ജരിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഹാഭാരതത്തിൽ പറയുന്ന പെൺകിളിയായ ഒരു സാരംഗപക്ഷിയാണ് ജരിത. ജരിതയുടെ കൂട്ട് ആൺപക്ഷിയായിരുന്ന മന്ദപാലനായിരുന്നു. ഇവർക്ക് നാലു കുഞ്ഞുങ്ങൾ ഉണ്ടായിരുന്നതായി മഹാഭാരതത്തിൽ ഖാണ്ഡവദഹന സർഗ്ഗത്തിൽ വർണ്ണിച്ചിരിക്കുന്നു. ജരിത ഖാണ്ഡവന പ്രദേശത്ത് ഒരു മരത്തിലെ കൂട്ടിൽ അവളുടെ നാലുമക്കളുമായി വസിച്ചിരുന്നു. ആൺകിളിയായ മന്ദപാലൻ മറ്റൊരു പെൺകിളിയായ ലപിതയോടൊപ്പം വിളയാടിക്കളിച്ചുകൊണ്ട് വനത്തിൽ മറ്റൊരിടത്ത് സുഖമായി കഴിഞ്ഞിരുന്നു. അർജ്ജുനൻ ശ്രീകൃഷണനുമൊന്നിച്ച് ഖാണ്ഡവപ്രസ്ഥം അഗ്നിദേവനു ഭക്ഷണമായി കൊടുത്തു. ആ കാട്ടുതീയിൽനിന്നും രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ ഈ സാരംഗപ്പക്ഷിയും അവളുടെ കുഞ്ഞുങ്ങളൂം ഉൾപ്പെടുന്നു. തക്ഷകൻ പേരുള്ള സർപ്പവും രക്ഷപെട്ടതായി മഹാഭാരതത്തിൽ പറയുന്നുണ്ട്.[1]

കഥ[തിരുത്തുക]

ഖാണ്ഡവന പ്രദേശത്ത് ഒരു കൂട്ടിൽ ഒരു തള്ളക്കിളിയും അവളുടെ നാലുമക്കളും വസിച്ചിരുന്നു. ആൺകിളി മറ്റൊരു പെൺകിളിയോടൊപ്പം കഴിഞ്ഞിരുന്നു. കുട്ടികളെ തനിയെ വളർത്തി ജീവിച്ച പെൺകിളി കാട്ടുതീ വന്നപ്പോൾ ആകെ ഭയന്നു. പറക്കമുറ്റാത്ത നാലുമക്കളെയും കൊണ്ട് ദൂരെയെങ്ങും പോകാനും ആവില്ല. തങ്ങളെ രക്ഷിക്കാനും ആരുമില്ലാതെ നിസ്സഹായയായി ഇരിക്കുമ്പോൾ സാരംഗകുഞ്ഞുങ്ങൾ തങ്ങളുടെ അമ്മയോട് പറഞ്ഞു, ‘അമ്മേ, ഞങ്ങൾ കാട്ടുതീയിൽ വെന്തുപോകുന്നെങ്കിൽ അതാണ് വിധിയെന്ന് കരുതി സമാധാനിച്ചോളാം, അമ്മയെങ്കിലും പോയി രക്ഷപ്പെടൂ. അമ്മയ്ക്ക് മറ്റൊരു പക്ഷിയെ വിവാഹം കഴിച്ച് വംശം നിലനിർത്താൻ പറ്റുമല്ലൊ, പുതിയ മക്കളുണ്ടാകുമ്പോൾ ഞങ്ങളെ പറ്റിയുള്ള വിഷാദം തീർന്നുകിട്ടുകയും ചെയ്യും.’ അതുകൊണ്ട് അമ്മ തീയിൽ നിന്നും പറന്നു രക്ഷപെടു. ഞങ്ങളുടെ ചിറകുകൾ മുളച്ചിട്ടില്ലാത്തതിനാൽ ഞങ്ങൾക്ക് പറക്കാൻ ആവില്ല, അതുകൊണ്ട് അമ്മ വിഷമിക്കാതെ പറന്നുയരുക.

പക്ഷേ അമ്മക്കിളിക്ക് അതൊട്ടും സ്വീകാര്യമായില്ല. അവൾ കുട്ടികളോട് മരത്തിനു താഴെയുള്ള എലിയുടെ മാളത്തിൽ കയറി ഇരിക്കാൻ നിർദ്ദേശിക്കുന്നു, അപ്പോൾ കുട്ടികൾ, ‘മാളത്തിനുള്ളിൽ ധാരാളം എലികൾ ഉള്ളകാര്യം ഓർപ്പിക്കുകയും, അവ തങ്ങളെ ഭക്ഷിക്കുന്നതിലും ഭേദം ഈ കാട്ടുതീയിൽ വെന്തു മരിക്കുന്നതാണ്’ എന്നും ‘അമ്മ പൊയ്ക്കോളൂ. തീയടങ്ങുമ്പോൾ അമ്മ തിരിച്ചു വന്നു നോക്കൂ, ഒരുപക്ഷെ ഞങ്ങൾ രക്ഷപ്പെടുമെങ്കിൽ നമുക്ക് ഒരുമിച്ച് ജീവിക്കാം’. എന്നു പറഞ്ഞ് അമ്മയെ സമാധാനിപ്പിക്കുന്നു.

ഒടുവിൽ ഗത്യന്തരമില്ലാതെ കരഞ്ഞുവിളിച്ചും കൊണ്ട് അമ്മ പക്ഷി പറന്നകലുന്നു. കുഞ്ഞുകിളികൾ അഗ്നിദേവനെ പ്രാർത്ഥിച്ച് പ്രീതിപ്പെടുത്തകയാൽ അഗ്നി അവരെ രക്ഷിക്കുന്നു. കാട്ടുതീ അണയുമ്പോൾ അമ്മപ്പക്ഷി തിരിച്ചു വന്ന് അവർ വീണ്ടും ഒത്തൊരുമിക്കുന്നു. അച്ഛൻ പക്ഷി തന്റെ കുഞ്ഞുങ്ങൾ താമസിക്കുന്ന കാട്ടിൽ തീ വ്യാപിക്കുന്നത് കാണുമ്പോൾ തന്റെ പുതിയ പ്രിയതമയോട്, ‘ഞാൻ പോയി ഒന്നു നോക്കിയിട്ടു വരട്ടെ’ എന്നു പറയുമ്പോൾ അവൾ കുറ്റപ്പെടുത്തുന്നു. ‘നിങ്ങൾക്ക് പഴയ ഭാര്യയെ കാണാനുള്ള തിടുക്കമാണ് . മക്കൾക്ക് ആപത്തൊന്നും വരില്ല എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടല്ലൊ’ എന്ന് ആക്ഷേപിക്കുമ്പോൾ ആൺപക്ഷി, ‘നീ വിചാരിക്കുമ്പോലെ ഒന്നും അല്ല, എനിക്ക് മക്കൾക്ക് ആപത്തൊന്നും പറ്റിയില്ല എന്നുറപ്പു വരുത്തണം അത്രമാത്രമേ ഉള്ളൂ’ എന്നും പറഞ്ഞ് പറന്നു ചെല്ലുന്നു. പക്ഷെ, ഇതിനകം തിരിച്ചു കൂട്ടിലെത്തി മക്കളുമായി ഒത്തുചേർന്ന സന്തോഷത്തിലിരിക്കുന്ന അമ്മ പക്ഷി ആൺപക്ഷിയെ കണ്ടതായിക്കൂടി നടിക്കാതെ മക്കളെ നോക്കി ഇരിക്കുന്നു. ഇതുകണ്ട സാരംഗ പക്ഷി, ‘എല്ലാ പെണ്ണുങ്ങളും തങ്ങൾക്ക് മക്കളുണ്ടായി കഴിഞ്ഞാൽ പിന്നെ ഭർത്താവിനെ സ്നേഹിക്കാൻ കൂട്ടാക്കുന്നില്ല’ എന്നു പഴിപറഞ്ഞ് വീണ്ടും പറന്നകലുന്നു.[2] [3]

അവലംബം[തിരുത്തുക]

  1. മഹാഭാരതം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  2. മഹാഭാരതം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  3. സാരംഗ പക്ഷികളുടെ കഥ
"https://ml.wikipedia.org/w/index.php?title=ജരിത&oldid=3083952" എന്ന താളിൽനിന്ന് ശേഖരിച്ചത്