അലി ബിൻ അബീത്വാലിബ്
അലി ബിൻ അബീത്വാലിബ് | |
---|---|
ഖലീഫ | |
![]() അലി എന്ന് അറബി ഭാഷയിലെ കാലിഗ്രാഫിക്ക് രീതിയിൽ എഴുതപ്പെട്ടത് | |
ഭരണകാലം | 656 സി.ഇ. – 661 സി.ഇ. |
പൂർണ്ണനാമം | അലി ബിൻ അബീത്വാലിബ് |
പദവികൾ | അമീറുൽ മുഅ്മിനീൻ (വിശ്വസികളുടെ നേതാവ്) ദൈവത്തിന്റെ സിംഹം |
ജനനം | മാർച്ച് 17, 600 |
ജന്മസ്ഥലം | മക്ക |
മരണം | ജനുവരി 28, 661 | (പ്രായം 62)
മരണസ്ഥലം | കൂഫ |
മുൻഗാമി | ഉഥ്മാനുബ്നു അഫ്ഫാൻ |
പിൻഗാമി | മുആവിയ ഇബ്നു അബൂസുഫ്യാൻ |
മക്കൾ | ഹസൻ ഹുസൈൻ സൈനബ് ബിൻത് അലി |
മതവിശ്വാസം | ഇസ്ലാം |
ഇസ്‌ലാമികചരിത്രത്തിലെ നാലാമത്തെ ഖലീഫയാണ് അലി ബിൻ അബീത്വാലിബ് എന്ന അലി (അറബി: علی). ഖലീഫ അലി എന്ന പേരിലും അറിയപ്പെടുന്നു. പ്രവാചകൻ മുഹമ്മദിന്റെ പിതൃസഹോദരനായ അബൂ ത്വാലിബിന്റെ പുത്രനും, മുഹമ്മദിന്റെ പുത്രിയായ ഫാത്വിമയുടെ ഭർത്താവുമാണ് അദ്ദേഹം[1].
ബാല്യം[തിരുത്തുക]
ക്രിസ്തുവർഷം 600-ൽ മക്കയിലാണ് അലി ജനിച്ചത്. ഖുറൈഷി ഗോത്രത്തലവനും കഅബയുടെ പരിപാലകനുമായിരുന്നു അലിയുടെ പിതാവ്. മാതാവ് ഫാതിമ ബിൻത് അസദ്. പിതാവാണ് ഉന്നതൻ എന്നർത്ഥമുള്ള അലി എന്ന പേര് അദ്ദേഹത്തിന് നൽകിയത്.[2]
അലി ചെറുപ്പമായിരിക്കുമ്പോൾ മക്കയിൽ കടുത്ത വരൾച്ചയും ക്ഷാമവുമുണ്ടായി. തന്മൂലം വലിയൊരു കുടുംബത്തിന്റെ നാഥനായ അബൂ ത്വാലിബിനുണ്ടായ സാമ്പത്തികഞെരുക്കം ലഘൂകരിക്കാൻ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഹംസയും അബ്ബാസും അലിയുടെ സഹോദരന്മാരായ ത്വാലിബിന്റെയും, ജഅ്ഫറിന്റെയും സംരക്ഷണചുമതല ഏറ്റു. അലിയുടെ സംരക്ഷണം മുഹമ്മദും (അന്ന് പ്രവാചകനായി അറിയപ്പെട്ടിരുന്നില്ല) ഏറ്റെടുത്തു.അങ്ങനെ മുഹമ്മദിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളർന്നു.[3] പത്ത് വയസ്സ് പ്രായമായ സമയത്ത് അലി ഇസ്‌ലാം മതം സ്വീകരിച്ചു, കുട്ടികളുടെ കൂട്ടത്തിൽ ആദ്യമായി ഇസ്‌ലാം സ്വീകരിച്ച വ്യക്തി അലിയാണ്.[4]
യൗവനം[തിരുത്തുക]
പ്രവാചകൻ മുഹമ്മദ് (സ്വ) യെ വധിക്കാൻ ശത്രുക്കൾ വീട് വളഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വിരിപ്പിൽ പകരം കിടന്ന് പ്രവാചകനെ മദീനയിലേക്ക് കുടിയേറാൻ സഹായിച്ചത് അലിയാണ്. പിന്നീട് മക്കക്കാർ മുഹമ്മദ് (സ്വ) യുടെ വശം സൂക്ഷിക്കാൻ ഏല്പിച്ച മുതലുകൾ ഉടമകൾക്ക് കൈമാറിയ ശേഷമാണ് അലി മദീനയിലേക്ക് പോയത്. മദീനയിലെത്തിയശേഷം തന്റെ മകൾ ഫാത്വിമയെ മുഹമ്മദ് (സ്വ), അലി (റ)ക്ക് വിവാഹം ചെയ്തു കൊടുത്തു. അന്ന് അലി (റ) ക്ക് 24 വയസ്സും ഫാത്വിമ (റ) ക്ക് 19 വയസ്സുമായിരുന്നു പ്രായം[5]. തബൂക്ക് യുദ്ധം ഒഴികെ എല്ലാ യുദ്ധങ്ങളിലും അലി (റ), പ്രവാചകനൊപ്പം പങ്കെടുത്തു. തബൂക്ക് യുദ്ധവേളയിൽ മദീനയിൽ പ്രവാചകന്റെ പ്രതിനിധിയായി നിൽക്കുകയായിരുന്നു. ധീരയോദ്ധാവ്, ഉന്നതപണ്ഡിതൻ, പ്രഗൽഭപ്രസംഗകൻ, ഐഹികവിരക്തൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. ’ഇഹത്തിലും പരത്തിലും നീ എന്റെ സഹോദരൻ ‘ എന്ന് അലി (റ) യോട് മുഹമ്മദ് (സ്വ) പറഞ്ഞിട്ടുള്ള വചനം പ്രശസ്തമാണ്.
ഭരണം[തിരുത്തുക]
അന്ത്യ പ്രവാചകന്റെ മരണശേഷം മുസ്‌ലീം സമൂഹത്തെ നയിക്കേണ്ടതാരെന്ന വിഷയത്തെ ചൊല്ലി വിത്യസ്ത അഭിപ്രായ പ്രകടനങ്ങൾ അനുയായികൾക്കിടയിൽ ഉൾതിരിഞ്ഞിരുന്നു. പ്രവാചകൻ അന്ത്യനിദ്ര പ്രാപിച്ചപ്പോൾ അന്നത്തെ ഇസ്‌ലാമിക പ്രമുഖർ നബിയുടെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളും, അദ്ദേഹത്തിന്റെ സന്തത സഹചാരിയും, സർവ്വോപരി പ്രായത്തിൽ മുതിർന്നയാളുമായ അബുബക്കർ സിദ്ദീഖിനെ ഖലീഫയായി തിരഞ്ഞെടുത്തു. ബഹുഭൂരിപക്ഷ പിന്തുണയിൽ ഭരണ നേതൃത്വം അബൂബക്കർ ഏറ്റെടുത്തെങ്കിലും ചുരുക്കം ചില പ്രവാചകാനുചരന്മാർ ഭരണനേതൃത്വം അലി ഏറ്റെടുക്കണമെന്ന ആഗ്രഹം വെച്ച് പുലർത്തിയിരുന്നു. സുന്നി-ഷിയാ വിഭജനത്തിന്റെ പ്രധാന കേന്ദ്രബിന്ദുവായി പിൽകാലത്ത് അലി മാറുവാനിടയായ സാഹചര്യം ഇതായിരുന്നു. പ്രധാന പ്രവാചകാനുചരന്മാർ ആരും തന്നെ അധികാരമോഹികളായിരുന്നില്ല തങ്ങളെ ഭരണാധിപന്മാരാക്കാനുള്ള തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ഛ് മാറി നിന്നവരായിരുന്നു അബൂബക്കറും ഉമറും. എന്നാൽ ശക്തമായ സമ്മർദ്ദത്താൽ മാത്രം ഖലീഫ പദവി പിന്നീടവർ ഏറ്റെടുക്കുകയായിരുന്നു. അലിയുടെ കാര്യവും വിത്യസ്തമായിരുന്നില്ല. സ്ഥാനമോഹം ഒട്ടുംതന്നെയില്ലാത്ത വിശിഷ്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അലി.
കേവലം വിത്യസ്ത നിർദേശങ്ങളായി ഗണിക്കപ്പെട്ടിരുന്ന ഇത്തരം നിർദേശ പ്രകടനങ്ങൾ പ്രധാന ചർച്ചയായി മാറുന്നത് മൂന്നാം ഖലീഫ ഉസ്മാൻറെ കാലത്താണ്. അബൂബക്കറിന്റെ ശേഷം ഉമർ രണ്ടാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. ഏകാഭിപ്രായത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടും അധികാരമേറ്റെടുക്കാൻ ഉമർ വിസ്സമ്മതം പ്രകടിപ്പിച്ചു. അലിയടക്കമുള്ളവരുടെ നിർബന്ധത്തത്താൽ ഭരണമേറ്റെടുത്ത ഉമറിൻറെ കാലശേഷം മൂന്നാം ഖലീഫയായി ഉസ്മാൻ നേതൃത്വമേറ്റെടുത്തു. നിർദേശിക്കപ്പെട്ടവരിൽ അവസാന ഘട്ട തിരഞ്ഞെടുപ്പിൽ അലി, ഉസ്മാൻ, സഅദ് എന്നിവർ ബാക്കിയാവുകയും, അതിൽ നിന്ന് ഉസ്മാൻ തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ജനങ്ങൾക്ക് അധികാരിയെ ചോദ്യം ചെയ്യാനുള്ള സാഹചര്യം ഖിലാഫത്തിൽ നില നിന്നിരുന്നു. ഉസ്മാൻ ഈ അധികാരം ഒന്ന് കൂടി വിശാലമാക്കി നൽകി. ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനും കലാപം സൃഷ്ടിക്കുവാനും ചില ഈജിപ്ഷ്യൻ, ഇറാഖ് നിവാസികൾ ശ്രമിച്ചു. ഉസ്മാന്റെ ഭരണകാലത്തെ ചില നടപടികളിൽ അസഹിഷ്ണുക്കളായവർ അദ്ദേഹത്തെ കൊലപ്പെടുത്തി. ഉസ്മാന്റെ ആകസ്മിക മരണത്തെ തുടർന്ന് അലി നാലാം ഖലീഫയായി സ്ഥാനമേറ്റു.
മരണം[തിരുത്തുക]
പ്രഭാത നമസ്കാരത്തിന് പോകുന്ന വഴിക്ക് വെച്ച് ഖവാരിജുക്കളിൽ പെട്ട ഒരു വ്യക്തി അലിയുടെ നെറ്റിയിൽ വെട്ടി, അതു കാരണം മൂന്ന് ദിവസത്തിനകം അദ്ദേഹം മരണമടഞ്ഞു. റമദാൻ 21 , വെള്ളിയാഴ്ച ആയിരുന്നു അലി മരണപ്പെട്ടത്.(661 ജനുവരി 24)
ഇതും കൂടി കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ ഡിക്ഷണറി ഓഫ് ഇസ്‌ലാം|പേജ് 18തോമസ് പാട്രിക് ഹ്യൂസ്
- ↑ http://www.islam4theworld.net/Sahabah/Ali%20ibn%20Abu%20Talib%20R.htm
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-01-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-09.
- ↑ http://www.onislam.net/english/reading-islam/my-journey-to-islam/historical-biographies/409295-first-muslim-child.html
- ↑ http://www.witness-pioneer.org/vil/Articles/companion/11_ali_bin_talib.htm