Jump to content

നിക്കാഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്‌ലിംസമുദായത്തിൽ; സ്ത്രീയും പുരുഷനും വിവാഹ ഉടമ്പടിയിൽ ഏർപ്പെടുന്നതിനെയാണ് നിക്കാഹ് എന്നു പറയുന്നത്. നിക്കാഹ് എന്നറിയപ്പെടുന്ന മുസ്ലീം വിവാഹം ഒരു ഉടമ്പടിയാണ്. ഒരു സിവിൽ കരാറിന്റെ രീതിയിലാണ് മുസ്‍ലിം വിവാഹത്തിനുള്ളത്. വധുവിന്റെ പിതാവും വരനും തമ്മിലാണ് ഇതിൽ പ്രതിജ്ഞ ചെയ്യുന്നത്. സ്ത്രീ-പുരുഷ ബന്ധത്തിന് നിയമസാധുത നൽകുന്നതിനും കുട്ടികൾക്ക് നിയമ പ്രകാരമുള്ള അധികാരംനൽകുന്നതിനും ഉദ്ദേശിച്ചു കൊണ്ടുള്ള ഒന്നാണ് മുസ്ലീം വിവാഹം. മുസ്‍ലിം നിയമം അനുശാസിക്കുന്ന യോഗ്യതയും സ്വതന്ത്രമായ സമ്മതവും ഇതിന് ഉണ്ടായിരിക്കണം (nikkah, അറബി പദം النكاح ). ഇത് വിവാഹം ഉറപ്പിച്ചാൽ കല്യാണ ചടങ്ങുകളിൽ ആദ്യത്തേതും ഏറ്റവും മുഖ്യമായതുമായ ചടങ്ങാണ്. വിവാഹം എന്നത് ഇസ്‌ലാമിൽ വളരെയധികം പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്.

കേരളത്തിലെ ഒരു നിക്കാഹ്
നിക്കാഹിന്റെ സമയത്ത് വരന്റെയും വധുവിന്റെ പിതാവിന്റെയും കൈകൾ ചേർത്ത് പിടിച്ചു പ്രതിജ്ഞ ചെയ്യുന്ന രംഗം.

നിക്കാഹിൻറെ രൂപം

[തിരുത്തുക]

വീടുകളിലും പള്ളികളിലും കമ്മ്യൂണിറ്റി hall പോലുള്ള സ്ഥലങ്ങളിലോ വെച്ച് നിക്കാഹ് നടത്തപ്പെടുന്നു. വിവാഹജീവിതം ആരംഭിക്കുന്നതിന് മുമ്പ് നിക്കാഹ് നടത്തിയിരിക്കൽ നിർബന്ധമാണ്. നിയമപ്രകാരം നിക്കാഹോടുകൂടി ഇണകളായി മാറുമെങ്കിലും, വിവാഹജീവിതം ആരംഭിക്കുന്നത് ചിലപ്പോൾ നീട്ടിവെക്കാറുണ്ട്. വരനും വധുവും വധുവിന്റെ രക്ഷിതാവും രണ്ട് സാക്ഷികളും നിക്കാഹ് കർമ്മത്തിന് അനിവാര്യമാണ്. അനിവാര്യമായ സന്ദർഭങ്ങളിൽ അധികാരപ്പെടുത്തപ്പെട്ടവർക്കും നിക്കാഹ് നടത്താൻ അനുവാദമുണ്ട്. നിക്കാഹിനുമുമ്പ് വധുവിന്റെ സമ്മതം ആരായുകയും, വധുവിന്റെ രക്ഷിതാവ് തന്റെ മകളെ വിവാഹം ചെയ്തുതരുന്നതായും വരൻ അത് സ്വീകരിച്ചതായും പ്രതിജ്ഞ ചെയ്യുന്നു. തുടർന്ന് മഹർ കൈമാറുകയും രേഖകളിൽ ഒപ്പുവെക്കുകയും ചെയ്യുന്നു. തുടർന്ന് വധൂവർന്മാർക്കായി പ്രാർത്ഥിക്കുകയും ഒരു ലഘുപ്രഭാഷണത്തോടെ കർമ്മം അവസാനിക്കുകയും ചെയ്യുന്നു.

നിയമങ്ങൾ

[തിരുത്തുക]

സ്വന്തം ബന്ധത്തിലെയോ മുലകുടി ബന്ധത്തിൽ പെട്ടവരെയോ നിക്കാഹ് ചെയ്യാൻ പാടില്ല. ഒന്നിൽ കൂടുതൽ ഭാര്യാമാരുമായി നീതി പുലർത്താൻ കഴിയുന്നില്ലെങ്കിൽ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കാൻ പാടില്ല. ഒരാൾക്ക് ഒരെ സമയം നാലിൽ കൂടുതൽ വിവാഹം ചെയ്യാൻ പാടില്ല. വിവാഹം കഴിക്കുവാനുള്ള പ്രാപ്തി, വാഗ്ദാനവും -സ്വീകരിക്കലും, മഹർ എന്നിവയാണ് നിയമസാധുതയുള്ള മുസ്ലീം വിവാഹത്തിന്ന് നിർബന്ധമായ ഘടകങ്ങൾ. വിവാഹബന്ധത്തിലേർപ്പെടാൻ സ്വതന്ത്രമായ സമ്മതം നൽകൽ നിർബന്ധമാണ് അതു നൽകാൻ കഴിയാത്ത വിധം ചിത്തഭ്രമമോ, മാനസികാസ്വാസ്ഥ്യമോ ഉളളവർക്ക് വിവാഹ കരാറിൽ ഏർപ്പെടാൻ കഴിയില്ല. പ്രായപൂർത്തിയായവർക്ക് വിവാഹബന്ധത്തിൽ ഏർപ്പെടാൻ കഴിയു .1978-ലെ ശൈശവ വിവാഹ നിരോധന നിയമം അനുസരിച്ച് ഇന്ത്യയിൽ പുരുഷന്റെ വിവാഹപ്രാ യം 21 വയസും, സ്ത്രീയുടേത് 18 വയസ്സും ആണ്. അതല്ലാത്ത വിവാഹം ശിക്ഷാർഹമാണ് സാക്ഷികളുടെ മുന്നിൽ വച്ച് വിവാഹത്തിനുള്ള വാഗ്ദാനം നടത്തുകയും, ആ നിർദ്ദേശം മറു ഭാഗം സ്വീകരിക്കുകയും വേണം. ഒരുമിച്ചിരുന്ന്, ഒരേ സ്ഥലത്ത്, ഒരേയോഗത്തിൽ വച്ച് വിളിച്ച് പറഞ്ഞ് നിക്കാഹ് അനുഷ്ഠാനം നടത്തേണ്ടത് നിർബന്ധമാണ്. വിവാഹത്തിന് ആവശ്യമായ ഘടകമാണ് മഹർ.പുരുഷൻ സ്ത്രീക്ക് നൽകേണ്ടതായി നിശ്ചയിക്കുന്ന തുകയാണ് മഹർ വിവാഹ സമയം അത് പൂർണ്ണമായി നൽകുകയോ, ഭാഗികമായി നൽകുകയോആകാം. ഭാഗികമായി നൽകുമ്പോൾ അത് സ്ത്രീയുടെ അവകാശമായി എന്നും നിലനിൽക്കും. നിക്കാഹിന് പ്രായപൂർത്തിയും സ്ഥിര ബുദ്ധിയും ഉള്ള രണ്ട് പുരുഷൻമാർ ഇരുഭാഗത്തും ഉണ്ടായിരിക്കേണ്ടതാണ്.

നിബന്ധനകൾ

[തിരുത്തുക]
  1. വിവാഹത്തിന് പരസ്പരസമ്മതം ,
  2. രക്ഷിതാവിന്റെയോ(വലിയ്യ്) അല്ലെങ്കിൽ ഖാദിയുടെയോ സാന്നിദ്ധ്യം.
  3. രണ്ടോ അതിലധികമോ സാക്ഷികൾ.
  4. വിവാഹമൂല്യം

വിവാഹാനന്തര നിയമങ്ങൾ

[തിരുത്തുക]
  1. കുടുംബചെലവുകൾ - ഭാര്യയുടെ ഭക്ഷണം, താമസം, വസ്ത്രം, ചികിത്സ തുടങ്ങി എല്ലാ ആവശ്യങ്ങളും മതിയായ തോതിൽ നിർവ്വഹിച്ചു കൊടുക്കേണ്ടത് ഭർത്താവിന്റെ ചുമതലയാണ്. ഭർത്താവ് അതിൽ വീഴ്ച വരുത്തുന്ന പക്ഷം ഭാര്യക്ക് ഭർത്താവിന്റെ സ്വത്തിൽ നിന്നും അയാളുടെ അനുവാദമില്ലാതെ തന്നെ എടുത്ത് ഉപയോഗിക്കാവുന്നതാണ്.
  2. അനന്തരാവകാശം - വിവാഹത്തോടെ സ്ത്രീയും പുരുഷനും പരസ്പരം അനന്തരാവകാശികൾ ആകുന്നു.
    അനന്തരാവകാശത്തെക്കുറിച്ച് ഖു‌ർആൻ ഇങ്ങനെ പറയുന്നു.
  1. മിശ്രവിവാഹം - മുസ്‌ലിംകളായ പുരുഷന്മാർ ജൂത ക്രൈസ്തവ മതവിശ്വാസികളായ സ്ത്രീകളെ വിവാഹം ചെയ്യുന്നത് നിഷിദ്ധമല്ല.[അവലംബം ആവശ്യമാണ്] എന്നാൽ മറ്റ് മതവിശ്വാസിനികളെ വിവാഹം ചെയ്യൽ അനുവദിനീയമല്ല. മുസ്‌ലിം സ്ത്രീകൾക്ക് മറ്റേതു മതത്തിൽ നിന്നും വിവാഹം ചെയ്യൽ നിഷിദ്ധമാണു.

നിക്കാഹ് ബന്ധം വിലക്കപ്പെട്ടവർ

[തിരുത്തുക]

കുടുംബ ബന്ധം മൂലം (പാരമ്പര്യ ബന്ധം വഴി)

[തിരുത്തുക]
  1. മാതാക്കൾ: മാതാവിലൂടെയും പിതാവിലൂടെയും ഉള്ള മാതാക്കളും ആ ശ്രേണികളിലെ എല്ലാ മാതാക്കളും (മാതാമഹികൾ).
  2. മകൾ: മകന്റെയോ മകളുടെയോ മകളും. അതെത്ര തന്നെ കീഴപോട്ട് പോയാലും ഒരു പോലെ പാടില്ലാത്തതാണ്.
  3. സഹോദരിമാർ: മാതാവും പിതാവുമൊത്ത സഹോദരിയും മാതാവിലൂടെ മാത്രമോ പിതാവിലൂടെ മാത്രമോ ഉള്ള സഹോദരിയും ഒരുപോലെയാണ്.
  4. അമ്മായിമാർ: പിതാവിലൂടെയോ മാതാവിലൂടെയോ രണ്ടാളിലൂടെയും കൂടിയോ ഉള്ളവർ ഇക്കാര്യത്തിൽ സമമാണ്.
  5. മാതൃസഹോദരി: മാതാവിലൂടെയോ പിതാവിലൂടെയോ രണ്ടാളിലൂടെയും കൂടിയോ ഉള്ളവർ ഇക്കാര്യത്തിൽ സമമാണ്.
  6. സഹോദര പുത്രിമാർ.
  7. സഹോദരീ പുത്രിമാർ.

വിവാഹ ബന്ധത്തിലൂടെ നിഷിദ്ധമാകുന്നവർ

[തിരുത്തുക]
  1. ഭാര്യാമാതാവ്: അത് പോലെ ഭാര്യയുടെ മാതാമഹി, ഭാര്യയുടെ പിതാമഹി, ഇവർ എത്ര മേൽേപ്പോട്ട് പോയലും ശരി.
  2. ലൈംഗിക ബന്ധത്തിലേർപ്പെട്ട ഭാര്യയുടെ മകൾ: ഇതിൽ ആൺ മക്കളുടെ പെൺമക്കളും പെൺമക്കളുടെ പെൺമക്കളും സമമാണ്. അവർ എത്ര താഴോട്ട വന്നാലും.
  3. മകന്റെ ഭാര്യ, അത് പോലെ മകന്റെ മകന്റെ ഭാര്യയും മകളുടെ മകന്റെ ഭാര്യയും. അവർ എത്ര താഴോട്ട വന്നാലും.
  4. പിതാവിന്റെ ഭാര്യ: അവർ തമ്മിൽ ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെങ്കിലും.

മുലകുടി ബന്ധത്തിലൂടെ നിഷിദ്ധമാകുന്നവർ

[തിരുത്തുക]
  1. മുലയൂട്ടിയ സത്രീ (മാതാവിനെപ്പോ‍ലെ)
  2. മുലയൂട്ടിയ സത്രീയുടെ മാതാവ് (മാതാമഹിയെപ്പോ‍ലെ)
  3. മുലയൂട്ടിയവളുടെ
ഭർത്താവിന്റെ മാതാവ് (പിതാമഹിയെപ്പോ‍ലെ)
  1. മുലയൂട്ടിയവളുടെ സഹോദരി. (മാതൃസഹോദരിയെപ്പോ‍ലെ)
  2. മുലയൂട്ടിയവളുടെ ഭർതൃസഹോദരി (അമ്മായിയെപ്പോ‍ലെ)
  3. മുലയൂട്ടിയവളുടെ മക്കളുടെ പെൺമക്കൾ (സഹോദരസഹോദരീ പുത്രിമാരെപ്പോ‍ലെ)
  4. സഹോദരിമാർ അവർ മുലകുടി മുഖേനയുള്ള മാതാവും പിതാവും ഒത്തവരായാലും മാതാവോ പിതാവോ ആരെങ്കിലും ഒരാൾ ഒത്തവരായാലും സ്വന്തം മാതാപിതാക്കളിൽ നിന്നുള്ള സഹോദരികളെപ്പോ‍ലെ തന്നെ.

താൽക്കാലികമായി വിവാഹബന്ധം നിഷിദ്ധമാകുന്നവർ

[തിരുത്തുക]
  1. ബഹുദൈവ വിശ്വാസികൾ - ഇസ്‌ലാം സ്വീകരിക്കുന്നത് വരെ അവരുമായി വിവാഹബന്ധം അനുവദിനീയമല്ല[1].
  2. ഭാര്യാസഹോദരിമാർ - ഒന്നിച്ച് രണ്ട് സഹോദരിമാരെ വിവാഹം ചെയ്യൽ അനുവദിനീയമല്ല.
  3. ഇദ്ദ ഇരിക്കുന്ന സ്ത്രീയെ അവരുടെ ഇദ്ദാകാലം കഴിയുന്നതുവരെ വിവാഹം ചെയ്യൽ അനുവദിനീയമല്ല.

ഉദ്ധരണികൾ

[തിരുത്തുക]

ഖുർആനിൽ നിന്ന് -

  • നിങ്ങളിലുള്ള അവിവാഹിതരേയും, നിങ്ങളുടെ അടിമകളിൽനിന്നും, അടിമസ്ത്രീകളിൽ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങൾ വിവാഹബന്ധത്തിൽ ഏർപ്പെടുത്തുക. അവർ ദരിദ്രരാണെങ്കിൽ അല്ലാഹു തന്റെ അനുഗ്രഹത്തിൽനിന്ന് അവർക്ക് ഐശ്വര്യം നൽകുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സർവജ്ഞനുമത്രെ." -ഖുർആൻ, അധ്യായം 24, സൂക്തം 32[2]
  • നിങ്ങളുടെ പിതാക്കൾ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങൾ വിവാഹം കഴിക്കരുത്‌; മുമ്പ്‌ ചെയ്തുപോയതൊഴികെ. തീർച്ചയായും അത്‌ ഒരു നീചവൃത്തിയും വെറുക്കപ്പെട്ട കാര്യവും ദുഷിച്ച മാർഗവുമാകുന്നു.-ഖുർആൻ, അധ്യായം 4, സൂക്തം 22[3]
  • നിങ്ങളുടെ മാതാക്കൾ, പുത്രിമാർ, സഹോദരിമാർ, പിതൃസഹോദരിമാർ, മാതൃസഹോദരിമാർ, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാർ, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാർ, നിങ്ങളുടെ ഭാര്യാമാതാക്കൾ എന്നിവർ ( അവരെ വിവാഹം ചെയ്യൽ ) നിങ്ങൾക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ലൈംഗികവേഴ്ചയിൽ ഏർപെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളർത്ത്‌ പുത്രിമാരും ( അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു ). ഇനി നിങ്ങൾ അവരുമായി ലൈംഗികവേഴ്ചയിൽ ഏർപെട്ടിട്ടില്ലെങ്കിൽ ( അവരുടെ മക്കളെ വേൾക്കുന്നതിൽ ) നിങ്ങൾക്കു കുറ്റമില്ല. നിങ്ങളുടെ മുതുകിൽ നിന്ന്‌ പിറന്ന പുത്രൻമാരുടെ ഭാര്യമാരും ( നിങ്ങൾക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ) രണ്ടുസഹോദരിമാരെ ഒന്നിച്ച്‌ ഭാര്യമാരാക്കുന്നതും ( നിഷിദ്ധമാകുന്നു. ) മുമ്പ്‌ ചെയ്ത്‌ പോയതൊഴികെ. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.-ഖുർആൻ 4:23
  • ( മറ്റുള്ളവരുടെ ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും ( നിങ്ങൾക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ) നിങ്ങളുടെ കൈകൾ ഉടമപ്പെടുത്തിയവർ ( അടിമസ്ത്രീകൾ ) ഒഴികെ. നിങ്ങളുടെ മേൽ അല്ലാഹുവിൻറെ നിയമമത്രെ ഇത്‌. അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം ( മഹ്‌റായി ) നൽകിക്കൊണ്ട്‌ നിങ്ങൾ ( വിവാഹബന്ധം ) തേടുന്നത്‌ നിങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം. നീചവൃത്തി ആഗ്രഹിക്കുന്നവരാകരുത്‌. അങ്ങനെ അവരിൽ നിന്ന്‌ നിങ്ങൾ വല്ല സുഖവുമനുഭവിച്ചാൽ അവർക്കുള്ള വിവാഹമൂല്യം ഒരു ബാദ്ധ്യത എന്ന നിലയിൽ നിങ്ങൾ നൽകേണ്ടതാണ്‌. ബാദ്ധ്യത ( വിവാഹമൂല്യം ) നിശ്ചയിച്ചതിനു ശേഷം നിങ്ങൾ അന്യോന്യം തൃപ്തിപ്പെട്ട്‌ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതിൽ നിങ്ങൾക്ക്‌ കുറ്റമൊന്നുമില്ല. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.-ഖുർആൻ 4:24
  • നിങ്ങളിലാർക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാൻ സാമ്പത്തിക ശേഷിയില്ലെങ്കിൽ നിങ്ങളുടെ കൈകൾ ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരിൽ ആരെയെങ്കിലും ( ഭാര്യമാരായി സ്വീകരിക്കാവുന്നതാണ്‌. ) അല്ലാഹുവാകുന്നു നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുന്നവൻ. നിങ്ങളിൽ ചിലർ ചിലരിൽ നിന്നുണ്ടായവരാണല്ലോ. അങ്ങനെ അവരെ ( ആ ദാസിമാരെ ) അവരുടെ രക്ഷാകർത്താക്കളുടെ അനുമതിപ്രകാരം നിങ്ങൾ വിവാഹം കഴിച്ച്‌ കൊള്ളുക. അവരുടെ വിവാഹമൂല്യം മര്യാദപ്രകാരം അവർക്ക്‌ നിങ്ങൾ നൽകുകയും ചെയ്യുക. മ്ലേച്ഛവൃത്തിയിൽ ഏർപെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ പതിവ്രതകളായിരിക്കണം അവർ. അങ്ങനെ അവർ വൈവാഹിക ജീവിതത്തിൻറെ സംരക്ഷണത്തിലായിക്കഴിഞ്ഞിട്ട്‌ അവർ മ്ലേച്ഛവൃത്തിയിൽ ഏർപെടുന്ന പക്ഷം സ്വതന്ത്രസ്ത്രീകൾക്കുള്ളതിൻറെ പകുതി ശിക്ഷ അവർക്കുണ്ടായിരിക്കും. നിങ്ങളുടെ കൂട്ടത്തിൽ ( വിവാഹം കഴിച്ചില്ലെങ്കിൽ ) വിഷമിക്കുമെന്ന്‌ ഭയപ്പെടുന്നവർക്കാകുന്നു അത്‌. ( അടിമസ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാനുള്ള അനുവാദം. ) എന്നാൽ നിങ്ങൾ ക്ഷമിച്ചിരിക്കുന്നതാകുന്നു നിങ്ങൾക്ക്‌ കൂടുതൽ ഉത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.-ഖുർആൻ 4:25


ഹദീസിൽ നിന്ന് -

  • അനസ്‌(റ) പറയുന്നു: മൂന്നുപേർ നബി(സ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട്‌ നബി(സ)യുടെ ഭാര്യമാരുടെ വീട്ടിൽ വന്നു. നബി(സ)യുടെ ആരാധനയെക്കുറിച്ച്‌ കേട്ടപ്പോൾ അവർക്കതു വളരെ കുറഞ്ഞു പോയെന്ന്‌ തോന്നി. അവർ പറഞ്ഞു: നാമും നബിയും എവിടെ? നബി(സ) ക്ക്‌ ആദ്യം ചെയ്തുപോയതും പിന്നീട്‌ ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങനെ മറ്റൊരാൾ പറഞ്ഞു: ഞാൻ എന്നും രാത്രി മുഴുവൻ നമസ്കരിക്കും. മറ്റൊരാൾ പറഞ്ഞു: എല്ലാ ദിവസവും ഞാൻ നോമ്പ്‌ പിടിക്കും. ഒരു ദിവസവും നോമ്പ്‌ ഉപേക്ഷിക്കുകയില്ല. മൂന്നാമൻ പറഞ്ഞു: ഞാൻ സ്ത്രീകളിൽ നിന്നകന്ന്‌ നിൽക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി(സ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോൾ അരുളി: നിങ്ങൾ ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ്‌ ഞാൻ. ഞാൻ ചിലപ്പോൾ നോമ്പനുഷ്ഠിക്കുകയും ചിലപ്പോൾ നോമ്പ്‌ ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവൻ എന്റെ സമൂഹത്തിൽപ്പെട്ടവനല്ല തന്നെ. (ബുഖാരി. 7. 62. 1)
  • അൽഖമ(റ) പറയുന്നു:ഞാൻ അബ്ദുല്ലയുടെ കൂടെയായിരുന്നു.അപ്പോൾ മിനായിൽ വെച്ച് ഉസ്മാൻ അദ്ദേഹത്തെ കണ്ട്മുട്ടി. അദ്ദേഹം പറഞ്ഞു:അബാ അബ്ദുറഹ്മാൻ! നിങ്ങളിലേക്ക് എനിക്കൊരു ആവശ്യമുണ്ട്. അങ്ങനെ അവർ ഇരുപേരും ഒഴിവായി നിന്നു. ഉസ്മാൻ പറഞ്ഞു:അല്ലയോ അബാ അബ്ദുറഹ്മാൻ!നിനക്ക് ഞാനൊരു കന്യകയെ വിവാഹം ചെയ്തുതരട്ടെയോ?നിന്റെ പഴയ ബന്ധത്തെ അവൾ ഓർമ്മിപ്പിക്കും. അബ്ദുല്ലക്ക് വിവാഹത്തിനു താല്പര്യമില്ലെന്ന് കണ്ടപ്പോൾ എന്നോട് ഉസ്മാൻ പറഞ്ഞു:നബി(സ)ഞങ്ങളോട് പറയാറുണ്ട്:അല്ലയോ യുവസമൂഹമേ!നിങ്ങളിൽ വിവാഹത്തിനു സാധ്യതയുള്ളവൻ വിവാഹംചെയ്യുവീൻ. സാധിക്കാത്തവൻ നോമ്പനുഷ്ടിക്കണം.നിശ്ചയം അത് അവനൊരു പരിചയാണ്.(ബുഖാരി 7.62.3)


ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നിക്കാഹ്&oldid=3919295" എന്ന താളിൽനിന്ന് ശേഖരിച്ചത്