ഉസ്‌മാൻ ബിൻ അഫ്ഫാൻ
ഉസ്മാൻ ബിൻ അഫ്ഫാൻ | |
---|---|
ഖലീഫ (ദൈവത്തിന്റെ പ്രതിനിധി) | |
ഭരണകാലം | 644 സി.ഇ. – 656 സി.ഇ. |
പൂർണ്ണനാമം | ഉഥ്മാനുബ്നു അഫ്ഫാൻ |
പദവികൾ | അമീറുൽ മുഅ്മിനീൻ (വിശ്വസികളുടെ നേതാവ്) ദുന്നൂറൈനി. |
അടക്കം ചെയ്തത് | മസ്ജിദുന്നബവി, മദീന |
മുൻഗാമി | ഖലീഫ ഉമർ |
പിൻഗാമി | അലി |
പിതാവ് | അഫ്ഫാൻ |
മാതാവ് | അർവ |
ഇസ്‌ലാമിലെ[1] മൂന്നാമത്തെ ഖലീഫ, മുഹമ്മദ് നബിയുടെ ജാമാതാവ്, ഖുർആൻ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കിയയാൾ എന്നീ നിലകളിൽ പ്രശസ്തനാണ് ഉസ്മാൻ ബിൻ അഫ്ഫാൻ. ക്രിസ്ത്വാബ്ധം 579 ൽ മക്കയുടെ സമീപത്തുള്ള ത്വാഇഫിൽ ജനിച്ചു. പിതാവ് ബനൂ ഉമയ്യ കുടുംബത്തിലെ അഫ്ഫാൻ. മാതാവ് അർവ.
ചരിത്രം[തിരുത്തുക]
ആദ്യമായി ഇസ്‌ലാമിലേക്ക് വന്ന പ്രമുഖരിൽ ഒരാളായിരുന്നു ഉസ്മാൻ, അതു കാരണം പിതൃവ്യനായ ഹകം അദ്ദേഹത്തെ പിടിച്ചു കെട്ടി ശിക്ഷിച്ചു. പക്ഷേ എന്ത് ശിക്ഷ നൽകിയാലും ഇസ്‌ലാം കയ്യൊഴിക്കില്ലെന്ന് കണ്ടപ്പോൾ ഹക്കം അദ്ദേഹത്തെ അഴിച്ചു വിട്ടു, എത്യോപ്യയിലേക്ക് ആദ്യമായി കുടുംബ സമേതം പലായനം ചെയ്തത് ഉസ്മാനായിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ രണ്ട് പുത്രിമാരെ വിവാഹം ചെയ്തിട്ടുണ്ട്. ആദ്യം റുഖിയ്യ അവരുടെ മരണ ശേഷം ഉമ്മുഖുൽസൂം. അതു കൊണ്ട് അദ്ദേഹത്തിന് ‘ദുന്നൂറൈനി’[2] (രണ്ട് വിളക്കുകളുടെ ഉടമ) എന്ന പേർ ലഭിച്ചത്.
നബിയോടൊപ്പം ബദർ ഒഴിച്ചുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ബദർ യുദ്ധ വേളയിൽ ഭാര്യ റുഖിയ്യയുടെ രോഗം കാരണം അവരെ ശുശ്രൂഷിക്കാൻ പ്രവാചകൻ കൽപ്പിച്ചതു കാരണം അതിൽ പങ്കെടുത്തില്ല. രണ്ടാം ഖലീഫ ഉമറിനു കുത്തേറ്റപ്പോൾ മൂന്നാം ഖലീഫയെ നിർദ്ദേശിക്കാൻ ജനങ്ങൾ ആവശ്യപ്പെട്ടു, അപ്പോൾ ആറ് പേരടങ്ങിയ ഒരു ആലോചന കമ്മിറ്റിയെ തിരഞ്ഞെടുത്തു, ഈ ആറ് പേർ തന്റെ മരണ ശേഷം ആലോചന നടത്തി അവരിൽ ഒരാളെ ഖലീഫയായി നിശ്ചയിക്കണമെന്ന ഉമർ വസ്വിയത്ത് ചെയ്തു, പ്രസ്തുത സമിതി തിരഞ്ഞെടുത്ത ഖലീഫയാണ് ഉസ്മാൻ ബിൻ അഫ്ഫാൻ.
തിരുനബിയുടെ ഏറ്റവും വിശ്വസ്തരായ സ്വഹാബികളിൽ ഒരാളായിരുന്നു ഉസ്മാൻ. സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത നൽകപ്പെട്ട പത്തു സ്വഹാബികളിൽ ഒരാളാണ് ഉസ്മാൻ (റ).
പ്രധാന പ്രവർത്തനങ്ങൾ[തിരുത്തുക]
- പേർഷ്യൻ സാമ്രാജ്യം പൂർണമായും കീഴ്പെടുത്തി.
- നാവികസേന രൂപീകരിച്ചു.
- ഖുർആൻ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു.
ഭരണം[തിരുത്തുക]
ഖലീഫ ഉസ്‌മാന്റെ ഭരണത്തിന് കീഴിൽ ഖിലാഫത്ത് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ഇറാൻ, അഫ്ഗാനിസ്താന്റെ ചിലഭാഗങ്ങൾ എന്നിവ കൂടി കീഴ്പെടുത്തപ്പെട്ടു[3]. ഉസ്മാൻ സമാധാന പ്രിയനും ദയാലുവും നീതിമാനുമായിരുന്നു. പക്ഷേ അദ്ദേഹത്തിൻറെ ചില രാഷ്ട്രീയ നടപടികളിൽ ചിലർക്കെങ്കിലും വിയോജിപ്പുണ്ടായി. അതോടൊപ്പം ബാഹ്യത്തിൽ മുസ്ലിമായ അബ്ദുല്ലഹി ബ്നു സബഹ് എന്ന ജൂതൻ മുസ്ലിംകളെ തമ്മിൽ അടിപ്പിക്കാൻ പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ച് കൊണ്ടിരുന്നു[അവലംബം ആവശ്യമാണ്]. തന്നിമിത്തം പലരും കുഴപ്പത്തിനൊരുങ്ങി അവർ കൂഫ, ബസ്വറ, മിസ്വർ(ഈജിപ്ത്) എന്നിവിടങ്ങളിൽ നിന്നും സംഘടിച്ചെത്തി മദീനയിൽ ഉസ്മാൻറെ വീട് വളഞ്ഞ് അദ്ദേഹത്തെ വധിച്ചു. മസ്ജിദുന്നബവിക്ക് സമീപം ജന്നതുൽ ബഖീഇലാണ് ഉസ്മാനെ ഖബറടക്കിയിരിക്കുന്നത്.