രാമചന്ദ്രബാബു
രാമചന്ദ്രബാബു | |
---|---|
ജനനം | കെ രാമചന്ദ്രബാബു ഡിസംബർ 15, 1947 |
മരണം | 21 ഡിസംബർ 2019 | (പ്രായം 72)
ദേശീയത | ഇന്ത്യൻ |
കലാലയം | ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂന |
തൊഴിൽ | ചലച്ചിത്ര ഛായാഗ്രാഹകൻ |
സജീവ കാലം | 1971–2019 |
സ്ഥാനപ്പേര് | ഐ.എസ്.സി. |
ജീവിതപങ്കാളി(കൾ) | കെ. ലതികാറാണി |
കുട്ടികൾ | അഭിഷേക് ആർ. ബാബു അഭിലാഷ് ആർ. ബാബു |
മാതാപിതാക്ക(ൾ) | കെ.പി. കുഞ്ഞൻ പിള്ള പി.കെ പത്മിനി |
ബന്ധുക്കൾ | രവി. കെ. ചന്ദ്രൻ |
പുരസ്കാരങ്ങൾ | കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം – 4 തവണ |
വെബ്സൈറ്റ് | www |
മലയാളചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനായിരുന്നു കെ. രാമചന്ദ്രബാബു. 125-ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ച അദ്ദേഹം തമിഴ്, തെലുഗു, ഹിന്ദി, അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.[1] നിരവധി ഡോക്യുമെന്ററികളുടെയും പരസ്യചിത്രങ്ങളുടെയും ഛായാഗ്രഹണവും നിർവ്വഹിച്ച അദ്ദേഹത്തിന് നാലു തവണ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്. 2019 ഡിസംബർ 21-ന് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.
ജീവിതരേഖ
[തിരുത്തുക]തമിഴ് നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിലെ മധുരാന്തകത്തിൽ 1947 ഡിസംബർ 15-നാണ് കെ.പി. കുഞ്ഞൻ പിള്ള-പി.കെ പത്മിനിദമ്പതികളുടെ പുത്രനായി രാമചന്ദ്രബാബു ജനിച്ചത്. ലതികാറാണി ആണ് ഭാര്യ, സോഫ്റ്റ് വെയർ എഞ്ചിനീർ മാരായ അഭിഷേക്, അഭിലാഷ് എന്നിവർ മക്കളാണ്. പ്രശസ്ത ഛായാഗ്രാഹകൻ രവി. കെ. ചന്ദ്രൻ സഹോദരനാണ്. അഡ്വ. രാജേന്ദ്രബാബു,(ചെന്നൈ), ശശിധരൻ, യതീന്ദ്രസ്റ്റാലിൻ,ഇന്ദ്രാ സുകുമാരൻ, ചന്ദ്രകല ആർ എസ് കുമാർ, അരുൺ കുമാർ എന്നിവർ കൂടപ്പിറപ്പുകളാണ്.[2] 1966-ൽ മദ്രാസ് ലൊയോള കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഛായാഗ്രഹണം പഠിക്കുന്നതിനായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോയി. അവിടെവച്ച് പിൽക്കാലത്ത് സംവിധായകരായി മാറിയ ബാലു മഹേന്ദ്ര, ജോൺ എബ്രഹാം, കെ.ജി. ജോർജ്ജ് എന്നിവരുമായി അദ്ദേഹം സൗഹൃദത്തിലായി.[3] 1971-ൽ ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി.
കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ 1972-ൽ പുറത്തിറങ്ങിയ വിദ്യാർത്ഥികളേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു.[4] ജോൺ എബ്രഹാമിന്റെയും തിരക്കഥാകൃത്തായ എം. ആസാദിന്റെയും ആദ്യചിത്രം കൂടിയായിരുന്നു അത്. നിർമ്മാല്യം (1973), സ്വപ്നാടനം (1976) എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചതോടെ അദ്ദേഹം ചലച്ചിത്രരംഗത്ത് ഛായാഗ്രാഹകനായി ശ്രദ്ധിക്കപ്പെട്ടു. യഥാക്രമം എം.ടി. വാസുദേവൻ നായർ, കെ.ജി. ജോർജ്ജ് എന്നിവരുടെ ആദ്യ സംവിധാനസംരംഭങ്ങളായിരുന്നു ഇവ.
രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ ദ്വീപ് ആണ് രാമചന്ദ്രബാബുവിന്റെ ആദ്യ ബഹുവർണ്ണചിത്രം (ഈസ്റ്റ്മാൻ കളർ). ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹനകനുള്ള ആദ്യ സംസ്ഥാന ചലച്ചിത്രപുരസ്കാരം അദ്ദേഹം നേടി. ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം (1978), ചാമരം (1980), ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെ മൂന്നു തവണ കൂടി സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
ഛായാഗ്രഹണത്തിലെ സാങ്കേതിക പുരോഗതികൾ മലയാളസിനിമയിലേക്കു കൊണ്ടുവരുന്നതിൽ രാമചന്ദ്രബാബു ഒരു മുഖ്യപങ്കു വഹിച്ചു. ദക്ഷിണേന്ത്യയിൽ ചിത്രീകരിച്ച ആദ്യ സിനിമാസ്കോപ് ചലച്ചിത്രമായ അലാവുദീനും അത്ഭുതവിളക്കും (1979) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് രാമചന്ദ്രബാബുവാണ്. ഐ.വി. ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കമലഹാസൻ, രജനികാന്ത്, ജയഭാരതി തുടങ്ങിയ പ്രമുഖതാരങ്ങൾ അഭിനയിച്ചുവെങ്കിലും ചിത്രത്തിന്റെ റിലീസ് വൈകി. മറ്റൊരു സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു (1978) അതിനേക്കാൾ മുൻപ് പുറത്തിറങ്ങുകയും ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്കോപ് ചിത്രമെന്ന ഖ്യാതി പ്രസ്തുത ചിത്രം സ്വന്തമാക്കുകയും ചെയ്തു.[4][5] മലയാളത്തിലെ ആദ്യ 70mm ചലച്ചിത്രമായ പടയോട്ടത്തിന്റെ (1982) ഛായാഗ്രാഹകനും രാമചന്ദ്രബാബുവാണ്. തച്ചോളി അമ്പുവിന്റെ നിർമ്മാതാക്കളായ നവോദയ നിർമ്മിച്ച് ജിജോ പുന്നൂസ് സംവിധാനം ചെയ്ത ഈ ചിത്രം സിനിമാസ്കോപ്പിൽ ചിത്രീകരിച്ച ശേഷം സാങ്കേതികവിദ്യയുടെ സഹായത്താൽ 70mm-ലേക്ക് മാറ്റുകയായിരുന്നു.[6]
ചലച്ചിത്രങ്ങൾ
[തിരുത്തുക]- പുറത്തിറങ്ങാത്ത ചലച്ചിത്രങ്ങൾ
- കാതൽ വിടുതലൈ (തമിഴ്) – സംവിധാനം: ജയകുമാർ
- പുതിയ സ്വരങ്ങൾ (തമിഴ്) – സംവിധാനം: വിജയൻ
- പുതുമഴത്തുള്ളികൾ (മലയാളം) – സംവിധാനം: രാഘവൻ
- കവാടം (മലയാളം) – സംവിധാനം: കെ.ആർ. ജോഷി
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം
- 1976 – ദ്വീപ്
- 1978 – രതിനിർവേദം
- 1980 – ചാമരം
- 1989 – ഒരു വടക്കൻ വീരഗാഥ
- കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം
- സിനിമാ മാസിക പുരസ്കാരം (1973) – നിർമ്മാല്യം
- രംഗം മാസിക പുരസ്കാരം (1977) – ഇതാ ഇവിടെ വരെ
- ഫിലിം ഫാൻസ് അസോസിയേഷൻ പുരസ്കാരം (1981) – യവനിക
- നാന സിനിമാ വാരിക പുരസ്കാരം (1982) – യവനിക
- ഫിലിം ആർട്ട്സ് ക്ലബ് കൊച്ചിൻ പുരസ്കാരം
- 1989 – ഒരു വടക്കൻ വീരഗാഥ
- 1993 – ഗസൽ
- ജോൺസൺസ് ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം (1998) – കന്മദം
- എസ്.ഐ.സി.എ. ആജീവനാന്ത പുരസ്കാരം (2008)
- കലാകേരളം പുരസ്കാരം (2008)
- വയലാർ സാംസ്കാരിക വേദി പുരസ്കാരം (2010) – യുഗപുരുഷൻ
വഹിച്ച സ്ഥാനങ്ങൾ
[തിരുത്തുക]- ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ – 1997 അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ)
- ടെക്നിക്കൽ കമ്മിറ്റി അംഗം – 1999 അന്തർദേശീയ ചലച്ചിത്രോത്സവം (കേരളം)
- ജൂറി – കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാര കമ്മിറ്റി 1998
- ജൂറി – പത്മരാജൻ ചലച്ചിത്രപുരസ്കാര കമ്മിറ്റി 1998
- ജൂറി – ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാര കമ്മിറ്റി 2002
- ജൂറി – ജോൺ എബ്രഹാം ചലച്ചിത്രപുരസ്കാര കമ്മിറ്റി 2003
- റിസോഴ്സ് പേഴ്സൺ – മാക്റ്റ ചലച്ചിത്ര കളരി
- ജൂറി – എസ്.ഐ.സി.എ. പുരസ്കാരങ്ങൾ 2002
- എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം – 2003 കേരള ചലച്ചിത്ര അക്കാദമി
- ജൂറി – അരവിന്ദൻ പുരസ്കാരം 2004
- ജൂറി – മാതൃഭൂമി ചലച്ചിത്രപുരസ്കാരങ്ങൾ 2003
- ജൂറി – എസ്.ഐ.സി.എ. പുരസ്കാരങ്ങൾ 2006
- ജൂറി – ജെ.സി. ദാനിയേൽ പുരസ്കാരം 2009
- പ്രസിഡന്റ് – ഇന്ത്യൻ സൊസൈറ്റി ഓഫ് സിനിമാറ്റോഗ്രാഫേഴ്സ്
- വൈസ് ചെയർമാൻ – മാക്റ്റ
- ജനറൽ സെക്രട്ടറി – മാക്റ്റ
- പ്രസിഡന്റ് – മാക്റ്റ സിനിമാറ്റോഗ്രാഫേഴ്സ് യൂണിയൻ
- വൈസ് പ്രസിഡന്റ് – മാക്റ്റ ഫെഡറേഷൻ
- പ്രസിഡന്റ് – മാക്റ്റ ഫെഡറേഷൻ
ചിത്രശാല
[തിരുത്തുക]-
രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ബിയോണ്ട് ദ സോൾ എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആരിഫ്ലെക്സ് 535 ബി ക്യാമറയുമായി രാമചന്ദ്രബാബു.
-
തങ്ങളുടെ ആദ്യചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ച രാമചന്ദ്രബാബുവിനൊപ്പം മമ്മൂട്ടിയും സൈജു കുറുപ്പും.
അവലംബം
[തിരുത്തുക]- ↑ ഔദ്യോഗിക ബയോഡേറ്റ
- ↑ മാതൃഭൂമി പേജ്.1.2019 ഡിസംബർ 22
- ↑ Remembering Film Institute Days: Friends from Kerala
- ↑ 4.0 4.1 കെ.ബി. വേണുവുമായുള്ള അഭിമുഖം
- ↑ http://www.filmiparadise.com/navodaya-studio_proflile.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "70mm Film in India". Archived from the original on 2019-12-22. Retrieved 2013-02-02.