സാംസ്കാരിക ഉപകരണങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യവർഗം സാംസ്കാരിക വികസനത്തിന്റെ ഭാഗമായി രണ്ടുതരം ഉപകരണങ്ങൾ നിർമിച്ചിട്ടുണ്ടെന്ന് ലവ് വിഗോട്സ്കി അഭിപ്രായപ്പെട്ടിട്ടുണ്ട്. കല്ലും വടിയും തൊട്ട് ഇന്നോളമുണ്ടായിട്ടുള്ള ഭൗതികവും സാങ്കേതികവുമായ ഉപകരണങ്ങളാണ് ഇതിലൊരു വിഭാഗം. ഇവയെ ഭൗതിക ഉപകരണങ്ങളെന്ന് വിളിക്കാം. രണ്ടാമത്തേത് പല വിധത്തിലുള്ള മാനസിക ഉപകരണങ്ങളാണ്. ഭാഷ, എണ്ണൽ സമ്പ്രദായങ്ങൾ, ബീജഗണിതം പോലുള്ള മറ്റു ചിഹ്നസമ്പ്രദായങ്ങൾ, രേഖാചിത്രങ്ങൾ, മാപ്പിലുപയോഗിക്കുന്ന ചിഹ്നങ്ങൾ, രസതന്ത്രത്തിലെ സൂത്രവാക്യങ്ങൾ എന്നിങ്ങനെയുള്ളവയെല്ലാം മാനസിക ഉപകരണങ്ങൾക്ക് ഉദാഹരണങ്ങളാണ്.

ഇപ്പറഞ്ഞ രണ്ടുതരം സാംസ്കാരിക ഉപകരണങ്ങളും മനുഷ്യനു മാത്രമാണ് നിർമ്മിക്കാനായിട്ടുള്ളത്. ഇവയാകട്ടെ ഒരു തലമുറയിൽ നിന്ന് അടുത്തതിലേക്ക് വിനിമയംചെയ്യപ്പെടുന്നത് ജീവശാസ്ത്രപരമായല്ല. മറിച്ച്, സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായാണ്. അതുകൊണ്ടാണ് ഇവയെ സാംസ്കാരിക ഉപകരണങ്ങളെന്ന് വിഗോട്സ്കി വിശേഷിപ്പിച്ചത്. മനുഷ്യൻ ഈ ലോകത്തെ മാറ്റിമറിച്ചത് ഇവയുടെ ഉപയോഗത്തിലൂടെയാണെന്നു പറഞ്ഞാൽ തെറ്റില്ല.

പഠിതാവ് കൂടുതൽ അറിവുള്ളവരുടെ സഹായത്തോടെ, മെച്ചപ്പെട്ട സാംസ്കാരിക ഉപകരണങ്ങൾ ഉപയോഗിച്ച് ചുറ്റുപാടിൽ ഇടപെടുമ്പോഴാണ് പലതരം ആശയങ്ങളും ധാരണകളും മനോഭാവങ്ങളും ആ പഠിതാവിൽ രൂപപ്പെടുന്നത്. മനുഷ്യൻ ഭൗതിക ഉപകരണങ്ങൾ ഉപയോഗിച്ച് പ്രകൃതിയെ മാറ്റുമ്പോൾ മാനസിക ഉപകരണങ്ങൾ അകമേ പ്രവർത്തിച്ച് മാനസികഘടനയിൽ പല മാറ്റങ്ങളും സംഭവിക്കുന്നു. ഈ പ്രക്രിയയാണ് വാസ്തവത്തിൽ പഠനം. ഏറ്റവും മെച്ചപ്പെട്ട ഭൗതിക ഉപകരണങ്ങളും മാനസിക ഉപകരണങ്ങളും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന പഠിതാവിന് നന്നായി പഠിക്കാൻ സാധിക്കുന്നു. ഇവ വേണ്ടത്ര ഉപയോഗിക്കാനാവാത്ത പഠിതാവ് പഠനത്തിൽ പിന്നോട്ടു പോവുകയും ചെയ്യുന്നു. ആകയാൽ എല്ലാ കുട്ടികൾക്കും മെച്ചപ്പെട്ട സാംസ്കാരിക ഉപകരണങ്ങൾ എങ്ങനെ ലഭ്യമാക്കാം എന്നതിലാണ് എല്ലാവരുടെയും ക്ഷേമത്തിൽ താത്പര്യമുള്ള ഭരണാധികാരികൾ ശ്രദ്ധിക്കേണ്ടത്. ഇതിനു വേണ്ടിയുള്ള ഒരു സംവിധാനമായാണ് പൊതുവിദ്യാലയങ്ങളെ കാണേണ്ടത്.

അവലംബം

"https://ml.wikipedia.org/w/index.php?title=സാംസ്കാരിക_ഉപകരണങ്ങൾ&oldid=3342421" എന്ന താളിൽനിന്ന് ശേഖരിച്ചത്