വിമാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിശ്ചലമായ ചിറകുകളുള്ളതും യാന്ത്രികോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്നതും വായുവിനേക്കാള്‍ ഭാരം കൂടിയതുമായ ആകാശനൗകകളെ വിമാനങ്ങള്‍ എന്നു പറയുന്നു.റോട്ടര്‍ക്രാഫ്റ്റുകളില്‍ നിന്നും ഓര്‍ണിതോപ്റ്ററുകളില്‍ നിന്നും വ്യത്യസ്തമായി വിമാനങ്ങള്‍ ചലിക്കാത്ത ചിറകുകള്‍ ഉപയോഗിച്ചാണ് ഉയര്‍ത്തല്‍ ബലം ഉണ്ടാക്കുന്നത്.വിമാനങ്ങളെ airplanes എന്ന് വടക്കേ അമേരിക്കയിലും(യു.എസ്.എ,കാനഡ എന്നിവ),aeroplanes എന്ന് അയര്‍ലന്‍റ്റിലും കാനഡ ഒഴികെയുള്ള കോമണ്‍വല്‍ത്ത് രാജ്യങ്ങളിലും സാധാരണ സൂചിപ്പിക്കുന്നു.ഇന്ത്യയിലും aeroplanes എന്നാണ് ഉപയോഗിക്കുന്നത്.[1] വിമാനങ്ങളെ ഇംഗ്ലീഷില്‍ planes എന്നും ചുരുക്കരൂപത്തില്‍ പറയുന്നു.
[തിരുത്തുക] ചരിത്രം
പുരാതന ഇന്ത്യയിലെ ഭോജന്‍ രചിച്ച സമരാങ്കണസൂത്രധാരം എന്ന ഗ്രന്ഥത്തില്‍ വിമാനത്തിന്റെ ഘടന വിശദമാക്കുന്നുണ്ട്[2]. പതിനഞ്ചാം നൂറ്റാണ്ടില്‍ ലിയണാര്‍ഡോ ഡാവിഞ്ചി പറക്കുന്നതിനെക്കുറിച്ചുള്ള നിരവധി പഠനങ്ങള്‍ നടത്തുകയും പറക്കുന്നതിനുള്ള പലതരത്തിലുള്ള യന്ത്രങ്ങള്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു[3].
മനുഷ്യന് പറക്കാന്‍ സാധിക്കണമെങ്കില്‍ ചിറകടിച്ചു പറക്കുന്ന പക്ഷികളെയല്ല മറിച്ച് പരുന്തുകളെ പോലെ ചിറകടിക്കാതെ തന്നെ തെന്നി നീങ്ങികൊണ്ടിരിക്കുന്നവയെ (Soaring bird) ആണ് അനുകരിക്കേണ്ടത് എന്ന തിരിച്ചറിവില്‍ നിന്നാണ് വായുവിനേക്കാള്‍ ഭാരം കൂടിയ ആകാശനൗകകളുടെ ഉദ്ഭവം.
പറക്കുമ്പോള്‍ അനുഭവപ്പെടുന്ന ബലങ്ങളും മറ്റും കൃത്യമായി മനസ്സിലാക്കിയ ആദ്യത്തെ ശാസ്ത്രജ്ഞനായി സര്‍ ജോര്‍ജ് കെയ്‌ലി(1773-1857) അറിയപ്പെടുന്നു.ഉയര്‍ത്തല്‍ ബലം ഉണ്ടാക്കാനും നിയന്ത്രണത്തിനും സ്ഥിരതയ്ക്കും വ്യത്യസ്ത ഭാഗങ്ങള്‍ ഉപയോഗിക്കുന്ന സമ്പ്രദായം അദ്ദേഹമാണ് ആദ്യമായി ആവിഷ്കരിച്ചത്.ഒരു ഇംഗ്ലീഷ് എന്‍ജിനീയര്‍ ആയിരുന്ന ഇദ്ദേഹം തന്റെ കണ്ടുപിടുത്തങ്ങള്‍ ഒരു വെള്ളിനാണയത്തില്‍ രേഖപ്പെടുത്തി വെക്കുകയുണ്ടായി.അതിന്റെ ഒരു വശത്ത് പറക്കുന്ന വാഹനത്തില്‍ അനുഭവപ്പെടുന്ന ബലങ്ങളും മറുവശത്ത് ഒരു സെറ്റ് ചിറകുകളുള്ള ഒരു ഗ്ലൈഡറിന്റെ രൂപകല്പനയുമായിരുന്നു ഉണ്ടായിരുന്നത്.തന്റെ അറിവുകളുടെ വെളിച്ചത്തില്‍ വിവിധ തരം ഗ്ലൈഡറുകള്‍ അദ്ദേഹം പറത്തുകയുണ്ടായി.
ജര്‍മ്മന്‍കാരനായ ഒട്ടോ ലിലിയെന്താള്‍ ശാസ്ത്രീയമായ രീതിയില്‍ തുടര്‍ച്ചയായി ഗ്ലൈഡറുകള്‍ പറത്തിയ ആദ്യ വ്യക്തിയാണ്.വളഞ്ഞ എയര്‍ഫോയില്‍ ഉള്ള ചിറകുകളും വെര്‍ട്ടിക്കല്‍,ഹോറിസോണ്ടല്‍ ചിറകുകളും അദ്ദേഹത്തിന്റെ ഗ്ലൈഡറുകളുടെ പ്രത്യേകതയായിരുന്നു.
1896 മെയ് 6 ന് സാമുവേല്‍ ലാംഗ്‌ലി എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ പൈലറ്റില്ലാത്തതും എന്‍ജിന്‍ ഉപയോഗിച്ചതുമായ ആദ്യത്തെ വിമാനം പറത്തി.എയ്റോഡ്രോം 5 എന്നറിയപ്പെട്ട ആ വിമാനം വിര്‍ജീനിയയിലെ പോട്ടോമാക് നദിയിലാണ് പരീക്ഷിക്കപ്പെട്ടത്. 1896 നവംബര്‍ 28 ന് 'എയ്റോഡ്രോം 6'ഉം അദ്ദേഹം പരീക്ഷിച്ചു.1460 മീറ്ററോളം ഈ മോഡല്‍ പറന്നു.1901 ലും 1903ലും അദ്ദേഹം തന്റെ ചെറിയ എന്‍ജിനുകള്‍ ഉപയോഗിക്കുന്ന മോഡലുകള്‍ പരീക്ഷിച്ചു.ശക്തമായ ഒരു എന്‍ജിന്‍ രൂപകല്പന ചെയ്യാന്‍ അദ്ദേഹം സ്റ്റീഫന്‍ ബല്‍സാര്‍ എന്നൊരാളെ സമീപിച്ചെങ്കിലും ലാംഗ്‌ലിക്ക് ആവസ്യമുണ്ടായിരുന്ന 12hp എന്‍ജിന്‍ നിര്‍മ്മിച്ചു നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.8hp മാത്രമായിരുന്നു എന്‍ജിന്റെ ശേഷി.ആ എന്‍ജിന്‍ ലാംഗ്‌ലിയുടെ അസിസ്റ്റന്റ് ആയ ചാള്‍സ് മാന്‍ലി പരിഷ്കരിക്കുകയും 52hp ശക്തിയുള്ളതാക്കുകയും ചെയ്തു.പക്ഷേ പൈലറ്റില്ലാത്തതും ചെറിയ സ്റ്റീം എന്‍ജിന്‍ ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന്റെ മോഡലുകള്‍ യഥാര്‍ത്ഥത്തില്‍ പറന്നെങ്കിലും അവയുടെ വികസിതരൂപങ്ങള്‍ നിര്‍ഭാഗ്യവശാല്‍ പരീക്ഷണപരാജയങ്ങളായിരുന്നു.ആ എന്‍ജിനുകള്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ എയ്റോഡ്രോമുകള്‍ നദിയില്‍ തകര്‍ന്നു വീണു.1903 ല്‍ തന്നെ റൈറ്റ് സഹോദരന്മാര്‍ അതിലും മെച്ചപ്പെട്ട വിമാനങ്ങള്‍ പരീക്ഷിച്ച് വിജയിച്ചപ്പോള്‍ ലാംഗ്‌ലി തന്റെ പരിശ്രമങ്ങള്‍ നിര്‍ത്തിവെക്കുകയാണുണ്ടായത്.സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ പോലുള്ള ഗവേഷണ സ്ഥാപനങ്ങളും പല വ്യോമയാന ചരിത്രകാരന്മാരും എന്‍ജിന്‍ ഉപയോഗിച്ച് വിമാനം പറത്തിയ ആദ്യത്തെ വ്യക്തിയായി ലാംഗ്‌ലിയെ കണക്കാക്കുന്നു.
എന്‍ജിന്‍ ഉപയോഗിച്ചതും പൂര്‍ണ്ണമായും നിയന്ത്രണവിധേയമായതും മനുഷ്യന് പറക്കാന്‍ സാധിച്ചതുമായ ആദ്യത്തെ വിമാനം നിര്‍മ്മിച്ച് വിജയകരമായി പറത്തിയവരായി റൈറ്റ് സഹോദരന്മാര്‍ അറിയപ്പെടുന്നു.വ്യോമയാനവുമായി ബന്ധപ്പെട്ട് അന്നു വരെ ലഭ്യമായിരുന്ന വിവരങ്ങളെല്ലാം അവര്‍ ശേഖരിക്കുകയും പഠിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ 1900 മുതല്‍ 1902 വരെ വിവിധ തരം ഗ്ലൈഡറുകള്‍ റൈറ്റ് സഹോദരന്മാര്‍ രൂപകല്പന ചെയ്യുകയും പരീക്ഷിക്കുകയും ഉണ്ടായി.പക്ഷേ അവര്‍ക്ക് മുന്‍പുണ്ടായിരുന്ന ശാസ്ത്രജ്ഞരുടെ പരീക്ഷണ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഫലങ്ങളാണ് അവര്‍ക്ക് ലഭിച്ചത്.അതു കോണ്ട് റൈറ്റ് സഹോദരന്മാര്‍ സ്വയം ഗവേഷണങ്ങളില്‍ ഏര്‍പ്പെടുകയും വിന്റ് ടണല്‍ പരീക്ഷണങ്ങള്‍ സ്വയം നടത്തുകയും ചെയ്തു.1900,1901,1902 എന്നി വര്‍ഷങ്ങളില്‍ അവര്‍ വിജയകരമായി ഗ്ലൈഡറുകള്‍ പറത്തി. തുടര്‍ന്ന് അവര്‍ ഊര്‍ജ്ജം ഉപയോഗിച്ച് പറക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു.വിമാനത്തിന്റെ നിയന്ത്രണം,ഊര്‍ജ്ജ ഉപയോഗം എന്നിവയില്‍ ഒരേ സമയം അവര്‍ ഗവേഷണങ്ങള്‍ നടത്തിയിരുന്നു.വിമാനത്തിന്റെ മൂന്ന് അക്ഷങ്ങള്‍(പിച്ച്,യോ,റോള്‍)കണ്ടുപിടിച്ചതും ആ അക്ഷങ്ങളില്‍ വിമാനത്തിനെ നിയന്ത്രിക്കാനാവശ്യമായ ഉപാധികള്‍ വികസിപ്പിച്ചതും റൈറ്റ് സഹോദര്‍ന്മാരുടെ സംഭാവനകളാണ്. അവര്‍ക്ക് ആവശ്യമുള്ള ശക്തിയുള്ള എന്‍ജിനുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതില്‍ അന്നത്തെ എന്‍ജിന്‍ നിര്‍മ്മാതാക്കളെല്ലാം പരാജയപ്പെട്ടു.അവസാനം റൈറ്റ് സഹോദരന്മാരുടെ തന്നെ ഷോപ്പിലെ മെക്കാനിക് ആയിരുന്ന ചാര്‍ലി ടെയ്‌ലര്‍ 12hp ശക്തിയുള്ള എന്‍ജിന്‍ അവര്‍ക്ക് നിര്‍മ്മിച്ചു നല്‍കി.
ആ എന്‍ജിന്‍ ഉപയോഗിച്ച് ലോകത്തിലാദ്യമായി നിയന്ത്രണവിധേയമായതും ഊര്‍ജ്ജം ഉപയോഗിച്ചതുമായതും വായുവിനേക്കാള്‍ ഭാരം കൂടിയതുമായ അവരുടെ വിമാനം 1903 ഡിസംബര്‍ 17ന് അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ കില്‍ ഡെവിള്‍ കുന്നുകളില്‍ പറന്നു. കിറ്റി ഹോക്ക് ഫ്ലൈയര്‍ എന്നാണ് ഈ വിമാനം അറിയപ്പെടുന്നത്.
ആദ്യമായി പറന്ന ഓര്‍വില്‍ റൈറ്റ് 121 അടി(37 മീറ്റര്‍) ഉയരത്തില്‍ 12 സെക്കന്റ് പറന്നു.അന്നു തന്നെ നടതതിയ നാലാം പറക്കലില്‍ വില്‍ബര്‍ റൈറ്റ് 852 അടി (260 മീറ്റര്‍) ഉയരത്തില്‍ 59 സെക്കന്റ് പറക്കുകയുണ്ടായി.ഒരു കുട്ടിയും നാല് ജീവന്‍ രക്ഷാപ്രവര്‍ത്തകരും ഈ ചരിത്രനിമിഷത്തിന് സാക്ഷികളായുണ്ടായിരുന്നു.
[തിരുത്തുക] വിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍
ഒരു വിമാനത്തിന്റെ യന്ത്രഭാഗങ്ങളെ പ്രധാനമായും താഴെ പറയും വിധം തരംതിരിക്കാം.
- വിമാനത്തിന്റെ ഉടല്‍ (ഫ്യൂസ്‌ലേജ്):
വിമാനത്തിന്റെ ഏറ്റവും വലിയ ഭാഗമാണ് വിമാനത്തിന്റെ ഉടല്‍ അഥവാ ഫ്യൂസ്‌ലേജ്. പ്രകൃതിയിലെ പക്ഷികള്‍, മീനുകള്‍ തുടങ്ങിയവയുടെ ശരീരാകൃതിയാണ് ചലനാത്മകമായ പദാര്‍ത്ഥങ്ങളില്‍ സന്ചരിക്കുന്ന വാഹനങ്ങള്‍ക്ക് അനുയോജ്യം. ഇതിന് വായുഗതികരൂപം എന്നു പറയുന്നു. അതിനാല്‍ വിമാനങ്ങളുടെ ഉടല്‍ വായുഗതിക രൂപത്തിലാണ് രൂപകല്പന ചെയ്യുന്നത്.വിമാനത്തില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍,ജോലിക്കാര്‍,വൈമാനികര്‍,ചരക്ക് എന്നിവക്ക് പുറമെ വിമാനത്തിന്റെ മറ്റു പ്രധാന ഭാഗങ്ങളായ എന്‍ജിനുകള്‍,ചിറകുകള്‍,കോക്പിറ്റ്,മറ്റു നിയന്ത്രണ ഭാഗങ്ങള്‍ എന്നിവയുടെ ഭാരവും വിമാനത്തിന്റെ ഉടല്‍ വഹിക്കുന്നു.
ഒറ്റ എന്‍ജിന്‍ മാത്രമുള്ള വിമാനങ്ങളില്‍ ഫ്യൂസ്‌ലേജിലാണ് എന്‍ജിന്‍ ഘടിപ്പിക്കുക. വിമാനത്തിന്റെ ചിറകുകളും മറ്റു നിയന്ത്രണോപാധികളായ വെര്‍ട്ടിക്കല്‍ സ്റ്റബിലൈസര്‍,ഹോറിസോണ്ടല്‍ സ്റ്റബിലൈസറുകള്‍ തുടങ്ങിയവയും വിമാനത്തിന്‍റ്റെ ഉടലില്‍ വിന്യസിക്കുന്നു.
- ചിറകുകള്‍: വിമാനത്തിന്റെ ഉടലിനു കുറുകെ ഇരുവശത്തുമായി ഏതാണ്ട് തിരശ്ചീനമായി കാണപ്പെടുന്ന ഭാഗങ്ങളാണ് ചിറകുകള്‍.വിമാനത്തിനാവശ്യമായ ഉയര്‍ത്തല്‍ ബലം(ലിഫ്റ്റിങ് ഫോഴ്സ്) നല്കുന്നത് ഈ രണ്ട് ചിറകുകളാണ്. വിമാനത്തിന്റെ എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന വായു ചിറകുകളുടെ പ്രത്യേക ഘടന മൂലം താഴ്ഭാഗത്തേക്ക് സഞ്ചരിക്കുന്നു. ഈ പ്രവര്‍ത്തനത്തിന്റെ പ്രതിപ്രവര്‍ത്തനമായാണ് ഉയര്‍ത്തല്‍ ബലം ചിറകുകളില്‍ ഉണ്ടാവുന്നത്. ചിറകുകളുടെ പരിച്ഛേദ ഘടനക്ക് എയറോഫോയില്‍ എന്നു പറയുന്നു. ഉടലിന്റെ മധ്യഭാഗത്തായാണ് ചിറകുകള്‍ സ്ഥാപിക്കുക.
ചിറക് ഫ്യൂസ്‌ലേജുമായി ബന്ധിപ്പിച്ചിരിക്കുന്ന അറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കുള്ള അകലമാണ് വിംഗ് സ്പാന്‍. വായുവിന്റെ സഞ്ചാരദിശയെ അഭിമുഖീകരിക്കുന്ന ചിറകിന്റെ ഭാഗമാണ് ലീഡിംഗ് എഡ്ജ്. ലീഡിംഗ് എഡ്ജിന് എതിര്‍വശമുള്ള അറ്റത്തെ ട്രെയ്‌ലിങ് എഡ്ജ് എന്നു പറയുന്നു. ലീഡിങ് എഡ്ജും ട്രെയ്‌ലിങ് എഡ്ജും തമ്മിലുള്ള അകലമാണ് കോര്‍ഡ് ലെങ്ത്ത്. മുന്നില്‍ നിന്ന് വരുന്ന വായുവിവിന്റെ സഞ്ചാരദിശയ്ക്ക് ആപേക്ഷികമായി ചിറക് അല്പം ചെരിച്ചാണ് സ്ഥാപിക്കുന്നത്. ഈ കോണളവിനെ ആംഗിള്‍ ഓഫ് അറ്റാക്ക് എന്നു പറയുന്നു.
ചിറകുകളില്‍ സ്ഥാപിക്കുന്നതും ചലിപ്പിക്കാന്‍ കഴിയുന്നതുമായ വിമാന നിയന്ത്രണ ഭാഗമാണ് എയ്‌ലിറോണ്‍. ഉന്നത വേഗങ്ങളില്‍ പറക്കുന്ന വിമാനങ്ങളുടെ ചിറകുകളില്‍ ഫ്ലാപ്,സ്പോയ്‌ലര്‍, സ്ലാറ്റ് എന്നീ ചെറിയ ഭാഗങ്ങളും ഉണ്ടാവും.
- ടെയില്‍ പ്ലെയ്ന്‍:
വിമാനത്തിന്റെ വാലറ്റമാണ് ടെയില്‍ പ്ലെയ്ന്‍. ഇതില്‍ കാണപ്പെടുന്ന ഭാഗങ്ങള്‍ താഴെപ്പറയുന്നവയാണ്.
-
- വെര്‍ട്ടിക്കല്‍ സ്റ്റബിലൈസര്‍: വിമാനത്തിന്റെ ഉടലിന്റെ പിന്‍ഭാഗത്ത് മുകളില്‍ ലംബ മാനമായി സ്ഥാപിക്കുന്ന ചെറിയ ചിറകാണ് വെര്‍ട്ടിക്കല്‍ സ്റ്റബിലൈസര്‍. വിമാനത്തിനെ അതിന്‍ന്റെ യോ അക്ഷത്തില്‍ സ്ഥിരമായി നിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ചില വിമാനങ്ങള്‍ക്ക് ഒന്നിലധികം വെര്‍ട്ടിക്കല്‍ സ്റ്റബിലൈസറുകളുമുണ്ടാവാറുണ്ട്. വെര്‍ട്ടിക്കല്‍ സ്റ്റബിലൈസറില്‍ കാണപ്പെടുന്നതു ചലിപ്പിക്കാന്‍ സാധിക്കുന്നതുമായ നിയന്ത്രണ ഭാഗമാണ് റഡ്ഡര്‍.
-
- ഹോറിസോണ്ടല്‍ സ്റ്റബിലൈസറുള്‍:ഫ്യൂസിലേജിന്റെ പിന്‍ഭാഗത്ത് ഇരുവശത്തുമായി കാണപ്പെടുന്ന ചെറിയ തിരശ്ചീനമായ ചിറകുകളാണ് ഹോറിസോണ്ടല്‍ സ്റ്റബിലൈസറുള്‍. വിമാനത്തിനെ അതിന്റെ പിച്ച് അക്ഷത്തില്‍ ദൃഢമാക്കി നിര്‍ത്താന്‍ ഇവ സഹായിക്കുന്നു.
ചില വിമാനങ്ങളില്‍ ഹോറിസോണ്ടല്‍ സ്റ്റബിലൈസറുകള്‍ വെര്‍ട്ടിക്കല്‍ സ്റ്റബിലൈറുകളുടെ മുകളിലായോ അല്ലെങ്കില്‍ വിമാനത്തിന്റെ ഉടലിന്റെ മുന്നിലായോ സ്ഥാപിക്കാറുണ്ട്. ഹോറിസോണ്ടല്‍ സ്റ്റബിലൈസറുകള്‍ വിമാനത്തിന്‍റ്റെ മുന്‍വശത്താണ് സ്ഥാപിച്ചിരിക്കുന്നതെങ്കില്‍ അത്തരം വിമാനങ്ങളെ കാനാര്‍ഡ് വിമാനം എന്നു പറയുന്നു. ഹോറിസോണ്ടല്‍ സ്റ്റബിലൈസറില്‍ കാണപ്പെടുന്ന നിയന്ത്രണ ഭാഗങ്ങളാണ് എലിവേറ്ററുകള്‍.
- എന്‍ജിന്‍:
വിമാനത്തിന്‍ മുന്പോട്ടുള്ള തള്ളല്‍ നല്‍കാന്‍ എന്‍ജിനുകള്‍ സഹായിക്കുന്നു. എന്‍ജിനുകളുടെ എണ്ണം ഒന്നു മുതല്‍ ആറു വരെ ഇന്നത്തെ വിമാനങ്ങളില്‍ ആവശ്യകതയനുസരിച്ച് കാണപ്പെടുന്നു. എന്നാല്‍ മോട്ടോര്‍ ഗ്ലൈഡറുകള്‍ ഒഴിച്ചുള്ള ഗ്ലൈഡറുകളില് എന്‍ജിന്റെ ആവശ്യമില്ല. റെസിപ്രൊകേറ്റിങ് എന്‍ജിന്‍, ടര്‍ബൈന്‍ എന്‍ജിന്‍,ജെറ്റ് എന്‍ജിന്‍ എന്നിങ്ങനെ മൂന്ന് തരം എന്‍ജിനുകളുണ്ട്. എന്‍ജിനുകളുടെ എണ്ണം ഇരട്ടയാണെങ്കില്‍ അവ റോള്‍ അക്ഷത്തിന് ആനുരൂപ്യമായി സ്ഥാപിക്കും. എന്‍ജിനുകളുടെ എണ്ണം ഒറ്റയാണെങ്കില്‍ അവസാനത്തേത് ഫ്യൂസ്‌ലേജിന്‍റ്റെ മധ്യരേഖയിലായി സ്ഥാപിക്കുന്നു.
- ലാന്‍റ്റിങ് ഗിയര്‍:
വിമാനത്തിന് നിലത്തിറങ്ങാന്‍ സഹായിക്കുന്ന ഉപകരണമാണ് ലാന്‍റ്റിങ് ഗിയര്‍. ടയറുകളും അനുബന്ധ ഉപകരണങ്ങളും ആണ് ഇതിലുണ്ടാവുക. വിമാനത്തിന്റെ ഉടലിന്റെ അടിയിലായാണ് ഇത് സ്ഥാപിക്കുക.
[തിരുത്തുക] വിമാനത്തിന്റെ അക്ഷങ്ങള്‍
വിമാനത്തിന് അതിന്റെ ഗുരുത്വകേന്ദ്രത്തെ അടിസ്ഥാനമാക്കി മൂന്ന് അക്ഷങ്ങളില്‍ ചലനസ്വാതന്ത്ര്യമുണ്ട്. ഇവ യഥാക്രമം യോ അക്ഷം,പിച്ച് അക്ഷം,റോള്‍ അക്ഷം എന്ന് അറിയപ്പെടുന്നു.ഈ മൂന്ന് അക്ഷങ്ങളിലും വിമാനത്തിനുണ്ടാവുന്ന ചലനം യഥാക്രമം യോ,പിച്ച്,റോള്‍ എന്ന് അറിയപ്പെടുന്നു[4]. എല്ലാ അക്ഷങ്ങളും ഗുരുത്വകേന്ദ്രത്തിലൂടെ കടന്നു പോകുന്നു.
- യോ:ചിറകുകളുടെ തലത്തിന്(plane) ലംബമായതുമായ അക്ഷമാണ് ഇത്.
വിമാനം വശങ്ങളില്‍ നിന്ന് വശങ്ങളിലേക്ക് തിരിയുന്നത് യോ അക്ഷത്തിലാണ്.അതായത് വലത്തോട്ട് അല്ലെങ്കില്‍ ഇടത്തോട്ട് എന്ന രീതിയില്‍. ഈ അക്ഷത്തില്‍ വിമാനത്തിന് ദൃഢത നല്‍കുന്നത് വെര്‍ട്ടിക്കല്‍ സ്റ്റബിലൈസര്‍ ആണ്.
- പിച്ച്:റോള്‍ അക്ഷത്തിന് ലംബമായതും ചിറകുകളുടെ തലത്തിന് സമാന്തരമായതുമായ അക്ഷമാണിത്.
വിമാനത്തിന്റെ ഉറ്റലിന്റെ മുന്‍ഭാഗം മുകളിലേക്കും താഴേക്കും ചലിക്കുന്നത് പിച്ച് അക്ഷത്തിലെ ചലനവ്യത്യാസം മൂലമാണ്. ഈ അക്ഷത്തില്‍ വിമാനത്തെ ദൃഢമാക്കി നിര്‍ത്തുന്നത് ഹോറിസോണ്ടല്‍ സ്റ്റബിലൈസറുകള്‍ ആണ്.
- റോള്‍:മറ്റു രണ്ട് അക്ഷങ്ങള്‍ക്കും സമാന്തരമായതും വിമാനത്തിന്റെ ഉടലിന്റെ രണ്ടറ്റങ്ങളേയും ബന്ധിപ്പിക്കുന്ന മധ്യരേഖയിലൂടെ പോകുന്ന അക്ഷമാണ് റോള്‍. വിമാനത്തെ അതിന്റെ റോള്‍ അക്ഷത്ത് ദൃഢമാക്കി നിര്‍ത്തുന്നത് ചിറകുകള്‍ ആണ്.
[തിരുത്തുക] നിയന്ത്രണ പ്രതലങ്ങള്‍
ഒരു വിമാനത്തിന് അതിന്റെ മൂന്ന് അക്ഷങ്ങളിലും സഞ്ചാരസ്വാതന്ത്ര്യം നല്‍കുന്നതിനായി ചലിപ്പിക്കാന്‍ സാധിക്കുന്ന ചില ഭാഗങ്ങള്‍ വിമാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു. വിമാനങ്ങളെ കൂടാതെ മറ്റു പല ആകാശനൗകകളിലും ഇവയിലെ പലതും ഉപയോഗിക്കുന്നു.
- എലവേറ്റര്‍
- റഡ്ഡര്‍
- എയ്‌ലിറോണ്‍
[തിരുത്തുക] നിയന്ത്രണ സാമഗ്രികള്‍
എല്ലാ വിമാനങ്ങളിലും പൊതുവായി കാണപ്പെടുന്ന നിയന്ത്രണ ഉപാധികള്‍.
- യോക് അല്ലെങ്കില്‍ ജോയ്സ്റ്റിക്
- റഡ്ഡര്‍ പെഡലുകള്‍
- ത്രോട്ടില്‍
- ബ്രേക്കുകള്‍
പൊതുവായി കാണപ്പെടുന്നതല്ലെങ്കിലും പല വിമാനങ്ങളിലും ഉപയോഗിക്കപ്പെടുന്ന മറ്റു ചില നിയന്ത്രണ ഉപാധികള്‍.
- ഫ്ലാപ് ലിവര്‍
- സ്പോയിലര്‍ ലിവര്‍
- ട്രിം കണ്‍ട്രോളുകള്‍
- ടില്ലര്‍
- പാര്‍ക്കിങ് ബ്രേക്ക്
[തിരുത്തുക] വിമാനത്തില്‍ അനുഭവപ്പെടുന്ന ബലങ്ങള്‍
സ്ഥിരവേഗതയില്‍ നേര്‍രേഖയില്‍ പറന്നു കൊണ്ടിരിക്കുന്ന ഒരു വിമാനത്തില്‍ നാലു ബലങ്ങള്‍ അനുഭവപ്പെടും[5].
- ഉയര്‍ത്തല്‍ ബലം(ലിഫ്റ്റ്) : വിമാനത്തിന് മുകളിലേക്ക് അനുഭവപ്പെടുന്ന ബലമാണ് ഇത്. ചിറകുകളാണ് മുഖ്യമായും ഉയര്‍ത്തല്‍ ബലം നല്‍കുന്നത്.
വിമാനത്തിന്റെ ഭാരത്തിന്‍റ്റെ എതിര്‍ബലമാണ് ലിഫ്റ്റ്. ചിറകിനു പുറമെ മറ്റു ഭാഗങ്ങളും ഉയര്‍ത്തല്‍ ബലം നല്‍കുന്നുണ്ട്.
- വലിക്കല്‍ ബലം(ഡ്രാഗ്) : വിമാനത്തിനെ പിന്നിലേക്ക് വലിക്കുന്ന ബലമാണ് ഡ്രാഗ്. വായുവുമായുള്ള ഘര്‍ഷണം മൂലമാണ് വലിക്കല്‍ ബലം മുഖ്യമായും ഉണ്ടാവുന്നത്. കൂടാതെ വിമാനത്തിന്റെ ഉപരിതല വിസ്തീര്‍ണ്ണം മൂലവും വലിക്കല്‍ ബലം ഉണ്ടാവുന്നു. എന്‍ജിനുകള്‍ മുന്നോട്ട് നല്‍കുന്ന തള്ളല്‍ ബലത്തിന് (ത്രസ്റ്റ്) എതിരായാണ് ഡ്രാഗ് ബലം പ്രവര്‍ത്തിക്കുക.
വിമാനത്തില്‍ ഉയര്‍ത്തല്‍ ബലം ഉണ്ടാവുന്ന എല്ലാ ഭാഗങ്ങളും വലിക്കല്‍ ബലത്തിനും കാരണമാകുന്നുണ്ട്. ഒരു അനഭിമതബലമാണ് ഡ്രാഗ്
വലിക്കല്‍ ബലം പരമാവധി കുറച്ച് ഉയര്‍ത്തല്‍ ബലം കൂട്ടുക എന്നതാണ് വായുഗതികത്തിന്‍റ്റെ മുഖ്യ ലക്ഷ്യം.
- തള്ളല്‍ ബലം(ത്രസ്റ്റ്) : വിമാനം മുന്നിലേക്ക് നീങ്ങുന്നത് തള്ളല്‍ ബലം(ത്രസ്റ്റ്) കൊണ്ടാണ്.എന്‍ജിനുകളാണ് ഇത് നല്‍കുന്നത്.
- വിമാനത്തിന്റെ ഭാരം(വെയ്‌റ്റ്) : വിമാനത്തിന്‍റ്റെ എല്ലാ ഭാഗങ്ങളുടേയും, കൂടാതെ യാത്രക്കാര്‍,ചരക്ക് തുടങ്ങിയവയുടേയും ഭാരമാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്.
[തിരുത്തുക] വിമാനത്തിലെ സൂചനാ ഉപകരണങ്ങള്‍
വിമാനം പറക്കുമ്പോള്‍ അതിന്റെ സ്ഥിതിവിവരകണക്കുകള്‍ പൈലറ്റിന് ലഭ്യമാക്കാന്‍ കോക്പിറ്റില്‍ ധാരാളം ഉപകരണങ്ങളുണ്ടായിരിക്കും.ഇവയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളെ ഏവിയോണിക്സ് എന്നു പറയുന്നു. എന്നാല്‍ ഇലക്‌ട്രോണിക് അല്ലാത്ത യന്ത്രോപകരണങ്ങളെ സൂചിപ്പിക്കാന്‍ 'സ്റ്റീം ഗെയ്‌ജസ്' എന്ന പദമുപയോഗിക്കുന്നു. ഈ ഉപകരണങ്ങള്‍ നീരാവിയിലൊന്നുമല്ല പ്രവര്‍ത്തിക്കുന്നത്.ഒരു സൂചനാ പദം മാത്രമാണ് 'സ്റ്റീം ഗെയ്‌ജസ്'.ഏറ്റവും കൂടുതല്‍ ഇലക്‌ട്രോണിക് സൂചനാ ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കോക്പിറ്റിനെ ഗ്ലാസ്സ് കോക്പിറ്റ് എന്നു പറയുന്നു.
വിമാനങ്ങളില്‍ കാണപ്പെടുന്ന അടിസ്ഥാന സൂചനാ ഉപകരണങ്ങള്‍.
- എയര്‍സ്പീഡ് ഇന്‍ഡിക്കേറ്റര്‍: ചുറ്റുമുള്ള അന്തരീക്ഷ വായുവിന് ആപേക്ഷികമായി വിമാനത്തിന്റെ വേഗത നിര്‍ണ്ണയിക്കുന്നു.
- അള്‍ട്ടിമീറ്റര്‍: നിലത്തില്‍ നിന്നോ ശരാശരി സമുദ്ര നിരപ്പില്‍ നിന്നോ ഉള്ള വിമാനത്തിന്റെ ഉന്നതി അളക്കുന്നു.
- ആറ്റിറ്റ്യൂഡ് ഇന്‍ഡിക്കേറ്റര്‍: വിമാനത്തിന്‍റ്റെ പിച്ച്,റോള്‍, അക്ഷങ്ങളിലുള്ള ചലനം കൃത്യമായി സൂചിപ്പിക്കുന്നു.ഈ ഉപകരണത്തിന് 'ആര്‍ട്ടിഫിഷ്യല്‍ ഹോറിസോണ്‍' എന്നും പറയുന്നു
വിമാനങ്ങളില്‍ കാണപ്പെടുന്ന മറ്റു ചില സൂചനാ ഉപകരണങ്ങള്‍.
- ടേണ്‍ കോര്‍ഡിനേറ്റര്‍:
- റേറ്റ് ഓഫ് ക്ലൈംബ് ഇന്‍ഡികേറ്റര്‍:
- ഹോറിസോണ്ടല്‍ സിറ്റ്വേഷന്‍ ഇന്‍ഡികേറ്റര്‍
- പ്രൈമറി ഫ്ലൈറ്റ് ഡിസ്പ്ലെയ്സ്
- വെതര്‍ റഡാര്‍
[തിരുത്തുക] വിമാനങ്ങളെ തരംതിരിക്കല്‍
വിമാനങ്ങളെ അവയിലെ വിവിധ ഭാഗങ്ങളുടെ ആകൃതി,എണ്ണം,സ്ഥാനംഎന്നിവ അടിസ്ഥാനത്തില്‍ പല രീതികളില്‍ തിരിക്കാം.
- ഫ്യൂസ്‌ലേജ് അടിസ്ഥാനമാക്കി
- എന്‍ജിനുകളെ അടിസ്ഥാനമാക്കി
- ചിറകുകളെ അടിസ്ഥാനപ്പെടുത്തി
- ടെയില്പ്ലൈന് അടിസ്ഥാനപ്പെടുത്തി
- ലാന്റിംഗ് ഗിയര്‍ അടിസ്ഥാനപ്പെടുത്തി
- ഉപയോഗത്തെ അടിസ്ഥാനപ്പെടുത്തി
- വേഗത്തെ അടിസ്ഥാനപ്പെടുത്തി
- പറന്നുയരുന്നതിന്റേയും താഴ്ന്നിറങ്ങുന്നതിന്റേയും അടിസ്ഥാനത്തില്‍
എന്നിങ്ങനെ തരം തിരിക്കാറുണ്ട്.
[തിരുത്തുക] ഫ്യൂസ്‌ലേജ് അടിസ്ഥാനമാക്കി
- എണ്ണത്തെ അടിസ്ഥാനപ്പെടുത്തി
- ഒരു ഫ്യൂസ്‌ലേജ്:
- ഇരട്ട ഫ്യൂസ്‌ലേജ്:
- ഗണ്‍ഡോല:
- ആകൃതി അടിസ്ഥാനപ്പെടുത്തി
- ചതുരാകൃതി
- ഓവല്‍ ആകൃതി
- വൃത്താകൃതി
[തിരുത്തുക] എന്‍ജിനുകളെ അടിസ്ഥാനപ്പെടുത്തി
വിവിധ തരം എന്‍ജിനുകള്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നു.സഞ്ചരിക്കേണ്ട വേഗത,ഉന്നതി,വഹിക്കേണ്ട ഭാരം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്.ഒറ്റ എന്‍ജിനുകളും ഇരട്ട എന്‍ജിനുകളും ഉള്ള വിമാനങ്ങള്‍ കാണപ്പെടുന്നു.സാധാരണ വിമാനത്തിന്റെ ചിറകുകളിലാണ് എന്‍ജിനുകള്‍ സ്ഥാപിക്കുക.ചില വിമാനങ്ങളില്‍ ഫ്യൂസ്‌ലേജിന്റെ താഴെയോ മുകളിലോ ആയും എന്‍ജിനുകള്‍ സ്ഥാപിക്കുന്നു.Antonov An-225 വിമാനത്തിന് ചിറകുകളില്‍ സ്ഥാപിച്ച ആറ് എന്‍ജിനുകള്‍ ആണുള്ളത്.
[തിരുത്തുക] പ്രൊപ്പല്ലര്‍ എന്‍ജിന്‍
ആദ്യകാല വിമാനങ്ങളില്‍ പിസ്റ്റണ്‍ എന്‍ജിന്‍ ഉപയോഗിച്ചായിരുന്നു പ്രൊപ്പല്ലര്‍ തിരിച്ചിരുന്നത്.എന്നാല്‍ ജെറ്റ് എന്‍ജിന്‍ ഉപയോഗിച്ച് തിരിക്കുന്ന പ്രൊപ്പല്ലറുകളുള്ള ടര്‍ബോപ്രോപ് എന്‍ജിനുകളാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത്.റൈറ്റ് സഹോദരന്മാര്‍ക്ക് ശേഷം രണ്ടാം ലോകമഹായുദ്ധം വരെ (1940) പിസ്റ്റണ്‍ എന്‍ജിനുകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്[6].ഇന്ന് സ്വകാര്യ ആവശ്യങ്ങള്‍ക്കും മറ്റുമുള്ള ഭാരം കുറഞ്ഞ വിമാനങ്ങളില്‍ മാത്രമേ പിസ്റ്റണ്‍ എന്‍ജിന്‍ കാണപ്പെടുന്നുള്ളൂ.ഒരു അമേരിക്കന്‍ പോര്‍വിമാനമായ Grumman F8F Bearcat ആണ് പിസ്റ്റണ്‍ എന്‍ജിന്‍ വിമാനങ്ങളില്‍ ഏറ്റവും വേഗം കൈവരിക്കാന്‍ സാധിച്ചവ.മണിക്കൂറില്‍ 850 കിലോമീറ്ററോളം വേഗതയില്‍ അവയ്ക്ക് പറക്കാന്‍ സാധിച്ചിരുന്നു[7].
ജെറ്റ് എന്‍ജിനുകളേക്കാള്‍ ശബ്ദം കുറവായിരിക്കും പ്രൊപ്പല്ലര്‍ എന്‍ജിനുകള്‍ക്ക്.സമാന വലുപ്പമുള്ള ജെറ്റ് എന്‍ജിനുകളെ അപേക്ഷിച്ച് കുറഞ്ഞ വേഗതയും,ചെറിയ ലോഡ് കപ്പാസിറ്റിയും,ചെറിയ ഉന്നതിയും കൈവരിക്കാന്‍ മാത്രമേ ഈ എന്‍ജിനുകള്‍ കൊണ്ട് കഴിയൂ. ധനചെലവ് കുറവായതിനാല്‍ കുറച്ചു യാത്രക്കാരും ചരക്കും മാത്രമുള്ള യാത്രകള്‍ക്ക് പ്രൊപ്പല്ലര്‍ എന്‍ജിനുകള്‍ ഉപയോഗിക്കുന്നു.
ജെറ്റ് എന്‍ജിനുകളുടേയും പ്രൊപ്പല്ലര്‍ എന്‍ജിനുകളുടേയും സാധ്യതകള്‍ ഉപയോഗിക്കുന്ന എന്‍ജിനുകളാണ് ടര്‍ബോപ്രോപ്. ഇവയില്‍ റെസിപ്രൊകേറ്റിംഗ് അഥവാ പിസ്റ്റണ്‍ എന്‍ജിനുകള്‍ക്ക് പകരം (ജെറ്റ് എന്‍ജിനുകളിലുപയോഗിക്കുന്ന) ടര്‍ബൈന്‍ ആണ് പ്രൊപ്പല്ലര്‍ കറക്കാന്‍ ഉപയോഗിക്കുന്നത്.ചെറിയ യാത്രകള്‍ക്കും മറ്റും ഏറ്റവും അനുയോജ്യമായ എയര്‍ക്രാഫ്റ്റ് എന്‍ജിനുകളാണിവ.
[തിരുത്തുക] ജെറ്റ് എന്‍ജിന്‍
ജെറ്റ് എന്‍ജിന്‍ ഉപയോഗിക്കുന്ന വിമാനങ്ങളില്‍ തള്ളല്‍ ബലം (ത്രസ്റ്റ്) ലഭിക്കുന്നത് ടര്‍ബൈന്‍ ഉപയോഗിച്ചാണ്. പിസ്റ്റണ്‍ എന്‍ജിനുകളേക്കാള്‍ ശക്തി കൂടുതലുള്ള എന്‍ജിനുകളാണിവ.പ്രൊപ്പല്ലര്‍ ഉപയോഗിക്കുന്ന വിമാനങ്ങളേക്കാള്‍ ഭാരം വഹിക്കാനും ഉയരത്തില്‍ പറക്കാനും ജെറ്റ് വിമാനങ്ങള്‍ക്ക് കഴിയും.എന്നാല്‍ പ്രൊപ്പല്ലര്‍ എന്‍ജിനുകളേക്കാള്‍ വളരെയധികം ശബ്ദമലിനീകരണത്തിന് കാരണമാവുന്നവയാണ് ജെറ്റ് എന്‍ജിനുകള്‍.രൂപകല്പനയെ അടിസ്ഥാനമാക്കി വിവിധ തരം ജെറ്റ് എന്‍ജിനുകള്‍ നിലവിലുണ്ട്.ടര്‍ബോഫാന്‍ ജെറ്റ് എന്‍ജിനുകള്‍ താരതമ്യേന കുറഞ്ഞ ശബ്ദമലിനീകരണം മാത്രമേ ഉണ്ടാക്കുന്നുള്ളൂ.അതു കൊണ്ട് തന്നെ ഇവ വ്യാപകമായി ഉപയോഗിക്കുന്നു.
1931ല്‍ ജര്‍മ്മനിയില്‍ ആണ് ജെറ്റ് വിമാനങ്ങളുടെ ഉദ്ഭവം[8].Heinkel He 178 എന്നറിയപ്പെട്ട ആദ്യത്തെ ജെറ്റ് വിമാനം 1939ല്‍ ജര്‍മ്മനിയിലെ Marienehe എയര്‍ഫീല്‍ഡില്‍ പരീക്ഷണപ്പറക്കല്‍ നടത്തി.ആദ്യത്തെ ജെറ്റ് പോര്‍വിമാനമായ Messerschmitt Me 262[9] 1943ല്‍ ജര്‍മ്മന്‍ വായു സേനാ വ്യൂഹത്തില്‍ അംഗമായി.ആദ്യ ജെറ്റ് യാത്രാ വിമാനമായ de Havilland Comet 1950 കളുടെ തുടക്കത്തില്‍ ബ്രിട്ടണില്‍ ഉപയോഗത്തില്‍ വന്നു.
[തിരുത്തുക] റാംജെറ്റ്
എന്‍ജിനുകളില്‍ ഏറ്റവും ലളിതമായതാണ് റാം ജെറ്റ്.ഇതില്‍ ചലിക്കുന്ന ഒരു ഭാഗവും ഉള്‍ക്കൊള്ളുന്നില്ല.പ്രത്യേക രീതിയില്‍ രൂപകല്പന ചെയ്ത ഒരു കുഴല്‍ മാത്രമാണ് ഈ എന്‍ജിന്‍ .അതിനാല്‍ തന്നെ ഒരു വിധത്തിലുള്ള പരിപാലനവും വേണ്ട.പക്ഷേ താരതമ്യേന വളരെ വേഗതയില്‍ (1600km/hr ല്‍ കൂടുതല്‍ ) സഞ്ചരിക്കുന്ന വിമാനങ്ങളില്‍ മാത്രമേ ഇതു പ്രവര്‍ത്തിക്കുകയുള്ളൂ.അതായത് വിമാനം മറ്റൊരു എന്‍ജിന്‍ ഉപയോഗിച്ച് അത്രത്തോളം വേഗം ആദ്യം കൈവരിക്കണം എന്നിട്ടേ റാം ജെറ്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കുകയുള്ളൂ. ശബ്ദാദി വേഗതയില്‍ പറക്കുന്ന വിമാനങ്ങളില്‍ റാം ജെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും മിസൈലുകളില്‍ ആണ് ഇത് വ്യാപകമായി ഉപയോഗിക്കുന്നത്.
[തിരുത്തുക] റോക്കറ്റ് എന്‍ജിന്‍
മറ്റ് വിമാന എന്‍ജിനുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് റോക്കറ്റ് എന്‍ജിനുകളുടെ പ്രവര്‍ത്തനരീതി.പ്രവര്‍ത്തിക്കാന്‍ ഈ എന്‍ജിനുകള്‍ അന്തരീക്ഷവായുവിനെ ഒരു തരത്തിലും ആശ്രയിക്കുന്നില്ല.സാധാരണ മറ്റു എന്‍ജിനുകളെ (ഉദാ: റാം ജെറ്റ്)സഹായിക്കുന്ന സഹായക എന്‍ജിന്‍ ആയാണ് ഇവ വിമാനങ്ങളില്‍ ഉപയോഗിക്കുന്നത്.ലംബമായി പറന്നു പൊങ്ങാന്‍ സാധിക്കുന്ന വി.ടി.ഒ.എല്‍ (വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്റിംഗ്) വിമാനങ്ങളിലും റോക്കറ്റ് എന്‍ജിനുകള്‍ ഉപയൊഗിക്കുന്നു. പൊതുവേ ബഹിരാകാശ വാഹനങ്ങള്‍ റോക്കറ്റ് എന്‍ജിനുകളെ മാത്രമാണ് ആശ്രയിക്കുന്നത്.
[തിരുത്തുക] ചിറകുകളെ അടിസ്ഥാനപ്പെടുത്തി
- ചിറകുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി വിമാനങ്ങളെ തരംതിരിക്കാം.
വിമാനത്തിന്‍റ്റെ ഉടലിന്‍റ്റെ രണ്ടു വശത്തേയും കൂടി ഒരു ചിറക് ഉള്ള വിമാനങ്ങളാണ് മോണോപ്ലെയ്‌ന്‍. ഇത്തരത്തില്‍ രണ്ട് ചിറകുകളുള്ള വിമാനങ്ങളാണ് ബൈപ്ലെയ്‌ന്‍.ഒന്നിനു മുകളില്‍ ഒന്നായാണ് ഈ ചിറകുകള്‍ കാണപ്പെടുക.ട്രൈപ്ലെയ്‌നും ക്വാഡ്രാപ്ലെയ്‌നും വിരളമായി കാണപ്പെടുന്നു.
- ചിറകുകളുടെ പൊസിഷന്‍ അടിസ്ഥാനപ്പെടുത്തി വിമാനങ്ങളെ തരംതിരിക്കാം.
ഹൈ വിംഗ്: വിമാനത്തിന്‍റ്റെ ഉടലിന്‍റ്റെ (ഫ്യൂസ്‌ലേജ്) മുകളില്‍ സ്ഥാപിച്ച ചിരകുകളുള്ളവ
മിഡ് വിംഗ്: ചിറകുകള്‍ ഫ്യൂസ്‌ലേജിന്റെ മധ്യഭാഗത്ത്
ലോ വിംഗ്: ചിറകുകള്‍ ഫ്യൂസ്‌ലേജിന്‍റ്റെ താഴ്ഭാഗത്ത്
പാരസോള്‍ വിംഗ്: ചിറകുകള്‍ വിമാനത്തിന്‍റ്റെ ഉടലില്‍ നേരിട്ട് ഉറപ്പിച്ചിട്ടുണ്ടാവില്ല.പകരം ചില താങ്ങുകള്‍ ഉപയോഗിച്ചായിരിക്കും ചിറകുകള്‍ സ്ഥാപിച്ചിരിക്കുക.
- ചിറകുകളുടെ ആകൃതി അടിസ്ഥാനമാക്കി
എലിപ്സ് ആകൃതിയും ചതുരാകൃതിയും ഉള്ള ചിറകുകളുള്ള വിമാനങ്ങള്‍ കാണപ്പടുന്നു.
ടാപേര്‍ഡ് വിംഗ്:ചില തരം ചിറകുകളുടെ ആകൃതി, ഫ്യൂസിലേജുമായി ഉറപ്പിക്കപ്പെട്ട അറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് വരുന്തോറും വീതി കുറഞ്ഞവയായിരിക്കും.ഇവ ടാപേര്‍ഡ് വിംഗ് എന്നറിയപ്പെടുന്നു.വിമാനത്തില്‍ അനുഭവപ്പെടുന്ന വലിക്കല്‍ ബലം(ഡ്രാഗ്) കുറക്കാന്‍ വേണ്ടിയാണ് ഈ ആകൃതി സ്വീകരിക്കുന്നത്[10].
സ്വെപ്റ്റ് ബാക്ക്,സ്വെപ്റ്റ് ഫോര്‍വേര്‍ഡ് ചിറകുകള്‍:കുറഞ്ഞ വേഗങ്ങളില്‍ പറക്കുന്ന വിമാനങ്ങളുടെ ചിറകുകള്‍ വിമാനത്തിന്‍റ്റെ ഉടലുമായി ലംബമായാണ് സ്ഥാപിക്കുക.എന്നാല്‍ ഉന്നത വേഗം കൈവരിക്കാവിക്കുന്ന വിമാനങ്ങളില്‍ ചിറകുകള്‍ പിറകിലോട്ടോ മുന്‍പോട്ടോ അല്പം ചരിഞ്ഞവയായിരിക്കും.ഇത്തരം ചിറകുകള്‍ സ്വെപ്റ്റ് ബാക്ക്,സ്വെപ്റ്റ് ഫോര്‍വേര്‍ഡ് എന്ന് യഥാക്രമം വിളിക്കപ്പെടുന്നു.
ഡെല്‍റ്റ വിംഗ്:തികോണാകൃതി ഉള്ള ചിറകുകളാണ് ഡെല്‍റ്റ വിംഗ്.ഇത്തരം വിമാനങ്ങളില്‍ ഹോറിസോണ്ടല്‍ സ്റ്റബിലൈസര്‍ കാണുകയില്ല.
ഗള്‍ വിംഗ്: വിമാനങ്ങളുടെ ചിറക് വളഞ്ഞാണ് കാണപ്പെടുന്നതെങ്കില്‍ അത്തരം ചിറകുകളാണ് ഗള്‍ എന്നറിയപ്പെടുന്നത്.
|
ഏവ്രോ വള്‍ക്കന്‍ ഡെല്‍റ്റ വിംഗ് ഉള്ള ബ്രിട്ടീഷ് പോര്‍വിമാനം. |
[തിരുത്തുക] ടെയ്ല്‍പ്ലെയ്ന്‍ അടിസ്ഥാനപ്പെടുത്തി
- പരമ്പരാഗത ഡിസൈന്‍: അതായത് ടെയ്ല്‍പ്ലെയ്ന്‍ അഥവാ ഹോറിസോണ്ടല്‍ സ്റ്റബിലൈസര്‍ ചിറകുകളുടെ പിന്നില്‍ വെര്‍ട്ടിക്കല്‍ സ്റ്റബിലൈസറിന് താഴെയായി കാണപ്പെടുന്നു.
- ടി-ടെയ്ല്‍:ടെയില്‍പ്ലെയ്ന്‍ വെര്‍ട്ടിക്കല്‍ സ്റ്റബിലൈസറിന്‍റ്റെ മുകളിലായി കാണപ്പെടുന്നു.
- കാനാര്‍ഡ് ടൈപ്പ്: ടെയ്ല്‍പ്ലെയ്ന്‍ ചിറകിനു മുന്‍പിലായി കാണപ്പെടുന്നു.ചില കാനാര്‍ഡ് ടൈപ്പ് വിമാനങ്ങളില്‍ ടെയ്ല്‍പ്ലെയ്ന്‍ ഫ്യൂസ്‌ലേജിന്‍റ്റെ ഏറ്റവും മുന്‍പിലായും സ്ഥാപിക്കുന്നു.
- വി-ടെയ്ല്‍ : ഇത്തരം വിമാനങ്ങളില്‍ ഹോറിസോണ്ടല്‍ സ്റ്റബിലൈസറിനു പുറമെ വെര്‍ട്ടിക്കല്‍ സ്റ്റബിലൈസറും ഇല്ല.പകരം 'V' ആകൃതിയിലുള്ള ചെറിയ ചിറകായിരിക്കും ആ സ്ഥാനത്തുണ്ടാവുക.
- ക്രൂസിഫോം ടെയ്ല്‍: ടെയ്ല്പ്ലെയ്ന്‍ വെര്‍ട്ടിക്കല്‍ സ്റ്റബിലൈസറിന്‍റ്റെ മധ്യഭാഗത്തായി സ്ഥാപിക്കുന്നു.വിമാനത്തിന്‍റ്റെ മുന്‍പില്‍ നിന്ന് നോക്കുമ്പോള്‍ കുരിശാകൃതി തോന്നുന്നതു കോണ്ടാണ് ഈ പേര്.
- ട്വിന്‍ ടെയ്ല്‍:രണ്ടു വെര്‍ട്ടിക്കല്‍ സ്റ്റബിലൈസറിന് ഇടയിലായി ടെയ്ല്പ്ലെയ്ന്‍ സ്ഥാപിക്കുന്നു.H-ടെയ്ല്‍ വിമാനങ്ങള്‍ എന്നും ഇത്തരം വിമാനങ്ങളെ വിളിക്കുന്നു.
- ട്വിന്‍ ബൂം:ഇത്തരം വിമാങ്ങളില്‍ രണ്ടു വെര്‍ട്ടിക്കല്‍ സ്റ്റബിലൈസറുകള്‍ രണ്ട് ഫ്യൂസിലേജിന്റെയോ അല്ലെങ്കില്‍ ഒരു ഫ്യൂസ്‌ലേജിന്‍റ്റെ ഇരുവശത്തും രണ്ട് ചിറകുകളുടെ പിന്‍ഭാഗത്തായി സ്ഥാപിക്കുന്നു.ടെയ്ല്പ്ലെയ്ന്‍ ഈ രണ്ട് വെര്‍ട്ടിക്കല്‍ സ്റ്റബിലൈസറുകളേയും ബന്ധിപ്പിച്ച് സ്ഥാപിക്കുന്നു.
[തിരുത്തുക] ലാന്റിംഗ് ഗിയര്‍ അടിസ്ഥാനപ്പെടുത്തി
- മടക്കിവെക്കാവുന്ന ലാന്റിംഗ് ഗിയര്‍
- മടക്കിവെക്കാന്‍ പറ്റാത്തത്
- ടെയ്ല്‍ വീല്‍
- നോസ് വീല്‍
[തിരുത്തുക] ഉപയോഗത്തെ അടിസ്ഥാനപ്പെടുത്തി
- സിവില്‍
- കാര്‍ഗോ
- മിലിട്ടറി
- ബോംബര്‍
- ഫൈറ്റര്‍
[തിരുത്തുക] വേഗതയെ അടിസ്ഥാനപ്പെടുത്തി
സഞ്ചരിക്കുന്ന വേഗതയെ അടിസ്ഥാനമാക്കി വിമാനങ്ങളെ നാലായി തരം തിരിക്കാം[11].വിവിധ വിമാനങ്ങളുടെ മാക് സംഖ്യ(M) താരതമ്യം ചെയ്താണ് ഈ നാലു വിഭാഗങ്ങളെ നിര്‍ണ്ണയിക്കുന്നത്. (വിമാനത്തിന്‍റ്റെ വേഗതയും ശബ്ദവേഗതയും തമ്മിലുള്ള അനുപാതമാണ് മാക് സംഖ്യ.)
- സബ്സോണിക് :
- ട്രാന്‍സോണിക് :
- സൂപ്പര്‍സോണിക് :
- ഹൈപ്പര്‍സോണിക് :
[തിരുത്തുക] സബ്സോണിക്
മാക് സംഖ്യ ഒന്നിനേക്കാള്‍ കുറവായ വിമാനങ്ങളെ (M<1) സബ്സോണിക് എന്നു പറയുന്നു. അതായത് ശബ്ദ വേഗതയേക്കാള്‍ കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുന്ന വിമാനങ്ങളാണിവ.മാക് സംഖ്യ വളരെ കുറഞ്ഞ വിമാനങ്ങളില്‍ സങ്കോചക്ഷമതാ പ്രഭാവങ്ങള്‍(compressibility Effects) അവഗണിക്കാം.യാത്ര,ചരക്കുഗതാകതം തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന വിമാനങ്ങളെല്ലാം സബ്സോണിക് ആണ്.
[തിരുത്തുക] ട്രാന്‍സോണിക്
വിമാനത്തിന്റെ വേഗത ശബ്ദ വേഗതയോടടുക്കുമ്പോള്‍ മാക് സംഖ്യ ഏകദേശം '1' ആയിരിക്കും.(M=1).ഇത്തരം വിമാനങ്ങളാണ് ട്രാന്‍സോണിക്. ഈ അവസ്ഥയില്‍ വിമാനത്തിന്റെ ചില ഭാഗങ്ങളുടെ വേഗത ശബ്ദ വേഗതയെ മറികടക്കുന്നു.വായുവിന്റെ സങ്കോചക്ഷമതാ പ്രഭാവങ്ങള്‍ പ്രധാനമാണ്. ശബ്ദവേഗത മുറിച്ചു കടക്കുന്ന അവസ്ഥയില്‍ ഒരു ശബ്ദപ്രതിരോധത്തിന്റെ (sound barrier) തടസ്സം വിമാനം നേരിടേണ്ടി വരുന്നു.(സങ്കോചക്ഷമതാ പ്രഭാവങ്ങള്‍ മൂലം വിമാനത്തിന്റെ പിന്തള്ളല്‍ ബലം (drag force) വര്‍ദ്ധിക്കുകയാണ് സൗണ്ട് ബാരിയര്‍ എന്നതു കൊണ്ടുദ്ദേശിക്കുന്നത്.)
[തിരുത്തുക] സൂപ്പര്‍ സോണിക്
മാക് സംഖ്യ ഒന്നിനേക്കാല്‍ കൂടുലുള്ള വിമാനങ്ങളാണ് ഇവ(1<M<3).ഇത്തരം വിമാനങ്ങളുടെ രൂപകല്പനാവേളയില്‍ സങ്കോചക്ഷമതാ പ്രഭാവങ്ങള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.ഇത്തരം വിമാനങ്ങളുടെ ഉടലില്‍ നിന്ന് ആഘാത തരംഗങ്ങള്‍(shock waves) പുറപ്പെടും.
മാക് സംഖ്യ മൂന്നിനും അഞ്ചിനും ഇടയിലാണെങ്കില്‍ അത്തര്‍ം വിമാനങ്ങളാണ് ഹൈ സൂപ്പര്‍സോണിക്(3<M<5).സങ്കോചക്ഷമതാ പ്രഭാവങ്ങള്‍ക്കു പുറമെ വായുഗതികത്വ താപനവും പ്രധാനമാണ്.
[തിരുത്തുക] ഹൈപ്പര്‍ സോണിക്
ശബ്ദത്തിന്‍റ്റെ അഞ്ചിരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന വിമാനങ്ങളാണ് ഹൈപ്പര്‍ സോണിക് (M>5).ഈ അവസ്ഥയില്‍ വിമാനത്തിന്‍റ്റെ ഊര്‍ജ്ജത്തില്‍ നിന്നും ഒരു ഭാഗം അന്തരീക്ഷത്തിലെ തന്മാത്രകളിലേക്ക് പ്രവഹിക്കുന്നു. സ്പേസ് ഷട്ടിലുകള്‍ ബഹിരാകാശത്തു നിന്ന് ഭൌമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത് ശബ്ദവേഗതയുടെ അന്ചിരട്ടി വേഗതയിലാണ്( M~25 ).ഇത്തരം വേഗതക്ക് ഹൈ ഹൈപ്പര്‍സോണിക് അഥവാ പുനപ്രവേശന വേഗത എന്നു പറയുന്ന്നു.ഈ വേഗതയില്‍ അന്തരീക്ക്ഷ വായുവുമായുണ്ടാവുന്ന ഉരസല്‍ മൂലം വിമാനത്തിന്‍റ്റെ ഊടലിനു ചുറ്റും അത്യധികം താപം ഉദ്പാദിപ്പിക്കപ്പെടും.
[തിരുത്തുക] പറന്നുയരുന്നതിന്റേയും താഴ്ന്നിറങ്ങുന്നതിന്റേയും അടിസ്ഥാനത്തില്‍
- സി.ടി.ഒ.എല്‍.-Conventional Take-off and Landing
- എസ്.ടി.ഒ.എല്‍.-short take-off and landing
- എസ്.ടി.ഒ.വി.എല്‍.-Short Take Off and Vertical Landing
- വി.ടി.ഒ.എല്‍.-Vertical Take-Off and Landing
- വി/എസ്.ടി.ഒ.എല്‍.-Vertical/Short Take-Off and Landing
- വി.ടി.ഒ.എച്.എല്‍.-Vertical Take-Off Horizontal Landing
[തിരുത്തുക] പ്രത്യേക തരം വിമാനങ്ങള്‍
- ഫ്ലൈയിംഗ് വിംഗ്:പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു പറക്കും ചിറക് ആണ് ഇത്തരം വിമാനങ്ങള്‍.യഥാര്‍ത്ഥത്തില്‍ ഇത്തര്‍ം വിമാനങ്ങളില്‍ വേറിട്ട ഫ്യൂസ്‌ലേജോ ഹോറിസോണ്ടല്‍,വെര്‍ട്ടിക്കല്‍ സ്റ്റബിലൈസറുകളോ കാണപ്പെടുന്നില്ല.
- ബ്ലെന്റഡ് വിങ് ബോഡി:വിമാനത്തിന്റെ ഉടലും ചിറകും കൂട്ടിച്ചേര്‍ത്തുള്ള പ്രത്യേക രൂപകല്പനയാണിത്.ഫ്ലൈയിങ് വിങിന്റയും സാധാരണ വിമാനരൂപകല്പനയുടേയും സങ്കരമാണ് ബ്ലെന്റഡ് വിങ് ബോഡി(BWB).
- ലിഫ്റ്റിംഗ് ബോഡി:ചിറകുകളേ ഇല്ലാത്ത വിമാനമാണ് ഇത്തരം വിമാനങ്ങള്‍.പേരു സൂചിപ്പിക്കുന്നതു പോലെ വിമാനത്തിന്റെ ഉടലാണ് ചിറകിനു പകരം ഉയര്‍ത്തല്‍ ബലം അഥവാ ലിഫ്റ്റ് ഉദ്പാദിപ്പിക്കുന്നത്.
- ടാന്‍ഡം വിംഗ്: രണ്ടു ചിറകുകള്‍ ഉപയോഗിക്കുന്ന വിമാനങ്ങളാണിവ.എന്നാല്‍ ബൈപ്ലെയ്നില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ് ഇവ.മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ചിറക് കാനാര്‍ഡ് വിമാനത്തിലേതു പോലെ ടെയ്ല്‍പ്ലെയ്നിന്‍റ്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നവയാണ്.കൂടാതെ രണ്ടു ചിറകും ഉയര്‍ത്തല്‍ ബലം നല്‍കുകയും ചെയ്യും.എന്നാല്‍ ബൈപ്ലെയ്നില്‍ ടെയ്ല്‍പ്ലെയ്ന്‍ വേറിട്ടാണ് കാണപ്പെടുക.
- സ്വിംഗ് വിങ് വിമാനം: സാധാരണ ഉയര്‍ന്ന വേഗതയില്‍ പറക്കുന്ന വിമാനങ്ങളില്‍ സ്വെപ്റ്റ് ചിറകുകളും താഴ്ന്ന വേഗതയില്‍ പറക്കുന്നവയില്‍ ഫ്യൂസ്‌ലേജുമായി ലംബമായി സ്ഥാപിക്കുന്ന സാധാരണ ചിറകുകളുമാണ് കാണപ്പെടുക.എന്നാല്‍ സ്വിംഗ് വിങ് വിമാനങ്ങളില്‍ പൈലറ്റിന് ഈ രണ്ട് തരം ചിറകുകളും ഇഷ്ടാനുസരണം ഉപയോഗിക്കാന്‍ സാധിക്കും.ഉയര്‍ന്ന വേഗതയില്‍ പറക്കുമ്പോള്‍ ചിറകുകളെ സ്വെപ്റ്റ് ആക്കുകയും ചെറിയ വേഗതയില്‍ പറക്കുമ്പോള്‍ തിരിച്ച് സാധാരണ സ്ഥാനം കൈവരിപ്പിക്കുകയും ചെയ്യുന്നു.
- ടെയ്ല്‍ സിറ്റര്‍ വിമാനം:ചിറകുകളില്‍ പറന്നുയരാനും താഴ്ന്നിറങ്ങാനും കഴിവുള്ള വി.ടി.ഒ.എല്‍. വിമാനങ്ങളാണ് ഇവ.
ഇത്തരം ചില വിമാനങ്ങളുടെ ചിറകറ്റത്ത് ചെറിയ ജെറ്റ് എന്‍ജിനുകളും കാണപ്പെടുന്നു.
- ലിഫ്റ്റ് ഫാന്‍:പ്രത്യേക തരം വി.ടി.ഒ.എല്‍. വിമാനങ്ങളാണ് ഇവ.സാധാരണ വി.ടി.ഒ.എല്‍. വിമാനങ്ങളില്‍ ലിഫ്റ്റ് ലഭ്യമാക്കുന്ന എന്‍ജിനുകള്‍ ചിറകുകളില്‍ തന്നെയാണ് സ്ഥാപിക്കുന്നത്.എന്നാല്‍ ലിഫ് ഫാന്‍ വിമാനങ്ങളില്‍ ടര്‍ബോപ്രോപ് പോലുള്ള ഒരു ഫാന്‍ ഫ്യൂസിലേജില്‍ കോക്പിറ്റിന് പിറകിലായി മുകളിലേക്ക് തുറന്ന് സ്ഥാപിക്കുന്നു.ഈ ഫാന്‍ ആണ് വിമാനത്തിന് ഉയര്‍ത്തല്‍ ബലം നല്‍കുന്നത്.
- സ്റ്റെല്‍ത്ത് വിമാനം:ഇത്തരം വിമാനങ്ങളെ റഡാറുകള്‍ക്ക് കണ്ടുപിടിക്കാന്‍ അസാധ്യമാണ്.സ്റ്റെല്‍ത്ത് എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ[12] ഉപയോഗിക്കുന്ന ഇത്തരം വിമാനങ്ങള്‍ പോര്‍വിമാനങ്ങളാണ്.വിമാനത്തിന്റെ ആകൃതി, ഉടല്‍ നിര്‍മ്മിച്ചിരിക്കുന്ന മറ്റീരിയല്‍ എന്നിവയുടെ പ്രത്യേകത കൊണ്ടും റഡാര്‍ ആകിരണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുമാണ് സ്റ്റെല്‍ത്ത് വിമാനങ്ങള്‍ റഡാറുകളുടെ കണ്ണു വെട്ടിക്കുന്നത്.
- ഫോള്‍ഡിങ് വിംഗ്:സ്ഥലം ലാഭിക്കാന്‍ വേണ്ടി ചിറകുകള്‍ മടക്കിവെക്കാവുന്ന വിമാനങ്ങളാണിവ.നാവികസേനകളുടെ വിമാനവാഹിനി കപ്പലുകളിലാണ് ഇവയുടെ ഉപയോഗം കൂടുതല്‍.പക്ഷേ ഇവയുടെ ചിറകുകള്‍ സാധാരണ ചിറകുകളെ അപേക്ഷിച്ച് ഭാരക്കൂടുതലുള്ളവയും സങ്കീര്‍ണ്ണമായ ഭാഗങ്ങള്‍ ഉള്ളവയുമായിരിക്കും.
- ടെയ്ല്‍ ലെസ്സ് വിമാനം:ഹോറിസോണ്ടല്‍ സ്റ്റബിലൈസറുകള്‍ കാണപ്പെടാത്ത വിമാനങ്ങളാണിവ.ഹരിസോണ്ടല്‍ കണ്ട്രോളുകള്‍ ഇവയുടെ പ്രധാന ചിറകിലായിരിക്കും കാണപ്പെടുക.
ഇവ ഡെല്‍റ്റ വിമാനങ്ങളോ അല്ലെങ്കില്‍ സാധാരണ ചിറകുള്ള വിമാനങ്ങള്‍ തന്നെയോ ആവാം.
|
F-l3 lift fan.jpg
X-35B ലിഫ്റ്റ് ഫാന്‍. |
|||
[തിരുത്തുക] അവലംബം
- ↑ Aircraft Rules, 1937
- ↑ സുകുമാര്‍ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും" (in മലയാളം). ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 83. ISBN 81-7130-993-3.
- ↑ Arasse, Daniel (1997), Leonardo da Vinci, Konecky & Konecky, ISBN 1 56852 1987
- ↑ http://www.grc.nasa.gov/WWW/K-12/airplane/rotations.html
- ↑ http://www.grc.nasa.gov/WWW/K-12/airplane/forces.html
- ↑ Fundamentals of Flight,by Richard S.Shevell,Prentice Hall
- ↑ http://www.aerospaceweb.org/question/performance/q0023.shtml
- ↑ http://www.enotes.com/history-fact-finder/science-invention/when-did-first-jet-airplane-take-off
- ↑ http://www.stormbirds.com/warbirds/index_old.html
- ↑ http://www.ae.msstate.edu/~masoud/Teaching/SA2/chA15.18_text.html
- ↑ http://www.grc.nasa.gov/WWW/K-12/airplane/mach.html
- ↑ http://www-tech.mit.edu/V121/N63/Stealth.63f.html
[തിരുത്തുക] കുറിപ്പുകള്‍
|
ഓര്ണിതോപ്റ്റര് • ബലൂണ്‍ • ആകാശക്കപ്പല്‍ • വിമാനം • റോട്ടര്‍ക്രാഫ്റ്റ് • ഗ്ലൈഡര്‍ പോര്‍വിമാനം • യാത്രാവിമാനം •ചരക്ക്വിമാനം • നിരീക്ഷണ വിമാനം • എയര്‍ബസ് • ബോയിങ് • ലോക്ക്ഹീഡ് • ഡസ്സാള്‍ട്ട് • മിഖായോന്‍ • എംബ്രേയര്‍ • നാസ • സെസ്ന എച്ച്. എ. എല്‍ • ഡി.ആര്.ഡി.ഒ • എ.ഡി.എ • എന്‍.എ.എല്‍ • ഇന്‍ഡസ് |



