പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്
പവിത്രേശ്വരം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കൊല്ലം |
ഏറ്റവും അടുത്ത നഗരം | കൊട്ടാരക്കര |
പ്രസിഡന്റ് | വി.എൻ.ഭട്ടതിരി |
നിയമസഭ (സീറ്റുകൾ) | പഞ്ചായത്ത് () |
ലോകസഭാ മണ്ഡലം | മാവേലിക്കര |
നിയമസഭാ മണ്ഡലം | നെടുവത്തൂർ |
ജനസംഖ്യ • ജനസാന്ദ്രത |
29,124 (2001[update]) • 1,233/കിമീ2 (1,233/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 1069 ♂/♀ |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 23.62 km² (9 sq mi) |
Coordinates: 9°00′42″N 76°42′07″E / 9.011683°N 76.701808°E
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല ബ്ലോക്കിൽ [[കുന്നത്തൂർ നിയമസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് പവിത്രേശ്വരം (ഇംഗ്ലീഷ്: Pavithreswaram Gramapanchayat). സമീപപ്രദേശങ്ങളെ അപേക്ഷിച്ച് പവിത്രേശ്വരം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കാവുകൾ നിലനിൽക്കുന്നത്. ഗോത്രവർഗ്ഗ സമൂഹങ്ങളുടെ സാന്നിധ്യം വിളിച്ചോതുന്ന പല ചരിത്രാവശിഷ്ടങ്ങളും ഇവിടെ നിന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. തിരു-കൊച്ചി ആക്ട് പ്രകാരം(20-8-1953}ൽ രൂപം കൊണ്ട പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ശ്രീ. എൻ. ഗോപാലനുണ്ണിത്താനായിരുന്നു.[1]
അതിരുകൾ[തിരുത്തുക]
വടക്ക് - കല്ലടയാറ്, കുന്നത്തൂർ പഞ്ചായത്ത്.
പടിഞ്ഞാറ് - ഈസ്റ്കല്ലട, ശാസ്താംകോട്ട എന്നീ പഞ്ചായത്തുകൾ.
തെക്ക് - കുന്നത്തൂർ, എഴുകോൺ എന്നീ പഞ്ചായത്തുകൾ.
കിഴക്ക് - കുളക്കട, നെടുവത്തൂർ എന്നീ പഞ്ചായത്തുകൾ.
ചരിത്രപരമായ വിവരങ്ങൾ[തിരുത്തുക]
നിരുക്തം[തിരുത്തുക]
പവിത്രേശ്വരം എന്ന പേരിനെ സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളായ വാദമുഖങ്ങൾ നിലനിൽക്കുന്നു. ഹിന്ദു പുരാണങ്ങളുമായി ബന്ധപ്പെട്ട ചില ഐതിഹ്യങ്ങൾ സൂചിപ്പിക്കുന്നത് കുരുക്ഷേത്രയുദ്ധത്തിനുശേഷം പാർത്ഥൻ (അർജുനൻ) കിരീടം ഊരിവച്ച സ്ഥലമായതുകൊണ്ട് പാർത്ഥേശ്വരം എന്ന പേരിൽ അറിയപ്പെട്ടിരുന്നന്നും, പിന്നീടത് പവിത്രേശ്വരമായി മാറുകയാണുണ്ടായതെന്നുമാണ് പ്രബലമായ ഒരു ഐതിഹ്യം. കുരുക്ഷേത്രയുദ്ധത്തിന് വഴി തെളിച്ച അധികാരതർക്കത്തിൽ കൗരവരും പാണ്ഡവരും പകുത്തുപിരിഞ്ഞ പ്രദേശമായതിനാലാണ് പവിത്രേശ്വരം എന്ന് പേര് കിട്ടിയതെന്നും മറ്റൊരു ഐതിഹ്യമുണ്ട്.[2]
തിരുവിതാംകൂറുമായുള്ളത്[തിരുത്തുക]
മാർത്താണ്ഡവർമ്മ മഹാരാജാവ് എട്ടുവീട്ടിൽപിളളമാരേയും തമ്പിമാരേയും ഭയന്ന് ഓടിയിരുന്ന കാലത്ത് ഒരിക്കൽ കുഴിക്കൽ മാടമ്പിമാരുടെ കൊട്ടാരത്തിൽ അഭയം തേടി. അവർ രാജാവിന് അഭയം നൽകി സംരക്ഷിച്ചു. ഒടുവിൽ അദ്ദേഹത്തെ കുന്നത്തൂർ കടവിലൂടെ കല്ലടയാറിന് പടിഞ്ഞാറെ കരയിലാക്കുകയും നദിക്ക് കുറുകെ ഉണ്ടായിരുന്ന കല്ലുപാലം തളളിക്കളയുകയും ചെയ്തുവത്രെ. തമ്പിമാരെയും പിളളമാരെയും തോൽപ്പിച്ച മാർത്താണ്ഡവർമ്മ നാട്ടുരാജ്യങ്ങളെ ഓരോന്നായി പടവെട്ടിപ്പിടിച്ച് തിരുവിതാംകൂറിന്റെ അധിപനായി. തന്നെ സംരക്ഷിച്ച കുഴിക്കൽ മാടമ്പിമാരെ താമസിയാതെ അദ്ദേഹം കൊട്ടാരത്തിൽ വിളിപ്പിച്ച് കാരിക്കൽതാഴം, കരിമ്പിൻപുഴ, തെക്കുംചേരി, ചെറുമങ്ങാട്, ചെറുപൊയ്ക എന്നീ ആറുകരകൾ ഉൾകൊളളുന്ന സ്ഥലം കുഴിക്കലിടവക എന്ന പേരിൽ കരമൊഴിവായി നൽകി.
മറ്റു വിവരങ്ങൾ[തിരുത്തുക]
ശ്രീ. എൻ. കേശവൻ വൈദ്യർ, ശ്രീ. നാണു, ശ്രീ. ഒട്ടവിള ദാമോദരൻ തുടങ്ങിയവർ ഉപ്പ്സത്യാഗ്രഹം, നിസ്സഹകരണം തുടങ്ങിയ സമരങ്ങളിൽ പങ്കെടുത്തിരുന്നു. മുൻമുഖ്യമന്ത്രി ശ്രീ. ആർ. ശങ്കർ ജനിച്ചത് 1909 ൽ പവിത്രേശ്വരം പഞ്ചായത്തിലെ വിളയിൽ വീട്ടിലായിരുന്നു.
ഭൂപ്രകൃതി[തിരുത്തുക]
പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന കല്ലടയാറ് പഞ്ചായത്തിന്റെ വടക്ക്-പടിഞ്ഞാറ് അതിർത്തിയിലൂടെ ഒഴുകുന്നു. ഭൂപ്രകൃതിയനുസരിച്ച് ഇടനാട്ടിലാണ് പവിത്രേശ്വരം പഞ്ചായത്ത് ഉൾക്കൊണ്ടിരിക്കുന്നത്.പഞ്ചായത്തിലെ ഏറ്റവും വലിയകുന്ന് പ്ലാക്കാട് കുന്നാണ്. പൊതുവെ മൂന്ന് തരം മണ്ണുകളാണ് ഇവിടെ കാണപ്പെടുന്നത്. കുന്നിൻമുകളിലും ചരിവുകളിലും ചെങ്കൽമണ്ണും താഴ്വരകളിൽ പശിമരാശി എക്കൽ മണ്ണുമാണ് പരക്കെ കാണപ്പെടുന്നത്. കല്ലടയാറിനോട് ചേർന്ന് കിടക്കുന്ന നദീതടങ്ങളിൽ മണൽകലർന്ന പശിമരാശി മണ്ണാണുള്ളത്.
ഉയരം കൂടിയ സ്ഥലങ്ങൾ വിസ്തൃതിയിൽ ഏറ്റവും കുറവുളള ഈ പ്രദേശങ്ങളാണിത്. സമുദ്രനിരപ്പിൽ നിന്നും 60 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങൾ ചരിവുകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. മിതമായ ചെരിവ് പ്രദേശങ്ങൾ മൊത്തം വിസ്തൃതിയിൽ 53% ത്തോളം മിതമായ ചെരിവുകളാണ്. ഇവ പൊതുവേ താഴ്വരകളോട് ചേർന്നു കിടക്കുന്നതും ചരിവു കുറഞ്ഞതുമായ പ്രദേശങ്ങളാണ്. എന്നാൽ സമതലത്തോടും കുന്നിൻ മുകളിനോടും ചേർന്നു കിടക്കുന്ന വലിയ ചരിവുകൾ വിസ്തൃതിയിൽ കുറവാണെങ്കിലും (3%) മണ്ണോലിപ്പിന് സാദ്ധ്യത ഏറിയവയാണ്. സമുദ്രനിരപ്പിൽ നിന്നും 20 മീറ്ററിൽ താഴെ മാത്രം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങളിൽ സമീപത്തുളള കുന്നിൽ നിന്നും ചരിവുകളിൽ നിന്നും മണ്ണും ജലവും ഒലിച്ചിറങ്ങുന്നു. ഇങ്ങനെ ഒലിച്ചിറങ്ങുന്ന മണ്ണ് ശേഖരിക്കപ്പെടുന്നതിനാൽ ഈ ഭാഗങ്ങളിൽ കാണപ്പെടുന്നത് ‘അലുവിയം’ അഥവാ പശിമരാശി എക്കൽമണ്ണാണ്. മഴവെളളത്തിലൂടെ ഒഴുകിവരുന്ന എക്കൽമണ്ണ് അടിയുന്നതിനാൽ ഈ ഭൂവിഭാഗങ്ങൾ പൊതുവേ ഫലഭൂയിഷ്ഠമാണ്.
കല്ലടയാറിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന, താഴ്വരകളിൽ നിന്നും വ്യത്യസ്തമായ ഈ ഭൂവിഭാഗം മൊത്തം വിസ്തൃതിയുടെ 16% ത്തോളം വരുന്നു.പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറേ അതിർത്തിയിലൂടെ കല്ലടയാറ് ഒഴുകുന്നു. നദീതീരത്തിന്റെ നീളം ഏതാണ്ട് 9.5 കി. മീ. ആണ്. പഞ്ചായത്തിലെ പ്രധാനപ്പെട്ട തോടുകൾ വല്ലഭൻകരതോട്, പുത്തൻവീട്ടിൽ വെട്ടിമൂട്ടിൽ കൈതക്കോട് തോട്, ഏട്ടറതോട് എന്നിവയാണ്. മൊത്തത്തിൽ ഏകദേശം 17.5. കി. മീ നീളത്തിൽ ഈ പഞ്ചായത്തിലൂടെ തോടുകൾ കടന്നുപോകുന്നു.
പഞ്ചായത്തിലെ വടക്കേ അറ്റമായ ജലവണ്ണാംകുഴിയിൽ ഒരു വറ്റാത്ത നീരുറവ ഉണ്ട്
വിദ്യാഭ്യാസം[തിരുത്തുക]
1917 - ൽ ആണ്. തോട്ടത്തിൽ ശ്രീ. പത്മനാഭപിളള പെൺകുട്ടികൾക്കുവേണ്ടി മാറനാട് സ്ഥാപിച്ച വിദ്യാലയമാണ് ഈ പ്രദേശത്തെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനം. ഈ സ്ഥാപനം 1943 ൽ സർക്കാർ ഏറ്റെടുത്തു. 1925 ൽ കുഴിക്കലിടവകയിൽ വാറൂർ കെ. ഗോവിന്ദൻ പാങ്ങോട് സ്ഥാപിച്ച ജ്ഞാനാമൃതവർഷിണി അപ്പർ പ്രൈമറി സംസ്കൃത സ്കൂൾ ഈ പ്രദേശത്തെ വിദ്യാഭ്യാസചരിത്രത്തിലെ ഒരു നാഴികക്കല്ലായി. ഈ സ്ഥാപനവും 1948 ൽ നിലവിൽ വന്ന കുഴിക്കലിടവക ഹൈസ്കൂളും ഈ നാട്ടിൽ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കി. പഞ്ചായത്തിൽ 11 പ്രൈമറി സ്കൂളുകളും, 2 അപ്പർ പ്രൈമറി സ്കൂളുകളും 3 ഹൈസ്കൂളുകളും 2 വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളും പ്രവർത്തിക്കുന്നു. ഇതിൽ 9 പ്രൈമറി സ്കൂളുകൾ സർക്കാർ മേഖലയിലും, ബാക്കി എല്ലാ സ്കൂളുകളും സ്വകാര്യ മേഖലയിലുമാണ്.
കൃഷി[തിരുത്തുക]
തെങ്ങ്, നെല്ല്, വാഴ, മരച്ചീനി, കിഴങ്ങുവർഗ്ഗങ്ങൾ ഇവയാണ് ഈ പ്രദേശത്തെ മുഖ്യ വിളകൾ. പഴയ കാലത്ത് കർഷകർ കൂടുതൽ ശ്രദ്ധ നൽകിയിരുന്നത് നെൽകൃഷിക്കാണ്. ആകെ ഭൂമിയുടെ 14% നെൽവയലുകൾ ആയിരുന്നു. ഏകദേശം 470 ഹെക്ടർ സ്ഥലത്ത് തെങ്ങ് കൃഷി ചെയ്തു വരുന്നു. ഇപ്പോൾ തെങ്ങ് കൃഷി ഉപേക്ഷിച്ച് കർഷകൻ റബ്ബർ കൃഷിയിലേക്ക് തിരിയുന്നുണ്ട്. പഞ്ചായത്തിൽ മുഖ്യമായും വാഴ, മരച്ചീനി, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, കുരുമുളക് എന്നിവയാണ് ഇടവിളയായി കൃഷി ചെയ്തുവരുന്നത്.പവിത്രേശ്വരം പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം കൃഷിയാണ്. കൃഷിയുടെ ഒരവിഭാജ്യ ഘടകമെന്ന നിലയിലും അടുത്ത വരുമാന മാർഗ്ഗമായും പരമ്പരാഗതമായി കന്നുകാലി വളർത്തലും ഉണ്ടായിരുന്നു. കാർഷിക വിളകളുടെ ഉത്പാദനത്തിന് വളമായും നിലം ഉഴുന്നതിനും കാലികളുടെ സേവനം ഉപയോഗപ്പെടുത്തുകയും അവയ്ക്ക് ആഹാരമായി കാർഷികവിളാവശിഷ്ടങ്ങളും ഉപോല്പന്നങ്ങളും നൽകി പരസ്പര പൂരകങ്ങളായി കൃഷിയേയും കന്നുകാലി വളർത്തലിനേയും നിലനിർത്തുകയും ചെയ്തിരുന്നു.
വ്യവസായം[തിരുത്തുക]
ആദ്യവ്യവസായങ്ങൾ എന്ന രീതിയിൽ പരിഗണിക്കാവുന്നത് പരമ്പരാഗത വ്യവസായങ്ങളും കൈത്തറിയുമാണ്. കശുവണ്ടി വ്യവസായത്തിന്റെ വരവോടെ പഞ്ചായത്തിലെ ഏറ്റവും വലിയ വ്യവസായ യൂണിറ്റുകളായി കശുവണ്ടി മാറിയിരിക്കുന്നു. കശുവണ്ടി വ്യവസായം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ പ്രവർത്തിക്കുന്നത് ഇഷ്ടിക വ്യവസായത്തിലാണ്. കൂടാതെ ഖാദി, ഈർച്ചമിൽ, ബീഡി, കൊപ്ര സംസ്കരണം, എഞ്ചിനീയറിംഗ്, ഫർണിച്ചർ, ഗാർമെൻസ്, പാറപൊട്ടിക്കൽ തുടങ്ങി ചെറുവ്യവസായങ്ങളും നില നിൽക്കുന്നു.
ഗതാഗതം[തിരുത്തുക]
പ്രധാന ഗതാഗതോപാധി റോഡുകളാണ്. 23.37 കി.മീ. പി ഡബ്ള്യൂ ഡി റോഡും, 114.960 കി.മീ. പഞ്ചായത്ത് റോഡുമാണ് ഉളളത്.
സാംസ്കാരികരംഗം[തിരുത്തുക]
കേരളത്തിൽ കൂത്തമ്പലത്തിനു വെളിയിൽ വച്ച് ആദ്യമായി കൂത്ത് അവതരിപ്പിച്ചത് പഞ്ചായത്തിലെ ചെറുപൊയ്ക തെക്കേക്കര മഠത്തിൽ വച്ച് പ്രശസ്തനായ രാമൻചാക്യാരായിരുന്നു.[3] പാക്കനാർ കളി, കമ്പടിക്കളി, ഭരതംകളി (കുറവരുകളി) എന്നിവയായിരുന്നു ഈ പ്രദേശത്ത് നിലനിന്നിരുന്ന പ്രധാന കലകൾ. പ്രമുഖ ആരാധനാലയങ്ങൾ കുഴിക്കലിടവക ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, പാങ്ങോട് ദേവീക്ഷേത്രം, തിരു ആദിശമംഗലം ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, ചേരിയിൽ ദേവീക്ഷേത്രം, പവിത്രേശ്വരം മലനട, പവിത്രേശ്വരം മഹാദേവർ ക്ഷേത്രം, ഇടവട്ടം ഉടയൻകാവ് ക്ഷേത്രം, മാറനാട് കടലായ്മഠം ക്ഷേത്രം, മാറനാട് പുലമൺകാവ് ക്ഷേത്രം, പുലക്കാവ്, കൈതക്കോട് ക്ഷേത്രം, ചെറുപൊയ്ക ക്ഷേത്രം,കരിക്കൽ പാരിപ്പള്ളിൽ ശ്രി ദുർഗാദേവി ക്ഷേത്രം , കാരിക്കൽ പള്ളി, സെന്റ് തോമസ് പള്ളി ഇടവട്ടം, കൈതക്കോട് പള്ളി ഇവയാണ്.
ചെറുപൊയ്ക ശാസ്താക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ രണ്ട് കൊടിമരങ്ങൾ സ്ഥാപിച്ച് കൊടി കയറ്റുന്നുണ്ട്. ഒന്ന് തന്ത്രിയും മറ്റൊന്ന് കരക്കാരുമാണ് കയറ്റുന്നത്. കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും പതിവില്ലാത്തതാണ്.
മലയാളനാടക സിനിമാവേദിയിലെ അതുല്യ പ്രതിഭയായിരുന്ന കൊട്ടാരക്കര ശ്രീധരൻനായരുടെ നാടക കളരി ഈ പ്രദേശത്തിലെ പാങ്ങോട്ടായിരുന്നു. ഉണ്ണുനീലി സന്ദേശത്തിലെ “പുത്തൂരിക്കോ പുടവ” എന്ന പരമാർശം പുത്തൂരിനെപ്പറ്റിയാണെന്ന് (പുത്തൂർ - കൊല്ലത്തിനടുത്ത പ്രശസ്തമായ നെയ്തു കേന്ദ്രം) ജി പി ദാമോദരൻ പിളളയുടെ ഉണ്ണുനീലി സന്ദേശ വ്യാഖ്യാനത്തിൽ പറയുന്നു.
വാർഡുകൾ[തിരുത്തുക]
പവിത്രേശ്വരം പഞ്ചായത്തിൽ ആകെ 18 വാർഡുകളാണുള്ളത്[4]. വാർഡുകളുടെ വിവരണം ചുവടെ കൊടുക്കുന്നു.
നമ്പർ | വാർഡിന്റെ പേര് |
---|---|
1 | കരിമ്പിൻപുഴ |
2 | തെക്കുംചേരി |
3 | ചെറുമങ്ങാട് |
4 | മലനട |
5 | പവിത്രേശ്വരം |
6 | മാറനാട് കിഴക്ക് |
7 | മാറനാട് തെക്ക് |
8 | മാറനാട് പടിഞ്ഞാറ് |
9 | ഇടവട്ടം |
10 | കാരുവേലിൽ |
11 | കൈതക്കോട് തെക്ക് |
12 | കൈതക്കോട് പടിഞ്ഞാറ് |
13 | കൈതക്കോട് വടക്ക് |
14 | ചെറുപൊയ്ക തെക്ക് |
15 | ചെറുപൊയ്ക |
16 | ശ്രീനാരായണപുരം |
17 | കാരിക്കൽ |
18 | കാരിക്കൽ പടിഞ്ഞാറ് |
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-03-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-06-02.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-06-02.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-03-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-06-04.
- ↑ http://www.electionker.org/warddetails/kollam.pdf[പ്രവർത്തിക്കാത്ത കണ്ണി]