില്വമംഗലം സ്വാമിയാർ ചെയ്തതാണെന്ന് വിശ്വസിച്ചുവരുന്നു. വിഗ്രഹത്തിൽ സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ പൂർണ്ണമായും ആവാഹിച്ചുകൊണ്ട് തൃപ്രയാറപ്പൻ ത്രിമൂർത്തിചൈതന്യത്തോടെ, ശ്രീദേവീഭൂദേവീസമേതനായി ശ്രീലകത്ത് വാഴുന്നു.

ശ്രീകോവിൽ മനോഹരമായ ചുവർച്ചിത്രങ്ങൾ കൊണ്ടും ദാരുശില്പങ്ങൾ കൊണ്ടും അലംകൃതമാണ്. കഴുക്കോലുകളുടെ നിർമ്മാണരീതി തന്നെ അത്യദ്ഭുതകരമാണ്. ഓരോ കഴുക്കോലും താങ്ങിനിർത്താൻ പാകത്തിൽ ദേവരൂപങ്ങളും മനുഷ്യരൂപങ്ങളും കാണാം. എന്നാൽ, അധികൃതരുടെ അനാസ്ഥയും തുടരെത്തുടരെയുള്ള വെടിവഴിപാടും മൂലം ഇവ നാശോന്മുഖമാണ്. ശ്രീകോവിലിന്റെ തെക്കേ നടയിൽ ദക്ഷിണാമൂർത്തിയും ഗണപതിയും സാന്നിദ്ധ്യമരുളുന്നു. തൃപ്രയാറിലെ ശൈവചൈതന്യത്തിന്റെ പ്രതീകമാണ് രണ്ട് പ്രതിഷ്ഠകളും. പടിഞ്ഞാറേ നടയിൽ ഒരു അടഞ്ഞ വാതിൽ കാണാം. അവിടെ ദേവീസാന്നിദ്ധ്യവുമുള്ളതായി പറയപ്പെടുന്നു. ഇവിടെ ഒരു വിളക്ക് കത്തിച്ചുവച്ചിട്ടുണ്ട്. ഐതിഹ്യപ്രകാരം അനന്തൻകാട് തേടിപ്പോകുന്ന വഴിയിൽ തൃപ്രയാറിലെത്തിയ വില്വമംഗലം സ്വാമിയാർ, ദേവിമാർ ഭഗവാന് പൂജ നടത്തി പടിഞ്ഞാറേ വാതിലിലൂടെ ഇറങ്ങിപ്പോകാൻ നിൽക്കുന്നത് കാണുകയും തുടർന്ന് അദ്ദേഹം ഓടിച്ചെന്ന് ആരും കാണാതെ വാതിൽ കൊട്ടിയടയ്ക്കുകയും ചെയ്തു. അങ്ങനെ ദേവീസാന്നിദ്ധ്യം അവിടെ നിത്യമായി. വടക്കുഭാഗത്ത് ഓവ് നിർമ്മിച്ചിരിയ്ക്കുന്നു. ഇതിലൂടെ ഒഴുകുന്ന അഭിഷേകജലം പുണ്യജലമായി കണക്കാക്കപ്പെടുന്നു.

നാലമ്പലം[തിരുത്തുക]

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമായ നാലമ്പലമാണിവിടെയുള്ളത്. ഇതിലേയ്ക്ക് കടക്കുന്നതിന്റെ ഇരുവശവും വാതിൽമാടങ്ങൾ കാണാം. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ ക്ഷേത്രക്കിണറും കാണാം. തെക്കുപടിഞ്ഞാറേ മൂലയിൽ പ്രത്യേകം ശ്രീകോവിലിൽ ഗണപതിപ്രതിഷ്ഠയുണ്ട്. നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമാണ്.

ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകളിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല.

നമസ്കാരമണ്ഡപം[തിരുത്തുക]

ശ്രീകോവിലിന് നേരെമുന്നിൽ ദീർഘചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. വളരെ വലുതും മനോഹരവുമാണ് ഈ മണ്ഡപം. പതിനാറ് കാലുകളോടുകൂടിയ ഈ മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടത്തോടെ ശോഭിച്ചുനിൽക്കുന്നു. ശ്രീരാമദാസനായ ഹനുമാൻ സ്വാമി ഈ മണ്ഡപത്തിൽ നിത്യസാന്നിദ്ധ്യം കൊള്ളുന്നുവെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന് പ്രതിഷ്ഠയില്ല. എന്നാൽ, രാമനാമം ജപിയ്ക്കുന്നയിടങ്ങളില്ലെല്ലാം ഹനുമാൻ സാന്നിദ്ധ്യമരുളുന്നുവെന്ന വിശ്വാസത്തിന് ഉപോദ്ബലകമായി ഒരു വിളക്ക് ഇവിടെ സദാ കൊളുത്തിവച്ചിട്ടുണ്ട്. നിത്യേന ഇവിടെ ഒരു ഭക്ത(ൻ) രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യുന്നു. നവക-പഞ്ചഗവ്യ കലശപൂജകൾ നടക്കുന്നതും ഇവിടെത്തന്നെയാണ്.

മുഖ്യപ്രതിഷ്ഠ[തിരുത്തുക]

ശ്രീ തൃപ്രയാറപ്പൻ (ശ്രീരാമൻ)[തിരുത്തുക]

തൃപ്രയാർ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഖരവധത്തിനുശേഷമുള്ള അത്യുഗ്രഭാവത്തിലാണ് പ്രതിഷ്ഠാസങ്കല്പം. ആറടിയിലധികം ഉയരം വരുന്ന അഞ്ജനശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി തൃപ്രയാറപ്പൻ കുടികൊള്ളുന്നു. ചതുർബാഹുവായ വിഗ്രഹത്തിന്റെ പുറകിലെ വലതുകയ്യിൽ കോദണ്ഡവും പുറകിലെ ഇടതുകയ്യിൽ സുദർശനചക്രവും മുന്നിലെ വലതുകയ്യിൽ അക്ഷമാലയും മുന്നിലെ ഇടതുകയ്യിൽ പാഞ്ചജന്യവും കാണാം. മുന്നിലെ വലതുകൈ ചിന്മുദ്രാങ്കിതവുമാണ്. ഇതുവഴി തൃപ്രയാറപ്പൻ ത്രിമൂർത്തീചൈതന്യമുള്ള മൂർത്തിയായി കണക്കാക്കപ്പെടുന്നു. ഭഗവാന്റെ ഇരുവശവും ശ്രീദേവിയെയും ഭൂമീദേവിയെയും കാണാം. ഇവരെ വില്വമംഗലം സ്വാമിയാർ പ്രതിഷ്ഠിച്ചതാണെന്ന് വിശ്വസിച്ചുവരുന്നു. അഞ്ജനശിലയിൽ നിർമ്മിച്ച വിഗ്രഹത്തിന് കാലാന്തരത്തിൽ കേടുപാടുകൾ പറ്റിയതിനാൽ ഇന്ന് സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. ത്രിമൂർത്തീചൈതന്യമുള്ള ഭഗവാന് മീനൂട്ട്, വെടിവഴിപാട്, കളഭാഭിഷേകം, പാൽപ്പായസം, ഉദയാസ്തമനപൂജ തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.

ഉപദേവതകൾ[തിരുത്തുക]

ഗണപതി[തിരുത്തുക]

ക്ഷേത്രത്തിൽ നാലമ്പലത്തിനകത്ത് രണ്ട് ഗണപതിപ്രതിഷ്ഠകളുണ്ട്. ഒന്ന് ശ്രീകോവിലിന്റെ തെക്കേ വാതിലിൽ ദക്ഷിണാമൂർത്തിപ്രതിഷ്ഠയ്ക്കൊപ്പവും മറ്റേത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിലുമാണ്. ആദ്യത്തെ പ്രതിഷ്ഠ തെക്കോട്ടും രണ്ടാമത്തേത് കിഴക്കോട്ടും ദർശനമായി കുടികൊള്ളുന്നു. രണ്ടിടത്തും വിഗ്രഹങ്ങൾക്ക് ഏതാണ്ട് മൂന്നടി ഉയരം കാണും. ശിലാവിഗ്രഹങ്ങളാണ് രണ്ടും. സാധാരണരൂപത്തിൽ തന്നെയാണ് രണ്ട് വിഗ്രഹങ്ങളും. വിഘ്നേശ്വരപ്രീതിയ്ക്കായി ക്ഷേത്രത്തിൽ നിത്യേന ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല തുടങ്ങിയവയാണ് ഗണപതിഭഗവാന് മറ്റ് പ്രധാന വഴിപാടുകൾ.

ദക്ഷിണാമൂർത്തി[തിരുത്തുക]

പ്രധാനശ്രീകോവിലിന്റെ തെക്കേ വാതിലിൽ തെക്കോട്ട് ദർശനമായാണ് ശിവസ്വരൂപനായ ദക്ഷിണാമൂർത്തിയുടെ പ്രതിഷ്ഠ. രണ്ടടി ഉയരം വരുന്ന ശിവലിംഗമാണ് ദക്ഷിണാമൂർത്തീഭാവത്തിൽ പൂജിച്ചുവരുന്നത്. പ്രപഞ്ചത്തിന്റെ ആദിഗുരുവായി സങ്കല്പിയ്ക്കപ്പെടുന്ന ദക്ഷിണാമൂർത്തി തന്മൂലം വിദ്യാകാരകനാണ്. വൈഷ്ണവദേവാലയങ്ങളിൽ ദക്ഷിണാമൂർത്തിപ്രതിഷ്ഠ അപൂർവ്വമാണ്. സാധാരണയായി ശിവക്ഷേത്രങ്ങളിലാണ് ദക്ഷിണാമൂർത്തിപ്രതിഷ്ഠ കാണപ്പെടാറുള്ളത്. തൃപ്രയാറപ്പന്റെ ശൈവചൈതന്യത്തിന്റെ പ്രതിരൂപമായി ഈ പ്രതിഷ്ഠയെ കണ്ടുവരുന്നു. ധാര, പിൻവിളക്ക്, കൂവളമാല തുടങ്ങിയവയാണ് ദക്ഷിണാമൂർത്തിയുടെ പ്രധാന വഴിപാടുകൾ.

ശാസ്താവ്[തിരുത്തുക]

നാലമ്പലത്തിന് പുറത്ത് തെക്കുഭാഗത്ത് പ്രത്യേക ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് താരകബ്രഹ്മമൂർത്തിയായ ശാസ്താവിന്റെ പ്രതിഷ്ഠ. അമൃതകലശം കയ്യിലേന്തിയ അപൂർവ്വപ്രതിഷ്ഠയാണ് ഇവിടെ ശാസ്താവിന്. തന്മൂലം രോഗശാന്തിയ്ക്ക് ഇവിടത്തെ ശാസ്താവിനെ ഭജിയ്ക്കുന്നത് ഉത്തമമായി കരുതപ്പെടുന്നു. മൂന്നടി ഉയരം വരുന്ന, ഇരിയ്ക്കുന്ന രൂപത്തിലുള്ള ശാസ്താവിന് നീരാജമാണ് പ്രധാന വഴിപാട്. മണ്ഡലകാലത്ത് ശബരിമലയ്ക്കുപോകുന്ന തീർത്ഥാടകർ ഈ നടയിൽ വച്ചാണ് മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും.

ശ്രീകൃഷ്ണൻ[തിരുത്തുക]

നാലമ്പലത്തിന് പുറത്ത് വടക്കുഭാഗത്ത് പ്രത്യേക ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠ. ഗോശാലകൃഷ്ണനായാണ് പ്രതിഷ്ഠാസങ്കല്പം. തന്മൂലം ശ്രീകോവിലിന് ചുറ്റും ഒരു ഗോശാലയുടെ ആകൃതിയിൽ പ്രദക്ഷിണവഴി പണിതിട്ടുണ്ട്. ഒരു കയ്യിൽ കാലിക്കോലും മറുകയ്യിൽ ഓടക്കുഴലുമേന്തിയ ഭാവത്തിലാണ് ഇവിടെ ശ്രീകൃഷ്ണപ്രതിഷ്ഠ. മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഇവിടെ. പാൽപ്പായസം, തൃക്കൈവെണ്ണ, ചന്ദനം ചാർത്ത്, തുളസിമാല തുടങ്ങിയവാണ് ശ്രീകൃഷ്ണഭഗവാന് പ്രധാന വഴിപാടുകൾ.

ഹനുമാൻ[തിരുത്തുക]

ശ്രീരാമദാസനായ ഹനുമാൻസ്വാമിയ്ക്ക് ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലെങ്കിലും ശ്രീലകത്ത് അദ്ദേഹം അദൃശ്യനായി കുടികൊള്ളുന്നുവെന്ന് വിശ്വസിച്ചുപോരുന്നു. രാമനാമം ജപിയ്ക്കുന്നയിടങ്ങളിലെല്ലാം ഹനുമദ്സാന്നിദ്ധ്യമുണ്ടാകുമെന്നാണ് ഹൈന്ദവവിശ്വാസം. നമസ്കാരമണ്ഡപത്തിൽ ഹനുമാനെ സങ്കല്പിച്ച് ഒരു വിളക്ക് കത്തിച്ചുവച്ചിട്ടുണ്ട്. ഹനുമദ്പ്രീതിയ്ക്കായി ക്ഷേത്രത്തിൽ നിത്യേന സുന്ദരകാണ്ഡം വായിച്ചുവരുന്നു. അവിൽ നിവേദ്യവും പ്രധാനമാണ്.

ചാത്തൻ[തിരുത്തുക]

ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലാത്ത മറ്റൊരു സങ്കല്പമാണ് ചാത്തൻ. തൃപ്രയാറിനടത്തുള്ള പെരിങ്ങോട്ടുകര ഗ്രാമത്തിൽ കുടികൊള്ളുന്ന വിഷ്ണുമായ ചാത്തനാണ് ഈ പ്രതിഷ്ഠയെന്ന് വിശ്വസിച്ചുവരുന്നു. ഉച്ചപ്പൂജ കഴിഞ്ഞ് തൃപ്രയാർ ക്ഷേത്രം അടച്ചശേഷമാണ് പെരിങ്ങോട്ടുകര ശ്രീ വിഷ്ണുമായ ദേവസ്ഥാനം തുറക്കുന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ പേര് ചാത്തൻ ഭണ്ഡാരം എന്നാണ്.

നിത്യപൂജകളും തന്ത്രവും[തിരുത്തുക]

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം. പുലർച്ചെ മൂന്നുമണിയ്ക്ക് നിയമവെടിയോടെ ഭഗവാനെ പള്ളിയുണർത്തി മൂന്നരയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യം നടത്തുന്നത്. തുടർന്ന് വിഗ്രഹത്തിൽ അഭിഷേകം നടത്തുന്നു. അഭിഷേകത്തിനുശേഷം വിഗ്രഹം അലങ്കരിച്ച് ഭഗവാന് മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. തുടർന്ന് നാലരയോടെ നടയടച്ച് ഉഷഃപൂജ നടത്തുന്നു. സൂര്യോദയസമയത്ത് എതിരേറ്റുപൂജയും ഗണപതിഹോമവുമാണ്. തുടർന്ന് ഉഷഃശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവാൻ നേരിട്ട് കാണുന്നു എന്നാണ് ശീവേലിയുടെ സങ്കല്പം. അകത്ത് ഒന്നും പുറത്ത് രണ്ടും എന്നിങ്ങനെ മൂന്ന് പ്രദക്ഷിണം വച്ച് ബലിക്കല്ലുകളിലെല്ലാം ബലി തൂകിയ ശേഷം വലിയ ബലിക്കല്ലിലും ബലി തൂകി ശീവേലി സമാപിയ്ക്കുന്നു. ശീവേലി കഴിഞ്ഞാൽ നവക-പഞ്ചഗവ്യ അഭിഷേകങ്ങൾ നടത്തുന്നു. തുടർന്ന് എട്ടുമണിയോടെ പന്തീരടി പൂജ. പതിനൊന്നുമണിയോടെ ഉച്ചപ്പൂജയും പതിനൊന്നരയോടെ ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ നടയടയ്ക്കുന്നു.

വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. തുടർന്ന് ഏഴരയോടെ അത്താഴപ്പൂജയും എട്ടുമണിയ്ക്ക് അത്താഴശ്ശീവേലിയും നടത്തി രാത്രി ഒമ്പതുമണിയോടെ വീണ്ടും നടയടയ്ക്കുന്നു.

സാധാരണദിവസങ്ങളിലെ പൂജാക്രമങ്ങൾ മാത്രമാണ് മേൽ വിവരിച്ചത്. വിശേഷദിവസങ്ങളിൽ (ഉദാ: ആറാട്ടുപുഴ പൂരം, തൃപ്രയാർ ഏകാദശി, രാമായണമാസം) ഇവയ്ക്ക് മാറ്റമുണ്ടാകും. ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും പൂജാക്രമങ്ങളിൽ മാറ്റം വരും. അന്ന് പതിനെട്ട് പൂജകളാണുണ്ടാകുക. സൂര്യ-ചന്ദ്രഗ്രഹണദിവസങ്ങളിലും പൂജാസമയത്തിൽ മാറ്റമുണ്ടാകും.

ക്ഷേത്രത്തിലെ തന്ത്രാധികാരം കേരളത്തിലെ ആദ്യ താന്ത്രിക കുടുംബമെന്ന് വിശ്വസിയ്ക്കപ്പെടുന്ന തരണനെല്ലൂർ മനയ്ക്കാണ്. മേൽശാന്തി-കീഴ്ശാന്തി നിയമനങ്ങൾ ദേവസ്വം ബോർഡിന്റെ പരിധിയിൽ വരുന്നു.

വഴിപാടുകൾ[തിരുത്തുക]

വെടിവഴിപാട്

കതിനാവെടിയാണ്‌ ഇവിടത്തെ പ്രധാന വഴിപാട്-ദ്രാവിഡക്ഷേത്രങ്ങളിലെ ഒരാചാരമാണത്

കതിനവെടിയാണ് ഇവിടത്തെ പ്രധാന വഴിപാട്. അതിൽ തന്നെ ചെറിയ വെടിയും വലിയ വെടിയും ഉണ്ട്. ഭക്തജനങ്ങൾ വഴിപാട് കഴിക്കേണ്ട ആളുടെ പേരും നക്ഷത്രവും അറിയിച്ച് രസീതി വാങ്ങിക്കുകയാണ് ചെയ്യുക. സാധാരണഗതിയിൽ ശിവക്ഷേത്രങ്ങളിലും ദേവീക്ഷേത്രങ്ങളിലും കണ്ടുവരുന്ന വെടിവഴിപാട് നടത്തുന്ന അപൂർവ്വം വൈഷ്ണവദേവാലയങ്ങളിലൊന്നാണ് തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം. കതിനാവെടി, ക്ഷേത്രത്തിനു മുൻപിലുള്ള പുഴയിലെ ജലം മലിനമാക്കുന്നു എന്ന് ആക്ഷേപമുണ്ട്.

ഇതിനുപിന്നിലെ ഒരു ഐതിഹ്യം ഇതാണ്:- ഹനുമാൻ സീതാന്വേഷണത്തിനായി ലങ്കയിലേക്കുപോയി തിരിച്ചുവന്നപ്പോൾ ശ്രീരാമനോട് താൻ സീതയെക്കണ്ട വിവരം ആകാശത്തുനിന്നും മൂന്നുലോകവും കേൾക്കുന്ന വിധത്തിൽ വിളിച്ചുപറഞ്ഞു. ആ ശബ്ദത്തിന്റെ ചെറുപതിപ്പാണ് തൃപ്രയാറിലെ കതിനവെടി എന്ന് വിശ്വസിക്കപ്പെടുന്നു. ത്രയംബകം വില്ലൊടിഞ്ഞപ്പോഴുണ്ടായ ശബ്ദത്തിന്റെ ചെറുപതിപ്പാണെന്നും വിശ്വസിക്കപ്പെടുന്നു. ആരെങ്കിലും വെടിവഴിപാടിനായി കാശുചെലവഴിച്ചാൽ അയാളുടെ കുടുംബത്തിലെ ഗർഭിണികളായ സ്ത്രീകൾക്ക് സുഖപ്രസവം സംഭവിക്കുമെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അതിനാൽ ധാരാളം ആളുകൾ ഗർഭസംബന്ധമായ പ്രശ്നങ്ങൾക്ക് വെടിവഴിപാട് നടത്തിവരുന്നു. ശബ്ദതടസ്സം മാറാനും വെടിവഴിപാട് ഉത്തമമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്താണ് വെടിവഴിപാട് കൗണ്ടർ.

ക്ഷേത്രത്തിൽ വെടിവഴിപാടിന്റെ പ്രാധാന്യവും ഒപ്പം പ്രധാനപ്രതിഷ്ഠയുടെ ശക്തിയും കാണിക്കുന്ന ഒരു ചരിത്രസംഭവമുണ്ട്: തന്റെ പടയോട്ടത്തിനിടയിൽ ടിപ്പു സുൽത്താൻ തൃപ്രയാർ ക്ഷേത്രപരിസരത്തെത്തിയപ്പോൾ അതിഘോരമായ വെടിശബ്ദം കേൾക്കാനിടയായി. സമീപവാസികളോടന്വേഷിച്ചപ്പോൾ അത് തൃപ്രയാർ ക്ഷേത്രത്തിലെ ശ്രീരാമസ്വാമിക്ക് വയ്ക്കുന്ന വെടിയാണെന്ന് അദ്ദേഹം മനസ്സിലാക്കി. തുടർന്ന് ക്ഷേത്രം തകർക്കുന്നതിന്റെ ഭാഗമായി സുൽത്താൻ പൊട്ടിക്കാൻ വച്ചിരിക്കുന്ന കതിനകളെല്ലാം കൊണ്ടുപോയി പുഴയിലെറിഞ്ഞു. എന്നിട്ട് തേവർക്ക് ശക്തിയുണ്ടെങ്കിൽ കതിനകളെല്ലാം വെള്ളത്തിൽക്കിടന്ന് പൊട്ടട്ടെ എന്നുറക്കെ പറയുകയും പറഞ്ഞ ഉടനെ കതിനകൾ വെള്ളത്തിൽക്കിടന്ന് പൊട്ടുകയും ജാള്യതയേറ്റ സുൽത്താൻ ഉടനെ സ്ഥലം വിടുകയും ചെയ്തുവെന്ന് കഥകൾ പറയുന്നു.

മീനൂട്ട്

മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളിൽ ഏഴാമത്തേതാണ് ശ്രീരാമൻ. ആദ്യത്തെ അവതാരമായ മത്സ്യാവതാരത്തിനെ ഊട്ടുന്നുവെന്ന സങ്കൽപ്പത്തിൽ ക്ഷേത്രത്തിനു മുൻപിലുള്ള തീവ്രാനദിയിക്ക് അരി സമർപ്പിക്കുന്ന വഴിപാടാണ് മീനൂട്ട്. വെടിവഴിപാടുപോലെ ഇതും ഭഗവാന്റെ പ്രധാനപ്പെട്ട വഴിപാടാണ്. ഇതിനുപിന്നിലുള്ള ഐതിഹ്യം മത്സ്യാവതാരകഥയാണ്. ഭഗവാന്റെ ആദ്യാവതാരമായ മത്സ്യം പിറവിയെടുത്തത് തീവ്രാനദിയിലാണെന്നൊരു വിശ്വാസമുണ്ട്. ഭക്തരുടെ അന്നം സ്വീകരിക്കാൻ ഭഗവാൻ മത്സ്യരൂപം ധരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

പാൽപ്പായസം, കളഭാഭിഷേകം, ചന്ദനം ചാർത്തൽ, ചാക്യാർകൂത്ത്, സുന്ദരകാണ്ഡം പാരായണം, ഉദയാസ്തമനപൂജ തുടങ്ങിയവ മറ്റുവഴിപാടുകളാണ്.

വിശേഷ ദിവസങ്ങൾ[തിരുത്തുക]

തൃപ്രയാർ ഏകാദശി[തിരുത്തുക]

തൃപ്രയാർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആണ്ടുവിശേഷമാണ് വൃശ്ചികമാസത്തിൽ കറുത്ത ഏകാദശി ദിവസം നടന്നുവരുന്ന തൃപ്രയാർ ഏകാദശി. സാധാരണയായി വൈഷ്ണവദേവാലയങ്ങളിൽ വെളുത്ത ഏകാദശിയാണ് വിശേഷമായി ആചരിച്ചുവരാറുള്ളത്. തൃപ്രയാറിൽ കറുത്ത ഏകാദശി ആചരിച്ചുവരുന്നതിന് കാരണമായി പറയപ്പെടുന്നത് ഭഗവാന്റെ ശൈവചൈതന്യമാണ്.

ശ്രീരാമൻ ചിറയിലെ സേതുബന്ധനം[തിരുത്തുക]

സീതാദേവിയെ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയിൽ കടലിനു കുറുകെ ചിറകെട്ടിയതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും കന്നിമാസത്തിലെ തിരുവോണനാളിൽ തൃപ്രയാർ തേവർ സേതു നിർമ്മിക്കുന്നയിടമാണ് ചെമ്മാപ്പിള്ളിയിലെ ശ്രീരാമൻ ചിറ. ചിറ നിർമ്മാണ സമയത്ത് പങ്കെടുത്ത് സേതുബന്ധനത്തിൽ ഒരു പിടി മണ്ണ് സമർപ്പിക്കുന്നത് ഭക്തർ പുണ്യമായി കരുതുന്നു. അന്ന് മണ്ണു വാരിയിടുന്നതിന് സാധിക്കാത്തവർ പിന്നീട് തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം ഇവിടെ വന്ന് സ്വന്തം വാസസ്ഥലത്ത് നിന്നും ശേഖരിച്ച ഒരു പിടി മണ്ണ് സമർപ്പിക്കാറുണ്ട്. മണ്ണ് സമർപ്പിക്കുന്ന ചടങ്ങാണ് സേതുബന്ധന വന്ദനം[3]

ശ്രീരാമൻ ചിറയിൽ , സേതുബന്ധനം നടത്തുന്നതിനും, ആറാട്ടുപുഴ പങ്കെടുക്കുന്നതിനും മാത്രമാണ് തൃപ്രയാർ ക്ഷേത്രനട നേരത്തെ അടയ്ക്കുന്നത് സേതുബന്ധനത്തിനായി ക്ഷേത്രനട അടച്ചതിനു ശേഷം ആരും തന്നെ കിഴക്കെനടയിലേക്കു പ്രവേശിക്കുവാനും പാടില്ലത്രെ. തൃപ്രയാർ തേവര് മുതലപ്പുറത്ത് കയറിയാണ് ചിറകെട്ടുന്നതിനു പോകുന്നത്. നട അടക്കുന്ന സമയത്ത് മീനൂട്ടുകടവിൽ അസാധാരാണമായ തിരയിളക്കം കാണാനാവുമെന്ന് പൂർവ്വികർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂരിലെ ദർശനം പൂർത്തിയാകണമെങ്കിൽ മമ്മിയൂരിലും പോകണമെന്ന് പറയുന്നതുപോലെ തൃപ്രയാറിലെ ദർശനം പൂർത്തിയാകണമെങ്കിൽ ശ്രീരാമൻ ചിറയിലും പോകണമെന്നാണ് ഭക്തജനവിശ്വാസം. എന്നാൽ എന്തെങ്കിലും കാരണവശാൽ അതിനു കഴിഞ്ഞില്ലെങ്കിൽ ക്ഷേത്രദർശനം നടത്തുന്നതിനിടയിൽ ശ്രീകൃഷ്ണക്ഷേത്രത്തിനുമുമ്പിലെത്തി വടക്കുകിഴക്കേമൂലയിലേക്കുനോക്കി വന്ദിച്ചാലും മതിയെന്നും പറയപ്പെടുന്നു.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. പി.സി, കർത്താ (2003) [1998]. ആചാരാനുഷ്ഠാനകോശം (ഭാഷ: മലയാളം) (ദ്വിതീയ പതിപ്പ് എഡി.). കേരളം: ഡി.സി. ബുക്സ്. ഐ.എസ്.ബി.എൻ. 81-7130-860-0.  Unknown parameter |origmonth= ignored (സഹായം);
  2. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ‍: കേരള സാഹിത്യ അക്കാദമി. ഐ.എസ്.ബി.എൻ. 81-7690-051-6. 
  3. ഇ.പി.ഗിരീഷ് (ഒക്ടോബർ 14 2013). "സേതുബന്ധന സ്മരണയിൽ ശ്രീരാമൻചിറ" (പത്രലേഖനം). ജന്മഭൂമി (ഭാഷ: മലയാളം). യഥാർത്ഥ സൈറ്റിൽ നിന്ന് 2013-10-15 19:31:37-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 മെയ് 2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)