കെ.ജി. ജോർജ്ജ്
കെ.ജി ജോർജ് | |
---|---|
ജനനം | 1945 മെയ് 24 |
മരണം | സെപ്റ്റംബർ 24, 2023[1] വയോജന കേന്ദ്രം,കാക്കനാട്. | (പ്രായം 78)
തൊഴിൽ | ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 1970-കൾ മുതൽ 90-കൾ വരെ |
ജീവിതപങ്കാളി(കൾ) | സൽമാ ജോർജ്ജ് |
കുട്ടികൾ | താര, അരുൺ |
മലയാളചലച്ചിത്രവേദിയിലെ പ്രശസ്തനായ സംവിധായകനായിരുന്നു കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്നറിയപ്പെടുന്ന കെ. ജി.ജോർജ്.(1945-2023). വ്യത്യസ്തമായ പ്രമേയത്തിലൂന്നിയ അദ്ദേഹത്തിന്റെ ഒട്ടു മിക്ക ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയവയാണ്.[2] ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിൻ്റെ ചലച്ചിത്ര പ്രതിഭയെ സൂചിപ്പിക്കുന്നു. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2023 സെപ്റ്റംബർ 24ന് രാവിലെ 11:00 മണിക്ക് അന്തരിച്ചു. ഉൾക്കടൽ, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിൻ്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, മറ്റൊരാൾ എന്നിവയാണ് കെ.ജി. ജോർജിൻ്റെ പ്രധാന സിനിമകൾ.[3][4][5]
ജീവിതരേഖ
[തിരുത്തുക]പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ കുളക്കാട്ടിൽ വീട്ടിൽ സാമുവേലിൻ്റെയും അന്നമ്മയുടെയും മകനായി 1945 മെയ് 24ന് കെ.ജി. ജോർജ്ജ് ജനിച്ചു. തിരുവല്ല എസ്.ഡി.സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവല്ല എൻ.എസ്.എസ്. കോളേജിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം നേടി. പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്ര സംവിധാനത്തിൽ പഠനം പൂർത്തിയാക്കി. കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്നായിരുന്നു അദ്ദേഹത്തിൻറെ ശരിയായ പേര്. സിനിമയിൽ സജീവമായപ്പോൾ കെ.ജി.ജോർജ് എന്ന പേരിലറിയപ്പെട്ടു.
1968-ൽ കേരള സർവ്വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിൻറെ സഹായിയായി മൂന്നു വർഷത്തോളം ജോലി ചെയ്തു.
1973-ൽ റിലീസായ നെല്ല് എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിച്ചുകൊണ്ട് സിനിമയിലെത്തിയ ജോർജ് ആദ്യമായി സംവിധാനം ചെയ്തത് 1976-ൽ റിലീസായ സ്വപ്നാടനം എന്ന സിനിമയാണ്. സ്വപ്നാടനം എന്ന സിനിമയ്ക്ക് മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഈ സിനിമയിലെ തിരക്കഥയ്ക്ക് കെ.ജി.ജോർജിനും പമ്മനും അവാർഡും ലഭിച്ചു. 1992-ൽ റിലീസായ മഹാനഗരം എന്ന സിനിമയാണ് ഇദ്ദേഹം നിർമ്മിച്ച ഏക സിനിമ. 1998-ൽ റിലീസായ ഇലവങ്കോട് ദേശം എന്ന സിനിമയാണ് ജോർജ് അവസാനമായി സംവിധാനം നിർവ്വഹിച്ച സിനിമ.[6]
2000-ൽ ദേശീയ ഫിലിം ജൂറി അവാർഡ് അംഗമായും 2003-ൽ സംസ്ഥാന ചലച്ചിത്ര ജൂറി അധ്യക്ഷനായും 2006 മുതൽ 2011 വരെ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായും പ്രവർത്തിച്ച ജോർജിന് 2016-ൽ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചു.
സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ അവലംബമാക്കിയാണ് അദ്ദേഹം സിനിമകൾ ചെയ്തത്. 1970-കൾ മുതൽ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരിൽ ഒരാളായാണ് ജോർജ് കണക്കാക്കപ്പെടുന്നത്.
സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കോലങ്ങൾ, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ എന്നിവയാണ് അദ്ദേഹത്തിൻറെ ശ്രദ്ധേയമായ ചിത്രങ്ങൾ.
കഥ എഴുതിയ സിനിമകൾ
- ഇലവങ്കോട് ദേശം - 1998
- ഈ കണ്ണി കൂടി - 1990
- കഥയ്ക്ക് പിന്നിൽ - 1987
- ഇരകൾ - 1985
- ആദാമിൻ്റെ വാരിയെല്ല് - 1984
- ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് - 1983
- യവനിക - 1982
- മേള - 1980[7]
ആത്മകഥ
- ഫ്ലാഷ്ബാക്ക് : എൻ്റെയും സിനിമയുടേയും
സ്വകാര്യ ജീവിതം
[തിരുത്തുക]പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സൽമയാണ് ഭാര്യ. ഉൾക്കടൽ എന്ന ചിത്രത്തിലെ "ശരദിന്ദു മലർദീപ നാളം നീട്ടി..." എന്ന ഗാനം ആലപിച്ചത് സൽമയാണ്. 1977-ലായിരുന്നു ഇവരുടെ വിവാഹം.
- മക്കൾ :
- അരുൺ (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ-പനാഷെ അക്കാദമി, ഗോവ)
- താര (ഖത്തർ എയർവേയ്സ്, ദോഹ)
മരണം
[തിരുത്തുക]വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2017 മുതൽ കാക്കനാട് സിഗ്നേച്ചർ ഏജ് കെയർ സെൻ്ററിലെ അന്തേവാസിയായിരുന്നു അദ്ദേഹം.[8] 78-മത്തെ വയസിൽ 2023 സെപ്റ്റംബർ 24ന് രാവിലെ 11 മണിക്ക് അന്തരിച്ചു. സെപ്റ്റംബർ 26ന് വൈകിട്ട് നാലര മണിയോടെ രവിപുരം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.[9][10][11][12]
പുരസ്കാരങ്ങൾ
[തിരുത്തുക]- സ്വപ്നാടനം - മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്ക് 1975-ൽ സംസ്ഥാന പുരസ്കാരം.
- രാപ്പാടികളുടെ ഗാഥ - 1978-ൽ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം.
- യവനിക - മികച്ച ചിത്രം, കഥ എന്നിവയ്ക്ക് 1982—ൽ സംസ്ഥാന പുരസ്കാരം.
- ആദാമിന്റെ വാരിയെല്ല് - മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1983—ൽ സംസ്ഥാന പുരസ്കാരം.
- ഇരകൾ - മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1985—ൽ സംസ്ഥാന പുരസ്കാരം.
ചലച്ചിത്രങ്ങൾ
[തിരുത്തുക]സിനിമ | വർഷം | പ്രവർത്തിച്ച വിഭാഗങ്ങൾ | ||||||||
---|---|---|---|---|---|---|---|---|---|---|
സംവിധാനം | കഥ | തിരക്കഥ | സംഭാഷണം | നിർമ്മാണം | അസിസ്റ്റന്റ് സംവിധായകൻ | അസോസിയേറ്റ് സംവിധായകൻ | നടൻ | ഡബ്ബിംഗ് | ||
മായ | 1972 | അതെ | ||||||||
നെല്ല് | 1974 | അതെ | അതെ | |||||||
സ്വപ്നാടനം | 1976 | അതെ | അതെ | അതെ | ||||||
വ്യാമോഹം | 1978 | അതെ | അതെ | അതെ | ||||||
രാപ്പാടികളുടെ ഗാഥ | 1978 | അതെ | ||||||||
ഇനി അവൾ ഉറങ്ങട്ടെ | 1978 | അതെ | അതെ | അതെ | ||||||
ഓണപ്പുടവ | 1978 | അതെ | ||||||||
മണ്ണ് | 1978 | അതെ | ||||||||
ഉൾക്കടൽ | 1979 | അതെ | അതെ | |||||||
മേള | 1980 | അതെ | അതെ | അതെ | അതെ | |||||
കോലങ്ങൾ | 1981 | അതെ | അതെ | അതെ | ||||||
യവനിക | 1982 | അതെ | അതെ | അതെ | ||||||
ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് | 1983 | അതെ | അതെ | അതെ | ||||||
ആദാമിന്റെ വാരിയെല്ല് | 1984 | അതെ | അതെ | അതെ | അതെ | അതെ | ||||
പഞ്ചവടിപ്പാലം | 1984 | അതെ | അതെ | |||||||
ഇരകൾ | 1985 | അതെ | അതെ | അതെ | അതെ | |||||
കഥയ്ക്കു പിന്നിൽ | 1987 | അതെ | അതെ | |||||||
മറ്റൊരാൾ | 1988 | അതെ | അതെ | അതെ | ||||||
ഒരു യാത്രയുടെ അന്ത്യം | 1989 | അതെ | അതെ | അതെ | ||||||
ഈ കണ്ണി കൂടി | 1990 | അതെ | അതെ | അതെ | അതെ | |||||
മഹാനഗരം | 1992 | അതെ | ||||||||
ഇലവങ്കോട് ദേശം | 1998 | അതെ | അതെ | അതെ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കെ.ജി. ജോർജ്ജ്
- മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് (M3DB)ൽ നിന്ന് കെ.ജി ജോർജ്ജ്
- Cinema Of malayalam Archived 2009-04-14 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ പ്രശസ്ത സംവിധായകൻ കെ.ജി.ജോർജ് അന്തരിച്ചു,മാധ്യമം
- ↑ ഇനി ഓർമകളുടെ യവനികയിൽ
- ↑ പ്രശസ്ത സംവിധായകൻ കെ.ജി.ജോർജ് അന്തരിച്ചു, മനോരമ ഓൺലൈൻ
- ↑ കെ.ജി.ജോർജിന് വിട
- ↑ കാലത്തിന് മുൻപെ നടന്ന സിനിമകൾ, കെ.ജി.ജോർജ്
- ↑ കെ.ജി.ജോർജിൻ്റെ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ
- ↑ എൻ്റെ ജോൺ, ലഹരിയിൽ സ്ഥാപിച്ചതായിരുന്നു ഞങ്ങളുടെ സൗഹൃദം
- ↑ സിഗ്നേച്ചർ ഏജ്ഡ് കെയർ സെൻ്ററിലെ കെ.ജി.ജോർജ്
- ↑ കെ.ജി.ജോർജിന് യാത്രാമൊഴിയേകി സാംസ്കാരിക കേരളം
- ↑ "പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു" (in ഇംഗ്ലീഷ്). 2023-09-24. Retrieved 2023-09-24.
- ↑ "സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു". Samayam. 24 September 2023. Retrieved 24 September 2023.
- ↑ "Veteran Malayalam film director KG George dies at 77" (in ഇംഗ്ലീഷ്). 2023-09-24. Retrieved 2023-09-24.