സന്ദുക് രൂഇത്
സന്ദുക് രൂഇത് | |
---|---|
ജനനം | |
ദേശീയത | നേപ്പാൾ |
കലാലയം | കിങ് ജോർജ് മെഡിക്കൽ കോളേജ് (ലക്നൊ യൂണിവേഴ്സിറ്റി) എയിംസ്, ന്യൂഡെൽഹി |
തൊഴിൽ | നേത്രരോഗവിദഗ്ധൻ, നേത്ര ശസ്ത്രക്രിയ വിദഗ്ധൻ |
ജീവിതപങ്കാളി(കൾ) | നന്ദ രൂഇത് |
പുരസ്കാരങ്ങൾ | ഹോണററി ഓഫീസർ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ മാഗ്സസെ അവാർഡ് പദ്മശ്രീ |
വെബ്സൈറ്റ് | tilganga |
ഇന്ത്യാ ഗവൺമെന്റ് അതിന്റെ നാലാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മശ്രീ ബഹുമതി നൽകി ബഹുമാനിച്ചിട്ടുള്ള നേപ്പാളി നേത്രരോഗവിദഗ്ദ്ധനാണ് സന്ദുക് രൂഇത് ( Nepali: सन्दुक रूइत ). ചെറിയ മുറിവുകളിലൂടെ തിമിരം നീക്കം ചെയ്യുന്ന തിമിര ശസ്ത്രക്രിയാ രീതിയിലൂടെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആഫ്രിക്കയിലും ഏഷ്യയിലുമായി 130,000 ത്തിലധികം ആളുകൾക്ക് തിമിരം മൂലം നഷ്ടപ്പെട്ട കാഴ്ച തിരിച്ചുകിട്ടിയിട്ടുണ്ട്.[1] തിൽഗംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി സ്ഥാപകരിൽ ഒരാളാണ് അദ്ദേഹം.
ഗുണനിലവാരമുള്ള, മികച്ച തിമിര ശസ്ത്രക്രിയയെ ഏറ്റവും ദരിദ്രരിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മൂലം അദ്ദേഹത്തെ "കാഴ്ചയുടെ ദൈവം" എന്ന് വിശേഷിപ്പിക്കാറുണ്ട്.
1994 ൽ, ദരിദ്രർക്ക് സൌജന്യ തിമിര ശസ്ത്രക്രിയ വാഗ്ദാനം ചെയ്യുന്ന തിൽഗംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി സ്ഥാപിക്കാൻ രൂഇത് മുൻകൈ എടുത്തു.[2] ഇവിടെ തിമിര ശസ്ത്രക്രിയയ്ക്കായി ഉയർന്ന നിലവാരമുള്ള ഇൻട്രാഒക്യുലർ ലെൻസുകൾ വളരെ കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ തുടങ്ങി. ഈ ലെൻസുകളുടെ വളരെ കുറഞ്ഞ ചിലവ് ഗുണനിലവാരമുള്ള തിമിര ശസ്ത്രക്രിയകൾ ദരിദ്ര ജനങ്ങൾക്ക് പോലും താങ്ങാനാവുന്നതാക്കി.
“തിമിര ശസ്ത്രക്രിയയ്ക്ക് സുരക്ഷിതവും ഫലപ്രദവും ചിലവ് കുറഞ്ഞതുമായ നടപടിക്രമങ്ങൾ വികസിപ്പിക്കുന്നതിൽ നേപ്പാളിനെ മുൻപന്തിയിൽ നിർത്തിയതിനും, ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പടെയുള്ള അന്ധർക്ക് വീണ്ടും കാഴ്ച്ച നൽകാൻ പ്രാപ്‌തമാക്കുന്ന പ്രവർത്തനങ്ങൾക്കുമായി", സമാധാനത്തിനും അന്താരാഷ്ട്ര ധാരണയ്ക്കും വേണ്ടിയുള്ള മാഗ്സസെ അവാർഡ് രൂഇതിന് ലഭിച്ചു.[3]
തിമിര ശസ്ത്രക്രിയയുടെ ചെലവ് 90 ശതമാനം കുറച്ച്, മുപ്പതിലധികം രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ തിമിര ശസ്ത്രക്രിയ ലെൻസുകൾ നൽകുന്നതിലേക്ക് നയിച്ച 1980 കളിലെ അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തിനുള്ള അംഗീകാരമായി 2018 ൽ, ഭാരത സർക്കാർ അതിന്റെ നാലാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.
ഓസ്ട്രേലിയൻ എഴുത്തുകാരൻ അലി ഗ്രിപ്പർ രചിച്ച അദ്ദേഹത്തിന്റെ ജീവചരിത്രം ദി ബെയർഫൂട്ട് സർജൻ 2018 ജൂണിൽ പ്രസിദ്ധീകരിച്ചു. ഈ ജീവചരിത്രത്തിന്റെ നേപ്പാളി വിവർത്തന പതിപ്പ് 'സന്ദുക് രൂഇത്' ഫൈൻ പ്രിന്റ് ബുക്സ് 2019 ൽ പ്രസിദ്ധീകരിച്ചു.[4]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]
വടക്കുകിഴക്കൻ നേപ്പാളിലെ ടാപ്ലെജംഗ് ജില്ലയിലെ ടിബറ്റ് അതിർത്തിയിലുള്ള വിദൂര പർവത ഗ്രാമമായ ഒലാങ്‌ചുങ്‌ഗോലയിൽ, ഗ്രാമീണരും നിരക്ഷരരുമായ മാതാപിതാക്കളുടെ മകനായി 1954 സെപ്റ്റംബർ 4 നാണ് രൂഇത് ജനിച്ചത്. ലോകത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗയുടെ മടിയിൽ, സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 200 ആളുകളുള്ള ഒരു ചെറിയ ക്ലസ്റ്ററായിരുന്നു അദ്ദേഹത്തിന്റെ ഗ്രാമം. വൈദ്യുതിയോ സ്കൂളോ ആരോഗ്യ സൗകര്യങ്ങളോ ആധുനിക ആശയവിനിമയ മാർഗങ്ങളോ ഇല്ലാത്ത നേപ്പാളിലെ വിദൂര പ്രദേശങ്ങളിലൊന്നാണിത്. വർഷത്തിൽ ആറ് മുതൽ ഒമ്പത് മാസം വരെ ഇവിടം മഞ്ഞുവീഴ്ചയിൽ കിടക്കുന്നു. ചെറുകിട കൃഷി, ചെറുകിട വ്യാപാരം, കന്നുകാലി വളർത്തൽ എന്നിവയിൽ നിന്ന് ആയിരുന്നു രൂഇതിന്റെ കുടുംബത്തിന്റെ ഉപജീവനമാർഗ്ഗം.[5]
നാല് മക്കളിൽ രണ്ടാമനായിരുന്നു രൂഇത്, എന്നാൽ അദ്ദേഹത്തിന് മൂന്ന് സഹോദരങ്ങളെയും നഷ്ടപ്പെട്ടു. മൂത്ത സഹോദരൻ വയറിളക്കം ബാധിച്ച് മൂന്നാമത്തെ വയസ്സിൽ മരണപ്പെട്ടു[6] :3–4, ഇളയ സഹോദരി ചുണ്ടക്ക് എട്ടാം വയസ്സിൽ പനി ബാധിച്ചു. പല അഭിമുഖങ്ങളിലും, രൂഇത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദനാജനകമായത് അനുജത്തി യാംഗ്ലയുടെ മരണമാണെന്ന് പരാമർശിച്ചിട്ടുണ്ട്. സഹോദരിമാരിൽ രുഇതിന് ഏറ്റവും അടുപ്പം യാംഗ്ലയോട് ആയിരുന്നു.[6]:9 എന്നാൽ 15 വയസുള്ളപ്പോൾ ക്ഷയരോഗം മൂലം അവൾ ദാരുണമായി മരണപ്പെട്ടു. വളരെ ദരിദ്ര കുടുംബമായിരുന്നതിനാൽ ലഭ്യമായ ഏറ്റവും മികച്ച ചികിത്സ നൽകി അവളുടെ ജീവൻ രക്ഷിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഈ നഷ്ടം അദ്ദേഹത്തിൽ ശക്തമായ സ്വാധീനം ഉണ്ടാക്കിയതായും, ഒരു ഡോക്ടറായി ആരോഗ്യസംരക്ഷണം ലഭിക്കാത്ത പാവപ്പെട്ടവർക്കായി പ്രവർത്തിക്കാനുമുള്ള ദൃഢനിശ്ചയം തന്നിലുണ്ടായതിന് കാരണം ഈ മരണമാണെന്ന് പല അഭിമുഖങ്ങളിലും രൂഇത് പറഞ്ഞിട്ടുണ്ട്.[6]:37–40
പതിനൊന്ന് ദിവസത്തെ നടത്തം കൊണ്ട് മാത്രം എത്തിച്ചേരാൻ കഴിയുന്നത്ര ദൂരത്തിൽ, ഡാർജിലിംഗിൽ ആയിരുന്നു അദ്ദേഹത്തിന്റെ ഗ്രാമത്തിൽ നിന്നുള്ള ഏറ്റവും അടുത്തുള്ള സ്കൂൾ.[7] ചെറുകിട വ്യാപാരിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് മുൻഗണന നൽകി, ഡാർജിലിംഗിലെ സെന്റ് റോബർട്ട്സ് സ്കൂളിലേക്ക് രൂഇതിനെ അയയ്ക്കുകയും അദ്ദേഹത്തിന്റെ ആദ്യകാല മെഡിക്കൽ ജീവിതത്തിന് സാമ്പത്തിക സഹായം നൽകുകയും ചെയ്തു. 1969 ൽ നേപ്പാളിലെ കാഠ്മണ്ഡുവിലെ സിദ്ധാർത്ഥ വനസ്താലി സ്കൂളിൽ നിന്ന് രുഇത് ബിരുദം നേടി. പിന്നീട് ഉപരിപഠനത്തിന് ഇന്ത്യയിൽ എത്തി. 1972 മുതൽ 1976 വരെയുള്ള കാലയളവിൽ ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠിച്ചു. 1981 മുതൽ ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കൂടുതൽ പഠനങ്ങൾ നടത്തി. നെതർലാൻഡ്‌സ്, ഓസ്‌ട്രേലിയ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിലും അദ്ദേഹം പഠിച്ചു. നേത്രരോഗവിദഗ്ദ്ധനായ പ്രൊഫസർ ഫ്രെഡ് ഹോളോസ് അദ്ദേഹത്തിന്റെ മാർഗ്ഗദർശി ആണ്.[7]
നേട്ടങ്ങൾ[തിരുത്തുക]
1986 ൽ ഓസ്ട്രേലിയയിൽ ജോലി ചെയ്തിരുന്ന രൂഇതും ഫ്രെഡ് ഹോളോസും, വികസ്വര രാജ്യങ്ങൾക്കായി ചിലവ് കുറഞ്ഞ ഇൻട്രാഒക്യുലർ ലെൻസുകൾ ഉപയോഗിക്കുന്നതിനുള്ള ഒരു തന്ത്രം വികസിപ്പിച്ചെടുത്തു.[8] എന്നിരുന്നാലും, അപ്പോഴും പല തിമിര രോഗികൾക്കും ലെൻസുകൾ വളരെ ചെലവേറിയതായി തുടർന്നിരുന്നു. 1995-ൽ രുഇത് വളരെ കുറഞ്ഞ ചിലവിൽ നിർമ്മിക്കാനാവുന്ന ഒരു പുതിയ ഇൻട്രാഒക്യുലർ ലെൻസ് വികസിപ്പിച്ചെടുത്തു. 2010 ലെ കണക്കനുസരിച്ച് ഈ ലെൻസ് 60 ലധികം രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. യുഎസ് മെഡിക്കൽ സ്കൂളുകളിൽ രൂഇതിന്റെ രീതി ഇപ്പോൾ പഠിപ്പിക്കപ്പെടുന്നു. വളരെ ചിലവ് കുറഞ്ഞതാണെങ്കിലും, രൂഇതിന്റെ രീതിക്ക് പാശ്ചാത്യ സാങ്കേതിക വിദ്യകളുടെ അതേ വിജയ നിരക്ക് (ആറുമാസത്തിൽ 98%) ഉണ്ട്.
1994-ൽ[9] രൂഇതും ഫ്രെഡ് ഹോളോസ് ഫൌണ്ടേഷനും ചേർന്ന് കാഠ്മണ്ഡുവിൽ തിൽഗംഗ ഐ സെന്റർ സ്ഥാപിച്ചു, അത് ഇപ്പോൾ തിൽഗംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി എന്നറിയപ്പെടുന്നു.[10] തിൽഗംഗ 90,000 ത്തിലധികം ഓപ്പറേഷനുകൾ നടത്തുകയും ലോകമെമ്പാടുമുള്ള 500 ഓളം മെഡിക്കൽ ഓഫീസർമാരെ പരിശീലിപ്പിക്കുകയും ചെയ്തു, കൂടാതെ അവിടെ 5 യുഎസ് ഡോളറിൽ താഴെ നിരക്കിൽ ഇൻട്രാഒക്യുലർ ലെൻസുകൾ നിർമ്മിക്കുകയും ചെയ്യുന്നു.[7] അതുപോലെ ഇവിടെ, ഇറക്കുമതി ചെയ്താൽ 150 ഡോളർ വില വരുന്ന പ്രോസ്തെറ്റിക് കണ്ണുകളെ അപേക്ഷിച്ച് ചിലവ് വളരെ കുറഞ്ഞ (3 യുഎസ് ഡോളർ) പ്രോസ്റ്റെറ്റിക് കണ്ണുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. കേന്ദ്രത്തിൽ എത്താൻ കഴിയാത്തവർക്കോ അല്ലെങ്കിൽ ഒറ്റപ്പെട്ട ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്കോ വേണ്ടി, രൂഇതും സംഘവും മൊബൈൽ ഐ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്.[1]
കാഠ്മണ്ഡുവിൽ ഒരു ഉത്തരകൊറിയൻ നയതന്ത്രജ്ഞനെ ചികിത്സിച്ച ശേഷം 2006 ൽ ഉത്തരകൊറിയ സന്ദർശിക്കാൻ അനുവദിക്കാൻ രൂഇത് ഉത്തരകൊറിയൻ അധികാരികളെ പ്രേരിപ്പിച്ചു.[1] അവിടെ അദ്ദേഹം 1000 രോഗികൾക്ക് ശസ്ത്രക്രിയ നടത്തുകയും നിരവധി പ്രാദേശിക ശസ്ത്രക്രിയാ വിദഗ്ധർക്ക് പരിശീലനം നൽകുകയും ചെയ്തു. എന്നിരുന്നാലും, അദ്ദേഹംമൂലം കാഴ്ച ലഭിച്ച പലരും തങ്ങളുടെ കാഴ്ച പുനസ്ഥാപത്തിന്റെ അംഗീകാരം ഉത്തര കൊറിയയുടെ അപ്പോഴത്തെ പരമോന്നത നേതാവായ കിം ജോങ് ഇലിനായിരുന്നു നൽകിയത്.[11]
മീഡിയ കവറേജ്[തിരുത്തുക]
ലോകമെമ്പാടുമുള്ള മികച്ച അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഡസൻ കണക്കിന് ഡോക്യുമെന്ററികൾ, വാർത്താ റിപ്പോർട്ടുകൾ, ലേഖനങ്ങൾ എന്നിവ രൂഇതിന്റെ പ്രവർത്തനങ്ങളെ, പ്രത്യേകിച്ചും വിദൂര ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ നേത്ര ക്യാമ്പുകളെ പരാമർശിച്ചിട്ടുണ്ട്
- 2018 ൽ ദി ഡെയ്‌ലി ടെലിഗ്രാഫിൽ, അദ്ദേഹത്തെക്കുറിച്ച് മിറാൻഡ വുഡ് എഴുതിയ 2018 ഫീച്ചർ സ്റ്റോറി പ്രസിദ്ധീകരിച്ചു
- 2006 ലെ നാഷണൽ ജിയോഗ്രാഫിക് ഡോക്യുമെന്ററി ഇൻസൈഡ് നോർത്ത് കൊറിയ, വളരെ നിയന്ത്രിത രാജ്യത്ത് രൂയിറ്റിന്റെ ശസ്ത്രക്രിയയും, അതിന്റെ ഫലമായി ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഇലിന് നൽകിയ രോഗികളുടെ പരസ്യമായ പ്രശംസയും രേഖപ്പെടുത്തി.
- 2010 ലെ ബിബിസി ഡോക്യുമെന്ററി സീരീസായ ഹ്യൂമൻ പ്ലാനറ്റിന്റെ എപ്പിസോഡ് 5 (മൌണ്ടെൻസ് - ലൈഫ് ഇൻ തിൻ എയർ ) ൽ നേപ്പാളിലെ രൂഇതിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.[12]
- ഇറ്റാലിയൻ സംവിധായകൻ സ്റ്റെഫാനോ ലെവിയുടെ 2011 ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് ഡാർക്ക്നെസ് എന്ന ചിത്രം വിദൂര വടക്കൻ നേപ്പാളിലെ രൂഇതിന്റെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നു.[13]
- 2015 ൽ രൂഇതിന്റെ പ്രവർത്തനങ്ങൾ ന്യൂയോർക്ക് ടൈംസിൽ ലേഖനം ആയിപ്രസിദ്ധീകരിച്ചിട്ടുണ്ട്.
- എബിസി കൺസർവേഷൻസിന് വേണ്ടിയുള്ള എബിസി റേഡിയോ അഭിമുഖം- "[1]The doctor known as the ‘God of Sight’" റിച്ചാർഡ് ഫിഡ്‌ലർ (2018)
- ബിൽ വിറ്റേക്കറുടെ സിബിഎസ് വാർത്താ ലേഖനംRestoring eyesight with a simple, inexpensive surgery (2017)
- സിഎൻഎൻ ലേഖനം [2]Sight for sore eyes: 'Maverick' doctor who restored the vision of 100,000 people ’ സോഫി ബ്രൌൺ (2014)
- സിഎൻഎൻ ഫോട്ടോകൾ Nepal Miracle Eye Doctor heals 100, 000
- നാഷണൽ ജിയോഗ്രാഫിക് ഡോക്യുമെന്ററി Miracle Doctors: Curing Blindness
- അൽ ജസീറ ഡോക്യുമെന്ററി ദി ഗിഫ്റ്റ് ഓഫ് സൈറ്റ് (2014)
- റോയിട്ടേഴ്‌സ് Nepal's "magic" surgeon brings light back to poor (2012)
- മിനി ഡോക്യുമെന്ററി ബൈ ഗ്രേറ്റ് ബിഗ് സ്റ്റോറി This Surgeon Has Restored Sight to 130,000 of Nepal’s Blind (2019)
- ഡെയ്‌ലി യുഎസ് ടൈംസ് ഫീച്ചർ Nas Daily Discovers Dr. Sanduk Ruit: He Is The God Of Sight (2020)
അവാർഡുകളും ബഹുമതികളും[തിരുത്തുക]
- 2007 മെയ് മാസത്തിൽ ഹോണററി ഓഫീസർ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ ബഹുമതി ലഭിച്ചു.[14]
- 2006 ജൂണിൽ അദ്ദേഹത്തിന് മാഗ്സസെ അവാർഡ് ലഭിച്ചു.[15]
- അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം 2001 ൽ ബിൽ യ്യൂംഗ് കണ്ടെത്തിയ ഛിന്നഗ്രഹത്തിന് 83362 സന്ദുക് രൂഇത് എന്ന് പേര് നൽകി
- 2015 ഡിസംബർ 17 ന് ഭൂട്ടാനിലെ നാഷണൽ ഓർഡർ ഓഫ് മെറിറ്റ് അംഗമായി.[16]
- 2016 ഒക്ടോബർ 27 ന്, ഏഷ്യാ സൊസൈറ്റിയിൽ നിന്ന് ഏഷ്യാ ഗെയിം ചേഞ്ചർ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.[17]
- 2018 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു.
- നേപ്പാൾ സർക്കാർ ഡോ. സന്ദുക് രൂഇതിനെ ആദ്യ സുപ്രസിദ്ധ പ്രബാൽ ജനസേവാശ്രീ നൽകി ആദരിക്കും എന്ന് പ്രഖ്യാപിച്ചു.[18]
പരാമർശങ്ങൾ[തിരുത്തുക]
- ↑ 1.0 1.1 1.2 "Sight for sore eyes: 'Maverick' doctor who restored the vision of 100,000 people". CNN. ശേഖരിച്ചത് 2014-12-17.
- ↑ "About Us: A brief journey of the account thus far..." Tilganga Institute of Ophthalmology. ശേഖരിച്ചത് 2018-10-06.
- ↑ "Ramon Magsaysay Award Foundation". ശേഖരിച്ചത് 2018-10-01.
- ↑ "Goodreads book editions".
- ↑ "Ruit, Sanduk". Ramon Magsaysay Award Foundation. 2006. ശേഖരിച്ചത് 2018-10-04.
- ↑ 6.0 6.1 6.2 Gripper, Ali (2018). The Barefoot Surgeon: The inspirational story of Dr Sanduk Ruit, the eye surgeon giving sight and hope to the world's poor. Australia: Allen & Unwin. ISBN 9781760292706.
- ↑ 7.0 7.1 7.2 "Sanduk Ruit: Everyone Deserves Good Vision". Ramon Magsaysay Award Foundation. July 25, 2016. മൂലതാളിൽ നിന്നും 2018-09-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-23.
- ↑ "Surgeon brings innovative techniques to ophthalmologists worldwide". Ocular Surgery News. June 1, 2010. ശേഖരിച്ചത് 2018-01-23.
- ↑ "Tilganga Institute of Ophthalmology". Tilganga Institute of Ophthalmology. ശേഖരിച്ചത് 2017-10-06.
- ↑ "Sight restored to 187 people in remote Nepal". The Fred Hollows Foundation. 2010. ശേഖരിച്ചത് 2018-01-23.
- ↑ "Inside – Undercover in North Korea".
- ↑ "Australian charity ending avoidable blindness". The Fred Hollows Foundation. ശേഖരിച്ചത് 2017-10-26.
- ↑ "Out of the Darkness". മൂലതാളിൽ നിന്നും June 26, 2017-ന് ആർക്കൈവ് ചെയ്തത്.
- ↑ "It's an Honour – Honours – Search Australian Honours". www.itsanhonour.gov.au. മൂലതാളിൽ നിന്നും 2017-10-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-26.
- ↑ "The Ramon Magsaysay Award Foundation • Honoring greatness of spirit and transformative leadership in Asia". www.rmaf.org.ph. ശേഖരിച്ചത് 2017-10-26.
- ↑ "His Majesty awards National Order of Merit – BBS". December 17, 2015. ശേഖരിച്ചത് 2017-10-26.
- ↑ "Nepali eye surgeon Sanduk Ruit among recipients of the 2016 Asia Game Changers award". The American Bazaar. September 13, 2016. മൂലതാളിൽ നിന്നും 2016-09-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 15, 2020.
- ↑ https://thehimalayantimes.com/nepal/govt-announces-list-of-594-persons-for-state-honours/