ഹദീഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാം മതം
Allah in Dodger Blue.svg

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾ
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

പ്രവാചകൻ മുഹമ്മദ് നബിയുടെ വാക്കുകളെയും, പ്രവൃത്തികളെയും മൗനാനുവാദങ്ങളേയുമാണ്[1]ഹദീഥ് (ഹദീസ്)എന്ന് പറയുന്നത്.

ഇസ്‌ലാം മതവിശ്വാസ പ്രകാരം മുഹമ്മദ് നബിക്ക് ദൈവത്തിൽ നിന്ന് ജിബ്‌രീൽ എന്ന മാലാഖ മുഖാന്തരം വെളിപാട് ആയി ലഭിച്ച വചനങ്ങൾ ആണ് ഖുർആൻ. പ്രവാചകത്വം ലഭിച്ച ശേഷം നബി 23 കൊല്ലം ജീവിച്ചിരുന്നു. ആ കാലയളവിൽ മുഹമ്മദ് നബി ഉപദേശമായും തീർപ്പായും മറ്റും പറഞ്ഞിട്ടുള്ള ഇതര വചനങ്ങൾ‌ ഹദീഥ് എന്ന് അറിയപ്പെടുന്നു. ഹദീഥ് എന്നാൽ പ്രവാചകന്റെ വാക്ക് / പ്രവൃത്തി / അനുവാദം എന്നൊക്കെയാണ്‌ അർത്ഥം.

ഖുർ‌ആൻ ദൈവവചനവും ഹദീഥ് നബി വചനവുമാകുന്നു എന്നാണ്‌ പൊതുവെയുള്ള വിശ്വാസം. ഹദീഥുകൾ ഏറെക്കാലം ക്രോഡീകരിക്കപ്പെടാതെ കിടന്നു. പിന്നീടു് ആളുകൾ സ്വന്തമായി ഹദീഥുണ്ടാക്കുന്ന അവസ്ഥയെത്തിയപ്പോഴാണു് ഇതിനെ ശേഖരിച്ചു ഗ്രന്ഥമാക്കാൻ ചിലർ ശ്രമിച്ചതു്, അക്കൂട്ടത്തിൽ പ്രമുഖനാണു് ഇമാം ബുഖാരി.

പശ്ചാത്തലം[തിരുത്തുക]

ഹിജ്റ പത്താം വർഷം ദുൽഹിജ്ജ മാസം പ്രവാചകന് മുഹമ്മദ് നബിയുടെ വിടവാങ്ങൽ ഹജ്ജിനോട്(ഹജ്ജത്തുൽ വിദാ‌അ്) അനുബന്ധിച്ചുള്ള അറഫ ദിനത്തിലെ വിടവാങ്ങൽ പ്രസംഗത്തിൽ (ഖുത്ത്ബത്തുൽ വിദാ‌അ്) തടിച്ച് കൂടിയ അനുയായികളോട് നബി പറഞ്ഞു “ഞാൻ നിങ്ങളെ രണ്ട് കാര്യങ്ങൾ ഏൽപ്പികുന്നു, അവ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങൾ വഴി പിഴക്കുകയില്ല; അല്ലാഹുവിൻറെ ഗ്രന്ഥവും അവൻറെ ദൂതൻറെ ചര്യകളുമാണവ”.ഇസ്‌ലാമിൻറെ അടിസ്ഥാന പ്രമാണമാണ് ഖുർആൻ, ഖുർആൻറെ വിശദീകരണമാണ് ഹദീഥ് അല്ലെങ്കിൽ ഹദീസ്.

എഴുതിവെക്കപെട്ട ഹദീഥ്[തിരുത്തുക]

ആദ്യകാലത്ത് ഹദീഥുകൾ എഴുതിവെക്കുന്നതിനെ നബി വിലക്കിയിരുന്നു. ഖുർആനും ഹദീഥും കൂടികലരാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തിരുന്നത്. പിന്നീട് ഈ നിയന്ത്രണം നബി നീക്കിയതോടെ ഹദീഥുകൾ അനുചരന്മാർ എഴുതി സൂക്ഷിക്കാൻ തുടങ്ങി. ഒരിക്കൽ അബ്ദുല്ലാഹി ബിൻ ഉമർ നബിയെ സമീപിച്ച് ഹദീഥ് രേഖപ്പെടുത്തിവെക്കാൻ സമ്മതം ചോദിച്ചു, നബി അതിന് സമ്മതം നൽകുകയും ചെയ്തു. അബൂ ഹുറൈറ, ഇബ്‌നു അബ്ബാസ് എന്നിവരെ പോലെയുള്ള സാക്ഷരരായ മറ്റു സഹാബികളും അവ ചെയ്തു, ബുഖാരിക്ക് മുൻപ് ഹദീഥുകൾ ഗ്രന്ഥരൂപത്തിൽ ആരും ക്രോഡീകരിച്ചിരുന്നില്ല എന്ന് ചില യൂറോപ്പ്യൻ എഴുത്തുകാർ അഭിപ്രായപ്പെട്ടിട്ടുണ്ട്,എന്നാൽ പ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരനായിരുന്ന സ്പ്രിഞ്ച്വർ ഈ വാദഗതി തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്, നബിയുടെ ജീവിതത്തെ വിമർശന ബുദ്ധിയോടെ വിശകലനം ചെയ്ത അദ്ദേഹം എഴുതുന്നു.”നബി വചനങ്ങൾ ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ എഴുതി സൂക്ഷിച്ചിരുന്നില്ലെന്നും അവ സ്വഹാബിമാർ മനഃപാഠമാക്കി വെക്കുക മാത്രമാണുണ്ടായതെന്നും പൊതുവെ ധാരണയുണ്ട്. ‘ഹദ്ദഥനാ‘ - അദ്ദേഹം നമുക്ക് പറഞ്ഞ് തന്നു - എന്ന് ഹദീഥിനു മുൻപിൽ ഉള്ള പ്രയോഗം കണ്ട് യൂറോപ്പ്യൻ പണ്ഡിതന്മാർ ബുഖാരിയിലുള്ള ഒരു ഹദീഥും അതിന് മുൻപ് ആരും എഴുതി സൂക്ഷിച്ചിട്ടില്ല എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ ഇത് അബദ്ധമാണ് ഇബ്‌നു അം‌റും മറ്റു സ്വഹാബികളും നബി വചനങ്ങൾ എഴുതി സൂക്ഷിച്ചിരുന്നു എന്നതാണ് വസ്തുത. പിൽകാലത്ത് ഈ മാതൃക പിന്തുടരുകയാണ് ചെയ്തത്“.[2]

പ്രധാന ഹദീഥ് ഗ്രന്ഥങ്ങളും ഗ്രന്ഥകർത്താക്കളും[തിരുത്തുക]

S.No സമാഹാരം ഗ്രന്ഥകർത്താവ്‌ കാലഘട്ടം(ഹിജ്റ)
1 സ്വഹീഹുൽ ബുഖാരി മുഹമ്മദ്ബ്നു ഇസ്മാഈൽ അൽബുഖാരി 194-256
2 സ്വഹീഹ് മുസ്‌ലിം അൽ ഹാഫിള് ഹുജ്ജത്തുൽ ഇസ്ലാം അബുൽ ഹുസൈൻ മുസ്ലിമ്ബ്നു ഹജ്ജാജ് അൽ ഖുശൈരി 206-261
3 അബൂദാവൂദ് അബൂദാവൂദ് സുലൈമാന്ബ്നു അശ്അസ് 202-275
4 തിർമിദി അബൂ ഈസാ മുഹമ്മദ് 209-279
5 നസാഇ അബൂ അബ്ദിറഹ്മാൻ അഹ്മദ് 214-302
6 ഇബ്നു മാജ അബൂ അബ്ദില്ലാഹി മുഹമ്മദ് 209-275

ഈ സമാഹാരങ്ങളെ പൊതുവായി സിഹാഹുസ്സിത്ത(ആറ് സ്വീകാര്യ പ്രമാണങ്ങൾ) എന്ന് അറിയപ്പെടുന്നു.

ഹദീഥുകളുടെ വിഭജനം[തിരുത്തുക]

അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ വാക്കുകളും(ഖൗലി) പ്രവർത്തനങ്ങളും(ഫിഅ്ലി) മൗനാനുവാദങ്ങളും (തഖ്‌രീരി)ചേർന്നതാണ് ഹദീസ്.ഹദീസ് നിദാന ശാസ്ത്രമനുസരിച്ചുള്ള മാനദണ്ഢങ്ങൾ പ്രകാരം ഹദീസുകളെ സ്വഹീഹ്(സ്വീകാര്യമായത്), ദഹീഫ് (ദുർബലമായത്)മൗദൂഹ് (തള്ളപ്പെടേണ്ടത്) എന്നിങ്ങനെ താഴെ വിവരിക്കുന്നതു പോലെ പല രീതികളിലും വിഭജിട്ടുണ്ട്. ചില കാര്യങ്ങൾ ദൈവികവാക്യങ്ങൾ ഖുർആനിൻറെ ഭഗമല്ലാതെ തന്നെ പ്രവാചകനിലൂടെ പറഞ്ഞിട്ടുണ്ട്.അത്തരം ഹദീസുകളാണ് ഖുദ്സിയായ ഹദീസുകൾ എന്നറിപ്പെടുന്നത്.

ഹദീസ് നിദാനശാസ്ത്രം[തിരുത്തുക]


ഏതെല്ലാം ഹദീസുകൾ സ്വീകരിക്കുകയും, സ്വീകരിക്കാതിരിക്കുകയും ചെയ്യണമെന്ന് വ്യക്ത മാക്കാനായി ഹദീസുകളുടെ സനദുകളെയും, മത്നുകളെയും പരിശോധിക്കുവാനുള്ള നിയമങ്ങൾക്കും, മാനദണ്ഡങ്ങൾക്കും മൊത്ത ത്തിൽ പറയുന്ന പേരാണ് ‘മുസ്ത്വലഹുൽ ഹദീസ്’ (ഹദീസ് നിദാന ശാസ്ത്രം).


ഹദീസ്: പ്രവാചകൻ(സ)യിലേക്ക് ചേർത്ത് പറയുന്ന പ്രവർത്തികൾക്കും, വാക്കുകൾക്കും, അംഗീകാരങ്ങൾക്കും, വിശേഷണങ്ങൾക്കും പൊതുവെ പറയുന്ന പേരാണ് ഹദീസ് എന്നത്.


അസർ: സ്വഹാബികളിലേക്കോ, താബിഉകളിലേക്കോ ചേർത്തി പറയുന്ന വാക്കുകൾക്കും, പ്രവർത്തികൾക്കും പറയുന്ന പേരാണ് അസർ.


സനദ്: ഹദീസുകൾ നിവേദനം ചെയ്യുന്നവരുടെ പരമ്പരക്കാണ് സനദ് എന്ന് പറയുന്നത്.


മത്ന്: നിവേദകന്മാരുടെ പരമ്പര അവസാനിച്ച് ഹദീസുകളിൽ പറയപ്പെട്ട വിഷയത്തിനാണ് മത്ന് എന്ന് പറയുന്നത്.


മുഹദ്ദിസ്: പ്രവാചകൻ(സ)യുടെ ഹദീസുകളും, അതിന്റെ സനദും, മത്നും, ഹദീസുകൾ വന്നിട്ടുള്ള വ്യത്യസ്ത നിവേദനങ്ങൾ വളരെ വ്യക്തമായി പഠനം നടത്തുകയും, നിവേദകന്മാരെ സംബന്ധിച്ച് വളരെ ആഴത്തിൽ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന പണ്ഡിതന്മാരാണ് മുഹദ്ദിസുകൾ.


സ്വീകാര്യമായ ഹദീസുകൾ: ഹദീസുകളുടെ കൂട്ടത്തിൽ പ്രമാണമായി അംഗീകരിക്കുവാൻ യോഗ്യമായ ഹദീസുകൾ സ്വഹീഹ്, ഹസൻ എന്നിവയാണ്.


സ്വഹീഹ്: സനദിലെ മുഴുവൻ നിവേദകന്മാരും പരസ്പരം നേരിട്ട് കേൾക്കുക, അവർ പരിപൂർണ നീതിമാന്മാരും സത്യസന്ധന്മാരും ആകുക, പ്രബലമായ പരമ്പരയിൽ വന്ന ഹദീസിന്നെതിരായി ഉദ്ധരിക്കപ്പെട്ടതാ കാതിരിക്കുക, ഹദീസിന്റെ സ്വീകാര്യതയെ ബാധിക്കുന്ന ബാഹ്യവും, ആന്തരികവുമായ മുഴുവൻ ന്യൂനതകളിൽ നിന്നും മുക്തമാകുക എന്നീ ഗുണങ്ങൾ പൂർണമായ ഹദീസിനാണ് സ്വഹീഹ് എന്ന് പറയുന്നത്. സ്വഹീഹായ ഹദീസിന്റെ നിബന്ധനകൾ: 1) സനദ് പരിപൂർണമാവണം, സനദിൽ വീഴ്ചയുണ്ടാവാൻ പാടില്ല. 2) നിവേദകന്മാർ നീതിമാന്മാരായിരിക്കണം. 3) നിവേദകന്മാർ ഹദീസ് മനഃപാഠമാക്കിയവരോ, എഴുതിവെച്ചവരോ ആയിരിക്കണം. 4) ഹദീസിന് യാതൊരു ന്യൂനതയും വരാൻ പാടില്ല. 5) പ്രബലമായ പരമ്പരയിൽ വന്ന ഹദീസിന്നെതിരായി ഒരു സ്വീകാര്യൻ ഉദ്ധരിച്ച ഹദീസാവാൻ പാടില്ല. സ്വഹീഹായ ഹദീസിന്റെ വിധി: സ്വഹീഹായ ഹദീസ് ഇസ്ലാമിക ശരീഅത്തിൽ തെളിവും, അതുകൊണ്ട് പ്രവർത്തിക്കൽ നിർബ്ബന്ധവുമാണ്. സ്വഹീഹായ ഹദീസ് ഒരു മുസ്ലിമിന് ഒരിക്കലും തള്ളികളയുവാൻ പാടില്ല.


സ്വഹീഹായ ഹദീസ് മാത്രം ക്രോഡീകരിച്ച ഗ്രന്ഥം: സ്വഹീഹായ ഹദീസ് മാത്രം ക്രോഡീകരിച്ച ആദ്യ ഗ്രന്ഥം ഇമാം ബുഖാരിയുടെ സ്വഹീഹ് അൽബുഖാരിയാണ്. വിശുദ്ധഖുർആനിന് ശേഷം ലോകത്ത് നിലനിൽക്കുന്ന സ്വഹീഹായ ഗ്രന്ഥം സ്വഹീഹുൽ ബുഖാരിയാണ്. അതിന് ശേഷം വരുന്നത് ഇമാം മുസ്ലിമിന്റെ സ്വഹീഹ് മുസ്ലിം ആണ്. പ്രവാചകനിൽ നിന്നും വന്ന മുഴുവൻ സ്വഹീഹായ ഹദീസുകളും ഈ രണ്ട് ഗ്രന്ഥങ്ങളിലും ഉൾപ്പെട്ടിട്ടില്ല. നേരെ മറിച്ച് ഇമാം ബുഖാരി, മുസ്ലിം എന്നിവർ അവരുടെ നിബന്ധനകൾക്ക് വിധേയമായി അവർക്ക് ലഭിച്ചത് മാത്രമാണ് രേഖപ്പെടുത്തിയത്. അവരുടെ ഗ്രന്ഥങ്ങളിലുള്ളത് മുഴുവനും സ്വഹീഹാണ്. സ്വഹീഹ് ബുഖാരിയിൽ ആവർത്തനം അടക്കം 7275 ഹദീസുകളാണ്. ആവർത്തനം ഒഴിവാക്കിയാൽ 4000 ഹദീസുകളാ ണുള്ളത്. സ്വഹീഹ് മുസ്ലിമിലുള്ളത് ആവർത്തനം അടക്കം 12000 ഹദീസുകളും, ആവർത്തനം ഒഴിവാക്കിയാൽ 4000 ഹദീസുകളുമാണുള്ളത്


സ്വഹീഹായ മറ്റു ഹദീസുകൾ: ഇമാം ബുഖാരിയും, ഇമാം മുസ്ലിമും ഉദ്ധരിക്കാത്ത സ്വഹീഹായ മറ്റു ഹദീസുകൾ സ്വഹീഹ് ഇബ്നു ഖുസൈമ, സ്വഹീഹ് ഇബ്നു ഹിബ്ബാൻ, മുസ്തദറക് അൽഹാഖിം, സുനന് തിർമിദി, സുനന് അബൂദാവൂദ്, സുനന് നസാഇ, സുനന് ഇബ്നുമാജ, സുനന് ദാറഖുത്നി, ബൈഹഖി തുടങ്ങിയ അവലംബയോഗ്യമായ ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നും നമുക്ക് ലഭിക്കുന്നതാണ്. ഈ ഹദീസുഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചാൽ തന്നെ സ്വഹീഹായ ഹദീസിന്റെ നിബന്ധനകൾ പൂർണമായാലേ സ്വഹീഹായി പരിഗണിക്കുകയുള്ളൂ.


സ്വഹീഹായ ഹദീസുകൾക്കിടയിലുള്ള പദവികൾ: 1)ഏറ്റവും ഉന്നതമായ പദവിയിലുള്ള ഹദീസ് ഇമാം ബുഖാരിയും, മുസ്ലിമും യോജിച്ച് ഉദ്ധരിച്ച ഹദീസാകുന്നു. 2) പിന്നെ ഇമാം ബുഖാരി മാത്രം ഉദ്ധരിച്ച ഹദീസ്. 3) പിന്നെ ഇമാം മുസ്ലിം മാത്രം ഉദ്ധരിച്ച ഹദീസ്. 4) പിന്നെ ബുഖാരിയും മുസ്ലിമും ഉദ്ധരിക്കാത്ത എന്നാൽ ഇമാം ബുഖാരിയുടെയും, മുസ്ലിമിന്റെയും നിബന്ധനയോടെ ഉദ്ധരിച്ചതുമായ ഹദീസ്. 5) പിന്നെ ഇമാം ബുഖാരി ഉദ്ധരിക്കാത്ത എന്നാൽ ഇമാം ബുഖാരിയുടെ നിബന്ധനയോടെ ഉദ്ധരിച്ച ഹദീസ്. 6) പിന്നെ ഇമാം മുസ്ലിം ഉദ്ധരിക്കാത്ത എന്നാൽ മുസ്ലിമിന്റെ നിബന്ധനയോടെ ഉദ്ധരിക്കപ്പെട്ട ഹദീസ്. 7) പിന്നെ ഇവർ രണ്ടുപേരുമല്ലാത്ത ഇബ്നു ഖുസൈമ, ഇബ്നു ഹിബ്ബാൻ പോലെയുള്ള ഹദീസ് പണ്ഡിതന്മാർ ഉദ്ധരിച്ച സ്വഹീഹായ ഹദീസുകൾ.


മുത്തഫക്കുൻ അലൈഹി: ഹദീസ് പണ്ഡിതന്മാർ മുത്തഫഖുൻ അലൈഹി യെന്ന് പറഞ്ഞാൽ അതുകൊണ്ടുള്ള വിവക്ഷ ബുഖാരിയും, മുസ്ലിമും യോജിച്ച് ഉദ്ധരിച്ച ഹദീസാകുന്നു.


ഹസൻ: പ്രബലമായ ഹദീസ് തന്നെയാണ്, സ്വഹീഹായ ഹദീസിന്റെ നിർവ്വചനം തന്നെയാണ്, പക്ഷേ നിവേദക പരമ്പരയിൽ ഒരാൾക്ക് ഹദീസ് മനഃപ്പാഠമാക്കുന്ന കാര്യത്തിലോ, എഴുതി വെക്കുന്നതിലോ വേണ്ടത്ര സൂക്ഷ്മതയില്ല എന്ന് തെളിയിക്കപ്പെട്ട ഹദീസാണ് ഹസൻ. ഹസനായ ഹദീസിന്റെ വിധി: സ്വഹീഹായ ഹദീസ് പോലെ തന്നെ ഹസനായ ഹദീസും സ്വീകരിക്കാവുന്നതും, അതുകൊണ്ട് പ്രവൃത്തി ക്കുകയും ചെയ്യാവുന്നതാണെന്ന് മുഴുവൻ ഫിഖ്ഹീ പണ്ഡിതന്മാരും പറയുകയും, അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തവരാണ്. ഇത് തന്നെയാണ് ഭൂരിപക്ഷം ഹദീസ് പണ്ഡിതന്മാരുടെയും അഭിപ്രായം.


ളഈഫ്(ദുർബ്ബലം) ആയ ഹദീസ്: ഒരു നിബന്ധനയുടെ അഭാവം കാരണം സ്വഹീഹോ, ഹസനോ ആയ ഹദീസിന്റെ പദവിയിലേക്കെത്താ ത്ത ഹദീസുകൾ. ഇതിന് ഒരുപാടിനങ്ങളുണ്ട്.


മുഅല്ലഖ് ആയ ഹദീസുകൾ: ഹദീസ് നിവേദന പരമ്പരയിലെ തുടക്ക ത്തിൽ ഒന്നോ, രണ്ടോ നിവേദകന്മാർ വിട്ട്പോവുക. ഹദീസ് സ്വീകാര്യത യുടെ നിബന്ധനകൾ പൂർണമാകാത്തത് കൊണ്ട് തന്നെ മുഅല്ലഖായ ഹദീസ് സ്വീകാര്യമല്ല.


മുർസൽ ആയ ഹദീസ്: ഹദീസ് നിവേദക പരമ്പരയിലെ അവസാന ഭാഗത്ത് താബിഇക്ക് ശേഷമുള്ള സ്വഹാബിയെ പറയാതെ നേരിട്ട് പ്രവാചകനിൽ നിന്ന് ഉദ്ധരിക്കുക. ഈ ഹദീസിന്റെ വിധി: ഹദീസ് സ്വീകാര്യതയുടെ നിബന്ധനയുടെ അഭാവം കാരണത്താൽ മുർസലായ ഹദീസ് സ്വീകരിക്കാതെ തള്ളി കളയേണ്ടതാണ്.


മുഅ്ളൽ ആയ ഹദീസ്: ഹദീസ് നിവേദക പരമ്പരയുടെ മധ്യത്തിൽ രണ്ടോ അതിൽ കൂടുതലോ നിവേദകന്മാർ വിട്ട് പോവുക. ഈ ഹദീസിന്റെ വിധി: മുഅ്ളലായ ഹദീസ് ദുർബ്ബലമായ ഹദീസാണ്, മുർസലിനേക്കാളും, മുഅല്ലഖിനേക്കാളും താഴെ പദവിയി ലാണ് മുഅ്ളലിന്റെ സ്ഥാനം.


മുൻഖത്വിഅ് ആയ ഹദീസ്: ഹദീസ് നിവേദക പരമ്പരയിൽ മുഅല്ലഖോ, മുർസലോ, മുഅ്ളലോ അല്ലാത്ത രൂപത്തിൽ നിവേദകന്മാർ വിട്ട്പോവുക. ഈ ഹദീസ് ദുർബ്ബലമാണ്, സ്വീകരിക്കുവാൻ പാടുള്ളതല്ല.


മൌളൂഅ് ആയ ഹദീസ്: പ്രവാചകൻ(സ)യിലേക്ക് ചേർത്തി കെട്ടിയുണ്ടാ ക്കിപ്പറയുന്ന കള്ളഹദീസുകൾക്കാണ് മൌളൂഅ് എന്ന് പറയുന്നത്. ഇങ്ങനെ കെട്ടിയുണ്ടാക്കിയ കള്ള ഹദീസുകൾ ഒരിക്കലും ഉദ്ധരിക്കുവാൻ പാടില്ല. ജനങ്ങൾക്കിടയിൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ അത് കെട്ടിയുണ്ടാക്കിയതാണ് എന്ന് വിശദീകരിക്കുവാൻ വേണ്ടി മാത്രമെ ഉദ്ധരിക്കാൻ പാടുള്ളൂ


മത്റൂക്ക് ആയ ഹദീസ്: ഹദീസിന്റെ നിവേദക പരമ്പരയിൽ ഒരു നിവേദകൻ കള്ളനാണെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള സനദുള്ള ഹദീസാണ് മത്റൂക്ക്.


മുൻകർ ആയ ഹദീസ്: ഹദീസിന്റെ നിവേദക പരമ്പരയിലുള്ള ഒരു നിവേദകൻ തെമ്മാടിയോ, കൂടുതൽ അശ്രദ്ധയുള്ളവനോ, മനഃപാഠമാക്കി യതിൽ ധാരാളം പിഴവ് പറ്റുന്നവനോ ആണെങ്കിൽ ആ ഹദീസ് മുൻകറാകുന്നു.


ഖുദ്സി ആയ ഹദീസ്: പ്രവാചകൻ(സ) തന്റെ റബ്ബിനെ തൊട്ട് ഉദ്ധരിക്കു ന്നതിനാണ് ഹദീസ് ഖുദ്സിയെന്ന് പറയുന്നത്. ഖുർആനും, ഖുദ്സിയായ ഹദീസും തമ്മിലുള്ള വ്യത്യാസം: 1) വിശുദ്ധ ഖുർആനിന്റെ ആശയവും, പദങ്ങളും അല്ലാഹുവിൽ നിന്നാണ്, എന്നാൽ ഖുദ്സിയായ ഹദീസിന്റെ ആശയം അല്ലാഹുവിൽ നിന്നും, പദങ്ങൾ പ്രവാചകൻ(സ)യിൽ നിന്നുമാകുന്നു. 2) ഖുർആൻ പാരായണം ചെയ്യൽ ആരാധനയാണ്, ഖുദ്സിയായ ഹദീസ് അങ്ങനെയല്ല. 3) ഖുർആൻ നമസ്കാരത്തിൽ പാരായണം ചെയ്യാം, ഖുദ്സിയായ ഹദീസ് നമസ്കാരത്തിൽ പാരായണം ചെയ്യാവതല്ല.


മർഫൂഅ് ആയ ഹദീസ്: പ്രവാചകൻ(സ)യിലേക്ക് ചേർത്തിയുദ്ധരിക്ക പ്പെടുന്ന വാക്കുകളോ, പ്രവർത്തനങ്ങളോ, അംഗീകാരങ്ങളോ, വിശേഷണ ങ്ങളോ അടങ്ങിയിട്ടുള്ള ഹദീസുകളാണ് മർഫൂഅ്. അത് സ്വഹാബിയോ, താബിഇയോ ആയാലും ശരി. സനദ് പരിപൂർണ മാണെങ്കിലും, അല്ലെങ്കിലും ശരി.


മൌഖൂഫ് ആയ ഹദീസ്: സ്വഹാബികളിലേക്ക് ചേർത്തിയുദ്ധരിക്കപ്പെടു ന്ന വാക്കുകളോ, പ്രവർത്തനങ്ങളോ, അംഗീകാരങ്ങളോ, വിശേഷണങ്ങ ളോ അടങ്ങിയിട്ടുള്ള ഹദീസുകളാണ് മൌഖൂഫ്. സനദ് പരിപൂർണ മാണെങ്കിലും, സനദ് മുൻഖത്വിഅ്: ആണെങ്കിലും ശരി. മഖ്ത്വൂഅ് ആയ ഹദീസ്: താബിഇയിലേക്ക് ചേർത്തിയുദ്ധരിക്കപ്പെ ടുന്ന വാക്കുകളോ, പ്രവർത്തനങ്ങളോ, അംഗീകാരങ്ങളോ, വിശേഷണ ങ്ങളോ അടങ്ങിയിട്ടുള്ള ഹദീസാണ് മഖ്ത്വൂഅ്.


ആരാണ് സ്വഹാബി? : മുസ്ലിമായി പ്രവാചകനെ കണ്ട്മുട്ടുകയും, മുസ്ലിമായി മരിക്കുകയും ചെയ്തവർക്കാണ് സ്വഹാബികൾ എന്ന് പറയുന്നത്.


കൂടുതൽ ഹദീസുകൾ ഉദ്ധരിച്ച സ്വഹാബികൾ: 1) അബൂഹുറൈറ (റ) 5374 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്, അദ്ദേഹത്തി ൽ നിന്ന് ഏകദേശം 300 ആളുകൾ ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2) അബ്ദുല്ലാഹ് ഇബ്നു ഉമർ(റ) 2630 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. 3) അനസ്ബ്നു മാലിക്(റ) 2286 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. 4) ഉമ്മുൽ മുഅ്മിനീൻ ആയിശാ(ഴ) 2210 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. 5) അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ) 1660 ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. 6) ജാബിർ അബ്ദുല്ലാഹ്(റ) 1540 ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ‘അൽ അബാദില’ എന്ന പേരിലറിയപ്പെടുന്നവർ: അബ്ദുല്ലാഹ് എന്ന പേരിലറിയപ്പെടുന്ന സ്വഹാബികളിലെ പണ്ഡി തന്മാർ നാല് പേരാണ്, അതുകൊണ്ടാണ് അൽ അബാദിലായെന്ന് അറിയപ്പെടാൻ കാരണം. അവർ: 1- അബ്ദുല്ലാ ഇബ്നു ഉമർ(റ). 2- അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ). 3- അബ്ദുല്ലാഹ് ഇബ്നു സുബൈർ (റ). 4- അബ്ദുല്ലാഹ് ഇബ്നു അംറുബ്നുൽ ആസ്വ്(റ).


സ്വഹാബികളുടെ എണ്ണം: പ്രവാചകൻ(സ)ക്ക് എത്ര സ്വഹാബികളുണ്ടാ യിരുന്നുവെന്ന് വ്യക്തമായി എവിടെയും രേഖപ്പെടുത്തിയതായി കാണാൻ സാധ്യമല്ല. എന്നാൽ ചില പണ്ഡിതന്മാർ പറയുന്നത് നൂറായിരം സ്വഹാബികൾ ഉണ്ട് എന്നാണ്. ഇതിൽ ഏറ്റവും പ്രശസ്തിയാർജിച്ച അഭിപ്രായം അബൂ സുർഅ: അർറാസിയുടേതാണ്, അദ്ദേഹം പറയുന്നു: പ്രവാചകനിൽ നിന്ന് ഉദ്ധരിക്കുകയും, കേൾക്കുകയും ചെയ്തവരായി ഒരു ലക്ഷത്തി പതിനാലായിരം സ്വഹാബികളുള്ളവരായിട്ടാണ് പ്രവാചകൻ(സ) മരിച്ച് പോകുന്നത് (അത്തഖ്രീബ് മഅ അത്തദ്രീബ്).


ആദ്യമായി ഇസ്ലാം സ്വീകരിച്ചവർ: സ്വതന്ത്രരിൽ നിന്ന് ആദ്യമായി ഇസ്ലാം സ്വീകരിച്ചത് അബൂബക്കർ സിദ്ധീഖ്(റ)വാണ്. കുട്ടികളിൽ നിന്ന് അലിയ്യു(റ)ബ്നു അബൂത്വാലിബാണ്. സ്ത്രീകളിൽ നിന്ന് ഖദീജ(ഴ)വാണ്. മൌലകളിൽ നിന്ന് സൈദ്ബ്നു ഹാരിഥ്(റ)യും, അടിമകളിൽ നിന്ന് ബിലാല്(റ)ബ്നു റബാഉമാണ്.


സ്വഹാബികളിൽ നിന്ന് അവസാനമായി മരണപ്പെട്ടവർ: ഹിജ്റ: 100ൽ മക്കയിൽ വെച്ച് മരണപ്പെട്ട അബൂതുഫൈൽ ആമിർബ്നു വാസിലതുല്ലൈസി(റ)യാണ് എന്ന് പറയപ്പെടുന്നു. അതുപോലെ ബസ്വറ യിൽ വെച്ച് ഹിജ്റ: 93ൽ അനസ്ബ്നു മാലികാ(റ)ണ് സ്വഹാബികളുടെ കൂട്ടത്തിൽ അവസാനമായി മരണപ്പെട്ടത്.


താബിഅ്: ആരാണ്? മുസ്ലിമായി ഏതെങ്കിലും സ്വഹാബിയെ കാണു കയും, മുസ്ലിമായി മരിക്കുകയും ചെയ്തവർക്കാണ് താബിഇ എന്ന് പറയുന്നത്.


ഫുഖഹാഉസ്സബ്അ: താബിഉകളിൽ അറിയപ്പെട്ട ഏഴ് കർമ്മശാസ്ത്ര പണ്ഡിതന്മാർക്കാണ് ഫുഖഹാഉസ്സബ്അ: എന്ന് പറയുന്നത്. അവർ: സഈദ്ബ്നു മുസയ്യിബ്, ഖാസിം ഇബ്നു മുഹമ്മദ്, ഉർവ്വത് ബ്നു സുബൈർ, ഖാരിജഇബ്നു സൈദ്, അബൂസലമ ഇബ്നു അബ്ദുർറഹ്മാൻ, ഉബൈദുല്ലാഹ് ബ്നു അബ്ദുല്ലാഹ്ബ്നു ഉത്ബ, സുലൈമാൻബ്നു യസാർ.


അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ: പ്രവാചകൻ(സ)യും, അബൂബക്കർ (റ) വും, ഉമർ(റ)വും മരിച്ചത് 63-ാം വയസ്സിലാകുന്നു. പ്രവാചകൻ(സ) ഹിജ്റ 11 റബീഉൽ അവ്വലിലും, അബൂബക്കർ(റ) ഹി: 13 ജുമാദുൽ അവ്വലിലും, ഉമർ(റ) ഹി:23 ദുൽഹിജ്ജയിലും മരിക്കുകയും, ഉസ്മാൻ(റ) ഹി:35 ദുൽ ഹിജ്ജയിലും, അലി(റ) ഹി:40 റമളാനിലും വധിക്കപ്പെടുകയുമുണ്ടായി. ഹഖീംബ്നു ഹിശാം(റ), ഹസ്സാനുബ്നു സാബിത്(റ) എന്നീ രണ്ട് സ്വഹാബികൾ ജാഹിലിയ്യത്തിൽ 60 വർഷവും, ഇസ്ളാമിൽ 60 വർഷവും ജീവിക്കുകയും മദീനയിൽ മരിക്കുകയും ചെയ്തു.


അറിയപ്പെട്ട നാല് മദ്ഹബുകളുടെ ഇമാമുമാർ: 1- നുഅ്മാനുബ്നു സാബിത് (അബൂഹനീഫ): ജനിച്ചതും മരിച്ചതും: (80-150). 2- മാലിക് ഇബ്നു അനസ്: (93-179). 3- മുഹമ്മദ്ബ്നു ഇദ്രീസ് അശ്ശാഫിഈ: (150-204). 4- അഹ്മദ് ഇബ്നു ഹമ്പൽ: (164-279).


അറിയപ്പെട്ട ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ കർത്താക്കൾ: 1- : (194-256). 2- മുസ്ലിം ഇബ്നു അൽ ഹജ്ജാജ് അന്നൈസാപൂരി: (204-261). 3- അബൂദാവൂദ് അസ്സിജ്സാതാനി: (202-275). 4- 5- അഹ്മദ് ബ്നു ശുഎബ് അന്നിസാഇ: (214-302). 6- ഇബ്നുമാജ അൽഖസ്വീനി: (207-275) [3]

അവലംബം[തിരുത്തുക]

  1. http://atheism.about.com/library/FAQs/islam/blfaq_islam_hadith.htm
  2. ജേണൽ ഓഫ് ദി ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ,കൽക്കത്ത,വാല്യം 25,പേജ് 303
  3. ഹദീസ് അടിസ്ഥാന പാഠങ്ങൾ-സയ്യിദ് സഅഫർ സാദിഖ്

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹദീഥ്&oldid=2286740" എന്ന താളിൽനിന്നു ശേഖരിച്ചത്