Jump to content

ഒന്നാം ഇ.എം.എസ്. നമ്പൂതിരിപ്പാട് മന്ത്രിസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഒന്നാം കേരളമന്ത്രിസഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒന്നാം ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ മന്ത്രിസഭ
കേരളത്തിലെ 1-ആം മന്ത്രിസഭ
1957–1959
രൂപീകരിച്ചത്5 ഏപ്രിൽ 1957
പിരിച്ചുവിട്ടത്31 ജൂലൈ 1959
വ്യക്തികളും സംഘടനകളും
സ്റ്റേറ്റിന്റെ തലവൻബി. രാമകൃഷ്ണറാവു
സർക്കാരിന്റെ തലവൻഇ.എം.എസ്. നമ്പൂതിരിപ്പാട്
ഭരണകക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, നേതൃത്തം: എം.എൻ. ഗോവിന്ദൻ നായർ [1]
പ്രതിപക്ഷ കക്ഷികോൺഗ്രസ്
ചരിത്രം
തിരഞ്ഞെടുപ്പു(കൾ)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)
പിൻഗാമിപട്ടം മന്ത്രിസഭ

1957ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ(സി.പി.ഐ) നേതൃത്വത്തിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത്. പാർലമെന്ററി സംവിധാനത്തിലൂടെ ഇന്ത്യയിൽ നിലവിൽ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കൂടിയായിരുന്നു അത്. കോൺഗ്രസ്സ് മന്ത്രിസഭകൾ നടപ്പിലാക്കാൻ കൂട്ടാക്കാത്ത കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നയമായിരിക്കും തങ്ങൾ നടപ്പിലാക്കാൻ പോവുന്നത് എന്നാണ് മുഖ്യമന്ത്രി ഇ.എം.എസ്സ് നമ്പൂതിരിപ്പാട് സത്യപ്രതിജ്ഞക്കു മുമ്പ് ജനങ്ങളോടായി നടത്തിയ റേഡിയോ സംപ്രേഷണത്തിലൂടെ പ്രഖ്യാപിച്ചത്.[2] തീരെ ചെറുതായ സമാനരീതിയിലുള്ള രണ്ട് മന്ത്രിസഭകളെ അവഗണിച്ചാൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്ന ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകൂടിയായിരുന്നു 1957ൽ കേരളത്തിൽ നിലവിൽ വന്നത്. 1953ൽ ബ്രിട്ടീഷ് ഗയാനയിൽ ചെഡ്ഡി ജഗൻറെ നേ തൃത്വത്തിൽ നിലവിൽ വന്നുവെങ്കിലും, അത് പൂർണ്ണമായും ഒരു കമ്മ്യൂണിസ്റ്റ് സംഘടനയല്ലായിരുന്നു.[3]

വിദ്യാഭ്യാസബിൽ, ഭൂപരിഷ്കകരണ നിയമം തുടങ്ങിയ പുരോഗമനപരിപാടികൾ നടപ്പിലാക്കാൻ ശ്രമിച്ചുവെങ്കിലും ഈ മന്ത്രിസഭക്ക് അഞ്ചുവർഷം തികച്ചും ഭരിക്കാനായില്ല. വിദ്യാഭ്യാസബില്ലിനെ ആയുധമാക്കി പ്രതിപക്ഷ-സാമുദായിക കക്ഷികൾ സർക്കാരിനെതിരേ പ്രക്ഷോഭം ആരംഭിച്ചു. കാർഷിക നിയമത്തിലൂടെ തങ്ങളുടെ കൈവശംഉള്ള കണക്കില്ലാത്ത ഭൂമി കൈമോശം വരുമെന്നു മനസ്സിലാക്കിയ സമ്പന്നവർഗ്ഗവും വിമോചനസമരം എന്ന പേരിൽ നടന്ന ഈ പ്രക്ഷോഭത്തെ കൈയ്യയച്ച് സഹായിച്ചിരുന്നു.[4] കേരളത്തിലെ കമ്മ്യൂണിസ്റ്റിതര കക്ഷികളെല്ലാം തന്നെ ആ സമരത്തിൽ പങ്കാളികളായി. കേരളസംസ്ഥാനത്തെ ഭരണസമ്പ്രദായം ആകെ തകർന്നുവെന്ന് ഗവർണർ കേന്ദ്രത്തെ അറിയിച്ചു. 1959 ജൂലൈ 31 ആം തീയതി ഭരണഘടനയുടെ 356 ആം വകുപ്പനുസരിച്ച്[൧] കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ രാഷ്ട്രപതി പിരിച്ചുവിടുകയും, അധികാരം സ്വയം ഏറ്റെടുക്കുകയും ചെയ്തു.

പശ്ചാത്തലം

[തിരുത്തുക]

1957 ലെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സർക്കാരിനെ സാമൂഹ്യ-രാഷ്ട്രീയ രംഗത്തു സംഭവിച്ച അത്ഭുതമായാണ് ലോകം നോക്കിക്കണ്ടത്. 1939 ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടിരുന്നുവെങ്കിലും, ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ജനം അംഗീകരിച്ചിരുന്നത് കോൺഗ്രസ്സിനെ മാത്രമായിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊള്ളുന്നതിനുമുമ്പ് തന്നെ അതിന്റെ ആശയങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിച്ചിരുന്നു. സുപ്രധാനമായ അധികാരസ്ഥാനത്തെത്തുവാൻ മാത്രം വളർച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായിട്ടില്ല എന്നാണ് കോൺഗ്രസ്സ് വിചാരിച്ചിരുന്നത്.[5] കേരളത്തിലെ ജനങ്ങളിലെ അവഗണിക്കാൻ പറ്റാത്ത ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാടിൽ വന്ന മാറ്റമാണ് 1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്ക് കാരണമായതെന്ന് ചരിത്രകാരനായ കെ.എൻ.പണിക്കർ സമർത്ഥിക്കുന്നു.[6]

മന്ത്രിസഭ

[തിരുത്തുക]

മന്ത്രിമാരും വകുപ്പുകളും [7]

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രി
2 സി. അച്യുതമേനോൻ സാമ്പത്തികം
3 ടി.വി. തോമസ് ഗതാഗതം, തൊഴിൽ
4 കെ.സി. ജോർജ്ജ്‌ ഭക്ഷ്യം, വനം
5 കെ.പി. ഗോപാലൻ വ്യവസായം
6 ടി.എ. മജീദ്‌ പൊതുമരാമത്ത്‌
7 പി.കെ. ചാത്തൻ സ്വയം ഭരണം
8 ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസം, സഹകരണം
9 കെ.ആർ. ഗൗരി റവന്യൂ, ഏക്സൈസ്‌
10 വി.ആർ. കൃഷ്ണയ്യർ നിയമം, വിദ്യുച്ഛക്തി
11 എ.ആർ. മേനോൻ ആരോഗ്യം

നേട്ടങ്ങൾ

[തിരുത്തുക]

കോൺഗ്രസ്സ് സർക്കാരുകൾ നടപ്പിലാക്കാൻ കഴിയാതെ പോയ നയങ്ങൾ നടപ്പിലാക്കുകയാണ് തന്റെ സർക്കാരിന്റെ ലക്ഷ്യം എന്നായിരുന്നു മുഖ്യമന്ത്രി ഇ.എം.എസ്സ് പറഞ്ഞത്. കമ്മ്യൂണിസത്തെ വളർത്തുകയാണ് തന്റെ ലക്ഷ്യമെങ്കിലും, ഒരു കമ്മ്യൂണിസ്റ്റ് സമുദായം സൃഷ്ടിക്കുകയായിരിക്കുകയല്ല തന്റെ സർക്കാരിന്റെ ലക്ഷ്യമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിനു തലേന്ന് ജനങ്ങളോടായി ചെയ്ത റേഡിയോ സംപ്രേഷണത്തിൽ അദ്ദേഹം ഉറപ്പിച്ചു പറയുകയുണ്ടായി. ഈ പ്രസ്താവനയെ അരക്കിട്ടുറപ്പിക്കുന്ന രീതിയിലുള്ള നടപടികളാണ് സംസ്ഥാനത്തെ ആദ്യത്തെ സർക്കാർ വരുംകാലങ്ങളിൽ സ്വീകരിച്ചത്.

കുടിയൊഴിപ്പിക്കൽ നിരോധനം

[തിരുത്തുക]

മന്ത്രിസഭ നിലവിൽ വന്ന് ഒരാഴ്ച തികയുന്നതിനു മുമ്പ് തന്നെ സർക്കാർ കുടിയൊഴിപ്പിക്കൽ നിരോധന നിയമം നടപ്പിൽ വരുത്തി. ഇതുപ്രകാരം കർഷകൻ താമസിക്കുന്ന ഭൂമിയിൽ നിന്നും അവനെ കുടിയൊഴിപ്പിക്കുന്നത് എന്ത് കാരണങ്ങൾ കൊണ്ടായാലും ഈ നിയമം മൂലം തടയപ്പെട്ടു. പ്രവർത്തിക്കുന്ന ഒരു സർക്കാരാണ് ഇതെന്ന ചിന്ത ജനങ്ങളിലേക്കെത്താൻ ഈ നടപടികൾ കാരണം കഴിഞ്ഞുവെന്ന് വിലയിരുത്തപ്പെടുന്നു.[8] ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു ഓർഡിനൻസ് നിലവിൽ വരുന്നതെന്ന് നിയമം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഇ.എം.എസ്സ് പറയുകയുണ്ടായി.[9] ദ കേരള സ്റ്റേ ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്സ് ഓർഡിനൻസ് 1957 എന്നതായിരുന്നു ഈ നിയമത്തിന്റെ പേര്.[10]

വിദ്യാഭ്യാസ ബിൽ

[തിരുത്തുക]

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിച്ചുകൊണ്ട് മന്ത്രിസഭ കൊണ്ടുവന്ന ബില്ലായിരുന്നു 1957ലെ വിദ്യാഭ്യാസ ബിൽ. മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയായിരുന്നു ബിൽ സഭയിൽ അവതരിപ്പിച്ചത്. 9000 ത്തോളം വിദ്യാലയങ്ങൾ ഉണ്ടായിരുന്നതിൽ പകുതിയോളവും അന്ന് സ്വകാര്യമേഖലയിലായിരുന്നു. സ്വകാര്യമേഖലയിലെ അദ്ധ്യാപകർക്ക് നിയമപരമായ പരിരക്ഷ നൽകാൻ കൂടിയുള്ളതായിരുന്നു ഈ ബില്ലെന്ന് ബിൽ സഭയിൽ അവതരിപ്പിച്ചുകൊണ്ട് മുണ്ടശ്ശേരി പറയുകയുണ്ടായി.[11] വിദ്യാഭ്യാസവകുപ്പിൽ നിന്നും ഏർപ്പെടുത്തിയിട്ടുള്ള നടപടികളും നിബന്ധനകളും സ്വകാര്യമേഖലയ്ക്കും കൂടി ബാധകമാക്കുന്നതായിരുന്നു ബിൽ. സർക്കാരിൽ നിന്നും പണം കൈപ്പറ്റി, അത് സ്വകാര്യ സ്കൂൾ മാനേജർമാർ തോന്നിയതുപോലെ അദ്ധ്യാപകർക്ക് വിതരണം ചെയ്യുക വഴി, അദ്ധ്യാപകനും, സ്വകാര്യ സ്കൂൾ ഭരണനേതൃത്വവും തമ്മിൽ ഒരു യജമാന,ഭൃത്യ ബന്ധമാണ് നിലനിന്നിരുന്നത്. പുതിയ ബിൽ വഴി ശമ്പളം സർക്കാർ നേരിട്ട് അദ്ധ്യാപകരുടെ കൈകളിലെത്തുവാനുള്ള സംവിധാനം ഉണ്ടായിരുന്നു.[12]

വിദ്യാഭ്യാസ നടത്തിപ്പിൽ ജനകീയ സഹകരണം, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം തുടങ്ങിയ പുരോഗമനാശയങ്ങൾ പുതിയ ബില്ലിലുണ്ടായിരുന്നു. സ്വജനപക്ഷപാതത്തിലൂടെ നടത്തുന്ന അദ്ധ്യാപകനിയമനങ്ങളും, ശമ്പള വിതരണത്തിലുള്ള ക്രമക്കേടുകളും പൂർണ്ണമായും ഇല്ലാതാക്കാൻ കഴിവുള്ളതായിരുന്നു മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബിൽ. നിയമമനുസരിക്കാത്ത സ്കൂളുകൾ പിടിച്ചെടുക്കാൻ സർക്കാരിന് അധികാരം നൽകുന്നതു കൂടിയായിരുന്നു ഈ ബിൽ.[13]

കാർഷിക ബന്ധ ബിൽ

[തിരുത്തുക]

കേരളത്തിലെ ഭൂവുടമ ബന്ധങ്ങളിൽ സമഗ്രവും, സമൂലവും ആയ മാറ്റങ്ങൾ വരുത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് കൊണ്ടുവന്നിരിക്കുന്നതാണ് ഈ ബില്ലെന്നാണ് ബില്ലിന്റെ അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ പറഞ്ഞത്. കൃഷി ചെയ്യുന്ന കർഷകന് ആ ഭൂമിയിൽ സ്ഥിരാവകാശം, കുടിയാന് മര്യാദപ്പാട്ടം, ഭൂവുടമസ്ഥതയ്ക്ക് പരിധി, കൃഷിക്കാർക്ക് അവർ കൈവശം വയ്ക്കുന്ന ഭൂമി ഉടമസ്ഥനിൽ നിന്നും ന്യായമായ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവകാശം എന്നിവ പുതിയ ഭൂരിപഷ്കരണബില്ലിന്റെ പ്രധാന ഘടകങ്ങളായിരുന്നു.[14] കാർഷിക പരിഷ്കാരങ്ങളെ സംബന്ധിച്ച് ആസൂത്രണ കമ്മീഷന്റെ ശുപാർശകളെകൂടി കണക്കിലെടുത്താണ് പുതിയ ബിൽ തയ്യാറാക്കിയിരിക്കുന്നത്. തുണ്ടു തുണ്ടായി കിടക്കുന്ന സ്ഥലങ്ങളെ ഒന്നിച്ചുചേർത്ത് കൃഷിചെയ്ത് കർഷകവൃത്തി ആദായകരമാക്കുക എന്നത് ആസൂത്രണ കമ്മീഷന്റെ ഒരു സുപ്രധാന ശുപാർശയായിരുന്നു.

തിരുവിതാംകൂർ മഹാരാജാവിന്റെ വകയായിരുന്നതും എന്നാൽ പിന്നീട് സർക്കാരിലേക്കു വിട്ടുകൊടുത്തതുമായ ഭൂമിയിൽ കുടിയാന്മാരിൽ നിന്നും ഈടാക്കിക്കൊണ്ടിരുന്ന വർദ്ധിച്ച കരം പുതിയ സർക്കാർ നിറുത്തലാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ബിൽ നടപ്പിലാക്കാൻ ശ്രമിക്കുക വഴി കാലാകാലങ്ങളായി നിലനിന്നിരുന്ന ജന്മി സമ്പ്രദായത്തെ ഇല്ലാതാക്കാനാണ് നിലവിലുള്ള സർക്കാർ ശ്രമിച്ചത്.[15]

വ്യവസായ ബന്ധ ബിൽ

[തിരുത്തുക]

കേരളത്തിലെ വ്യവസായമേഖലയിൽ തൊഴിൽ ദാതാവും, തൊഴിലാളിയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢവും, സുതാര്യവും ആക്കാൻ വേണ്ടി പ്രഥമ സർക്കാർ അവതരിപ്പിച്ച ബിൽ ആയിരുന്നു ഇത്. അമ്പതിനു മുകളിൽ തൊഴിലാളികളുള്ള ഏതൊരു സ്ഥാപനത്തിലും, തൊഴിലാളികളുടെ ക്ഷേമത്തിനു, തൊഴിലാളികളും, തൊഴിൽ ദാതാവും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും, അവർ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും വേണ്ടി ഒരു വർക്സ് കമ്മിറ്റി നിർബന്ധമായും സൃഷ്ടിച്ചിരിക്കണമെന്ന് വ്യവസായ ബന്ധ ബിൽ നിർദ്ദേശിക്കുന്നു. തൊഴിലാളികളുടെ ആകെ എണ്ണത്തിന്റെ പതിനഞ്ച് ശതമാനം വരുന്ന തൊഴിലാളികൾ അംഗങ്ങളായ തൊഴിലാളി യൂണിയനുകൾ തൊഴിൽ ഇടത്തിൽ അംഗീകൃതമായിരിക്കുമെന്ന് പുതിയ നിയമം ശുപാർശ ചെയ്യുന്നു.[16]

വ്യവസായങ്ങൾ തുടങ്ങുന്നതിനാവശ്യമായ യന്ത്രോപകരണങ്ങളും, ഉത്പാദനത്തിനുവേണ്ട അസംസ്കൃതവസ്തുക്കളും വാങ്ങുവാനും വ്യവസായികളെ സർക്കാർ സഹായിക്കുന്നമെന്ന് ഉറപ്പുകൊടുത്തു. കൂടാതെ, ഉത്പന്നങ്ങൾക്ക് ആഭ്യന്തരവും, വിദേശീയവുമായ വിപണി കണ്ടെത്തുന്നതിനും സർക്കാർ വ്യവസായികളെ സഹായിക്കുമെന്നും വ്യവസായ ബന്ധ ബില്ലിൽ പറയുന്നു. വ്യവസായം ദേശസാത്കരിക്കുന്നതിനെക്കുറിച്ചും വ്യക്തമായ നിലപാട് സർക്കാരിനുണ്ടായിരുന്നു. ദേശീയ സമ്പത്തിന് നഷ്ടം വരുന്ന രീതിയിൽ ഏതെങ്കിലും വ്യവസായത്തിന്റെ ഭരണനിർവ്വഹണത്തിൽ കുഴപ്പം വരുകയോ, അല്ലെങ്കിൽ സർക്കാരിന്റെ നയങ്ങൾ അനുസരിക്കാൻ അവർ തുടർച്ചയായി വിസമ്മതിക്കുകയോ ചെയ്താൽ മാത്രമേ ഒരു വ്യവസായം ദേശസാത്കരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുകയുള്ളു എന്ന് വ്യവസായ നയം ഉറപ്പു നൽകുന്നു.[17]

അധികാരവികേന്ദ്രീകരണം

[തിരുത്തുക]

സാധാരണ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ വിപുലമാക്കുക എന്നതായിരിക്കും പുതിയ സർക്കാരിന്റെ പ്രവർത്തന പരിപാടികളിലൊന്ന് എന്ന് മുഖ്യമന്ത്രി ഇ.എം.എസ്സ് അധികാരമേറ്റയുടനെ വ്യക്തമാക്കുകയുണ്ടായി. ഈ ലക്ഷ്യം കൈവരിക്കാൻ ഗ്രാമതലത്തിലും, അതിനുമേലെയും നിലവാരമുള്ള തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾ രൂപീകരിച്ച്, ഇത്തരം ഭരണസമിതികളിലൂടെ കൂടുതൽ അധികാരം ജനങ്ങളിലേക്കെത്തിക്കും എന്നും അദ്ദേഹം പറയുകയുണ്ടായി.[18] ഇതിനെക്കുറിച്ചു പഠിക്കുവാനായി മുഖ്യമന്ത്രി അദ്ധ്യക്ഷനായുള്ള ഒരു ഭരണപരിഷ്കാര കമ്മിറ്റിയെ സർക്കാർ നിയോഗിക്കുകയുണ്ടായി. മുഖ്യമന്ത്രിയെക്കൂടാതെ ജോസഫ് മുണ്ടശ്ശേരി, എച്ച്.ഡി.മാളവ്യ, എൻ.ഇ.എസ്.രാഘാവാചാരി, കെ.എസ്.മേനോൻ, പി.എസ്.നടരാജപിള്ള, നന്ദൻമേനോൻ, പരമേശ്വരൻ പിള്ള എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങൾ. കമ്മിറ്റി നിർദ്ദേശിച്ച ഭരണപരിഷ്കാരങ്ങളിൽ ഏറ്റവും മുഖ്യമായത് അധികാര വികേന്ദ്രീകരണം ആയിരുന്നു.[19]

കമ്മിറ്റിയുടെ നിർദ്ദേശങ്ങളനുസരിച്ച് സർക്കാർ, കേരള പഞ്ചായത്ത് ബില്ലിനും (1958), കേരള ജില്ലാ കൗൺസിൽ ബില്ലിനും (1959) രൂപം നൽകി. ജില്ലാ കൗൺസിലുകൾ ഒരു തദ്ദേശസ്വയം ഭരണ സ്ഥാപനം എന്ന രീതിയിൽ പ്രവർത്തിച്ച് ജില്ലാ തലത്തിൽ അധികാരവികേന്ദ്രീകരണം നടത്തുക എന്നതായിരുന്നു ജില്ലാ കൗൺസിൽ ബില്ലിന്റെ മുഖ്യ ലക്ഷ്യം. ഗ്രാമ തലത്തിൽ പഞ്ചായത്തുകൾ എന്ന സ്വയംഭരണ സ്ഥാപനങ്ങളിലൂടെ അധികാരം ജനങ്ങളിലേക്കെത്തിക്കുക എന്നതായിരുന്നു കേരള പഞ്ചായത്ത് ബില്ലിലൂടെ സർക്കാർ ഉദ്ദേശിച്ചത്. ഈ ബില്ലുകൾ നിയമസഭ ചർച്ചക്കെടുക്കുന്നതിനു മുമ്പേ തന്നെ, കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരത്തിൽ നിന്നും പുറംതള്ളപ്പെട്ടു.[20]

ആരോഗ്യ രംഗം

[തിരുത്തുക]

ഇ.എം.എസ്സ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ 1957ൽ അധികാരത്തിലെത്തിയ സർക്കാർ ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. 1946ലെ ഭോർ കമ്മറ്റി ശുപാർശ പ്രകാരം ഇന്ത്യയിൽ 2000 ആളുകൾക്ക് ഒരു ഡോക്ടർ വേണമെന്നായിരുന്നു കണക്കെങ്കിൽ കേരളത്തിൽ അത് 1957ൽ 9260 പേർക്ക് ഒരു ഡോക്ടർ എന്നതായിരുന്നു അനുപാതം. ഇത്തരം കാര്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടാണ് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ മന്ത്രിസഭ തയ്യാറെടുത്തത്.[21] 29 മെയ് 1957 ന് ഗവർണ്ണറായിരുന്ന ബി.രാമകൃഷ്ണ റാവു, കോഴിക്കോട് മെഡിക്കൽ കോളേജിനു ശിലാസ്ഥാപനം നിർവ്വഹിച്ചു. വിശദമായ ചികിത്സകൾക്ക് അതുവരെ ജനങ്ങൾക്കാശ്രയമായിരുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജ് മാത്രമായിരുന്നു. ചികിത്സകൾക്കായി തിരുവനന്തപുരം വരെ യാത്ര ചെയ്യുക എന്നത് മലബാറിലുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുളവാക്കുന്ന കാര്യവുമായിരുന്നു. 15 മാർച്ച് 1959 ന് കോഴിക്കോട് മെഡിക്കൽ കോളേജ്, ഇ.എം.എസ്സ് ജനങ്ങൾക്കായി തുറന്നുകൊടുത്തു.[22]

പൊതുവിതരണ സമ്പ്രദായം

[തിരുത്തുക]

സംസ്ഥാനത്തെ ജനങ്ങൾക്ക് ചുരുങ്ങിയ നിരക്കിൽ ഭക്ഷ്യപദാർത്ഥങ്ങൾ പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യാൻ തുടങ്ങി. പിന്നീട് ഇന്ത്യ ഒട്ടാകെ ഈ ഒരു രീതി നടപ്പിലാക്കാൻ കേന്ദ്രസർക്കാരുകൾ തീരുമാനിക്കുകയുണ്ടായി. മിനിമം അളവിൽ ഭക്ഷണം സംസ്ഥാനത്തെ ജനങ്ങൾക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താൻ സർക്കാരിന് കഴിഞ്ഞു. ആഹാരം ലഭ്യമായതോടെ, രോഗപ്രതിരോധശേഷി കൈവരിക്കാനും, സാംക്രമികരോഗങ്ങളിൽ നിന്നും വിടുതൽ നേടാനും ദരിദ്രജനങ്ങൾക്കു കഴിഞ്ഞു.[23]

വെല്ലുവിളികൾ

[തിരുത്തുക]

പുതിയ വിദ്യാഭ്യാസ ബിൽ നിലവിൽ വന്നാൽ വിദ്യാഭ്യാസരംഗത്തെ തങ്ങളുടെ താൽപര്യങ്ങൾ ഹനിക്കപ്പെടുമെന്ന് ക്രൈസ്തവ സമുദായശക്തികൾ മനസ്സിലാക്കി. ഇത് വിദ്യാഭ്യാസബില്ലിനെതിരേയുള്ള എതിർപ്പിനു കാരണമായി. ഇതോടൊപ്പം മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിലുള്ള എൻ.എസ്.എസ്സും കൂടി ചേർന്നതോടെ അത് നിലവിലുള്ള സർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താക്കാനുള്ള ഒരു സമരമായി രൂപാന്തരം പ്രാപിച്ചു.[24]

ഒരണയ്ക്ക് ബോട്ടു യാത്ര ചെയ്യാനുള്ള സൗകര്യം പുനസ്ഥാപിക്കാൻ വേണ്ടി[25] 1957 ലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരേ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭമാണ് ഒരണസമരം എന്നറിയപ്പെടുന്നത്. ഇ.എം.എസ്സ്. സർക്കാരിന്റെ ഭരണനടപടികളിലൊന്നായിരുന്നു കുട്ടനാട്ടിലെ ജലഗതാഗതരംഗം ദേശസാത്കരിച്ചത്. ആലപ്പുഴ-കുട്ടനാട്, കോട്ടയം മേഖലയിൽ ജനങ്ങൾ ഗതാഗതത്തിനായി കൂടുതലും ആശ്രയിച്ചിരുന്നത് ബോട്ടുകളേയായിരുന്നു. ബോട്ടുടമകളിൽ ഭൂരിഭാഗവും ക്രൈസ്തവസമുദായത്തിൽപ്പെട്ട മുതലാളിമാരായിരുന്നു.[26] സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതിനു മുമ്പ് ഉടമകൾ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് നിരക്കുകൾ നിശ്ചയിച്ചിരുന്നത്. സർക്കാരിന്റെ സദുദ്ദേശത്തിന് എന്നാൽ വിപരീത ഫലമാണ് ലഭിച്ചത്. കേവലം ഒരു വിദ്യാർത്ഥി സമരം എന്നതിലുപരി അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ നടന്ന വിമോചനസമരത്തിന്റെ ശക്തിവർദ്ധിപ്പിക്കുന്നതിനുള്ള സമരമായിരുന്നു വാതിലായിരുന്നു ഒരണസമരം എന്ന് ഇ.എം.എസ്സ് നമ്പൂതിരിപ്പാട് അഭിപ്രായപ്പെടുന്നു.

ആന്ധ്രാ അരി കുംഭകോണം: കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലത്ത് മാനദണ്ഡങ്ങൾ നോക്കാതെ സ്വകാര്യ വ്യക്തിയിൽ നിന്നും സംസ്ഥാനത്തിനാവശ്യമായ അരി വാങ്ങിയതിലൂടെ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടം നേരിട്ടു എന്ന് പ്രതിപക്ഷം ആരോപിക്കുകയുണ്ടായി, അതിനെ തുടർന്നുണ്ടായ വിവാദമാണ് ആന്ധ്രാ അരി കുംഭകോണം എന്നറിയപ്പെടുന്നത്. 1956 ലെ വേനൽക്കാലത്ത് അരിയുടെ വില കുതിച്ചുകയറാൻ തുടങ്ങി, ഈ വിലവർദ്ധനവിനെ നേരിടാൻ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ന്യായവില ഷാപ്പുകൾ സർക്കാർ ആരംഭിച്ചെങ്കിലും, അരിയുടെ ദൗർലഭ്യം മൂലം ഈ നടപടിക്ക് വിചാരിച്ച ഗുണം കിട്ടിയില്ല.

പ്രതിസന്ധി മറികടക്കാൻ 5000 ടൺ അരി നേരിട്ട് അരി ഇറക്കുമതി ചെയ്യാനും ന്യായവിലഷോപ്പുകളിലൂടെ അതു വിതരണം ചെയ്യാനും തീരുമാനിച്ചു. മദ്രാസ്സിലുള്ള ഒരു മൊത്തവ്യാപാരസ്ഥാപനമായ "മെസ്സേഴ്സ് ടി. ശ്രീരാമുലു, പി. സൂര്യനാരായണ & കൊ." എന്ന സ്ഥാപനവുമായി ഭക്ഷ്യവകുപ്പ് ഉടനടി കരാറിലെത്തി. നിയമാനുസൃതം പതിവുള്ളതുപോലെ ദർഘാസ് ടെണ്ടർ വിളിക്കാനോ കുറഞ്ഞ വിലയ്ക്കു് കരാർ ഉറപ്പിക്കാനോ കാത്തുനിൽക്കാതെയാണു് ഈ ഇടപാട് തീർച്ചപ്പെടുത്തിയതു്. ഈ ഇടപാടിലൂടെ സർക്കാർ ഖജനാവിന് നഷ്ടം നേരിട്ടുവെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വില്പനക്കാരനിൽ നിന്നും കമ്മീഷൻ ലഭിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.

വമ്പിച്ച പ്രതിഷേധത്തെത്തുടർന്ന് ഹൈക്കോടതി ന്യായാധിപനായിരുന്ന ജസ്റ്റിസ് രാമൻനായർ കമ്മീഷൻ ഈ ഇടപാട് അന്വേഷിക്കാൻ തുടങ്ങി. ഈ അരി ഇടപാടിൽ സംസ്ഥാനത്തിനു ഭയങ്കരമായ നഷ്ടം നേരിട്ടു എന്ന് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും, ഈ റിപ്പോർട്ട് സർക്കാർ തള്ളിക്കളയുകയായിരുന്നു.

വിമോചന സമരം

[തിരുത്തുക]

കേരളസംസ്ഥാനത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1958-ൽ ആരംഭിച്ച രാഷ്ട്രീയപ്രക്ഷോഭമായിരുന്നു വിമോചനസമരം.[27] ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ നടന്ന ഈ പ്രക്ഷോഭം 1959-ൽ മന്ത്രിസഭയുടെ പുറത്താക്കലിൽ കലാശിച്ചു. സംസ്ഥാനത്തെ ഭക്ഷ്യക്കമ്മി നികത്താൻ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും, ഭൂവുടമസ്ഥതാബന്ധങ്ങളിൽ സമഗ്രമായ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട കാർഷികബന്ധ ബില്ലും ഈ സമരത്തിനു വഴിയൊരുക്കിയ ഘടകങ്ങളിൽ പെടുന്നു. വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനോടുള്ള എതിർപ്പ് അതിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കാരണമായിരുന്നു. കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ നവീനതകളെക്കുറിച്ച് കേരളത്തിൽ പരമ്പരാഗത സമൂഹത്തിലെ പലവിഭാഗങ്ങൾക്കും ഉണ്ടായിരുന്ന ആശങ്കയും ഈ പ്രക്ഷോഭത്തെ സഹായിച്ചു. ഇതിനു പിന്നിലുള്ള പ്രധാന ശക്തികൾ കത്തോലിക്കാ സഭ, മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ നായർ സർ‌വ്വീസ് സൊസൈറ്റി(എൻ.എസ്.എസ്), മുസ്ലീം ലീഗ് എന്നിവ ആയിരുന്നു.

പുറത്താക്കൽ

[തിരുത്തുക]

ഇ.എം.എസ്സ് സർക്കാരിന്റെ പുറത്താക്കൽ ആയിരുന്നു വിമോചനസമരത്തിന്റെ വിജയം. ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഒരു കറുത്ത ഏടായി ഈ സംഭവം കണക്കാക്കപ്പെടുന്നു.1957 ൽ കേരളത്തിൽ ഒരു സ്വകാര്യ സന്ദർശനത്തിനെത്തിയ വി.കെ. കൃഷ്ണമേനോൻ, കേരളത്തിലെ രാഷ്ട്രീയസ്ഥിതി തീരെ മോശമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. കമ്മ്യൂണിസം ഇവിടെ ആവശ്യമില്ല എന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവും 1958 ൽ പറയുകയുണ്ടായി.[28] എങ്കിലും ജനാധിപത്യവാദിയെന്ന തന്റെ പ്രതിഛായയെ വിലമതിച്ചിരുന്ന നെഹ്രു, പക്ഷപാതപരമെന്നു തോന്നിക്കുന്ന നടപടികളെടുക്കാൻ മടിച്ചു. എന്നാൽ കേരളസന്ദർശനം കഴിഞ്ഞു മടങ്ങിയ ഇന്ദിരാഗാന്ധി, കമ്മ്യൂണിസ്റ്റുകൾ ചെയ്യുന്നതെല്ലാം തെറ്റാണെന്നു പ്രസ്താവിച്ചു. അക്കാലത്ത് സംഘടനയുടെ അദ്ധ്യക്ഷപദവിയിലെത്തിയിരുന്ന ഇന്ദിരയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി, ഇ.എം.എസ്സ്. സർക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു.


രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ മുന്നിൽ ഈ ആവശ്യം ഉന്നയിക്കാൻ പോയ കോൺഗ്രസ്സ് നേതാക്കളുടെ സംഘത്തെ നയിച്ചത് ഇന്ദിരയായിരുന്നു. മന്ത്രിസഭയെ നീക്കം ചെയ്യാനുള്ള തീരുമാനത്തിൽ നെഹ്രുവിനെ മുഖ്യമായി സ്വാധീനിച്ചത് ഇന്ദിരാഗാന്ധി ആയിരുന്നെന്ന് ഇ.എം.എസ്സും. കോൺഗ്രസ്സുകാർ തന്നെയും വിശ്വസിച്ചിരുന്നതായി നെഹ്രുവിന്റെ ജീവചരിത്രമെഴുതിയ എം.ജെ. അക്ബർ നിരീക്ഷിച്ചിട്ടുണ്ട്.[29]കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടില്ലെങ്കിൽ താൻ രാഷ്ട്രപതിഭവനു മുന്നിൽ നിരാഹാരമിരിക്കുമെന്ന് ഇന്ദിരാ ഗാന്ധി നെഹ്രുവിനെ ഭീഷണിപ്പെടുത്തിയതായി വി.കെ.കൃഷ്ണമേനോൻ ഇ.എം.എസ്സിനയച്ച രഹസ്യകുറിപ്പിൽ രേഖപ്പെടുത്തിയിരുന്നതായി ബെർലിൻ കുഞ്ഞനനന്തൻ നായർ തന്റെ അത്മകഥയിൽ പരാമർശിച്ചിരിക്കുന്നു.[30] എന്നാൽ അതങ്ങിനെയല്ലായിരുന്നെന്ന് ശ്രീമതി ഇന്ദിരാഗാന്ധി താൻ എഴുതിയ പുസ്തകമായ ദ ട്രൂത്തിൽ പരാമർശിക്കുന്നു. കേരളത്തിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നാണത്രേ അവർ പ്രധാനമന്ത്രി നെഹ്രുവിന് റിപ്പോർട്ട് നൽകിയത്.

കുറിപ്പുകൾ

[തിരുത്തുക]
  • ^ ഒരു സംസ്ഥാനത്തിലെ ഭരണം ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന വിധത്തിലല്ല നടക്കുന്നതെന്ന സംസ്ഥാന ഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംസ്ഥാനത്തെ ഭരണനിർവ്വഹണം രാഷ്ട്രപതിക്കോ അതല്ലെങ്കിൽ അദ്ദേഹം അധികാരം നൽകുന്ന സംസ്ഥാന സർക്കാർ അല്ലാത്തെ മറ്റേതൊരു സംവിധാനത്തിനോ ഏറ്റെടുക്കാൻ അധികാരം നൽകുന്നതാണ് ഭരണഘടനയിലെ 356 ആം വകുപ്പ് [31]

അവലംബം

[തിരുത്തുക]
  1. http://www.niyamasabha.org/codes/Ministers Archived 2007-07-15 at the Wayback Machine. Book Final.pdf
  2. ഇ.എം.എസ്, നമ്പൂതിരിപ്പാട് (2008). ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998. ചിന്ത പബ്ലിഷേഴ്സ്. p. 139-140. ISBN 81-262-0522-9.
  3. "കേരളത്തിലെ ആദ്യ മന്ത്രിസഭ". കേരളസർക്കാർ. Archived from the original on 2013-11-01. Retrieved 01-നവംബർ-2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  4. പി., രാജീവ്(എഡിറ്റർ). 1957 ഇ.എം.എസ്സ് മന്ത്രിസഭ ചരിത്രവും രാഷ്ട്രീയവും. ചിന്ത പബ്ലിഷേഴ്സ്. p. 17. ISBN 81-262-0199-1.
  5. "ഒന്നാം കേരളനിയമസഭ". കേരള സർക്കാർ. Archived from the original on 2013-12-01. Retrieved 01-നവംബർ-2013. {{cite web}}: Check date values in: |accessdate= (help)
  6. കെ.എൻ, പണിക്കർ. 1957 ഇ.എം.എസ്സ് മന്ത്രിസഭ ചരിത്രവും രാഷ്ട്രീയവും. ചിന്ത പബ്ലിഷേഴ്സ്. p. 25. ISBN 81-262-0199-1.
  7. "രാജഭരണത്തിൽ നിന്നും ജനാധിപത്യത്തിലേക്ക്". ഡച്ച് ഇൻ കേരള പോർട്ടൽ. Archived from the original on 2013-11-06. Retrieved 06-നവംബർ-2013. {{cite web}}: Check date values in: |accessdate= (help)
  8. "കുടിയൊഴിപ്പിക്കൽ നിരോധനം". കേരള സർക്കാർ. Archived from the original on 2014-04-15. Retrieved 06-നവംബർ-2013. 1957 ലെ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് {{cite web}}: Check date values in: |accessdate= (help)
  9. പി., രാധാകൃഷ്ണൻ (1989). പെസന്റ് സ്ട്രഗ്ഗിൾസ്, ലാന്റ് റീഫോംസ് ആന്റ് സോഷ്യൽ ചേഞ്ച് മലബാർ 1836-1982. കൂപ്പർജാൽ-ഇംഗ്ലണ്ട്. p. 71. ISBN 1-906083-16-9.
  10. "ദ കേരള സ്റ്റേ ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്സ് ഓർഡിനൻസ്". കേരള നിയമസഭ. Archived from the original on 2013-11-07. Retrieved 07-നവംബർ-2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  11. "വിദ്യാഭ്യാസ ബിൽ അവതരിപ്പിച്ചുകൊണ്ട് മുണ്ടശ്ശേരി നിയമസഭയിൽ ചെയ്ത പ്രസംഗം" (PDF). കേരള സർക്കാർ. Archived from the original (PDF) on 2011-09-20. Retrieved 04-നവംബർ-2013. {{cite web}}: Check date values in: |accessdate= (help)
  12. "1957ലെ വിദ്യാഭ്യാസബിൽ പ്രധാന ലക്ഷ്യങ്ങൾ". കേരള സർക്കാർ. Archived from the original on 2012-07-15. Retrieved 04-നവംബർ-2013. {{cite web}}: Check date values in: |accessdate= (help)
  13. "വിദ്യാഭ്യാസ സ്ഥാപനങ്ങൾ നന്നാക്കാൻ-വിദ്യാഭ്യാസ ബില്ലിലെ പ്രധാന വ്യവസ്ഥകൾ" (PDF). കേരള സർക്കാർ. Archived from the original (PDF) on 2015-05-11. Retrieved 05-നവംബർ-2013. വിദ്യാഭ്യാസബില്ലിനെക്കുറിച്ച് നവയുഗം ആഴ്ചപ്പതിപ്പിൽ വന്ന ലേഖനം {{cite web}}: Check date values in: |accessdate= (help)
  14. "1957ലെ ഭൂപരിഷ്കരണ നിയമം" (PDF). കേരള സർക്കാർ. Archived from the original (PDF) on 2014-05-05. Retrieved 04-നവംബർ-2013. {{cite web}}: Check date values in: |accessdate= (help)
  15. "കാർഷിക ബന്ധബിൽ അവതരണ വേളയിൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് കെ.പി.ആർ ഗോപാലൻ നടത്തിയ പ്രസംഗം" (PDF). കേരള നിയമസഭ. Archived from the original (PDF) on 2015-05-25. Retrieved 05-നവംബർ-2013. {{cite web}}: Check date values in: |accessdate= (help)
  16. "1957ലെ വ്യവസായ നയം" (PDF). കേരള സർക്കാർ. p. 8. Archived from the original (PDF) on 2015-05-25. Retrieved 06-നവംബർ-2013. തൊഴിലാളി യൂണിയനുകളെ സംബന്ധിച്ചുള്ള പരാമർശം {{cite web}}: Check date values in: |accessdate= (help)
  17. "1957ലെ സർക്കാരിന്റെ വ്യവസായ നയം" (PDF). കേരള സർക്കാർ. Archived from the original (PDF) on 2015-05-25. Retrieved 06-നവംബർ-2013. വ്യവസായ നയത്തെക്കുറിച്ച് നവയുഗം ആഴ്ചപ്പതിപ്പിൽ വന്ന ലേഖനം {{cite web}}: Check date values in: |accessdate= (help)
  18. ഇ.എം.എസ്സിന്റെ സമ്പൂർണ്ണ കൃതികൾ, സഞ്ചിക -22
  19. ഡോ.തോമസ്, ഐസക്. 1957 ഇ.എം.എസ്സ് മന്ത്രിസഭ ചരിത്രവും രാഷ്ട്രീയവും. ചിന്ത പബ്ലിഷേഴ്സ്. p. 83. ISBN 81-262-0199-1. അധികാര വികേന്ദ്രീകരണത്തിന്റെ തുടക്കം
  20. ഗോവിന്ദ്, പാറായിൽ (എഡിറ്റർ) (2000). കേരള ദ ഡവലപ്പ്മെന്റ് എക്സ്പീരിയൻസ്, റിഫ്ലക്ഷൻസ് ഓഫ് സസ്റ്റെയിനബിലിറ്റി ആന്റ് റിപ്പ്ലിക്കബിലിറ്റി. സെഡ് ബുക്സ്. p. 240. ISBN 978-1856497275.
  21. ഡോ.ബി., ഇക്ബാൽ. 1957 ഇ.എം.എസ്സ് മന്ത്രിസഭ ചരിത്രവും രാഷ്ട്രീയവും. ചിന്ത പബ്ലിഷേഴ്സ്. p. 143. ISBN 81-262-0199-1. കേരളത്തിലെ ആരോഗ്യരംഗം-1957
  22. "കോഴിക്കോട് മെഡിക്കൽ കോളേജ്". കോഴിക്കോട് മെഡിക്കൽ കോളേജ്. Archived from the original on 2013-11-06. Retrieved 06-നവംബർ-2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  23. ഡോ.ബി., ഇക്ബാൽ. 1957 ഇ.എം.എസ്സ് മന്ത്രിസഭ ചരിത്രവും രാഷ്ട്രീയവും. ചിന്ത പബ്ലിഷേഴ്സ്. p. 142. ISBN 81-262-0199-1. കേരളത്തിലെ പൊതുവിതരണ സമ്പ്രദായം-1957
  24. ഡോ.പി.കെ.മൈക്കിൾ, തരകൻ. "1957 ലെ വിദ്യാഭ്യാസബിൽ ചരിത്ര പശ്ചാത്തലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം" (PDF). കേരള സർക്കാർ. p. 8. Archived from the original (PDF) on 2016-03-05. Retrieved 05-നവംബർ-2013. {{cite web}}: Check date values in: |accessdate= (help)
  25. എം.പി., വീരേന്ദ്രകുമാർ. "മാതൃഭൂമിക്കിത് ധന്യമുഹൂർത്തം". മാതൃഭൂമി. Archived from the original on 2013-05-22. Retrieved 22 മെയ് 2013. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  26. ടി.എം.തോമസ്സ്, ഐസക്ക് (2008). വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ. ചിന്താ പബ്ലിഷേഴ്സ്.
  27. ചെറിയാൻ ഫിലിപ്പ്. കാൽ നൂറ്റാണ്ട്. നാഷണൽ ബുക്സ്റ്റാൾ. {{cite book}}: Cite has empty unknown parameter: |1= (help)
  28. "ജവഹർലാൽ നെഹ്രുവിന്റെ ജീവചരിത്രം". ന്യൂയോർക്ക് സർവ്വകലാശാല. Archived from the original on 2011-04-11. Retrieved 2013-11-08. കേരളത്തിലെ ഇടതുപക്ഷ സർക്കാരും, കേന്ദ്രവും
  29. Congressmen believed that Nehru would not have been persuaded but for Indira's influence"തന്റെ സർക്കാരിനെ താഴെയിറക്കിയതിൽ മുഖ്യപങ്കുവഹിച്ചത് ഇന്ദിരയാണെന്ന്, ഇ.എം.എസ്സ് വിശ്വസിച്ചിരുന്നു. ഇന്ദിരാ ഗാന്ധിയുടെ പ്രേരണയില്ലാതെ നെഹ്രു ഇതിനു സമ്മതിക്കുമായിരുന്നില്ലെന്ന് കോൺഗ്രസ്സുകാർ കരുതി" - എം.ജെ.അക്ബർ, നെഹ്രു: ദ മേക്കിങ്ങ് ഓഫ് ഇന്ത്യ (പുറം 529)
  30. ബർലിൻ, കുഞ്ഞനന്തൻനായർ (2011). പൊളിച്ചെഴുത്ത്. മാതൃഭൂമി ബുക്സ്. ISBN 81-8264-189-6. Archived from the original on 2013-11-10. Retrieved 2013-11-08. ഇന്ദിരാഗാന്ധിയുടെ സമ്മർദ്ദത്തിനു മുന്നിൽ തീരെ ഇഷ്ടമില്ലാഞ്ഞിട്ടും നെഹ്രു വഴങ്ങുന്നു
  31. "ഭരണഘടനയിലെ 356 ആം വകുപ്പ്". ഇന്ത്യൻ കാനൂൻ. Archived from the original on 2013-11-01. Retrieved 2013-11-01.{{cite news}}: CS1 maint: bot: original URL status unknown (link)