ലക്ഷ്മീപുരം കൊട്ടാരം
9°26′19.36″N 76°31′59.16″E / 9.4387111°N 76.5331000°E
കേരളത്തിൽ ചങ്ങനാശ്ശേരിയിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് ലക്ഷ്മീപുരം കൊട്ടാരം. സ്വാതി തിരുനാൾ മഹാരാജാവിന്റെ പിതാവിന്റെ രാജഗൃഹമാണിത്. 1811-ൽ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന റാണി ഗൗരി ലക്ഷ്മിബായിയുടെ നിർദ്ദേശപ്രകാരം സ്വഭർത്താവ് രാജരാജവർമ്മ വലിയ കോയിത്തമ്പുരാന്റെ കുടുംബത്തിനുവേണ്ടി തെക്കുംകൂർ രാജ്യ ആസ്ഥാനമായിരുന്ന ചങ്ങനാശ്ശേരിയിൽ പുതുതായി പണികഴിച്ച രാജഗൃഹമായിരുന്നു ലക്ഷ്മീപുരം കൊട്ടാരം[3]. അന്നുവരെ ചങ്ങനാശ്ശേരിയിലെ നീരാഴിക്കെട്ടു കൊട്ടാരത്തിലായിരുന്ന[4] രാജകുടുംബാംഗങ്ങളെ ലക്ഷ്മീപുരം കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിച്ചു.[5] [6]
നിർമ്മാണപശ്ചാത്തലം
[തിരുത്തുക]തിരുവിതാംകൂർ രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെടുന്ന ക്ഷത്രിയസമുദായാംഗങ്ങളെയാണ്കോയിത്തമ്പുരാക്കന്മാർ എന്നു വിളിച്ചിരുന്നത്. മൂത്ത റാണിയുടെ ഭർത്താവിനെ വലിയ കോയിത്തമ്പുരാൻ എന്ന് ബഹുമാനപൂർവ്വം വിളിക്കുന്നു. തിരുവിതാംകൂറിൽ മരുമക്കത്തായക്രമം അനുസരിച്ച് സിംഹാസനാവകാശം അമ്മ വഴിക്കായിരുന്നു. സിംഹാസനാവകാശിയുടെ അല്ലെങ്കിൽ മഹാരാജാവിന്റെ പിതാവാണെങ്കിൽപ്പോലും അമ്മത്തമ്പുരാട്ടിയുടെ ഭർത്താവ് എന്നതിൽ കവിഞ്ഞ രാജകീയാവകാശങ്ങൾ കോയിത്തമ്പുരാക്കന്മാർക്കു് അനുവദിക്കപ്പെട്ടിരുന്നില്ല. എങ്കിലും അവർ സമൂഹത്തിൽ ഉന്നതസ്ഥാനീയരും രാജസമാനമായി ആദരണീയരുമായിരുന്നു. [7]
തിരുവിതാംകൂറിലെ തമ്പുരാട്ടിമാരെ വിവാഹം കഴിക്കാൻ തെരഞ്ഞെടുത്തിരുന്ന പുരുഷന്മാർ സാധാരണയായി കിളിമാനൂർ കൊട്ടാരത്തിൽ നിന്നോ ചങ്ങനാശ്ശേരി കൊട്ടാരത്തിൽനിന്നോ ഉള്ളവരായിരുന്നു. തെക്കേ മലബാറിലെ പരപ്പൂർ രാജവംശത്തിന്റെ ബേപ്പൂർ, പരപ്പനാട് എന്നീ ശാഖകളുടെ പിന്മുറക്കാരായിരുന്നു ഈ കുടുംബക്കാർ. ഇതിൽ പരപ്പനാട് ശാഖയ്ക്കു ആലിയക്കോട് എന്നും പേരുണ്ട്. പതിനെട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ഹൈദരാലിയുടെ മലബാർ ആക്രമണത്തെ തുടർന്ന് ആലിയക്കോട് ശാഖയിലെ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി തന്റെ അഞ്ചു പെൺ മക്കളോടൊപ്പം തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. അന്നത്തെ മഹാരാജാവ് കാർത്തികതിരുനാൾ രാമവർമ്മ ഇവർക്കു താമസിക്കാൻ തെക്കുംകൂർ രാജവംശത്തിന്റെ വകയായ ചങ്ങനാശ്ശേരി നീരാഴിക്കെട്ടു കൊട്ടാരം വിട്ടുകൊടുത്തു. പിന്നീട് മൂത്ത സഹോദരിമാർ ഗ്രാമം, തിരുവല്ല, പള്ളം ഇവിടങ്ങളിൽ സ്വന്തം കൊട്ടാരങ്ങൾ പണിതു് താമസമാക്കി. ഏറ്റവും ഇളയ സഹോദരിയായിരുന്ന ഇഞ്ഞാഞ്ഞിഅമ്മയ്ക്കായിരുന്നു ചങ്ങനാശ്ശേരിക്കൊട്ടാരം. അവരുടെ പൗത്രനായിരുന്നു തിരുവിതാംകൂർ രാജകുടുംബത്തിലെ റാണി ലക്ഷ്മീഭായിയെ വിവാഹം കഴിച്ച രാജരാജവർമ്മ. ഈ ദമ്പതികളുടെ പുത്രനായിരുന്നു 1828 മുതൽ 1846 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന പ്രശസ്ത സംഗീതജ്ഞനും ഗാനരചയിതാവുമായിരുന്ന സ്വാതി തിരുനാൾ മഹാരാജാവ്.
മഹാറാണി ലക്ഷ്മീ ബായിയുടെ നിർദ്ദേശപ്രകാരം 1811-ൽ ഭർത്താവിന്റെ കുടുംബത്തിനു വേണ്ടി ചങ്ങനാശ്ശേരിയിൽ തന്നെ ഒരു പുതിയ കൊട്ടാരം പടുത്തുയർത്തി. ഇതാണു് പിൽക്കാലത്തു് ലക്ഷ്മീപുരം കൊട്ടാരം എന്നറിയപ്പെട്ടതു്.
കൊട്ടാരക്ഷേത്രം
[തിരുത്തുക]കൊട്ടാരത്തിനോട് ചേർന്നുതന്നെ ഒരു ക്ഷേത്രമുണ്ട്. കേരളത്തിൽ അത്യപൂർവമായി കാണുന്ന സന്താന ഗോപാല സ്വാമിയാണ് പ്രതിഷ്ഠ. ശംഖു-ചക്രധാരിയായ മഹാവിഷ്ണു കൈകളിൽ ഒരു കുഞ്ഞിനെ എടുത്തു നിൽക്കുന്ന രീതിയിലുള്ള പ്രതിഷ്ഠ അപൂർവ്വമാണ്. തിരുവിതാംകൂർ റാണിയായിരുന്ന റാണി ഗൗരി ലക്ഷ്മി ബായിക്ക് പുത്രലാഭത്തിനായി പുഴവാത് കൊട്ടാരത്തിനടുത്ത് സന്താനഗോപാലക്ഷേത്രം പണിയുകയും സന്താനഗോപാലപൂജ നടത്തുകയും ചെയ്തുവത്രെ. (മഹാറാണിയുടെ ഭർത്തൃഗൃഹം ചങ്ങനാശ്ശേരി കൊട്ടാരമായിരുന്നു). അതിനെ തുടർന്നാണ് മഹാറാണിക്ക് ദ്വിതീയ സന്താനമായി സ്വാതിതിരുനാൾ ജനിച്ചത് എന്നു പറയപ്പെടുന്നു.[8]
അവലംബങ്ങൾ
[തിരുത്തുക]- ↑ Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
- ↑ Travancore Almanac & Directory 1919 Published by the Government of Travancore 1918
- ↑ പി.കെ., നാരായണപിള്ള (1994). (തർജ്ജമ): കെ. രാമചന്ദ്രൻ നായർ (ed.). ഭാരതീയ സാഹിത്യശില്പികൾ - കേരളവർമ്മ. കേന്ദ്ര സാഹിത്യ അക്കാദമി. p. 8. ISBN 81-7201-611-8.
{{cite book}}
:|access-date=
requires|url=
(help);|format=
requires|url=
(help); Check|isbn=
value: checksum (help); More than one of|pages=
and|page=
specified (help) - ↑ പി. കെ. നാരായണപിള്ള: Kerala Varma - the symbol of transition to the modern age in Malayalam
- ↑ തിരുവിതാംകൂർ ചരിത്രം - ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം - പി.ശങ്കുണ്ണിമേനോൻ
- ↑ ചങ്ങനാശ്ശേരി'99 - ഡോ. സ്കറിയ സക്കറിയ, ഡി.സി. ബുക്സ്
- ↑ ശ്രീ കേരള മഹാചരിത്രം - കുറുപ്പം വിട്ടീൽ കെ.എൻ. ഗോപാലപിള്ള - റെഢ്യാർ പ്രസ്സ്, തിരുവനന്തപുരം, 1948
- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/the-temple-that-saved-a-kingdom/article4424132.ece