അഞ്ചൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് ആയൂരിൽ നിന്നും ഏഴ് കിലോമീറ്റർ കിഴക്കുമാറിയും പുനലൂർ മുനിസിപ്പാലിറ്റിയിൽ നിന്നും 10 കി.മീറ്റർ തെക്കുമാറിയും സ്ഥിതി ചെയ്യുന്നു.

അതിരുകൾ[തിരുത്തുക]

കിഴക്ക് ഏരൂർ പഞ്ചായത്തും തെക്കു കിഴക്ക് അലയമൺ പഞ്ചായത്തും തെക്ക് ഇട്ടിവ പഞ്ചായത്തും പടിഞ്ഞാറ് ഇടമുളയ്ക്കൽ പഞ്ചായത്തും വടക്ക് കരവാളൂർ പഞ്ചായത്തും ചുറ്റപ്പെട്ടു കിടക്കുന്നു. പഞ്ചായത്തിൽ പെടുന്നില്ലയെങ്കിലും ഇത്തിക്കരയാറ് തെക്കേ അതിരായി ഒഴുകുന്നു.

ഭൂപ്രകൃതി[തിരുത്തുക]

സമുദ്ര നിരപ്പിൽ നിന്നും 75 മീറ്റർ ഉയരത്തിൽ 2445 ഹെക്ടർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്തിനെ മലനാട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ധാരാളം തോടുകളും കുളങ്ങളും കൊണ്ട് ഗ്രാമപഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളും ബന്ധിച്ചിരിക്കുന്നു. 2573 മി.മീറ്റർ മഴയാണ് ജലത്തിന്റെ പ്രധാന സ്രോതസ്സ് എങ്കിലും മറ്റു ഉപരിതല സ്രോതസ്സുകൾ തോടുകളും കുളങ്ങളുമാണ്. കുളങ്ങളും ചിറകളുമായി ഏകദേശം 23 ജലസ്രോതസ്സുകൾ പഞ്ചായത്തിലുണ്ട്. 2070 ഹെക്ടർ പ്രദേശത്ത് നീർവാർച്ച കൂടുതലുള്ള ചെങ്കൽ മണ്ണാണ് പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും എങ്കിലും പശിമരാശിയുള്ള ഏക്കൽ മണ്ണ് താഴ്വരകളിൽ പ്രത്യേകിച്ച് വയലേലകളിൽ കളിമണ്ണും കാണപ്പെടുന്നു. കൂടാതെ ചില ഭാഗങ്ങളിൽ ചെങ്കൽ മണ്ണിനോടൊപ്പം പാറയും കാണപ്പെടുന്നു.

കൃഷി[തിരുത്തുക]

ആദ്യകാലങ്ങളിൽ മുഴുവൻ വിസ്തീർണ്ണത്തിന്റെ 25 ശതമാനത്തോളം പ്രദേശത്തിന്റെ മുഖ്യ കൃഷി നെല്ലായിരുന്നു. ആദ്യ കാലങ്ങളിൽ പ്രധാനമായും ഉപയോഗിച്ചിരുന്ന വിത്തിനങ്ങൾ ചമ്പാവ്, അതിക്കിരാഴി, കറുത്ത മുണ്ടകൻ, തവളക്കണ്ണൻ, വെള്ളചേറാടി, കറുത്ത ചേറാടി, പള്ളിപ്പുറം തുടങ്ങിയവയായിരുന്നു. കാളകളേയും പോത്തുകളേയും കലപ്പയും ഉപയോഗിച്ചുള്ള ഉഴവും ജൈവ വളങ്ങളും അടങ്ങിയ നാടൻ കൃഷിരീതികളായിരുന്നു അവലംബിച്ചിരുന്നത്. വയലുകളിൽ നെൽകൃഷിക്ക് പുറമേ ഇടവിള കൃഷികളും തെങ്ങ്, കമുക് എന്നിവ നെൽപ്പാടങ്ങളുടെ വരമ്പുകളിൽ വ്യാപകമായി കൃഷി ചെയ്തിരുന്നു. T.R-8 തുടങ്ങിയ അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളും രാസവളങ്ങളും 1960 കളിലാണ് ഉപയോഗിക്കാൻ തുടങ്ങിയത്. കൂടാതെ ഉയർന്ന പ്രദേശങ്ങളിലും ചരിഞ്ഞ പ്രദേശങ്ങളിലും കശുമാവ്, പ്ളാവ്, മാവ് തുടങ്ങിയ ഫല വൃക്ഷങ്ങളും തെങ്ങ്, കമുക്, മരച്ചീനി, മറ്റു കിഴങ്ങു വർഗ്ഗങ്ങൾ, കുരുമുളക്, വെറ്റില, വാഴ, ഇഞ്ചി, മഞ്ഞൾ എന്നിവയും മുഖ്യ വിളകളായി കൃഷി ചെയ്തിരുന്നു. കൂടാതെ പച്ചക്കറികൾ ഉഴുന്ന്, മുതിര, കൂവരക്, പയറ്, മധുരക്കിഴങ്ങ്, കൂവ, എന്നിവയും കൃഷി ചെയ്തിരുന്നു. പകുതിവാരം, പാട്ടം വ്യവസ്ഥകളിൽ ജന്മി - കുടിയാൻ വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ കൃഷി നടത്തിയിരുന്നു. ഇപ്പോൾ ഈ പഞ്ചായത്തിന്റെ മുഖ്യ കൃഷിയായി കാണപ്പെടുന്നത് റബ്ബറാണ്. കൃഷിഭവന്റെ 1996 ലെ കണക്കു പ്രകാരം ആകെ വിസ്തൃതിയുടെ 28.62 ശതമാനം (700 ഹെക്ടർ) റബ്ബർ കൃഷി ചെയ്യുന്നു. റബ്ബർ കൃഷി കഴിഞ്ഞാൽ പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 53.6 ശതമാനം (1311 ഹെക്ടർ) പ്രദേശങ്ങളിൽ തെങ്ങ്, കവുങ്ങ്, മരച്ചീനി, മാവ്, പ്ളാവ്, കുരുമുളക്, വാഴ, പയറു വർഗ്ഗങ്ങൾ, പച്ചക്കറികൾ, കിഴങ്ങു വർഗ്ഗങ്ങൾ മിശ്രവിള കൃഷി ഉൾപ്പെടുന്നു. ഏകദേശം 270 ഹെക്ടറോളം പ്രദേശത്തു മാത്രമേ ഇപ്പോൾ നെൽകൃഷിയുള്ളൂ.

വാർഡുകൾ[തിരുത്തുക]

 • മൈലോട്ട്കോണം
 • ചോരനാട്
 • അരീപ്ലാച്ചി
 • വടമൺ
 • കുരുവിക്കോണം
 • ആർച്ചൽ
 • നെടിയറ
 • പാറവിള
 • അഗസ്ത്യ കോട്
 • കോളേജ് വാർഡ്
 • അഞ്ചൽ ടൌൺ
 • വടമൺ
 • ചൂരക്കുളം
 • തഴമേൽ
 • മാർക്കറ്റ് വാർഡ്
 • പനയഞ്ചേരി
 • വെണ്മണിയോട്
 • പൊങ്ങുംമുകൾ
 • ഏറം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

 • ജില്ല : കൊല്ലം
 • ബ്ലോക്ക് : അഞ്ചൽ
 • വിസ്തീര്ണ്ണം : 24.45 ചതുരശ്ര കിലോമീറ്റർ
 • ജനസംഖ്യ : 28612
 • പുരുഷന്മാർ : 14026
 • സ്ത്രീകൾ : 14586
 • ജനസാന്ദ്രത : 1170
 • സ്ത്രീ:പുരുഷ അനുപാതം : 1040
 • സാക്ഷരത : 87.76

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അഞ്ചൽ_ഗ്രാമപഞ്ചായത്ത്&oldid=3658182" എന്ന താളിൽനിന്ന് ശേഖരിച്ചത്