പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പ്രകൃതി രമണിയം

വെസ്റ്റ് കല്ലടഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത് 1952-53 കാലഘട്ടത്തിലാണ്.കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ട ബ്ളോക്കുപരിധിയിലാണ് പടിഞ്ഞാറേകല്ലട പഞ്ചായത്ത് അഥവാ വെസ്റ്റ്‌ കല്ലട ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്നത്. പഞ്ചായത്തിന്റെ മൊത്തം വിസ്തീർണ്ണം 13.36 ചതുരശ്ര കിലോമീറ്ററാണ്. വടക്കുഭാഗത്ത് ശാസ്താംകോട്ട പഞ്ചായത്ത്, കിഴക്കുഭാഗത്ത് ശാസ്താംകോട്ട, കിഴക്കേകല്ലട പഞ്ചായത്തുകൾ , തെക്കുഭാഗത്ത് മൺട്രോതുരുത്തു പഞ്ചായത്ത്, പടിഞ്ഞാറുഭാഗത്ത് തേവലക്കര, മൈനാഗപ്പള്ളി പഞ്ചായത്തുകൾ എന്നീ പ്രദേശങ്ങളാണ് പടിഞ്ഞാറേ കല്ലട പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നു

ചരിത്രം[തിരുത്തുക]

കൊല്ലം ജില്ലയിലെ കല്ലട ഗ്രാമത്തിന് വളരെ പഴയ ഒരു പാരമ്പര്യം അവകാശപ്പെടാനുണ്ട്. കൊല്ലം രാജാക്കന്മാരുടെ ആദ്യകാല ആസ്ഥാനം കല്ലടയായിരുന്നു. അന്ന് കിഴക്കേ കല്ലടയും പടിഞ്ഞാറേ കല്ലടയും ഒന്നായി കിടന്നിരുന്നു. അന്നത്തെ കല്ലടയുടെ പേര് ണൽക്കണ്ട എന്നാണെന്ന് കാണുന്നു. അക്കാലത്തെ കല്ലട വലിയൊരു വാണിജ്യ കേന്ദ്രമായിരുന്നു. ധാരാളം കപ്പലുകൾ വന്നുപോയിരുന്ന തുറമുഖമായിരുന്നു ഇവിടം. കോതപുരത്തിനും അയിത്തോട്ടുവായ്ക്കും നെൽപ്പുരക്കുന്നിനും ഇടയ്ക്കായി കാണുന്ന അയിത്തോട്ടുവാ, നടുവിലക്കര തുടങ്ങിയ ഭാഗങ്ങളൊക്കെ ഒരു കാലത്ത് അഷ്ടമുടിക്കായലിന്റെ ഭാഗമായിരുന്നന്ന് കാണാം. കല്ലടയാറ്റിലെ എക്കലും മണ്ണുമൊക്കെ വന്ന് അടിഞ്ഞ് നികന്ന ഭാഗങ്ങളാണ് പടിഞ്ഞാറെ കല്ലടയിലെ താഴ്ന്ന ഭാഗങ്ങളും മൺട്രോത്തുരുത്തും എന്നു ചരിത്രങ്ങളിൽ കാണുന്നു.

സാമൂഹിക-സാംസ്കാരിക ചരിത്രം[തിരുത്തുക]

കുളത്തൂപ്പുഴ മലനിരകളിൽ നിന്നുത്ഭവിച്ച് പുനലൂർ , പത്തനാപുരം, കുന്നത്തൂർ വഴി കല്ലടയെ സ്പർശിച്ചാണ് കല്ലടയാർ അഷ്ടമുടിക്കായലിൽ പതിക്കുന്നത്. കല്ലടയാറിന് 120 കി. മീറ്റർ നീളമുണ്ട്. കല്ലുകൾ നിറഞ്ഞ കുന്നുകൾക്കുള്ളിലാണ് ഈ പ്രദേശം. കൊടുവിള, കൈതക്കോട്ട്, പവിത്രേശ്വരം, ഉപരികുന്ന്, കോട്ടമുകൾ , കണത്താർകുന്നം എന്നീ കൽപ്രദേശങ്ങളുടെ ഇടയിൽ കിടക്കുന്ന സ്ഥലത്തിന് കല്ലിട എന്ന പേരുണ്ടായതായി പറയപ്പെടുന്നു. കാലാന്തരത്തിൽ കല്ലിട കല്ലടയായി. കുളത്തൂപ്പുഴയാറ് എന്നു ആദ്യകാലത്ത് പറഞ്ഞുവന്നിരുന്ന ഈ ആറ് നിരന്നൊഴുകിയിരുന്നതായും ശാസ്താംകോട്ട കായൽ ഈ പ്രദേശവുമായി ബന്ധപ്പെട്ടു കിടന്നിരുന്നതായും അക്കാലത്ത് പെരുമൺ മുതൽ കണത്താർകുന്നം വരെ കടത്തുണ്ടായിരുന്നതായും പറയുന്നുണ്ട്. വ്യാപാരികൾ പാക്കപ്പലിൽ വന്ന് നങ്കുരമിട്ടിരുന്ന സ്ഥലമാണ് കടക്കപ്പൽ കുഴി (കടപ്പാക്കുഴി). ജലാശയത്തിനു നടുക്കുള്ള കൊടുംതുരുത്തും ഈ പ്രദേശത്തായിരുന്നു. കുളത്തൂപ്പുഴ ആറ് നിരന്നാഴുകി, കാലാന്തരത്തിൽ നികന്നുവന്ന സ്ഥലമായിരിക്കണം ഈ പ്രദേശം. ഈ പ്രദേശം അന്ന് മുതലകളുടെ വിഹാരരംഗമായിരുന്നു. ശാസ്താംകോട്ട കായലും, ചീങ്കണ്ണിക്കുഴിയുമൊക്കെ മുതലത്താവളങ്ങളായിരുന്നു.

അതിരുകൾ[തിരുത്തുക]

വടക്കുഭാഗത്ത് ശാസ്താംകോട്ട പഞ്ചായത്ത്, കിഴക്കുഭാഗത്ത് ശാസ്താംകോട്ട, കിഴക്കേകല്ലട പഞ്ചായത്തുകൾ , തെക്കുഭാഗത്ത് മൺട്രോതുരുത്തു പഞ്ചായത്ത്, പടിഞ്ഞാറുഭാഗത്ത് തേവലക്കര, മൈനാഗപ്പള്ളി പഞ്ചായത്തുകൾ എന്നീ പ്രദേശങ്ങളാണ് പടിഞ്ഞാറേ കല്ലട പഞ്ചായത്തുമായി അതിർത്തി പങ്കിടുന .

ഉപരികുന്ന്

കല്ലടയാറുവഴി എത്തുന്ന മലവെള്ളം പടിഞ്ഞാറെ കല്ലടയിൽ കൂടി ഒഴുക്കാനും എല്ലാ നിലങ്ങൾക്കും പ്രയോജനപ്പെടുത്താനും കഴിയുന്ന ഒരു സ്കീം വെസ്റ്റ് കല്ലട സ്കീംഎന്ന പേരിൽ 1950-51 ൽ കൃഷിമന്ത്രിയായിരുന്ന ഇക്കണ്ടവാര്യരുടെ കാലത്ത് തയ്യാറാക്കിയിരുന്നു. തിരു-കൊച്ചിയിലേയും തുടർന്നു കേരളത്തിലേയും രാഷ്ട്രീയ നേതാക്കൻമാരിൽ ഏറ്റവും ശക്തനായ നേതാവായിരുന്നു കുമ്പളത്തു ശങ്കുപിള്ള. 1953-ലാണ് ആദ്യത്തെ തെരഞ്ഞെടുത്ത പഞ്ചായത്ത് കമ്മിറ്റി ഉണ്ടാകുന്നത്. അന്ന് ഈ വില്ലേജിൽ ആറു കരകളാണ് ഉണ്ടായിരുന്നത്. കോതേയ എന്ന നാമധേയത്തിൽ കോതപുരം, കണ്ടത്താർ (ഗ്രാമകാര്യ വ്യവസ്ഥാപിതം) എന്ന പേരിൽ കണ്ടത്താർകുന്നവും (ഇപ്പോഴത്തെ കണത്താർകുന്നം ), വലിയപാടങ്ങളാൽ വിശാലമായ വലിയപാടവും, കോയിക്കൽ ഭാഗവും, നടുഭാഗത്തെ കരയായ നടുവിലക്കരയും, ആറ്റിലേക്കു വെള്ളം ഒഴുക്കുന്ന അഞ്ചു തോടുകളുടേയും വായ് എന്ന പേരിൽ അയിതതോട്ടുവയും ആയിരുന്നു ഈ ആറുകരകൾ. ആദ്യത്തെ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ വലിയപാടം കര രണ്ടായി വിഭജിച്ച് പകുതിഭാഗം പടിഞ്ഞാറ് കണത്താർകുന്നം വാർഡിനോടും, കിഴക്കുഭാഗവും കോയിക്കൽ ഭാഗത്തിന്റെ വടക്കുഭാഗവും കൂടി ചേർത്ത് വലിയപാടം വാർഡ് എന്ന പേരിലും; ഒന്നായിരുന്ന അയിത്തോട്ടുവ കര വിഭജിച്ച് അയിത്തോട്ടുവ വടക്ക്, അയിത്തോട്ടുവ തെക്ക് എന്നീ വാർഡുകളുമാക്കിയാണ് തെരഞ്ഞെടുപ്പു നടന്നത്. കൊല്ലം-എറണാകുളം റെയിൽവേ പാത ഈ പഞ്ചായത്തിൽ കൂടി കടന്നുപോകുന്നു.

കല്ലടയാറാണ് കല്ലടയെ രണ്ടായി വിഭജിച്ചത്. അങ്ങനെയാകണം കിഴക്കേകല്ലടയും, പടിഞ്ഞാറെ കല്ലടയും രൂപപ്പെട്ടത്. കല്ലടയ്ക്ക് 16 കരകളാണ് വിഭജനത്തിനു മുൻപുണ്ടായിരുന്നത്. പതിനാറുകരകളും, കരനാഥൻമാരും, പ്രജകളും കോയിത്തമ്പുരാൻ എന്ന നാടുവാഴിയുടെ കീഴിൽ കഴിഞ്ഞു പോന്നതായും അവരുടെ താവഴിയിൽപ്പെട്ട രണ്ടു റാണിമാർ കിഴക്കും, പടിഞ്ഞാറുമായും ഭരിച്ചിരുന്നതായും പഴമക്കാർ പറയുന്നു. കിഴക്ക് മതിലകത്ത് റാണിയും പടിഞ്ഞാറ് ശ്രാവണിത്തമ്പുരാട്ടിയുമായിരുന്നു റാണിമാർ. അന്നത്തെ ശ്രാവണിപുരമാണ് ഇന്നത്തെ ആവണിപുരം. നാടിന്റെയും, നാട്ടാരുടേയും സംരക്ഷണത്തിനായി നാടുവാഴിയുടെ കാലത്തുണ്ടായിരുന്ന രണ്ടു കോട്ടകളാണ് പടിഞ്ഞാറ് കോട്ടക്കുഴിയും കിഴക്ക് കോട്ടവാതിലും. 16 കരക്കാരുടെ ആരാധനാലയം ആയിരുന്നു ചിറ്റുമല ദേവീക്ഷേത്രം. പതിനാറു കരക്കാർ ചേർന്ന് പതിനാറ് എടുപ്പുകുതിരകളെ കെട്ടി ചിറ്റുമല ക്ഷേത്രത്തിൽ ഉത്സവം നടത്തിപ്പോന്നു. മതസൌഹാർദ്ദം വിളിച്ചറിയിക്കുന്ന ഒരു ആരാധനാലയമാണ് 800 വർഷത്തോളം പഴക്കമുള്ള കടപുഴ വലിയപള്ളി.

അന്ന് അധികാരി എന്ന പേരോടുകൂടിയ ഒരു ഉദ്യോഗസ്ഥനാണ് നാടുവാഴിത്തമ്പുരാന്റെ ആശയാഭിലാഷങ്ങൾക്കനുസരിച്ച് ഭരണച്ചുമതല നിർവ്വഹിച്ചിരുന്നത്. വസ്തുവിൽ സ്ഥാപിച്ച കൈവശ കൃഷിക്കാരിൽ നിന്നും നികുതിയായി ഈടാക്കുന്നത് നെല്ലായിരുന്നു. കാർഷിക വിളകൾ സമൃദ്ധിയായി വിളഞ്ഞിരുന്ന നാടായിരുന്നു പടിഞ്ഞാറേ കല്ലട. കേണൽ ജോൺ മൺട്രോ എന്ന സായിപ്പിന് സർക്കാർ കരമൊഴിവായി കൊടുത്തിരുന്ന കല്ലടയുടെ തെക്കുപടിഞ്ഞാറു ഭാഗം, തുരുത്തിൽ താമസിച്ചുകൊണ്ട് ആറിന്റെ ഇരുകരകളിലും സായിപ്പ് ബണ്ട് നിർമ്മിച്ച് മലവെള്ളം തുരുത്തിലേക്ക് തിരിച്ചുവിട്ട് ഫലഭൂയിഷ്ഠമാക്കിയെടുത്ത സ്ഥലമാണ് മൺട്രോതുരുത്ത്

വാർഡുകൾ[തിരുത്തുക]

പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിലെ വാർഡുകൾ.[1]

 1. കാരാളി ഠൌൺ
 2. കണത്താർകുന്നം
 3. വലിയപാടം പടിഞ്ഞാറ്
 4. വിളന്തറ
 5. വലിയപാടം കിഴക്ക്
 6. കടപുഴ
 7. കോയിക്കൽ ഭാഗം
 8. നടുവിലക്കര
 9. ഉള്ളുരുപ്പ്
 10. ഐത്തോട്ടുവ വടക്ക്
 11. ഐത്തോട്ടുവ തെക്ക്
 12. ഐത്തോട്ടുവ പടിഞ്ഞാറ്
 13. കോതപുരം
 14. പട്ടകടവു

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് ശാസ്താംകോട്ട
വിസ്തീര്ണ്ണം 13.36 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 17522
പുരുഷന്മാർ 8677
സ്ത്രീകൾ 8845
ജനസാന്ദ്രത 1312
സ്ത്രീ : പുരുഷ അനുപാതം 1019
സാക്ഷരത 92.22%


തിരുവിതാംകൂറിലെ അറിയപ്പെടുന്ന ഒരു ഹാസ്യകലാകാരനായിരുന്നു ഇന്നാട്ടിലെ ആലപ്പുറത്തു പപ്പുപിളള. കുഞ്ഞുകുഞ്ഞു ഭാഗവതർ , അഗസ്റ്റിൻ ജോസഫ്, വൈക്കം വാസുദേവൻനായർ തുടങ്ങിയവരുടെ നാടക കമ്പനികളുമായി ബന്ധപ്പെട്ട് അഭിനയിച്ചിട്ടുള്ള ആളാണ് പപ്പുപിള്ള. സംഗീതത്തിൽ അയിത്തോട്ടുവ വിജയ ഭവനത്ത് വേലുഭാഗവതരും, മൃദംഗ വായനയിൽ കൊച്ചുകുന്നിൻപുറത്ത് നാണുക്കുട്ടനാശ്ശാനും പഞ്ചായത്തിൽ നിന്നുള്ള പ്രതിഭകളായിരുന്നു.

രാജാവാഴ്ചക്കാലത്തും അതിന് ശേഷവും കൊല്ലം ജില്ലയുടെ ഒരു നെല്ലറയായിരുന്നു കല്ലട. കൊല്ലം, കുണ്ടറ, അഷ്ടമുടി തുടങ്ങിയ സ്ഥലങ്ങലിലേക്ക് കല്ലടയിൽ നിന്നും കച്ചിയും നെല്ലും കൊണ്ടുപൊയ്ക്കൊണ്ടിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്ന കാരുവള്ളിൽ വേലുപിള്ളയുടെ നിയന്ത്രണത്തിലായിരുന്നു കല്ലടയും, മൺട്രോതുരുത്തും. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം നിലവിൽ വന്ന ആദ്യ അസംബ്ളിയിൽ ആദ്യത്തെ കുന്നത്തൂർ എം എൽ എ നെടുമ്പുറത്ത് രാമൻ പിള്ളയായിരുന്നു. കുമ്പളത്തു ശങ്കുപ്പിള്ളയോടൊപ്പം ധാരാളം സാമൂഹിക പ്രവർത്തകർ  പടിഞ്ഞാറെ കല്ലടയിലും ഉണ്ടായിരുന്നു.

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-10-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-11-01.