വെള്ളി (ദിവസം)
ഒരാഴ്ചയിൽ വ്യാഴാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയിൽ വരുന്ന ദിവസമാണ് വെള്ളിയാഴ്ച (ഇംഗ്ലീഷ് - Friday). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ആഴ്ചയിലെ അഞ്ചാമത്തെ ദിവസമാണിത്. ഐഎസ്ഒ 8601 പ്രകാരവും ആഴ്ചയിലെ അഞ്ചാമത്തെ ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. പല രാജ്യങ്ങളിലും വെള്ളിയാഴ്ചയെ ഇതേ രീതിയിൽ കണക്കാക്കുന്നു. എന്നാൽ ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ വെള്ളിയാഴ്ച ആഴ്ചയിലെ ആറാമത്തെ ദിവസമാണ്.
നിരുക്തം
[തിരുത്തുക]'വെൺ' എന്ന ധാതു വെണ്മയെ അഥവാ വെളുപ്പിനെ സുചിപ്പിക്കുന്നു. വെളുത്തുതിളങ്ങുന്ന ഗ്രഹമായതിനാൽ ശുക്രനെ (venus-നെ) ദ്രാവിഡഭാഷകളിൽ 'വെള്ളി' എന്ന് വിളിക്കുന്നു. ശുക്രഗ്രഹത്തിന്റെ നാമത്തിലുള്ള ദിവസമായതിനാൽ വെള്ളി. ശുക്ര- (ശുക്‌ല-, ശുക്ല-) എന്ന സംസ്കൃതധാതുവിനും 'വെളുത്ത-' എന്നുതന്നെ അർഥം. ശുക്രനിറമുള്ള ഗ്രഹമായതിനാൽ ശുക്രൻ. ശുക്രന്റെ പേരിലുള്ള ആഴ്ച ശുക്രവാസരം.
സവിശേഷതകൾ
[തിരുത്തുക]അഞ്ചു ദിവസം പ്രവൃത്തിദിവസമുള്ള രാജ്യങ്ങളിലും സ്ഥാപനങ്ങളിലും സാധാരണഗതിയിൽ വെള്ളിയാഴ്ചയാണ് അസാന പ്രവൃത്തിദിവസം. അതിനാൽത്തന്നെ ആഘോഷത്തിന്റെയും ആശ്വാസത്തിന്റെയും ദിവസമായി വെള്ളിയാഴ്ചയെ പ്രകീർത്തിക്കാറുണ്ട്. ചില സ്ഥാപനങ്ങളിലാകട്ടെ വെള്ളിയാഴ്ചകളിൽ അനൗദ്യോഗിക വസ്ത്രധാരണവും അനുവദനീയമാണ്.
സൗദി അറേബ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ ആഴ്ചയിലെ അവസാനദിവസമാണ് വെള്ളിയാഴ്ച. അതിനാൽ ശനിയാഴ്ച ആദ്യ പ്രവൃത്തിദിനവും. എന്നുമാത്രമല്ല, മറ്റു ചില രാജ്യങ്ങളിൽ വാരാന്ത്യത്തിലെ ആദ്യദിനമായി വെള്ളിയാഴ്ച കരുതുന്നതിനാൽ ഞായറാഴ്ച ആദ്യത്തെ പ്രവൃത്തിദിനമായി മാറുന്നുമുണ്ട്. ബഹ്റൈൻ, ഐക്യ അറബ് എമിറേറ്റുകൾ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ വെള്ളി ആഴ്ചയിലെ അവസാനദിനവും ശനി ആദ്യ പ്രവൃത്തിദിനവുമായിരുന്നു. എന്നാൽ ബഹ്റൈനിലും ഐക്യ അറബ് എമിറേറ്റുകളിലും 2006 സെപ്റ്റംബർ 1[1] മുതലും കുവൈറ്റിൽ 2007 സെപ്റ്റംബർ 1 മുതലും[2] വെള്ളിയാഴ്ച വാരാന്ത്യത്തിലെ ആദ്യ ദിനവും ഞായർ ആദ്യ പ്രവൃത്തിദിനവുമാണ്.