സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സമൂഹത്തിന്റെ സ്വഭാവരീതികൾ, ജീവിതരീതികൾ, കലാചാതുര്യം, വസ്ത്രധാരണം, ഭാഷ, ആചാരങ്ങൾ, വിനോദങ്ങൾ വിശ്വാസരീതികൾ തുടങ്ങിയവയെല്ലാത്തിന്റെയും ആകെത്തുകയെ ആ പ്രത്യേക സമൂഹത്തിന്റെ സംസ്കാരം എന്നു പറയുന്നു. ഓരോ പ്രദേശങ്ങളിലെയും ജനങ്ങളുടെ സംസ്കാരം ആ പ്രദേശത്തിന്റെ ഭൂപ്രകൃതിയോടും ആവാസവ്യവസ്ഥയോടും രാഷ്ട്രീയപരവും ചരിത്രപരവുമായ സംഭവവികാസങ്ങളോടും ജാതിമതങ്ങളോടും ഗോത്രങ്ങളോടും അഭേദ്യമായ ബന്ധം പുലർത്തുന്നു. സംസ്കാരം എന്നത്‌ മനുഷ്യരുടെ വലിയ പ്രത്യേകതയാണ്. ഓരോ പ്രദേശത്തിന്റെയും സംസ്കാരം വ്യത്യസ്തമാകാം. രാജ്യത്തിന്റെ പുരോഗതി, വികസനം, ശാസ്ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റം, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക സ്ഥിതി എന്നിവയൊക്കെ സംസ്കാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സ്ഥായിയായി നിലനിക്കുന്ന ഒന്നല്ല സംസ്കാരം. സംസ്‌കാരത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുന്ന എന്തിന്റേയും ദിവസംതോറുമുള്ള മാറ്റം സംസ്കാരത്തെ മാറ്റിക്കൊണ്ടേയിരിക്കുന്നു.

ചരിത്രം[തിരുത്തുക]

ലോകത്തിൽ മനുഷ്യൻ സമൂഹമായി ജീവിക്കാൻ തുടങ്ങിയ കാലം തൊട്ടെ അവർക്കൊക്കെ പ്രത്യേകം സംസ്കാരങ്ങളുണ്ടായിരിക്കാം. ആദിമമനുഷ്യർ താമസിച്ചിരുന്നിടത്തു നിന്നു കിട്ടിയിട്ടുള്ള തെളിവുകളും അവരുടെ ഗുഹകളിൽ കണ്ടുവരുന്ന ചിത്രങ്ങളും ഇതാണു തെളിയിക്കുന്നത്‌. എങ്കിലും ഇന്നു പരിപൂർണ്ണ സംസ്കാരം എന്നർത്ഥത്തിൽ കാണുന്ന ഏറ്റവും പഴയ സമൂഹം മെസപ്പൊട്ടേമിയയിലായിരുന്നു ജീവിച്ചിരുന്നത്‌. അക്കാലത്ത്‌ സിന്ധു നദിതടത്തിലുണ്ടായിരുന്ന ഹാരപ്പാ സംസ്കാരം, മോഹൻജൊദാരോ സംസ്കാരം മുതലായവയേയും പഴയ പൂർണ്ണസംസ്കാരങ്ങളായി കാണാവുന്നതാണ്‌. കൂടുതലായി ഒന്നും പറയാനില്ല.

പ്രത്യേകതകൾ[തിരുത്തുക]

സംസ്കാരം എന്നുള്ളത്‌ ആപേക്ഷികമാണെന്നാണ്‌ നരവംശശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ഒരു സമൂഹത്തിനെ പുറത്തു നിന്നു വീക്ഷിക്കുന്നവർക്ക്‌ അനുഭവപ്പെടുന്നതു പോലെയാകണമെന്നില്ല സമൂഹത്തിനകത്തുള്ളവർക്ക്‌ അതനുഭവപ്പെടുന്നത്‌. സംസ്കാരം സമൂഹങ്ങൾ തമ്മിലും ഒരു സമൂഹത്തിനുള്ളിൽ ഉപസമൂഹങ്ങൾ തമ്മിലും ചിലപ്പോൾ വീണ്ടും ഉപസമൂഹങ്ങളായും വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സംസ്കാരം പുറമേ നിന്നു നോക്കുന്ന ഒരാൾക്ക്‌ ഒരു പോലെയായിരിക്കും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വസിക്കുന്നവർക്ക്‌ അത്‌ രാജ്യഭേദത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യയിലാണെങ്കിൽ സംസ്ഥാനാടിസ്ഥാനത്തിൽ ആൾക്കാരുടെ അഭിരുചികൾ വ്യത്യസ്തമാണെന്നു അവർക്കനുഭവപ്പെടുന്നു. ജാതീയമായും പിന്നീടീ സംസ്കാരങ്ങൾ വേർപിരിഞ്ഞിരിക്കുന്നതായി കാണാം.

മതത്തിലധിഷ്ഠിതമായും സംസ്കാരത്തിനേ വേർതിരിക്കാറുണ്ട്‌. ഉദാഹരണമായി ലോകത്തെമ്പാടുമുള്ള ക്രിസ്ത്യാനികളെയും അവരുടെ ആചാരവിശ്വാസങ്ങളേയും ക്രിസ്ത്യൻ സംസ്കാരമെന്ന് വിശേഷിപ്പിക്കാറുണ്ട്‌.

വിശാലാർത്ഥത്തിൽ ലോകത്തിലെ സംസ്കാരങ്ങളെ പ്രധാനമായും നാലായി തരംതിരിച്ചിട്ടുണ്ട്‌. പാശ്ചാത്യസംസ്കാരം(പടിഞ്ഞാറൻ സംസ്കാരം), പൗരസ്ത്യസംസ്കാരം(കിഴക്കൻ സംസ്കാരം), അറേബ്യൻ സംസ്കാരം, ആഫ്രിക്കൻ സംസ്കാരം എന്നിങ്ങനെയാണവ.

സാംസ്കാരികാധിനിവേശം[തിരുത്തുക]

ഒരു സ്ഥലത്തെ ജനങ്ങൾ തങ്ങളുടെ സംസ്കാരത്തെ ഉപേക്ഷിച്ച്‌ മറ്റു സംസ്കാരത്തെ സ്വീകരിക്കുന്നതു അപൂർവ്വമല്ല. ജനത സ്വയം സ്വീകരിക്കുന്നതുമൂലമോ, അധിനിവേശസംസ്കാരം ബലംപ്രയോഗിക്കുന്നതുമൂലമോ ഇങ്ങനെ സംഭവിക്കാറുണ്ട്‌. അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ഇൻകാ, മായൻ മുതലായ സംസ്കാരങ്ങളും, ഓസ്ട്രേലിയയിലെ ആദിവാസികളുടെ സംസ്കാരവുമെല്ലാം യൂറോപ്യൻ കുടിയേറ്റത്തോടു കൂടി നാമാവശേഷമായവയാണ്‌. കോളനി വത്‌കരണ കാലഘട്ടത്തോടു കൂടി പലപ്രാദേശിക സംസ്കാരങ്ങളും യൂറോപ്യൻ സംസ്കാരങ്ങൾക്ക്‌ പൂർണ്ണമായോ ഭാഗീകമായോ വഴിമാറിയതായാണ്‌ കണക്കാക്കപ്പെടുന്നത്‌.

"https://ml.wikipedia.org/w/index.php?title=സംസ്കാരം&oldid=3815122" എന്ന താളിൽനിന്ന് ശേഖരിച്ചത്