മദീന
| മദീന മദീന മുനവ്വറ |
|
|---|---|
| മദീനയിലെ മസ്ജിദുൽ നബവി | |
|
|
|
| സ്ഥാനം: 24°28′N 39°36′E / 24.467°N 39.6°ECoordinates: 24°28′N 39°36′E / 24.467°N 39.6°E | |
| രാജ്യം | |
| പ്രവിശ്യ | മദീന പ്രവിശ്യ |
| ഭരണം | |
| • മേയർ | അബ്ദുൽ അസീസ് ബിൻ മാജിദ് (عبدالعزيز بن ماجد) |
| വിസ്തീർണ്ണം | |
| • Total | 589 km2 (227.4 sq mi) |
| Elevation | 608 m (1,995 ft) |
| ജനസംഖ്യ (2006) | |
| • Total | 13,00,000 |
| സമയമേഖല | മക്ക മീൻ ടൈം |
ഇസ്ലാമിക ചരിത്രത്തിൽ മുഹമ്മദ് നബിയുടെ ഇസ്ലാമിക ഭരണകൂടത്തിന്റെ തലസ്ഥാനവും മക്ക കഴിഞ്ഞാൽ മുസ്ലിങ്ങളുടെ പരിശുദ്ധമായ നാടുമാണ് മദീന. ഇസ്ലാമിക ചരിത്രത്തിൽ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷിയാണ് സൗദി അറേബ്യയിലെ മദീന പ്രദേശം. മുഹമ്മദ് നബി മദീനയിലെത്തിയത്തിനു ശേഷമാണ് പ്രവാചക ജീവിതത്തിലെയും ഇസ്ലാമിലെയും നിർണായക സംഭവങ്ങൾ നടന്നത്. മക്കയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് ഈ നഗരം.മക്കക്കടുത്തുള്ള യഥ്‌രിബ് എന്ന പട്ടണം മുഹമ്മദ് നബിയുടെ പലായനശേഷം, നബിയുടെ പട്ടണം എന്നയർത്ഥമുള്ള മദീനത്തു നബവിയ്യ എന്ന പേരിൽ അറിയപ്പെട്ടു. കാലാന്തരത്തിൽ ഈ പട്ടണം മദീന എന്ന ചുരുക്കരൂപത്തിൽ പ്രസിദ്ധമായി. ലോകത്തിലാദ്യമായി, പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും, പൂർണ്ണമായി നിരോധിക്കപ്പെട്ട നഗരമാണ് മദീന[1] കിംഗ് ഫഹദ് കോംപ്ലക്സ് ഫോർ പ്രന്റിങ് ഓഫ് ദി ഹോളി ഖുർആൻ എന്ന ലോകത്ത് ഏറ്റവും കൂടുതൽ ഖുർആൻ പ്രന്റ് ചെയ്യൂന്ന സ്ഥാപനം മദീനയിലാണ് സ്ഥിതിചെയ്യുന്നത്.
[തിരുത്തുക] പദോല്പത്തി
പേരുകളെ കൊണ്ട് പ്രശസ്തമായ പ്രദേശമാണ് മദീന. പേരിന്റെ പെരുപ്പം മദീന നഗരത്തിന്റെ മഹത്വത്തിന്റെ പ്രശസ്തി വിളിച്ചോതുന്നു. നിരവധി പണ്ഢിതന്മാർ മദീനയുടെ ചരിത്രമെഴുതിയിട്ടുണ്ട്. അവരുടെ കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധനായ അല്ലാമാ അലി സംഹൂദി തന്റെ ഏറ്റവും വിഖ്യാതമായ ‘വഫാഉൽ വഫാ’ എന്ന ഗ്രന്ഥത്തിൽ മദീനാ പട്ടണത്തിന് ഖുർആൻ, ഹദീസ്,പൂർവ്വ വേദങ്ങൾ, ചരിത്ര ഗ്രന്ഥങ്ങൾ എന്നിവയെ ആധാരമാക്കി 94 പേരുകൾ എണ്ണിപ്പറഞ്ഞിട്ടുണ്ട്. പുരാതന കാലത്ത് യദ്രിബ് എന്നും തുടർന്ന് മുഹമ്മദ് നബിയുടെ ആഗമനത്തോടെ മുഹമ്മദ് നബിയുടെ നഗരം എന്നർത്ഥം വരുന്ന മദീനത്തുറസൂൽ എന്നും ആണ് ഈ നഗരം അറിയപ്പെട്ടത്. ത്വാബ, ത്വൈബ, ദാറുൽ ഹിജ്റ, ഖുബ്ബതുൽ ഇസ്ലാം തുടങ്ങി നിരവധി പേരുകൾ ഈ പുണ്യ നഗരത്തിനുണ്ട്[2]. ഇപ്പോൾ പ്രശോഭിത നഗരം എന്നർഥം വരുന്ന മദീന മുനവ്വറ എന്നാണ് അറിയപ്പെടുന്നത്. നൂറോളം പേരുണ്ടെങ്കിലും പ്രവാചക പട്ടണം എന്നർഥം വരുന്ന മദീനത്തുറസൂൽ എന്ന പേരാണ് പ്രസിദ്ധം[3]
[തിരുത്തുക] വിഗഹ വീക്ഷണം
മുഹമ്മദ് നബി തന്റെ നിവാസത്തിനു തിരഞ്ഞെടുത്ത പട്ടണം, ഇസ്ലാമിന്റെ വളർച്ചക്കും ഉയർച്ചക്കും പ്രചാരത്തിനും സഹായിച്ച പട്ടണം, ലോകത്തെ ഒന്നാമത്തെ ഇസ്ലാമിക രാഷ്ട്രം, ശരീഅത്ത് നിയമങ്ങൾ സമ്പൂർണ്ണമായി പ്രയോഗവൽക്കരിക്കപ്പെട്ട പ്രദേശം തുടങ്ങി നിരവധി സവിശേഷതകൾ നിറഞ്ഞ പ്രദേശമാണ് മദീന. മദീനയിലെ ഓരോ ഓരോ ബിന്ദുവിലും പ്രവാചകൻറെ പ്രകാശം ലയിച്ച് ചേർന്നിരിക്കുന്നു. ആധുനിക മദീനയുടെ മുഖം ദിനേന മാറിക്കൊണ്ടിരിക്കുകയാണ്. റൗളാ ശരീഫും പരിസരവും വല്ലാതെ മാറിയിരിക്കുന്നു. ശക്തമായ പോലീസ് കാവൽ മുഴുവൻ സമയവും അവിടെയുണ്ട്. വികസന പ്രവർത്തനങ്ങൾ എല്ലാം സൗദി രാജാവിന്റെ മേൽനോട്ടത്തിൽ ആണ് നടക്കുന്നത്. ആദ്യ കാലത്ത് യദ്രിബ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇന്നത്തെ മദീനയിലെ ജനസംഖ്യ 2006-ലെ കണക്കെടുപ്പ് പ്രകാരം 1,300,000 ആണ്[4]. മക്കയിലെ മസ്ജിദുൽ ഹറം കഴിഞ്ഞാൽ മദീനയിലെ മസ്ജിദുന്നബവിയാണ് ലോക മുസ്ലിംകളുടെ പ്രധാന ആരാധനാ കേന്ദ്രം. മസ്ജിദുന്നബവിയോടു ചേർന്നാണ് റൌളാ ശരീഫ് എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് നബിയുടെ ഖബറിടം[5].
[തിരുത്തുക] ചരിത്രം
മക്കയിൽ നിന്ന് മുഹമ്മദ് നബി മദീനയിലേക്ക് പലായനം ചെയ്തതാണ് മദീനാ ചരിത്രത്തിൽ തിളങ്ങുന്ന അധ്യായമായി ഇന്നും നില നിൽക്കുന്നത്. ഇന്ന് ലോകത്ത് അറിയപ്പെട്ട മദീന എന്ന പ്രദേശം അന്ന് യദ്രിബ് എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. മുഹമ്മദ് നബിയുടെ വരവിനു മുമ്പുള്ള യഥ്രിബ് പകക്കും പോരിനും പേരുകേട്ട പ്രദേശമായിരുന്നു. വളരെയധികം പരിണാമങ്ങളാണ് മുഹമ്മദ് നബിയുടെ കാൽവയ്പോടെ മദീനയിൽ സംഭവിച്ചത്. നിതാന്തശത്രുക്കളായിരുന്ന ഔസ്-ഖസ്റജ് ഗോത്രങ്ങൾ തമ്മിലിണങ്ങി. മുഹാജിറുകളും അൻസാറുകളും ഒന്നിച്ചു. ചരിത്രത്തിൽ തുല്യതയില്ലാത്ത പ്രതിഭാസമായിരുന്നു അതെല്ലാം. മുഹമ്മദ് നബിയുടെ ആഗമനം മദീനയ്ക്ക് നവചൈതന്യം കൈവരിക്കുകയായിരുന്നു. യദ്രിബിലെ രണ്ടു പ്രബല ഗോത്രങ്ങളായ ഔസും ഖസ്റജും തമ്മിൽ തലമുറകളായി വളരെ ശത്രുത നില നിന്നിരുന്നു. യഥ്രിബിലെ കിട മത്സരത്തിന്റെയും രക്ത ച്ചൊരിച്ചിലിന്റെയും ഭൂമിയിലേക്കാണ് മുഹമ്മദ് നബി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിനയത്തിന്റെയും വിട്ടുവീഴ്ചയുടെയും പ്രവാചക സന്ദേശവുമായി വരുന്നത്.
[തിരുത്തുക] പുരാതന ചരിത്രം
[തിരുത്തുക] ഇസ്ലാമിനു മുമ്പ്
ഇസ്ലാമിന് മുമ്പുണ്ടായ ഒരു മഹാ ജലപ്രളയത്തിൽ നിന്നും രക്ഷപ്പെട്ടവർ പ്രളയാനന്തരം ബാബിലോൺ പട്ടണത്തിന്റെ സമീപത്ത് കപ്പലിൽ എട്ടപ്പെട്ടു. ഇസ്ലാമിക ചരിത്രത്തിൽ തൂഫാൻ എന്ന പേരിലാണ് ഈ പ്രളയം അറിയപ്പെടുന്നത്. എൺപതു പേരടങ്ങുന്ന സംഘം കപ്പലിൽ ആണ് ഇവിടെ എത്തപ്പെട്ടത്. അവർ താമസിച്ച പ്രദേശം മദീനത്തുസ്സമാനീൻ (എൺപതു പേരുടെ പട്ടണം) എന്ന പേരിൽ അറിയപ്പെട്ടു. ജനസംഖ്യ കൂടിയപ്പോൾ ഓരോ കുടുംബവും വിവിധ രാജ്യങ്ങളിലേക്ക് താമസം മാറ്റിത്തുടങ്ങി. നൂഹ് നബിയുടെ രണ്ടാമത്തെ പൌത്രനായ അബീലിന്റെ മകൻ യസ്രിബ് കുടുംബസമേതം മദീനയിൽ വന്നു താമസമാക്കി. അങ്ങനെയാണ് ഈ പ്രദേശം പിൽക്കാലത്ത് യസ്രിബ് എന്ന പേരിൽ പ്രസിദ്ധമായത്. പിന്നീട് പല കാരണങ്ങളാലും പല ജൂത കുടുംബങ്ങളും മദീനയിൽ കുടിയേറിപ്പാർക്കുകയും അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
[തിരുത്തുക] യഹൂദ ഗോത്രങ്ങൾ
മുഹമ്മദ് നബി മദീനയിലേക്ക് വരുന്നതിനു മുമ്പ് യഹൂദ ഗോത്രങ്ങൾ മദീനയിലെ പ്രമുഖ വിഭാഗമായിരുന്നു. എ. ഡി രണ്ടാം നൂറ്റാണ്ടിൽ യഹൂദ-റോമൻ യുദ്ധത്തെ തുടർന്ന് ക്രിസ്ത്യാനികളായ റോമക്കാരുടെ ആക്രമണത്തിൽ നിന്നും രക്ഷ തേടിയാണ് മദീനയിൽ ജൂതസമൂഹം കുടിയേറിയത്. മദീനയിലെ പലയിടങ്ങളിലായി അവർ താമസമാക്കി. ഇവർ പ്രധാനമായും ബനൂ ഖുറൈള, ബനൂ നളീർ, ബനൂ ഖൈനുഖാഅ എന്നീ മൂന്ന് ഗോത്രക്കാരായിരുന്നു. കൃഷി, കച്ചവടം മുതലായ മാർഗങ്ങളിലൂടെ ഏറെക്കുറെ പട്ടണവാസികളുടെ ജീവിതമാണ് അവർ നയിച്ചിരുന്നത്. കൃഷിസ്ഥലങ്ങളെല്ലാം ഇവരുടെ കീഴിലായിരുന്നു.ഇവിടെയെത്തിയ മുഹമ്മദ് നബി യഹൂദരോട് വളരെയധികം സൌഹൃദം നിലനിർത്തിയിരുന്നു. മുഹമ്മദ് നബി മദീനയിൽ ആഗതനായപ്പോൾ സ്വീകരണം നൽകിയവരിൽ ജൂതൻമാരുമുണ്ടായിരുന്നു. അവിടെയെത്തിയ മുഹമ്മദ് നബിയുടെ പ്രവർത്തനങ്ങൾക്ക് പൂർണമായും അന്നത്തെ മദീനയിലെ യഹൂദ ഗോത്രങ്ങൾ എതിരായിരുന്നു. അതിനാൽ മദീനയിലെത്തിയ മുഹമ്മദ് നബിയെ ചതിക്കുകയും ദ്രോഹിക്കുകയും മക്കാ മുശ്രിക്കുകളുമായി ചേർന്ന് മുസ്ലിംകളെ നശിപ്പിക്കാനൊരുങ്ങുകയും ചെയ്യുകയുണ്ടായി. ചില സമയങ്ങളിൽ യഹൂദരും മുസ്ലിംകളുമായി സംഘട്ടനം പോലും നടന്നു[6].
[തിരുത്തുക] ഔസ്-ഖസ്റജ് ഗോത്രങ്ങൾ
ക്രിസ്തുവർഷം 450-ൽ യമനിലെ മആരിബ് അണക്കെട്ട് തകർന്നതിനെ തുടർന്ന് അവിടെ നിന്നും ഉള്ള ഗോത്ര വിഭാഗങ്ങളായ ഔസ്, ഖസ്റജ് വിഭാഗങ്ങൾ മദീനയിലെത്തി[7][8] മദീനയിലെത്തിയ പ്രബല ഗോത്രങ്ങളായ ഔസും ഖസ്റജും തമ്മിലേറ്റുമുട്ടാത്ത നാളുകൾ വളരെ വിരളമായിരുന്നു. തലമുറകളിലൂടെ തുടർന്നുവരുന്നതായിരുന്നു അവർക്കിടയിലെ വൈരം. അവരുടെ സ്ത്രീകൾ മക്കളെ ഗർഭം ചുമന്നിരുന്നതും പ്രസവിച്ചിരുന്നതും പോറ്റി വളർത്തിയിരുന്നതും പരസ്പരം പൊരുതി മരിക്കാനായിരുന്നു. അവർ ഓരോ പോർക്കളത്തോടും വിടപറഞ്ഞിരുന്നത്, പുതിയ പടക്കളത്തിൽ പടവെട്ടാനുള്ള പ്രതിജ്ഞയോടെയായിരുന്നു. മുഹമ്മദ് നബിയു ടെ വരവോടെ ഇവരെ പരസ്പരം ഉള്ള ശത്രുത മാറ്റാൻ കഴിഞ്ഞു. യഥ്രിബ് മദീനത്തുന്നബിയായതോടെ ഔസ്-ഖസ്റജ് ഗോത്രങ്ങൾ ആത്മമിത്രങ്ങളായി. ഇസ്ലാമിക സാഹോദര്യത്തിന്റെ സന്ദേശം അവരെ കൂട്ടിയിണക്കി.
ഔസ്-ഖസ്റജ് ഗോത്രങ്ങൾ വരുമ്പോൾ മദീനയുടെ പരിസര പ്രദേശങ്ങളിൽ ധാരാളം ഗ്രാമീണ അറബി ഗോത്രങ്ങളുമുണ്ടായിരുന്നു. അന്ന് മദീനയിലുണ്ടായിരുന്ന ജൂത ഗോത്രങ്ങൾ ഔസ് ഖസ്റജ് ഗോത്രങ്ങളെ ഫലഭൂയിഷ്ടമായ ഭൂമിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. അതിനാൽ കൃഷിയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ജീവിക്കാൻ അവർ നിർബന്ധിതരായി. സിറിയയിലുള്ള തങ്ങളുടെ സഹോദര ഗ്രോത്രം അവിടെ ഒരു രാജവംശത്തിന് അടിത്തറയിടുകയും സൈനികമായി ശക്തിപ്രാപിക്കുകയും ചെയ്യുന്നത് വരെ ഈ അവസ്ഥ തുടർന്നു. പിന്നീട് അവർ ഗസ്സാനികളോട് സഹായം തേടുകയും അവർ സൈന്യസമേതം വന്ന് ബലം പ്രയോഗിച്ച് യഹൂദരെ മദീനാ പട്ടണത്തിൽ നിന്ന് പുറത്താക്കി. നല്ല കൃഷിസ്ഥലങ്ങളെല്ലാം ഔസ് ഖസ്റജ് വിഭാഗങ്ങൾ സ്വന്തമാക്കി. സുരക്ഷിതത്തിനും പ്രതിരോധത്തിനും സുഖവാസത്തിനുമായി യദ്രിബ് നിവാസികൾ അവിടെ ഒട്ടധികം കോട്ടകൾ നിർമ്മിച്ചു. അമ്പത്തി ഒമ്പത് കോട്ടകൾ ജൂതന്മാർ നേരത്തെ നിർമ്മിച്ചിട്ടുണ്ടായിരുന്നു. അവരെ അനുകരിച്ചു പിന്നീട് അറബികൾ യസ്രിബിൽ പതിമൂന്നു കോട്ടകൾ കൂടി നിർമ്മിച്ചു. ഇതിനു പുറമെ പിന്നീട് മുഹമ്മദ് നബിയുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അനുയായികൾ അമ്പത്തിയാറ് കോട്ടകൾ കൂടി നിർമ്മിച്ചു. അതോടെ മദീനയിൽ കോട്ടകളുടെ എണ്ണം 128 ആയി[9].
[തിരുത്തുക] ഹിജ്റ
മുഹമ്മദ് നബിയുടെ ജീവിതത്തിൽ ഏറ്റവും നിർണായകമായ സംഭവമായിരുന്നു ഹിജ്റ[10]. മക്കയിൽ തന്റെ ആദർശ പ്രബോധനം തടയപ്പെട്ടപ്പോൾ താൻ ജനിച്ച നാടും സ്വകുടുംബവും സമ്പാദിച്ച ധനവും എല്ലാം ഉപേക്ഷിച്ച് വശ്വാസവും ആദർശവുമായി മദീനയിലേക്ക് പലായനം നടത്തുകയായിരുന്നു. മദീനയിലേക്കുള്ള യാത്രാ മദ്ധ്യേ (ഹിജ്റ) ശത്രുക്കളിൽ നിന്നും മുഹമ്മദ് നബിയെയും ഒന്നാം ഖലീഫയായ അബൂബക്കർ സിദ്ധീഖിനെയും അഭയം കൊടുത്ത് ചരിത്രത്തിൽ ഇടം നേടിയ സ്ഥലമാണ് മക്കയിലെ സൌർ ഗുഹ. മക്കയിലെ ഏറ്റവും ഉയരം കൂടിയ ഈ മലയിലൂടെ വളരെ പ്രയാസമേറിയ വഴിയിലൂടെയാണ് മുഹമ്മദ് നബി മദീനയിലേക്ക് പോയത്. ഗുഹാ മുഖത്തു ചിലന്തിവലയും പ്രാവിന്റെ മുട്ടയും കണ്ട ശത്രുക്കൾ ആൾപ്പെരുമാറ്റത്തിന്റെ ലക്ഷണമില്ലാത്തതിനാൽ മടങ്ങിപ്പോവുകയായിരുന്നു. ശത്രുക്കൾ അടങ്ങിയശേഷം മൂന്നാം ദിവസം രാവിലെ യഥ്രിബ് ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. ചെങ്കടൽ തീരപ്പാതയിലൂടെയായിരുന്നു യാത്ര. ശത്രുക്കളുടെ കണ്ണു വെട്ടിച്ചു റബീഉൽ അവ്വൽ 12നു തിങ്കളാഴ്ച യഥ്രിബിനടുത്തുള്ള ഖൂബാഇലെത്തി. ആഹ്ലാദാരവങ്ങളോടെയാണു സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ജനങ്ങൾ പ്രവാചകനെ സ്വീകരിച്ചത്[11].
മുഹമ്മദ് നബിയുടെ മദീനാ പാലായനത്തിന്റെ സമയം മുതലാണ് മുസ്ലിം കാലഗണനക്കായി ഹിജ്റ കലണ്ടർ കണക്കു കൂട്ടി വരുന്നത്. മുഹമ്മദ് നബി എത്തിയ ശേഷം യഥ്രിബു പ്രവാചകന്റെ പട്ടണം അഥവാ മദീന അൽ മുനവ്വറ എന്നറിയപ്പെട്ടു. ആദർശത്തിനു വേണ്ടി സ്വന്തം നാടും വീടും സ്വത്തുക്കളും ബന്ധുക്കളെയും ത്യജിച്ചെത്തിയ മുസ്‌ലിംങ്ങളുടെ ചരിത്ര ഹിജ്‌റ മദീന സന്ദർശിക്കുന്നവർ സ്മരിക്കുന്നു. ഇസ്ലാമിക ചരിത്രത്തിൽ ഒട്ടേറെ പ്രാധാന്യമുള്ള പുണ്യ ഭൂമിയാണ് മദീന. ഇസ്ലാമിന്റെ സമ്പൂർണ ജീവിതക്രമം പ്രായോഗിക ജീവിതത്തിലൂടെ മുഹമ്മദ് നബി ലോകത്തിന് കാണിച്ചു കൊടുത്തത് ഈ മദീനാ പ്രദേശത്ത് നിന്നും ആണ്. ഖുർആനിലെ വിധി വിലക്കുകളുമായി ബന്ധപ്പെട്ട എല്ലാ വലിയ അധ്യായങ്ങളും ഈ പുണ്യ ഭൂമിയിലാണ് രൂപം കൊണ്ടത്. മുഹമ്മദ് നബി മദീനയിലേക്കു ഹിജ്റ നടത്തിയതിനെ തുടർന്ന് നിലവിൽ വന്ന മാതൃകാ ഇസ്ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാന നഗരി കൂടിയായിരുന്നു മദീന. മുഹമ്മദ് നബി മരണപ്പെട്ട ശേഷം ഇസ്ലാമിക ഖലീഫമാരായ അബൂബക്കർ സിദ്ദീഖ്, ഉമർ, ഉസ്മാൻ തുടങ്ങിയവരുടെ കാലത്തും മദീന തന്നെയായിരുന്നു ഇസ്ലാമിക ലോകത്തിന്റെ കേന്ദ്ര സ്ഥാനം.
[തിരുത്തുക] ബദ്ർ യുദ്ധം
മുഹമ്മദ് നബിയുടെ നേതൃത്വത്തിൽ ഇസ്ലാമിക സൈന്യവും ശത്രുക്കളും തമ്മിൽ നടന്ന ആദ്യത്തെ യുദ്ധമാണ് ബദർ യുദ്ധം.മുഹമ്മദ് നബി മദീനയിൽ വന്നതിനു ശേഷം മക്കാ നിവാസികളുടെ ഒരു സംഘം അബൂജഹ്‌ലിന്റെ നേതൃത്വത്തിൽ ഖുറൈശി പടയാളികൾ സർവായുധ സജ്ജരായി മുസ്‌ലിംകളെ നേരിടാൻ മക്കയിൽ നിന്നും മദീനയിലേക്ക് പുറപ്പെട്ടു. മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ കൂടെ 313 പേരടങ്ങുന്ന സംഘവും ശത്രുക്കളുമായി ഏറ്റുമുട്ടാൻ തീരുമാനിച്ചു. ദ്വന്ദ്വയുദ്ധത്തിലാരംഭിച്ച യുദ്ധം ശക്തി പ്രാപിക്കുകയും ഒടുവിൽ മുസ്‌ലിം സൈന്യം ശത്രുക്കളെ പരാജയപ്പെടുത്തുകയുമുണ്ടായി. എഴുപത് പേരെ വധിക്കുകയും എഴുപത് പേരെ തടവുകാരായി പിടിക്കുകയും ചെയ്തു. മുഹമ്മദ് നബിയുടെ സംഗത്തിൽ നിന്നും 14 പേരും മരണപ്പെട്ടു. ഹിജ്‌റ രണ്ടാം വർഷം റമദാൻ 17-നായിരുന്നു ബദ്ർ യുദ്ധം നടന്നത്. ഇസ്ലാമിക ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ സംഭവം ഇന്നും അനുസ്മരിക്കപ്പെടുന്നു[12].
[തിരുത്തുക] ഉഹ്‌ദ് യുദ്ധം
മസ്ജിദുന്നബവിയിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെയാണ് ഉഹ്ദ് മല സ്ഥിതി ചെയ്യുന്നത്. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട മലകളിലൊന്നാണ് ഉഹ്ദ്. ഏകദേശം 8 കി.മീ നീളവും ചിലയിടങ്ങളിൽ രണ്ട് കി.മീ വീതിയുമുള്ള കൂറ്റൻമല. മറ്റു മലകളിൽനിന്ന് ഒറ്റപ്പെട്ടു നിൽക്കുന്നതിനാലാണ് ഈ മലയ്ക്ക് ഉഹ്ദ് (ഒറ്റപ്പെട്ടത്) എന്ന പേരു വന്നത്. മുഹമ്മദ് നബിയുടെ നേതൃത്വത്തിൽ മദീനയിലെ മുസ്ലിം സമൂഹവും അബുസുഫിയാനിന്റെ നേതൃത്വത്തിൽ മക്കയിലെ ഖുറൈഷികളും തമ്മിൽ നടന്ന യുദ്ധമാണ് ഉഹ്‌ദ് യുദ്ധം[13]. ബദ്റിൽ വെച്ചുണ്ടായ പരാജയത്തിൽ മക്കാ ഖുറൈശികൾ തങ്ങളുടെ പ്രതികാരം തീർക്കാൻ വേണ്ടി വീണ്ടും ഒരു യുദ്ധം നടത്തണമെന്ന് തീരുമാനിച്ചു. അതിനാൽ മുഹമ്മദ് നബിയുടെ സംഗത്തിനെതിരെ വീണ്ടുമൊരു സംഘട്ടനത്തിനുള്ള സന്നാഹങ്ങൾ അവർ സജ്ജമാക്കിക്കൊണ്ടിരുന്നു. ഇതിനു നേതൃത്വം നൽകിയത് ഇക്രിമബിൻ അബീജഹൽ, സ്വഫ്വാനുബ്നു ഉമയ്യ, അബൂസുഫ്യാൻ, അബ്ദുല്ലാഹിബിൻ അബീറബീഅ എന്നീ ഖുറൈശി നേതാക്കൾ ആയിരുന്നു. ബദ്റ് യുദ്ധത്തിന് കാരണമാകുകയും അബൂസുഫ്യാന്റെ കൂടെ രക്ഷപ്പെടുകയും ചെയ്ത കച്ചവട സംഘത്തിന്റെ സഹായത്താൽ ആണ് മക്ക ഖുറൈശികൾ ഈ യുദ്ധം നടത്തിയത് . മറ്റൊരു വിഭാഗമായ തിഹാമക്കാരുടെയും കിനാന ഗോത്രത്തിന്റെയും ഹബശികളുടെയും സഹായവും ഇവർ സ്വീകരിച്ചു. മക്കക്കാർ അബു സുഫിയാനിന്റെ നേതൃത്വത്തിൽ 3000 കാലാൾപടയും 200 അശ്വഭടന്മാരും അടങ്ങുന്ന സൈന്യവുമായി മദീനയിലേക്ക് നീങ്ങി. മദീനയുടെ പ്രാന്തപ്രദേശമായ ഉഹുദ് മലയടിവാരത്തിൽ 1000 കലാൾപടയടങ്ങുന്ന പ്രവാചക സൈന്യം ഇവരെ നേരിട്ടു. തുടക്കത്തിൽ മുസ്ലിംകൾക്കയിരുന്നു വിജയം. യുദ്ധത്തിനൊടുവിൽ മുസ്ലിംകൾ ഖുറൈഷികളെ തുരത്തിയെങ്കിലും മുസ്ലിംകൾക്ക് കനത്ത നഷ്ടമുണ്ടായി.70ഓളം മുസ്ലിംകൾ ഈ യുദ്ധത്തിൽ വധിക്കപ്പെട്ടു[14].
മദീനാ തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രമാണ് ഉഹ്ദ് മല. മസ്ജിദുന്നബവിയിൽ നിന്നും ഏകദേശം അഞ്ചുകിലോമീറ്റർ ദൂരമുള്ള ഉഹദ്, മശ്ഹദ് ഹംസ എന്ന പേരിലാണ് മദീനക്കാർ പറയുക. ഹിജ്റ മൂന്നാം വർഷം ഇസ്ലാമിക ചരിത്രത്തിൽ സുപ്രധാനമായ പോരാട്ടം നടന്നത് ഉഹ്ദ് പർവ്വത താഴ്വരയിൽ വെച്ചായിരുന്നു. മഹാനായ ഹംസ ഉൾപ്പെടെയുള്ള ധീര രക്തസാക്ഷികളെ അടക്കം ചെയ്യപ്പെട്ട സ്ഥലമെന്ന നിലക്കും ജിഹാദ് ഭൂമിയെന്ന നിലക്കും സ്ഥാനമുള്ളതിനു പുറമെ ഉഹ്ദ് പർവ്വതത്തിന് പ്രത്യേകമായി ചില ശ്രേഷ്ഠതകളും പ്രാധാന്യങ്ങളുമുണ്ട്. എല്ലാ അർഥത്തിലും അവിടെ സന്ദർശിക്കൽ അനിവാര്യവും പുണ്യം നിറഞ്ഞതുമാണ്. മദീനയിലെ ഏറ്റവും നീളം കൂടിയതും രൂപാകൃതിയുടെ കാര്യങ്ങളിൽ ഒറ്റയാനുമായ ഉഹ്ദിന് സുമാർ ആറായിരം മീറ്റർ നീളമുണ്ട്. അതിന്റെ പടിഞ്ഞാറ് ഭാഗത്തായി മലയുടെ താഴ്ഭാഗത്ത് മഹാനായ സഹോദരൻ ഹാറൂൻ(അ)ന്റെ മഖ്ബറ സ്ഥിതി ചെയ്യുന്നുണ്ട്. അതിന്മേൽ ഒരു ഖുബ്ബയുണ്ടെന്നും അത് മദീനക്കാർക്കിടയിൽ പ്രശസ്തമാണെന്നും അതിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി ഒരു ജലസംഭരണിയുണ്ടെന്നും ചരിത്രഗവേഷകനായ പ്രൊഫസർ സയ്യിദ് അഹ്മദ് യാസീൻ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ അത് ഇന്ന് ദൃശ്യമല്ല. ചരിത്രപ്രധാമായ പോരാട്ടം നടന്നത് ഉഹ്ദ് മലയുടെ താഴ്വരയിൽ വെച്ചാണ്. ഉഹ്ദിൽ ശഹീദായ 70 സ്വഹാബിമാരിൽ മുഹാജിറുകളായ നാലു മഹാന്മാർ ഇവിടെ ഒരു കെട്ടിനുള്ളിലാണുള്ളത്.
[തിരുത്തുക] ഖന്ദഖ് യുദ്ധം
മക്കയിൽ നിന്ന് വന്ന മുശ്‌രിക്കുകളുടെ നേതൃത്വത്തിലുള്ള സഖ്യ സൈന്യം ഇസ്ലാമിക വിശ്വാസികളോട് ഏറ്റുമുട്ടിയതാണ് അഹ്‌സാബ് യുദ്ധം (ഖന്ദഖ് യുദ്ധം). അഹ്‌സാബ് യുദ്ധത്തിന് മുൻകൈയ്യെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ്. അതിനു വേണ്ടി അവർ മക്കാനിവാസികളെ കൂടി ഉപയോഗപ്പെടുത്തുകയായിരുന്നു. മക്കയിലെ അവിശ്വാസികൾ അറേബ്യയിലെ വിവിധ ഗോത്രങ്ങളുടെയും മദീനയിലെ ജൂതന്മാരുടെയും സഹകരണത്തോടെ മദീനയെ ഉപരോധിച്ചു. മദീനയെ സംരക്ഷിക്കാൻ മുസ്ലിംകൾ പട്ടണത്തിനു ചുറ്റും കിടങ്ങ് കുഴിച്ചു. അതിനാൽ ഖന്തഖ് അഥവാ കിടങ്ങു യുദ്ധം എന്ന പേരിൽ ഇത് അറിയപ്പെടുന്നു. ഏകദേശം രണ്ട് കിലോമീറ്റർ നീളത്തിലും 4 മുതൽ 5 മീറ്റർ വരെ വീതിയിലും മൂന്ന് മീറ്റർ ആഴത്തിലും കുഴിക്കപ്പെട്ട കിടങ്ങ് വളരെ ത്യാഗം സഹിച്ചാണ് മുഹമ്മദ് നബിയും സ്വഹാബികളും പൂർത്തിയാക്കിയത്. വിശപ്പിന്റെ കാഠിന്യം സഹിക്കാനാവാതെ വയറ്റത്ത് കല്ല് വെച്ചുകെട്ടി മുഹമ്മദ് നബി ഇവിടെ കിടങ്ങ് കുഴിച്ചത്. ഈ യുദ്ധതന്ത്രം അക്കാലത്തെ അറബികൾക്ക് അജ്ഞാതമായിരുന്നു. പേർഷ്യക്കാരനായ സൽമാനാണ് മുഹമ്മദ് നബിക്ക് ഈ തന്ത്രം ഉപദേശിച്ചു കൊടുത്തത്. കിടങ്ങിന്റെ ഇരുവശങ്ങളിലുമായി ഇരുപത് ദിവസം അവർ കഴിച്ചുകൂട്ടി. കിടങ്ങ് മറികടക്കാൻ ശത്രുക്കൾക്ക് കഴിഞ്ഞില്ല. അതിനാൽ ഗത്യന്തരമില്ലാതെ അവിടെ നിന്നും ശത്രുക്കൾക്ക് പിന്തിരിഞ്ഞു പോകേണ്ടി വന്നു[15][16]. ഇപ്പോൾ ഈ സ്ഥലം സബ്അ മസാജിദ് അഥവാ ഏഴു പള്ളികളുള്ള സ്ഥലം എന്നാണ് അറിയപ്പെടുന്നത്.
[തിരുത്തുക] ഇസ്ലാമിക രാഷ്ട്രം
പതിനാലിലേറെ നൂറ്റാണ്ടു മുമ്പ് മദീനയിൽ ആണ് ഇസ്ലാമിക രാഷ്ട്രം പിറവിയെടുത്തത്. എങ്കിലും മദീനയിൽ സ്ഥാപിതമായ രാഷ്ട്രവും സമൂഹവും ബഹുസ്വരമായിരുന്നു. അന്ധ വിശ്വാസവും അനാചാരവും നില നിന്നിരുന്ന മദീനയിൽ ഒരായുധം പോലും എടുക്കാതെയും ഒരു തുള്ളി ചോരപോലും ചിന്താതെയുമാണ് മുഹമ്മദ് നബി അത് സ്ഥാപിച്ചത്. മദീനയിൽ ഇസ്ലാമിക രാഷ്ട്രവും ഭരണവും രൂപം കൊള്ളുമ്പോൾ മുസ്ലിംകൾ അവിടെ ചെറിയ ന്യൂനപക്ഷമായിരുന്നു. മദീനയിലെ യഹൂദരുൾപ്പെടെ ഇസ്ലാമേതര സമൂഹങ്ങളുടെ സഹകരണത്തോടെയും കൂട്ടായ്മയോടെയും പങ്കാളിത്തത്തോടെയുമാണ് പ്രവാചകൻ ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചത്. തുടർന്ന് തദ്ദേശീയരുമായി ചേർന്ന് അദ്ദേഹം രാജ്യത്തിന് ഒരു ഭരണഘടനയും തയാറാക്കി. അതിൽ പകുതിയോളം ഭാഗം ഇസ്ലാമേതര സമൂഹങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും ഊന്നിപ്പറയുന്ന ഖണ്ഡികകളാണ്. രാഷ്ട്രവും ഭരണവും ഭദ്രമായതോടെ യുദ്ധത്തിനുണ്ടായിരുന്ന നിരോധം പ്രതിരോധാവശ്യാർഥം നീങ്ങുകയും അതിന് അനുമതി ലഭിക്കുകയും ചെയ്തു. ഇങ്ങിനെ യുദ്ധത്തിന് അനുമതി നൽകിയത് സന്യാസിമഠങ്ങളും ജൂത സിനഗോഗുകളും ക്രൈസ്തവ ചർച്ചുകളും മുസ്ലിം പള്ളികളും സംരക്ഷിക്കപ്പെടാനാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു[17].
പിന്നീട് വന്ന രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖിന്റെ ഭരണകാലത്ത് സിറിയ, ലബനാൻ, കിഴക്കൻ ജോർഡൻ, ഫലസ്തീൻ, ഈജിപ്ത്, ലിബിയ, ഇറാഖ്, ഇറാൻ, അർമേനിയ, ജസീറ, അസർബൈജാൻ, കിർമാൻ, ഖുറാസാൻ തുടങ്ങിയ പ്രദേശങ്ങൾ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമായി മാറി. ഖലീഫാ ഉമറിന്റെ കാലത്ത് ഇസ്ലാമിക രാഷ്ട്രത്തിലെ മുസ്ലിം ജനസംഖ്യ രണ്ടര ശതമാനത്തിൽ താഴെയായിരുന്നു. പ്രസ്തുത നാടുകളിൽ മുസ്ലിംകൾ അമ്പത് ശതമാനമായത് ഏകദേശം നാനൂറു വർഷംപിന്നിട്ട ശേഷമാണ്. ഇസ്ലാമിക രാഷ്ട്രത്തിന്റെയും ഭരണത്തിന്റെയും സുവർണകാലത്ത് മുസ്ലിംകൾ ന്യൂനപക്ഷമായിരുന്നുവെന്നിത് വ്യക്തമാക്കുന്നു. ഇസ്ലാമികരാഷ്ട്രം സ്ഥാപിതമാകുന്ന കാലത്ത്, മധ്യപൂർവ ദേശത്ത് ആധിപത്യം നടത്തിയിരുന്നത് റോമാ-പേർഷ്യൻ സാമ്രാജ്യ ശക്തികളായിരുന്നു. തദ്ദേശീയർ ആ ഭരണകൂടങ്ങളെ കഠിനമായി വെറുക്കുകയും അവരുടെ ഭരണം മാറണമെന്ന് അതിയായാഗ്രഹിച്ചു. അതിനാലാണ് സൈനികശേഷിയിലും ആയുധശക്തിയിലും വളരെയേറെ പ്രബലരായിരുന്നിട്ടും അവർക്ക് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നത്. സിറിയൻ തലസ്ഥാനമായ ഡമസ്കസ് ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമായ ശേഷം സാമ്രാജ്യ ശക്തികളുടെ കടന്നാക്രമണം പ്രതിരോധിക്കാനാവാതെ മുസ്ലിംകൾക്ക് പിന്മാറേണ്ടി വന്നു. ഖലീഫാ ഉമറിന്റെ കാലത്തും സാമ്രാജ്യത്വത്തിനെതിരെ ഇസ്ലാമിക-ക്രൈസ്തവ കൂട്ടായ്മ നിലനിന്നിരുന്നു.
[തിരുത്തുക] ഉമയ്യദ് കാലഘട്ടം
ഇസ്ലാമിക ഖലീഫമാരിൽ ആദ്യത്തെ നാലു ഖലീഫമാർക്ക് ശേഷം മദീനയിൽ ഭരണം നടത്തിയ ഭരണാധികാരികളാണ് ഉമയ്യദ് രാജവംശം. ക്രിസ്തു വർഷം 657 -ൽ നടന്ന യുദ്ധത്തിന്റെ അനന്തര ഫലമായാണ് ഉമയ്യദ് രാജവംശം രൂപം കൊണ്ടത്. തുടർന്ന് 661-ൽ ഉമയ്യദ് ഭരണകൂടത്തിന്റെ ആസ്ഥാനം ദാമാസ്കസിലേക്ക് മാറ്റുകയും മതപരമായി പ്രാധാന്യമുള്ള മദീന നഗരത്തെ പ്രവിശ്യാ നഗരം എന്ന പദവി നൽകുകയും ചെയ്തു. ഉമയ്യദ് ഖലീഫയായിരുന്ന അൽ-വലീദ് തന്റെ ഭരണവ്യവസ്ഥയിൽ കുറെ ഇസ്ലാമിക നിയമങ്ങൾ ഉൾപ്പെടുത്തി.ആ കാലഘട്ടത്തിലെ മറ്റു ഭരണാധികാരികളിൽ നിന്ന് വ്യത്യസ്തമായി ഒരു കൗൺസിൽ രൂപവത്കരിച്ചുകൊണ്ടായിരുന്നു ഉമർ തന്റെ പ്രവിശ്യയിലെ ഭരണം നടത്തിയത്. ഡമാസ്കസിലേക്ക് പോയിരുന്ന എല്ലാ ഔദ്യോഗിക പരാതികളും മദീനയിൽ തന്നെ പരിഹരിക്കപ്പെടുകയും ചെയ്തു.
[തിരുത്തുക] അബ്ബാസിദ് കാലഘട്ടം
ഉമയ്യാദ് ഖിലാഫത്തിന്റെ പതനത്തിന് ശേഷം എ.ഡി.750 ന് ശേഷം ബാഗ്ദാദ് തലസ്ഥാനമാക്കി നിലവിൽവന്ന മുസ്ലിം സാമ്രാജ്യമാണ് അബ്ബാസിദ് രാജവംശം. ഉമയ്യദ് രാജവംശത്തെ സ്ഥാന ഭ്രഷ്ടരാക്കി കൊണ്ട് അധികാരത്തിൽ വന്ന അബ്ബാസിദ് രാജവംശം എ.ഡി.1258 വരെ നിലനിന്നു. മുഹമ്മദ് നബിയുടെ ഇളയ പിതൃവ്യനായ അബ്ബാസിസ്ബ്നു അബ്ദിൽ മുത്ത്വലിബിലേക്ക് ബന്ധപ്പെടുത്തിയാണ് ഈ പേരു വന്നത്. അബ്ബാസിദ് രാജവംശ കാലത്ത് ഇസ്ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനം മദീനയിൽ നിന്നും ബാഗ്ദാദിലേക്ക് മാറ്റി.
[തിരുത്തുക] ഓട്ടോമന് കാലഘട്ടം
ഏഷ്യാ മൈനർ ആസ്ഥാനമാക്കി പതിമൂന്നാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ മുസ്ലിം ലോകം ഭരിച്ച തുർക്കി രാജവംശമായ ഒട്ടോമാൻ രാജവംശമായിരുന്നു അബ്ബാസിദ് ഭരണ ശേഷം മദീനയടക്കമുള്ള പ്രദേശങ്ങളിൽ ഭരണം നടത്തിയത്. ഉഥ്മാനിയ്യഃ ഖിലാഫത്, ഒട്ടോമൻ സാമ്രാജ്യം എന്നീ പേരുകളിൽ ഈ രാജവംശം അറിയപ്പെടുന്നു. ഇതിന്റെ സ്ഥാപകനായിരുന്ന ഉഥ്മാൻ ഖാനിലേക്ക് ചേർത്തു കൊണ്ടാണ് ഉഥ്മാനികൾ എന്ന പേർ വന്നത്. ഈ കാലഘട്ടങ്ങളിൽ ഇസ്താംബൂൾ ആയിരുന്നു തലസ്ഥാന നഗരം.
[തിരുത്തുക] സൗദി കാലഘട്ടം
1926 ജനുവരി 8-നു അബ്ദുൽ അസീസ് ഇബ്ന് സൌദ് റിയാദ് ആസ്ഥാനമായ സൗദി അറേബ്യയുടെ രാജാവായി അധികാരമേറ്റു. അതോടെ തീർഥാടക നഗരങ്ങളായ മക്കയും മദീനയും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഈ ഭരണത്തിനു കീഴിലായി. പിന്നീട് ഇദ്ദേഹത്തിന്റെ കുടുംബ പരമ്പരയിൽ നിന്നുള്ളവരാണ് രാജാക്കന്മാരായി തുടർന്ന് പോരുന്നു. 1926-ൽ ഭരണമേറ്റെടുത്ത അസീസ് രാജാവ് 1953 -ൽ മരണപ്പെടുന്നത് വരെ രാജാവായി തുടർന്നു. ഇദ്ദേഹത്തിന്റെ മരണ ശേഷം 1953 മുതൽ1964 വരെ സൌദ് ബിൻ അബ്ദുൽ അസീസ് രാജാവ് ആണ് രാജാവായി വന്നത്. ഇദ്ദേഹം പതിനൊന്നു വര്ഷം സൗദി അറേബ്യയിൽ അധികാരത്തിലിരുന്നു. സൌദ് രാജാവിനു ശേഷം ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ് അൽ-സൌദ് 1964 മുതൽ 1975 വരെ രാജ്യം ഭരിച്ചു. തുടർന്ന് 1975 മുതൽ 1982 വരെ ഖാലിദ് ബിൻ അബ്ദുൽ അസീസ് രാജാവും തുടർന്നു. ശേഷം വന്ന ഫഹദ് രാജാവ് 1982 മുതൽ 2005 വരെ രാജാവായി തുടർന്നു. ഫഹദ് രാജാവിന്റെ മരണ ശേഷം 2005 മുതൽ അബ്ദുള്ള ബിൻ അബ്ദുൽ അസീസ് രാജാവ് അധികാരത്തിൽ വന്നു. ഇദ്ദേഹം ഇപ്പോഴും സൗദി അറേബ്യയുടെ രാജാവായി തുടരുന്നു.
[തിരുത്തുക] ആധുനിക മദീന
മുഹമ്മദ് നബി ജീവിക്കുകയും ഒരു ജനതയെ സമ്പൂർണമായി സംസ്കരിക്കുകയും ചെയ്ത മദീനയുടെ മണ്ണ് ഒരുപാട് ചരിത്ര കഥകൾ പറയുന്നു. വിശ്വസ്തൻ (അൽഅമീൻ) ആയി സർവരാലും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്ത മുഹമ്മദ് നബി നടന്നു നീങ്ങിയ വഴിയും സഞ്ചരിച്ച പാതയും അദ്ദേഹത്തിന്റെ വിശുദ്ധജീവിതം തൊട്ടറിഞ്ഞ മരുഭൂമിയും ആ വസന്ത കുസുമത്തിന്റെ സൌരഭ്യം നുകർന്ന ഈത്തപ്പനത്തോട്ടങ്ങളും മനസ്സിൽ സൃഷ്ടിക്കുന്ന വൈകാരികത ഇവിടെയെത്തുന്ന വിശ്വാസികൾക്ക് അവർണനീയമാണ്. അക്കാരണത്താൽ ഇന്നും ദിനംപ്രതി പതിനായിരക്കണക്കിന് വിശ്വാസികളാണ് മദീനയിൽ എത്തിച്ചേരുന്നത്. മുഹമ്മദ് നബിയോടുള്ള അടങ്ങാത്ത സ്നേഹവും അതിരറ്റ ബഹുമാനവും അദ്ദേഹത്തോടുള്ള പ്രതിബദ്ധതയും തന്നെയാണ് അതിനു പ്രധാന കാരണം. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വളരെ വേഗത്തിൽ മദീന പട്ടണം മാറിക്കൊണ്ടിരിന്നു. ദശലക്ഷ ക്കണക്കിന് ഹജ്ജ്, ഉംറ തീർഥാടകർക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തിൽ സൗദി അറേബ്യൻ ഗവണ്മെന്റിന്റെ നേത്രുത്വത്തിൽ വിശുദ്ധ നഗരിയായ മദീനയിൽ വികസന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് . നിലവിലുള്ള വിമാനത്താവളത്തിന് പുറമേ മറ്റൊരു വിമാനത്താവളം കൂടി നിർമിക്കുന്നുണ്ട്. മദീനാ റൌളയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് വർധിച്ചു വരുന്നത് കണക്കിലെടുത്ത് മക്കയിൽ നിന്നും മദീനയിലേക്ക് ട്രെയിൻ സർവ്വീസും നിർമ്മാണം ആരംഭിച്ചിട്ടുണ്ട്[18].
[തിരുത്തുക] ഭരണ വ്യവസ്ഥ
[തിരുത്തുക] ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണ ഘടന
മുഹമ്മദ് നബിയുടെ ഹിജ്‌റയെ തുടർന്ന് മദീന ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ആസ്ഥാനമായി. മുഹമ്മദ് നബിയുടെ കാലത്ത് തന്നെ മദീനയിൽ മതത്തെയും ഭരണകൂടത്തെയും പരിഗണിച്ചിട്ടുണ്ട്. ഇത് പ്രകാരം വ്യക്തമായ ഭരണ വ്യവസ്ഥ തന്നെ അദ്ദേഹം രൂപപ്പെടുത്തി. മതത്തിന്റെയും രാഷ്‌ട്രത്തിന്റെയും സ്ഥാപകനായിരുന്നു അദേഹം. മുഹമ്മദ് നബി പള്ളികളിൽ പ്രാർഥനയ്‌ക്ക് നേതൃത്വം കൊടുക്കുകയും ആളുകളുടെ തർക്കങ്ങളിൽ തീർപ്പുകല്‌പിക്കുകയും സൈന്യത്തെ നയിക്കുകയും വ്യത്യസ്‌ത ഉടമ്പടികളിൽ ഒപ്പിടുകയും ചെയ്‌തു. മദീനയിലെത്തിയ ശേഷം അവിടെ ഒരു മസ്‌ജിദ് പണിയുകയും അൽ-സഹീഫാ എന്ന പേരിൽ ഒരു ഭരണഘടന സമർപ്പിക്കുകയും ചെയ്‌തു. ഭരണഘടനാ സമിതിയുടെ അധ്യക്ഷനായി മുസ്‌തഫാ ബിൻ ജഅഫറിനെ നിയമിച്ചു. ലോകത്തിലെ ഏറ്റവും പഴയ ഭരണഘടനകളിലൊന്നാണ് സഹീഫ. ഇതിൽ മക്കയിൽ നിന്നെത്തിയ മുഹാജിറുകളും മദീനയിലെ അൻസാറുകളും തമ്മിലുള്ളതും മദീനയിലെ ജൂതഗോത്രങ്ങളുമായി ബന്ധപ്പെട്ടതുമായ പല കരാറുകളും ഉൾപ്പെട്ടിരുന്നു. ഇവരെല്ലാം ഒരേ രാഷ്‌ട്രത്തിലെ അംഗങ്ങളായി പരിഗണിക്കപ്പെട്ടിരുന്നു. വ്യത്യസ്‌തമായ അസ്‌തിത്വമുള്ള രണ്ട് മതങ്ങളുടെ അനുയായികളെ ഉൾക്കൊള്ളുന്ന ഏക രാഷ്‌ട്രമായിരുന്നു മദീന. സഹീഫ ഭരണഘടനയിൽ രാഷ്‌ട്രീയപരവും മതപരവുമായുള്ള വേർതിരിവ് വ്യക്തമാക്കിയിരുന്നു. ഇതിൽ മുസ്‌ലിംകളും ജൂതന്മാരും മതപരമായി വ്യത്യസ്‌തരാണ്. പക്ഷേ, മുസ്‌ലിംകളും ജൂതന്മാരും മറ്റു ബഹു ദൈവാരാധകരും രാഷ്‌ട്രീയപരമായി ഒരേ രാഷ്‌ട്രത്തിന്റെ ഭാഗമാണ്.
മുഹമ്മദ് നബി മദീനയിൽ രൂപപ്പെടുത്തിയ ഭരണഘടന അദ്ദേഹത്തിന്റെ രാഷ്‌ട്രതന്ത്രജ്ഞത ബോധ്യപ്പെടും. മദീനയുടെ ഭരണഘടന തുടക്കത്തിൽ തന്നെ ലിഖിതരൂപത്തിലായിരുന്നു. ഭരണത്തിന്റെ പ്രധാന വിഭാഗങ്ങളെല്ലാം അതിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. രാഷ്‌ട്രീയം, നിയമനിർമാണം, ഭരണ-നീതിന്യായ സംവിധാനം തുടങ്ങിയവയെല്ലാം അത് കണക്കിലെടുത്തിട്ടുണ്ട്. പ്രവാചകന്റെ കാലത്തെ സാഹചര്യങ്ങൾക്കനുസരിച്ച് അതിൽ നവീകരണങ്ങളും വരുത്തിയിട്ടുണ്ട്. ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ആദ്യത്തെ ഭരണഘടനയെന്നത് മാത്രമല്ല, ലോകത്താദ്യമായി എഴുതപ്പെട്ട ഒരു രാജ്യത്തിന്റെ ഭരണഘടന കൂടിയാണ് പ്രവാചകന്റെ നേതൃത്വത്തിൽ തയാറാക്കപ്പെട്ട `മദീനാ ചാർട്ടർ. സത്യം, നന്മ, നീതി, സമഭാവന എന്നിവയുടെ അടിസ്ഥാനത്തിൽ സഹകരിച്ച്, ഒരൊറ്റ ജനത ആയി നിലനിന്നുകൊണ്ട് ക്ഷേമരാഷ്‌ട്രം കെട്ടിപ്പടുക്കേണ്ട ബാധ്യതയാണ് ഇസ്‌ലാമിക സമൂഹത്തിന്റേത് എന്ന് ലോകത്താദ്യമായി എഴുതപ്പെട്ട മദീനയുടെ ഭരണഘടനയിൽ ഉണ്ടായിരുന്നു. ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ആദ്യത്തെ ഭരണഘടനയെന്നതു പോലെ തന്നെ, മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ സമഗ്ര ലിഖിത ഭരണഘടന കൂടിയാണത്.
[തിരുത്തുക] മദീന പ്രവിശ്യ
സൗദി അറേബ്യയിലെ പടിഞ്ഞാറ് ഭാഗത്ത് മദീന നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രവിശ്യാ ഭരണ കൂടമാണ് മദീന പ്രവിശ്യ. അബ്ദുൽ അസീസ് ബിൻ മാജിദ് രാജകുമാരൻ ആണ് നിലവിലെ പ്രവിശ്യാ ഗവർണർ[19].151,990 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മദീന പ്രവിശ്യയിലെ ജനസംഖ്യ 2004-ലെ കണക്കെടുപ്പ് പ്രകാരം 1,512,724 ആണ്. മദീന, യാംബൂ എന്നിവയാണ് മദീന പ്രവിശ്യയിലെ പ്രധാന നഗരങ്ങൾ.
[തിരുത്തുക] പ്രവിശ്യയിലെ ഗവർണർമാർ
- അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് (1965-1985)
- അബ്ദുൽ മജീദ് ബിൻ അബ്ദുൽ അസീസ് (1986-1999)
- മുഖ്‌രിൻ ബിൻ അബ്ദുൽ അസീസ് (1999-2005)
- അബ്ദുൽ അസീസ് ബിൻ മാജിദ് (2005-തുടരുന്നു)
[തിരുത്തുക] മദീന നഗരസഭ
മദീന നഗരസഭയാണ് മദീന നഗരത്തിന്റെ ഭരണം നിർവഹിക്കുന്നത്. അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ-ഹുസൈൻ ആണ് മദീന നഗരസഭാദ്ധ്യക്ഷൻ. ഭരണ നിർവഹണത്തിന്റെ കാര്യക്ഷമതക്ക് വേണ്ടി നഗരത്തെ പതിമൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
മദീന നഗരസഭയുടെ 13 ഭാഗങ്ങൾ
- മദീന ഹറം
- ഉഹ്ദ്
- അൽ-അവാലി
- അൽ-ഒയൂൻ
- അൽ-ബൈദ
- അൽ-അഖീഖ്
- അൽ-സിദ്ര
- അഭിയർ എല്മഷി
- അൽ-ഫ്രീഷ്
- അൽ-മന്ദസ
- അൽ- മലീഹ്
- അൽ-സ്വിർഹിയ
- ഖുബ
[തിരുത്തുക] ചരിത്ര പ്രധാന സ്ഥലങ്ങൾ
[തിരുത്തുക] മസ്ജിദുന്നബവി
മക്കയിലെ മസ്ജിദുൽ ഹറാം കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠതയുള്ള പള്ളിയാണ് മദീനയിലെ മസ്ജിദുന്നബവി. മുഹമ്മദ് നബിയുടെ ഖബറിനും മിമ്പറിനും ഇടക്കുള്ള റൌളാശരീഫ് എന്ന പേരിലറിയപ്പെടുന്ന സ്ഥലം മസ്ജിദുന്നബവിയിലാണ്. മുഹമ്മദ് നബി മക്കയിൽ നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയ ശേഷം ആദ്യമായി ചെയ്ത പ്രവൃത്തികളിലൊന്നാണ് മസ്ജിദുന്നബവിയുടെ നിർമാണം. നബിയുടെ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്തായിരുന്നു പള്ളിനിർമിച്ചത്. അസ്അദുബ്‌നു സുറാറയുടെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന സഹ്ൽ, സുഹൈൽ എന്നീ അനാഥബാലന്മാരുടെ സ്ഥലം, അബൂബക്കർ സിദ്ദീഖിൽ നിന്ന് 10 ദീനാർ വാങ്ങി വിലയായി നൽകിയാണ് പള്ളിക്കായി വാങ്ങിയത്. വളരെ ചെറിയ ഒരു കുടിൽ പോലെയായിരുന്നു അന്ന് പ്രവാചകന്റെ പള്ളി. അതിന്റെ മേൽക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷ്ടിക കട്ട കൊണ്ട് പടുത്തതുമായിരുന്നു. ഈത്തപ്പനത്തടികളായിരുന്നു തൂണുകൾ. നിലത്ത് ഒന്നും വിരിക്കാനുണ്ടായിരുന്നില്ല. മണലിലായിരുന്നു നമസ്കാരം. പള്ളിയോട് ചേർന്ന് കിഴക്കു വശത്തായിരുന്നു നബി പത്‌നിമാർക്കുവേണ്ടി പണിത കുടിലുകൾ. അവിടെയായിരുന്നു നബിയുടെ താമസം. ഉള്ളിൽ കടക്കുമ്പോൾ ഈത്തപ്പനയോല തലക്കു മുട്ടുന്നത്ര കൊച്ചു വീടുകളായിരുന്നു അവ. ആ വീടുകളുണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോൾ മുഹമ്മദ് നബിയുടെ ഖബർ സ്ഥിതിചെയ്യുന്നത്[20].
[തിരുത്തുക] മസ്ജിദുന്നബവിയുടെ വിപുലീകരണം
വിവിധ ഘട്ടങ്ങളിലെ വിപുലീകരണത്തിലൂടെയാണ് ഇന്നുള്ള രീതിയിൽ മസ്ജിദുന്നബവി വിശാലമായത്. AD 622-ൽ മക്കയിൽ നിന്ന് പലായനം ചെയ്തെത്തിയ മുഹമ്മദ് നബി ശിഷ്യരോടൊപ്പം മണ്ണും മരവും ചുമന്ന് നിർമ്മിച്ചതാണ് മസ്ജിദുന്നബവി. ചളികട്ടകൊണ്ടുള്ള ചുമരുകൾക്കിടയിൽ ഈന്തപ്പനത്തടി തൂണാക്കി ഈന്തപ്പനയോല മേഞ്ഞ 1050 ചതുരശ്ര മീറ്ററിൽ നിർമ്മിക്കപ്പെട്ട ലളിതമായ ഒരു കെട്ടിടംആയിരുന്നു അന്ന്. പിന്നീട് AD 628 -ൽ നബിയുടെ ജീവിതകാലത്ത് തന്നെ 2500 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ നവീഎകരിച്ചു. നബിയുടെ വിയോഗശേഷം AD 638-ൽ രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് ആദ്യമായി 4200 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ആറ് കവാടങ്ങളുമായി മസ്ജിദ് നവീകരിച്ചു. പിന്നീട് മൂന്നാം ഖലീഫ ഉസ്മാന്റെ കാലത്ത് വീണ്ടും നവീകരിച്ചു. അന്ന് മസ്ജിദിനകത്തെ ഇഷ്ടികകൾ അറബിക് കയ്യെഴുത്ത് കൊണ്ട് അലങ്കരിച്ചു. സീലിംഗ് ഇന്ത്യൻ വുഡ് കൊണ്ടും തൂണുകൾ ഇരുമ്പും ഈയവും ഉപയോഗിച്ച് മാറ്റിപ്പണിതു. കൂടാതെ പ്രാർത്ഥനയ്ക് നേതൃത്വം നൽകുന്നവർക്കായി ഒരു മിഅറാബും ഖലീഫ ഉസ്മാന്റെ കാലത്ത് നിർമ്മിക്കപ്പെട്ടു. പിന്നീട് അബ്ബാസിയ ഭരണാധികാരി ഉമറുബ്നു അബ്ദുൽ അസീസിന്റെ നിർദ്ദേശ പ്രകാരം മദീന ഗവർണർ ആയിരുന്ന വലീദ് ബിൻ അബ്ദുൽ മലിക് ആയിരുന്നു പള്ളി നവീകരിച്ചത്. AD 707-710.അതോടെ മസ്ജിദ് 2369 ചതുരശ്ര മീറ്റർ കൂടി ചേർത്ത് വിശാലമാക്കുകയും നാല് മിനാരങ്ങൾ കൂട്ടിചേർക്കുകയും ചെയ്തു. പിന്നീട് അബ്ബാസിയ ഭരണാധികാരി തന്നെയായ ഖലീഫ മഹ്ദി അൽ അബ്ബാസി 2450 ചതുരശ്ര മീറ്റർ കൂടി വികസിപ്പിച്ചു. AD 1483-ൽ സുൽത്താൻ ഖൈതബിയുടെ നവീകരണത്തിന് ശേഷം ഓട്ടോമൻ തുർക്കി ഖലീഫയായിരുന്ന അബ്ദുൽ മജീദ് മുറാദ് അൽ ഉസ്മാനി AD 1844-1861യുടെ കാലത്താണ് നവീകരിച്ചത്. റൌദാശരീഫിന് മുകളിൽ പച്ച ഖുബ്ബ സ്ഥാപിച്ചതും കൂടാതെ മറ്റു 170 ഖുബ്ബകൾ സ്ഥാപിച്ചതും മസ്ജിദിന്റെ വിസ്തീർണ്ണം വീണ്ടും വർദ്ധിപ്പിച്ചതും ഇക്കാലത്തായിരുന്നു. പ്രവാചകരുടെ കാലത്തുണ്ടായിരുന്ന മസ്ജിന്റെ ഭാഗം പ്രത്യേകം അടയാളപ്പെടുത്തുകയും ചെയ്തു. പിന്നീട് സൌദീ രാജവംശത്തിലെ അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് മസ്ജിന്റെ വലുപ്പം 16327 ചതുരശ്ര മീറ്റർ ആക്കി വികസിപ്പിച്ചു.
ഇപ്പോൾ ഏകദേശം 7 ലക്ഷത്തിലധികം പേർക്ക് ഒരേസമയം പള്ളിക്കകത്തും മുകൾ തട്ടിലും മുറ്റത്തുമായി നമസ്കരിക്കാം. 10 മിനാരങ്ങളുള്ള പള്ളിയുടെ മുറ്റത്ത് തണൽ നൽകാൻ 400 ലധികം കൂറ്റൻ യന്ത്രക്കുടകളും അയ്യായിരത്തോളം കാറുകൾക്കു ഒരേസമയം ഭൂമിക്കടിയിൽ പാർക്കു ചെയ്യാനുള്ള സംവിധാനവുമെല്ലാം ഉണ്ട്. 41 വാതിലുകളാണ് മസ്ജിദുന്നബവിയിൽ. മുഹമ്മദ് നബിയുടെ ഖബറിനടുത്ത് ചെന്ന് നബിക്ക് സലാം പറയാൻ പ്രവേശിക്കുന്ന മുൻവശത്ത് വലതു ഭാഗത്തുള്ള ബാബുസ്സലാമാണ് ഒന്നാം നമ്പർ കവാടം. സലാം പറഞ്ഞ് പുറത്തിറങ്ങുന്നതു ബാബുൽ ബഖീഇലൂടെയാണ്. തൊട്ടടുത്തായി ബാബു ജിബ്രീൽ, സ്ത്രീകളുടെ പ്രവേശന കവാടമായ ബാബുന്നിസാഅ് എന്നിവയും കാണാം. 1984 മുതൽ 1994 വരെ ഫഹദ് രാജാവിന്റെ ഭരണ കാലത്താണ് മസ്ജിദുന്നബവിയുടെ ഏറ്റവും ബൃഹത്തായ വികസന പ്രവർത്തനങ്ങൾ നടന്നത്. ഫഹദ് രാജാവിന്റെ നാമഥേയത്തിലുള്ള ഇരുപത്തി ഒന്മത്തെ വാതിലാണ് പള്ളിയുടെ പ്രധാന കവാടം. പത്താം നമ്പർ വാതിലുള്ള ഭാഗത്ത് പള്ളിക്കു മുകളിൽ ബൃഹത്തായ ഒരു ഗ്രന്ഥാലയവും ബാബു ഉമറിൽ ഗവേഷകർക്കു വേണ്ടിയുള്ള മ്യൂസിയവുമുണ്ട്. അബൂത്വൽഹൽ അൻസ്വാരി വഖ്ഫ് ചെയ്ത ബിഅറുഹാ തോട്ടവും കിണറും ഉണ്ടായിരുന്ന സ്ഥലം പള്ളിക്കകത്ത് ഇരുപത്തി ഒന്നാം വാതിലിനടുത്താണ്. മസ്ജിദുന്നബവിക്ക് നിലവിൽ 45 പ്രധാന കവാടങ്ങളടക്കം ചെറുതും വലുതുമായി 85 കവാടങ്ങളുണ്ട്. സ്വാഭാവികമായ വെളിച്ചവും വായു ഗതാഗതവും ലഭ്യമാവുന്നതിനുവേണ്ടി ഏർപ്പെടുത്തിയ ചലിക്കുന്ന ഖുബ്ബകൾ വളരെ ശാസ്ത്രീയവും കൌതുകകരവുമാണ്. സാധാരണ കോണികൾക്കു പുറമെ വൈദ്യുത കോണികളും കാണാം. ഭംഗിയേറിയ മിനാരങ്ങൾ മസ്ജിദുന്നബവിയുടെ ഗാംഭീര്യത്തിനും സൌന്ദര്യത്തിനും മകുടം ചാർത്തുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ നിർമ്മാണ വൈഭവത്തിന് വിശ്വോത്തര നിദർശനമാണ് ഫഹ്ദ് രാജാവിന്റെ വിപുലീകരണത്തോടെ നിലവിൽ വന്ന മസ്ജിദുന്നബവി[21].
[തിരുത്തുക] റൌളാ ശരീഫ്
മസ്ജിദുന്നബവിയിലെ മുഹമ്മദ് നബിയുടെ ഹുജ്റയുടെയും മിമ്പറിന്റെയും ഇടക്ക് സ്ഥിതിചെയ്യുന്ന പള്ളിയുടെ ഭാഗമാണ് റൌളാ ശരീഫ്. മുഹമ്മദ് നബിയുടെ വീടിന്റെയും മസ്ജിദുനബവിയിലെ പ്രസംഗപീഠത്തിന്റെയും ഇടയിലുള്ള ഈ സ്ഥലം ഇളം പച്ച കാർപ്പറ്റ് വിരിച്ചു പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്.. മിമ്പറു മുതൽ ഭിത്തിവരെയുള്ള ഇരുപത്തി രണ്ടു മീറ്റർ നീളവും പതിനഞ്ചു മീറ്റർ വീതിയുമുള്ള സ്ഥലമാണ് റൌളാ ശരീഫ്. ഈ സ്ഥലം സ്വർഗ്ഗത്തിലെ ഉദ്യാനങ്ങളിൽ നിന്നുള്ള ഒരു ഉദ്യാന (റൌള) മാണ് എന്നാണ് വിശുദ്ധ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത്. അതിനാൽ ഈ സ്ഥലത്ത് ആരാധനയ്ക്കും പ്രാർഥനയ്ക്കും അത്യധികമായ കൂലിയും പ്രാധാന്യവുമുണ്ട്. സ്ത്രീകൾക്കും ഇവിടെ വന്ന് നമസ്കരിക്കാനും പ്രാർഥിക്കാനും പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്. റൌളയും പരിസരവും മാത്രമായിരുന്നു നബിയുടെ കാലത്തെ മസ്ജിദുന്നബവിയുടെ വിസ്തൃതി. റൌളക്കടുത്ത് നബി നമസ്കാരത്തിന് നേതൃത്വം നൽകിയ സ്ഥലത്ത് നിർമിക്കപ്പെട്ട മിഹ്‌റാബ് കാണാം. ഉമറുബ്‌നു അബ്ദിൽ അസീസ് ആണ് ആ സ്ഥലത്ത് മിഹ്‌റാബ് നിർമിച്ചത്. റൌദയിലെ ചില തൂണുകൾക്കും ചരിത്ര പ്രാധാന്യമുണ്ട്. ആദ്യ കാലത്ത് മിമ്പറിന്റെയും ഹുജ്റത്തുശ്ശരീഫയുടെയും ഇടയ്ക്കുള്ള അകലം 26.5 മീറ്റർ ആയിരുന്നു. പിന്നീട് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചഭുജ കെട്ടിടത്തിനു ചുറ്റും നിർമ്മിച്ചിട്ടുള്ള ചതുർഭുജ പിത്തള ഭിത്തി റൌളയുടെ അല്പഭാഗം കവർന്നെടുത്തിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ മിമ്പറു മുതൽ ഈ ഭിത്തിവരെ അവശേഷിക്കുന്നത് ഇരുപത്തിരണ്ടു മീറ്റർ നീളവും പതിനഞ്ചു മീറ്റർ വീതിയുമുള്ള സ്ഥലം മാത്രമാണ്[22].
[തിരുത്തുക] ജന്നത്തുൽ ബഖീ
മസ്‌ജിദുന്നബവിയുടെ തെക്ക് -കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖ ഖബറിടമാണ് ജന്നത്തുൽ ബഖീ. മസ്‌ജിദുന്നബവിയുടെ മുൻവശത്തെ മാർബിളിട്ട മുറ്റത്തുകൂടി, അതായത് ഇമാമിന്റെ മിഹ്‌റാബും പ്രവാചക ഖബ്‌റും നമ്മുടെ ഇടതുവശത്താക്കി മുന്നോട്ടു നടന്നാൽ കാണുന്ന കുറ്റൻ മതിൽക്കെട്ടിനകത്താണ് മദീനയിലെ പ്രമുഖ ഖബറിസ്ഥാൻ ജന്നത്തുൽ ബഖീ (ബഖീഉൽ ഗർദഖ്) സ്ഥിതി ചെയ്യുന്നത്. ഇതിന് സാധാരണ ജന്നത്തുൽ ബഖീഅ എന്നാണ് പറയാറുള്ളതെങ്കിലും, ബഖീഉൽ ഗർഖദ് എന്നാണ് നബിവചനത്തിൽ വന്ന ശരിയായ പ്രയോഗം. ഒരുതരം മുൾചെടിയാണ് ഗർഖദ്. അവയുണ്ടായിരുന്ന സ്ഥലം എന്നർഥത്തിലാണ് ഈ പേര്. ഈ ഖബറിസ്ഥാനിലാണ് ഖദീജ, മൈമൂന എന്നിവരൊഴികെ ബാക്കി എല്ലാ പ്രവാചക പത്‌നിമാരെയും ഖബ്‌റടക്കിയിട്ടുള്ളത്. മൂന്നാം ഖലീഫ ഉസ്‌മാൻ, അബ്ബാസ്, നബിയുടെ മകൾ ഫാത്വിമ, നബിയുടെ അമ്മായി സ്വഫിയ്യ, നബിക്ക് മുലയൂട്ടിയ ഹലീമ, നാല് മദ്‌ഹബീ ഇമാമുകളുടെ കൂട്ടത്തിലെ ഇമാം മാലികുബ്‌നു അനസ്, അദ്ദേഹത്തിന്റെ ഗുരുവര്യൻ ഇമാം നാഫിഅ് തുടങ്ങി അനേകം പ്രമുഖർ അന്ത്യവിശ്രമം കൊള്ളുന്നതും ഇവിടെ തന്നെ. മദീനയിൽ മരണപ്പെടുന്ന സ്വദേശികളെയും വിദേശികളെയും ഇവിടെയാണ് ഇപ്പോഴും അടക്കം ചെയ്യുന്നത്. സുബ്‌ഹി, അസ്വർ നമസ്‌കാരങ്ങൾക്ക് ശേഷം ഖബർ സന്ദർശിക്കാൻ പുരുഷന്മാർക്കു ഇതിന്നകത്തേക്കു പ്രവേശനമുണ്ട്. കെട്ടിപ്പൊക്കിയ നിലയിൽ ഒറ്റ ഖബ്‌റും ഇതിന്നകത്തില്ല. ഇസ്ലാമിക സമ്പ്രദായപ്രകാരമുള്ള സാധാരണ ഉയരമേ ഈ മഹാ വ്യക്തിത്വങ്ങളുടെ ഖബ്‌റുകൾക്കുള്ളൂ[23].
[തിരുത്തുക] ഹദീഖതുൽ ബൈഅ
മസ്ജിദുന്നബവിയുടെ മുറ്റം കഴിഞ്ഞ് പുറത്ത് പടിഞ്ഞാറു വശത്ത് ഇപ്പോഴും പൂക്കളും മരങ്ങളും നിറഞ്ഞു കാണുന്ന തോട്ടമാണിത്. "സത്യപ്രതിജ്ഞ നടന്ന തോട്ടം' എന്നാണിതിന്റെ അർഥം. "ഹദീഖതു സഖീഫതു ബനീ സാഇദ' എന്നും ഇതറിയപ്പെടുന്നു. നബി മരണപ്പെട്ടപ്പോൾ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഒന്നാമത്തെ അധിപതിയായി അബൂബക്കർ സിദ്ദീഖിനെ തെരഞ്ഞെടുക്കാൻ അൻസ്വാറുകളും മുഹാജിറുകളും ഒത്തുചേർന്ന തോട്ടമാണിത്. അദ്ദേഹത്തെ തെരഞ്ഞെടുത്ത് ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്ത് രണ്ട് നാളുകൾക്കു ശേഷമാണ് നബിയുടെ മയ്യിത്ത് അനുചരന്മാർ ഖബറടക്കിയത്. ഇസ്ലാമിനു ഏക നേതൃത്വമുണ്ടാകേണ്ടതിന്റെ പ്രാധാന്യം സന്ദർശകർക്ക് പകർന്നു നൽകുന്നതിന് വേണ്ടി ഈ സ്ഥലം ഇപ്പോഴും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ അതേപടി നിലനിർത്തിയിരിക്കുകയാണ്. മലിക് അബ്ദുൽ അസീസ് ഗ്രന്ഥാലയത്തിനു സമീപമാണ് ഈ തോട്ടം. അടുത്ത കാലത്ത് ഈ ഭാഗത്ത് ഈത്തപ്പനത്തടികളിൽ റാന്തൽവിളക്ക് സ്ഥാപിച്ചുകൊണ്ട് തീർത്ത മതിലിൽ സൂഖു മദീനതിൽ ഖദീം (മദീനയിലെ പുരാതന കച്ചവട കേന്ദ്രം) എന്ന് രേഖപ്പെടുത്തിയത് കാണാം. പ്രവാചകന്റെ കാലത്ത് ഇവിടെയായിരുന്നു കച്ചവട കേന്ദ്രം. വഞ്ചനയും ചതിയുമില്ലാത്ത ഇസ്ലാമിക കമ്പോള സംസ്കാരം വളർന്നു പരിലസിച്ച സ്ഥലം. നേരത്തെ ജൂത കച്ചവടകേന്ദ്രമായിരുന്നു ഇത്.
[തിരുത്തുക] മസ്ജിദുൽ ഗമാമ
മസ്ജിദുൽ ഹറമിൽ നിന്നും 300 മീറ്റർ അകലെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ആണ് മസ്ജിദുൽ ഗമാമ നില കൊള്ളുന്നത്. ഹദീഖതുൽ ബൈഅയിൽ നിന്ന് ഹറമിന്റെ മുൻവശത്തേക്കു പുറത്തുകൂടി നേരെ നീങ്ങിയാൽ മസ്ജിദുൽ ഗമാമയിൽ എത്തിച്ചേരാം. മുഹമ്മദ് നബി പെരുന്നാൾ നമസ്കാരവും മഴക്കു വേണ്ടിയുള്ള നമസ്കാരവും ഹറമിന്നു പുറത്ത് ഈ ഭാഗത്തുവെച്ചായിരുന്നു നിർവഹിച്ചിരുന്നത്. അതിനാൽ പണ്ടു ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം "മൈദാനുൽ മുസ്വല്ല' എന്ന പേരിൽ അറിയപ്പെട്ടു. ഒരിക്കൽ നബി മഴയ്ക്കുവേണ്ടി നമസ്കരിച്ച ഉടൻ ആകാശം മേഘാവൃതമായി നല്ല മഴ പെയ്തു. അതിനാലാണ് പിൽകാലത്ത് ആ സ്ഥലത്ത് നിർമിക്കപ്പെട്ട പള്ളിക്കു മേഘം, മഴ എന്നെല്ലാം അർഥം വരുന്ന മസ്ജിദുൽ ഗമാമ എന്നു പേര് വന്നത്[24][25].
[തിരുത്തുക] ജുറുഫ്
[തിരുത്തുക] ഉഹുദിൽ നബിയെ സംരക്ഷിച്ച ഗുഹ
വളരെ നിർണായകമായിരുന്നു ഉഹുദ് യുദ്ധം. മുഹമ്മദ് നബി ഉഹുദിൽ വധിക്കപ്പെട്ടു എന്ന കിംവദന്തി പരന്നു. പക്ഷേ, നബി പതറിയിരുന്നില്ല. ശത്രുക്കൾ കുഴിച്ച കളക്കുഴിയിൽ വീണ് പല്ല് നഷ്ടപ്പെട്ട്, കാൽമുട്ട് പൊട്ടി ചോരയൊലിക്കുന്ന പ്രവാചകനെ അവസാന നിമിഷം ഉഹുദ് മലക്കകത്തെ ഒരു ചെറിയ പൊത്തിൽ അനുചരന്മാർ ഒളിപ്പിക്കുകയായിരുന്നു. അങ്ങനെ പ്രവാചകന് ഉഹുദ് മലക്കകത്ത് സംരക്ഷണം നൽകിയെന്നു വിശ്വസിക്കപ്പെടുന്ന ഗുഹ ഇന്നുമുണ്ട്.
[തിരുത്തുക] ജബലുർറായ
[തിരുത്തുക] ഹിജാസ് റെയിൽവേ
മക്ക, മദീന പുണ്യനഗരങ്ങളെ തുർക്കിയിലെ ഇസ്തംബൂളുമായി ബന്ധിപ്പിക്കുന്ന ചരിത്ര പ്രാധാന്യമുള്ള 2241 കി.മീറ്റർ റെയിൽവേ പദ്ധതി പുരാതന കാലത്ത് ഇസ്‌ലാമിക ലോകത്തിലെ ഏറ്റവും വലിയ വഖ്ഫ് സ്വത്തായിരുന്നു. 1908-ൽ ഉസ്മാനിയാ ഭരണകാലത്ത് ആണ് ഈ പാതയിലൂടെ ട്രെയിൻ ഓട്ടം തുടങ്ങിയത്.ഉസ്മാനിയാ ഭരണകാലത്ത് നിർമിച്ച പൗരാണിക ഹിജാസ് റെയിൽവേ ഒന്നാം ലോകയുദ്ധകാലത്താണ് കുത്സിത ശ്രമഫലമായി തകർക്കപ്പെട്ടത്. തുർക്കിയിലെ മൂന്ന് നഗരങ്ങളിലൂടെ കടന്നുപോകുന്ന റെയിൽവേ സിറിയയിൽ ഹലബ്, ഹമാ, ദർഅ എന്നീ പ്രമുഖ നഗരങ്ങളിലൂടെ കടന്ന് ജോർദാനിലേക്ക് പ്രവേശിക്കും. ജോർദാനിൽ നിന്നും വടക്കൻ അതിർത്തിയിലൂടെ സൌദി അറേബ്യയിൽ പ്രവേശിക്കുന്ന റെയിൽവേ മദായിൻ സാലിഹിലൂടെയാണ് മദീനയിലെത്തുന്നത്. മദീനയിലെ പൗരാണിക റെയിൽവേ സ്റ്റേഷൻ ചരിത്ര സൂക്ഷിപ്പുകളുടെ ഭാഗമായി ഹിജാസ് റെയിൽവേ ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്[26]. എട്ട് വർഷമെടുത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തിൽ പൂർത്തിയാക്കിയ റെയിൽവേയുടെ പല ഭാഗങ്ങളും ഇപ്പോൾ പ്രവർത്തനക്ഷമമാണ്. അതിനാൽ മറ്റു രാജ്യങ്ങളുമായി സഹകരിച്ച് ഈ റെയിൽവേ പുനർനിർമിക്കാൻ തുർക്കി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 1954-ലും 1965-ലും റെയിൽവേ പുനർ നിർമാണത്തെക്കുറിച്ച് ആലോചന നടന്നിരുന്നെങ്കിലും പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞില്ല[27].
[തിരുത്തുക] ഖുർആൻ അച്ചടി കേന്ദ്രം
വിശുദ്ധ ഖുർആന്റെ അച്ചടിയും പ്രചാരണവും ലക്ഷ്യമാക്കി 1984-ൽ ഫഹ്ദ് രാജാവ് തുടങ്ങിയ സ്ഥാപനമാണ് മദീനയിലെ പ്രശസ്തമായ ഖുർആൻ പ്രിന്റിംഗ് കോംപ്‌ളക്‌സ്. ലോകത്തിലെ ഏറ്റവും വലിയ ഖുറാൻ പ്രിന്റിംഗ് കേന്ദ്രം ആണ് മദീന ഖുർആൻ പ്രിന്റിംഗ് കേന്ദ്രം[28]. നഗരത്തിൽ നിന്ന് തബൂക്ക് പാതയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. വർഷം പ്രതി വിവിധ വലുപ്പത്തിലുള്ള 10 മില്യൻ മുസ്ഹഫുകൾ ഇവിടെ അച്ചടിക്കുന്നുണ്ട്.1700-ലധികം ഉദ്യോഗസ്ഥർ സേവനം ചെയ്യുന്ന ഇവിടത്തെ പള്ളി ഉൾപ്പെടെയുള്ള കാമ്പസ് വളരെ മനോഹരമാണ്. ഹജ്ജ്-ഉംറ സീസണുകളിൽ മദീനയിലെത്തുന്ന തീർഥാടകർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിലൊഴികെ രാവിലെ 9.30 മുതൽ 11.30 വരെ ഈ കോംപ്ളക്സ് കാണാൻ സൌകര്യമുണ്ട്. ഇവിടെയെത്തുന്ന സന്ദർശകർക്ക് ഒരു മുസ്ഹഫ് ഇവിടെ നിന്ന് സൌജന്യമായി ലഭിക്കും[29]. മദീന കിങ് ഫഹദ് മുസ്ഹഫ് പ്രിന്റിങ് കോംപ്ലക്‌സ് പരിശുദ്ധ ഖുർആൻ പ്രിന്റിങിനും വിതരണത്തിനും നൽകുന്ന പരിഗണനയുടെ ഭാഗമായി ഖുർആൻ കാലിഗ്രഫി തയാറാക്കുന്നവരുടെ അന്താരഷ്ട്ര സംഗമവും വിവിധ പ്രദർശനങ്ങളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. കൂടാതെ അറബി കൈയെഴുത്ത് കലയുടെ ചാരുത വ്യക്തമാക്കുന്ന അറബി കാലിഗ്രഫിയുടെ പ്രദർശനവും നടത്താറുണ്ട്.
[തിരുത്തുക] അബൂദർറുൽ ഗിഫാരി മസ്ജിദ്
മദീനയിലെ സിത്തീൻ റോഡിനടുത്ത് എയർപോർട്ട് റോഡിൽ, അബൂദർറ് റോഡ് ജംഗ്ഷനിൽ ആണ് അബൂദർറുൽ ഗിഫാരി മസ്ജിദ് സ്ഥിതിചെയ്യുന്നത്. മദീനയിലെ മറ്റു പള്ളികളെ പോലെ അബൂദർറുൽ ഗിഫാരി മസ്ജിദ് ചരിത്ര പ്രസിദ്ധമാണ്. മുഹമ്മദ് നബി ഒരിക്കൽ രണ്ട് റക്അത് നിസ്കരിച്ചു ദീർഘമായി പ്രാർഥിക്കുകയും തുടർന്ന് ജിബ്രീൽ മാലാഖ വഴി നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ പുണ്യമാണെന്ന് വഹ്യ് (മാലാഖമാരിൽ നിന്നും ഉള്ള സന്ദേശം) നൽകുകയും ചെയ്തു എന്നാണ് ചരിത്ര ഗ്രന്ഥങ്ങളിൽ കാണുന്നത് .ഈ സംഭവം നടന്ന സ്ഥലത്താണ് മസ്ജിദു അബൂദർ റുൽഗിഫാരി സ്ഥിതിചെയ്യുന്നത്.
[തിരുത്തുക] മസ്ജിദുൽ ജുമുഅ
മദീനയിലെത്തിയ മുഹമ്മദ് നബി ആദ്യമായി ജുമുഅ നിസ്കാരം നിർവഹിച്ച പള്ളിയാണ് മസ്ജിദുൽ ജുമുഅ. മക്കയിൽ നിന്നും ഹിജ്റ വന്ന് ഖുബാ പള്ളി സ്ഥാപിച്ച്, ശേഷം മദീനയിലേക്ക് പോരുമ്പോൾ ബനൂ സാലിംബിൻ ഔഫ്’ കുടുംബക്കാരുടെ നമസ്കാര സ്ഥലമായിരുന്ന മസ്ജിദുൽ ജുമുഅയുടെ സ്ഥാനത്ത് വെച്ച്മുഹമ്മദ് നബി ജുമുഅക്ക് നേതൃത്വം നൽകി. അന്നുമുതൽ മസ്ജിദുൽ ജുമുഅ എന്നപേരിൽ ഈ പള്ളി അറിയപ്പെട്ടു. ഖുബായിലേക്ക് പോകുമ്പോൾ ഇടതു വശത്തു കാണുന്ന ഈ പള്ളി വളരെ മനോഹരവും ശിൽപ്പഭംഗി നിറഞ്ഞതുമാണ്. മുമ്പുണ്ടായിരുന്ന പള്ളിയുടെ കെട്ടിടം തകർന്നപ്പോൾ നിമിച്ചതാണ് ഇപ്പോഴത്തെ പള്ളിയുടെ കെട്ടിടം. ഖുബയിൽനിന്ന് മദീനയിലേക്ക് വരുമ്പോൾ വലതുവശത്ത് കാണുന്ന ബനാത്ത് കോളേജിനടുത്ത് ശർബത്തലീ ഗാർഡനിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. മസ്ജിദുൽ വാദീ, മസ്ജിദു ആതിഖ എന്നപേരിലും ഇതറിയപ്പെടുന്നു. ബിഅ്‌റു ഉസ്മാൻ
[തിരുത്തുക] മസ്ജിദുൽ ഫസ്ഹ്
ഉഹുദ് യുദ്ധം നടന്ന ദിവസം ഉഹുദ് മലയുടെ താഴ്വാരത്ത് വെച്ച് വിശ്വാസികൾ ളുഹർ നമസ്കരിച്ച പള്ളിയാണ് മസ്ജിദുൽ ഫസ്ഹ്. ഈ നിസ്കാരത്തിൽ സൗകര്യം കുറഞ്ഞ പള്ളിയിലെ സ്വഫിൽ ഇടംകിട്ടാൻ സ്വഹാബികൾ തിക്കി തിരക്കി. സദസ്സിൽ സ്ഥല സൌകര്യമുണ്ടാക്കി കൊടുക്കണമെന്ന് മുഹമ്മദ് നബി തന്റെ സ്വഹാബികൾക്ക് നിർദേശം നൽകി.അന്ന് ഉഹുദ് താഴ്വാരത്ത് നബിയും സ്വഹാബികളും നമസ്കാരം നിർവഹിച്ച മസ്ജിദുൽ ഫസ്ഹിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട്. ത്വരീഖ് ശുഹദാ എന്ന പേരിൽ ഉഹുദിലേക്ക് പോകുന്ന ഒരു പാത ഇപ്പോഴും മദീനയിലുണ്ട്. ഈ റോഡിൽ മറ്റു മൂന്ന് ചരിത്ര സ്ഥലങ്ങൾ കൂടി കാണാം.
[തിരുത്തുക] മസ്ജിദുൽ ഖിബ് ലത്തൈൻ
മദീനയുടെ പടിഞ്ഞാറു ഭാഗത്തുള്ള ഹർറത്തുൽവബ്റ എന്ന കുന്നിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അഖീഖുസ്സുഗ്റ താഴ്വരക്ക് അഭിമുഖമായിട്ടാണ് മസ്ജിദുൽ ഖിബ് ലത്തൈനി സ്ഥിതിചെയ്യുന്നത്. രണ്ട് മിഹ്റാബുകൾ ഉൾക്കൊള്ളുന്നു എന്നതാണ് ഈ പള്ളിയുടെ പ്രത്യേകത. ഉൾഭാഗത്ത് കഅബയെ അഭിമുഖീകരിക്കുന്ന മിഹ്റാബും കാണാം. ഉൾഭാഗത്തെ മിഹ്റാബിന് ഖുബ്ബയുടെ ആകൃതിയാണുള്ളത്. അതിന്റെ നീളം 9.20 മീറ്ററും വീതി 4.50 മീറ്ററും ഉയരം 4.50 മീറ്ററും ആകുന്നു. പള്ളിയെ വലയം ചെയ്ത് വിശാലമായ ഒരു മുറ്റമുണ്ട്. പടിഞ്ഞാറു ഭാഗത്തു കൂടിയുള്ള പടികൾ കയറി വേണം അവിയെത്താൻ. കിഴക്കു പടിഞ്ഞാറു മൂലയിൽ പുതുതായി നിർമിച്ച ഒരു മിനാരവും കാണാം. ഉസ് മാനിയാ ഭരണാധികാരികൾ, ചെത്തിമിനിക്കിയ കല്ലുകളും കുമ്മായവും ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. മക്കയിലെ മസ്ജിദുൽ ഹറാമിനെ ഖിബ്ലയാക്കി നിശ്ചയിച്ച സംഭവവുമായാണ് ഖിബ്ലത്തൈൻ മസ്ജിദിന്റെ ബന്ധം.
മുഹമ്മദ് നബി ഒരിക്കൽ ഈ പള്ളിയിൽ വെച്ച് ജറൂസലമിലെ ബൈത്തുൽ മുഖദ്ദിസിലേക്ക് തിരിഞ്ഞ് ളുഹർ നമസ്കാരം നിർവഹിക്കുമ്പോൾ കഅബയിലേക്ക് തിരിയാൻ ദൈവ കൽപനയുണ്ടായി. ജറൂസലമിലെ ബൈത്തുൽ മുഖദ്ദിസ് ആയിരുന്നു അതുവരെ ഖിബ്ല. അതു പ്രകാരം നബിയും അനുചരനമാരും കഅബയിലേക്ക് തിരിയുകയും അതിനെ ഖിബ് ലയാക്കി സ്വീകരിക്കുകയും ചെയ്തു. നാല് റക്അത്തുള്ള ളുഹ്റിന്റെ രണ്ട് റക്അത്ത് നമസ്കരിച്ച ശേഷമായിരുന്നു ഈ ദൈവകല്പനയുണ്ടായത്. ബാക്കി രണ്ട് റക്അത്ത് നബിയും അനുയായികളും കഅബക്ക് നേരെ തിരിഞ്ഞാണ് നമസ്കരിച്ചത്. അങ്ങനെ ഒരു നേരത്തെ നമസ്കാരം രണ്ട് വ്യത്യസ്ഥ ഖിബ് ലകളുടെ നേരെ തിരിഞ്ഞ് നിന്ന് നമസ്കരിച്ചത് ഈ പള്ളിയിൽ വെച്ചായതിനാൽഅത് മുതൽപ്രസ്തുത പള്ളി മസ്ജിദുൽ ഖിബ് ലത്തൈനി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. രണ്ട് ഖിബ് ലകളുള്ള പള്ളിയെന്നർഥം. ഹിജ്റ രണ്ടാം വർഷത്തിലായിരുന്നു ഈ സംഭവം നടന്നത്. പല ഘട്ടങ്ങളിലായി പള്ളി പുനർനിർമാണം ചെയ്യപ്പെട്ടിട്ടുണ്ട്. ഹിജ്റ 893-ൽശൈഖ് ശാഹീൻ ജമാൽ ആണ് പള്ളിക്ക് തട്ട് നിർമിച്ചത്. പിന്നീട് ഹിജ്റ 950-ൽ ഉസ്മാനിയ്യാ ഖലീഫയായ സുലൈമാൻ പള്ളി പുനർനിർമാണം നടത്തി. അവസാനമായി ആധുനിക സൗദി ഭരണാധികാരിയായ ഫഹദ് രാജാവാണ് ഇന്ന് കാണുന്ന രൂപത്തിൽ പള്ളി പുനർനിർമിച്ചത്.
[തിരുത്തുക] മസ്ജിദ് മീഖാത്ത്
മദീനയിൽ നിന്നു മക്കയിലേക്ക് ഹജ്ജിനും ഉംറക്കും വരുന്നവർക്ക് മീഖാത്ത് ആണ് ദുൽഹുലൈഫ. അബ്യാർ അലി എന്നും ഇതിനു പേരുണ്ട്. പഴയ മക്കാ റോഡിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിന്നടുത്ത് നിന്ന് അൽപം മുന്നോട്ട് പോയാൽ ദുൽഹുലൈഫയിൽ എത്തിച്ചേരാം. മുഹമ്മദ് നബി ഇഹ്റാമിൽ പ്രവേശിച്ച മീഖാത്തെന്ന സവിശേഷതയും ദുൽഹുലൈഫക്കുണ്ട്. മദീന പള്ളിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ദുൽഹുലൈഫ. ഇവിടെയുള്ള മീഖാത്ത് പള്ളിയിൽ 5000 പേർക്ക് നമസ്കരിക്കാൻ സൌകര്യമുണ്ട്.
[തിരുത്തുക] മസ്ജിദ് ഖുബാ
മുഹമ്മദ് നബിക്ക് പ്രവാചക പദവി ലഭിച്ച ശേഷം ആദ്യമായി നിർമിച്ച പള്ളിയാണ് ഖുബാ മസ്ജിദ്. മുഹമ്മദ് നബി മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്തു വന്നപ്പോൾ ആദ്യമായി ഇറങ്ങി താമസിച്ചത് അന്ന് മദീനയിൽ വസിച്ചിരുന്ന ബനൂ അംറ്ബ്നു ഔഫ് ഗോത്രക്കാരിലെ കുൽസൂമുബ്നു ഹിദ്മ് എന്ന സ്വഹാബിയുടെ വീട്ടിലായിരുന്നു. അവിടത്തെ സ്വഹാബികൾക്കൊപ്പം കുൽസൂമിന്റെ ഭൂമിയിലാണ് ഈ പ്രഥമ ആരാധനാലയം നബി നിർമിച്ചത്. വിശുദ്ധ ഖുർആൻ മസ്ജിദുതഖ്വ എന്നാണ് ഖുബാ പള്ളിയെ വിശേഷിപ്പിക്കുന്നത്. നബി മരിക്കുന്നതുവരെ എല്ലാ ശനിയാഴ്ചയും കാൽനടയായോ വാഹനപ്പുറത്തോ മസ്ജിദുഖുബായിൽ വന്ന് നമസ്കരിക്കാറുണ്ടായിരുന്നു. അവസാനമായി 1986-ൽ ഫഹ്ദ് രാജാവ് പുതുക്കി പണിത പള്ളിയാണ് ഇപ്പോഴുള്ളത്.
[തിരുത്തുക] കിണറുകൾ
മുഹമ്മദ് നബി ഉപയോഗിച്ച ചരിത്ര പ്രധാനമുള്ള നിരവധി കിണറുകൾ മദീനയിലുണ്ട്. ചരിത്ര പ്രധാനമായ പല കിണറുകളും അടുത്ത കാലത്ത് മൂടപ്പെട്ട് പോയിട്ടുണ്ട്. എന്ന കിണർ ഖലീഫ ഉസ്മാൻ വിലക്കു വാങ്ങി വഖഫ് ചെയ്ത പ്രശസ്തമായ കിണറാണ് ബിഅർ റൂഹ. ശുദ്ധജലം നിറഞ്ഞു കവിഞ്ഞിരുന്ന പ്രസ്തുത കിണർ റൂഹതുൽ ഗിഫാരി എന്നയാളുടെ കൈവശമായിരുന്നു. അദ്ദേഹം ഒരു പാത്രം വെള്ളത്തിനു ഒരു മുദ്ദ് കാരക്ക എന്ന തോതിൽ വിൽക്കുകയായിരുന്നു. പിന്നീട് ഖലീഫ ഉസ്മാൻ ഭീമമായ വിലകൊടുത്തു അത് വാങ്ങി വഖഫ് ചെയ്യുകയായിരുന്നു. മസ്ജിദ് ഖിബ്ലതൈനിയുടെ വടക്കുഭാഗത്തുള്ള ഈ കിണർ ഇന്ന് കാർഷികാവശ്യങ്ങൾക്കും മറ്റുമായി വിപുലമായി ഉപയോഗിക്കപ്പെടുന്നു. മസ്ജിദു ഖുബായുടെ വടക്കുകിഴക്ക് ഒരു കിലോമീറ്റർ ദൂരത്ത് ദാറുൽഹിജ്റ വിദ്യാലയത്തിന്റെ അടുത്തായി അൽഗുർസ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കിണറാണ് ബിഅറു ഗൂർസ്. ഇവ കൂടാതെ ബിഅറു അനസുബ്ൻ മാലിക്, ബിഅറു സുഖ്യാ, ബിഅറുൽ ഖറാസ്വ, ബിഅറു ഹൽവ, ബിഅറുൽ യസീറ മുതലായ നിരവധി കിണറുകൾ മുഹമ്മദ് നബി ഉപയോഗിച്ചതും ബന്ധപ്പെട്ടതുമായി മദീനയിലുണ്ട്.
[തിരുത്തുക] മദീന ഈന്തപ്പഴം
മദീനയിൽ ഇസ്ലാമിക സംസ്ക്കാരം ഉടലെടുക്കുമ്പോൾ അതിൽ പ്രതീകാത്മകമായി നില കൊണ്ട വൃക്ഷമാണ് ഈന്തപ്പന. അതിനാൽ തന്നെ ഈന്തപ്പനയും അതിന്റെ സ്വാദിഷ്ടമായ പഴവും ഇസ്ലാം സംസ്ക്കാരത്തിലാകെ നിറഞ്ഞു നിൽക്കുന്നു. 270ൽപരം ഇനം ഈത്തപ്പഴം ഉൽപാദിപ്പിക്കപ്പെടുന്ന പ്രദേശമാണ് മദീന. ഫലത്തിലും വിലയിലും മുന്നിൽ അജ്വയാണ് മദീനയിൽ ഉല്പാതിപ്പിക്കുന്ന ഈന്തപ്പഴങ്ങളിൽ പ്രസിദ്ധം. ഫല സിദ്ധിയിൽ ഏറെ മുന്നിലാണ് അജ്വ, മുഹമ്മദ് നബിക്ക് ഈന്തപ്പഴങ്ങളിൽ ഏറ്റവും ഇഷ്ടം അജ്വയോടായിരുന്നുവെന്നാണ് ചരിത്രം. വിഷം തീണ്ടിയാൽ പോലും അജ്വയിൽ ഔഷധമുണ്ടെന്നാണ് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ പറയുന്നത്. ഒട്ടുമിക്ക അസുഖങ്ങൾക്കും അജ്വ സിദ്ധൗഷധമാണെന്ന് മദീനാ നിവാസികൾ വിശ്വസിക്കുന്നണ്ട്. തലകറക്കം, നെഞ്ചുവേദന പോലുള്ള രോഗങ്ങൾക്ക് അജ്വ പാലിൽ ചേർത്ത് കഴിച്ചാൽ ഉടൻ ശമനമുണ്ടാവുമെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. മദീനാ പട്ടണത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ ചെറുതും വലുതുമായ നിരവധി കാരക്ക തോട്ടങ്ങൾ ഉണ്ട്. മദീനയിലെ മസ്ജിദുൽ നബവിയുടെ ചുറ്റുമുള്ള പാതകളുടെ ഇരു വശവും ഉള്ള താൽകാലിക കാരക്ക കച്ചവട കേന്ദ്രങ്ങളിലും മദീനയിലെ പ്രസിദ്ധ വാണിജ്യ കേന്ദ്രമായ മദീന കാരക്ക മാർക്കറ്റിലും ഇവിടുത്തെ വിവിധയിനം കാരക്കകൾ ലഭ്യമാണ്.
സൗദി അറേബ്യയുടെ ദേശീയ ചിഹ്നം ഈന്തപ്പന വൃക്ഷം ആണ്. പിന്നീട് ഇസ്ലാം പ്രചരിച്ച നാടുകളിലും ഈ വിഭവം ഒരു സാംസ്കാരിക അടയാളമായി പിന്തുടർന്നു പോന്നു. ഇന്ന് അറബ് ദേശത്തിലുള്ളവർക്കെല്ലാം വിശേഷാവസരങ്ങളിലും അനർഘാവസരങ്ങളിലുമെല്ലാം ഈന്തപ്പഴം ഒഴിച്ചുകൂടാനാവാത്ത ഒരു പഴവർഗമാണ്. ഇസ്‌ലാമിക ചരിത്രത്തിൽ ഈന്തപ്പഴത്തിനും ഈന്തപ്പനയ്ക്കുമെല്ലാം ഏറെ പ്രാധാന്യമുണ്ട്. എണ്ണയുടെ ഖനനം ആരംഭിക്കുന്നതിനു മുമ്പ് സൌദിയുടെ ഏക വരുമാന മാർഗമായിരുന്നു ഈന്തപ്പഴം.റംസാൻ മാസം മുഴുവൻ കാരക്ക അഥവാ ഈന്തപ്പഴം മുസ്‌ലിംകളുടെ ഭക്ഷണക്രമത്തിലെ ഒരു അവിഭാജ്യ ഘടകമാണ്. റംസാൻ വ്രതം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതുമെല്ലാം ഈ മധുരഫലം കഴിച്ചു കൊണ്ടായിരിക്കണമെന്നതായിരുന്നു മുഹമ്മദ് നബി ഉപദേശിച്ചത്. അതിനാൽ ഇന്നും ലോകമെങ്ങുമുള്ള വിശ്വാസികൾ അതേ പാത പിന്തുടരുന്നു. വിവിധയിനം ഈത്തപ്പഴങ്ങൾ കൃഷി ചെയ്യുന്ന മദീനയിൽ അന്താരാഷ്ട്ര ഡേറ്റ്സ് ആൻഡ് ഫുഡ് ഫെസ്റ്റിവൽ നടത്താറുണ്ട്. കൃഷി മേഖലയിൽ സൗദി അറേബ്യയുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയെന്ന ഉദ്ദേശത്തോടെ കൃഷി മന്ത്രാലയവും കോ ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ സൊസൈറ്റിയുമാണ് ഈ മേള സംഘടിപ്പിക്കുന്നത്.
[തിരുത്തുക] ഗതാഗതം
[തിരുത്തുക] റോഡ് ഗതാഗതം
മദീനയിലെ പൊതു ഗതാഗത മാർഗങ്ങൾ ബസ്, ടാക്സി കാറുകൾ എന്നിവയാണ്. കൂടുതൽ ആളുകളും ഇവിടെ സ്വകാര്യ വാഹനങ്ങൾ ആണ് ഉപയോഗിക്കുന്നത്. തീർഥാടക നഗരമായ ഇവിടെ റോഡുകളിൽ മക്കയെ അപേക്ഷിച്ച് തിരക്ക് കുറവാണ്.
[തിരുത്തുക] റെയിൽ ഗതാഗതം
മക്ക,മദീന പുണ്യ നഗരങ്ങളെ സൗദി വാണിജ്യ തലസ്ഥാനമായ ജിദ്ദയുമായും റാബിഗിലെ കിങ് അബ്ദുല്ല എകണോമിക് സിറ്റിയുമായും ബന്ധിപ്പിക്കുന്ന റെയിൽവെ പദ്ധതിയാണ് അൽ ഹറമൈൻ റെയിൽവേ. ഇതിന്റെ മുഖ്യ സ്റ്റേഷന് മക്കയിലാണ്. മദീനയിൽ ഹറമൈൻ റെയിൽവേ ഒന്നാംഘട്ട പദ്ധതികളും റെയിൽവേ സ്റ്റേഷൻ നിർമാണവും പൂർത്തിയായിട്ടുണ്ട്. മദീനയിലെ പ്രധാന സ്റ്റേഷന് പുറമേ മദീനയുടെ തെക്ക് മീഖാത്ത് അബിയാർ അലിയിൽ മറ്റൊരു റെയിൽവേ സ്റ്റേഷൻ കൂടി നിര്മിക്കുന്ന്താണ്. തുടക്കത്തിൽ മക്ക മുതൽ മദീനവരെ അഞ്ച് സ്റ്റേഷനുകൾക്കാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. അതിനു ശേഷം മദീനയിലേക്കുള്ള മീഖാത്ത് ആയ അബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമിക്കും. യാത്രക്കാരുടെ എണ്ണം കൂടുന്നത് പ്രശ്നമാകാത്ത·വിധത്തിലാണ് ട്രെയിനുകൾ ഒരുക്കുന്നത്. മൊത്തം 370 ബോഗികളോട് കൂടിയ 35 ട്രെയിനുകൾ സർവീസ് നടത്തും. 450 കി.മീറ്റർ ദൈർഘ്യമുള്ള ഹരമൈൻ റെയിൽവെ 20 ദശലക്ഷം യാത്രക്കാർക്ക് ഉപകരിക്കും. ഹജ്ജ്, ഉംറ തീർഥാടകർക്കും മറ്റു സന്ദർശകർക്കുമാണ് റെയിൽവേ ഏറെ ഗുണം ചെയ്യുക. അതോടൊപ്പം ജിദ്ദ, മക്ക, മദീന, റാബിഗ് നഗരങ്ങൾക്കിടയിലെ സാധാരണ യാത്രക്കാരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.
ഒരു നൂറ്റാണ്ടു മുമ്പ് മക്ക, മദീന പുണ്യ നഗരങ്ങളെ തുർക്കിയിലെ ഇസ്തംബൂളുമായി ബന്ധിപ്പിച്ച് നിർമിച്ച ചരിത്രപ്രാധാന്യമുള്ള ഹിജാസ് റെയിൽവെ പുനർ നിമിക്കാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. തുർക്കി നേതൃത്വം നൽകുന്ന 2241 കി.മീറ്റർ റെയിൽവെ പദ്ധതിയിൽ സിറിയ, ജോർദാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും തങ്ങളുടെ പങ്ക് നിർവഹിക്കും. ഇത് പുനർ നിർമിക്കുന്നതോടെ 20 ലക്ഷത്തിലധികം ഹജ്ജ്, ഉംറ തീർഥാടകർക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി യാഥാർഥ്യമാവുമ്പോൾ 24 മണിക്കൂറിനകം തീർഥാടകർക്ക് കര മാർഗം ഇസ്തംബൂളിൽ നിന്ന് മദീനയിലെത്തിച്ചേരാനാവും. ഉസ്മാനിയ ഭരണകാലത്ത് നിർമിച്ച പൗരാണിക ഹിജാസ് റെയിൽവെ ഒന്നാം ലോക മഹായുദ്ധകാലത്താണ് തകർക്കപ്പെട്ടത്. തുർക്കിയിലെ മൂന്ന് നഗരങ്ങളിലൂടെ കടന്ന് പോകുന്ന റെയിൽവെ സിറിയയിൽ ഹലബ്, ഹമാ, ദർഅ എന്നീ പ്രമുഖ്യ നഗരങ്ങളിലൂടെ കടന്ന് ജോർദാനിലേക്ക് പ്രവേശിക്കും. സൗദിയുടെ വടക്കൻ അതിർത്തിയിലൂടെ രാജ്യത്ത് പ്രവേശിക്കുന്ന റെയിൽവെ ചരിത്രപ്രധാനവും യുനസ്‌കോ അംഗീകാരം നേടിയതുമായ മദായിൻ സാലിഹിലൂടെയാണ് മദീനയിലെത്തുക. മദീനയിലെ പൗരാണിക റെയിൽവെ സ്‌റ്റേഷൻ ചരിത്ര സൂക്ഷിപ്പുകളുടെ ഭാഗമായി ഇപ്പോഴും നിലകൊള്ളുന്നുണ്ട്.
[തിരുത്തുക] വ്യോമ ഗതാഗതം
അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ആണ് നിലവിൽ മദീനയിലെ വ്യോമ ഗതാഗത മാർഗം. ഇത് കൂടാതെ മറ്റൊരു വിമാനത്താവം കൂടി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ധാരാളം യാത്രക്കാർ വന്നുപോകുന്ന മദീനയിലെ അമീർ മുഹമ്മദ് ബ്‌നു അബ്ദുൽ അസീസ് എയർപോർട്ട് സൗദിയിലെ ഏറ്റവും പ്രധാന എയർപോർട്ടുകളിലൊന്നാണ്. പുണ്യഭൂമിലായതിനാൽ സിവിൽ ഏവിയേഷൻ അതോറിറ്റി മദീന എയർപോർട്ടിന് വലിയ പ്രാധാന്യവും പരിഗണനയും നൽകുന്നുണ്ട്. യാത്രക്കാരുടെയും കാർഗോ സർവീസിന്റെയും എണ്ണത്തിൽ രാജ്യത്തെ നാലാം സ്ഥാനത്താണ് മദീന എയർപോർട്ട്. ഹജ്ജ് സമയത്തും റമദാൻ മാസത്തിലും ഉംറ തീർഥാടകരുടെ വർധിച്ച പ്രവാഹം കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മദീന വിമാനത്താവളത്തിൽ ആവശ്യമായ കൂടുതൽ ഒരുക്കങ്ങൾ നടത്താറുണ്ട്. മദീനയിലെത്തുന്ന തീര്താടകർക്കും മറ്റു യാത്രക്കാർക്കും ഏറെ പ്രയോജനമാകുന്ന രീതിയിൽ നിലവിലെ വിമാനത്താവളം വികസിപ്പിക്കുന്നുണ്ട്. നിലവിൽ മദീന വിമാനത്താവളത്തിൽനിന്ന് 30 അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നുണ്ട്. വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ പ്രതിവർഷം മൂന്നുകോടി യാത്രക്കാരെ ഉൾക്കൊള്ളാനാകും. ഇതോടെ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അത്ര തന്നെ ഉംറ, ഹജ്ജ് തീർഥാടകരെ ഉൾക്കൊള്ളാനും കഴിയും. നിലവിൽ പ്രതിവർഷം 30 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് വിമാനത്താവളത്തിന് ഉള്ളത്. ഹജ്ജ്, ഉംറ സീസണിൽ ജിദ്ദ വിമാനത്താവളം നേരിടുന്ന കടുത്ത തിരക്ക് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മദീന വിമാനത്താവള വികസന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
വിമാന യാത്രക്കാരുടെ തിരക്ക് വർധിച്ചവരുന്നത് കണക്കിലെടുത്ത് മദീനയിൽ പുതിയ ഒരു വിമാനത്തവളം നിർമിക്കുന്നു. സ്വകാര്യ, പൊതു പങ്കാളിത്തത്തോടെയാണ് മദീനയിൽ പുതിയ വിമാനത്താവളം നിർമിക്കുന്നത് . മേഖലയിലെ വ്യോമഗതാഗതം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഏഴ് ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിൽ വിമാനത്താവളം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ, പൊതു പങ്കാളിത്തത്തോടെ സൗദി അറേബ്യയിൽ നിർമിക്കുന്ന ആദ്യത്തെ വിമാനത്താവളം ആണ് ആയിരിക്കും ഇത് . പുതിയ പാസഞ്ചർ ടെർമിനലുകൾ, 14 എയർ ബ്രിട്ജുകൾ, ആഭ്യന്തര വിദേശ തീർഥാടകർക്ക് പ്രത്യേക ലോഞ്ചുകൾ, എയർ ബസ് അടക്കമുള്ള പടുകൂറ്റൻ വിമാനങ്ങൾക്ക് ഇറങ്ങാൻ പാകത്തിലുള്ള റൺവേ, 27 വിമാനങ്ങൾക്കുള്ള പാർക്കിങ് ഏരിയ, പുതിയ വിമാനത്താവള റോഡ് എന്നിവ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. മദീനയിൽ ഇപ്പോൾ പ്രതിവർഷം മൂന്നു ദശലക്ഷം പേർ യാത്ര ചെയ്യുന്ന സ്ഥാനത്ത് പുതിയ വിമാനത്താവളം വരുന്നതോടെ ഇത് പ്രതിവർഷംഎട്ടു ദശലക്ഷമായി വർധിക്കും
[തിരുത്തുക] സാമൂഹിക രംഗം
മദീനയിലെത്തിയ മുഹമ്മദ് നബി തുടങ്ങിവെച്ച മാനുഷിക മൂല്യങ്ങൾ അവിടുത്തെ ഗോത്ര വിഭാഗങ്ങൾക്കും പ്രചോദനമേകി. മാനവിക വികസനത്തിൽ മുഹമ്മദ് നബി നിർവഹിച്ച പങ്ക് വലുതായിരുന്നു. താൻ നേതൃത്വം നൽകിയ സമൂഹത്തിന് നൽകിയ വികസന മാതൃകകൾ ഇന്നും നില നിൽക്കുന്നു. മക്കയിലെ ജീവിത കാലയളവിൽ നിരവധി സാമൂഹ്യ സേവനങ്ങൾ നിർവഹിച്ചിരുന്ന പ്രവാചകൻ മദീനയിലെ ഭരണസാരഥിയായപ്പോൾ വികസന പ്രവർത്തനങ്ങളുടെ പുതിയ മേഖലകൾ കണ്ടെത്തി. മക്കയിൽ നിന്ന് പലായനം ചെയ്ത് മദീനയിൽ എത്തിയ നിമിഷം മുതൽ മരണം വരെയും വിശ്രമമന്യേ അദ്ദേഹം കർമ്മ നിരതനായി. ദാരിദ്ര്യ നിർമാർജനത്തിന് സക്കാത്ത് ഫണ്ടുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി. യാചകന്മാർക്ക് സ്വയം തൊഴിലിനുള്ള വഴി കാണിച്ചുകൊടുത്തു. യാചിക്കാൻ വന്ന ഒരാളോട് വീട്ടിലുള്ള സാധനങ്ങൾ വിറ്റ് വിറക് വെട്ടി ജോലി ചെയ്ത് ഉപജീവനം നേടാൻ ഉപദേശിച്ചു. തരിശ് ഭൂമി കൃഷി ചെയ്താൽ അതിന്റെ ഉടമാവകാശം കർഷകനാണെന്ന് മുഹമ്മദ് നബി പ്രഖ്യാപിച്ചത് ഭൂപരിഷ്‌കരണ നിയമങ്ങളുടെ ചരിത്രത്തിലെ അപൂർവ സംഭവമാണ്.
[തിരുത്തുക] സംസ്കാരം
പ്രവാചക നഗരിയായ മദീനയിലെ നിർമലമായ മനുഷ്യ സ്‌നേഹത്തിന്റെ കാഴ്ചകൾ അവിടുത്തെ സംസ്കാരം വിളിച്ചോതുന്നു. മദീനയിൽ അൻസാരികൾ എപ്രകാരമാണ് നബിയേയും അനുയായികളെയും വരവേറ്റത് അതേ സംസ്കാരം ഇന്നും മദീനക്കാരുടെ പെരുമാറ്റത്തിലും മറ്റും നമുക്ക് കാണാം. മക്കയിൽ നിന്ന് അഭയാർഥികളായി വന്ന മുഹാജിറുകളെ ഊഷ്മളമായി സ്വീകരിക്കുകയും അവർക്കു വേണ്ട എല്ലാ സഹായ സൗകര്യങ്ങൾ നൽകുകയും ചെയ്ത മദീനാവാസികൾ അൻസാറുകൾ എന്നറിയപ്പെട്ടതും അവരുടെ സ്‌നേഹവായ്പിന്റെ അംഗീകാരമായിരുന്നു. പ്രവാചകന് അഭയം നൽകിയ മദീനക്കാരായ അൻസാറുകളുടെ ദയ, വിട്ടുവീഴ്ച, സഹിഷ്ണുത, വിശ്വസ്തത, ലജ്ജ, ആതിഥ്യ മര്യാദ എന്നിവയിലെല്ലാം പിൻതുടർച്ച കാണിക്കുന്നവരാണ് ഈ തലമുറയിലുള്ളവരും എന്നതാണ് ഇവിടുത്തെ പ്രത്യേകത. മദീനയിലെ സ്വദേശികളും വിദേശികളുമായവരുടെ സ്‌നേഹവായ്പിന്റെ രുചി ഇഫ്താർ വിരുന്നിലെ വിഭവങ്ങളേക്കാൾ ആസ്വാദ്യകരമാവുന്നു. റംസാൻ മാസം മദീനാ പള്ളിയിൽ ഉൽസവ പ്രതീതിയാണ്. ഇഫ്താർ വിഭവങ്ങൾ നിരത്തി പള്ളിയിലേക്കൊഴുകിയെത്തുന്ന വിശ്വാസികളെ കൈപിടിച്ചു ക്ഷണിച്ചിരുത്തുകയും നോമ്പു തുറപ്പിക്കുകയും ചെയ്യുന്നതിന്റെ ആതിഥ്യ മര്യാദ കലവറയില്ലാത്ത സ്‌നേഹത്തിന്റെ പര്യായമാണു മദീനാ നിവാസികൾ. മദീനയിലെ ജന ബാഹുല്യത്തിലും അച്ചടക്കം, ഹൃദയ വിശാലത, ഭയഭക്തി. എല്ലാം അവിടുത്തെ സംസാകരത്തിന്റെ ഭാഗം കൂടിയാണ്. മദീനയിലെ റംസാനിലെ നോമ്പു തുറ മുഹമ്മദ് നബിയുടെ കാലത്ത് തുടങ്ങി വെച്ച സംസ്കാരത്തിന്റെ പ്രതീകമായി ഇപ്പോഴും നില കൊള്ളുന്നു. പല രാജ്യക്കാർ, പല സംസ്‌കാരങ്ങൾ, പല ഭാഷകൾ വ്യത്യസ്തതയുടെ ആൾരൂപങ്ങളായ ലക്ഷങ്ങൾ എല്ലാവരും സ്‌നേഹത്തിന്റെ പ്രവാഹത്തിൽ പരസ്പരം ബന്ധിതരായിരിക്കുന്നു. നോമ്പ് തുറ സമയമാകുമ്പോൾ പഴുത്ത ഉടനെ പറിച്ചെടുത്ത ഈന്തപ്പഴവും തൈരും റൊട്ടിയും നോമ്പുതുറ വിഭവങ്ങളായി മസ്ജിദിൽ നിറയുന്നു. ലോകത്തെ ഏറ്റവും വലിയ സ്‌നേഹിതരായി എല്ലാവരും ഒരുമിച്ചിരുന്ന് നോമ്പുതുറക്കുന്നു.
വിശ്വ മാനവ സ്‌നേഹത്തിന്റെ മദീനക്കാഴ്ചകൾ ഇവിടെയെത്തുന്ന മറ്റു പ്രദേശക്കാർക്ക് പുത്തൻ അനുഭവമാണ്. മദീനയുടെ, ചരിത്രത്തിനു പകരം വെക്കാനില്ലാത്ത അനുഭവ സാക്‌ഷ്യമാണ് ഇഫ്താർ സുപ്രകൾ (ഭക്ഷണം വിളമ്പാനുള്ള ഷീറ്റ്). മദീനയുടെ മഹത്തായ ആതിഥ്യ മര്യാദയുടേയും സ്നേഹ പ്രകടനങ്ങളുടേയും നേർക്കാഴ്ച്ച തന്നെയാണ് മദീനയിലെ ഈ വിരുന്നുകൾ. റമദാൻ മാസം മുഴുക്കെ നീണ്ടു നിൽക്കുന്ന ഈ നോമ്പുതുറ വിരുന്നുകൾക്ക് പിഞ്ചു കുഞ്ഞുങ്ങൾ തൊട്ട് പ്രായമേറെ ചെന്ന സ്വദേശികൾ വരെ അതിഥികളെ സ്നേഹപൂർവ്വം കൈപിടിച്ച് ഹറമിനകത്തെ അവരുടെ സുപ്രയിലേക്ക് ക്ഷണിക്കുന്നു. ഹറമിനകത്ത് സംസം,ചായ,ഗഹ്‌വ, വിവിധ തരം ഈത്തപ്പഴങ്ങൾ, തൈർ, അണ്ടിപ്പരിപ്പ്, ബദാം, ഷിറേക്ക്, ഫത്തൂത്ത്, മുന്തിരി, കാരക്കാപ്പൊടി, ദുഗ എന്നറിയപ്പെടുന്ന തൈരിൽ ലയിപ്പിച്ച് കഴിക്കുന്ന മസാലപ്പൊടി തുടങ്ങിയവ സമൃദ്ധമായി വിളമ്പുന്നു. ഹറമിനു മുറ്റത്ത് വിവിധതരം ഭക്ഷണ വിഭവങ്ങളായ കബ്സ, മന്തി, കോഴി, പഴവർഗ്ഗങ്ങൾ, ജ്യൂസ്, ചപ്പാത്തി, റൊട്ടി, അൽബൈക്ക് ബ്രോസ്റ്റ് തുടങ്ങിയവ വിശ്വാസികൾക്കായി ഒരുക്കുന്നു. മദീനയിലെ മലയാളി സംഘടനകളും കൂടായ്മകളും ഇതിൽ സജീവമായി രംഗത്തുണ്ട്. അതിഥി സൽക്കാരത്തിൽ മദീനയുടെ പാരമ്പര്യത്തിനുതകും വിധം മദീനയിലെ ഒരോ സംഘടനയും ഈ രംഗത്ത് സ്തുത്യർഹമായ സേവനമാണു വർഷങ്ങളായി കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.
[തിരുത്തുക] സാമ്പത്തിക രംഗം
മദീനയിൽ മറ്റെല്ലാ മേഖലകളിലെയും പോലെ വികസന മേഖലയിലും തുടക്കം കുറിച്ചത് മുഹമ്മദ് നബിയുടെ കാലത്താണ്. ശാസ്ത്രീയവും പ്രക്രതിയോടിണങ്ങുന്നതുമായ വികസനം ആണ് മുഹമ്മദ് നബി നടപ്പാക്കിയത്. സാധാരണക്കാരുടെ ജീവിതാവസ്ഥകൾ മെച്ചപ്പെടുത്തുകയാണ് വികസനം കൊണ്ട് നബി ഉദ്ദേശിച്ചത്. രാജ്യത്തിന്റെ അതിർത്തിയിൽ ചുങ്കം പിരിക്കാനുള്ള പഴയകാല ചൗകികൾ പ്രവാചകൻ എടുത്ത് കളഞ്ഞത് വ്യവസായ-വാണിജ്യ രംഗത്തെ സജീവമാക്കാൻ സഹായകമായി. പ്രകൃതിയുടെ മൗലിക ഘടനക്ക് മാറ്റം വരാത്ത തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ മാത്രമേ പ്രവാചകൻ അനുവദിച്ചിട്ടുള്ളൂ. ഏത് കുതന്ത്രങ്ങൾ പോലും അനുവദനീയമാവാറുള്ള യുദ്ധത്തിൽ പ്രകൃതിക്ക് പോറൽ ഏൽപ്പിക്കുന്നത് അദ്ദേഹം കർശനമായി തടഞ്ഞു
തീർഥാടകരെ ആശ്രയിച്ചാണ് നിലവിൽ മദീനയിലെ സാമ്പത്തിക രംഗം നില കൊള്ളുന്നത്. മദീന ചേംബർ ഓഫ് കൊമേർസിലെ ഹജ്ജ് -ഉംറ സമിതിയുടെ കണക്കു പ്രകാരം ഹജ്ജ്, ഉംറ തീർഥാടനത്തിലൂടെ സൗദി അറേബ്യ പ്രതിവർഷം 30 ബില്യൻ റിയാൽ സമ്പാദിക്കുന്നുണ്ട്. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമീപ്യം ഉള്ളതിനാൽ നിലവിൽ മക്കയാണ് മദീനയെക്കാൻ ഈ മേഖലിയിൽ നിന്ന് വരുമാനം നേടുന്നത്. മദീന വിമാനത്താവളം വികസിപ്പിച്ച് അന്താരാഷ്‌ട്ര വിമാനങ്ങളുടെ പോക്കുവരവ് സുഗമമാക്കിയാൽ മക്കയും മദീനയും വരുമാനം ഒരു പോലെയാവും. അന്താരാഷ്ട്ര ടൂറിസ്റ്റ്-ഉംറ കമ്പനികളാണ് രണ്ടു നഗരങ്ങളുടെയും സമ്പദ്ഘടനയെ നിയന്ത്രിക്കുന്നത്. 40ഓളം പ്രാദേശിക ഉംറ കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. റംസാൻ മാസത്തിലും ഹജ്ജിനോടനുബന്ധിച്ചും എത്തുന്ന തീർഥാടകർ മദീനയിൽ താമസ വാടകക്ക് ഇരട്ടി തുക നൽകണം. ഹജ്ജ്, ഉമ്ര സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സർവീസ് സ്ഥാപനങ്ങൾ സീസൺ മുന്നിൽക്കണ്ടു നിരക്കു വർധിപ്പിക്കാറുണ്ട്. സൗദി അറേബ്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും മദീനയിലേക്കുള്ള ബസ്, ടാക്സി വാഹനങ്ങൾ എന്നിവ അധിക നിരക്ക് ഈടാക്കാറുണ്ട്. ഏറ്റവുമധികം ആഭ്യന്തര വിദേശ തീർഥാടകർ ഉമ്ര നിർവഹിക്കാൻ തെരഞ്ഞെടുക്കുന്നതു പുണ്യ മാസമായ റംസാനാണ്. ഇതേത്തുടർന്നാണു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഉമ്ര സർവീസ് സ്ഥാപനങ്ങൾ വ്യത്യസ്ത നിരക്കുകൾ തീർഥാടകരിൽ നിന്ന് ഈടാക്കുന്നത്. റംസാൻ ആദ്യ പകുതി കഴിഞ്ഞാൽ നിരക്കു വീണ്ടും വർധിപ്പിക്കും.
[തിരുത്തുക] വിദ്യാഭ്യാസ രംഗം
ആത്മീയവും ഭൗതികവുമായ തലത്തിൽ മനുഷ്യ സമൂഹത്തെ പുരോഗതിയുടെയും വികസനത്തിന്റെയും ക്ഷേമ ഐശ്വര്യത്തിന്റേയും പാതയിലേക്ക് നയിക്കാൻ പ്രവാചകത്വ പദവി ലഭിച്ചതിന് ശേഷം മുഹമ്മദ് നബി കിണഞ്ഞു പരിശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി മക്കയിലും മദീനയിലുമായി നീണ്ട 23 വർഷക്കാലം പ്രവർത്തനനിരതനായത് മനുഷ്യ സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ള വികസനം ലക്ഷ്യംവെച്ച് കൊണ്ടായിരുന്നു. അറബ് ലോകത്ത് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സാമ്പത്തിക, വിദ്യാഭ്യാസ വിപ്ലവത്തിൽ മുഹമ്മദ് നബിയുടെ വികസന മാതൃക വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. മദീന എന്ന കൊച്ചു നഗരത്തിൽ മുഹമ്മദ് നബി വിജ്ഞാന പരിപോഷണത്തിന്റെ ഭാഗമായി അക്കാലത്ത് ഒമ്പത് പാഠശാലകൾ സ്ഥാപിച്ചു വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചു. ബദ്ർ യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ട 70 തടവുകാരുടെ മോചനത്തിന് വേണ്ടി പ്രവാചകൻ ആവശ്യപ്പെട്ടത് ഓരോ തടവുകാരനും പത്ത് മുസ്‌ലിം കുട്ടികളെ വീതം എഴുത്തും വായനയും പഠിപ്പിച്ചാൽ അയാളെ സ്വതന്ത്രനാക്കാം എന്നായിരുന്നു. അധ്യാപകർ അമുസ്‌ലിംകളും വിദ്യാർഥികൾ എല്ലാവരും മുസ്‌ലിംകളുമായ ആദ്യ പാഠശാലയും ഇതാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
[തിരുത്തുക] ഇസ്ലാമിക് യൂനിവേഴ്‌സിറ്റി
മദീനയിലെ മത-ഭൌതിക വിദ്യാഭ്യാസ മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയ സ്ഥാപനമാണ് മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റി. ഹിജ്റ 1381-ൽ നിലവിൽ വന്ന ഈ ഉന്നത സർവകലാശാലയിൽ നിലവിൽ 138 രാജ്യങ്ങളിൽ നിന്നായി 6000-ലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. വളരെ വിസ്തൃതമായ ഈ കാമ്പസ് മദീനയിലെ ഖിബ്ലത്തൈൻ മസ്ജിദിന്റെ അടുത്ത് അനുഗ്രഹീത താഴ്വരയെന്ന് മുഹമ്മദ് നബി വിശേഷിപ്പിച്ച വാദീ അഖീഖിലാണ് സ്ഥിതി ചെയ്യുന്നത്. വിദ്യാർഥികളുടെ എല്ലാ ചെലവുകളും സൌജന്യമായി വഹിക്കുന്ന യൂനിവേഴ്സിറ്റി പഠനകാലത്ത് എല്ലാവർക്കും സ്റൈപ്പന്റും നൽകിവരുന്നു. ഖുർആൻ, ഹദീസ്, ശരീഅ, ദഅവ, അറബി ഭാഷ എന്നീ അഞ്ച് ഫാക്കൽറ്റികളാണ് ഇവിടെയുള്ളത്. എല്ലാ വർഷവും അന്താരാഷ്ട്ര പുസ്തകമേള ഉൾപ്പടെ പല പരിപാടികളും യൂനിവേഴ്സിറ്റി സംഘടിപ്പിക്കാറുണ്ട്.
[തിരുത്തുക] കാലാവസ്ഥ
ചൂട് കാലത്ത് ഉയർന്ന താപനിലയും തണുപ്പ് കാലാത്ത് കൊടും തണുപ്പും അനുഭവപ്പെടുന്ന പ്രദേശമാണ് മദീന. 60 ഡിഗ്രി സെന്റിഗ്രേഡ് വരെ ഉയർന്ന താപനില രേഖപ്പെടുത്താറുണ്ട്.. ആരിദ് മേഖലകളിൽ നിന്നു വീശുന്ന തെക്കു പടിഞ്ഞാറൻ കാറ്റാണ് ഉയർന്ന താപനിലയ്ക്കു കാരണം. റമസാനിൽ മദീനയിൽ എത്തുന്ന തീർഥാടകരുടെ സംരക്ഷണത്തിനായി അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരാറുണ്ട്. ഇതിനായി താപനില രേഖപ്പെടുത്തുന്ന ഉപകരണങ്ങൾ ഇവിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. താപനിലയ്ക്കനുസരിച്ച് ശീതീകരണ സംവിധാനങ്ങൾ ക്രമീകരിക്കാനും തണൽ ഒരുക്കുന്നതിനും തീർഥാടകരെയും സന്ദർശകരെയും നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.
| മദീന പ്രദേശത്തെ കാലാവസ്ഥ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
| ശരാശരി കൂടിയ °C (°F) | 22.8 (73) |
25.6 (78) |
29.4 (85) |
33.9 (93) |
38.9 (102) |
41.7 (107) |
41.7 (107) |
41.7 (107) |
41.1 (106) |
36.1 (97) |
29.4 (85) |
25 (77) |
33.94 (93.1) |
| ശരാശരി താഴ്ന്ന °C (°F) | 12.2 (54) |
13.9 (57) |
17.2 (63) |
21.7 (71) |
25.6 (78) |
28.3 (83) |
28.9 (84) |
29.4 (85) |
27.8 (82) |
22.8 (73) |
17.8 (64) |
13.3 (56) |
21.57 (70.8) |
| മഴ/മഞ്ഞ് mm (inches) | 5 (0.2) |
0 (0) |
10 (0.4) |
13 (0.5) |
5 (0.2) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
10 (0.4) |
5 (0.2) |
48 (1.9) |
| സ്രോതസ്സ്: Weatherbase [30] | |||||||||||||
[തിരുത്തുക] ചിത്രശാല
|
|||||
[തിരുത്തുക] അവലംബം
- ↑ "smoke free Mecca and Medina". WHO. http://www.who.int/kobe_centre/interventions/smoke_free/mecca_medina/en/index.html, ശേഖരിച്ചത്: 06/05/2012.
- ↑ "Al Madina Al Monawrah". sauditourism.com.sa. http://www.sauditourism.com.sa/en/Provinces/kindnews.aspx?kind_ID=13.
- ↑ "city of prophet". religionfacts. http://www.religionfacts.com/islam/places/medina.htm, ശേഖരിച്ചത്: 2/16/05.
- ↑ "Population of Medina, Saudi Arabia". mongabay.com. http://population.mongabay.com/population/saudi-arabia/109223/medina, ശേഖരിച്ചത്: 2007-06-19.
- ↑ "The Prophet's Mosque, Medina". sacred-destinations.com. http://www.sacred-destinations.com/saudi-arabia/medina-prophets-mosque, ശേഖരിച്ചത്: October 19, 2009.
- ↑ "Muhammad and Jews of Medina". pbs.org. http://www.pbs.org/muhammad/ma_jews.shtml.
- ↑ "The Tribes of Aws and Khazraj". imamreza.net. http://www.imamreza.net/eng/imamreza.php?id=7073, ശേഖരിച്ചത്: October 19, 2009.
- ↑ "Tribes of Aws and Khazraj". al-islam.org. http://www.al-islam.org/ashura/45.htm.
- ↑ "Islamic Civilizations". proteus.brown.edu. http://proteus.brown.edu/islamiccivilizations/7965.
- ↑ "Hijrah". britannica.com. http://www.britannica.com/EBchecked/topic/259462/Hijrah.
- ↑ "Hijrah". wisegeek.com. http://www.wisegeek.com/what-is-the-hijrah.htm.
- ↑ "The Battle of Badr". al-islam.org. http://www.al-islam.org/history/history/badr.html.
- ↑ "Battle of Uhud". hajinformation.com. http://www.hajinformation.com/main/h2032.htm.
- ↑ "THE BATTLE OF UHUD". the way to truth. http://www.thewaytotruth.org/prophetmuhammad/uhud.html, ശേഖരിച്ചത്: October 09, 2000.
- ↑ "BATTLE OF THE TRENCH". the way to truth. http://www.thewaytotruth.org/prophetmuhammad/trench.html, ശേഖരിച്ചത്: October 09, 2000.
- ↑ "The Battle of Trench". pbuh.us. http://www.pbuh.us/prophetMuhammad.php?f=BT_Trench.
- ↑ "Madina Charter The First Islamic Constitution". socyberty.com. http://socyberty.com/issues/madina-charter-the-first-islamic-constitution/.
- ↑ "new Madina projects". meed.com. http://www.meed.com/story.aspx?storycode=3028570.
- ↑ "governer of madina province". gulf in the media. http://www.gulfinthemedia.com/index.php?m=gcc_press&id=2243672&cnt=171&lang=en&PHPSESSID=8.
- ↑ "The Prophet's Mosque". interactive media. http://www.imedia.ae/projects/Saudia/Index_M.html.
- ↑ "prophet mosque". .3dmekanlar.com. http://www.3dmekanlar.com/en/prophets-mosque.html.
- ↑ "Secrets of the Prophetic Chamber". ne3matullah.wordpress.com. http://ne3matullah.wordpress.com/2010/06/06/secrets-of-the-prophetic-chamber/.
- ↑ "HISTORY OF THE CEMETERY OF JANNAT AL-BAQI". al-islam.org. http://www.al-islam.org/shrines/baqi.htm.
- ↑ "Masjid Ghamama". hajinformation.com. http://www.hajinformation.com/main/h2024.htm.
- ↑ "masjid ghamama". islamiclandmarks.com. http://www.islamiclandmarks.com/saudi/madinah/other/masjid_ghamama.html.
- ↑ "hejaz railway Medina". nabataea.net. http://nabataea.net/Medina.html.
- ↑ "hejaz railway". splendidarabia.com. http://www.splendidarabia.com/location/madinah/hijaz/page_2/.
- ↑ http://shakkisamazingblog.wordpress.com/2008/10/19/worlds-biggest-quran-printing-press-madinah-saudi-arabia/
- ↑ http://www.qurancomplex.org/default.asp?l=eng
- ↑ "Weatherbase: Historical Weather for Medina, Saudi Arabia". Weatherbase. 2011. http://www.weatherbase.com/weather/weather.php3?s=3404&refer=wikipedia. Retrieved on November 24, 2011.