എ. നഫീസത്ത് ബീവി
എ. നഫീസത്ത് ബീവി | |
---|---|
കേരളനിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ | |
ഓഫീസിൽ മാർച്ച് 15 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | കെ.ഒ. അയിഷാ ബായ് |
പിൻഗാമി | എം.പി. മുഹമ്മദ് ജാഫർ ഖാൻ |
കേരള നിയമസഭയിലെ അംഗം. | |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | ടി.വി. തോമസ് |
പിൻഗാമി | ടി.വി. തോമസ് |
മണ്ഡലം | ആലപ്പുഴ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ആലപ്പുഴ, കേരളം | മാർച്ച് 22, 1924
മരണം | മേയ് 11, 2015 തിരുവനന്തപുരം | (പ്രായം 91)
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | അബ്ദുള്ളക്കുട്ടി |
കുട്ടികൾ | ഒരു മകൻ മൂന്ന് മകൾ |
As of ഒക്ടോബർ 21, 2022 ഉറവിടം: നിയമസഭ |
കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകയും രണ്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമാണ് അഡ്വ. എ. നഫീസത്ത് ബീവി (22 മാർച്ച് 1924 - 11 മെയ് 2015). മുസ്‌ലിം വനിതകൾ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവരാൻ മടി കാണിച്ചിരുന്ന കാലത്ത് തന്റേടത്തോടെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന വനിത. കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസിനെ 1960ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കോൺഗ്രസ് ടിക്കറ്റിൽ ആലപ്പുഴയിൽനിന്ന് നിയമസഭയിലെത്തി.[1] പിന്നീട് ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഭർത്താവ് ആലപ്പുഴ പണിക്കൻ ബംഗ്ലാവ് കുടുംബാംഗമായ അബ്ദുള്ളക്കുട്ടി. നാലുമക്കൾ
ജീവിതരേഖ
[തിരുത്തുക]യാഥാസ്ഥിതിക മുസ്‌ലിം കുടുംബമായ കായംകുളം കൃഷ്ണപുരം പുത്തൻപുരയിൽ അബ്ദുൾ കരീമിന്റെയും ഹവ്വാ ഉമ്മയുടെയും മകളായി 1924ൽ ജനിച്ചു. മുസ്‌ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള അവസരമില്ലാതിരുന്ന അക്കാലത്ത് പഠിക്കാൻ പിതാവ് പ്രോത്സാഹിപ്പിച്ചു. സ്‌കൂൾ ഫൈനൽ കഴിഞ്ഞ് തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായി. ആലപ്പുഴ എസ്.ഡി. കോളേജിൽ നിന്ന് ബിരുദവും എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. തുടർന്ന് ആലപ്പുഴ ബാറിൽ അഭിഭാഷകയായി.
1952ലെ തെരഞ്ഞെടുപ്പിൽ ടി.എ. അബ്ദുള്ള ആലപ്പുഴ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ പ്രചാരണയോഗങ്ങളിൽ അബ്ദുള്ളയ്ക്കുവേണ്ടി പ്രസംഗിച്ചുകൊണ്ട് ബീവി പൊതുപ്രവർത്തനം തുടങ്ങി. തെരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിയായ അബ്ദുള്ളയുടെ ശ്രമഫലമായി ബീവി കെ.പി.സി.സി. അംഗമായി നോമിനേറ്റു ചെയ്യപ്പെട്ടു. കെ.പി. മാധവൻ നായർ കെ.പി.സി.സി. പ്രസിഡന്റായിരുന്നപ്പോൾ ബീവി കെ.പി.സി.സി നിർവാഹകസമിതി അംഗമായിരുന്നു. 1953-ൽ പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു എ.ഐ.സി.സി. പ്രസിഡന്റായപ്പോൾ ബീവി എ.ഐ.സി.സി. മെംബറായി.
കേരള നിയമസഭയിലേക്ക് 1957ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ബീവി മത്സരിച്ചെങ്കിലും എതിർ സ്ഥാനാർത്ഥിയായിരുന്ന കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസിനോട് പരാജയപ്പെട്ടു. 1957-ൽ വിമോചനസമരകാലത്ത് ജയിൽവാസവുമനുഷ്ഠിച്ചു. 1960 ൽ വീണ്ടും മത്സരിച്ച് ടി.വി. തോമസിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി. അക്കാലത്ത് സ്പീക്കറായിരുന്ന കെ.എം. സീതിസാഹിബ് മരിച്ചപ്പോൾ നാല്പതു ദിവസവും പിന്നീട് സ്പീക്കറായ സി.എച്ച്. മുഹമ്മദ് കോയ രാജിവച്ചപ്പോഴും ബീവി സ്പീക്കറുടെ ചുമതല വഹിച്ചു. 1967ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മഞ്ചേരിയിലും 1979ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വാമനപുരത്തും മത്സരിച്ച് പരാജയപ്പെട്ടു
കേരളത്തിൽ കോൺഗ്രസ് മഹിളാ സംഘടന കെട്ടിപ്പടുക്കുന്നതിൽ പങ്ക് വഹിച്ചു. മഹിളാ കോൺഗ്രസ്സിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. വനിതാ കമ്മീഷൻ അംഗവുമായിരുന്നു.[2]
ഔദ്യോഗിക സ്ഥാനങ്ങൾ
[തിരുത്തുക]- ഡെപ്യൂട്ടി സ്പീക്കർ (ആ നിയമസഭയിൽ സ്പീക്കറായിരുന്ന കെ.എം. സീതിസാഹിബ് മരിച്ചപ്പോൾ നാൽപതുദിവസത്തോളം ബീവി സ്പീക്കറുടെ ചുമതല വഹിച്ചു. പിന്നീട് സ്പീക്കർസ്ഥാനമേറ്റെടുത്ത സി.എച്ച്. മുഹമ്മദ് കോയ രാജിവച്ചപ്പോഴും ബീവി സ്പീക്കർ സ്ഥാനം വഹിച്ചു)[3]
- മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്[3]
- വനിതാ കമീഷൻ അംഗം[3]
- സാമൂഹികക്ഷേമ ഉപദേശക ബോർഡ് അംഗം[3]
- സ്റ്റേറ്റ് ഓർഫനേജ് ബോർഡ് അംഗം[3]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1979 | വാമനപുരം നിയമസഭാമണ്ഡലം | എ. നഫീസത്ത് ബീവി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||||
1967 | മഞ്ചേരി ലോകസഭാമണ്ഡലം | എ. നഫീസത്ത് ബീവി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||||
1960 | ആലപ്പുഴ നിയമസഭാമണ്ഡലം | എ. നഫീസത്ത് ബീവി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ടി.വി. തോമസ് | സി.പി.ഐ. | ||
1957 | ആലപ്പുഴ നിയമസഭാമണ്ഡലം | ടി.വി. തോമസ് | സി.പി.ഐ. | എ. നഫീസത്ത് ബീവി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ഇതും കാണുക
[തിരുത്തുക]- കെ.ഒ. അയിഷാ ബായ് - കേരള നിയമസഭയിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ
- ഭാർഗവി തങ്കപ്പൻ - കേരള നിയമസഭയിലെ മൂന്നാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-15. Retrieved 2011-01-28.
- ↑ "രാഷ്ട്രീയത്തിലെ ഒരേയൊരു ബീവി എന്ന തലക്കെട്ടിൽ കെ.ആർ.ധന്യ മാതൃഭൂമിയിൽ എഴുതിയ ലേഖനം. (ശേഖരിച്ചത് 2011 ജനുവരി 25)". Archived from the original on 2011-01-24. Retrieved 2011-01-25.
- ↑ 3.0 3.1 3.2 3.3 3.4 "അഡ്വ. എ നഫീസത്ത് ബീവി അന്തരിച്ചു". Retrieved 2021-02-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2021-03-09.
- ↑ http://www.keralaassembly.org