കെഴുവംകുളം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Kezhuvamkulam കെഴുവംകുളം | |
---|---|
village | |
Coordinates: 9°40′0″N 76°38′0″E / 9.66667°N 76.63333°E | |
Country | India |
State | Kerala |
District | Kottayam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686584 |
വാഹന റെജിസ്ട്രേഷൻ | KL- |
Coastline | 0 കിലോമീറ്റർ (0 മൈ) |
Climate | Tropical monsoon (Köppen) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 20 °C (68 °F) |
കെഴുവംകുളം ഗ്രാമം കോട്ടയം ജില്ലയിലെ പാലായിൽ നിന്നും ഏകദേശം 8 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി ചേർപ്പുങ്കലിനും കൊഴുവനാലിനും മദ്ധ്യേ സ്ഥിതി ചെയ്യുന്നു. കൊഴുവനാൽ പഞ്ചായത്തിന്റെ കീഴിൽ വരുന്ന പ്രദേശമാണ് കെഴുവംകുളം. കെഴുവംകുളത്തിന് തെക്ക് കിഴക്ക് കൊഴുവനാലും വടക്ക് പടിഞ്ഞാറ് ചേർപ്പുങ്കലും തെക്ക് മറ്റക്കരയും പടിഞ്ഞാറ് ചെമ്പിളാവും സ്ഥിതി ചെയ്യുന്നു. കെഴുവംകുളത്തിന്റെ പിൻ കോഡ് 686 584 ആണ്.
ചരിത്രം
തിരുവിതാംകൂറിൽ ആദ്യമായി രൂപം കൊണ്ട പഞ്ചായത്തുകളിൽ ഒന്നാണ് കൊഴുവനാൽ. 1953-ൽ പഞ്ചായത്ത് രൂപീകരിക്കുമ്പോൾ 7 വാർഡുകളാണ് ഉണ്ടായിരുന്നത്. കൊഴുവനാൽ ആസ്ഥാനമായി പഞ്ചായത്ത് ആരംഭിക്കുന്നതിന് മുന്നിട്ടിറങ്ങി പ്രവർത്തിച്ചത് ഫാ.സി.എം.മാത്യൂ ചൂരയ്ക്കലാണ്[അവലംബം ആവശ്യമാണ്]. അദ്ദേഹം സംഭാവനയായി നൽകിയ സ്ഥലത്താണ് പഞ്ചായത്ത് ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നത്. കൊഴുവനാൽ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് ജോർജ്ജ് വി. നെടുമ്പുറമാണ്. കേരള ചരിത്രത്തിൽ വളരെ പ്രമുഖമായ ഒരു സ്ഥാനമാണ് കൊഴുവനാൽ ഗ്രാമപഞ്ചായത്തിനുള്ളത്[അവലംബം ആവശ്യമാണ്].
തെക്കുംകൂർ രാജ്യത്തിൽപ്പെട്ട മീനച്ചിൽ പ്രദേശം ഞാവക്കാട്ട് “സിംഹർ” എന്ന സ്ഥാനപേരിൽ അറിയപ്പെട്ടിരുന്ന മീനച്ചിൽ കർത്താക്കൻമാരുടെ അധീനതയിലും സ്വയംഭരണത്തിലും ആയിരുന്നു. അവരുടെ ഒരു ആസ്ഥാനം ആകട്ടെ ഈ പഞ്ചായത്തിൽ ഉള്ള മേവടയിൽ ആയിരുന്നു. 1000 വർഷത്തോളം ഞാവക്കാട്ട് കർത്താക്കൻമാർ ഇവിടെ ഭരണം നടത്തിയിട്ടുണ്ട്[അവലംബം ആവശ്യമാണ്].
മാർത്താണ്ഡവർമ്മ മഹാരാജാവ് തെക്കുംകൂർ പിടിച്ചടക്കിയതുവഴി മീനച്ചിൽ പ്രദേശം തിരുവിതാംകൂറിന്റെ ഭാഗമായി. മീനച്ചിൽ കർത്താക്കൻമാരുടെ ഒരു മന്ത്രിയായിരുന്ന ഇട്ടി ചെറിയതിന്റെ ശ്രമഫലമായിട്ടാണ് പാലയിൽ കടപ്പാട്ടൂർ ഭാഗത്ത് ആദ്യത്തെ അങ്ങാടി സ്ഥാപിതമായത്[അവലംബം ആവശ്യമാണ്]. ഖാദിയുടെ പ്രചാരണം ഈ മേഖലയിൽ വളരെ നല്ല രീതിയിൽ തന്നെ നടത്തിയിരുന്നു. ഗാന്ധിജിയുടെ ആഹ്വാനം അനുസരിച്ചുള്ള സ്വദേശി പ്രസ്ഥാനവും ഇവിടെ പ്രചരിച്ചിരുന്നു. വസ്ത്രനിർമ്മാണത്തിനുള്ള കൈത്തറികൾ കൊഴുവനാലും കെഴുവങ്കുളത്തും മേവടയിലും പ്രവർത്തിച്ചിരുന്നു.
20ാം നൂറ്റാണ്ടിന്റെ ആദ്യം ഇവിടുത്തെ ഭൂമിയിൽ അധികവും കിടങ്ങൂർ, പൂവരണി എന്നീ ദേവസ്വങ്ങളുടെയും ഏതാനും നമ്പൂതിരി, നായർ ജന്മി കുടുംബങ്ങളുടേയും വകയായിരുന്നു. കുന്നപ്പിള്ളീൽ, ആയില്യക്കുന്ന്, നെടുമങ്ങാട്, തേനമ്മാക്കൽ തുടങ്ങിയവർ ഇവിടുത്തെ പ്രബല കുടുംബക്കാർ ആയിരുന്നു. ജന്മി കടുംബങ്ങൾ തങ്ങളുടെ സ്ഥാവരജംഗമസ്വത്തുക്കൾ ഭാഗം വയ്ക്കുന്ന അവസരത്തിൽ ഭൂമിയിൽ പണിയെടുക്കുന്ന ആളുകളെ കൂടി വീതം വയ്ക്കുന്ന സമ്പ്രദായവും നിലനിന്നിരുന്നു.
1940-50 കാലഘട്ടങ്ങളിൽ ഈ പഞ്ചായത്തിൽ നിന്നും അനേകം കർഷകകുടുംബങ്ങൾ ഹൈറേഞ്ച് മേഖലകളിലേക്കും മലബാർ പ്രദേശങ്ങളിലേക്കും കുടിയേറി പാർക്കുകയുണ്ടായി. കേരളാ ഭൂപരിഷ്കരണനിയമം വന്നതോടുകൂടി സമൂഹത്തിൽ വിപ്ളവാത്മകമായ പരിവർത്തനങ്ങളാണ് സംഭവിച്ചത്.
ഏതാണ്ട് അമ്പതു വർഷങ്ങൾക്കു മുമ്പുവരെ നെല്ല്, കരിമ്പ്, കുരുമുളക്, കമുക് എന്നിവയായിരുന്നു ഈ പഞ്ചായത്തിലെ പ്രധാന വിളകൾ. അന്നു നെൽകൃഷിക്ക് മറ്റു കൃഷികളേക്കാൾ കൂടുതൽ പ്രധാന്യം നൽകിയിരുന്നു. നെൽകൃഷിക്കുവേണ്ടി സ്ഥലമൊരുക്കുന്നതിന് “ഉഴവ് വെട്ടുക” എന്ന് പറഞ്ഞിരുന്നു. മുതിര, പയർ എന്നിവയും വരക് എന്ന ധാന്യവുമാണ് അന്ന് വ്യാപകമായി കൃഷി ചെയ്തിരുന്നത്.
ഏറ്റവും അടുത്ത വ്യാപാരകേന്ദ്രവും തുറമുഖവും പുന്നത്തുറയായിരുന്നു. അവിടെ നിന്നും നെല്ലും മറ്റ് നിത്യോപയോഗസാധനങ്ങളും മീനച്ചിലാറ്റിൽ കൂടി ജലമാർഗ്ഗമായി പഞ്ചായത്തിൽ എത്തിക്കുകയും ഇവിടെ നിന്നുള്ള കുരുമുളക്, ചുക്ക്, കൊപ്ര തുടങ്ങിയവ കയറ്റി കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതിന് ഉപയോഗിച്ചിരുന്നത് കെട്ടുവള്ളങ്ങളാണ്. ചേർപ്പുങ്കൽ അന്നത്തെ ഒരു പ്രധാന വള്ളക്കടവായിരുന്നു. കൂടാതെ വർഷ കാലങ്ങളിൽ മീനച്ചിൽ തോട്ടിൽ കൂടി വള്ളങ്ങൾ പഞ്ചായത്തിന്റെ കിഴക്കുഭാഗമായ വലിയകൊട്ടാരം വരെ എത്തിയിരുന്നു. ഈ വഴിയിലെ പാറക്കാട്ട് കടവ്, മുലേത്തുണ്ടി കടവ്, മാളിയേക്കൽ കടവ്, മുളോപ്പറമ്പിൽ കടവ്, മണ്ണാനിക്കടവ്, കൊച്ചുകൊട്ടാരം കടവ്, കൊങ്ങോലകടവ് എന്നിവ പ്രധാനവള്ളക്കടവുകളും വ്യാപാരകേന്ദ്രങ്ങളും ആയിരുന്നു. കരയിൽ കൂടി സാധനങ്ങൾ തലച്ചുമടായി വിവിധ സ്ഥലങ്ങളിൽ എത്തിച്ചിരുന്നു.
ചുമട്ടുകാർക്ക് ആശ്വാസം പകർന്നിരുന്ന കരിങ്കല്ലിൽ തീർത്ത ചുമടുതാങ്ങികൾ ചരിത്രസ്മാരകങ്ങളായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഉയർന്നു നിൽക്കുന്നു.
കാളവണ്ടിയാണ് ആദ്യമായി രംഗപ്രവേശം ചെയ്ത വാഹനം. മനുഷ്യന് സഞ്ചരിക്കുന്നതിനും കാളവണ്ടികൾ ഉപയോഗിച്ചിരുന്നു. “വില്ലുവണ്ടികൾ” എന്നറിയപ്പെട്ടിരുന്ന ഒരിനം കാളവണ്ടികൾ സമ്പന്നരുടെ പ്രൌഢിയുടെ പ്രതീകങ്ങളായിരുന്നു. ഈ പഞ്ചായത്തിലെ ആദ്യത്തെ റോഡ് പുലിയന്നൂർ വാഴൂർ റോഡാണ്.
പഞ്ചായത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരേ ഒരു എട്ടുകെട്ട് നിലനിൽക്കുന്നത് മേവടയിലാണ്. ഞാവക്കാട്ട് കർത്താക്കൻമാരുടെ പിൻതലമുറക്കാരായ കിഴക്കേടത്ത് കർത്താക്കൻമാരുടെ വകയാണ് ഈ എട്ടുകെട്ട്. പരമ്പരാഗതമായി തുടർന്നുവരുന്ന ആയുർവ്വേദ ചികിൽസക്ക് പണ്ടുമുതലേ കീർത്തികേട്ട ഗ്രാമമാണ് കൊഴുവനാൽ.
കെഴുവങ്കുളത്ത് ഉണ്ടായിരുന്ന കോട്ടയിൽ വൈദ്യനും വാക്കപ്പുലത്തുണ്ടായിരുന്ന തെടക്കൂർ വൈദ്യനും മേവടയിലെ തമ്പാൻ വൈദ്യനും പ്രസിദ്ധരായിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ അലോപ്പതി ചികിൽസാകേന്ദ്രമാവണം കൊഴുവനാൽ ഫാത്തിമ മിഷൻ ആശുപത്രി.
വിദ്യാഭ്യാസ മേഖലയിൽ കളരി ആശാൻമാരുടേയും കുടിപ്പള്ളിക്കൂടങ്ങളുടേയും കാലശേഷം 1905-ൽ കെഴുവങ്കുളത്ത് സർക്കാർ വകയായി ഒരു പ്രൈമറി സ്കൂൾ സ്ഥാപിതമായി. ഈ വിദ്യാലയങ്ങളൊക്കെ സ്ഥാപിക്കുന്നതിനു മുമ്പ് തന്നെ കെഴുവങ്കുളത്ത് ഒരു സംസ്കൃത വിദ്യാലയം പ്രവർത്തിച്ചിരുന്നതായി പഴമക്കാർ പറയുന്നുണ്ട്.