അനങ്ങനടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ അനങ്ങനടി ഗ്രാമപഞ്ചായത്ത് . 1961-ലാണ് അനങ്ങനടി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. എന്നാൽ 15 വാർഡുകളുള്ള പഞ്ചായത്ത് പൂർണ്ണമായ ജനാധിപത്യരീതിയിൽ പ്രവർത്തനമാരംഭിക്കുന്നത് 1963-ലെ തിരഞ്ഞെടുപ്പിന് ശേഷമാണ്. പ്രസിദ്ധമായ അനങ്ങൻ മലയുടെ അടിവാരത്തുള്ള സ്ഥലം എന്ന അർത്ഥത്തിലാണ് ഈ പഞ്ചായത്തിന് അനങ്ങനടി എന്ന പേരുവന്നത്. പനമണ്ണ[[1]]യാണ് ഈ പഞ്ചായത്തിന്റെ ആസ്ഥാനം. 20.78 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള അനങ്ങനടി പഞ്ചായത്തുമായി, ചളവറ, തൃക്കടീരി, അമ്പലപ്പാറ, വാണിയംകുളം എന്നീ പഞ്ചായത്തുകളും, ഒറ്റപ്പാലം നഗരസഭയും അതിർത്തി പങ്കിടുന്നു.പരിസ്ഥിതി പ്രേമികളേയും വിനോദസഞ്ചാരികളെയും ആകർഷിച്ചു വരുന്ന പ്രദേശമാണ് പഞ്ചായത്തിലെ അനങ്ങൻ മല. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന അനങ്ങനടി പഞ്ചായത്തിനെ ഉയർന്ന കുന്നിൻപുറങ്ങൾ, ചെരിവുപ്രദേശങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ, നെൽപ്പാടങ്ങൾ എന്നിങ്ങനെ നാലായി തിരിക്കാം. അനങ്ങൻ മല, പക്കിമല, രണ്ടുമലക്കാട്, നിലവറക്കാട്, ആറുകാട് എന്നിവ പഞ്ചായത്തിലെ ചില കുന്നുകളാണ്. കുന്നിൻ പുറങ്ങളിൽ നിന്ന് താഴേക്ക് ചെരിഞ്ഞ പ്രദേശങ്ങളിൽ മിക്കതും തട്ടുകളായി തിരിച്ച് ജനങ്ങൾ കൃഷിയോഗ്യമാക്കിയിട്ടുണ്ട്. ലാറ്ററൈറ്റ് കലർന്ന ഫലഭൂയിഷ്ഠമായ മണ്ണാണ് പഞ്ചായത്തിൽ പൊതുവേ കാണപ്പെടുന്നത്.നെൽകൃഷിയാണ് പ്രധാന വിള എങ്കിലും  തെങ്ങ്, വാഴ, മരച്ചീനി, റബ്ബർ തുടങ്ങിയവയാണ് മറ്റു പ്രധാന കൃഷിയിനങ്ങൾ.പഞ്ചായത്തിന്റെ കാർഷികാവശ്യങ്ങൾക്കുള്ള ജലലഭ്യത ഉറപ്പുവരുത്തുന്നത് കാഞ്ഞിരപ്പുഴ കനാലാണ്.നെല്ലുകുത്ത് മില്ല്, എണ്ണമില്ല്, മരമില്ല്, പായ, ചെരിപ്പ് എന്നിവയുടെ നിർമ്മാണം തുടങ്ങിയ ചെറുകിട വ്യവസായ സംരംഭങ്ങൾ ദീർഘനാളുകളായി പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്നു. ഈ രംഗത്ത് ആധുനിക വ്യവസായമെന്ന നിലയിൽ പരാമർശിക്കാവുന്ന ഒന്നാണ് സർജിക്കൽ ഉപകരണങ്ങളുടെ നിർമ്മാണ യൂണിറ്റ്. ഗാർമെന്റ്സ്, കുടനിർമ്മാണം, കളിമൺപാത്ര നിർമ്മാണം, കൊട്ട, വട്ടി, പനമ്പ്, കത്തി, അമ്മി, മടവാൾ, ആട്ടുകല്ല്, പായ, പപ്പടം തുടങ്ങിയ ഗാർഹിക ഉത്പന്നങ്ങളുടെ നിർമ്മാണമാണ് ചെറുകിട പരമ്പരാഗത വ്യവസായത്തിൽ മുഖ്യം.പഞ്ചായത്തിലെ വൈദ്യുതി ബോർഡ് ഓഫീസും, പോസ്റ്റ് ഓഫീസും കോതകുർശ്ശിയിലും ടെലിഫോൺ എക്സ്ചേഞ്ച് പനമണ്ണയിലും സ്ഥിതി ചെയ്യുന്നു. ആരോഗ്യമേഖലയിൽ അലോപ്പതി, ആയുർവ്വേദം, ഹോമിയോ എന്നീ വിഭാഗങ്ങളിലായി മൂന്നു ആശുപത്രികൾ പഞ്ചായത്തിലുണ്ട്. പത്തംകുളത്താണ് കൃഷിഭവനും കാർഷികവിത്തുൽപ്പാദനകേന്ദ്രവും സ്ഥിതി ചെയ്യുന്നത്.പഞ്ചായത്തിലെ പ്രധാന ഗതാഗതമാർഗ്ഗം റോഡുകളാണ്. പനമണ്ണ അമ്പലവട്ടം റോഡ്, വട്ടപറമ്പ് റോഡ്,പത്തകുളം കോളനിറോഡ് തുടങ്ങിയവയാണ് പ്രധാന റോഡുകൾ.ഒറ്റപ്പാലത്തും ചെർപ്പുളശ്ശേരിയിലുമാണ് ബസ് സ്റ്റാന്റുകളുള്ളത്.പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രം കോതകുർശ്ശിയിലാണ്.

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]