മേരി പുന്നൻ ലൂക്കോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mary punnan lukose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഡോ. മേരി പുന്നൻ ലൂക്കോസ്

വൈദ്യബിരുദം നേടിയ ആദ്യ കേരളീയ വനിതയായിരുന്നു ഡോ. മേരി പുന്നൻ ലൂക്കോസ് (1886-1976). തിരുവനന്തപുരം മഹാരാജാസ് കോളേജിലെ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) ആദ്യ വനിത, ബിരുദധാരിണി, തിരുവിതാംകൂറിൽനിന്നും ആദ്യമായി ഉപരിപഠനത്തിന് ഇംഗ്ലണ്ടിൽ പോയ വനിത, തിരുവിതാംകൂറിലെന്നല്ല ലോകത്തെതന്നെ ആദ്യത്തെ വനിതാ സർജൻസ് ജനറൽ എന്ന നിലകളിലും ഡോ. മേരി പുന്നൻ ലൂക്കോസ് പ്രശസ്തയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യ വനിതാ നിയമസഭാംഗവും മേരി പുന്നൻ ലൂക്കോസാണ്.[1]

ജീവിതരേഖ[തിരുത്തുക]

പാശ്ചാത്യ വൈദ്യബിരുദം ലഭിച്ച ആദ്യ മലയാളിയായിരുന്ന ഡോക്ടർ ടി. ഇ. പുന്നന്റെ മകളായിരുന്നു മേരി. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവെന്റിലും മദ്രാസ് സർവകലാശാലയിലും ലണ്ടനിലും ഡബ്ലിനിലും അവർ പഠനം (1909-1916) പൂർത്തിയാക്കി. ജഡ്ജിയായിരുന്ന കുന്നുകുഴിയിൽ കെ.കെ ലൂക്കോസിനെ വിവാഹം കഴിച്ചു. തിരുവിതാംകൂറിലെ ആദ്യ സർജൻ ജനറലായിരുന്നു.[2] തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിലിലെ ആദ്യ വനിതാപ്രതിനിധിയും ഡോ. മേരി പുന്നൻ ലൂക്കോസാണ്. റീജന്റ് മഹാറാണി സേതുലക്ഷ്മിഭായി (1924-1931)യുടെ കാലത്താണ് ആദ്യമായി ഒരു വനിതയെ തിരുവിതാംകൂർ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. വിവിധ കാലയളവുകളിലായി ഏഴുതവണ അവർ നിയമനിർമ്മാണസഭകളിലുണ്ടായിരുന്നു. ശ്രീമൂലം പ്രജാസഭയിലും ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിലിലും അംഗമായിരുന്ന കാലവും ഇതിൽ ഉൾപ്പെടുന്നു.[3]

തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിനു വടക്കുവശത്തുള്ള പുന്നൻ ലൂക്കോസ് റോഡ് അവരുടെ സ്മരണയെ നില നിർത്തുന്നു.

നാമ നിർദ്ദേശം[തിരുത്തുക]

1919ലെ തെരഞ്ഞെടുപ്പ് പരിഷ്കാരത്തിന്റെ ഭാഗമായി നിശ്ചിത കരം സർക്കാരിലേക്കടയ്ക്കുന്ന സ്ത്രീ പുരുഷന്മാർക്ക് വോട്ടവകാശം ലഭിച്ചു. കൂടാതെ ഇവിടങ്ങളിലെ ജനപ്രതിനിധി സഭകളിൽ അംഗങ്ങളായിരിക്കാനുള്ള അവകാശം 1922ൽ സ്ത്രീകൾക്ക് ലഭിച്ചു.

തിരുവിതാംകൂറിലും കൊച്ചിയിലും സ്ത്രീകളെ പ്രത്യേക ജനവിഭാഗമായി അംഗീകരിച്ചുകൊണ്ട് അവരെ പ്രതിനിധീകരിക്കാൻ ചില പ്രമുഖവനിതകളെ നാമനിർദ്ദേശംചെയ്യുന്ന രീതി നിലവിൽ വന്നു. തിരുവിതാംകൂറിലെ നിയമസഭാകൗൺസിലർ ആരോഗ്യവകുപ്പിനെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. മേരി പുന്നൻ ലൂക്കോസ് 1924ൽ നിയമിതയായി.[4] ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ ഏതെങ്കിലും നിയമനിർമ്മാണസഭയിലേക്കു് നാമനിർദ്ദേശം ചെയ്ത ആദ്യസംഭവമായിരുന്നു ഇതു്.

നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകൾ[തിരുത്തുക]

1920കളിൽ ആരോഗ്യവകുപ്പിലെ നഴ്സുമാരുടെ സേവനവ്യവസ്ഥകളെച്ചൊല്ലി ഒച്ചപ്പാടുണ്ടായി. അവിവാഹിതകൾക്കേ ജോലികൊടുക്കാവൂ എന്ന നിയമം അനാവശ്യമാണെന്ന് ഒരു വിഭാഗം വാദിച്ചു. ഇക്കാര്യം 1926ൽ തിരുവിതാംകൂർ നിയമനിർമ്മാണ കൗൺസിലിൽ ചർച്ചാവിഷയമായി. പക്ഷേ, അന്ന് ആരോഗ്യവകുപ്പിനെ പ്രതിനിധീകരിച്ചിരുന്ന ഡോ. മേരി പുന്നൻ ലൂക്കോസ് ഈ നിയമത്തെ ന്യായീകരിച്ചു. കുടുംബത്തിൽ ഉത്തരവാദിത്തമുള്ള സ്ത്രീകൾക്ക് നഴ്സിങ് ജോലി കാര്യക്ഷമമായി ചെയ്യാൻകഴിയില്ലെന്നും രണ്ടിനുംകൂടിയുള്ള ഊർജ്ജവും സമയവും അവർക്കുണ്ടാകാനിടയില്ല എന്നുമായിരുന്നു അവരുടെ അഭിപ്രായം.

പത്മശ്രീ[തിരുത്തുക]

1975 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

അവലംബം[തിരുത്തുക]

  1. "വനിതാമുന്നേറ്റം അനന്തപുരിയിൽ". മാതൃഭൂമി. 2014 മാർച്ച് 14. ശേഖരിച്ചത് 2014 മാർച്ച് 14.
  2. http://www.samyukta.info/html/journal.htm
  3. "ഇതുവരെ വനിതകൾ 37 മാത്രം; ഇനി ഒറ്റയടിക്ക് 46 പേർ". മാതൃഭൂമി. 2014 മാർച്ച് 14. ശേഖരിച്ചത് 2014 മാർച്ച് 14.
  4. ജെ . ദേവിക. "'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?". സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്. ശേഖരിച്ചത് 2014 മാർച്ച് 14.
"https://ml.wikipedia.org/w/index.php?title=മേരി_പുന്നൻ_ലൂക്കോസ്&oldid=3212395" എന്ന താളിൽനിന്ന് ശേഖരിച്ചത്