കുന്നത്തൂർ താലൂക്ക്
കൊല്ലം ജില്ലയിലെ അഞ്ചു താലൂക്കുകളിൽ ഒന്നാണ് ശാസ്താംകോട്ട ആസ്ഥാനമായ കുന്നത്തൂർ താലൂക്ക്. കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം എന്നിവയാണ് കൊല്ലം ജില്ലയിലെ മറ്റ് താലൂക്കുകൾ. ഇവയിൽ ഏറ്റവും ചെറിയ താലൂക്കാണ് കുന്നത്തൂർ. കുന്നത്തൂർ എന്ന പേരിൽ തന്നെ ഒരു പഞ്ചായത്തും ഈ താലൂക്കിലുണ്ട്. ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി, പോരുവഴി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക് എന്നിവയാണ് ഈ താലൂക്കിലെ മറ്റു പഞ്ചായത്തുകൾ. തഹസിൽദാറാണ് താലൂക്കിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്. കരുനാഗപ്പള്ളി താലൂക്കിൽ 7 ഗ്രാമങ്ങൾ ആണ് ഉള്ളത് . ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
ചരിത്രം
[തിരുത്തുക]ആയിരത്തി തൊള്ളായിരത്തി എൺതുകളുടെ ആദ്യം പത്തനംതിട്ട ജില്ല രൂപം കൊണ്ടപ്പോളാണു് കുന്നത്തുർ താലൂക്കു് ഇന്നത്തെ രൂപം കൈവരിക്കുന്നത്. അടൂർ താലൂക്കു് രൂപം കൊള്ളുകയും പത്തനംതിട്ടയിലേക്കു ചേർക്കപ്പെടുകയും ചെയ്യുന്നതിനു മുമ്പ് പ്രസ്തുത താലുക്കന്റെ ഭാഗങ്ങളും കുന്നത്തുർ താലുക്കിലായിരുന്നു.
പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]കുന്നത്തുർ താലുക്കിന്റെ ആസ്ഥാനം ശാസ്താംകോട്ടയാണ്. താലുക്ക് ഓഫീസ് ഉൾപെടെയുള്ള സർക്കാർ ഓഫീസുകൾ, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ്, പുരാണ പ്രസിദ്ധമായ ശാസ്താംകോട്ട ക്ഷേത്രം, തെക്കൻ മലയാറ്റൂർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്റ്റിയ ദേവാലയം, ശാസ്താംകോട്ട ചന്ത മുതലായവ ശാസ്താംകോട്ടയിൽ സ്ഥിതി ചെയ്യുന്നു. ഭരണിക്കാവു് ആണ് താലുക്കിലെ തിരക്കേറിയ വ്യാപാര കേന്ദ്രം. കുണ്ടറ, താമരക്കുളം, അടൂർ, കൊട്ടാരക്കര, ചവറ, എന്നി സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകൾ സന്ധിക്കുന്നത് ഭരണിക്കാവിലാണ്. ദുര്യോധനന്റെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം ഈ താലുക്കിലെ പോരുവഴി പഞ്ചായത്തിലെ മലനടയിലാണ്. വർഷം ഏറ്റവും കൂടുതൽ ദിവസം കഥകളി അരങ്ങേറുന്ന മണ്ണുർക്കാവ് ക്ഷേത്രം, നെടിയവിള ക്ഷേത്രം, മതസൗഹാർദ്ദത്തിനു പ്രസിദ്ധമായ മയ്യത്തും കര മുസ്ളീം ദേവാലയം, കുമരഞ്ചിറ ക്ഷേത്രം, മുതലായ ദേവാലയങ്ങൾ ഈ താലുക്കിലാണ്.
ദേവസ്വം ബോർഡു കോളേജിനെ കൂടാതെ, ബസേലിയസ് എഞ്ചിനിയറിം കോളേജു്, ഏഴു് ഹയർ സെക്കന്ററി സ്കൂളുകൾ, സർക്കാർ-എയ്ഡഡ് മേഖലയില് പതിമൂന്നു ഹൈസ്കൂളുകൾ തുടങ്ങിയ വിദ്യാലയങ്ങൾ ഈ താലുക്കിൽ സ്ഥിതി ചെയ്യുന്നു. കരുനാഗപ്പള്ളി-കൊട്ടാരക്കര, ചവറ-പത്തനംതിട്ട, കുണ്ടറ-ചാരുമ്മൂടു് എന്നീ റോഡുകൾ ഈ താലൂക്കിലൂടെ കടന്നു പോകുന്നു. കല്ലടയാറു്, പള്ളിക്കലാറു് ഇവയാണു് താലുക്കിലൂടെ ഒഴുകുന്ന നദികൾ.
റംസാർ സൈറ്റ് ആയി പ്രഖ്യാപിക്കപ്പെട്ട് അന്തർദ്ദേശീയ പ്രാധാന്യം അർഹിക്കുന്നതും കേരളത്തിലെ ഏറ്റവും വലിയതും ആയ ശുദ്ധജലതടാകം ഈ താലൂക്കീലാണ്. ശാസ്താംകോട്ട കായൽ എന്നറിയപ്പെടുന്ന ഈ തടാകമാണ് കൊല്ലം നഗരത്തിലേയ്ക്ക് ആവശ്യമായ കുടിവെള്ളം പ്രദാനം ചെയ്യുന്നത്, ഈ താലൂക്കിലെ അഞ്ചു പഞ്ചായത്തുകളിലേയ്കും, കൂടാതെ ചവറ, പന്മന പഞ്ചായത്തുകളിലേയ്ക്കും ആവശ്യമായ കുടിവെള്ളവും ഈ കായലിൽ നിന്നാണു് കണ്ടെത്തുന്നതു്.
ഗ്രാമങ്ങൾ
[തിരുത്തുക]അതിരുകൾ
[തിരുത്തുക]താലൂക്കിന്റെ അതിരുകൾ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നീ താലൂക്കുകളും ആലപ്പുഴ ജില്ലയുമാണ്. പത്തനംതിട്ട ജില്ലയിലെ കടമ്പനാടു്, പള്ളിക്കൽ, ആലപ്പുഴ ജില്ലയിലെ താമരക്കുളം, വള്ളികുന്നം, കരുനാഗപ്പള്ളി താലൂക്കിലെ തൊടിയുർ, തേവലക്കര, കൊട്ടാരക്കര താലുക്കിലെ പവിത്രേശ്വരം കൊല്ലം താലൂക്കിലെ കിഴക്കേ കല്ലട, മണ്ട്രോ തുരുത്തു് എന്നീ പഞ്ചായത്തുകളും, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയും ഈ താലൂക്കിനെ അതിരിടുന്നു.
ജനജീവിതം
[തിരുത്തുക]കർഷക പ്രാധാന്യമുള്ള ഇടനാടു് ആണു് ഭൂമിശാസ്ത്ര ഘടന. കൃഷി തന്നെയാണു് പ്രധാന വരുമാന മാർഗ്ഗം എന്കിലും വയൽ നിക്കലും, കുന്നിടിക്കലും കരമണ്ണു് ഖനനവും ഈ താലൂക്കിന്റെ പരിസ്ഥിതിയെ തകർത്തു കൊണ്ടിരിക്കുന്നു. വിദേശത്തു പണിയെടുക്കുന്നവരിൽ നിന്നുള്ള വരുമാനം പ്രധാനമാണു്. സാധാരണ ജനങ്ങളിൽ വിദ്യാഭ്യാസ നിലവാരം ഏറിവരുന്ന പ്രദേശമാണു്. അതു കൊണ്ടു തന്നെ സേവനമേഖലകളുടെ പ്രാധാന്യം വർദ്ധിച്ചു വരുന്നു. ജനവിഭാഗങ്ങൾ മഹാഭൂരിപക്ഷവും മതവിശ്വാസികളാണു്. ഹിന്ദുമതം, ക്രിസ്തു മതം, ഇസ്ളാം മതം എന്നിവയിലെ വിശ്വാസികളാണു് ഇവിടെ വസിക്കുന്നതു്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ഭരണം
[തിരുത്തുക]പഞ്ചായത്തു ഭരണം യു.ഡി.എഫ്., എൽ.ഡി.എഫ്, എന്നീ മുന്നണികൾക്കു മാറി മാറി കൈവരിക്കുന്നു എന്കിലും ഈ താലൂക്കു പ്രദേശം ഉൾക്കൊള്ളുന്ന കുന്നത്തുർ അസംബ്ളി മണ്ഡലം ഏറെക്കാലമായി ഇടതു മുന്നണിയാണു് പ്രതിനിധീകരിക്കുന്നതു്. കൊല്ലം ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഈ താലൂക്കിലെ പ്രദേശങ്ങൾ കഴീഞ്ഞ പ്രാവശ്യം മുതൽ മാവേലിക്കര മണ്ഡലത്തിലാണു് ഉൾപ്പെടുത്തിയിരിക്കുന്നതു്.
അവലംബം
[തിരുത്തുക]- http://kollam.nic.in/kolla.html Archived 2017-12-07 at the Wayback Machine.
- Census data 2001